close
Sayahna Sayahna
Search

മാന്ത്രികശക്തിയാര്‍ന്ന നോവല്‍


മാന്ത്രികശക്തിയാര്‍ന്ന നോവല്‍
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

“മാന്ത്രികത്വമാര്‍ന്ന പ്രാഗിന്റെ ഏറ്റവും സത്യസന്ധമായ അവതാരങ്ങളിലൊന്ന്. അലങ്കാര വൈചിത്ര്യമാര്‍ന്ന ഭാവനയുടെയും ഭൗമമായ നര്‍മ്മത്തിന്റെയും അവിശ്വസീയമായ സങ്കലനം” ബൊഹുമില്‍ ഹ്രാബാലിന്റെ I served the king of England എന്ന നോവലിനെക്കുറിച്ച് മീലാന്‍ കൂന്ദേര പറഞ്ഞതാണിത്. ഈ വാക്കുകള്‍ നോവലിന്റെ കവര്‍ പെയ്ജില്‍ അച്ചടിച്ചിട്ടുണ്ട്. പുസ്തകം ചെലവാക്കാനുള്ള പ്രശംസോക്തിയായോ പ്രചാരണോപാധിയായോ ഈ പ്രസ്താവത്തെ കരുതേണ്ടതില്ല. നോവല്‍ വായിക്കൂ. കൂന്ദേര സത്യമേ പറഞ്ഞിട്ടുള്ളു എന്നു സ്പഷ്ടമാകും. ഹ്രാബാലിന്റെ വിശ്വവിഖ്യാതമായ Closely Watched Trains എന്ന നോവലിനെ കലാസൗന്ദര്യം കൊണ്ടും ആദ്രീകരണശക്തി കൊണ്ടും ഈ നോവല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു.

ഹോട്ടല്‍ വെയിറ്ററായി ജീവിതമാരംഭിക്കുന്ന കഥാനായകന്‍ നോവലിന്റെ അവസാനത്തോട് അടുപ്പിച്ച് പറയുന്നു: “ബസ് വന്നപ്പോള്‍ അതില്‍ കയറാനായി ഞാനതിന്റെ ആദ്യത്തെ പടിയില്‍ കാലു വച്ചതേയുള്ളൂ. അപ്പോഴേക്കും റോഡില്‍ നിന്നു കുതിര ഓടി എന്റെ അടുത്തേക്കു വന്നു. അതിന്റെ പിറകേ പട്ടിയുണ്ട്. പിന്നീട് കാല് വലിച്ചിഴച്ചു നടന്നു കൊണ്ട് ആടും. ആ മൃഗങ്ങള്‍ എന്റെ നേര്‍ക്കു തന്നെ വന്ന് എന്നെ തുറിച്ചു നോക്കി. തങ്ങളെ വിട്ടു പോകരുതേ എന്ന് അവര്‍ നിശബ്ദരായി അപേക്ഷിക്കുകയായിരുന്നു” സകല മാനുഷിക ബന്ധങ്ങളും നഷ്ടപ്പെട്ട അയാള്‍ക്കു മൃഗങ്ങളുടെ സാമീപ്യവും വേണ്ട. പക്ഷേ അവ അയാളെ ഉപേക്ഷിക്കാന്‍ കൂട്ടാക്കുന്നില്ല. എന്തുകൊണ്ട് ആ മനുഷ്യന് ഈ ദുര്‍ഗതി വന്നു? എന്തുകൊണ്ട് അയാള്‍ ഒറ്റപ്പെടലിന് വിധേയനായി? അതിനുള്ള കലാപരമായ ഉത്തരമാണ് ഈ നോവല്‍. മനുഷ്യന്റെ ഏകാന്തതയേയും ഒറ്റപ്പെടലിനേയും പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട് തത്ത്വചിന്തകര്‍. അസ്തിത്ത്വവാദികളുടെ വ്യാഖ്യാനം പ്രസിദ്ധമാണ്. ഓരോ മനുഷ്യനും സന്ത്രാസത്തിന് (dread) വിധേയനാണെന്നു അവര്‍ കരുതുന്നു. വസ്തുവിനേയോ വ്യക്തിയേയോ ആശ്രയിച്ചല്ല ഇതിന്റെ ഉദ്ഭവം. മദം പൊട്ടിയ ആന നമ്മുടെ നേര്‍ക്ക് ഓടി വന്നാല്‍ നമ്മള്‍ ഭയപ്പെടും. ആ പേടി ആനയെ അവലംബിച്ചിട്ടുള്ളതാണ്. പക്ഷേ അസ്തിത്വവാദികലുടെ സന്ത്രാസം ജീവിതത്തിന്റെ ശൂന്യത കണ്ടിട്ട് ഉണ്ടാകുന്നതാണ്. വ്യക്തി സര്‍വാധിപതിയായിരിക്കാം. രാജാവായിരിക്കാം, ഡോക്ടറായിരിക്കാം, യാചകനായിരിക്കാം. ആരായാലും സന്ത്രാസത്തിന്നു വിധേയനായത്രേ. ജീവിതത്തിന്റെ ശൂന്യതയും മരണത്തിന്റെ അനിവാര്യതയും കണ്ടുണ്ടാകുന്ന ഈ വികാരമാണ് അവന് ഒറ്റപ്പെടലിന്റെ ബോധം ഉളവാക്കുക.

