close
Sayahna Sayahna
Search

വിശപ്പിന്റെ വിളി കേള്‍ക്കാന്‍


വിശപ്പിന്റെ വിളി കേള്‍ക്കാന്‍
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1999 05 12
ലക്കം 1264

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരു നീലച്ചതുരക്കളം. അതില്‍ ഒരു മഞ്ഞ ഭൂപടം. പൊടുന്നനെ അതിലൊരു രാജ്യത്തിന്റെ കറുത്ത ചിത്രം. ഇന്ത്യ, ബ്രസീല്‍, ആഫ്രിക്ക — ഓരോ മൂന്നര സെക്കന്‍ഡിലും ലോകത്തെവിടെയോ ഒരാള്‍ പട്ടിണികൊണ്ടു മരിക്കുന്നു — വിശന്നുമരിക്കുന്നവരിലേറെയും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍. ചുവട്ടിലൊരു കുഞ്ഞിച്ചതുരക്കളത്തില്‍ ‘ഡൊണെററ് ഫ്രീ ഫുഡ്’ എന്നെഴുതിയ ബട്ടണ്‍. അതില്‍ വിരലമര്‍ത്തുമ്പോള്‍ തെളിയുന്ന കമ്പനികള്‍ ഏതോ ഒരു രാജ്യത്തിലെ ഏതോ ഒരു ജീവന്റെ വിശപ്പടക്കാന്‍ ഒന്നേകാല്‍ കപ്പ് അരിയോ ഗോതമ്പോ വെറെ ഏതെങ്കിലും ധാന്യമോ എത്തിക്കുകയായി. ഇന്റര്‍നെററ് ബന്ധമുള്ള ആര്‍ക്കും ഈ വെബ്സൈററിലേക്കു ചെല്ലാം, എന്നും ഒരു വട്ടം ഓരോ കുറി ഈ ബട്ടണില്‍ ‘മൗസ്’ അമര്‍ത്തുമ്പോഴും അയാള്‍ വിശപ്പിന്റെ വിളി കേള്‍ക്കുകയാണ്.

പ്രപഞ്ചത്തോളം സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ് ഇന്റര്‍നെററ്. താരലൈംഗികചിത്രങ്ങള്‍ മുതല്‍ ക്ലാസിക് ചിത്രങ്ങള്‍വരെയും കാള്‍ മാര്‍ക്സിനെ മുതല്‍ മൌലികവാദികളെവരെയും സൈബര്‍ സ്പേസില്‍ കാണാം. വെര്‍ച്വല്‍ ലൈബറികള്‍, ഓണ്‍ലൈന്‍ എക്സിബിഷനുകള്‍, പുസ്തകങ്ങള്‍ മുതല്‍ വയാഗ്രവരെ വാങ്ങാനുതകുന്ന സൈബര്‍മാലുകള്‍ (സൈബര്‍ ചന്തകള്‍) ഇന്റര്‍നെററ് ഒരുപാടു രാജ്യങ്ങളിലെ സ്പേസിലൂടെ വിരല്‍ത്തുമ്പുകളില്‍ മാജിക്പോലെ വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും വിവരക്കേടിന്റെയും ചിത്രങ്ങള്‍ ഓടിയെത്തുന്നു.

എങ്കിലും ഇതുവരെ ആര്‍ക്കും സങ്കല്പിക്കാനാകാത്ത ഒരു കൊച്ചു സുന്ദരകാര്യമാണ് ജോണ്‍ ബ്രീന്‍ എന്ന നാല്പത്തിരണ്ടുകാരന്‍ ചെയ്തത്. വികസ്വരരാജ്യങ്ങളിലെ കുട്ടികള്‍ക്കു കടലാസും പെന്‍സിലും പുസ്തകങ്ങളും എത്തിക്കാന്‍ ഒരു വെബ്സൈററ് ഉണ്ടാക്കുക എന്നതായിരുന്നു ബ്രീന്റെ ഉദ്ദേശ്യം. ചുററുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടപ്പോഴാണ് ബ്രീനിനു മനസ്സിലായത്, വിശക്കുന്ന മനുഷ്യരെക്കാള്‍ വലിയൊരു നേരില്ല എന്ന്. ആ അറിവില്‍നിന്നു് ‘ദ ഹംഗര്‍ സൈററ്.കോം’ ഉണ്ടായി.

