close
Sayahna Sayahna
Search

ഉദാത്തരചന


ഉദാത്തരചന
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കലാസങ്കൽപ്പങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാളുബൻ
വര്‍ഷം
1999
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 66 (ആദ്യ പതിപ്പ്)

പ്രാചീന സാഹിത്യനിരൂപണത്തെക്കുറിച്ചു പറയുമ്പോഴെല്ലാം സ്മരിക്കപ്പെടുന്ന ഒരു നാമധേയമുണ്ട്; ലോഞ്ചിനസ്. അദ്ദേഹത്തിന്റെ ‘ഉദാത്തരചന’ യെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധമായിട്ടുണ്ട്. “ഓജസ്സും യഥാര്‍ത്ഥമായ വികാരവും അപഗ്രഥനപാടവവും ഒത്തുചേര്‍ന്നതാണ്” ലോഞ്ചനസ്സിന്റെ കൃതിയെന്നു പാശ്ചാത്യനിരൂപകര്‍ പ്രസ്താവിക്കുന്നു. “നിരൂപണത്തിന്റെ ചരിത്രത്തില്‍ അതിന് നിസ്തുലമായ സ്ഥാനമുണ്ടെന്നും” അവര്‍ക്ക് അഭിപ്രായമുണ്ട്. ധ്വന്യാലോകം വായിച്ചിട്ടുള്ള ഭാരതീയന് ഈ പ്രസ്താവങ്ങളൊക്കെ അത്യുക്തികളായേ തോന്നൂ. എങ്കിലും അതിന്റെ പ്രാധാന്യത്തെ നാം നിഷേധിക്കുന്നില്ല.

ഈ കൃതിയുടെ കര്‍ത്താവായ ലോഞ്ചിനസ്സിനെക്കുറിച്ചും അദ്ദേഹം അതെഴുതിയ കാലത്തെക്കുറിച്ചും വളരെയൊന്നും ആര്‍ക്കും അറിഞ്ഞുകൂടാ. പൂര്‍ണ്ണമായ രീതിയില്‍ നമുക്കതു ലഭിച്ചിട്ടുമില്ല. ഏതാണ്ടു മൂന്നിലൊരുഭാഗം ബഷ്ടപ്പെട്ടുപോയിരിക്കുന്നു. ‘ഉദാത്തരചന’ യുടെ ഏറ്റവും പഴക്കം കൂടിയ കൈയെഴുത്തുപ്രതി പത്താംശതകത്തിലുള്ളതാണ്. ഡയോണിസസ് ലോഞ്ചിനസാണ് ഇതിന്റെ കര്‍ത്താവെന്ന് ആ കൈയ്യെഴുത്തുപ്രതിയില്‍ കാണാം. തത്ത്വചിന്തകനായ പ്ലോട്ടിസിന്റെ ശിഷ്യനായ പൊര്‍ഫിറിയുടെ സുഹൃത്തും മഹാപണ്ഡിതനുമായിരുന്നു ലോഞ്ചിനസ്. അദ്ദേഹം ഏഷ്യാമൈനറിലുള്ള പല്‍മീറയിലെ രാജ്ഞിയായിരുന്ന സെനോബിയയുടെ ഉപദേഷ്ടാവായിരുന്നു. ആ റാണിയോടൊരുമിച്ച് റോമിന് എതിരായി ഏര്‍പ്പെട്ടതുകൊണ്ട് അറീലിയന്‍ എന്ന ചക്രവര്‍ത്തി ഏ.ഡി. 273 ല്‍ അദ്ദേഹത്തെ നിഗ്രഹിച്ചു കളഞ്ഞു. പക്ഷേ, അങ്ങനെ നിഗ്രഹിക്കപ്പെട്ടയാള്‍ കാഷ്യസ് ലോഞ്ചിനസാണ്; ഡയോണിസസ് ലോഞ്ചിനസ് അല്ല. ഇവര്‍ വിഭിന്നരാണോ? അതോ രണ്ടു പേരുകളും ഒരാളുടേതുതന്നെയോ? നിശ്ചയമില്ല. ഗ്രീസിലുള്ളവര്‍ സ്വന്തം നാമധേയങ്ങള്‍ക്കുപുറമേ റോമില്‍ പ്രചാരത്തിലിരുന്ന പേരുകളും സ്വീകരിച്ചിരുന്നതുകൊണ്ട് ഡയോണിസസും കാഷ്യസും ഒരാളാകുന്നതില്‍ തെറ്റില്ല. ഇരിക്കട്ടെ. നമുക്കു ലോഞ്ചിനസ്സിന്റെ ഗ്രന്ഥത്തിലേക്കും ചെല്ലാം.

സിസിലിയസ് ഉദാത്തതയെക്കുറിച്ച് എഴുതിയ ഒരു ചെറിയ പ്രബന്ധത്തിന്റെ ന്യൂനതകളെ പരിഹരിക്കാന്‍ വേണ്ടിയാണു താന്‍ ഈ ഗ്രന്ഥമെഴുതുന്നതെന്ന് സ്നേഹിതനായ ടെറന്‍ഷിയാനസ്സിനെ അഭിസംബോധനചെയ്തുകൊണ്ട് ലോഞ്ചിനസ് പ്രസ്താവിക്കുന്നു. ആ സുഹൃത്തിനോടു പറയുന്ന മട്ടിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ആവിഷ്കരണത്തിന്റെ പ്രകൃഷ്ടത്വം, വിശിഷ്ടത എന്നിവയിലാണ് ഉദാത്തതയിരിക്കുന്നത്. മഹാകവികളും ചരിത്രകാരന്മാരും ഈ ഗുണത്താല്‍ അനുഗൃഹീതരായതുകൊണ്ടാണ് ശാശ്വത പ്രശസ്തിയിലേയ്ക്കു ചെന്നിട്ടുള്ളതെന്നു നാം ഓര്‍മ്മിക്കണം. സമുന്നതഭാഷണത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ പ്രേരിപ്പിക്കുക എന്നതല്ല; അവരെ ഹര്‍ഷോന്മാദത്തിനു വിധേയരാക്കുക എന്നതാണ്. നമ്മെ എത്ര മാത്രം പ്രേരിപ്പിക്കാമെന്നുള്ളത് നമ്മുടെ നിയന്ത്രണത്തിലാണിരിക്കുന്നത്. പക്ഷേ, ഉദാത്തങ്ങളായ ഭാഗങ്ങള്‍ നമ്മില്‍ അസാധാരണമായ സ്വാധീനശക്തി ചെലുത്തുകയും നമ്മെ അവയ്ക്കു വിധേയരാക്കുകയും ചെയ്യുന്നു.

