close
Sayahna Sayahna
Search

ക്രോച്ചേയുടെ കലാസങ്കല്‍പ്പം


ക്രോച്ചേയുടെ കലാസങ്കല്‍പ്പം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

രസജ്ഞാനശാത്രത്തെക്കുറിച്ച് ഒരു നൂതനമതം ആവിഷ്കരിച്ച ബനിഡെറ്റോ ക്രോച്ചേ രാഷ്ടാന്തരീയമായ പ്രശസ്തിയാര്‍ജ്ജിച്ച മഹാനാണ്. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ഗ്രന്ഥമാണ് ‘ഏസ്ത്തെറ്റിക്ക്’ (Aesthetic). തത്വചിന്താത്മകങ്ങളായ പല ഗ്രന്ഥങ്ങളും ക്രോച്ചേ എഴുതിയിട്ടുണ്ടെങ്കിലും‘ഏസ്ത്തെറ്റിക്ക്’എന്ന രസജ്ഞാനപരമായ കൃതിക്കാണ് പ്രാധാന്യം വന്നിട്ടുള്ളത്. അതിന്റെ ആവിര്‍ഭാവത്തിനുശേഷം കലാസിദ്ധാന്തത്തിന്റെ ലോകത്തില്‍ പല പരിവര്‍ത്തനങ്ങളും സംഭവിച്ചു. അത്രകണ്ടു സ്വാധീനശക്തി ചെലുത്താന്‍ അതിന്നു കഴിഞ്ഞു. ഇന്ന് കലയെക്കുറിച്ചും കലാസിദ്ധാന്തങ്ങളെക്കുറിച്ചും പറയുന്നവര്‍ക്കൊക്കെ ക്രോച്ചേയുടെ വിശിഷ്ടമായ ഗ്രന്ഥത്തെ സ്മരിക്കാതിരിക്കാന്‍ വയ്യ എന്നായിട്ടുണ്ട്.

ഇറ്റലിയിലെ ആക്വില എന്ന പ്രദേശത്താണ് ക്രോച്ചേ ഭൂജാതനായത്. 1866 ഫെബ്രുവരി 25-ആംനു ആയിരുന്നു ജനനം. നേപ്പിള്‍സിലുള്ള ഒരു വിദ്യാലയത്തില്‍ ക്രോച്ചേ പഠിക്കുന്ന കാലത്താണ് ഭയങ്കരമായ ഒരു ഭൂകമ്പം ഉണ്ടായതും അതിന്റെ ക്രൗര്യത്തിനു വിധേയരായി അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ ഇഹലോകവാസം വെടിഞ്ഞതും. അവരുടെ മരണത്തിനുശേഷം മൂന്നുകൊല്ലം അദ്ദേഹം റോമില്‍ കഴിഞ്ഞുകൂടി. 1886-ല്‍ ക്രോച്ചേ നേപ്പിള്‍സില്‍ മടങ്ങിയെത്തി. 1903 തൊട്ട് ‘ലാക്രിട്ടിക്ക’ എന്നൊരു ദ്വൈമാസികം പ്രസാധനംചെയ്തുതുടങ്ങി. സാഹിത്യം, ചരിത്രം, തത്വചിന്ത എന്നിവയെക്കുറിച്ചുള്ള നിരൂപണങ്ങളാണ് ആ മാസികയില്‍ പരസ്യപ്പെടുത്തിയിരുന്നത്. തുടര്‍ന്നുള്ള പത്തുവര്‍ഷത്തിനകം അദ്ദേഹം സുപ്രധാനങ്ങളായ എല്ലാ ദാര്‍ശനികഗ്രന്ഥങ്ങളും പ്രസാധനം ചെയ്തു. അതോടെ ക്രോച്ചേ വിശ്വപ്രശസ്തിയാര്‍ജ്ജിച്ചു. 1910-ല്‍ അദ്ദേഹം സെനറ്റര്‍ ആയി. 1920 തൊട്ട് 1921 വരെ വിദ്യാഭ്യാസമന്ത്രിയായി സേവനമനുഷ്ഠിച്ച ഈ ദാര്‍ശനികന്‍ ഓരോ ഇറ്റലിക്കാരന്റെയും ആരാധ്യപുരുഷനായിരുന്നു. മുസ്സോളിനി അധികാരത്തില്‍ വന്നപ്പോഴാണ് ‘ലിബറല്‍’ കക്ഷിയില്‍പ്പെട്ടിരുന്ന ക്രോച്ചേ പൊതുജീവിതത്തില്‍നിന്നു വിരമിച്ചത്. എങ്കിലും യുദ്ധത്തിനുശേഷം പുതിയ ഗവണ്‍നെന്റ് രൂപവത്കരിക്കാന്‍ അദ്ദേഹം മുന്നോട്ടുവരുകയുണ്ടായി. 1952 നവംബര്‍ 20-ആം നു ഈ മഹാന്‍ ചരമം പ്രാപിച്ചു. ക്രോച്ചേയുടെ സ്വാധീനശക്തി ഒന്നിനൊന്നു വര്‍ദ്ധിക്കുകയാണ്. കലയുടെയും ദര്‍ശനത്തിന്റെയും മണ്ഡലങ്ങളില്‍ അദ്ദേഹം അതിപ്രധാനമായ സ്ഥാനം ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. നമുക്ക് അദ്ദേഹത്തിന്റെ കലാസിദ്ധാന്തങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