എന്തും വിമര്‍ശനബുദ്ധിയോടെ കാണുന്നവര്‍ക്ക് ടി. പദ്മനാഭന്റെ ഒരു കഥയിലെന്നപോലെ ഇതിലെന്തോ തന്ത്രമുണ്ടെന്നു തോന്നും. ഇല്ല, ഇതിലൊരു തന്ത്രവുമില്ല. എന്നെയും നിങ്ങളെയുംപോലൊരു സാധാരണ മനുഷ്യന്‍, രണ്ടു കൂട്ടികളുടെ അച്ഛന്‍. സാമ്പത്തികശാസ്ത്ര ബുരുദധാരി, ആയുസ്സിലേറെയും കമ്പ്യൂട്ടറുകളുമായി സംവേദനം നടത്തിയ ഒരാള്‍ അകക്കണ്ണുതുറന്നൊരു നിമിഷം ഈശ്വരന്‍ കാട്ടിക്കൊടുത്ത ഒരു കൊച്ച് ആശയം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായി. അതിനായി എച്ച.ടി.എം.എല്‍. പഠിച്ചു. രാപ്പകലുകള്‍ അതിനുവേണ്ടി ചെലവാക്കാന്‍ തയ്യാറായി. ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. (ലോകത്തെമ്പാടും നാശത്തിന്റെ വിത്തുവിതയ്ക്കുന്ന പല ബഹുരാഷ്ട്രകമ്പനികള്‍ക്കും ഒത്താശ ചെയ്യാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാവുന്ന നാളുകളിലാണ് സഭയുടെ ലോക ഭക്ഷ്യപദ്ധതി ഈ വെബ്സൈററിലൂടെ കിട്ടുന്ന ധാന്യങ്ങള്‍ വിതരണ​ ചെയ്യാന്‍ തയ്യാറാകുന്നത് എന്നത് ഐറണി.) ഈ വെബ്സൈററില്‍നിന്നു ബ്രീനിനോ ഒപ്പം നില്ക്കുന്ന ലോലിത സലായ്ക്കോ സാമ്പത്തികനേട്ടമൊന്നുമില്ല — എവിടെയോക്കെയോ ഉള്ള മനുഷ്യരെ തൊട്ടുണര്‍ത്താന്‍, മുതലാളിത്തത്തിന്റെ ശക്തമായ തിരിച്ചുവരവിനിടയില്‍ ഒരു സൈബര്‍ സാന്ത്വനം. നാട്ടില്‍ നന്നേ കുട്ടിക്കാലത്ത് ഭാരവണ്ടിയുന്തുന്ന മനുഷ്യര്‍ ഈണത്തില്‍ വല്ലാത്തൊരു സ്വരത്തില്‍ പാടുന്നുണ്ടായിരുന്നത് ഓര്‍മ്മവരുന്നു — ഒത്തുപിടച്ചാല്‍ ഐലേസാ… ഐലേസാ…

