close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 04 03


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 04 03
ലക്കം 968
മുൻലക്കം 1994 03 27
പിൻലക്കം 1994 04 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പി. കേശവദേവിനെ കണ്ടു സംസാരിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൂടെക്കൂടെ പോകുമായിരുന്നു. ആരു ചെന്നാലും സന്തോഷമാണ് അദ്ദേഹത്തിന്. ‘വരൂ, വരൂ’ എന്ന് ആഹ്ളാദനിര്‍ഭരമായ ശബ്ദത്തില്‍ കേശവദേവ് വിളിക്കും. അതിഥി ഇരിക്കാത്ത താമസം അകത്തേക്കു നോക്കി ‘സീതേ ചായയിട്ടോളൂ’ എന്നു പറയും. ശ്രീമതി സീതാലക്ഷ്മി ദേവ് അല്പസമയത്തിനുള്ളില്‍ ചായ കൊണ്ടുവന്നിട്ട് കുശലപ്രശ്നങ്ങള്‍ക്കു ശേഷം വീട്ടിനുള്ളിലേക്കു പോകും. കേശവദേവ് താന്‍ അന്നു എഴുതിക്കൊണ്ടിരിക്കുന്ന ചെറുകഥയെക്കുറിച്ചോ നോവലിനെക്കുറിച്ചോ ആയിരിക്കും വാതോരാതെ സംസാരിക്കുക. യാത്രപറഞ്ഞു റോഡിലേക്കിറങ്ങുമ്പോള്‍ ഞാന്‍ വിചാരിക്കും “സൗധത്തില്‍ താമസിക്കുന്നു ദേവ്. സ്നേഹസമ്പന്നയായ സഹധര്‍മ്മിണി. പുതിയ കാറ് മുന്‍വശത്തിട്ടിരിക്കുന്നു. ആരാധകരായ സന്ദര്‍ശകരുടെ ബഹളം. മന്ത്രിമാരും മറ്റു നേതാക്കന്മാരും അദ്ദേഹത്തെ റ്റെലിഫോണില്‍ വിളിച്ചു സംസാരിക്കുന്നു. കഥ ചലച്ചിത്രമാക്കാന്‍ അനുമതി ചോദിച്ചുകൊണ്ടു ഫിലിം നിര്‍മ്മാതാക്കള്‍ വരുന്നു. വലിയ സംഖ്യ പ്രതിഫലമായി കൊടുക്കാമെന്നു പറയുന്നു. സുഖപ്രദമായ ജീവിതം!”

ഓരോ ജീവിതവും, അതെത്ര സങ്കുചിതമാവട്ടെ, വിശാലമാകട്ടെ അതു നയിക്കുന്ന വ്യക്തിക്കു പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടതല്ലെങ്കിലും ആ വ്യക്തി അതില്‍ ഒതുങ്ങിക്കൂടുന്നു. ദിനങ്ങള്‍ തള്ളിനീക്കുന്നു. അസ്തമയത്തില്‍ ഞരങ്ങിയും മൂളിയും ചക്രവാളത്തിനു താഴെ പോകുന്നു.