കവിതയില്‍ ശാശ്വതങ്ങളും ആവശ്യകങ്ങളൂമായ രണ്ടു ഘടകങ്ങളുണ്ടെന്ന് ക്രോച്ചേ അഭിപ്രായപ്പെടുന്നു; നാനാപ്രകാരത്തിലുള്ള ചിത്രങ്ങളും അവയ്ക്കു ചൈതന്യമരുളുന്ന വികാരവും (a complex of images and a feeling that animates them). വെര്‍ജിലിന്റെ കാവ്യമായ ‘ഈനിഡി’ ല്‍നിന്ന് ഒരു ഭാഗമുദ്ധരിച്ചുകൊണ്ട് ഇതിനെ അദ്ദേഹം സമര്‍ത്ഥിക്കുന്നു.*

വീനസ് എന്ന ദേവതയുടെ മകനായ ഈനിയസ് സിസിലിയില്‍നിന്ന് ഇറ്റലിയിലേക്കു യാത്രചെയ്യുമ്പോള്‍ ടട്രോയിയിലെ ഹെലിനസ് രാജാവായി വാണരുളുന്ന എപ്പിറാസില്‍ വന്നുചേരുന്നു. ട്രോയിയിലെ രാജാവായിരുന്ന പ്രിയാമിന്റെ മകനാണ് ഹെലിനസ്. പ്രിയാമിന്റെ വേറൊരു മകനാണ് ഹെക്ടര്‍. ഹെക്ടറുടെ സഹധര്‍മ്മിണിയായിരുന്ന ആന്‍ഡ്രോമാക്കി അയാളുടെ മരണത്തിനുശേഷം ഹെലീനസിന്റെ ഭാര്യയായി. ശത്രുക്കളുടെ ചതിനിമിത്തം എപ്പിറാസില്‍ വന്നിറങ്ങാന്‍ നിര്‍ബ്ബന്ധിതനായ ഈനിയസ് നഗരത്തിന്റെ കോട്ടമതിലുകള്‍ക്കു പുറത്ത് ആന്‍ഡ്രോമാക്കി നില്ക്കുന്നതുകണ്ട് അത്ഭുതപരവശനായി. അവളും ഈനിയസിനെക്കണ്ടു വിസ്മയിച്ചു. മുന്‍പില്‍ കാണുന്നതു മനുഷ്യനോ പ്രേതമോ? ആന്‍ഡ്രോമാക്കി സംശയിക്കുകയാണ്. വികാരം കൊണ്ട് വിങ്ങി അവള്‍ ഈനിയസിനോട് അറച്ചറച്ച് പല കാര്യങ്ങളും തിരക്കി. ഈനിയസ് വികാരാകുലനായി അവയ്ക്കു മറുപടി നല്കി. രക്തപങ്കിലമായ യുദ്ധഭൂമികള്‍ ലജ്ജാകരങ്ങളായ രംഗങ്ങള്‍ ഇവയിലൂടെയെല്ലാം കടന്നുപോയത് ആന്‍ഡ്രോമാക്കി വിസ്തരിച്ചു. അക്കിലസിന്റെ മകനായ പൈറസിന്റെ വെപ്പാട്ടിയായി കഴിഞ്ഞു കൂടിയ ദിനങ്ങള്‍, അയാള്‍ അവളെ ഉപേക്ഷിച്ച ഭയങ്കര സംഭവം, പൈറസിന്റെ മരണം, ഹെലിനസിന്റെ സിംഹാസനാരോഹണം, ഇവയൊക്കെ അവളുടെ വാക്കുകളിലൂടെ ആവിഷ്കൃതങ്ങളായി. ഇവിടെ വ്യക്തികളുടെയും വസ്തുക്കളുടെയും മാനസിക ഭാവങ്ങളുടെയും അംഗചലനങ്ങളുണ്ടെന്ന് ക്രോച്ചേ ചൂണ്ടിക്കാണിക്കുന്നു. ഈ ചിത്രങ്ങളിലൂടെ (images) ഒരു വികാരം ഒഴുകുന്നുണ്ട്. ആ വികാരം നമ്മുടേതുതന്നെ; കവിയുടേതും തന്നെ. കയ്പ്പുള്ള ഓര്‍മ്മകളോടും പ്രകമ്പനംകൊള്ളിക്കുന്ന വിഷാദങ്ങളോടും ബന്ധപ്പെട്ട ആ വികാരത്തെ കവിതയ്ക്കുമാത്രമേ ആവിഷ്കരിക്കാനാവൂ. അപഗ്രഥിച്ചുനോക്കുമ്പോള്‍ ചിത്രങ്ങളും വികാരവും വിഭിന്നങ്ങളാണെന്നു തോന്നും. പക്ഷേ അങ്ങനെയല്ല. രണ്ടു ചരടുകള്‍ ഒരുമിച്ചു ചേര്‍ത്തുപിരിച്ചപോലെ അവ സങ്കലനം ചെയ്തിരിക്കുകയാണെന്നുപറഞ്ഞാലും പോരാ വികാരംതന്നെ ചിത്രങ്ങളായി മാറിയിരിക്കുന്നു എന്നതാണ് സത്യം. അതിനാല്‍ കവിതയെ വെറും വികാരമായോ വെറും ചിത്രമായോ കരുതുന്നതു ശരിയല്ല. രണ്ടും കൂടിച്ചേര്‍ന്നതുമല്ല. അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണ് കവിത. അല്ലെങ്കില്‍ അത് ഭാവാത്മകമായ സഹജജ്ഞാനമാണ് (lyrical intuition). അതിനെ ശുദ്ധമായ സഹജജ്ഞാനമായും കരുതാം (pure intution). സഹജജ്ഞാനത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ഒരു ദുര്‍ഗ്രഹത വന്നുകൂടുന്നു.