ഈ നോവലിലെ നായകന്‍ (അയാളെ ആന്റി ഹീറോ എന്നു വിളിക്കുന്നതാണ് ശരി) അസ്തിത്വവാദിയല്ല. ആ തത്ത്വചിന്ത പ്രഖ്യാപിക്കുന്ന അന്യനുമല്ല (outsider) എങ്കിലും അയാള്‍ സകല മനുഷ്യ ബന്ധങ്ങളും വിച്ഛേദിച്ച് അന്യനായി കഴിയുന്നവനാണ്. അയാളുടെ ഈ ഒറ്റപ്പെടലിന്റെ തോന്നല്‍ സ്വന്തം നാടായ ചെക്കോസ്ലോവാക്യയെ നാത്‌സികള്‍ ആക്രമിച്ചു കീഴടക്കിയതില്‍ നിന്ന് ഉണ്ടായതാണ്. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ജനത ഏറെയുള്ള സൂഡറ്റന്‍ലാൻഡ് ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നെങ്കിലും ഹിറ്റ്‌ലര്‍ അതാക്രമിച്ചു കൈവശപ്പെടുത്തി. അതിനു ശേഷം അയാള്‍ ചെക്കോസ്ലൊവാക്യയുടെ മറ്റു ഭാഗങ്ങളും ആക്രമിച്ച് കീഴടക്കി. സൂഡറ്റന്‍ ലാന്‍ഡിന്റെ ആക്രമണം 1938-ലായിരുന്നു. ഈ വര്‍ഷത്തിന് തൊട്ടു മുന്‍പാണ് നോവലിലെ കഥ തുടങ്ങുന്നത്. ചെക്കോസ്ലൊവാക്യ അനുഭവിച്ച യാതനകളെ ഹ്രാബാല്‍ തന്റെ ആന്‍റി ഹീറോയിലൂടെ ആവിഷ്കരിക്കുന്നു. അയാള്‍ പല ഹോട്ടലുകളിലും വെയ്റ്ററായും ഹെഡ് വെയ്റ്ററായും സേവനമനുഷ്ഠിച്ചു. എത്യോപ്യന്‍ ചക്രവർത്തി ഹൈലി സെലസി സന്ദര്‍സനം നടത്തിയപ്പോള്‍ സേവനത്തിന്റെ വൈശിഷ്ട്യം കൊണ്ട് അദ്ദേഹത്തിന്റെ ആദരാഭിനന്ദനങ്ങള്‍ക്ക് അയാള്‍ പാത്രമായി. ഹെഡ് വെയ്റ്റര്‍ക്ക് കിട്ടേണ്ട മെഡല്‍ എത്യോപ്യന്‍ ചാന്‍സലര്‍ നമ്മുടെ ആന്റി ഹീറോക്കാണ് നല്കിയത്.

