ഫൂക്കോയുടെ പെന്‍ഡുലം
ഫൂക്കോയുടെ പെന്‍ഡുലം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | ആത്മാവിന്റെ ദര്‍പ്പണം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1991 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 108 (ആദ്യ പതിപ്പ്) |
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞന്‍ ഷാങ്ങ് ബര്‍നാര്‍ ലേയോങ്ങ് ഫൂക്കോ (Jean Bernard, Leon Foucault 1819–1869) 1851-ല്‍ രണ്ടടി വ്യാസവും 62 പൗണ്ട് ഭാരവുമുള്ള ഒരു ഇരുമ്പു ഗോളം 200 അടി നീളമുള്ള ഉരുക്കു കമ്പിയുടെ അറ്റത്തു കെട്ടി ഒരു വലിയ പള്ളിയില്‍ തൂക്കി. ഈ പെന്‍ഡുലത്തിന്റെ അറ്റത്ത് ഒരാണിയുണ്ട്. ഭൂമിയില്‍ തൊടാതെയാണ് അതിന്റെ സ്ഥിതിയെങ്കിലും താഴെ വിതറിയ മണലില്‍ അത് അടയാളം രേഖപ്പെടുത്തും. പെന്‍ഡുലം ഒരു തലത്തില്‍ത്തന്നെ ചലനം കൊള്ളും. പക്ഷേ ഭൂമി കറങ്ങുന്നതു കൊണ്ട് അതിന്റെ അഭിവിന്യാസത്തിന് (Orientation) മാറ്റം വരും. പെന്‍ഡുലം വടക്കേ ധ്രുവത്തിലായിരുന്നെങ്കില്‍ ഇരുപത്തിനാലു മണിക്കൂറില്‍ ഒരു വൃത്തമാരചിച്ച് അതിന്റെ തലത്തിനു മാറ്റം വരുത്തിയെന്നു തോന്നുമായിരുന്നു. പാരീസിന്റെ ലാറ്റിറ്റ്യൂഡില്‍ (latitude — ഭൂമദ്ധ്യരേഖയില്‍ നിന്നു തെക്കോട്ടു വടക്കോട്ടുമുള്ള ദൂരം ഡിഗ്രിയായി) അത് 31 മണിക്കൂറും 47 മിനിറ്റും കൊണ്ട് മാറും (അസിമോവിനോടു കടപ്പാടുണ്ട് ഈ വിവരണത്തിന്). പാരീസില്‍ ഇന്നുമുള്ള ഈ പെന്‍ഡുലത്തെ അവലംബിച്ചു കൊണ്ട് ചിന്തകളും ദാര്‍ശനികനും സാഹിത്യകാരനുമായ ഉമ്പര്‍ടോ എകോ എഴുതിയ അന്യാദൃശമായ നോവലാണ് ‘ഫൂക്കോയുടെ പെന്‍ഡുലം’ (Foucault’s Pendulum). The Name of the Rose എന്ന നോവലിന്റെ രചനയോടു കൂടി മഹായശസ്കനായിത്തീര്‍ന്ന ഈ ഇറ്റാലിയന്‍ സാഹിത്യകാരന്റെ ഈ പുതിയ നോവലില്‍ മനുഷ്യ ധിക്ഷണയ്ക്ക് എത്രത്തോളം ഉയരാമെന്നതിനു നിദര്‍ശകമാണ്.