അതുകൊണ്ടു ക്രോച്ചെയുടെ കലാസിദ്ധാന്തം തികച്ചും വ്യക്തമാകുന്നില്ലെന്ന് ചിലര്‍ക്കു പരാതിയുള്ളതു ശരിതന്നെ. ഈ വൈകാരികചിത്രങ്ങള്‍ക്കു (image–feelings) പുറമേ കവിതയില്‍ വേറെ പലതും കണ്ടുവെന്നുവരാം. ചിന്തകള്‍, ഉദ്ബോധനങ്ങള്‍, ലാക്ഷണികതത്വങ്ങള്‍ എന്നിവയൊക്കെ കാവ്യത്തില്‍ കടന്നുകൂടാം. പക്ഷേ, അവ കാവ്യാത്മകങ്ങളല്ലാത്ത അംശങ്ങളാണെന്നാണ് ക്രോച്ചേ പ്രഖ്യാപിക്കുന്നത്. കവിതയോടു ബന്ധമില്ലാത്ത ഈ ബാഹ്യങ്ങളായ ഘടകങ്ങളെ ആദരിക്കുന്ന അനുവാചകന്‍ കാവ്യാസ്വാദനത്തില്‍ മുഴുകുകയാണെന്നു പറയാന്‍ വയ്യ. ആ ഘടകങ്ങളെ ബഹുമാനിക്കുന്ന വായനക്കാരനെ ക്രോച്ചേ അധിക്ഷേപിക്കുന്നില്ല. പക്ഷേ, അയാള്‍ കാവ്യമാസ്വദിക്കുകയല്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. കവിത മാത്രമല്ല എലാ കലകളും — ചിത്രമെഴുത്തും പ്രതിമാനിര്‍മ്മാണവും വാസ്തുവിദ്യയും സംഗീതവും ഒക്കെ — ഭാവാത്മകമായ സഹജജ്ഞാനം തന്നെയാണ്.