ഉദാത്തതയെ സംബന്ധിക്കുന്ന ഒരു കലയുണ്ടോ എന്നു ചിന്തിക്കാനാണ് ലോഞ്ചിനസ് അടുത്തതായി ആരംഭിക്കുന്നത്. പക്ഷേ, ചിന്തകള്‍ മുഴുവനും നമുക്കു കിട്ടുന്നില്ല. ഗ്രന്ഥത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഈ വിടവിനുശേഷം ഗ്രന്ഥം പുനരാരംഭിക്കുമ്പോള്‍ ഉദാത്തതയ്ക്കു പ്രതിബന്ധം സൃഷ്ടിക്കുന്ന ചില ദോഷങ്ങളെക്കുറിച്ച് ലോഞ്ചിനസ് പ്രതിപാദിക്കുന്നതായിട്ടാണു നാം കാണുന്നത്. ഒന്നാമത്തെ ദോഷം വൃഥാസ്ഥൂലതയാണ്. രണ്ടാമത്തേത് ബാലിശത്വവും. അസംഗതമായ വികാരത്തിന്റെ പ്രകടനവും ജഡതയും മറ്റു ദോഷങ്ങളത്രേ. ദുര്‍ബ്ബലത എന്ന ദോഷത്തില്‍നിന്നു രക്ഷപ്രാപിക്കാന്‍ വേണ്ടി മഹനീയതയിലേക്കു കാലുവെയ്ക്കാന്‍ ശ്രമിക്കുന്നവരെല്ലാം വൃഥാസ്ഥൂലത എന്ന ദോഷത്തില്‍ ചെന്നു വീഴുന്നു. മഹനീയമായ ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാലും ആ പരാജയം തന്നെ ശ്രേഷ്ഠമാണല്ലോ എന്നാണ് അവരുടെ മട്ട്. മനുഷ്യശരീരത്തിലെ ദുര്‍മ്മേദസ്സുപോലെതന്നെ നിന്ദ്യമാണ് രചനയിലെ വൃഥാസ്ഥൂലതയും. ഉദാത്തതയെ അതിശയിക്കാന്‍ ശ്രമിക്കുമ്പോഴാണ് വൃഥാസ്ഥൂലതയുണ്ടാകുക. തികച്ചും അധമമാണ് ബാലിശത്വം എന്ന ദോഷം. പണ്ഡിതമ്മന്യമായ രീതിയില്‍ ചിന്തയെ വിപുലീകരിക്കുകയും അതുതന്നെ ജാഡ്യത്തിലേയ്ക്ക് എഴുത്തുകാരനെ നയിക്കുകയും ചെയ്യുമ്പോള്‍ ബാലിശത്വമെന്ന ദോഷം ജനിക്കുന്നു. കരുതിക്കുട്ടി ആകര്‍ഷകത്വമുളവാക്കാന്‍ ശ്രമിക്കുമ്പോഴാണ് കൃത്രിമത്വമുണ്ടാകുന്നത്. വികാരത്തിന് സ്ഥാനമില്ലാത്തിടത്ത് വികാരം പ്രകടിപ്പിക്കുന്നതും നിയന്ത്രണം വേണ്ടിടത്ത് അതില്ലാതെ അതിവൈകാരികത്വം പ്രദര്‍ശിപ്പിക്കുന്നതും ദോഷമത്രേ. മദോന്മത്തതയാലെന്നപോലെ എഴുത്തുകാര്‍ തങ്ങളെത്തന്നെ മറന്ന് അതിവൈകാരികത്വത്തില്‍ മുങ്ങുന്നു.ഇത് അനുവാചകര്‍ക്ക് വിരസമായി ബ്ഭവിക്കും. എഴുത്തുകാരന്‍ ഹര്‍ഷോന്മാദത്തില്‍ മുഴുകിയിരിക്കും; പക്ഷേ ശ്രോതാക്കള്‍ക്ക് ഒരു ചലനവുമുണ്ടാകുകയില്ല. ആശയങ്ങള്‍ക്കും കല്പനകള്‍ക്കും വന്നുചേരുന്ന നിശ്ചേതനത്വമാണ് ജഡത എന്ന ദോഷം.

“സുദീര്‍ഘമായ അനുഭവംകൊണ്ടേ സാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയൂ’’ എന്നൊരു മുന്നറിയിപ്പു നല്കിയതിനുശേഷം ലോഞ്ചിനസ് ഉദാത്തതയുടെ സ്വഭാവം വ്യക്തമാക്കുന്നു. ഔചിത്യരഹിതമായ അലങ്കാരപ്രയോഗം കൊണ്ട് മഹനീയതയുടെ കപടവേഷമണിഞ്ഞ കവിതകളും സാഹിത്യ സൃഷ്ടികളുമുണ്ട്. ആ അലങ്കാരങ്ങളെ മാറ്റിവയ്ക്കൂ. പിന്നെ പുച്ഛിക്കാനാല്ലാതെ മറ്റൊന്നും തോന്നുകയില്ല. യഥാര്‍ത്ഥത്തിലുള്ള ഉദാത്തത വേറെതന്നെയാണ്. അതു നമ്മുടെ ആത്മാവിന് ഉന്നമനമുണ്ടാക്കുന്നു. നാം കേട്ടതു നമ്മള്‍തന്നെ എഴുതിയതാണെന്ന മട്ടില്‍ നമ്മള്‍ക്ക് അഭിമാനദ്യോതകമായ ഒരുന്നതിയും ആത്മശ്ലാഘാപരമായ ആഹ്ലാദവും സംജാതമാകുന്നു.