ഈ പെന്‍ഡുലത്തോടു മൂന്നുപേര്‍ ബന്ധപ്പെട്ടുന്നതിന്റെ ഫലമായ ദുരന്തമായ നോവലിന്റെ പ്രധാനപ്പെട്ട വിഷയം. മിലാനിലെ ഒരു പ്രസാധക സംഘത്തിലെ അംഗങ്ങളാണ് ഡിയോടല്ലവിയും ബെല്‍ബോയും കസോബെന്നും. ഒരു രഹസ്യ ഭൂപടം ഫൂക്കോയുടെ പെന്‍ഡുലത്തിന്റെ താഴെ വച്ചാല്‍ പ്രാചീന കാലത്ത് നൈറ്റ്സ് ടെംപ്ളര്‍സ് സങ്കല്പിച്ച രഹസ്യമെന്തെന്നു കണ്ടുപിടിക്കാമെന്ന് ആ മൂന്നു പേരും വിചാരിച്ചു. കുരിശു യുദ്ധങ്ങള്‍ നടക്കുന്ന കാലത്താണ് ഈ സംഘടന — Knights Templars — രൂപീകരിക്കപ്പെട്ടത്. തീര്‍ത്ഥാടകരെ സംരക്ഷിക്കാന്‍ വേണ്ടി രൂപം കൊണ്ട അതിനു ആദ്യകാലത്ത് സൈനിക പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിരുന്നത്. എസ്റ്റേറ്റുകളും മറ്റു സമ്പത്തുകളും സമ്മാനങ്ങളായി നേടിയ ഈ സംഘം ക്രമേണ പ്രബലമായിത്തീര്‍ന്നു. ജറൂസലമായിരുന്നു അവരുടെ ആസ്ഥാനം. കാലം കഴിഞ്ഞു. ഷാക്ക് ദ മൊലേ (Jacques de Molay, 1243–1314) ആ സംഘടനയുടെ അധീശനായി. ഫ്രാന്‍സിലെ രാജാവായിരുന്ന ഫിലിപ്പ് നാലാമന്‍ നൈറ്റ്സ് ടെംപ്ളര്‍സിന്റെ സമ്പത്തിലും ശക്തിയിലും അസൂയാലുവായി. 1307-ല്‍ ഫ്രാന്‍സിലെ എല്ലാ ടെംപ്ലര്‍സിനെയും അദ്ദേഹം അറസ്റ്റു ചെയ്തു ഇന്‍ക്വിസിഷന്‍ കോടതിയുടെ മുന്‍പില്‍ കൊണ്ടുവന്നു. വിസ്താരത്തിനു ശേഷം മൊലേയെയും മറ്റു ടെംപ്ലര്‍സിനെയും കുറ്റിയില്‍ കെട്ടി എരിച്ചു കൊന്നു. സ്വവര്‍ഗ്ഗാനുരാഗമാണ് രാജാവ് അവരില്‍ അയഥാര്‍ത്ഥമായി ആരോപിച്ച കുറ്റം. പ്രപഞ്ചത്തിന്റെ അയസ്കാന്ത പ്രവാഹങ്ങലെ നിയന്ത്രിച്ച് ലോകത്തെ കീഴടക്കാനുള്ള ഒരു പദ്ധതി ടെംപ്ലര്‍സിന് ഉണ്ടായിരുന്നു പോലും. ഭൂപടം ഫൂക്കോയുടെ പെന്‍ഡുലത്തിന്റെ താഴെ വച്ച് ആ പദ്ധതി മനസ്സിലാക്കാനായിരുന്നു മൂന്ന് പേരുടെയും യത്നം. അപ്പോഴേക്കും ചില മതഭ്രാന്തന്മാര്‍ അവരെ സമീപിക്കുന്നു. ടെംപ്ലര്‍സിന്റെ രഹസ്യമറിയാനായി. അതറിയിച്ചില്ലെങ്കില്‍ അവരെ മൂന്നു പേരെയും കൊന്നുകളയുമെന്നും അവര്‍ ഭീഷണി മുഴക്കി.