അങ്ങനെ കഴിഞ്ഞു വരുമ്പോള്‍ അയാള്‍ ലീസേ എന്ന ജര്‍മ്മന്‍ തരുണിയില്‍ അനുരക്തനായി. അവര്‍ക്കു ദമ്പതികളാകണം. പക്ഷേ ഒരു ചെക്കോസ്ലൊവാക്യന്‍ പൗരന്‍ ജര്‍മ്മന്‍കാരിയെ വിവാഹം കഴിക്കാന്‍ അത്ര എളുപ്പത്തില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അയാളുടെ ചെക്കൊസ്ലൊവാക്യന്‍ ബീജം അവലുടെ ജര്‍മ്മന്‍ ഗര്‍ഭാശയത്തില്‍ പ്രവേശിക്കാന്‍ യോഗ്യമാണോ എന്ന് പരിശോധിക്കണം. പരിശോധനയ്ക്കു ശേഷം ‘ഡിഫെന്‍സ് ഓഫ് ജര്‍മ്മന്‍ ഓണര്‍ ആന്‍ഡ് ബ്ളഡ്’ അയാള്‍ക്കു വിവാഹ ലൈസന്‍സ് നല്കി. എത്ര റബര്‍ സ്റ്റാമ്പുകളുടെ ശക്തിയാര്‍ന്ന അഭിമര്‍ദ്ദത്തിനു ശേഷമാണ് ആ ലൈസന്‍സ് അയാള്‍ക്കു കിട്ടിയത്! അതേ റബര്‍സ്റ്റാമ്പ് അഭിമര്‍ദ്ദങ്ങള്‍ കൊണ്ട് അനേകം ചെക്കോസ്ലൊവാക്യന്‍ ദേശസ്നേഹികള്‍ വധിക്കപ്പെടുകയും ചെയ്തു. ഹോട്ടല്‍ വെയ്റ്റര്‍ ഒരു നൂതന ശിശുവിനെ (New child) ജനിപ്പിച്ചു. ആ ശിശുവാകട്ടെ മാനസിക ശക്തി ക്ഷയിച്ചവന്‍, അവന്റെ ജോലി, കാണുന്നിടത്തൊക്കെ ആണിയടിച്ചു കയറ്റുക എന്നതുമാത്രം. അച്ഛന്‍ അവനു മൂന്നു കിലോ ഇരുമ്പാണി വാങ്ങിക്കൊടുത്തു. അടുക്കളയിലെ തറയിലും മുകളിലത്തെ നിലയിലെ മുറികളിലും അവന്‍ ആണിയടിച്ചു കയറ്റി.

ജർമ്മൻ സൈനികോദ്യോഗസ്ഥൻ ഭൂമിയിലേക്കു ബോംബുകൾ നിക്ഷേപിച്ചതു പോലെ ശിശു ആണികൾ തറച്ചു കയറ്റി. വെയ്റ്റര്‍ക്ക് അഭിമാനം. സംസാരിക്കാന്‍ പോലും പഠിച്ചിട്ടില്ലാത്ത ആ ശിശുവിന്റെ വലതു കൈ ശക്തിയാര്‍ന്നതാണല്ലോ. അതില്‍ ചുറ്റികയുണ്ടല്ലോ.

