close
Sayahna Sayahna
Search

കാസാന്‍ദ്സാക്കീസിന്റെ മാസ്റ്റര്‍പീസ്


കാസാന്‍ദ്സാക്കീസിന്റെ മാസ്റ്റര്‍പീസ്
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

കല കലയ്ക്കുവേണ്ടിയാണ് എന്നുള്ളതല്ല എന്റെ ലക്ഷ്യം; ഒരു നൂതന ജീവിതാവബോധം ഉളവാക്കാനും അതാവിഷകരിക്കാനുമാണ് (നീഷേ, ടോള്‍സ്റ്റോയി ഇവരെ ഓര്‍മ്മിക്കൂ).

ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. 1. ക്രിസ്തുവിന്റെ മാര്‍ഗം — അപ്രാപ്യം. 2. സെയിന്റ്പോളിന്റെ മാര്‍ഗം — കലയുടെയും പ്രവര്‍ത്തനത്തിന്റെയും സങ്കലനം; പക്ഷേ, ഒരു ക്രിസ്തുവിനെ കൂടിയേ തീരൂ. 3. കലയുടേയോ ദര്‍ശനത്തിന്റേയോ മാര്‍ഗം (ടോള്‍സ്റ്റോയി അല്ലെങ്കില്‍ നീഷേ).

ഞാന്‍ മൂന്നാമത്തെ മാര്‍ഗത്തിലൂടെയാണ് പോകുന്നത്. അതിനാല്‍ ഞാന്‍ എഴുതുന്നതെന്തും കലയുടെ വീക്ഷണരീതി അവലംബിച്ചു നോക്കുമ്പോള്‍ ഒരിക്കലും അന്യൂനമാവുകയില്ല.

കാരണം എന്റെ ലക്ഷ്യം കലയുടെ അതിരുകളെ അതിശയിക്കുന്നു എന്നതാണ്.

ഈ രചനാപ്രക്രിയയില്‍ എനിക്ക് ഒന്നിനൊന്ന് ആശ്വാസം കൈവരുന്നു. എങ്കിലും ഇതു ഒട്ടും പോരെന്ന് എനിക്കറിയാം. ലക്ഷ്യത്തിലെത്താന്‍ ഞാന്‍ ഒരു ചാട്ടം ചാടണം. ഇങ്ങനെ ചാടിക്കഴിഞ്ഞാല്‍ എന്റെ ആത്മാവിന്റെ ആവിഷ്കാരം നിര്‍വ്വഹിക്കപ്പെടും. (ഇത് ജീവിതത്തിന്റെ ഒരു ഉദാഹരണം മാത്രം. കലയുടേയോ രചനയുടേയോ അല്ല). ഈ ആത്മാവിഷ്കാരം ഒരു പ്രവര്‍ത്തനവും ധര്‍മ്മോപദേശത്തിന്റെ രൂപവും ആയിരിക്കും. രചനയല്ല. ലോകം കണ്ട സാഹിത്യകാരന്മാരില്‍ സുപ്രധാനനായ നീക്കോസ് കാസാന്‍ദ് സാക്കീസ് പറഞ്ഞതാണിത്. മഹാന്മാര്‍ വിനയസമ്പന്നരായിരിക്കും. സഹജമായ വിനയത്തോടുകൂടി അദ്ദേഹമിങ്ങനെ പ്രസ്താവിച്ചെങ്കിലും ദാര്‍ശനികനെന്നതിനേക്കാള്‍ കലാകാരന്‍ എന്ന നിലയില്‍തന്നെയാണ് ലോകം അദ്ദേഹത്തെ ആരാധിക്കുന്നത്. അന്യൂനങ്ങളായ കലാശില്പങ്ങളാണ് കാസാന്‍ദ് സാക്കീസ് നമുക്ക് നല്‍കിയത. അവ ഒരിക്കലും കലയുടെ അതിരുകളെ ലംഘിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു മാസ്റ്റര്‍ പീസാ’ യി കരുതപ്പെടുന്ന Greek Passion എന്ന നോവല്‍ നോക്കുക. ഇവിടെ പറഞ്ഞത് പരമാര്‍ത്ഥമാണെന്നു ബോധപ്പെടും. വിഭിന്നങ്ങളായ ചിന്താഗതികള്‍വെച്ചു പുലര്‍ത്തിയിരുന്ന പ്രതിഭാശാലികള്‍ ഒരേ തരത്തില്‍തന്നെ അതിനെ പ്രശംസിച്ചു. 1952-ലെ വിശ്വശാന്തിക്കുള്ള നോബല്‍സമ്മാനം നേടിയ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ എഴുതി: ‘എന്നെ ഇതിനേക്കാള്‍ മറ്റൊരു നോവലും ചലനം കൊള്ളിച്ചിട്ടില്ല.’ 1929-ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം വാങ്ങിയ തോമസ്മന്‍ ‘ഗ്രീക്ക് പാഷനെ’ ക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്: The Greek Passion is without doubt a work of high artistic order, formed by a tender and firm hand and built up with strong dynamic power’ — ‘മൃദുലവും ധീരവും ആയ ഒരു കരം സുശക്തമായ ചലനാത്മകശക്തിയോടെ നിര്‍മ്മിച്ചു. ‘ഗ്രീക്ക് പാഷന്‍’ നിസ്സംശയമായും സമുന്നതമായ കലാസൃഷ്ടിയാണ്.