മൂന്നു പേരില്‍ പ്രായം കൂടിയവന്‍ ഡിയോടല്ലാവിയാണ്. നിയമസംഹിതയായ തോറയിലെ (Torah) വാക്കുകള്‍ വിനിമയം ചെയ്ത് (permutation) പരമസത്യത്തിലെത്താമെന്ന് അയാള്‍ വിചാരിച്ചു. “My dear friend” Diotallevi said: “You will never understand anything. It’s true that the Torah—the visible Torah, that is — is only one of the possible permutations of the letters of the eternal Torah as God created it and delivered it to the angels (Page 33, Picador Book). വാക്കുകളുടെ പെര്‍മ്യൂട്ടേഷന്‍ കേവല സത്യത്തിൽ എത്തിക്കുന്നതു പോലെ അയാളുടെ ശരീരത്തിലെ സെല്ലുകള്‍ പെര്‍മ്യൂട്ടേഷന്‍ നടത്തുകയാണ്. ആ അനിയത പ്രവര്‍ത്തനം തന്നെയാണ് അര്‍ബുദം. ആയാളെന്തിന് അര്‍ബുദ രോഗിയായി. ഉമ്പര്‍ടോ ഏകോ അതിനു സമാധാനം നല്കുന്നില്ല.
രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ ഡിയോടല്ലവിയുടെ തലയില്‍ ഒരു രോമവുമില്ല. പുരികങ്ങളോ കണ്‍പീലികളോ ഇല്ല. അദ്ഭുതപ്പെടാനില്ല. തോറ പോലെയാണ് മനുഷ്യ ശരീരം. തോറയ്ക്കു മാറ്റം വരുത്തിയാല്‍ ലോകത്തിനു മാറ്റം വരുത്തുകയായിരിക്കും. ലോകത്തിനു മാറ്റം വരുത്തിയാല്‍ ശരീരത്തിനു മാറ്റം വരുത്തുകയായിരിക്കും. [If you alter the Book, you alter the world, if you alter the world, you alter the body, page 566.] ടെംപ്ലര്‍സിന്റെ പദ്ധതി സ്വന്തം ശരീരത്തില്‍ തന്നെ കണ്ട അയാള്‍ ദുരന്തത്തിലായി. ഈ ദുരന്തം തന്നെ വ്യത്യസ്തങ്ങളായ രീതിയില്‍ മറ്റു രണ്ടു പേര്‍ക്കുമുണ്ടായി. യുക്തിയിലൂടെയുള്ള പ്രപഞ്ച വ്യാഖ്യാനം അസംബന്ധമാണെന്നാവാം എകോ കരുതുന്നത്. നൈറ്റ്സ് ടെംപ്ലര്‍സിന്റെ രഹസ്യ പദ്ധതികള്‍ പോലെയുള്ള പദ്ധതികളാണ് ലോകമാകെയുള്ളതെന്നും അദേഹം വിചാരിക്കുന്നുണ്ടാവാം. നാത്‌സിസത്തിന്റെ ഉദ്ഘോഷകനായ ഹിറ്റ്‌ലറും വേറൊരു ടെംപ്ലര്‍ അല്ലേ? അതേ. ഒരു പ്രധാന കഥാപാത്രം പ്രപഞ്ചനിയമം തന്റെ അര്‍ബുദത്തില്‍ കണ്ടു. നിയമത്തിലൂടെ പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യൂ. അത് അര്‍ബുദമായി പര്യവസാനിക്കും. ലോകം തന്നെ വലിയ ഒരു അര്‍ബുദമത്രേ. ആളുകള്‍ക്ക് എപ്പോഴും പദ്ധതികള്‍ വേണം. ഒരു പദ്ധതി അവര്‍ക്കു കാണിച്ചു കൊടുത്താല്‍ ചെന്നായ്ക്കളെപ്പോലെ അവര്‍ അതില്‍ ചാടി വീഴും. നിങ്ങള്‍ ഒരു പദ്ധതി കണ്ടുപിടിക്കു. അവരതു വിശ്വസിക്കും (പുറം 618).