നല്ലപോലെ വായിച്ചിട്ടുള്ള ഒരു ബുദ്ധിമാന്‍ ഒരു ഖണ്ഡിക പലതവണ വായിച്ചുകേള്‍ക്കുന്നുവെന്നിരിക്കട്ടെ, അത് അയാളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ലെങ്കിള്‍, സൂക്ഷ്മനിരീക്ഷണത്തില്‍ അതിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു പോകുന്നെങ്കില്‍, ആ ഖണ്ഡിക ഉദാത്തതയ്ക്കു നിദര്‍ശകമാണെന്ന് പറഞ്ഞുകൂടാ. ആവര്‍ത്തിച്ചുള്ള നിരീക്ഷണത്തിനുശേഷവും ശക്തി നശിക്കാത്തതും, അപ്രതിരോധ്യമായ ആകര്‍ഷകത്വമുള്ളതും സ്മരണയില്‍ തങ്ങിനില്ക്കുന്നതുമായ രചന മാത്രമേ മഹനീയമായിട്ടുള്ളൂ. എല്ലാ കാലത്തും എല്ലാ മനുഷ്യരെയും രസിപ്പിക്കുന്ന കൃതികളില്‍ ഉദാത്തതയുണ്ടെന്ന് ഒരു സാമാന്യതത്ത്വമായിപ്പറയാം. തുടര്‍ന്ന്, ഉദാത്തതയുടെ അഞ്ചുറവിടങ്ങളെക്കുറിച്ച് ലോഞ്ചിനസ് ഉപന്യസിക്കുന്നു.

ഇവയില്‍ ആദ്യത്തേതും ഏറ്റവും പ്രധാനവും ആയിട്ടുള്ളത് മഹനീയങ്ങളായ സങ്കല്പങ്ങളെ വാര്‍ത്തെടുക്കാനുള്ള മനസ്സിന്റെ കഴിവാണ്. രണ്ടാമത്തേത് സുശക്തവും പ്രചോദനാത്മകവുമായ വികാരം. ഇവ രണ്ടും ഏറിയകൂറും അന്തര്‍ജ്ജാതങ്ങളാണ്. ശേഷമുള്ളവ കലാപരമായ പരിശീലനത്താലും ലഭിക്കുന്നവയത്രേ. ചിന്തയുടെയും ഭാഷണത്തിന്റെ അലങ്കാരങ്ങള്‍, മഹനീയമായ രചന എന്നിവയാണ് മറ്റു രണ്ടു കാരണങ്ങള്‍. ഉദാത്തതയുടെ അഞ്ചാമത്തെ കാരണം, മറ്റു നാലിനേയും സമാശ്ലേഷിക്കുന്നതും അന്തസ്സുറ്റതുമായ പദസംവിധാനമാകുന്നു. ഈ അഞ്ചു കാരണങ്ങളില്‍ ഏതെങ്കിലുമൊന്നോ അവയുടെ സങ്കലനമോ ഉദാത്തത ജനിപ്പിക്കാമെന്നു ലോഞ്ചിനസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

“മഹനീയമായ മനസ്സിന്റെ പ്രതിധ്വനിയാണ് ഉദാത്തത.” മനസ്സിന്റെ മഹത്ത്വം എന്നത് ഒരനുഗ്രഹമാണ്. എങ്കിലും ശ്രേഷ്ഠങ്ങളായ ആശയങ്ങളെ ഉത്പാദിപ്പിക്കത്തക്കവിധത്തില്‍ നാം മനസ്സിനെ പരിശീലിപ്പിച്ചുകൊണ്ടുവരണം. സാധാരണമായ ഒരാശയംപോലും ഉത്കൃഷ്ടമായ മനസ്സിന്റെ സന്തതിയാകുമ്പോള്‍ അഭിനന്ദനം നേടും. ജീവിതം മുഴുവന്‍ ദുര്‍ബ്ബലങ്ങളും അധമങ്ങളുമായ ചിന്തകളും ലക്ഷ്യങ്ങളും വച്ചു പുലര്‍ത്തിയവരില്‍ നിന്ന് ശാശ്വതപ്രശസ്തിക്കു നിദാനങ്ങളായ ഭാഷണങ്ങള്‍ ഉണ്ടാവുകയേയില്ല. ഈ വിഷയത്തെക്കുറിച്ച് ലോഞ്ചിനസ്സിനുള്ള എല്ലാ അഭിപ്രായങ്ങാളും നമുക്ക് അറിയാന്‍ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു. കൈയെഴുത്തു പ്രതിയുടെ ആറു പുറങ്ങള്‍ ഇവിടെ കാണാതെയിരിക്കുകയാണ്.