കരിങ്കടല്‍, ഭൂവലയിത സമുദ്രം (Black Sea, Mediterranean Sea) ഇവയ്ക്കിടയ്ക്കുള്ള സമതലമാണ് അനറ്റോളിയാ. അവിടത്തെ ഒരു ഗ്രാമപ്രദേശമാണ് ലിക്കോവ്രിസ്സി. 1920-നോട് അടുത്ത ഒരു ഈസ്റ്റര്‍ ചൊവ്വാഴ്ച. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ ലിക്കോവ്രസ്സിയില്‍ ‘പാഷന്‍ പ്ലേ’ അഭിനയിക്കാറുണ്ട്. ക്രിസ്തുവിന്റെ യാതനകളെയും മരണത്തെയും അഭിനയിച്ചു കാണിക്കുന്ന മതപരമായ നാടകത്തിനാണ് ‘പാഷന്‍ പ്ലേ, എന്നു പറയുന്നത്. പള്ളിയുടെ പൂമുഖത്തുവെച്ച് അഭിനയിക്കപ്പെടുന്ന ഈ നാടകത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി അന്നു ഗ്രീക്ക് പ്രധാനന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുകയാണ്. വാദപ്രതിവാദങ്ങള്‍ക്കുശേഷം, അവര്‍ അഭിനേതാക്കള്‍ ആരെല്ലാമെന്നു നിശ്ചയിച്ചു. സുന്ദരനായ ആട്ടിടയന്‍ മനോലിയസ് ക്രിസ്തുവാകണം. അയാള്‍ ലിക്കൊവ്രെസ്സെയിലെ മജിസ്ത്രേറ്റിന്റെ മകള്‍ ലീനിയോയെ വിവാഹം കഴിക്കാനായി നിശ്ചയിക്കപ്പെട്ടവനാണ്. മജിസ്ട്രേറ്റിന്റെ മകന്‍ മൈക്കേലിസ്, ജോണായി അഭിനയിക്കും. കച്ചവടക്കാരനായ യന്നക്കോസാണ് പീറ്റര്‍. ലിക്കോവ്രിസ്സീയില്‍ ഭക്ഷണശാല നടത്തുന്ന കോസ്റ്റാന്‍ഡിസാണ് ക്രിസ്തുവിന്റെ പന്ത്രണ്ട് അനുയായികളില്‍ ഒരാളായ ജയിംസ് ആവുക. ജൂഡാസായി അഭിനയിക്കുന്നത് ആ ഗ്രാമപ്രദേശത്തു വിദൂഷകന്റെ മട്ടില്‍ നടക്കുന്ന പനയോതാറോസാണ്. അവിടത്തെ സുന്ദരിയും വേശ്യയും ആയ ഒരു വിധവ കതേറിനയാണ് മഗ്ദലനമറിയം. അഭിനേതാക്കളെ ഇങ്ങനെ തിരഞ്ഞെടുക്കുന്നത് നാടകം നടക്കുന്നതിന് ഒരു വര്‍ഷം മുന്‍പത്രേ. കാരണം ആ കാലം കൊണ്ട് അവര്‍ക്കു സുവിശേഷങ്ങളില്‍ വര്‍ണ്ണിച്ചിട്ടുള്ളവയെല്ലാം നിത്യജീവിതത്തില്‍ സാക്ഷാത്കരിക്കാം എന്നതാണ്.