വെയ്റ്റര്‍ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ശത്രുക്കളാല്‍ അറസ്റ്റു ചെയ്യപ്പെട്ടു. കാരാഗൃഹത്തില്‍ നിന്നു മോചനം നേടിയെങ്കിലും അയാള്‍ക്കു ജോലി നഷ്ടപ്പെട്ടു. വെറും സംശയം മതി; ജോലി പോകും. പക്ഷേ ഒരു കണക്കില്‍ അയാള്‍ സമ്പന്നനാണ്. ലിസേ അയാള്‍ക്കു ചില പോസ്റ് റുസ്റ്റാമ്പുകള്‍ കൊടുത്തിട്ടുണ്ട്. റദ്ദ് ചെയ്ത് ആ പഴയ സ്റ്റാമ്പുകള്‍ വിറ്റാല്‍ അയാള്‍ക്കു കോടീശ്വരനായി മാറാം. അവളുടെ ഹോട്ടല്‍ ശത്രുക്കള്‍ ബോംബിട്ടു തകര്‍ത്തു. ലിസേയെ കാണാനില്ല. കൊച്ചുമകന് അഞ്ചു കിലോ ഇരുമ്പാണി നല്കിയിട്ട് അയാള്‍ ഭാര്യയെ അന്വേഷിച്ചു തുടങ്ങി. അവന്‍ ആണികള്‍ ശബ്ദത്തോടെ തറയില്‍ അടിച്ചു കയറ്റുമ്പോള്‍ അയാള്‍ ഭാര്യയെ അന്വേഷിക്കുകയാണ്. അന്വേഷണം ആരംഭിച്ചതിന്റെ മൂന്നാമത്തെ ദിവസം അയാള്‍ അവളുടെ ഷൂസ് കണ്ടു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹം കിടക്കുന്നുണ്ട്. സ്റ്റാമ്പുകള്‍ വച്ച കൊച്ചു പെട്ടി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അവള്‍ പന്തു പോലെ ചുരുണ്ടു കിടക്കുകയായിരുന്നു. പെട്ടി ഒളിച്ചു വച്ചിട്ട് അയാള്‍ മൃതദേഹത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ മാറ്റി. അതിനു തലയില്ല. ബോംബ് പൊട്ടിയപ്പോള്‍ അതു ദൂരെയെവിടെയോ തെറിച്ചു പോയതാവാം. മുറ്റം മുഴുവന്‍ അയാള്‍ കുഴിച്ചു നോക്കിയിട്ടും തല കിട്ടിയില്ല. കഴുത്തിന്റെ ഭാഗത്ത് ഒരു തുണി കെട്ടി മറച്ചു ശവം കുഴിച്ചിട്ടു. ചെറിയ പെട്ടി കൈയിലെടുത്തു കൊണ്ട് അയാള്‍ ആരോടും യാത്ര പറയാതെ നടന്നു. അന്നു വൈകുന്നേരം മാനസിക ശക്തി കുറഞ്ഞ കുട്ടികളെ സംരക്ഷിക്കുന്ന സംഘടന അയാളുടെ മകനു വേണ്ടി വന്നെത്തും. നടക്കുന്ന അയാള്‍ക്കു പിറകില്‍ ചുറ്റിക അടിക്കുന്നതിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു. ജീവിതത്തിന്റെ ശേഷം ഭാഗം മുഴുവനും അയാള്‍ ആ ശബ്ദം കേള്‍ക്കും.

സ്റ്റാമ്പുകള്‍ വിറ്റ് അയാള്‍ നാല്പതു മുറികളുള്ള ഒരു ഹോട്ടല്‍ വാങ്ങി അതിന്റെ ഉടമസ്ഥനായി വിരാജിച്ചു. പക്ഷേ ശത്രുക്കള്‍ കോടീശ്വരന്മാരെ വേട്ടയാടുന്ന കാലം വന്നു. അയാള്‍ കാരാഗൃഹത്തില്‍ കുറേക്കാലം കിടന്നു. മോചനത്തിനു ശേഷം നാട്ടിലേക്കു വന്നപ്പോള്‍ കദന കഥകളേയുള്ളൂ എങ്ങും വിശപ്പു മാറ്റാന്‍ ആടിനേയും പട്ടിയേയും പൂച്ചയേയും തിന്നവരാണ് ചെക്കോസ്ലൊവാക്യന്‍ ജനത.