പത്താമത്തെ അധ്യായത്തില്‍ ഉദത്തരചനയ്ക്ക് ആധാരമായ മനസ്സിന്റെ കഴിവിനെക്കുറിച്ചു പ്രതിപാദിക്കുകയാണ് ലോഞ്ചിനസ്. പ്രതിപാദ്യവിഷയത്തിന്റെ സ്വീകരണത്തില്‍ കാണിക്കുന്ന വൈദഗ്ദ്ധ്യം കൊണ്ടായിരിക്കും ഒരെഴുത്തുകാരന്‍ ആകര്‍ഷകത്വം ഉളവാക്കുക. വേറൊരാള്‍ താന്‍ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ ആകെക്കൂടിയുള്ള ശക്തികൊണ്ടായിരിക്കും അതു ജനിപ്പിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലുള്ള സ്നേഹമെന്ന ആവേശത്തോടു ബന്ധപ്പെട്ട വികാരങ്ങളില്‍ നിന്ന് ഒരു തിരഞ്ഞെടുക്കല്‍ നടത്തുന്നു സാഫോ. ആ വികാരത്തിന്റെ തീക്ഷ്ണങ്ങളും അതിമാത്രങ്ങളുമായ അംശങ്ങളെ ആ കവയിത്രി തിരഞ്ഞെടുത്തു യോജിപ്പിക്കുന്നു. അതില്‍ അവര്‍ എന്തെന്നില്ലാത്ത വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹോമര്‍ കൊടുങ്കാറ്റിനെ വര്‍ണ്ണിക്കുമ്പോള്‍ അതിന്റെ ഭയജനകങ്ങളായ അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടിയിണക്കുന്നു.

[1]

“അധഃസ്ഥിതങ്ങളായ മേഘങ്ങള്‍ക്കു താഴെയുള്ള കൊടുങ്കാറ്റുകളാല്‍ പ്രവൃദ്ധമായിച്ചമഞ്ഞ ഒരു തരംഗം വേഗത്തില്‍ പ്രചണ്ഡമായി പൊട്ടിത്തകരുന്നതുപോലെ അവന്‍ അവരുടെമേല്‍ ചാടിവീണു. ഫേനപിണ്ഡത്തില്‍ യാനപാത്രം അപ്രത്യക്ഷമായിരിക്കുന്നു; ഭയങ്കരമായ നിര്‍ഘാതം വാതവസനത്തില്‍ ഗര്‍ജ്ജിക്കുകയാണ്. നാവികരുടെ ആത്മാക്കള്‍ പ്രചണ്ഡമായ രീതിയില്‍ പ്രകമ്പനം കൊള്ളുന്നു. മരണത്തിന്റെ പിടിയില്‍നിന്നു രക്ഷപ്രാപിക്കാന്‍ അവര്‍ക്കു കഴിയുകയേയില്ല.” ഹോമറിന്റെ ഈ വര്‍ണ്ണനയെ അറാട്ടസ് അനുകരിച്ചുകൊണ്ട് ഇങ്ങനെ എഴുതുന്നു:

“ഒരു നേരിയ പലക നാശത്തെ തടുക്കുന്നു.” ഈ ഭാഗം ക്ഷുദ്രമായിപ്പോയി. പലക നാശത്തെ തടുക്കുന്നുവെന്നു പറയുന്ന അറാട്ടസ് ആപത്തിന് ഒരു പരിധി കല്പിക്കുകയാണ്. നേരേ മറിച്ച് ഹോമര്‍ ഒരു നിമിഷംപോലും ആപത്തിന് പരിമിതത്വം വരുത്തുന്നില്ല. ഓരോ തരംഗം ആഞ്ഞടിക്കുമ്പോഴും മരണത്തിന്റെ വക്കില്‍ വന്നു നില്ക്കുന്ന നാവികരുടെ ചിത്രം അദ്ദേഹം വീണ്ടും വീണ്ടും ആലേഖനം ചെയ്യുകയാണ്. ഇതാണ് ഉദാത്തതയ്ക്ക് ഒരു ഉദാഹരണം.

അത്യുക്തിയെക്കുറിച്ച് ലോഞ്ചിനസ് പ്രതിപാദിക്കാന്‍ തുടങ്ങുകയാണ്. പക്ഷേ, അതു പൂര്‍ണ്ണമാകുന്നില്ല. കൈയെഴുത്തുപ്രതിയുടെ രണ്ടു പുറങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രന്ഥം പുനരാരംഭിക്കുമ്പോള്‍ തേജസ്സാര്‍ന്ന ഒരു പ്രഭാഷകനെ പാരാവാരസദൃശനായ ഒരു ഗ്രന്ഥകാരനോടു താരതമ്യപ്പെടുത്തുന്നതു നാം കാണുന്നു. പ്രഭാഷകന്‍ ഡമോസ്തനീസും ഗ്രന്ഥകാരന്‍ പ്ലേറ്റോയുമാണെന്നു തോന്നുന്നുണ്ട്. തുടര്‍ന്നു വരുന്ന ഭാഗത്തില്‍ ഡമോസ്തനീസിനെയും സിസറോവിനെയും താരതമ്യപ്പെടുത്തുന്നു.

[2] [3]

“ഡമോസ്തനീസിന്റെ മഹത്വം സാധാരണയായി കൂടുതല്‍ ആകസ്മികമായിരിക്കും; സിസറോവിന്റേത് കൂടുതല്‍ സമ്പന്നവും. നമ്മുടെയാള്‍ എല്ലായ്പ്പോഴും പ്രചണ്ഡനും വേഗശാലിയും ബലവാനുമാണ്. ആളിക്കത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന മിന്നലിനോടോ ഇടിയോടോ അദ്ദേഹത്തെ ഉപമിക്കാം. നമുക്കു ചുറ്റും വ്യാപിക്കുകയും നമ്മെ മൂടുകയും ചെയ്യുന്ന മഹാഗ്നിയെപ്പോലെയാണ് സിസറോ.”