ഗ്രീക്ക് നേതാക്കന്മാരാണ് ഈ തിരഞ്ഞെടുപ്പു നടത്തിയതെങ്കിലും ലിക്കോവ്രിസ്സി ഭരിക്കുന്നതു തുര്‍ക്കികളാണ്. അവരുടെ തലവനാണ് ആഗ. മദ്യവും സുന്ദരന്മാരായ ബാലന്മാരുമായി കഴിയുന്ന ആഗയ്ക്കു സ്വകീയമായ ജീവിത തത്ത്വചിന്തയുണ്ട്. നിങ്ങള്‍ക്കു വിശക്കുന്നോ? എങ്കില്‍ റൊട്ടിയും ഇറച്ചിയുമുണ്ട്. നിങ്ങള്‍ക്കു ദാഹമുണ്ടോ? എങ്കില്‍ മദ്യമുണ്ട്. നിങ്ങള്‍ക്ക് ഉറക്കം വരുന്നോ? എന്നാല്‍ ഈശ്വരന്‍ നിദ്ര സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങള്‍ക്കു ദേഷ്യം വരുന്നോ? എങ്കില്‍ ഈശ്വരന്‍ ചാട്ടയും മുഹമ്മദീയരല്ലാത്തവരുടെ പുഷ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങള്‍ക്കു വിഷാദമുണ്ടോ? എങ്കില്‍ അദ്ദേഹം തുര്‍ക്കികളുടെ സംഗീതം നിര്‍മ്മിച്ചിട്ടുണ്ട്. അവസാനമായി, നിങ്ങള്‍ക്കു ദുഃഖവും കഷ്ടപ്പാടും മറക്കണെമെന്നുണ്ടോ? എങ്കില്‍ അദ്ദേഹം യൗസുഫാക്കിയെ സൃഷ്ടിച്ചിട്ടുണ്ട്. ആകൃതിസൗഭാഗ്യമുള്ള യൗസുഫാക്കി എന്ന ബാലന്‍ ആഗയെ ആഹ്ലാദിപ്പിച്ചുകൊണ്ട് എപ്പോഴും അയാളുടെ അടുത്തിരിക്കുന്നു; കൂടെക്കിടക്കുന്നു.

അന്നത്തെ ദിവസം ഫോട്ടിസ് എന്ന സന്ന്യാസിശ്രേഷ്ഠന്റെ നേതൃത്വത്തില്‍ ഒരു സംഘം അഭയാര്‍ത്ഥികള്‍ ആ ഗ്രാമത്തിലെത്തി. തുര്‍ക്കികളാല്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആ പാവങ്ങള്‍ക്ക് ആഹാരം വേണം. താമസിക്കാന്‍ ഭവനങ്ങള്‍ വേണം. നാടകത്തില്‍ ക്രിസ്തുവായി അഭിനയിക്കാന്‍ പോകുന്ന മനോലിയസ് അടിക്കടി ക്രിസ്തുവിന്റെ പാവനത്വം ആര്‍ജ്ജിച്ചുവരികയാണ്. അതിനാല്‍ അയാള്‍ക്ക് ആ അഭയാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആഗ്രഹം. പക്ഷേ, ഗ്രാമത്തിലെ പുരോഹിതനായ ഗ്രിഗോറിസ്സ് അഭയാര്‍ഥികളോട് അവിടം വിട്ടു പോകാന്‍ ആജ്ഞാപിച്ചു. മൈക്കേലിസിന്റേയും (നാടകത്തിലെ ജോണ്‍) യന്നക്കോസ്സിന്റേയും (നാടകത്തിലെ പീറ്റര്‍) സഹായത്തോടെ മനോലിയസ് അവരെ സറാക്കിന പര്‍വ്വതത്തിലെ ഗുഹകളില്‍ താമസിപ്പിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടില്‍നിന്നെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മനോലിയസ് അവര്‍ക്കു നല്‍കുകയും ചെയ്തു.