പെന്‍ഡുലം പോലും ഒരു വ്യാജപ്രവാചകനല്ലെ? പ്രപഞ്ചത്തിലെ ഒരേയൊരു ബിന്ദുവില്‍ നിന്നാണ് അതു തൂങ്ങുന്നതെന്നു തോന്നും. പക്ഷേ പള്ളിയില്‍ നിന്ന് ഫൂക്കോയുടെ പെന്‍ഡുലത്തെ ഇളക്കിയെടുത്ത് വേശ്യാലയത്തില്‍ തൂക്കിയാലോ? അത് അവിടെയും ചലനം കൊള്ളും. വേറെയും പെന്‍ ഡുലങ്ങളുണ്ടല്ലോ. ന്യൂയോര്‍ക്കില്‍, യു.എന്‍, സൗധത്തില്‍, സാന്‍ഫ്രാന്‍സിസ്ക്കോ മ്യൂസിയത്തില്‍ അങ്ങനെ പലയിടത്തും. എവിടെ ഫൂക്കോയുടെ പെന്‍ഡുലം തൂക്കിയാലും ചലനരഹിതമായ ഒരു ബിന്ദുവില്‍ നിന്ന് അത് അങ്ങോട്ടുമിങ്ങോട്ടും ആടും. ഭൂമി താഴെ കറങ്ങുകയും ചെയ്യും. പ്രപഞ്ചത്തിലെ ഓരോ ബിന്ദുവും സ്ഥിരീകൃതമായ ബിന്ദുവാണ്. അതില്‍ നിന്നും പെന്‍ഡുലം തൂക്കുക എന്നതു മാത്രമേ നിങ്ങള്‍ക്കു ചെയ്യാനുള്ളു. യുക്തിരഹിതമായ ഈ ലോകത്ത് ആ ബിന്ദു കണ്ടുപിടിക്കണമെന്നാണോ എകോ നിര്‍ദ്ദേശിക്കുന്നത്? സങ്കീര്‍ണ്ണവും ദുര്‍ഗ്രഹവും പാണ്ഡിത്യ പ്രകടനാത്മകവും ആയ നോവലാണ് ‘ഫൂക്കോയുടെ പെന്‍ഡുലം’ അതിന്റെ പ്രമേയത്തെ സംബന്ധിച്ചിടത്തോളം ഒളിച്ചുകളി നടത്തുകയാണ് എകോ. അതുകൊണ്ടാണ് ഞാന്‍ അഭ്യൂഹങ്ങള്‍ നടത്തുന്നത്.
പ്രതിപാദിക്കുന്ന വിഷയത്തെ ധിഷണാപരമായും അപഗ്രഥനാത്മകമായും സമീപിക്കുന്ന സാഹിത്യകാരന്മാരുണ്ട്. വിഷയത്തെ സ്വപ്നാത്മകമായ അന്തരീക്ഷത്തിലേക്കു കൊണ്ടു ചെല്ലുന്നവരുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന നോവലിസ്റ്റാണ് എകോ. ഉറങ്ങിക്കിടക്കുന്നവരെ മധുര സ്വപ്നത്തിലേക്കു നയിക്കാന്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്കു കഴിയുമോ. കഴിയുമെങ്കില്‍ ആ കിനാവിലേക്കു കൊണ്ടു ചെല്ലുന്ന നോവലെഴുത്തുകാരിയാണ് എമിലി ബ്രോണ്ടി. ഉറങ്ങുന്നവനെ ആശയത്തിന്റെ ചൂരല്‍കൊണ്ട് അടിച്ചുണര്‍ത്തിയിട്ട് ‘നോക്ക്, ഈ മഹാത്ഭുതം!’ എന്നു പറയുന്ന ധൈഷണിക പ്രതിഭാശാലിയാണ് എകോ. കാണുന്നത് മഹാദ്ഭുതമായതു കൊണ്ട് അടിച്ച വേദന വ്യക്തി മറക്കുന്നു. എകോയോട് കൃതജ്ഞതയുള്ളവനായി മാറുന്നു. Morons can even the Nobel prize — പരിപാകമില്ലാത്തവര്‍ക്കുപോലും നോബല്‍ സമ്മാനം കിട്ടാമെന്ന് — എകോ നോവലില്‍ പറയുന്നു (Page 66). മനസ്സിന്റെ എല്ലാ സമ്പന്നതകളുമുള്ള എക്കോക്കു നോബല്‍ സമ്മാനം നല്കേണ്ടതാണ്.
|