മാനസികമായ കഴിവ് എന്ന ആദ്യത്തെ കാരണത്തില്‍പ്പെടുന്ന ഭാവനയെക്കുറിച്ചാണ് ഇനിയുള്ള പ്രതിപാദനം. ഭാവന രണ്ടു വിധത്തിലാണ്. കാവ്യഭാവന ആദ്യത്തേത്. അത് അനുവാചകനെ ഹര്‍ഷോന്മാദത്തിലേയ്ക്കു നയിക്കുന്നു. പ്രഭാഷണാത്മകമായ ഭാവന രണ്ടാമത്തേത്. സുവ്യക്തമായ ആവിഷ്കരണത്തിനാണ് അതു പ്രയോജനപ്പെടുക. സോഫോക്ലിസ്സിന്റെ ഭാവന കാവ്യഭാവനയാണ്; അദ്ദേഹത്തിന്റെ സമകാലികനായിരുന്ന യൂറിപ്പിഡസിന്റേത് പ്രഭാഷണാത്മകമായ ഭാവനയും.

സുശക്തവും പ്രചോദനാത്മകവുമായ വികാരമാണ് ഉദാത്തതയുടെ രണ്ടാമത്തെ കാരണമായി ലോഞ്ചിനസ് പറഞ്ഞത്. അതിനെപ്പറ്റി പിന്നീട് പ്രതിപാദിക്കുമെന്ന് അദ്ദേഹം ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു പറയുന്നുണ്ടെങ്കിലും ആ ഭാഗം കൻടുകിട്ടിയില്ല. മൂന്നാമത്തെ ഉറവിടം ഭാഷണത്തിന്റെയും ചിന്തയുടെയും അലങ്കാരങ്ങളാണല്ലൊ. അവയെക്കുറിച്ചുള്ള പ്രതിപാദനവും പൂര്‍ണ്ണമല്ല. കാരണം പതിനെട്ടാം അദ്ധ്യായത്തിന്റെ അവസാനത്തില്‍വച്ചു കുറെ ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. കിട്ടിയിടത്തോളം ഭാഗങ്ങളിലുള്ള അലങ്കാരചര്‍ച്ച ലോഞ്ചിനനസിന്റെ ബുദ്ധിവൈഭവത്തെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംശയമില്ല. [4]

ഉദാത്തതയ്ക്ക് ആധാരമായ അഞ്ചാമത്തെ വസ്തുത പദസംവിധാനമാണ്. താന്‍ മുന്‍പ് പ്രസാധനം ചെയ്ത രണ്ടു ഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ചു വേണ്ടിടത്തോളം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് ലോഞ്ചിനസ് പ്രസ്താവിക്കുന്നത്. അതുകൊണ്ട് ഹ്രസ്വമായ ഒരു നിരൂപണമേ ഇവിടെനിന്നു നമുക്കു കിട്ടുന്നുള്ളൂ. ലയമാണ് സര്‍വപ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷയുടെ സംഗീതാത്മകത്വം സംഗീതത്തിന്റെ ഉത്കൃഷ്ടരൂപമാണെന്നു ലോഞ്ചിനസ് പറയുന്നതിനോട് ആധുനിക നിരൂപകരും യോജിക്കും.

ഓടക്കുഴലിന്റെ സംഗീതം ശ്രോതാക്കളുടെ വികാരങ്ങളെ ഇളക്കിവിടുകയും അവര്‍ക്ക് ആത്മവിസ്മൃതി ഉളവാക്കുകയും ചെയ്യുന്നു. വിപഞ്ചികയുടെ നാദം അര്‍ത്ഥശൂന്യമാണെങ്കിലും മാന്ത്രികപ്രഭാവം കൊണ്ട് ശ്രോതാക്കളെ കീഴടക്കുന്നു. അപ്പോള്‍, മനുഷ്യന്റെ കാതിനുമാത്രമല്ല മനസ്സിനുംകൂടി ആഹ്ലാദമരുളുന്ന യുക്തിപരമായ ഭാഷണത്തിന്റെ സംഗീതം — പദസംവിധാനം — അവനെ ആനന്ദത്തിന്റെ നീര്‍ക്കയത്തിലേയ്ക്കു വലിച്ചെറിയുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? അതാണ് ലോഞ്ചിനസിന്റെ ചോദ്യം.

ഗ്രന്ഥത്തിന്റെ നാല്പത്തിനാലാമദ്ധ്യായം ‘പ്രഭാഷണത്തിന്റെ ജീര്‍ണ്ണത’യെക്കുറിച്ചുള്ളതാണ്. അത് പൂര്‍ണ്ണമാകുന്നില്ല. ശേഷമുള്ള ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു കിട്ടിയിരിക്കുന്ന ഗ്രന്ഥത്തിന്റെ അവസാനവും അവിടെത്തന്നെയാണ്.

ഉജ്ജ്വലമായ വികാരം, അതുളവാക്കുന്ന ഹര്‍ഷോന്മാദം, അതിന്റെ മാന്ത്രികപ്രഭാവം — ഇവയാണ് ലോഞ്ചിനസിന് പ്രധാനമായിട്ടുള്ളത്. ആ ഗുണങ്ങള്‍ സംദൃശ്യങ്ങളാകുന്ന ‘ഇലിയഡി’നെ അദ്ദേഹം കൂടെക്കൂടെ വാഴ്ത്തുന്നു. ഹോമറിന്റെ ‘ഒഡീസ്സി’യെക്കുറിച്ച് അദ്ദേഹത്തിന് അത്രത്തോളം ബഹുമാനമില്ല. നാടകീയത ഉള്‍ക്കൊള്ളുന്ന ‘ഇലിയഡ്’ കവിയുടെ പ്രചോദനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നപ്പോഴാണു രചിക്കപ്പെട്ടത്. എന്നാല്‍ ആഖ്യാന കൗതുകം പ്രദര്‍ശിപ്പിക്കുന്നതാണ് ‘ഒഡിസ്സി’. അതു വാര്‍ദ്ധക്യദശയ്ക്കു ചേര്‍ന്നതാണ്. ‘ഒഡിസ്സി’ എഴുതിയ ഹോമര്‍ അസ്തമയസൂര്യന് സദൃശനാണെന്നാണു ലോഞ്ചിനസ് പ്രഖ്യാപിക്കുന്നത്. ഉദാത്തരചനയെപ്പറ്റി മൗലികമതങ്ങള്‍ ആവിഷ്കരിച്ച ലോഞ്ചിനസ് പാശ്ചാത്യസാഹിത്യനിരൂപണത്തില്‍ പ്രമുഖന്‍ തന്നെ. ഭാരതീയന് അദ്ദേഹത്തെക്കുറിച്ച് അതിരുകടന്ന ആദരം തോന്നിയില്ലെങ്കില്‍ കുറ്റം പറയേണ്ടതില്ല. അയാള്‍ ഇതിനെക്കാളും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ കണ്ടവനാണല്ലോ.

സാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാനുള്ള ഉപാധികള്‍ ഭാവനാത്മകമായ മൗലികത്വം (imaginative originality), ആവിഷ്കരണശക്തി (expressive power), സര്‍ഗ്ഗാത്മക പ്രതിഭ (creative genius), പ്രതിപാദ്യവിഷയത്തിന്റെ വ്യാപ്തി എന്നിവയാണെന്ന് അരവിന്ദഘോഷ് പറഞ്ഞു. കവി പ്രധാനനായോ അപ്രധാനനായോ പരിഗണിക്കപ്പെടുന്നത് ഈ ഘടകങ്ങളെ അവലംബിച്ചുള്ള പരിശോധനയ്ക്കു ശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നോ രൻടോ മനോഹരങ്ങളായ വരികള്‍ എഴുതി പ്രസിദ്ധരായ കവികള്‍ കാണുമായിരിക്കും. അവര്‍ക്ക് സുന്ദരങ്ങളായ ആ വരികളുടെ ഉടമസ്ഥാവകാശം മാത്രമേ ഉള്ളുവെങ്കില്‍ അവര്‍ ആദരണീയരാകുന്നില്ല. അത്രകണ്ടു ചേതോഹരങ്ങളായ വരികള്‍ എഴുതിയിട്ടില്ലെങ്കിലും വിപുലമായ ഒരു കാവ്യസമ്പത്തിന്റെ അധികാരം അവര്‍ക്കുണ്ടെങ്കില്‍ നിശ്ചയമായും അവര്‍ സുപ്രധാനരായി ബഹുമാനിക്കപ്പെടും. ഈ മതമാശ്രയിച്ചാണ് അരവിന്ദഘോഷ് പ്രമുഖരായ കവികളെ തരംതിരിക്കുന്നത്. അദ്ദേഹത്തിന്റെ വിഭജനം നോക്കുക:

 1. വാല്മീകി, വ്യാസന്‍, ഹോമര്‍, ഷേക്സ്പിയര്‍.
 2. ദാന്തേ, കാളിദാസന്‍, ഏസ്കിലസ്, സോഫോക്ലിസ്സ്, വെര്‍ജില്‍, മില്‍ട്ടന്‍.
 3. ഗേയ്ഥേ.

വാല്മീകിക്കും വ്യാസനും ഹോമറിനും ഷേക്സ്പിയറിനും മുകളില്‍പ്പറഞ്ഞ നാലു ഗുണങ്ങളുമുണ്ട്. എന്നാല്‍ രണ്ടാമത്തെ വരിയിലെ ദാന്തെ തുടങ്ങിയ ആറു കവികള്‍ക്ക് ഈ ഗുണങ്ങള്‍ എല്ലാമില്ല. ദാന്തെയ്ക്കും കാളിദാസനും ഭാവനാത്മകമായ മൗലികത്വം ഒട്ടും കുറവല്ല. വാല്മീകിയും വ്യാസനും ഹോമറും ഷേക്സ്പിയറും പ്രദര്‍ശിപ്പിച്ച മൗലികത്വംതന്നെ അവരും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആവിഷ്കരണശക്തിയിലും ദാന്തെയും കാളിദാസനും ആ നാലു മഹാകവികള്‍ക്കു സദൃശരായി വര്‍ത്തിക്കുന്നു. പക്ഷേ, വാല്മീകി പ്രഭൃതികള്‍ക്കുള്ള സര്‍ഗ്ഗാത്മകപ്രതിഭ അതേയളവില്‍ത്തന്നെ അവരില്‍ ദൃശ്യമല്ല. ദാന്തെയുടെ ‘ഡിവൈന്‍ കോമഡി’യിലെ മൂന്നു ലോകങ്ങളും സര്‍ഗ്ഗവൈഭവത്തെക്കാള്‍ നിര്‍മ്മാണവൈദഗ്ദ്ധ്യത്തെയാണു കാണിക്കുന്നത്. അതുല്യമായ സര്‍ഗ്ഗപ്രഭാവം പ്രദര്‍ശിപ്പിച്ചുകൊണ്ട് വാല്മീകിയും വ്യാസനും ഹോമറും ഷേക്സ്പിയറും നൂതനലോകങ്ങളെ സൃഷ്ടിക്കുമ്പോള്‍ ദാന്തെ തന്റെ ആലോകനസാമര്‍ത്ഥ്യമുള്ള കാവ്യമനസ്സിന്റെ അവലംബത്തോടുകൂടി മൂന്നു ലോകങ്ങളെയും (സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം) നിര്‍മ്മിച്ചുവയ്ക്കുന്നതേയുള്ളു. കാളിദാസനെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്. വിശ്വാമിത്രന്‍ ത്രിശങ്കുവിനുവേണ്ടി ഒരു സ്വര്‍ഗ്ഗം സൃഷ്ടിച്ചുകൊടുത്തല്ലോ. ഷേക്സ്പിയറും ആ വിധത്തിലുള്ള ഒരത്ഭുതകര്‍മ്മമാണ് അനുഷ്ഠിച്ചത്. ആ സര്‍ഗ്ഗപ്രഭാവത്താല്‍ ദാന്തെയും കാളിദാസനും അനുഗൃഹീതരായിരുന്നില്ല. നൂതനപ്രപഞ്ചങ്ങള്‍ സൃഷ്ടിക്കാനുള്ള ഈ കഴിവുകൂടി അവര്‍ക്കു ലഭിച്ചിരുന്നെങ്കില്‍ അവര്‍ വാല്മീകിപ്രഭൃതികള്‍ക്കു സദൃശരാകുമായിരുന്നു. ഏസ്കിലസ് ദര്‍ശകനും സൃഷ്ടികര്‍ത്താവും ആണ്; പക്ഷേ ഒരു കുറഞ്ഞ തോതിലാണെന്നു മാത്രം. വെര്‍ജിലും മില്‍ട്ടനും ജീവിക്കാന്‍ പോകുന്നത് അവര്‍ എന്തു പറഞ്ഞു എന്നതിനെ ആശ്രയിച്ചാണ്; അവര്‍ എന്തു സൃഷ്ടിച്ചു എന്നതിനെ അവലംബിച്ചല്ല. കാവ്യപ്രജ്ഞയുടെ സഹായത്തോടെ കാവ്യമെഴുതിയ ഗേയ്ഥേയ്ക്ക് മൂന്നാമത്തെ വരിയിലേ [5] [6]