അയാള്‍ക്ക് ഇനി എന്തു ചെയ്യാന്‍ കഴിയും? കുതിരയോടും പട്ടിയോടും പൂച്ചയോടും ആടിനോടും സംസാരിക്കാം. ജീവിതത്തില്‍ അടിസ്ഥാനപരമായി എന്തുണ്ട്? മരണം വരുമ്പോള്‍ നമ്മള്‍ എങ്ങെനെ പെരുമാറും? മരണത്തോടു എന്തു ചോദിക്കും? അപരിമേയത്വവും ശാശ്വതികത്വവും തമ്മിലുള്ള സംഭാഷണമാണ് മരണം. എവിടെ സംസ്ക്കരിക്കപ്പെടാനാണ് ആഗ്രഹമെന്ന് അയാള്‍ ഓരോ വ്യക്തിയോടും ചോദിച്ചു പരിഹാസപാത്രമായി. തന്നെ ആ കൊച്ചു കുന്നിന്റെ മുകളില്‍ സംസ്ക്കരിക്കണമെന്നാണ് അയാളുടെ ആഗ്രഹം. അപ്പോള്‍ മൃതദേഹം ചീഞ്ഞളിയുമ്പോള്‍ പകുതി ഭാഗം പ്രവാഹങ്ങളിലൂടെ ബൊഹിമിയയിലേക്കു ചെല്ലും. പകുതി മറ്റു പ്രവാഹങ്ങളിലൂടെ ഡന്‍യൂബ് നദിയില്‍ ഒഴുകിച്ചേരും. മരണത്തിനു ശേഷമെങ്കിലും തനിക്കു വിശ്വപൗരനായി മാറണമെന്നാണ് അയാളുടെ അഭിലാഷം.

അയാള്‍ പോകാന്‍ ഭാവിച്ചപ്പോഴാണ് ആദ്യം പറഞ്ഞ പോലെ മൃഗങ്ങളുടെ ആഗമനം. എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ കൈയില്‍ നിന്നു കീര്‍ത്തി മുദ്ര വാങ്ങിയ ആളാണ് അയാള്‍. ആ കീര്‍ത്തി മുദ്രയുടെ ശക്തി കൊണ്ടാണ് അവിശ്വാസ്യമായ കഥ സത്യാത്മകമായി പരിണമിച്ചതിനെ അയാള്‍ക്ക് ആഖ്യാനം ചെയ്യാന്‍ കഴിഞ്ഞത്.

ഒരു വലിയ സമൂഹത്തെ മൃഗങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ സദൃശ്യമായി കൊന്നൊടുക്കുന്ന ക്രൂരതയാണല്ലോ ഹിറ്റ്‌ലറും അയാളുടെ അനുചരന്മാരും പ്രദര്‍ശിപ്പിച്ചത്. നിഗ്രഹിക്കാത്തവരെ മൃഗങ്ങളായും വസ്തുക്കളായും കരുതി. അങ്ങനെ അവരുടെ മനുഷ്യത്വത്തെ നശിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഒറ്റപ്പെടലിന്റെ തോന്നലുണ്ടാകുന്നു. ഹിറ്റ്‌ലര്‍ അന്ധമായ വെറുപ്പു കൊണ്ടും സാമ്രാജ്യ വികസനാഭിലാഷം കൊണ്ടുമാണ് ചെക്കോസ്ലൊവാക്യയെ കീഴടക്കിയത്. ജൂതന്മാരെ നശിപ്പിച്ചത് മറ്റൊരു കാരണം പറഞ്ഞാണ്. ഇങ്ങനെ മനുഷ്യന്റെ വ്യക്തിത്വം അയാള്‍ ഹനിച്ചു കളഞ്ഞു. ഈ ‘ഡീഹ്യൂമനൈസേഷന്‍’ അതിന്റെ പരകോടിയില്‍ കാണുന്നത് ഹ്രാബാലിന്റെ ഈ നോവലിലാണ്. പക്ഷേ ഒരിടത്തും അദ്ദേഹം നാത്‌സികളെ നിന്ദിക്കുന്നില്ല. പ്രത്യക്ഷമായോ, പരോക്ഷമായോ നിന്ദനമില്ല. കലാകാരനു ഉണ്ടായിരിക്കേണ്ട നിസ്സംഗതയോടെ അദ്ദേഹം കഥ പറയുന്നു. വായിച്ചു കഴിയുമ്പോള്‍ അക്കഥ ചെക്കോസ്ലൊവാക്യയിലെ ജനങ്ങളുടെ കഥ മാത്രമല്ല സമഗ്രാധിപത്യം നശിപ്പിക്കുന്ന ഏതു രാഷ്ട്രത്തിലെയും ജനതയുടെ കഥയാണെന്നു നമുക്ക് തോന്നുന്നു.

