കലയിലെ വികാരസംക്രമണം
കലയിലെ വികാരസംക്രമണം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
ഒരാള്‍ ചിരിക്കുന്നു; അതു കേള്‍ക്കുന്ന മറ്റൊരുവന്‍ ആഹ്ലാദിക്കുന്നു. അല്ലെങ്കില്‍, വേറൊരാള്‍ കരയുന്നു; അതു കേള്‍ക്കുന്നയാള്‍ ദുഃഖിക്കുന്നു. ഒരുത്തന്‍ ക്ഷോഭിക്കുകയോ അസ്വസ്ഥനാവുകയോ ചെയ്യുന്നു; അതു കാണുന്ന വേറൊരുത്തനു് അതേ മാനസിക നിലയുണ്ടാകുന്നു. ചലനം കൊണ്ടോ ശബ്ദം കൊണ്ടോ ഒരാള്‍ ധൈര്യവും ഉറപ്പും പ്രദര്‍ശിപ്പിക്കുന്നു എന്നിരിക്കട്ടെ; ഈ മാനസികാവസ്ഥ മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നു. ഇങ്ങനെ മറ്റൊരാളിന്റെ വികാരാവിഷ്കരണത്തെ സ്വയം സ്വീകരിക്കാനും ആ വികാരത്തെ സ്വയം അനുഭവിക്കാനുമുള്ള ഒരുവന്റെ കഴിവിലാണ് കലാപ്രവര്‍ത്തനം അധിഷ്ഠാനം ചെയ്തിരിക്കുന്നതു്. ലിയോ ടോള്‍സ്റ്റോയിയുടെ അഭിപ്രായമാണിതു്. വികാരങ്ങളുടെ കരുതിക്കൂട്ടിയുള്ള സംക്രമണം കലയാണെന്നു് ആദ്യമായി പറഞ്ഞതു് ടോള്‍സ്റ്റോയിയല്ല. എങ്കിലും ടോള്‍സ്റ്റോയിയുടേതെന്നു കരുതപ്പെടുന്ന ഈ മതത്തിന്നു് എന്തെന്നില്ലാത്ത പ്രാധാന്യം കൈവന്നിരിക്കുന്നു. തന്റെ കലാസിദ്ധാന്തത്തെ ഒരുദാഹരണം കൊണ്ടു് അദ്ദേഹം വിശദമാക്കുന്നുണ്ടു്. നമുക്കു് അദ്ദേഹത്തിന്റെ ഉദാഹരണം എന്താണെന്നു നോക്കാം. ചെന്നായയെ നേരിട്ടുകണ്ടു് പേടിച്ച ഒരു കുട്ടി ആ സംഭവം വേറൊരാളിനെ പറഞ്ഞു കേള്‍പ്പിക്കുന്നു എന്നിരിക്കട്ടെ. താന്‍ അനുഭവിച്ച വികാരത്തെ ശ്രോതാവില്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി അവന്‍ തന്നെത്തന്നെ വര്‍ണ്ണിക്കുന്നു; ചെന്നായെ കാണുന്നതിന്നു മുന്‍പുള്ള തന്റെ അവസ്ഥയെ വിശദീകരിക്കുന്നു; പരിതഃസ്ഥിതികളെയും കാനനത്തേയും സ്വന്തം ലഘുതയേയും ചെന്നായുടെ ആവിര്‍ഭാവത്തെയും അതിന്റെ ചലനങ്ങളെയും ഒക്കെ വര്‍ണ്ണിക്കുന്നു. താന്‍ ഒരിക്കല്‍ അനുഭവിച്ച വികാരങ്ങളുടെ കഥ പറയുന്ന അവസരത്തിലും അനുഭവിക്കുകയും ശ്രോതാക്കളില്‍ അതേ വികാരങ്ങള്‍ സംക്രമിപ്പിക്കുകയും താന്‍ അനുഭവിച്ചതു് അവരെക്കൊണ്ടു് അനുഭവിപ്പിക്കുകയും ചെയ്താല്‍ ഒരു കലാപ്രവര്‍ത്തനം നടക്കും.