സ്ഥാനമുള്ളു. കാവ്യശക്തിയിലോ കവിതയുടെ മാന്ത്രികപ്രഭാവത്തിലോ അദ്ദേഹം ഷേക്സ്പിയറിന്റെ അടുത്തുപോലും വരികയില്ല. അപ്പോള്‍ ആദ്യത്തെ വരിയിലെ നാലു മഹാകവികളും ഏതാണ്ടു സദൃശന്മാര്‍. രണ്ടാമത്തെ വരിയിലെ ആറു കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ദാന്തെ. അദ്ദേഹം കഴിഞ്ഞാല്‍ കാളിദാസന്‍, പിന്നീട് യഥാക്രമം ഏസ്കിലസും സോഫോക്ലിസ്സും വെര്‍ജിലും മില്‍ട്ടനും.

ഇവിടെ നമുക്കൊരു സംശയമുണ്ടാകാം. രാമായണമെഴുതിയ വാല്മീകിയും മഹാഭാരതമെഴുതിയ വ്യാസനും ഹോമറിനും ഷേക്സ്പിയര്‍ക്കും സദൃശരാകുന്നതെങ്ങനെ? ഈ ഭാരതീയ കവികള്‍ കുറെക്കൂടി ഉന്നതന്മാരല്ലേ? അരവിന്ദഘോഷ് അതിനു സമാധാനം നല്കുന്നുണ്ട്. ‘മഹാഭാരതം’ ഹോമറിന്റെ ‘ഇലിയഡി’നെക്കാളും ‘രാമായണം’ ഹോമറിന്റെ ‘ഒഡിസ്സി’യെക്കാളും മഹനീയങ്ങള്‍ തന്നെ. പക്ഷേ, കവികളെന്ന നിലയില്‍ — ലയം, ഭാഷ, കാവ്യസൗന്ദര്യം എന്നിവയുടെ അധീശന്മാരെന്ന നിലയില്‍ — വ്യാസനും വാല്മീകിയും ഹോമറിനെക്കാളും ഷേക്സ്പിയറിനെക്കാളും ശ്രേഷ്ഠന്മാരല്ല. അങ്ങനെ നാം കവികളുടെ ആവിഷ്കരണ വൈദഗ്ദ്ധ്യത്തിലേയ്ക്കു വന്നുചേരുന്നു. അഞ്ചു തരത്തിലുള്ള കാവ്യശൈലികള്‍ ഉണ്ടെന്നാണ് അരവിന്ദഘോഷ് അഭിപ്രായപ്പെടുന്നത്. ആദ്യത്തേത് “പര്യാപ്തമായ ശൈലി” പ്രതിപാദ്യവിഷയം അല്ലെങ്കില്‍ കാവ്യവസ്തു കവിയിലുളവാക്കുന്ന ആഘാതത്തെ — കാവ്യവസ്തുവുമായി കവിക്കുണ്ടായ സമ്പര്‍ക്കത്തെ — അതേ രീതിയില്‍ആവിഷ്കരിക്കുമ്പോഴാണ് പര്യാപ്തമായ ശൈലിയുളവാകുന്നത്. “ചലനാത്മകമായ ശൈലി”യാണ് രണ്ടാമത്തേത്. പ്രതിപാദ്യ വിഷയത്തിന്റെ ചലനമാണ് ഇതാവിഷ്കരിക്കുക. വസ്തുവിന്റെ അവസ്ഥിതി ഇവിടെ പരിഗണനാര്‍ഹമാകുന്നില്ല. മൂന്നാമത്തേത് “പ്രകാശ [7] [8] പൂര്‍ണ്ണമായ ശൈലി”യാണ്. കാവ്യവസ്തുവിന്റെ അവസ്ഥിതി, ചലനാത്മകത്വം എന്നിവയെ വിട്ട് അതിന്റെ പരമ പ്രാധാന്യത്തിലേയ്ക്കു കവി കടന്നുചെല്ലുകയും അദ്ദേഹം കുറെക്കൂടി ഭാവനാസമ്പന്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഈ ശൈലി രൂപംകൊള്ളുന്നു. അടുത്തത് “പ്രചോദനാത്മകമായ ശൈലി”യാണ്. ശ്രേഷ്ഠമായ എല്ലാ കവിതകളും പ്രചോദനാത്മകങ്ങളത്രേ. എങ്കിലും ഈ ശൈലിക്കൊരു സവിശേഷതയുണ്ട്. ഇതിലൊരു അന്തര്‍വ്വീക്ഷണമുണ്ട്; ആന്തരശബ്ദമുണ്ട്. മാന്ത്രികപ്രഭാവമാണ് ഈ ശൈലിയുടെ സവിശേഷത. ഈ നാലു ശൈലികള്‍ക്കും ഉത്കൃഷ്ടരൂപമാര്‍ജ്ജിക്കാന്‍ കഴിയുമെന്നു പ്രസ്താവിച്ചതിനുശേഷം അരവിന്ദഘോഷ് “ശ്രേഷ്ഠമായ കാവ്യഭാഷണം” എന്ന അഞ്ചാമത്തെ കാവ്യശൈലിയെക്കുറിച്ചു പ്രതിപാദിക്കുന്നു. അസാധാരണമായ വിധത്തില്‍ വിശുദ്ധവും സത്യാത്മകവും അന്യൂനവുമായ കാവ്യഭാഷണമാണിത്. ഇതിനെ അപഗ്രഥിക്കാന്‍ വയ്യ. അത്രകണ്ട് ഉജ്ജ്വലമാണ് ഈ ശൈലി. ഒരു നിരൂപകന്‍ ഈ അഞ്ചു ശൈലികളുടെയും വൈജാത്യങ്ങള്‍ നമുക്കു മനസ്സിലാക്കിത്തരാനായി ചില ദൃഷ്ടാന്തങ്ങള്‍ സ്വീകരിക്കുന്നു. കുറ്റമറ്റ ഒരു ഛായാഗ്രഹണചിത്രത്തിന് സദൃശമാണ് ‘പര്യാപ്തമായ ശൈലി’. ‘ചലനാത്മകശൈലി’ ചലനചിത്രംപോലെയാണ്. “പ്രകാശപൂര്‍ണ്ണമായ ശൈലി”യെ ‘ടെക്നികളര്‍’ സിനിമയായി കരുതാം. അപ്പോള്‍ ‘പ്രചോദനാത്മകമായ ശൈലി’ നമ്മുടെ മുന്‍പില്‍ അഭിനയിക്കപ്പെടുന്ന ഒരു നാടകത്തിനു തുല്യമാകും. ‘ശ്രേഷ്ഠമായ കാവ്യഭാഷണം’, അനവരതം സ്പന്ദിക്കുന്നതും വിവിധ രൂപങ്ങളില്‍ നമ്മെ സമാക്രമിക്കുന്നതുമായ ജീവിതം തന്നെയാണ്. [9] [10] [11]

