രൂപവും ഭാവവും മാര്‍ക്സിയന്‍ വീക്ഷണഗതിയില്‍
രൂപവും ഭാവവും മാര്‍ക്സിയന്‍ വീക്ഷണഗതിയില്‍ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
കലയിലെ രൂപം സുപ്രധാനമാണ്, ഉത്കൃഷ്ടമാണ്. അത് കലയുടെ അധ്യാത്മികഘടകമാണ് എന്നു വാദിക്കുന്നവരാണ് അരിസ്റ്റോട്ടില്‍തൊട്ടുള്ള തത്വചിന്തകന്മാര്‍. ഭാവം അപരിപൂര്‍ണ്ണവും അപ്രധാനവുമാനെന്നാണ് അവരുടെ പക്ഷം. പൂര്‍ണ്ണസത്യത്തില്‍ ചെല്ലാനുള്ള വിശുദ്ധി ഭാവത്തിനില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. സത്യത്തിന്റെ സാരാംശമാണ് ശുദ്ധമായ രൂപം. എല്ലാ വസ്തുക്കളും രൂപത്തില്‍ വിലയം പ്രാപിക്കുകയും കഴിയുന്നിടത്തോളം രൂപമായി ഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഗണിതശാസ്ത്രം അന്യൂനമായ ശാസ്ത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്; സംഗീതം അന്യൂന്യമായ കലയും. കാരണം, രണ്ടിലും രൂപംതന്നെ അതിന്റെ സ്വന്തം ഭാവമായി മാറിയിരിക്കുകയാണ്.
ഈ വീക്ഷണഗതി തെറ്റാണെന്ന് ഏര്‍ണ്ണസ്റ്റ് ഫിഷർ എന്ന മാര്‍ക്സിസ്റ്റ് നിരൂപകന്‍ സ്ഥാപിക്കുന്നു. ആസ്ട്രിയയിലെ കോമോട്ടൗ എന്ന സ്ഥലത്ത് 1899-ല്‍ ഫിഷർ ജനിച്ചു. ആദ്യം കുറെക്കാലം തത്ത്വചിന്ത പഠിച്ചതിനുശേഷം അദ്ദേഹം ഒരു തൊഴില്‍ശാലയില്‍ തോഴിലാളിയായി ചേര്‍ന്നു. 1927-ല്‍, വിയന്നയില്‍നിന്നു പ്രസാധനം ചെയ്തിരുന്ന തൊഴിലാളികളുടെ ഒരു പത്രത്തിന്റെ പത്രാധിപസമിതിയിലെ അംഗമായി. 1934 വരെ അദ്ദേഹം ആ ജോലിനോക്കി. ഫെബ്രുവരി വിപ്ലവത്തിനുശേഷം, 1934-ല്‍ ഫിഷർ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് മോസ്കോയിലെ റേഡിയോ പ്രവക്താവായി പ്രവര്‍ത്തിച്ച അദ്ദേഹം 1945-ല്‍ ആസ്ട്രിയന്‍ ഗവണ്മെന്ററിലെ വിദ്യാഭ്യാസമന്ത്രിയായി. ആ വര്‍ഷം നവംബര്‍മാസംവരെ അങ്ങനെ കഴിഞ്ഞു.പിന്നീട് അദ്ദേഹം ഒരു പത്രമാരംഭിക്കുകയും വളരെ വര്‍ഷങ്ങള്‍ അതിന്റെ പ്രധാന പത്രാധിപരായി ഇരിക്കുകയും ചെയ്തു. 1959-നു ശേഷമാണ് ഫിഷർ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. കാവ്യങ്ങളും നാടകങ്ങളും നിരൂപണങ്ങളും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ പ്രശസ്തമായ നിരൂപണഗ്രന്ഥമാണ് “കലയുടെ ആവശ്യകത.” 1959-ല്‍ പ്രസാധനംചെയ്ത ആ കൃതിയുടെ സ്വാധീനശക്തി അപരിമിതമാണെന്നാണു ജര്‍മ്മന്‍ നിരൂപകര്‍ പറയുന്നത്. അതിനെ അവലംബിച്ചിട്ടുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും നടക്കുന്നുവെന്നത് അതിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്നും അവര്‍ പ്രസ്താവിക്കുന്നു. ആ ഗ്രന്ഥത്തില്‍ രൂപത്തെയും ഭാവത്തെയും സംബന്ധിച്ചു ഫിഷർ ആവിഷ്കരിച്ചിട്ടുള്ള മതങ്ങളിലേയ്ക്കാണ് ഞാന്‍ വായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കുന്നത്.