ബാലന് ചെന്നായെ കന്ടിട്ടില്ലെന്നു വിചാരിക്കുക. ചെന്നായെ കാണുമെന്നു വിചാരിച്ചു് അവന്‍ പലപ്പോഴും പേടിച്ചിട്ടുണ്ടെന്നിരിക്കട്ടെ. തനിക്കുണ്ടായ ഭയത്തെ ശ്രോതാക്കളില്‍ ഉല്പാദിപ്പിക്കാന്‍വേണ്ടി അവന്‍ ചെന്നായുമായുള്ള ഒരേറ്റുമുട്ടലിനെ സങ്കല്പിച്ചെടുക്കുകയും ചെന്നായെ വിചാരിച്ചു് പേടിച്ച സന്ദര്‍ഭത്തില്‍ ഉണ്ടായ വികാരങ്ങളില്‍ അവരെ പങ്കുകൊള്ളിക്കാന്‍വേണ്ടി ആ സാങ്കല്‍പ്പിക സംഭവത്തെ വര്‍ണ്ണിക്കുകയും ചെയ്താല്‍ അതു കലയാവും. വേദന ജനിപ്പിക്കുന്ന ഭയത്തിനോ ആനന്ദാനുഭൂതി ഉളവാക്കുന്ന ആകര്‍ഷകത്വത്തിനോ (അതു യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആകട്ടെ) വിധേയനായവന്‍ ആ വികാരങ്ങളെ ക്യാന്‍വാസിലോ മാര്‍ബിളിലോ പകര്‍ത്തുകയും ദ്രഷ്ടാക്കള്‍ ആ വികാരങ്ങളാല്‍ ആക്രമിക്കപ്പെടുകയും ചെയ്താല്‍ അതും കലയാകും.
കലാകാരന്‍ പകര്‍ന്നു കൊടുക്കുന്ന വികാരങ്ങള്‍ വിഭിന്നങ്ങളാണ്. അവ വളരെ ശക്തങ്ങളാകാം. വളരെ ദുര്‍ബ്ബലങ്ങളാകാം, വളരെ പ്രധാനങ്ങളാകാം, തീരെ അപ്രധാനങ്ങളാകാം, ഏറ്റവും നന്നാകാം, ഏറ്റവും ചീത്തയാകാം; സ്വന്തം നാടിനോടുള്ള സ്നേഹം, ആത്മസ്നേഹം, വിധിക്കോ ഈശ്വരനോ കീഴടങ്ങല്‍, പ്രേമത്തിന്റെ ഹര്‍ഷോന്മാദം, ധൈര്യം ഇവയൊക്കെ വേണ്ടവിധം ആവിഷ്കരിക്കപ്പെടുമ്പോള്‍ കലയാകുന്നു. ടോള്‍സ്റ്റോയിയുടെ കലാനിര്‍വചനം ഇതാണു്:
“ഒരിക്കല്‍ താന്‍ അനുഭവിച്ച വികാരത്തെ തന്നില്‍ത്തന്നെ ഉത്പാദിപ്പിക്കുകയും, അങ്ങനെ ഉത്പാദിപ്പിച്ച വികാരത്തെ മറ്റുള്ളവര്‍ക്കുകൂടി അനുഭവിക്കത്തക്കവണ്ണം ചലനങ്ങള്‍, രേഖകള്‍, വര്‍ണ്ണങ്ങള്‍, ശബ്ദങ്ങള്‍, പദങ്ങള്‍ കൊണ്ടുള്ള രൂപങ്ങള്‍ എന്നിവയാല്‍ അവര്‍ക്കു് ഒരുവന്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുമ്പോള്‍ കലയുടെ പ്രവര്‍ത്തനം നടക്കുന്നു.”
“ഒരുവന്‍ അനുഭവിച്ച വികാരങ്ങളെ മറ്റുള്ളവര്‍ കൂടി അനുഭവിക്കത്തക്കവിധത്തില്‍, അവര്‍ ആ വികാരങ്ങളാല്‍ ആക്രാന്തരാകത്തക്ക വിധത്തില്‍ ചില ബാഹ്യങ്ങളായ അടയാളങ്ങള്‍ കൊണ്ടു ബോധപൂര്‍വ്വം പകര്‍ന്നു കൊടുക്കുന്ന ഒരു മാനുഷിക പ്രവര്‍ത്തനമാണു് കലയെന്നതു്.”