നാടകം നടത്താനുള്ള സമയമായില്ല. ഓരോ അഭിനേതാവിനും ബൈബിളിലെ കഥാപാത്രങ്ങള്‍ക്ക് യോജിച്ചമട്ടില്‍ മാനസാന്തരം വന്നുതുടങ്ങി. ലീനിയോയെ ഉപേക്ഷിച്ച് മനോലിയസ് പര്‍വ്വതത്തില്‍ ചെന്നു താമസമായി. വേശ്യയായ കതേറിനയെ കൂടെക്കൂടെ സ്വപ്നത്തില്‍ ദര്‍ശിച്ച അയാള്‍ക്ക് മുഖമാകെ വ്രണങ്ങളുണ്ടായി. തന്റെ കാമോത്സുകതയ്ക്ക് ഈശ്വരന്‍ നല്‍കിയ ശിക്ഷയാണ് അതെന്നു വിചാരിച്ചു മനോലിയസ് താബോര്‍മലയില്‍ തപസ്സനുഷ്ഠിച്ച യേശുവിനെപ്പോലെ ഹിമാലയസാനുവില്‍ വന്‍ തപം ചെയ്ത് അന്തകസൂദനസ്വാമിയെപ്പോലെ തപോനുഷ്ഠാനത്തില്‍ മുഴുകി. പുരോഹിതനായ ഗ്രിഗോറിസ്സിന്റെ മകള്‍ മേരിയോറിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്ന മൈക്കേലിയസ് അവളെ കൈവെടിഞ്ഞ് മനോലീയസിന്റെ കൂടെ താമസമായി. വേശ്യയായ കതേറിന നാടകത്തില്‍ വിശുദ്ധിയാര്‍ജ്ജിച്ച് വേശ്യാവൃത്തി ഉപേക്ഷിച്ചു. നാടകത്തില്‍ ജയിംസ് ആകേണ്ട ഭക്ഷണശാലയുടെ ഉടമസ്ഥന്‍ കോസ്റ്റാന്‍ഡിസ് ഭിക്ഷ നല്‍കാന്‍ തുടങ്ങി. പനയോതാറോസാണല്ലോ ജൂഡാസാകേണ്ടത്. അയാള്‍ ജൂഡാസിനെപ്പോലെതന്നെ പെരുമാറി. വേശ്യയ്ക്ക് മാനസാന്തരം വന്നതു മനോലിയസിന്റെ ഉപദേശം കൊണ്ടാണെന്നു വിശ്വസിച്ച അയാള്‍ പ്രതികാര നിര്‍വ്വഹണത്തിനു സന്നദ്ധനായി.