ഗാന്ധിജിയും അമര്‍ത്യസെന്നും പറഞ്ഞതു നേരാണ്. വിതരണത്തിലെ അപാകതയാണ് ക്ഷാമത്തിന്റെ പിന്നില്‍. അശാസ്ത്രീയമായ വിതരണംകൊണ്ടുതന്നെയാണ് ദിനംപ്രതി കാല്‍ലക്ഷത്തോളം ആളുകള്‍ പട്ടിണികിടന്നു മരിക്കുന്നത്. വികസ്വരരാജ്യങ്ങളിലെ പത്തുശതമാനം കുട്ടികള്‍ അവരുടെ അഞ്ചാംപിറന്നാള്‍വരെ ജീവിക്കാറില്ല. പോഷകാഹാരമില്ലായ്മ വളര്‍ച്ച മുരടിപ്പിക്കുകയും കണ്ണിന്റെ കാഴ്ച കുറയ്ക്കുകയും രോഗപ്രതിരോധശക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒക്കെ നമുക്കറിയാം. ഇരുന്നൂറു ദശലക്ഷം മനുഷ്യര്‍, ഞങ്ങള്‍ ഇതെഴുതുമ്പോഴും നിങ്ങളിതു വായിക്കുമ്പോഴും വിശന്നുപോരിയുന്നു. രണ്ടുമൂന്നുനേരം ഭക്ഷണം കഴിക്കാന്‍ സൗഭാഗ്യമുള്ളവര്‍ക്ക് ആരാന്റെ വിശപ്പു കാണാന്‍ കഴിയാതെ പോകുന്നു. പരക്കംപാച്ചിലിനിടയില്‍ ഒരു വിശക്കുന്ന കുഞ്ഞിന്റം മുഖം നാം കാണുന്നില്ല. കരച്ചില്‍ കേള്‍ക്കുന്നില്ല. നമുക്കെന്തു ചെയ്യാന്‍ പററും എന്നോര്‍ത്തു കണ്ണുകള്‍ പോത്തി, കാതുകളടച്ച് ഞങ്ങളുമതെ.

‘ഹംഗര്‍ സൈററി’ലേക്കു മടങ്ങട്ടെ. കഴിഞ്ഞ മൂന്നുമാസംകൊണ്ടു മുപ്പത്തിനാലുലക്ഷം തവണ ഈ വെബ്സൈററ് സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 22 ലക്ഷത്തോളം ‘ക്ളിക്ക് ത്രു’ അമേരിക്കയില്‍നിന്നാണ്. ഇന്ത്യയില്‍നിന്നു മാത്രം 18,000 കുറി ഈ വെബ്സൈററ് സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം ശരാശരി അഞ്ചുമുതല്‍ ആറുവരെ ടണ്‍ ധാന്യങ്ങള്‍ ഈ സൈററിലൂടെ വിതരണം ചെയ്യപ്പെടുന്നു.

അണ്ണാരക്കണ്ണന്‍കഥ ഓര്‍ത്തു നമുക്കു പലതും ചെയ്യാം. നാട്ടിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും വെബ്സൈററ് ഉണ്ട്. അവര്‍ക്ക് ‘ഹംഗര്‍ സൈററി’നെ വികസിപ്പിക്കാം. ആ സൈററിലേക്ക് ഒരു ബന്ധമുണ്ടാക്കാം. കലാകൗമുദി വായനക്കാരില്‍ പലര്‍ക്കും വെബ് പേജുണ്ട്. ഇ.മെയില്‍ വിലാസമുള്ള ഒത്തിരി വായനക്കാരുണ്ടല്ലോ. അവര്‍ക്ക് അവരുടെ ഇ.മെയിലിന്റെ ചുവട്ടില്‍ ‘please visit htsp:the hunger site.Com to donate food’ എന്നു ചേര്‍ക്കാം. അങ്ങനെ നാലാളെ അറിയിക്കാം. ഒരുപക്ഷേ, ഒരു സൈററിന്റെ സ്പോണ്‍സറാവാന്‍ കഴിവുള്ള വായനക്കാരുണ്ടാകും. എപ്പോഴൊക്കെ ഈ സൈററ് സന്ദര്‍ശിക്കാമോ അപ്പോഴൊക്കെ അനുതാപത്തിന്റെ വിത്തുവിതയ്ക്കുക. സാമ്പത്തികപരാധീനതകള്‍ക്കിടയിലും സാമൂഹ്യവികസനത്തില്‍ വിസ്മയങ്ങള്‍ കാട്ടിയ മലയാളിക്ക് ഇതു കഴിയും. ഉറപ്പ്.

*