സൗന്ദര്യത്തേയോ ഈശ്വരനേയോ സംബന്ധിച്ച എന്തെങ്കിലും അത്ഭുതാവഹമായ ആശയമല്ല കല. മിച്ചംവരുന്ന മനുഷ്യശക്തിയുടെ പ്രവാഹവുമല്ല അതു്. വ്യക്തികളുടെയും മനുഷ്യരാശിയുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അവരെ ഒരേ വികാരം കൊണ്ടു കൂട്ടിയിണക്കാനുള്ള ഒരു ഉപാധിയായിട്ടാണ് അതിനെ കാണേണ്ടതു്. ആഹ്ലാദമരുളുന്ന വസ്തുക്കളുടെ നിര്‍മ്മാണത്തിലാണ് കലയുടെ കര്‍ത്തവ്യമിരിക്കുന്നതെന്ന സങ്കല്‍പ്പം തെറ്റാണ്. കലാകാരന്‍ സ്വന്തം വികാരങ്ങളെ വെറുതെ വര്‍ണ്ണിക്കുകയല്ല; അവയെ വെറുതെ പ്രകാശിപ്പിക്കുകയുമല്ല. ആ വികാരങ്ങളില്‍ മറ്റുള്ളവരെക്കൂടി പങ്കുകൊള്ളിക്കുകയാണ്. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ കലാപ്രവര്‍ത്തനം നടക്കുകയുള്ളു.
കലയെ കലയുടെ മാനദണ്ഡങ്ങള്‍ കൊണ്ടു് അളക്കുന്നതു ശരിയല്ലെന്നു ടോള്‍സ്റ്റോയി വിശ്വസിക്കുന്നു. മനുഷ്യനെ നന്നാക്കാനും ചീത്തയാക്കാനും കലയ്ക്കു കഴിയുമെന്നതിനാല്‍ കലയുടെ സാമൂഹികവും സദാചാരപരവുമായ അംശങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ മതം. ഈ അഭിപ്രായങ്ങളെല്ലാം തന്റെ “കല എന്താണ്?” (What is Art?) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ആവിഷ്കരിച്ചിട്ടുള്ളതു്. വിശ്വോത്തരമായ “യുദ്ധവും സമാധാനവും” (War & Peace) എന്ന നോവലെഴുതി മുപ്പതുകൊല്ലം കഴിഞ്ഞിട്ടാണ് ടോള്‍സ്റ്റോയി ഈ ഗ്രന്ഥം രചിച്ചതു്. കലാപരമായും തത്വചിന്താത്മകമായും അദ്ദേഹത്തിനു വന്ന പരിവര്‍ത്തനം ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കാം.
ഈ മുപ്പതുകൊല്ലം കൊണ്ടു തികഞ്ഞ സന്മാര്‍ഗ്ഗവാദിയായി മാറിയ ടോള്‍സ്റ്റോയി കലയായി അംഗീകരിക്കപ്പെട്ട പലതിനേയും കലാഭാസമായി കരുതുകയുണ്ടായി. അസത്യതയില്‍ (insincerity) നിന്നാണ് കലാഭാസങ്ങള്‍ ജനനംകൊള്ളുന്നത്. യഥാര്‍ത്ഥമായ അനുഭവമോ വികാരമോ ഇല്ലാതെ കലാകാരനാകാന്‍ ആഗ്രഹിക്കുന്നവന്‍ കലാനിര്‍മ്മാണത്തിന് ഉദ്യുക്തനാവുകയും അംഗീകാരം നേടിയ കലാകാരന്മാരെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ കലാഭാസം ഉണ്ടാകുന്നു. ആന്തര പ്രചോദനമില്ലാതെ ബാഹ്യപ്രേരണകള്‍ക്കു വിധേയനായി കലാകാരന്‍ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ യഥാര്‍ത്ഥമായ കല രൂപംകൊള്ളൂകയില്ല.
അസത്യതയെ ഒഴിവാക്കി സത്യാത്മകതയില്‍ (sincerity) വിലയം പ്രാപിച്ചാലും കലാകാരന്റെ സൃഷ്ടി കലാത്മകത്വം ആവഹിക്കണമെന്നില്ല. അതിനു മതിയായ രൂപം ഉണ്ടായിരിക്കണം. ഈ രൂപം വികാരത്തിന്റെ സാംക്രമികത്വത്തില്‍ നിന്നാണ് (infectiousness) ജനനമെടുക്കുക. കലാകാരന്‍ അനുഭവിച്ചതെന്തോ അത് അനുവാചകന്‍ അനുഭവിക്കണം. കലാകാരന്‍ അനുകര്‍ത്താവാകാതെ വ്യക്തിത്വമുള്ളവനാകുമ്പോള്‍, ദുര്‍ഗ്രഹതയെ നിരാകരിച്ച് സ്പഷ്ടതയെ സ്വാഗതം ചെയ്യുമ്പോള്‍, രൂപത്തിന്റെ സങ്കീര്‍ണ്ണതയെ നിന്ദിച്ച് ലാളിത്യത്തെ ആദരിക്കുമ്പോള്‍ അയാള്‍ ആദരണീയനാകുന്നു; അയാളുടെ കലാസൃഷ്ടി മഹനീയമാകുന്നു. അങ്ങനെ ഉത്തമമായ കലാസൃഷ്ടിക്ക് വ്യാഖ്യാതാവ് ആവശ്യമില്ല. യഥാര്‍ത്ഥമായ കല വിരാജിക്കുമ്പോള്‍ നിരൂപകന് ആ മണ്ഡലത്തില്‍ പ്രവേശമില്ല. നിരൂപകന്‍ വേണ്ടെന്നാണ് ടോള്‍സ്റ്റോയിയുടെ പക്ഷം. അദ്ദേഹം തന്റെ കൃതികളെക്കുറിച്ചുള്ള ഒരു നിരൂപണവും വായിച്ചിരുന്നില്ലെന്നു കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
പകര്‍ന്നുകൊടുക്കുന്ന വികാരം യഥാര്‍ത്ഥമായിരുന്നാല്‍ മാത്രം പോരാ. കലാകരന്‍ സംക്രമിക്കുന്ന വികാരം അധമമോ ക്ഷുദ്രമോ ആണെങ്കില്‍ കലാസൃഷ്ടി കലാപരമായി മേന്മയുള്ളതായിരിക്കും; പക്ഷേ സദാചാരപരമായി അധമമായിരിക്കുകയും ചെയ്യും. അങ്ങനെ അധമമായ കലാസൃഷ്ടിയെ ടോള്‍സ്റ്റോയിക്ക് ആദരിക്കാന്‍ വയ്യ. മനുഷ്യരെ തമ്മില്‍ ത്തമ്മില്‍ യോജിപ്പിക്കുന്നതിനും അവര്‍ക്കുള്ള സ്നേഹത്തെ ദൃഡീകരിക്കുന്നതിനും പര്യാപ്തങ്ങളായ വികാരങ്ങളെയാണ് കലാകാരന്‍ പകര്‍ന്നു കൊടുക്കേണ്ടതെന്ന് ടോള്‍സ്റ്റോയി അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ സൗഭ്രാത്രമാണ് അദ്ദേഹം വിശിഷ്ടമായി കരുതുന്നത്. ആ ഭ്രാതൃത്വത്തിന് കല പ്രയോജനപ്പെടണം. ഒരു കവിളില്‍ അടിയേറ്റാല്‍ മറ്റേക്കവിളുംകൂടി കാണിച്ചുകൊടുക്കണം എന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ടോള്‍സ്റ്റോയി കലയെ മതത്തിന്റെ ദാസിയായിട്ടാണ് കരുതിയിരുന്നത്. “ജീവിതത്തിന്റെ അര്‍തഥത്തെക്കുറിച്ച് മനുഷ്യനുള്ള ധാരണയെ ആസ്പദമാക്കി വേണം കലയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍. ജീവിതത്തിലെ നന്മയേത് തിന്മയേത് എന്ന് മനുഷ്യനുള്ള സങ്കല്പത്തെ അവലംബിച്ചേ ആ മൂല്യ നിര്‍ണ്ണയം സാദ്ധ്യമാകൂ.” എന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു. ഈ മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കുമ്പോള്‍ ടോള്‍സ്റ്റോയിയുടെ തന്നെ കൃതികളായ ‘യുദ്ധവും സമാധാനവും ’, ‘അന്നാ കരേനനീന’ എന്നിവ അധമമായ കല എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അദേഹത്തിന്റെ രണ്ടു ചെറുകഥകള്‍ക്കു മാത്രമേ ആ അധമത്വത്തില്‍നിന്നു രക്ഷപ്രാപിക്കാന്‍ കഴിയുന്നുള്ളൂ. ദാന്തേ, ഷേക്സ്പിയര്‍, മില്‍ട്ടന്‍ എന്നീ മഹാകവികള്‍ പോലും ടോള്‍സ്റ്റോയിയുടെ നോട്ടത്തില്‍ ഗര്‍ഹണീയരാവുന്നു. സന്മാര്‍ഗ്ഗം എന്ന അളവുകോലു കൊണ്ട് അളക്കുമ്പോള്‍ വന്നു കൂടുന്ന കുഴപ്പം നോക്കുക.
“കല എന്താണ്?” എന്ന ഗ്രന്ഥം മഹനീയമാണ്. സംശയമില്ല. ഒരു ഉജ്ജ്വല പ്രതിഭാശാലിയുടെ കഴിവുകളെല്ലാം അതിലുണ്ട്. “പുതിയനിയമ’ ത്തിന്റെ അനുശാസങ്ങളനുസരിച്ചു ജീവിച്ച മഹര്‍ഷിതുല്യനായ ടോള്‍സ്റ്റോയി സന്മാര്‍ഗ്ഗത്തിന്റെ പേരില്‍ കലയുടെ മൂല്യം നിര്‍ണ്ണയിക്കണമെന്ന് വാദിക്കുന്നത് നമുക്കു മനസ്സിലാക്കാവുന്ന വസ്തുതതന്നെ. എങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സത്യത്തോടു പൊരുത്തപ്പെട്ടവയല്ല. ഭ്രാതൃത്വം സ്ഥാപിക്കാനാണ് കല പ്രവര്‍ത്തിക്കേണ്ടതെന്ന വാദം ഉത്കൃഷ്ടമത്രേ. എല്ലാ മനുഷ്യരും സഹോദരന്മാരെപ്പോലെ പെരുമാറുന്നതു നല്ലതുതന്നെല്ലോ. പക്ഷേ നിര്‍ഭാഗ്യവശാല്‍ കലയ്ക്ക് അങ്ങനെയൊന്നും പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമല്ല. മാനസികാവസ്ഥകളെ വൈകാരികാവസ്ഥകളാക്കി കല മാറ്റുന്നു എന്ന ടോള്‍സ്റ്റോയിയുടെ വാദവും യുക്തിപരമല്ല. ഒരു വൈകാരികാവസ്ഥയ്ക്കു മൂര്‍ത്തരൂപം നല്കുകയാണ് കലയുടെ ജോലി.
ദാന്തേയും ഷേക്സ്പിയറും ഉത്കൃഷ്ടകലാകാരന്മാരല്ലെന്ന അര്‍ത്ഥത്തില്‍ ടോള്‍സ്റ്റോയി സംസാരിക്കുന്നു. കലാസൗഭഗമില്ലാത്ത കൃതിയെന്ന് ഏവരും സമ്മതിച്ചിട്ടുള്ള Uncle tom’s Cabin പരമോല്‍കൃഷ്ടമാണെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷേക്സ്പിയറിന്റെ പ്രകൃഷ്ടകൃതിയായ ‘ഹാംലെറ്റ്’ എന്ന നാടകം വായിച്ചപ്പോള്‍ ടോള്‍സ്റ്റോയിക്ക് വല്ലാത്ത വേദനയുണ്ടായിപോലും. എന്തിന്? മാനുഷികപ്രതിഭയുടെ ഉത്കൃഷ്ടരൂപം എന്നു വാഴ്ത്തപ്പെടുന്ന ‘യുദ്ധവും സമാധാനവും’ എന്ന തന്റെ നോവല്‍പോലും അധമ കലയാണെന്നാണ് അദ്ദേഹത്തിന്റെ മതം. മഹാനായ ടോള്‍സ്റ്റോയി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? അദ്ദേഹം സന്മാര്‍ഗ്ഗമെന്ന ഉപാധിയിലൂടെ കലാസൃഷ്ടികളെ സമീപിക്കുന്നു എന്നതു തന്നെ കാരണം. പക്ഷേ, കലാസൃഷ്ടിയുടെ നിര്‍മ്മാണത്തില്‍ വ്യാപൃതനായ കലാകാരനു സന്മാര്‍ഗ്ഗമെന്ന ഘടകവുമായി ബന്ധമില്ല. അയാളുടെ കലാപ്രാവര്‍ത്തനത്തില്‍ അതു സ്വാധീനശക്തി ചെലുത്തുന്നുമില്ല.
വികാരസംക്രമണമാണ് കലയുടെ ലക്ഷ്യമെന്നു ടോള്‍സ്റ്റോയി പറയുന്നു. വികാരം വ്യക്തിനിഷ്ഠമാണ്. ആ വികാരത്തില്‍ ശ്രോതാവിനെക്കൂടി പങ്കുകൊള്ളിച്ചാലും അതുകൊണ്ട് എപ്പോഴും പ്രയോജനമുണ്ടോ? ഇന്ത്യയെ ആക്രമിക്കാന്‍ ഉദ്യുക്തമാകുന്ന ഒരു രാജ്യത്തിലെ പൗരന്റെ സ്വദേശ സ്നേഹമെന്ന വികാരത്തോടു ഇന്ത്യയിലെ ഒരു പൗരന് എങ്ങനെ യോജിക്കാന്‍ സാധിക്കും?