നോവല്‍ പരകോടിയിലേയ്ക്കു ചെല്ലുകയാണ്. ആഗയുടെ പ്രിയപ്പെട്ട ബാലന്‍ യൗസുഫാക്കിയെ ആരോ കുത്തിക്കൊന്നു. ഈ സംഭവത്തില്‍ രോഷാകുലനായ ആഗ, വധകര്‍ത്താവ് ആരെന്നറിയുന്നതുവരെ ഓരോ ഗ്രാമത്തലവനെയും തൂക്കിക്കൊല്ലുമെന്നു പ്രഖ്യാപിച്ചു. ഭയം കൊണ്ടു വിറയ്ക്കുകയായി ഓരോ ഗ്രാമവാസിയും. ഗ്രാമത്തലവന്മാരെ ആഗ ബന്ധനസ്ഥരാക്കിയിക്കുകയാണ്. ലോകത്തിന്റെ പാപംമുഴുവന്‍ തന്നിലേക്കു സ്വീകരിച്ച ക്രിസ്തുഭഗവാനെപ്പോലെ പ്രവര്‍ത്തിക്കാന്‍ മനോലിയസ് തീരുമാനിച്ചു. പനയോതാറോസിനെ തൂക്കിലിടാന്‍ പോവുകയാണ്. പൊടുന്നനവേ മനോലിയസ് ആഗയുടെ മുന്‍പിലെത്തി പറഞ്ഞു “നിര്‍ത്തു! നിര്‍ത്തു! കൊലപാതകിയെ എനിക്കറിയാം.”

ആഗ ചോദിച്ചു: “നീയാണോ കൊലപാതകിയെ അറിയാവുന്നവന്‍?”

“അതേ എനിക്കു കൊലപാതകിയെ അറിയാം.”

“ആര്?”

“ഞാന്‍ തന്നെ”.

“അത് അസത്യം. അസത്യം” എന്നു യനക്കോസ് വിളിച്ചു പറഞ്ഞെങ്കിലും ആരും അതും കൂട്ടാക്കിയില്ല, ആഗയുടെ അംഗരക്ഷകനായ ഹുസൈന് ആഹ്ലാദം. ഈ സമയം കൊണ്ട് താനാണ് യൗസൂഹാക്കിയെ കൊന്നതെന്നു സമ്മതിപ്പിച്ചുകൊണ്ട് കതേറിന എത്തുകയുണ്ടായി. ആഗ അവളെ കുത്തിക്കൊന്നു. പക്ഷേ, വധകര്‍ത്താവ് ഈര്‍ഷ്യനിറഞ്ഞ ഹുസൈന്‍ തന്നെയായിരുന്നു. അതറിഞ്ഞ തുര്‍ക്കിനേതാവ് അയാളെ ശിക്ഷിച്ച രീതി നോവലിസ്റ്റിന്റെ വാക്യങ്ങളില്‍തന്നെ കേട്ടുകൊള്ളുക:

The Agha threw himself on him, tore his breeches down,grabbed his private parts, hacked them off at one blow and flung them upon the corpse of Youssoufaki, right in the middle of the jasmines (page 219).

മഞ്ഞുകാലമായി. പര്‍വ്വതത്തിലെ ഗുഹകളില്‍ പാര്‍ക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് പ്രയാസങ്ങള്‍ കൂടിക്കൂടി വന്നു. സാത്ത്വികശുദ്ധിയാര്‍ജ്ജിച്ച മനോലിയസ് യോദ്ധാവാകാന്‍ തീരുമാനിച്ചു. അയാള്‍ക്കുണ്ടായ മാറ്റത്തെ നോവലിസ്റ്റ് കലാസൗന്ദര്യത്തോടെ ചിത്രീകരിക്കുന്നുൻട്. പ്രശാന്തനായ ക്രിസ്തുവിന്റെ മുഖം തടിയില്‍ കൊത്തിയെടുക്കുകയായിരുന്നു മനൊലിയസ്. പക്ഷേ, ആ ശില്പം തീര്‍ന്നുകഴിഞ്ഞപ്പോള്‍ യേശുവിനു പ്രശാന്തമായ മുഖമല്ല, യോദ്ധാവിന്റെ രൂക്ഷതയുള്ള മുഖമാണുണ്ടായിരുന്നത്. ക്രിസ്‌മസ്സിന്റെ തലേ ദിവസം (ഡിസംബര്‍ 24) മനോലിയസ് അഭയാര്‍ത്ഥികളെ ലിക്കോവ്രിസ്സിയിലേയ്ക്കു നയിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പനയോതാറോസ് ജൂഡാസായിത്തന്നെ പ്രവര്‍ത്തിച്ചു. അയാള്‍ യേശുവായ മനോലിയസിനെ കുത്തിക്കൊന്നു. ആ രംഗവും അതിനുമുമ്പുള്ള രംഗങ്ങളും ക്ഷോഭം കൂടാതെ ആര്‍ക്കും കാണാന്‍ കഴിയുകയില്ല. “മനോലിയസിനു മരണം, മനോലിയസിനു മരണം” എന്നു ജനക്കൂട്ടം ആര്‍ത്തുവിളിക്കുകയാണ്.