ജ്ഞാനം രണ്ടു തരത്തിലത്രേ; അത് ഒന്നുകില്‍ സഹജജ്ഞാനം അല്ലങ്കില്‍ യുക്തിപരമായ ജ്ഞാനം. ഭാവനയിലൂടെ ലഭിക്കുന്ന ജ്ഞാനമാണ് സഹജജ്ഞാനം. പ്രജ്ഞയിലൂടെ ലഭിക്കുന്നതാണ് യുക്തിപരമായ ജ്ഞാനം. ആദ്യത്തേത് വ്യക്തിയെ സംബന്ധിക്കുന്നതാണ്. രണ്ടാമത്തെത് സര്‍വ്വസംബന്ധിയായതിനോടു ചേര്‍ന്നതും, സഹജജ്ഞാനം ചിത്രങ്ങളെ ഉല്പാദിപ്പിക്കുന്നു. യുക്തിപരമായ ജ്ഞാനം അവധാരണത്തിന്റെ ജനനത്തിനു കാരണമാകുന്നു. (knowledge hasa two forms; it is either intuitive knowledge or logical knowledge; knowledge we acquire by imagination or knowledge we acquire by intellect; knowledge of individual or knowledge of the universal; knowledge is’ in short, either productive of images or productive of concepts, Wildon Carr: The Philosophy of Croce. Page 59.) ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവില്‍ നിന്നാണ് കല ജനനമെടുക്കുന്നതെന്ന് ഇതുകൊണ്ടു വ്യക്തമാകുന്നു. “ഭാവന മാത്രമാണ് കലയെ ഭരിക്കുന്നത്. ചിത്രങ്ങള്‍ (images) മാത്രമാണ് അതിന്റെ സമ്പത്ത്. അത് വസ്തുക്കളെ ഓരോ ഇനത്തില്‍പ്പെടുത്തി വിഭജിച്ചുവയ്ക്കുന്നില്ല. അവ യഥാര്‍ത്ഥങ്ങളെന്നോ സാകല്പികങ്ങളെന്നോ അതു പ്രഖ്യാപിക്കുന്നില്ല; അത് അവയെ വിശേഷിപ്പിക്കുന്നില്ല; നിര്‍വചിക്കുന്നുമില്ല; കല അവയെ അനുഭവിച്ചറിയുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു. അത്രമാത്രം (Philosophy of B. Croce, Carr). കല ഇങ്ങനെ തത്വചിന്തയില്‍നിന്നു വിഭിന്നമായി നില്‍ക്കുന്നു. തത്വചിന്തയെന്നത് യുക്തിപരമായ ചിന്തയാണല്ലോ. കല ചിത്രങ്ങളുടെ രാജധാനിയിലാണ് വിരാജിക്കുന്നത്. അതിന് ചരിത്രത്തോടും ബന്ധമില്ല. യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തിലാണ് ചരിത്രത്തിന്റെ നില. ചിത്രങ്ങളില്‍ ജീവിക്കുന്ന കലയ്ക്ക് ആ വ്യത്യാസത്തെക്കുറിച്ചു പരിഗണനയില്ല. ഹെലിനസും ആന്‍ഡ്രോമാക്കിയും ഈനിയസും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണെങ്കിലും അല്ലെങ്കിലും വെര്‍ജിലിന്റെ കാവ്യത്തിനുള്ള ശോഭയ്ക്ക് ഒരു കുറവും വരാന്‍ പോകുന്നില്ലെന്നാണ് ക്രോച്ചേ ഉദ്ഘോഷിക്കുന്നത്. കല പ്രഭാഷണത്തോടും ബന്ധപ്പെട്ടതല്ല. പ്രഭാഷണത്തിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തില്‍ അതു മുങ്ങിപ്പോകുന്നു. തത്വചിന്താത്മകമോ ചരിത്രപരമോ ശാസ്ത്രീയമോ ആയ സത്യങ്ങളെ വായനക്കാരില്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്ന പ്രഭാഷണം ഉദ്ബോധനത്തോട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത കലയില്‍നിന്ന് അതിദൂരം അകന്നുനില്‍ക്കുകയാണ്.