‘കല എന്താണ്?’ എന്ന ഗ്രന്ഥത്തിന്റെ 224-225 എന്നീ പുറങ്ങളില്‍ രണ്ടു ചിത്രങ്ങളെക്കുറിച്ചു ടോള്‍സ്റ്റോയി അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. ഒന്നാമത്തെ ചിത്രം സെയിന്റ് ആന്റണിയുടേതാണ്. ആ യോഗിവയ്യന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പിറകില്‍ ഒരു സ്ത്രീ നഗ്നയായി നില്‍ക്കുകയാണ്. ചിത്രം കണ്ടാല്‍ ചിത്രകാരന് ആ നഗ്ന വനിതയെയാണ് ഇഷ്ടമെന്നു തോന്നും. ആന്റണിയെ അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നും തോന്നാതിരിക്കുകയില്ല. രണ്ടാമത്തെ ചിത്രം ഒരു തെണ്ടിച്ചെറുക്കന്റേതാണ്. അവനോടു ദയ തോന്നിയ ഗൃഹനായിക അവനെ വീട്ടിനകത്തേക്കു വിളിച്ച് ആഹാരം കൊടുക്കുകയാണ്. ചെറുക്കന്‍ പാദരക്ഷകളില്ലാത്ത കാലുകള്‍ ബഞ്ചിന്റെ അടിയിലേയ്ക്കു മടക്കിവച്ച് ആഹാരം കഴിക്കുന്നു. ഗൃഹനായിക അവനെ നോക്കിനില്ക്കുന്നു. ഏഴുവയസ്സു പ്രായമുള്ള ഒരു ബാലിക അമ്മയുടെ കൈയ്യില്‍ ചാരിക്കൊണ്ട് അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്. നിര്‍ദ്ധനത്വമെന്നാല്‍ എന്ത്? അസമത്വമെന്നാല്‍ എന്ത് എന്ന ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ക്ക് ഉത്തരം കിട്ടിക്കഴിഞ്ഞു. തനിക്ക് എല്ലാമുള്ളപ്പോള്‍ ഈ ബാലനുമാത്രം ഇത്ര കഷ്ടപ്പാട് എന്തിന് എന്നായിരിക്കും അവളുടെ വേറൊരു ചോദ്യം. അവള്‍ക്കു ദുഃഖമുണ്ട്; എങ്കിലും അവന് ആഹാരം കൊടുത്തതില്‍ സന്തോഷവുമുണ്ട്.
ആദ്യത്തെ ചിത്രം “വൃത്തികെട്ടതും അയഥാര്‍ത്ഥവു” മാണെന്ന് ടോള്‍സ്റ്റോയി പറയുന്നു. രണ്ടാമത്തേത് “ആദരണീയവും യഥാര്‍ത്ഥവുമായ കലാസൃഷ്ടി” യാണെന്നാണ് അദ്ദേഹത്തിന്റെ മതം. നഗ്നയായ സ്ത്രീയുടെ ചിത്രത്തെ അഭിനന്ദിക്കുന്നത് ദുഷ്ടത; പാവപ്പെട്ട ഒരു ബാലന്റെ ദാരിദ്ര്യത്തില്‍ അനുകമ്പ തോന്നുന്നത് ശിഷ്ടത — ഇതാണ് ടോള്‍സ്റ്റോയുടെ മട്ട്. കലയുടെ മാനദണ്ഡമല്ല അദ്ദേഹത്തിന്റെ കൈയ്യിലുള്ളത്; സദാചാരത്തിന്റേതാണ്.
സന്മാര്‍ഗ്ഗംകൊണ്ട് കലയെ അളക്കുന്നത് ആപത്താണ്. സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ സമുദായത്തിന്റെ മൂല്യങ്ങളാണ്. കലയുടെ മ്യൂല്യങ്ങള്‍ മാനുഷികമൂല്യങ്ങളത്രേ. സന്മാര്‍ഗ്ഗത്തിന്റെ മൂല്യങ്ങള്‍ കാലം കഴിയുന്തോറും മാറിക്കൊണ്ടിരിക്കും. കലയുടെ മ്യൂല്യങ്ങള്‍ ശാശ്വതങ്ങളാണ്.
|
|
|