“ആരും ഇവനെ തൊടരുത്. ഇവന്‍ എന്റേതുമാത്രം” എന്ന് പനയോതാറോസ് വിളിച്ചു പറഞ്ഞു. മനോലിയസിനെ പിച്ചിക്കീറാന്‍ തയ്യാറായ ജനക്കൂട്ടം അട്ടഹസിച്ചു: “കള്ളന്‍, ആക്രമി, ബോള്‍ഷെവിക്.” കയാഫസ്സായി മാറിയ ഗ്രിഗോറിയസ് ഉദ്ഘോഷിച്ചു:

“ക്രിസ്തുവിന്റെ നാമധേയത്തില്‍ ഈ പാപം ഞാന്‍ സ്വീകരിച്ചു. ഇതു ചെയ്യൂ പനയോ താറോസ്.” കഠാര വലിച്ചൂരിക്കൊണ്ട് അയാള്‍ ഗ്രീഗോറിസ്സിനോടു പറഞ്ഞു: ‘പിതാവേ! അവിടത്ത അനുഗ്രഹത്തോടുകൂടി.” ‘അതെ, എന്റെ അനുഗ്രഹത്തോടുകൂടിത്തന്നെ വധിക്കൂ.’

മനോലിയസിന്റെ ചൂടുള്ള രക്തം ഗ്രിഗോറിസ്സിന്റെ ചുണ്ടിലും വീണു. ഉള്ളംകൈയ്യില്‍ രക്തം കോരിയെടുത്ത് അയാള്‍ ജനക്കൂട്ടത്തിന്റെ ശിരസ്സുകളില്‍ തളിച്ചു. ഗ്രിഗോറിസ്സ് ആജ്ഞാപിക്കുകയായി:“കല്ലുകള്‍ വേഗം കഴുകി വൃത്തിയാക്കൂ. നാം ഇന്നുരാത്രി യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുകയാണെന്നകാര്യം ആരും മറക്കരുത്.” അഭയാര്‍ത്ഥികളുടെ നേതാവായ ഫോട്ടീസ് അറിയുന്നു: “യേശുവിന്റെ നാമധേയത്തില്‍ യാത്ര തുടങ്ങുകയാണ്. എന്റെ കുഞ്ഞുങ്ങളെ, ധൈര്യമുള്ളവരായിരിക്കൂ.” അങ്ങനെ അവര്‍ പൗരസ്ത്യദിക്കിലേയ്ക്കുള്ള അവസാനിക്കാത്ത യാത്ര ആരംഭിക്കുകയായി.

1917-ലെ റഷ്യന്‍ വിപ്ളവം കഴിഞ്ഞ് രണ്ടുവര്‍ഷം ചെന്നപ്പോഴാണ് കാസാന്‍ദ് സാക്കീസ് “ഗ്രീക്ക് പാഷന്‍” പ്രസിദ്ധപ്പെടുത്തിയത്. ബോള്‍ഷെവിക്ക് വിപ്ലവം അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ വലിയ പരിവര്‍ത്തനം വരുത്തിയിരുന്നു. തന്റെ കാലത്തെ ആവശ്യങ്ങളേയും ഉത്കണ്ഠകളേയും നിയന്ത്രിക്കുന്നതിനു ബൂര്‍ഷ്വാ വ്യവസ്ഥ്തി പറ്റിയതല്ലെന്ന് കസാന്‍ദ്സാക്കിസിന് അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം റഷ്യയെ വാഴ്ത്തി. കേട്ടാലും.

Russia is a striving to provide the model for the proletarian state. And so among the proletarian masses of the world, she arouses emulation and delineates the pattern of salvation. With propaganda worthy of a genius, she tells the oriental peoples the simplest of things, utterly comprehensible and palatable to oriental brains: “Drive out the masters of your own home!

കമ്യൂണിസ്റ്റായ കാസാന്‍ദ് സാക്കീസിനെത്തന്നെയാണ് നാം ഈ വാക്യങ്ങളില്‍ കാണുന്നത്. ഇവ എഴുതുന്നതിനു നാലുകൊല്ലം മുന്‍പ് രചിക്കപ്പെട്ട ഗ്രീക്ക് പാഷന്‍ എന്ന നോവലിലും ഈ ചിന്താഗതിയിയുടെ സ്പുരണങ്ങള്‍ ദർശിക്കാം.നോവലിന്റെ ഒരുഭാഗത്ത് മനോലിയസ് കാണുന്ന സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. വിഷാദപൂര്‍ണ്ണവും രോഷാകുലവും ആയ മുഖത്തോടുകൂടി യേശുക്രിസ്തു സ്വപ്നത്തില്‍ ആവിര്‍ഭവിക്കുന്നു. ക്രിസ്തു ലിക്കോവ്രിസ്സി ഗ്രാമത്തിലേക്ക് നോക്കുകയാണ്. അദ്ദേഹത്തിന്റെ കൈയില്‍ കുരിശിനുപകരം ഒരു ടിന്‍ പെട്രോളാണുള്ളത്. മനോലിയസിന്റെ അഭിലാഷമാണ് — ദുഷ്ടന്മാര്‍ പാര്‍ക്കുന്ന ഗ്രാമത്തെ നശിപ്പിക്കാനുള്ള അഭിലാഷമാണ് — ഈ സ്വപ്നം കാണിക്കുന്നത്. ബൈബിളിലെ സംഭവങ്ങള്‍ക്കു സദൃശ്യങ്ങളായ സംഭവങ്ങള്‍ ആവിഷ്കരിച്ച് മനോലിയസിനെ ക്രിസ്തുവിനു സദൃശ്യനാക്കുന്ന ഈ നോവലില്‍ അക്രമത്തിനു പ്രാധാന്യം നല്‍കിയത് ശരിയോ എന്നു ചോദിക്കുന്നവരുണ്ടാകാം. അവര്‍ക്ക് പണ്ടേ ഭഗവദ്ഗീത സമാധാനം നല്‍കിയിട്ടുണ്ട്. ‘കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന” — കര്‍മ്മം ചെയ്യു. ഫലത്തില്‍ ആശിക്കരുത്. മനോലിയസ് കര്‍മ്മം ചെയ്യുകയായിരുന്നു. അക്രമമായിരുന്നില്ല അത്. ക്രൈസ്തവസിദ്ധാന്തങ്ങളും ചിന്താഗതികളും ഉള്ള ഒരു നോവലിനെ വിലയിരുത്താന്‍ ഭഗവദ്ഗീതയെ കൂട്ടിനു വിളിക്കുന്നത് ശരിയല്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ ബൈബിള്‍ തന്നെ എടുത്തുകൊള്ളു. Jesus went into the temple and drove out all those who were buying and selling there. He overturned the tables of the money changers and the stools of those who sold pigeons and said to them “It is written in the scriptures that God said my temple will be called a house of prayer. But you are making it a hideout for thieves” (Mathew 21). നീതി സംരക്ഷണത്തിനുവേണ്ടി രോഷാകുലനായി മാറുന്ന ദൈവപുത്രനെയാണ് ഇവിടെ നാം കാണുന്നത്. യേശുവിന് അധര്‍മ്മം കണ്ട് കോപിഷ്ഠനാകാമെങ്കില്‍ നിസ്സാരനായ മനുഷ്യന് അങ്ങനെ കോപിച്ചുകൂടേ? കച്ചവടക്കാരെ ദേവാലയത്തില്‍ നിന്ന് ആട്ടിയോട്ടിക്കുന്ന ക്രിസ്തുവിനും ലിക്കോവ്രിസ്സിയിലെ ദൗഷ്ട്യത്തിന്റെ നേര്‍ക്ക് യുദ്ധം ചെയ്യുന്ന മനോലിയസിനും തമ്മില്‍ എന്തു വ്യത്യാസം?

“യേശുവിന്റെ പേരില്‍ യാത്ര തുടരുകയാണ് അഭയാര്‍ത്ഥികള്‍. ആ യാത്ര പൗരസ്ത്യദിക്കിലേയ്ക്കാണ്. അതോ, അവസാനിക്കാത്ത യാത്ര. പരമസത്യം സാക്ഷാത്കരിക്കാനുള്ള യാത്രയാണല്ലോ നമ്മുടേത്. അത് അനന്തമായ പ്രയാണമാണ്. അതിന് നമുക്ക് അവലംബമരുളുന്നത് പൗരസ്ത്യ ചിന്താഗതി മാത്രം. ലോകത്തിന്റെ പാപം മുഴുവന്‍ തന്നിലേക്ക് കൊണ്ടുവന്നിട്ടും ആത്മത്യാഗം ചെയ്ത മനോലിയസ്. അദ്ദേഹം സത്യമെന്താണെന്നു കണ്ടു. മറ്റുള്ളവര്‍ അദ്ദേഹത്തെപ്പോലെതന്നെ ആധ്യാത്മികമായ ജൈത്രയാത്ര നടത്തട്ടെ. ചിലപ്പോള്‍ അവര്‍ക്കും ആത്മത്യാഗം ചെയ്യേണ്ടതായിവരും. എങ്കിലും അതു വിജയമായിരിക്കും.

‘ഗ്രീക്ക് പാഷന്‍’ വായിക്കുമ്പോള്‍ നാം സംശയം കൂടാതെ അതിന്റെ അര്‍ത്ഥമെന്താണെന്നു മനസ്സിലാക്കുന്നു. അര്‍ത്ഥം മന്സ്സിലാക്കുകയെന്നു പറഞ്ഞാല്‍ നമ്മുടെ അബോധമനസ്സില്‍ കിടക്കുന്ന കാര്യങ്ങള്‍ വ്യക്തമാവുക എന്നതാണ്. അങ്ങനെ അവ സ്പഷ്ടതയാര്‍ജ്ജിക്കുമ്പോള്‍ നമ്മുടെ മനസ്സിന്റെ സംസ്കാരത്തിന് വികാസം സിദ്ധിക്കുന്നു. ഇങ്ങനെ സംസ്കാര ചക്രവാളത്തെ വികസിപ്പിക്കുന്ന കൃതികളാണ് കാസാന്‍ദ്സാക്കീസിന്റേത്. അവയില്‍ ഗ്രീക്ക് പാഷന് നിസ്തുലമായ സ്ഥാനമുണ്ട്. വ്യക്തിപരമായ ഒരു കാര്യം പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. എന്റെ ജീവിതത്തിലെ മാധുര്യമേറിയ സമയം കാസാന്‍ദ് സാക്കീസിന്റെ കൃതികള്‍ വായിക്കുന്ന സമയമാണ്. അപ്പോള്‍ ഞാന്‍ ആധ്യാത്മിക പ്രവാഹത്തിലൂടെ ഒഴുകുകയാണ്. അങ്ങനെ ഒഴുകിയൊഴുകി ഞാന്‍ കലയുടെ സ്വപ്നമണ്ഡലത്തില്‍ എത്തുന്നു. ഈ സ്വപ്നമണ്ഡലം ദാന്തേ ഡിവൈന്‍ കോമഡികൊണ്ടു സൃഷ്ടിക്കുന്ന സ്വപ്നമണ്ഡലത്തേക്കാള്‍ ചേതോഹരമാണ്.