വസ്തുക്കളുടെ സാരാംശത്തെ പിടിച്ചെടുക്കുന്ന ചില ചിത്രങ്ങളെ മനസ്സില്‍ രൂപവത്കരിക്കുന്നതാണ് കലയുടെ സ്വഭാവമെന്ന് അദ്ദേഹം പറയുന്നു. അതിനെത്തന്നെയാണ് സൌന്ദര്യമെന്ന് അദ്ദേഹം വിളിക്കുന്നതും. ആ ചിത്രത്തിനു വാക്കുകള്‍കൊണ്ടോ ചായംകൊണ്ടോ മാര്‍ബിള്‍കൊണ്ടോ ബാഹ്യരൂപം നല്‍കുന്നതില്‍ ഒരു പ്രാധാന്യവും അദ്ദേഹം കല്പിക്കുന്നില്ല. വാല്മീകിയും ഹോമറും ഷേക്സ്പിയറുമൊക്കെ മഹാകവികളാണ്. അവരും നമ്മളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നമുക്കുള്ള ബോധമെന്താണ്? അവര്‍ക്ക് തങ്ങളുടെ മാനസിക ചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ രൂപം നല്കാന്‍ സാധിക്കുന്നു. നമുക്ക് അതിനു കഴിയുന്നില്ല. പക്ഷേ ക്രോച്ചേ ഇതിനോടു യോജിക്കുന്നില്ല. മാനസികചിത്രങ്ങള്‍ക്കു ബാഹ്യരൂപം നല്കുന്നതിലല്ല കവിയുടെ വൈദഗ്ദ്ധ്യമിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വസ്തുവിനെ ആവിഷ്കരിക്കുന്ന മാനസികചിത്രം രൂപവത്കരിക്കാന്‍ കവിക്കു കഴിയുമെങ്കില്‍ അയാള്‍ മഹാനാണ്, കലാകാരനാണ് എന്നു ക്രോച്ചേ ഉദ്ഘോഷിക്കുന്നു. ആസ്വാദനപ്രക്രിയയും ഇതുപോലെതന്നെ. ഷെക്സ്പിയറിന്റെ കൃതികള്‍ വായിക്കുന്നയാള്‍ ഹാംലെറ്റിന്റെയോ ഒഥല്ലോയുടേയോ ചിത്രം മനസ്സില്‍ രൂപവത്കരിച്ചാല്‍ സഹജജ്ഞാനംകൊണ്ട് അയാള്‍ കലാപരമായ സത്യം ദര്‍ശിക്കുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.

ക്രോച്ചേയുടെ ഈ മതങ്ങള്‍ നിശിതങ്ങളായ നിരൂപണങ്ങങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഒരാള്‍ മാനസിക ചിത്രങ്ങള്‍ രൂപവത്കരിച്ചുകഴിഞ്ഞാലുടനെത്തന്നെ കലാകാരനായി മാറുമോ? ആ ചിത്രത്തിന് ബാഹ്യരൂപം നല്കുന്നതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ശക്തി പരിഗണനാര്‍ഹമേയല്ലേ? സംഗതങ്ങളായ ആ ചോദ്യങ്ങള്‍ പലരും ചോദിച്ചിട്ടുണ്ട്. ‘ഹാംലെറ്റും’ ‘ലിയര്‍ രാജാവും’ എഴുതിയ ഷേക്സ്പിയറിനും അക്ഷരശൂന്യനായ സാധാരണക്കാരനും തമ്മില്‍ ഒരു വ്യത്യാസവും കല്പിക്കാത്ത ഈ കലാസിദ്ധാന്തത്തെ അരവിന്ദ ഘോഷും വിമര്‍ശിച്ചിട്ടുണ്ട് (Letter of Aurobindo, 3rd Series). ഡോക്ടര്‍ രാധാകൃഷ്ണന്‍ ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന അവസരത്തില്‍ ഇപ്രകാരം പറയുന്നു:

“അനുഭവത്തെ പുനരുല്പാദിപ്പിക്കത്തക്കവിധത്തില്‍ സംഗീതാത്മകങ്ങളായ പദങ്ങള്‍കൊണ്ട് അതിനെ (അനുഭവത്തെ) ആവിഷ്കരിക്കുന്നവനാണ് മഹാകവി. അനുഭവത്തിന് പൂര്‍ണ്ണ രൂപം വരുന്നത് വാക്കുകള്‍കൊണ്ടും ശൈലികള്‍കൊണ്ടും അതിനെ ആവരണം ചെയ്യുമ്പോഴാണ്. അനുഭവത്തില്‍ ആവിഷ്കരണം കലര്‍ന്നിരിക്കുന്നതേയുള്ളൂ... കലാപരമായ സംവാദം (artistic communication) എന്ന വസ്തുതയെ ക്രോച്ചേ അവഗണിക്കുന്നുവെന്നു തോന്നുന്നു.” (An Idealist View of Life).

കവിയും കവിയല്ലാത്തവനും തമ്മിലുള്ള വ്യത്യാസം കവിയുടെ അനുഭവത്തിന് വൈപുല്യം കൂടം എന്നതുമാത്രമല്ല, കവിയുടെ വാചികശക്തി മഹനീയമാണ് എന്നതുമത്രേ. ക്രോച്ചേ ഇതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല.