close
Sayahna Sayahna
Search

ധൈഷണിക ഭാവന ജയിക്കുന്നു


ധൈഷണിക ഭാവന ജയിക്കുന്നു
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

അവിചാരിതങ്ങളായ കൂടിക്കാഴ്ചകളും സംഘട്ടനങ്ങളും അപമാനങ്ങളും സംഭവിക്കുന്ന രാജരഥ്യകളാണു തിരുവനന്തപുരത്തിന്റേത്. എപ്പോഴും പാടിക്കൊണ്ടു നടന്നിരുന്ന ഒരു ഗാനശകലം നമ്മള്‍ ഒരു ദിവസമങ്ങു മറക്കുന്നു. പെട്ടെന്ന് ഒരു നിമിഷത്തില്‍ അതു നമ്മള്‍ ഓര്‍മ്മിക്കുന്നു. വീണ്ടും മൂളുന്നു. ആഹ്ലാദത്തില്‍ വീഴുന്നു. അതുപോലെ വര്‍ഷങ്ങളോളം മറന്നു കിടന്ന ഒരു സുഹൃത്ത് നമ്മുടെ മുന്‍പില്‍ വന്നു നിന്ന് ‘എന്നെ അറിയില്ലേ’ എന്നു ചോദിക്കുകയാണ്. അപമാനങ്ങളോ? അവ യാദൃച്ഛികങ്ങളായ കൂടിക്കാഴ്ചകളേക്കാള്‍ എത്രയോ കൂടുതലാണ്.

മര്യാദയോടെ നടന്നു പോകുന്ന എത്രയെത്ര തരുണികളെയാണു കാഴ്ചയ്ക്കു മാന്യരെന്നു തോന്നുന്ന പുരുഷന്മാര്‍ ഇടിക്കുന്നത്! വക്ഷസ് ലക്ഷ്യമാക്കിയുള്ള താഡനം ലക്ഷ്യത്തില്‍ പതിച്ചില്ലെങ്കിലും ഭുജനത്തിലെങ്കിലും കൊള്ളും. അതിനും പറ്റിയില്ലെങ്കില്‍ പുറം കൈ കൊണ്ടു സ്ത്രീകളുടെ പുറകു വശത്തു തട്ടും. ഇതൊക്കെക്കണ്ടു നമ്മുടെ സംസ്കാരലോപത്തിൽ ദുഃഖിച്ച് ഞാനൊരു ദിവസം റോഡിന്റെ ഇടതു വശം ചേര്‍ന്നു പോകുകയായിരുന്നു. എതിരേ വന്ന ഒരു സായ്പ് എന്നെ തടഞ്ഞു നിര്‍ത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉയര്‍ത്തിക്കാണിച്ച് ‘ഇതില്‍ ഷൊര്‍ഷ് പെരക്കിനെക്കുറിച്ച് എഴുതിയതു നിങ്ങളാണോ’ എന്നു വിനയപൂര്‍വം ചോദിച്ചു. ‘അതേ’ എന്നു ഉത്തരം. വരൂ എന്ന് അദ്ദേഹം വിളിച്ചു. ഞങ്ങള്‍ ഒരു ‘റെസ്റ്റാറന്‍റി’ല്‍ കയറിയിരുന്നു കാപ്പി കൊണ്ടുവരാന്‍ പറഞ്ഞിട്ടു സംഭാഷണം തുടങ്ങി.

സായ്പ് പറഞ്ഞു: ‘അസാധാരണമായ ഒരു മാസ്റ്റര്‍ പീസാണു പെരക്കിന്റെ ‘Life A User’s Manual’ എന്ന നോവല്‍. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കു മാത്രമല്ല, ഫ്രഞ്ച് അറിയാവുന്നവര്‍ക്കു പോലും അറിയാന്‍ പാടില്ലാത്ത ഒരു വലിയ നോവലിസ്റ്റായിരുന്നു പെരക്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസിനെക്കുറിച്ചു നിങ്ങള്‍ എഴുതിയതു കണ്ടപ്പോള്‍ എനിക്ക് അത്യധികമായ ആഹ്ലാദമുണ്ടായി. എവിടെ നിന്നു കിട്ടി ഈ നോവല്‍? ഞാന്‍ സമുചിതമായ മറുപടി നല്‍കി. സായ്പ് എന്റെ ലേഖനം അച്ചടിച്ച ആഴ്ചപ്പതിപ്പിന്റെ പുറങ്ങള്‍ സാകൂതം വീക്ഷിക്കുകയും നോവലിസ്റ്റിന്റെ പടം കണ്ട് ആര്‍ദ്രനയനനായി ഇരിക്കുകയും ചെയ്തു. ആ പടം അദ്ദേഹം തലോടി. ലേഖനത്തിലൂടെ കൈയോടിച്ചു. മൃദുലതയോടെ. എന്നിട്ട് എന്നോടു പറഞ്ഞു: ‘എന്റെ കൂട്ടുകാരനായിരുന്നു പെരക്ക്. റേമൊങ്ങ് കിനോ എന്ന വിശ്വവിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരന്‍ രൂപം കൊടുത്ത ഒരു സംഘടനയിലെ അംഗങ്ങളായിരുന്നു, ഞങ്ങളെല്ലാം. അമിതമായ പുകവലി കൊണ്ടു പെരക്കിനു തൊണ്ടയില്‍ ക്യാന്‍സര്‍ വന്നു. അദ്ദേഹം 1982-ല്‍ മരിച്ചു പോയി. നിങ്ങള്‍ മഹാനായ ആ സാഹിത്യകാരനെ കണ്ടെത്തിയതിലും അദ്ദേഹത്തെക്കുറിച്ച് എഴുതിയതിലും എനിക്ക് അനല്പമായ സന്തോഷമുണ്ട്. നിങ്ങള്‍ ഈ ലേഖനം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു തരണം. ഞാനതു ഫ്രഞ്ചിലാക്കി പാരീസിലെ ഏതെങ്കിലും പ്രമുഖ വാരികയില്‍ പ്രസിദ്ധപ്പെടുത്തും”. സായ്പ് മേല്‍വിലാസം തന്നു. ആഹ്ളാദവിവശനായി എന്നെ ആശ്ലേഷിച്ചു. സാത്ത്വികനായ അദ്ദേഹം അടുത്ത ദിവസം ഇവിടം വിട്ടുപോകുന്നുവെന്നാണ് എന്നോടു പറഞ്ഞത്. പിരിയുന്നതിനു മുമ്പ് അദ്ദേഹം ഇത്രയും കൂട്ടിച്ചേര്‍ത്തു. “ഞാന്‍ ഇവിടെ അക്കിത്തത്തേയും അയ്യപ്പപ്പണിക്കരേയും വേറെ ചില എഴുത്തുകാരേയും കണ്ടു. പലരും നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞില്ല.” ഞാന്‍ ചിരിച്ചതേയുള്ളൂ. നമുക്കു സ്വസ്ഥതയോടെ ഇവിടെ കഴിഞ്ഞു കൂടണമെങ്കില്‍ മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു പറയുന്നുവെന്ന് അന്വേഷിക്കാതിരിക്കുകയാണ് വേണ്ടത്. അതു ജീവിതവ്രതമാക്കിയ ഞാന്‍ അവര്‍ എങ്ങനെ എന്നെ ദുഷിച്ചു എന്നു പോലും ആ സായ്പിനോടു ചോദിച്ചില്ല.

അതിരിക്കട്ടെ. ജോയിസിന്റെ യൂലിസീസിനെപ്പോലും അതിശയിക്കുന്ന കലാസൗഭഗമാണ് പെരക്കിന്റെ നോവലിനുള്ളതെന്നു ഞാന്‍ ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. എപ്പോഴും അളന്നു മുറിച്ച രീതിയില്‍ സാഹിത്യ കൃതികളെക്കുറിച്ച് അഭിപ്രായമെഴുതുന്ന The times-literary supplement ഈ നോവലിനെ ‘One of the great novels of the century’ എന്നു വാഴ്ത്തിയിരുന്നു. ആവര്‍ത്തനമരുതല്ലോ. അതിനാല്‍ ഒരിക്കലെഴുതിയ ആ കലാസൃഷ്ടിയെക്കുറിച്ച് ഞാന്‍ വീണ്ടും എഴുതുന്നില്ല. ഇപ്പോള്‍ എഴുതാന്‍ ഭാവിക്കുന്നതു പെരക്കിന്റെ വേറൊരു മാസ്റ്റര്‍ പീസായ “W or The memmory of childhood” എന്ന കൃതിയെക്കുറിച്ചാണ്. റ്റൈംസിന്റെ Literary Supplement പോലെ നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ജേണലാണ് ഇംഗ്ലണ്ടിലെ Listener B.B.C. അതു പെരക്കിന്റെ ഈ കൃതിയെക്കുറിച്ച് അഭിപ്രായമാവിഷ്കരിച്ചത് ഇങ്ങനെ: “Haunting and compelling. Chilling and totally effective... Must rank alongside the really crucial text in the literature of the Holocount, the testimony of the survivors”.

പെരക്കിന്റെ ആദ്യത്തെ നോവല്‍ Les Choser-ന് പ്രിറെനോദൊ എന്ന സമ്മാനം കിട്ടി. Life A User’s Mannual-നു പ്രി മേദീചി എന്ന സമ്മാനം ലഭിച്ചു. ആദ്യത്തെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. രണ്ടാമത്തെ കൃതി തികച്ചും സങ്കീര്‍ണ്ണമാണ്. അതുപോലെ സങ്കീര്‍ണത ആവഹിക്കുന്ന കലാശില്പമാണ്. Wor The Memory of Childhood എന്നത്. ഇതു മനസിലാക്കാന്‍ തര്‍ജമക്കാരന്റെ പ്രസ്താവം സഹായിക്കും. “ഫ്രഞ്ച് അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം ഇംഗ്ലീഷിലെന്നപോലെ ഇരട്ട ‘V’ ആയിട്ടാണ് എഴുതുക. ഫ്രഞ്ചില്‍ ‘W’ എന്ന അക്ഷരം ‘double-ve’ എന്നും വിളിക്കപ്പെടുന്നു. പെരക്കിന്റെ ഇരട്ടക്കഥയുടെ പേര് — ഒളിമ്പിക് മാതൃകയുടെയും നഷ്ടപ്പെട്ട ശൈശവത്തിന്റെ കണ്ടെത്തലിന്റെയും ഇരട്ടക്കഥ — ‘U’ (യൂ) എന്ന അക്ഷരത്തിന്റെ ഉച്ചാരണത്തോട് ഒരു വിധത്തിലും ബന്ധപ്പെട്ടതല്ല. അതു ‘ഡബ്ള്‍വി’ എന്നാണ് ഇതിന്റെ പുറങ്ങളിലൂടെ പ്രതിധ്വനിക്കുക” അങ്ങനെ രണ്ടാഖ്യാനങ്ങള്‍ ഇതില്‍ ഇടകലര്‍ന്നിരിക്കുന്നു. ഒന്ന് പെരക്കിന്റെ ആത്മകഥ. രണ്ട് തികച്ചും സാങ്കല്പികമായ കഥ. ആത്മകഥയില്‍ സവിശേഷതയാര്‍ന്ന സംഭവങ്ങളില്ല. ശൈശവത്തോടു ബന്ധപ്പെട്ട ചില സ്മരണകളും സര്‍വസാധാരനങ്ങളായ സംഭവങ്ങളും മാത്രമേയുള്ളൂ. ആത്മകഥ രണ്ടോ മൂന്നോ പുറങ്ങളില്‍ ആവിഷ്കരിച്ചിട്ടു പെട്ടെന്നു സാങ്കല്പിക കഥയിലേക്കു ഗ്രന്ഥകാരന്‍ പോകുന്നു. ആ കഥ അതുപോലെ രണ്ടോ മൂന്നോ പുറങ്ങളില്‍ പ്രതിപാദിച്ചിട്ട് ആത്മകഥയിലേക്കു ചെല്ലുന്നു. ഇങ്ങനെ രണ്ടു കഥകള്‍ പ്രതിപാദിച്ചു കഴിയുമ്പോള്‍ ഒന്നു വേറൊന്നിലേക്കും, ആ വേറൊന്ന് ആദ്യത്തേതിലേക്കും പ്രകാശം വീഴ്ത്തുന്നു. പുസ്തകം വായിച്ച് അവസാനിപ്പിക്കുമ്പോള്‍ രണ്ടും ഒന്നായിത്തീരുന്നു. അന്യാദൃശമായ ടെക്‌നിക്കാണിതെന്നു ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ.

നമുക്കു സാങ്കല്പികമായ കഥയിലേക്കു കടക്കാം. ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ എന്ന യുവാവ് ലക്സംബര്‍ഗിനടുത്തുള്ള ‘എച്ച്’ എന്ന സ്ഥലത്തു താമസിക്കുമ്പോള്‍ അയാള്‍ക്കു ഒരെഴുത്തു കിട്ടുന്നു. ഓട്ടോ എന്ന ആളിനെ കാണണമെന്ന നിര്‍ദ്ദേശമാണ് അതിലുള്ളത് സന്ദര്‍ശനം നടന്നു. ഓട്ടോ, ഗാസ്പാര്‍ഡിനോടു ചോദിച്ചു: “നിങ്ങള്‍ക്കു നിങ്ങളുടെ പേരു നല്‍കിയ ആളിന് എന്തു സംഭവിച്ചുവെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ച് അദ്ഭുതപ്പെട്ടിട്ടുണ്ടോ?” ഈ ചോദ്യം കേട്ട് ഗാസ്പാര്‍ഡ് അമ്പരന്നു. അച്ഛന്‍ അയാള്‍ക്കു നല്‍കിയ പേരിനെക്കുറിച്ചല്ല ഓട്ടോ ചോദിച്ചത്. ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ എന്ന പേരിലുള്ള മറ്റൊരാളിനെപ്പറ്റിയാണ് അയാള്‍ക്കറിയേണ്ടത്. ഊമയും ബധിരനുമായിരുന്നു എട്ടു വയസുള്ള മറ്റേ ഗാസ്പാര്‍ഡ് വിന്‍ക്ളര്‍. ആ ബാലനും അവന്റെ അമ്മയും മറ്റു നാലുപേരും ചേര്‍ന്ന് ഒരു യാനപാത്രത്തില്‍ കയറി യാത്രയായി. കൊടുങ്കാറ്റില്‍പെട്ട് അതു തകര്‍ന്നു; മുങ്ങി ഓട്ടോ ഒരു Shipwreck Victims’ Relief Society-ക്കു വേണ്ടി ജോലി ചെയ്യുന്നവനാണ്. ആ സംഘടനയിലെ അംഗങ്ങള്‍ ചെന്നു നോക്കിയപ്പോള്‍ ബാലന്റെ മൃതദേഹം മാത്രമല്ല. ശേഷമുള്ള എല്ലാവരുടെയും ശവങ്ങള്‍ കണ്ടു. ഡെക്കില്‍ നിന്ന് ആ ബാലന്‍ കടലില്‍ വീണു പോയിരിക്കാനുമിടയില്ല.

അങ്ങനെയാണെങ്കില്‍ അവന്റെ ഏതെങ്കിലും അവയവാംശമെങ്കിലും കിട്ടുമായിരുന്നു. ഓട്ടോയുടെ മുന്‍പിലിരുന്ന ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ കാണാതെയായ ഗാസ്പാര്‍ഡ് വിന്‍ക്ലറെ കണ്ടുപിടിക്കാന്‍ നിര്‍ബന്ധിതനായി. അയാള്‍ ആകെ കണ്ടത് ഡബ്ള്‍യൂ (W )എന്ന ദ്വീപു മാത്രം. അതു നൂതനമായ ഓലിംപിയ (Olympia) ആണ്. കായികവിനോദങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. പരിശീലനത്തിനുള്ള സ്ഥലങ്ങള്‍, കായികഭ്യാസക്കളരികള്‍, നീന്തല്‍ കുളങ്ങള്‍ ഇവ കൊണ്ട് അവിടം നിറഞ്ഞിരിക്കുന്നു. സമ്മാനം നേടിയ കായികതാരങ്ങളെ അവിടെ ആദരിക്കുന്നു, അഭിനന്ദിക്കുന്നു. കായികാഭ്യാസികള്‍ക്ക് അവിടെ പേരുകളില്ല; പരിഹാസപ്പേരുകളേയുള്ളൂ. അവരുടെ ശരീരങ്ങളുടെ സവിശേഷതയനുസരിച്ചു മുറിമൂക്കന്‍, മുച്ചുണ്ടന്‍ എന്നൊക്കെയാണു വിളിക്കുക. ഈ പേരുകള്‍ അവരുടെ അനന്തരഗാമികള്‍ക്കു കിട്ടും.