ഹിറ്റ്‌ലറുടെയും അയാളുടെ അനുചരന്‍മാരായ നാത്‌സികളുടെയും പ്രവര്‍ത്തനങ്ങള്‍ നമുക്കു നൃശംസതയായി തോന്നുന്നുവെങ്കിലും അവരുടെ വിചാരം അതായിരുന്നില്ല. ആ ഫാസിസം ഒരധ്യാത്മിക വിപ്ളവമാണെന്നാണ് അവര്‍ കരുതിയത്. സന്മാര്‍ഗ്ഗ സംഹിതയിലും മനുഷ്യാത്മാവിലും വരേണ്ട വിപ്ളവമായി അതിനെ അവര്‍ കണ്ടു. സാകല്യാവസ്ഥയിലുള്ള, സമഗ്ര സ്വഭാവമാര്‍ന്ന വിപ്ളവമാണ് അതെന്ന് വാദിക്കപ്പെട്ടു. ഒരു ‘നൂതന മനുഷ്യ’ന്റെ ആവിര്‍ഭാവമാണ്, അവര്‍ സങ്കല്‍പിച്ചത്. ഹ്രാബാലിന്റെ പ്രയോഗം ശ്രദ്ധിച്ചാലും. വെയ്റ്ററെക്കൊണ്ടാണ് അദ്ദേഹം അതു പറയിക്കുന്നത്. “And all this so I could a be get a beautiful New Child” ഈ പുതിയശിശു — ആര്യസമുദായത്തിന്റെ ഉത്കൃഷ്ടതയുടെ ഫലമായ ശിശു — ദുര്‍ഭഗസന്തതിയായി മാറി. ദുര്‍ബലമനസാണ് അതിനുള്ളത്. അത് ചികിത്സിക്കേണ്ട രോഗവും. ജര്‍മ്മനിയുടെയും ചെക്കോസ്ളോവാക്യയുടെയും സങ്കലനം നിന്ദാര്‍ഹമാണെന്ന് ഹ്രാബാല്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവിക്കുന്നു.

ഹ്രാബാലിന്റെ നോവലിലെ സ്ഥിതിഗതികളല്ല ഇന്നു ചെക്കോസ്ലൊവാക്യയിലുള്ളത്. എങ്കിലും ആ സ്ഥിതിവിശേഷങ്ങളും സാമൂഹികാവസ്ഥകളും സജീവങ്ങളായിനമുക്കു അനുഭവപ്പെടുന്നു. അവ നമ്മളെ ‘ഹോണ്‍ട്’ ചെയ്യുന്നു. ഏതു സമഗ്രാധിപത്യത്തെയും ചെറുക്കാനുള്ള മാനസികനില നമുക്ക് അതു സംജാതമാകുന്നു. കലയുടെ ശക്തി എന്നേ പറയാനുള്ളു.