കവിതയെസ്സംബന്ധിച്ച് അരവിന്ദഘോഷിനുള്ള സങ്കല്പങ്ങള്‍ തികച്ചും മൗലികങ്ങളാണ്. പ്രജ്ഞയോ ഭാവനയോ ശ്രോത്രമോ കാവ്യപരമായ ആനന്ദത്തിന് പ്രതിഗ്രാഹകരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാവ്യപാരായണംകൊണ്ട് പ്രജ്ഞയ്ക്കു കിട്ടുന്ന സംതൃപ്തിയും കാതിനു കിട്ടുന്ന സുഖവും ഉന്നതമായ കാവ്യാസ്വാദനത്തില്‍നിന്നു ജനിക്കുന്ന ആനന്ദത്തിനു തുല്യമായി കരുതാന്‍ പാടില്ലെന്നാണ് അതിന്റെ അര്‍ത്ഥം. ഭാവനയുടെ പ്രവര്‍ത്തനംകൊണ്ട് കാവ്യത്തിന് ആകര്‍ഷകത്വം ലഭിച്ചാലും പോരാ. അവ മൂന്നും പരമമായ ആനന്ദമനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങളേ ആകുന്നുള്ളു. അവ ഒന്നിച്ചുചേര്‍ന്ന് ആത്മാവിന്റെ അഗാധമായ ആനന്ദമായി മാറുമ്പോഴാണ് കവിത മഹനീയമാവുക. കവിത പ്രജ്ഞയ്ക്കുമാത്രം ഒരിളക്കമുണ്ടാക്കട്ടെ; അത് ശ്രേഷ്ഠമായ കവിതയല്ല. ഭാവനയേയും വികാരങ്ങളേയും ഇളക്കിവിടട്ടെ; അതും ശ്രേഷ്ഠമായ കവിതയല്ല. കവി കാവ്യഭാഷണത്തിന്റെ തീക്ഷ്ണതയിലേക്കു ചെല്ലണം; പ്രചോദനാത്മകമായ പദം കണ്ടെത്തണം; നമ്മുടെ ചൈതന്യത്തിന്റെ നീരുറവയില്‍നിന്നു കുതിച്ചുപൊങ്ങുന്ന അനന്തങ്ങളായ അര്‍ത്ഥവിശേഷങ്ങളെ ദൈവികമായ ലയാത്മകചലനത്തോടു കൂട്ടിയിണക്കണം; അപ്പോള്‍ ഉളവാകുന്ന കവിത അത്യുത്തമമാണ്. അതിനെ അരവിന്ദഘോഷ് മന്ത്രം എന്നു വിളിക്കുന്നു.


 1. Sappho, ഗ്രീക്ക് കവയിത്രി, (ബി.സി. 612).
 2. Aratus, ബി.സി. മൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് കവി.
 3. Demosthenes, (ബി.സി.384–ബി.സി.322) വിശ്വവിഖ്യാതനായ പ്രഭാഷകന്‍.
 4. Cicero, (ബി.സി.160–ബി.സി.43), റോമന്‍ പ്രഭാഷകന്‍.
 5. ‘ഡിവൈന്‍ കോമഡി’യിലെ മൂന്നുഖണ്ഡങ്ങള്‍.
 6. Letters of Shri Aurobindo”, 3rd Series, page 301.
 7. Adequate style.
 8. Dynamic style
 9. Illumned style.
 10. Inspired style.
 11. Supreme poetic utterence