ഡബ്ള്‍യു ദ്വീപിലെ കായികവിനോദങ്ങളുടെ നിയമങ്ങള്‍ കാഠിന്യമാര്‍ന്നവയാണ്. ജയിച്ചവരെ മാനിക്കുന്നതു പോലെ തോറ്റവരെ പീഡിപ്പിക്കുകയും ചെയ്യും. ഓട്ടത്തില്‍ ഒടുവിലെത്തുന്നവര്‍ ഷൂസ് തിരിച്ചിട്ട് (ഉപ്പുറ്റിയുടെ ഭാഗം വിരല്‍ ഭാഗത്തേക്കായി) ഓടിയേ മതിയാവൂ. ഇതിന്റെ ഫലമായി വിരലുകളും ഉപ്പുറ്റിയുമെല്ലാം ക്ഷതമേല്‍ക്കും. തകരും. പക്ഷേ, കായികതാരങ്ങളാണ് അവിടെ സുപ്രധാനരെന്നു കരുതരുത്. തീരെ നിസ്സാരന്മാരായ ഉദ്യോഗസ്ഥന്മാര്‍ പോലും ശക്തരായ കായികാഭ്യാസികളെ വിറപ്പിക്കും. മാനേജര്‍ ദേഷ്യത്തോടെ ഒന്നു നോക്കിയാല്‍ മതി, പ്രാഡ്വിവാകന്റെ വൈകാരികാവസ്ഥയ്ക്കു മാറ്റം വന്നാല്‍ മതി, ഏതു കായികാഭ്യാസിയുടെയും കഥ തീരും.

സ്വന്തം ജീവിതത്തെ നിയന്ത്രിക്കാന്‍ ഏതെങ്കിലും ജീവിതത്തില്‍ നിന്നു പ്രതീക്ഷിക്കാന്‍ ഒരു താരത്തിനും കഴിയുകയില്ല. മഞ്ഞു കാലത്തെ മഞ്ഞും മഴക്കാലത്തെ മഴയും ചൂടുകാലത്തെ ചൂടും അവനെ ഒരുപോലെ പീഡിപ്പിക്കുന്നു. ഓടൂ. തീക്കൊള്ളികളുടെ പുറത്തുടെ ഓടൂ. ചതുപ്പുനിലങ്ങളിലൂടെ, ചെളിയിലൂടെ ഓടൂ. ചാടൂ, ഇഴയൂ. എഴുന്നേല്‍ക്കൂ, മുട്ടു വളയ്ക്കൂ, വൃത്തത്തിലൂടെ ഓടൂ. മലര്‍ന്നു കിടക്കൂ. മണിക്കൂറുകളോളം, ദിനങ്ങളോളം, ദിനരാത്രങ്ങളോളം ‘അറ്റന്‍ഷ’നായി നില്‍ക്കൂ. വസ്ത്രം ധരിക്കൂ. വസ്ത്രമഴിക്കൂ, ഓടൂ, ചാടൂ, ഇഴയൂ, മുട്ടു കുത്തൂ ഇങ്ങനെയാണു കല്പനകള്‍. യജമാനന്മാരുടെ ലോകമുണ്ട്, അടിമകളുടെ ലോകമുണ്ട്. യജമാനന്മാര്‍ അപ്രാപ്യര്‍. അടിമകള്‍ തങ്ങളില്‍ത്തങ്ങളില്‍ കടിച്ചു കീറല്‍ നടത്തുന്നു. പക്ഷേ, ദ്വീപിലെ കായികാഭ്യാസിക്ക് അതുപോലും അറിഞ്ഞുകൂടാ. അവന്‍ തന്റെ ഭാഗ്യനക്ഷത്രത്തെ കാത്തിരിക്കുന്നു. ഭാഗ്യം തന്നെ നോക്കി പുഞ്ചിരി പൊഴിക്കാന്‍ അവര്‍ കാത്തിരുന്നു.