ഇതൊക്കെയാണെങ്കിലും ആ ജീവിതം എനിക്കു നല്‍കാമെന്ന് ഈശ്വരന്‍ പറഞ്ഞാല്‍ ഞാന്‍ സ്വീകരിക്കുമോ? ഒരിക്കലുമില്ല. എനിക്കു കാറില്ല, സൗധമില്ല. ദേവിന്റെ വീട്ടിലെത്തിയതു തന്നെ മൂന്നു നാഴിക നടന്നിട്ടാണ്. എങ്കിലും എനിക്കു മറ്റൊരാളുടെ ജീവിതം വേണ്ടേ വേണ്ട. ഞാന്‍ ഇപ്പറഞ്ഞത് എന്റെ കാര്യം മാത്രമല്ല. കൊടുംവെയിലത്തിരുന്ന് സായാഹ്നം വരെ കരിങ്കല്‍ക്കഷണങ്ങള്‍ അടിച്ചു പൊട്ടിക്കുന്ന തൊഴിലാളിയോടു ഞാന്‍ ‘ചങ്ങാതീ എന്റെ ജീവിതം സ്വീകരിക്കൂ. ഞാന്‍ നിങ്ങളുടെ ജീവിതം സ്വീകരിച്ചു കൊള്ളാം’ എന്നു പറഞ്ഞാല്‍ അയാളും അതു വേണ്ടെന്നേ പറയൂ. ഓരോ ജീവിതവും, അതെത്ര സങ്കുചിതമാവട്ടെ, വിശാലമാകട്ടെ അതു നയിക്കുന്ന വ്യക്തിക്കു പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടതല്ലെങ്കിലും ആ വ്യക്തി അതില്‍ ഒതുങ്ങിക്കൂടുന്നു. ദിനങ്ങള്‍ തള്ളിനീക്കുന്നു. അസ്തമയത്തില്‍ ഞരങ്ങിയും മൂളിയും ചക്രവാളത്തിനു താഴെ പോകുന്നു.

തികച്ചും സങ്കുചിതമായ ജീവിതമാണ് തങ്കച്ചന് (ശ്രീ. എബ്രഹാം മാത്യു എഴുതിയ ‘പഞ്ജരം എന്ന കഥയിലെ കഥാപാത്രം). കഥാകാരന്‍ പറയുന്നതുപോലെ അതൊരു പഞ്ജരമത്രേ. ഗള്‍ഫ് രാജ്യത്തിലെവിടെയോ ജോലി. ഭാര്യയും കുഞ്ഞും നാട്ടില്‍. അവധിയില്‍ വീട്ടിലെത്തിയ അയാള്‍ മദ്യപിക്കുന്നതേയുള്ളൂ. കുഞ്ഞു തന്റേതല്ലെന്നു സംശയം. സംശയമുളവാക്കിയത് ഒരു കള്ളക്കത്ത്. എങ്കിലും ആരടെ മോന്‍’ എന്ന് സന്ദിഗ്ദ്‌ധതയോടെ ഒറ്റചോദ്യമേ അയാള്‍ ഭാര്യയോടു ചോദിക്കുന്നുള്ളൂ. അടുത്തദിവസം അയാള്‍ക്കു ഗള്‍ഫ് രാജ്യത്തേക്കു തിരിച്ചുപോകണം. മദ്യപിച്ചു കിടക്കുന്ന ഭര്‍ത്താവിനെ വീണ്ടും വീണ്ടും ചുംബിക്കുന്ന ഭാര്യയെ നിരപരാധിയായി പരിഗണിക്കാമോ? അതോ അവള്‍ സാപരാധയോ? അറിഞ്ഞുകൂടാ. തങ്കച്ചനോട് അയാളുടെ ആത്മാവു സംസാരിക്കുന്നു. അയാള്‍ക്കു ദുശ്ശങ്കയാര്‍ന്ന ആ സങ്കുചിത ജീവിതം മാത്രം മതി. അതില്‍ നിന്നു രക്ഷനേടി സമ്പന്നനായ മറ്റൊരാളിന്റെ ജീവിതം സ്വീകരിക്കാനാവും അയാള്‍ക്ക്. എങ്കിലും തങ്കച്ചന് അതു വേണ്ട. ഒരു തരം വ്യാമോഹമായിത്തീര്‍ന്ന അയാളുടെ ശരീരത്തോട് ആത്മാവ് നിരന്തരം സംസാരിക്കുന്നു. തങ്കച്ചന്‍ എന്ന വ്യക്തി ശരീരമാണ്, മനസ്സാണ്, ആത്മാവാണ്. ശരീരവും മനസ്സും ക്ലേശിക്കുന്നു. ഒടുവില്‍ ആത്മാവ് ആ ശരീരത്തെയും മനസ്സിനെയും ഉപേക്ഷിച്ചു പോകുമ്പോള്‍ എല്ലാം തീരുന്നു. പരിധിയാര്‍ന്ന ഒരു ക്ഷുദ്രജീവിതത്തിന്റെ ദുരന്തത്തെ ചിത്രീകരിച്ചതിലാണ് എബ്രഹാം മ്യാതുവിന്റെ വിജയമിരിക്കുന്നത്.

ചോദ്യം, ഉത്തരം

Symbol question.svg.png ഹാസ്യാഭിനയത്തില്‍ സ്ത്രീകള്‍ ശോഭിക്കാത്തതെന്ത്?

ഹാസ്യവും സ്ത്രീയും ഒരിക്കലും ചേരുകയില്ല. നമ്മുടെ ചലച്ചിത്രങ്ങളിലെ ഹാസ്യനടികള്‍ പ്രേക്ഷകര്‍ക്കു സഹിക്കാനാവാത്ത രീതിയിലാണ് അഭിനയിക്കുക. അവരുടെ കൂട്ടത്തില്‍ ഗ്രേറ്റ ഗാര്‍ബോ, സാറ ബര്‍നാര്‍ (Sarah Bernhardt) ഇവരുണ്ടാകും. ചാര്‍ലിചാപ്ളിന്‍ ഉണ്ടാവുകയില്ല.

Symbol question.svg.png ജീനിയസിനെ പുച്ഛിക്കുന്നവരുണ്ടോ?

ചങ്ങമ്പുഴ എന്ന ജീനിയസിനെ ഡോക്ടര്‍ ഗോദവര്‍മ്മ, എന്‍. കുഞ്ഞുരാമന്‍ പിള്ള, ഇളങ്കുളം കുഞ്ഞന്‍ പിള്ള ഈ പണ്ഡിതന്മാര്‍ പുച്ഛിച്ചിരുന്നു. കുഞ്ഞുരാമന്‍ പിള്ള സ്സാറിനു മഹാകവി വള്ളത്തോളിനേയും പുച്ഛമായിരുന്നു. ‘വള്ളത്തോള്‍ക്കവിതയോ? അതുപോലെ കൃഷ്ണന്‍ നായര്‍ക്കും എഴുതാവുന്നതേയുള്ളൂ.’ എന്ന് അദ്ദേഹം എന്നോടു ഒരിക്കല്‍ പറഞ്ഞു.

ഹാസ്യവും സ്ത്രീയും ഒരിക്കലും ചേരുകയില്ല. നമ്മുടെ ചലച്ചിത്രങ്ങളിലെ ഹാസ്യനടികള്‍ പ്രേക്ഷകര്‍ക്കു സഹിക്കാനാവാത്ത രീതിയിലാണ് അഭിനയിക്കുക. അവരുടെ കൂട്ടത്തില്‍ ഗ്രേറ്റ ഗാര്‍ബോ, സാറ ബര്‍നാര്‍ (Sarah Bernhardt) ഇവരുണ്ടാകും. ചാര്‍ലി ചാപ്ളിന്‍ ഉണ്ടാവുകയില്ല.

Symbol question.svg.png മിക്ക ആണ്‍പിള്ളേരും വഴിപിഴയ്ക്കുന്നത് എന്തുകൊണ്ട്?

അമ്മ അവരെ കൂടുതല്‍ സ്നേഹിക്കുന്നു. അച്ഛന്‍ സ്നേഹിക്കുന്നില്ല. അതാണു കാരണം.

Symbol question.svg.png സാഹിത്യവാരഫലത്തെ എല്ലാവരും കല്ലെറിയുന്നത് എന്തുകൊണ്ട്?

നൂറിന് തൊണ്ണൂറ്റിയൊന്‍പതു പേര്‍ക്കും കല്ലെറിയാന്‍ വാസനയുള്ളതുകൊണ്ട്. ഈ കോളം വേറോരാളാണ് എഴുതിയിരുന്നെങ്കില്‍ ഞാനും ആ തൊണ്ണൂറ്റിയൊന്‍പതില്‍ ഒരാളായിരുന്നേനേ.

Symbol question.svg.png നിങ്ങളുടെ മകന്‍ മരിച്ചതോടെ നിങ്ങള്‍ അയാളെ മറന്നുകഴിഞ്ഞു ആല്ലേ? ഈ ചോദ്യമയയ്ക്കുന്നയാള്‍ നിങ്ങളുടെ മകന്റെ കൂട്ടുകാരനാണ്. പേരു പറയുന്നില്ല.