രൂപത്തിനാണ് സര്‍വപ്രാധാന്യമെന്ന ബൂര്‍ഷ്വ ചിന്താഗതിയെ വിമര്‍ശിക്കുകയാണ് ഫിഷർ. പക്ഷേ, അതിനു യത്നിക്കുന്നതിനുമുന്‍പ് അദ്ദേഹം പ്രകൃതിയിലേ ചില വസ്തുക്കളുടെ രൂപത്തെക്കുറിച്ചു ചിന്തിക്കുന്നു,
പ്രകൃതിയില്‍ അന്യൂന്യമായ രൂപമുള്ളത് സിതോപലങ്ങള്‍ക്കാണ് (crystals) അത്ഭുതാവഹമായ രീതിയില്‍ വ്യവസ്ഥപ്പെടുത്തിയതും മറുപുറം കാണാവുന്നമട്ടില്‍ ഉജ്ജ്വലമായതുമായ അവയെ കാണുമ്പോള്‍, അവയുടെ കര്‍ക്കശസൗന്ദര്യത്തെ അഭിനന്ദിക്കുമ്പോള്‍, അവയുടെ ആകര്‍ഷകമായ ക്രമികതയെ ധ്യാനിക്കുമ്പോള്‍ ജഡവസ്തു എങ്ങനെ ഈ രീതിയില്‍ അന്യൂനസൗഭാഗ്യമാര്‍ജ്ജിച്ച് ആധ്യാത്മികതയിലെത്തിച്ചേര്‍ന്നുവെന്ന് ആരും പര്യാലോചന ചെയ്തുപോകും. സര്‍ഗ്ഗാത്മപ്രകൃതിയുടേയോ ദൈവികമായ സര്‍ഗ്ഗശക്തിയുടേയോ കലാസൃഷ്ടികളാണ് അവയെന്ന് ശാസ്ത്രീയമായ മനസ്ഥിതിയില്ലാത്തവര്‍ക്കു തോന്നുകയും ചെയ്യും. ഈ ആധ്യാത്മിക ചിന്താഗതി സത്യത്തോടു പൊരുത്തപ്പെട്ടതാണോ? രൂപമാണോ സിതോപലത്തെ ആ രീതിയില്‍ ആക്കിയത്? അതോ അതില്‍ അടങ്ങിയിരിക്കുന്ന പരമാണുക്കള്‍ അതിന് ആ രൂപം നല്‍കിയോ?
ഒരു സിതോപലത്തില്‍ അടങ്ങിയിരിക്കുന്ന പരമാണുക്കളാണ് അതിന് രൂപംനല്‍കുന്നത്. ഒരു മിശ്രിതദ്രവ്യത്തില്‍ (Chemical compound) ഉള്ള പരമാണുക്കളുടെ സ്വഭാവത്തെ ആസ്പദമാക്കി അതിന്റെ സിതോപലഘടനയെ (Crystalline structure) മുന്‍കൂട്ടി നിശ്ചയിക്കാമെന്നു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.
ഒരു സിതോപലത്തിലുള്ള പരമാണുക്കള്‍ നിശ്ചലസ്ഥിതിയിലല്ല; അവ ചലിക്കുകയാണ്. ഓരോ ചലനത്തിനും അതിന് അനുരൂപമായ ചൂടുണ്ട്. ചൂടു കൂടുമ്പോള്‍ ചലനവും കൂടുന്നു. ചൂടു വര്‍ദ്ധിക്കുന്തോറും സിതോപലത്തിന്റെ ഘടന മാറിമാറി വരുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ ദ്രവീകരണ ഘട്ടത്തില്‍ (meliting point) മാത്ര (quantity) ഗുണമായി (quality) മാറുകയും സിതോപലഘടന തകരുകയും ചെയ്യുന്നു. ജലത്തിലെ പരമാണുഘടന പ്രത്യേകതരത്തിലുള്ളതാണ്. എന്നാല്‍ ജലം മഞ്ഞുകട്ടയാകുമ്പോള്‍ ആ ഘടനയല്ല മറ്റൊരു ഘടനയാണ് അതില്‍ കാണുക. ഇതില്‍നിന്നു തെളിയുന്നത്ന് സിതോപലം സമ്പൂര്‍ണ്ണവും അന്തിമവും (finished and final) ആയ വസ്തുവല്ലെന്നാണ്; ഭൗതിക പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന ഒരു ക്ഷണികവസ്തുവാണെന്നാണ്; നാലു ഹൈഡ്രജന്‍ പരമാണുക്കളും കാര്‍ബണും ചേര്‍ന്ന മിശ്രിതവസ്തുവിലെ ഹൈഡ്രജന്‍ പരമാണുക്കള്‍ 18 ഡിഗ്രി സെന്റിഗ്രേഡ് ചൂടിനു താഴെ ചില പ്രത്യേക അവസ്ഥകളില്‍ വന്നു നില്ക്കുന്നു. എങ്കിലും അവ തുടര്‍ച്ചയായി ആന്ദോളനം ചെയ്യുന്നുണ്ട്. 22. 8 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ ചൂടാകുമ്പോള്‍ അവ ഭ്രമണം ചെയ്യുന്നു. അങ്ങോടുമിങ്ങോട്ടുമുള്ള ചലനം വൃത്താകൃതിയിലുള്ള ചലനമാകുന്നുവെന്നു വ്യക്തമായി പറയാം. ചൂടുകൂടി ചലനം കൂടുമ്പോള്‍ സിതോപലനത്തിന്റെ ഘടന തകരുന്നു.
രൂപവും ഉള്ളടക്കവും (form & content) തമ്മിലുള്ള ബന്ധം സിതോപരിതലത്തില്‍ വ്യക്തമായി കാണാം. നാം രൂപമെന്നു പറയുന്നത് വിശേഷകമായ സംവിധാനമാണ് (Specific arrangement); ജഡവസ്തുവിന്റെ തുലിതാവസ്ഥയാണ് (equlibrium of matter). ഉള്ളടക്കം മാറുന്നു; എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അത് രൂപവുമായി സംഘട്ടനത്തിലേര്‍പ്പെടുകയും രൂപത്തെ തകര്‍ക്കുകയും പുതിയ രൂപങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേക സമയത്തുള്ള തുലിതാവസ്ഥയുടെ സ്പഷ്ടീകരണമാണ് രൂപമെന്നത് (Forms is the manifestation of the state of equilibruim attained at a given time) ഉള്ളടക്കത്തിന്റെ സവിഷേഷതകള്‍ ചലനവും മാറ്റവും ആണ്. അപ്പോള്‍ രൂപം യാഥാസ്ഥിതികവും ഉള്ളടക്കം (ഭാവം) വിപ്ലവാത്മകവും ആണെന്നു വന്നുകൂടുന്നു.
ഇനി ജീവനുള്ളവയുടെ ലോകത്തിലേയ്ക്കു കടന്നാലോ? അവിടെയും ഈ തത്ത്വം പ്രവര്‍ത്തിക്കുന്നതു കാണാം. ചെടികള്‍ വളരുന്നു. പക്ഷേ, ആ വളര്‍ച്ചയ്ക്ക് അഭിവൃദ്ധിയുണ്ടാക്കാം. അതിനെ തടയുകയും ചെയ്യാം. നല്ല വളമിട്ടാല്‍ ചെടികളുടെ വളര്‍ച്ച കൂടുന്നു. റേഡിയേഷന്‍കൊണ്ട് അവയുടെ വളര്‍ച്ചയ്ക്കു മാറ്റമുണ്ടാക്കാം. അങ്ങനെ ചെടികളുടെ രൂപത്തിനു മാറ്റം വരുത്താന്‍ ഒരു പ്രയാസവുമില്ല. കടലില്‍ കഴിയുന്ന Ophryotrocha pueritis എന്ന കൃമിയുടെ സന്തതികള്‍ ആണ്‍ജാതിയില്‍പ്പെട്ടവയാണ്. അവ പതിനഞ്ചിലധികം ഖണ്ഡങ്ങളായി വളരുമ്പോള്‍ പെണ്ണായി മാറുന്നു. അവരുടെ രൂപത്തിനും പരിഗണനാര്‍ഹമായ മാറ്റം വരുന്നു. ആണ്‍ജാതിയില്‍പ്പെട്ടവയെ പട്ടിണിയിട്ടാല്‍ അവ ആണായിത്തന്നെയിരിക്കും; പെണ്ണായവ ആണായി മാറുകയും ചെയ്യും. തുലിതാവസ്ഥയില്‍ നിശ്ചലമായിരിക്കുന്ന രൂപത്തെ ചലനാത്മകമായ ഉള്ളടക്കത്തിനു തകര്‍ക്കാന്‍ വൈഷമ്യമൊന്നുമില്ല.
സമുദായത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല. ജീവന്റെ ഉല്പാദനം പുനരുല്പാദനം എന്നിവയാണ് സമുദായത്തിന്റെ ഉള്ളടക്കമെന്നു പറയുന്നത്. സാമുദായികസംഘടന, സ്ഥാപനങ്ങള്‍, നിയമങ്ങള്‍, അശയങ്ങള്‍, എന്നീ വൈജാത്യമാര്‍ന്ന രൂപങ്ങളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജീവന്റെ ഉല്പാദനം പുനരുല്പാദനം എന്ന പ്രവര്‍ത്തങ്ങളില്‍ ആഹാരവും വസ്ത്രവും വീടും ആയുധങ്ങളും എല്ലാം ഉള്‍പ്പെടും. സാമുദായിക സംഘടന തുടങ്ങിയ രൂപങ്ങള്‍ കുറെക്കാലത്തേയ്ക്ക് ഉല്പാദനശക്തികള്‍ക്ക് അനുരൂപങ്ങളായി ഇരിക്കും.
പിന്നീട് അവ ആ ശക്തികളോടുതന്നെ സംഘട്ടനം ചെയ്യുന്നു. അവ (രൂപങ്ങള്‍) കാലത്തിനു യോജിക്കാത്തതും അയവില്ലാത്തതുമായി ഭവിക്കുന്നു. അപ്പോള്‍ അവയെ നവീകരിക്കേണ്ടതായിവരും.
സമുദായത്തിന്റെ ഉള്ളടക്കം (അതായത് ഉല്‍പ്പാദനശക്തികള്‍) എപ്പോഴും മാറുന്നവയും വികസിക്കുന്നവയുമാണ്. സമുദായത്തിന്റെ രൂപങ്ങളാകട്ടെ സ്ഥിരമായി നില്ക്കാനുള്ള പ്രവണത കാണിക്കുന്നു. ഒരു തലമുറയില്‍നിന്നു മറ്റൊരു തലമുറയിലേക്ക് അവയെ പകര്‍ന്നുകൊടുക്കാനുള്ള പ്രവണതയും അതിനുണ്ട്. ഭരണവര്‍ഗ്ഗക്കാര്‍ യാഥാസ്ഥിതികങ്ങളായ ഈ രൂപങ്ങളെ പറ്റിപ്പിടിച്ചു നില്ക്കുന്നു. മര്‍ദ്ദിതര്‍ യാഥാസ്ഥിതികങ്ങളായ ഈ രൂപങ്ങളെ അടിച്ചുടയ്ക്കാന്‍ യത്നിക്കുന്നു. അവര്‍ ആ രൂപങ്ങളില്‍ പാവനമായി ഒന്നും കാണുന്നില്ല.
സ്വന്തം സ്ഥാനങ്ങള്‍ക്കു ഭ്രംശംവരുമെന്നു പേടിക്കുന്ന ഭരണവര്‍ഗ്ഗം അതിന്റെ വര്‍ഗ്ഗമേധാവിത്വം എന്ന ഉള്ളടക്കത്തെ ഒളിച്ചുവയ്ക്കുന്നു. എന്നിട്ട് കാലംചെന്ന ഒരു സമുദായത്തിന്റെ ‘രൂപത്തെ’ പരിഷ്കരിച്ചുകൊണ്ടുപോകാനുള്ള അതിന്റെ വ്യഗ്രതയെ ശാശ്വതങ്ങളായ മാനുഷികമൂല്യങ്ങളെ പരിരക്ഷിക്കാനുള്ള ഒരു സമരമായി പ്രദര്‍ശിപ്പിക്കുന്നു. അവര്‍ ശ്രമിക്കുന്നത് കാലത്തിനു യോജിക്കാത്ത ഒരു രൂപത്തെ നിലനിറുത്താനാണ്. അതിനാണവരുടെ സമരം. പക്ഷേ ആസമരത്തെ മാനുഷികമൂല്യങ്ങളെ സംരക്ഷിക്കാനുള്ള സമരമായി അവര്‍ പ്രദര്‍ശിപ്പിക്കുന്നു. മുതലാളിത്തവും സോഷ്യലിസവും തമ്മിലാണ് സംഘട്ടനം. പക്ഷേ അവര്‍ ആ വസ്തുത മറച്ചുവെച്ചിട്ട് ജനാധിപത്യവും ഡിക്ടേറ്റര്‍ഷിപ്പും തമ്മില്‍ സംഘട്ടനം നടക്കുന്നുവെന്ന് ജനങ്ങളെ ധരിപ്പിക്കുകയാണ്. ഉള്ളടക്കത്തെ അവഗണിച്ച് രൂപത്തിനു പ്രാധാന്യം കല്‍പ്പിക്കാനുവാനുള്ള ഈ പ്രവണതയില്‍നിന്നാണു മുതലാളിത്തവ്യവസ്ഥിതി നിലവിലിരിക്കുന്ന രാജ്യങ്ങളില്‍ ഫോര്‍മലിസം — രൂപശില്‍പ്പവാദം — കലയെസ്സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന് ഏവരും മനസ്സിലാക്കണം.
ഇത്രയും ഉപന്യസിച്ചുകഴിഞ്ഞതിനുശേഷം കലയിലെ ഉള്ളടക്കത്തെ അല്ലെങ്കില്‍ ഭാവത്തെക്കുറിച്ച് ചിന്തിക്കുകയാണ് ഫിഷര്‍. കലയിലെ (സാഹിത്യത്തിലെ) പ്രതിപാദ്യവിഷയം വേറെ, ഭാവം വേറെ. ഒരേ വിഷയം സ്വീകരിക്കുന്ന രണ്ടു സാഹിത്യകാരന്മാര്‍ വിഭിന്നങ്ങളായ ഭാവങ്ങളാണ് തങ്ങളുടെ കലാസൃഷ്ടികളിലൂടെ ആവിഷ്കരിക്കുക. മാര്‍ലോ, ലെസ്സിങ്ങ്, തോമസ്‌മന്‍ എന്നിവര്‍ ‘ഫൗസ്റ്റ്’ എന്ന ഒരേ വിഷയം കൈകാര്യംചെയ്തിട്ടുണ്ട്. പക്ഷേ. അവരുടെ കൃതികളിലെ ഭാവങ്ങള്‍ വിഭിന്നങ്ങളാണ്. പ്രതിപാദ്യവിഷയമല്ല രൂപത്തിന് അധാരം. ഭാവവും (ഉള്ളടക്കവും) രൂപവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിപാദ്യവിഷയം ഭാവത്തിന്റെ പദവിയാര്‍ജ്ജിക്കുന്നത് കലാകാരന്റെ വീക്ഷണഗതിയാലാണ്. ‘കൊയ്ത്ത്’ എന്നൊരു വിഷയത്തെ ഒരു ലഘുകാവ്യമാക്കാം; ഗ്രാമീണചിത്രമാക്കാം; അമാനുഷികമായ ധര്‍മ്മാധര്‍മ്മപരീക്ഷയാക്കാം; പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ വിജയമാക്കാം. എല്ലാം കലാകാരന്റെ അഭിവീക്ഷണമാര്‍ഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നു. അയാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പക്ഷംപിടിക്കുന്നവനായോ നിരാശതയില്‍ വീണ കര്‍ഷകനായോ വിപ്ലവകാരിയായ സോഷ്യലിസ്റ്റായോ പ്രത്യക്ഷപ്പെടാം.
പ്രതിപാദ്യവിഷയത്തിന്റെ ഭാവം അനുക്രമം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഈജിപ്റ്റിലെ പ്രാചീനചിത്രങ്ങള്‍ നോക്കുക. നിലം ഉഴുതുമറിക്കുകയും വിത്തു വിതയ്ക്കുകയും ചെയ്യുന്ന കര്‍ഷകനെ യജമാനന്‍ എങ്ങനെ കാണുന്നുവെന്നതാണ് ആ ചിത്രങ്ങളിലെ പ്രധാന വസ്തുത. തന്റെ പത്തായം നിറയ്ക്കാന്‍ കര്‍ഷകന്‍ പ്രയോജനകാരിയാകുന്നു എന്നാണ് യജമാനന്റെ നിലപാട്. കര്‍ഷകനെ വ്യക്തിയായി അയാള്‍ കാണുന്നതേയില്ല. കലപ്പപോലെ, കാളയെപ്പോലെ ഒരു ഉപകരണം മാത്രമാണ് അയാള്‍ക്ക് കര്‍ഷകന്‍. പക്ഷേ,കാലം ചെന്നപ്പോള്‍ ഈ വീക്ഷണഗതി മാറി. തൊഴിലാളികള്‍ക്ക് ആധിപത്യം വന്നപ്പോള്‍ അവരെ മാന്യമായ രീതിയില്‍ ചിത്രീകരിച്ചുതുടങ്ങി. ഒരു പഴയ വിഷയം പുതിയ ഭാവം ആര്‍ജ്ജിച്ചു.
ഇത്രയും പറഞ്ഞതില്‍നിന്നും നാം മനസിലാക്കേണ്ടത് രൂപം യഥാസ്ഥിതികമാണെന്നാണ്; ഭാവം (ഉള്ളടക്കം) പരിവര്‍ത്തനാത്മകമാണെന്നാണ്. ഫിഷറിയുടെ വാദഗതി ആ രീതിയിലത്രേ. വസ്തുത അതായതുകൊണ്ട് ഒരു സാഹിത്യസൃഷ്ടിയുടെ രൂപത്തെക്കുറിച്ചു മാത്രമുള്ള പരിചിന്തനം അതിന്റെ സത്യാത്മകതയെ വ്യക്തമാക്കുവാൻ അസമര്‍ഥമായി ഭവിക്കുന്നു.
|
|
|