തന്റെ പേരുകാരനെ അന്വേഷിച്ച ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ അയാളെ കണ്ടില്ല. കണ്ടതു ഡബ്ള്‍യു എന്ന ദ്വീപിനെ മാത്രം. ആ ദ്വീപിന്റെ സ്വഭാവം നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു. എന്താണു ഗ്രന്ഥകാരന്‍ ഉദേശിക്കുന്നത്? ശാസ്ത്രം വൈവിധ്യത്തില്‍ ഏകത്വം ജനിപ്പിക്കുന്നു. ആപ്പിള്‍പ്പഴങ്ങള്‍ മരങ്ങളില്‍ നിന്നു താഴത്തേക്കു വീഴുന്നു. ചന്ദ്രന്‍ അന്തരരീക്ഷത്തില്‍ നീങ്ങുന്നു. രണ്ടു വിധങ്ങളായ പ്രതിഭാസങ്ങള്‍. ഇവയെ കൂട്ടിയിണക്കി ശാസ്ത്രജ്ഞന്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിനു രൂപം നല്‍കുന്നു. ഇതാണു വൈവിധ്യത്തില്‍ ഏകത്വമുണ്ടാകുന്ന മാര്‍ഗം. പക്ഷേ, മനുഷ്യനെ സംബന്ധിച്ച് ഇതു ശരിയാവുകയില്ല. ഓരോ വ്യക്തിയും അസദൃശ്യമത്രേ. അങ്ങനെ വിഭിന്നരായ മനുഷ്യരെ സമീകരിച്ചാല്‍ സമഗ്രാധിപത്യത്തിനു രൂപം നല്‍കിയാല്‍ — അതു ഭയപ്രദമായിരിക്കും. ഈ ഭയങ്കരമായ ലോകത്ത് — ദ്വീപില്‍ തന്റെ ‘ഐഡന്‍റിറ്റി’ അന്വേഷിച്ചു ചെല്ലുന്നവർ പരാജയപ്പെടും. അന്യന്റെ ഐഡന്റിറ്റിയും’ കണ്ടെത്താനാവില്ല. ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ പരാജയപ്പെട്ടു. നമ്മളോരോരുത്തരും ഗാസ്പാര്‍ഡ് വിന്‍ക്ലര്‍മാരാണ്. സമഗ്രാധിപത്യം നാത്‌സിസമായോ പ്രത്യക്ഷപ്പെടട്ടെ. മനുഷ്യന്റെ മനുഷ്യത്വം ചവിട്ടിയരക്കപ്പെടും.

1936-ലാണു പെരക്കിന്റെ ജനനം. 1982-ല്‍ അദ്ദേഹം മരിച്ചു. കൊച്ചുകുട്ടിയായിരുന്നെങ്കിലും പെരക് രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കണ്ടു മനസ്സിലാക്കി ജൂതരെ ജീവനോടെ ഹിറ്റ്‌ലര്‍ അഗ്നിയിലേക്ക് എറിയുന്നതു കണ്ടു. അദ്ദേഹത്തിന്റെ ശൈശവം യാതനാ നിര്‍ഭരമായിരുന്നു. തീവ്രവേദനയാര്‍ന്ന ആ ശൈശവകാലത്തിന്റെ ചിത്രം ഈ നോവലില്‍ ഒന്നിട വിട്ട് ആവിഷ്കൃതമാകുന്നു. ഗാസ്പാര്‍ഡ് വിന്‍ക്ലര്‍ ‘ഐഡന്‍റിറ്റി’ അന്വേഷിച്ചതു പോലെ പെരക്കും അതന്വേഷിച്ചു. അന്വേഷിച്ച അദ്ദേഹത്തിന് അക്കാലത്തെ ചരിത്രപ്രവാഹത്തില്‍ നിന്നു മാറി നില്ക്കാന്‍ കഴിഞ്ഞില്ല. അതിലൂടെ ഒഴുകാന്‍ നിര്‍ബന്ധനായ ഒരാളിന്റെ വേദനകളാണ് ഈ നോവലില്‍. ഡബ്ള്‍യു ദ്വീപിലെ സവിശേഷതകള്‍ പെരക്കിന്റെ ജീവിതത്തില്‍ പ്രകാശം വീഴ്ത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം ദ്വീപിലെ ജീവിതത്തിലേക്കും. ധൈഷണിക ഭാവന കൊണ്ട് അനാദൃശ്യമായ ഒരു കലാലോകം സൃഷ്ടിച്ചിരിക്കുകയാണ് മഹാനായ ഈ നോവലിസ്റ്റ്.