മറന്നില്ല. മകന്‍ അങ്ങകലെയിരുന്നുകൊണ്ട് എന്നെ സൂക്ഷ്മനിരീക്ഷണം നടത്തുന്നു. ആ നോട്ടം എനിക്കു സന്മാര്‍ഗ്ഗത്തിന്റെ പന്ഥാവു കണിച്ചുതരുന്നു. ജീവിച്ചിരുന്ന മകന്റെ നിര്‍ദ്ദേശങ്ങളെക്കാള്‍ മരിച്ച മകന്റെ മുന്നറിയിപ്പു നല്‍കുന്ന നോട്ടമാണ് എന്നെ തെറ്റുകളില്‍ നിന്നു മാറ്റി നിറുത്തുന്നത്.

Symbol question.svg.png നവീന നിരൂപകര്‍ എഴുതുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ലല്ലോ സാറേ?

എനിക്കും മനസ്സിലാകുന്നില്ല. അവരെഴുതുന്നത് മലയാള ഗദ്യമല്ല. ഒരുതരം Surface mannerism ആണത്. ഏമസ് ഓസ് എന്ന ഇസ്രിയല്‍ നോവലിസ്റ്റിന്റെ പ്രയോഗമാണ് Surface mannerism എന്നത്.

Symbol question.svg.png എന്നെ സ്നേഹിക്കുന്നുവെന്നു പറഞ്ഞ് ഒരാള്‍ പിറകെ നടക്കുന്നു. കല്യാണം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതുവരെ പറയുന്നു. എന്തു ചെയ്യണം ഞാന്‍?

ഒരു പ്രേമവും സത്യസന്ധമല്ല. എല്ലാം പ്രകടനങ്ങളാണ്. കല്യാണം കഴിക്കാന്‍ കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍ അയാളോടു പാട്ടിനു പോകാന്‍ പറയൂ.

നല്ല മനുഷ്യന്‍, ചീത്തക്കഥ

കേശവദേവ്

മുന്‍പ് ഒരു കോളേജില്‍ പ്രസംഗിക്കാന്‍ പോയി ഞാനും വേറെ ചിലരും. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ മരിച്ചീനിപ്പുട്ടും കട്ടന്‍ ചായയും കുടിച്ചുകൊണ്ട് കാറില്‍ കയറിയപ്പോള്‍ ഒരു പയ്യന്‍ ഓടി വന്നു കാറിന്റെ മുന്‍സീറ്റിലിരുന്നു. ആരെന്ന് ഞാന്‍ ചോദിച്ചില്ല. അപ്പോഴുണ്ട് നൂറോളം വിദ്യാര്‍ത്ഥികള്‍ ഓടി വരുന്നു. “അവനെ വിട്ടുതാ. ഇല്ലെങ്കില്‍ കൃഷ്ണന്‍ നായരേയും കേശവദേവിനേയും ഞങ്ങള്‍ ചതച്ചു കളയും.” എന്നാക്രോശിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ ആഗമനം. ഞങ്ങള്‍ പെട്ടന്ന് കാറിന്റെ വശത്തുള്ള കണ്ണാടികള്‍ പൊക്കി വച്ചു. ഡോര്‍ ലോക്ക് ചെയ്തു. ഡ്രൈവറുടെ വലതു വശത്തെ കണ്ണാടിയുയര്‍ത്തി ഡോര്‍ പൂട്ടി. കുട്ടികള്‍ കാറില്‍ ആഞ്ഞിടിച്ചു. കണ്ണാടിപ്പാളീകളില്‍ ഇടിച്ചു. മുന്‍വശത്ത് കയറിയിരുന്ന പയ്യന് ദൗര്‍ഭാഗ്യം കൊണ്ട് അവരുടെ ശത്രുവിന്റെ ഛായയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ അന്വേഷിച്ച ആളായിരുന്നില്ല അയാള്‍. അതു ഞങ്ങള്‍ പറഞ്ഞെങ്കിലും ഗ്ളാസ് ഉയര്‍ത്തി വച്ചിരുന്നതുകൊണ്ട് കുട്ടികള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ ചുണ്ടുകള്‍ ചലിക്കുന്നതില്‍ നിന്ന് തെറിവാക്കുകളാണ് ലോപം കൂടാതെ പ്രവഹിക്കുന്നതെന്ന് ഞങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു. കാറിനകത്തിരിക്കുന്ന ഞങ്ങള്‍ പറയുന്നതു വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലാകുന്നില്ലെന്നു ഞാന്‍ ഗ്രഹിച്ചപ്പോള്‍ റ്റോപ് ലെറ്റ് കത്തിച്ചു മുന്‍പിലിരുന്ന ആളിന്റെ മുഖം ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. തങ്ങളുടെ ശത്രുവല്ല അയാളെന്നു മനസ്സിലാക്കിയ കുട്ടികള്‍ പൊടുന്നനെ പിന്മാറി. കാറിന്റെ ബോണറ്റില്‍ കയറിയിരുന്നു വിന്‍ഡ്സ്ക്രീന്‍ തകര്‍ക്കാന്‍ ശ്രമിച്ച കുട്ടികളും അവിടെ നിന്നു ചാടിയിറങ്ങി. അതിനു ശേഷം ഞങ്ങള്‍ യാത്രയാരംഭിച്ചു. കുട്ടികളുടെ ചുണ്ടുകള്‍ ചലിച്ചപ്പോള്‍ അവയിലൂടെ പുറത്തു വന്ന ശബ്ദം ശത്രുതയുടേതാണെന്നു ഞാന്‍ മനസ്സിലാക്കിയത് അതു കേട്ടിട്ടല്ല. ഭാവന കൊണ്ടാണ്. ഞങ്ങളുടെ നിഷേധ ശബ്ദം അവര്‍ കേട്ടിട്ടിലെങ്കിലും റ്റോപ്പ് ലെറ്റിന്റെ ധവളരശ്മികളും ‘നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഈ മനുഷ്യന്‍’ എന്ന എന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവങ്ങളും ഭാവനയിലൂടെ സത്യാവബോധത്തിന് അവരെ സഹായിച്ചു. ഇവിടെപ്പറഞ്ഞ ഈ ഭാവനയല്ല സാഹിത്യത്തിലെ ഭാവന എന്നു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും കഥാകാരന്‍ സംഭവങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ ആ സംഭ‌വങ്ങളിലുള്ളതും നമ്മള്‍ക്കു കാണാന്‍ കഴിയാത്തതുമായ അംശങ്ങള്‍ നമുക്ക് അറിയാന്‍ കഴിയണം. ഇതിനു സഹായമരുളുന്നത് ഭാവനയാണ്. ചുണ്ടുകളുടെ ചലനത്തില്‍ നിന്ന് ശബ്ദം ഊഹിച്ചെടുക്കുന്ന ഭാവനയെക്കാള്‍ ഉത്കൃഷ്ടമായ ഈ ഭാവനയുടെ കുറവാണ് ശ്രീ. കെ.കെ. രമേശിന്റെ കഥകളില്‍ എപ്പോഴും കാണുക. അച്ഛന്‍ മകനെ വെറുക്കുന്നു.ആ വെറുപ്പിന്റെ ഫലമായി അവന്റെ അമ്മയോടും (അയാളുടെ ഭാര്യതന്നെ) വെറുപ്പ്. അച്ഛന്റെ വെറുപ്പു കാരണം മകന്‍ പട്ടാളത്തില്‍ച്ചേര്‍ന്ന് മറുനാട്ടിലേക്കു പോകുന്നു. അതോടെ അച്ഛന്‍ രോഗിയാവുന്നു. പശ്ചാത്താപവിവശനായ തന്ത മകനെത്തുമ്പൊള്‍ മരണത്തോടു അടുത്തിരിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നിര്‍വാണം’ എന്ന ചെറുകഥ).