close
Sayahna Sayahna
Search

സീമോന്‍ ദെ ബൊവ്വാർ


സീമോന്‍ ദെ ബൊവ്വാർ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഒരു സംശയവും കൂടാതെ തന്നെ പറയട്ടെ: ഫ്രഞ്ചെഴുത്തുകാരി സീമോന്‍ ദെ ബൊവ്വാര്‍ ഇന്നത്തെ പ്രതിഭാശാലിനികളില്‍ അദ്വിതീയയാണ്. വിവാഹത്തില്‍ ഏര്‍പ്പെടാതെ അവര്‍ സാത്രിന്റെ സഹചാരിണിയായി കഴിഞ്ഞുകൂടി. മഹാനായ ആ ഏഴുത്തുകാരനെപ്പോലും നോവലിസ്റ്റ് എന്ന നിലയില്‍ അവര്‍ ബഹുദൂരം അതിശയിച്ചു. സാര്‍ത്രിന്റെ “ല നോസ” എന്ന നോവല്‍ തത്ത്വചിന്തയുടേയും സാഹിത്യത്തിന്റേയും മണ്ഡലങ്ങളില്‍ പരിവര്‍ത്തനനത്തിന്റെ അലകള്‍ ഇളക്കിവിട്ടു എന്നതു സത്യം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നത് അതിലേറേ സത്യം. പക്ഷേ, നോവലെഴുത്തുകാരിയായി സീമോന്‍ ചെന്നെത്തിയ മണ്ഡലം സാത്രിന് അപ്രാപ്യമായിരുന്നു. സാര്‍ത്രിന്റെ ആത്മകഥയാണ് “Words” പലരും അദ്ദേഹത്തിന്റെ “മാസ്റ്റര്‍ പീസാ”ണ് അതെന്ന് അഭിപ്രായപ്പെടുന്നു. മഹാനോട് ബന്ധപ്പെട്ട എന്തും മഹനീയമാണെന്ന സങ്കല്പമാണ് ഈ പ്രസ്താവത്തിന് അവലംബം. നിഷ്പക്ഷകമായി നോക്കുകയാണെങ്കില്‍ പരിപൂര്‍ണ്ണകമാകാത്ത ആ ആത്മകഥ വിലക്ഷണമാണെന്ന് കാണാന്‍ കഴിയും. അതിന്റെ അടുത്തുവച്ചു നോക്കുമ്പോള്‍ സീമോന്റെ ആത്മകഥയുടെ നാലു ഭാഗങ്ങളും നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നതു കാണാം. സാര്‍ത്ര് എഴുതിയ Being and Nothingness എന്ന ദാര്‍ശനിക ഗ്രന്ഥം സീമോന് എഴുതാന്‍ കഴിഞ്ഞില്ലെന്നു വരും. എന്നാല്‍ സീമോന്റെ The second Sex, Old Age എന്നീ ഉത്കൃഷ്ടതമങ്ങളായ ഗ്രന്ഥങ്ങള്‍ സാര്‍ത്രിനു എഴുതാന്‍ കഴിയുകയില്ല. സാര്‍ത്ര് മഹാനല്ലെന്നു വിവക്ഷയില്ല. ഞാനുദ്ദേശിക്കുന്നത് സീമോന്‍ അവരുടേതായ രീതിയില്‍ വ്യക്തിപ്രഭാവം ഉള്ള സ്തീയാണെന്നാണ്. സാര്‍ത്ര് ജ്ഞാനത്തിന്റെ എവറസ്റ്റില്‍ ചെന്നുകയറിയിട്ടുണ്ടെങ്കില്‍ സീമോന്‍ അതെ ജ്ഞാനത്തിന്റെ സാഗരം കടന്നു മറുകരയില്‍ എത്തിയിട്ടുണ്ട്.

“The healthiest, headiest, wealthiest and wisest book that has ever been written on women” എന്നു വാഴ്ത്തപ്പെടുന്ന “The Second Sex” എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് ആദ്യമായി ഇവിടെ പറയുന്നത്. പുരുഷന്‍ എന്താജ്ഞാപിക്കുന്നുവോ അതാണ് സ്തീയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സീമോന്‍ അദ്ഭുതാവഹമായ അപഗ്രഥനത്തിനു സന്നദ്ധയാവുന്നു. ‘സെക്സ്’ എന്നാണ് പുരുഷന്‍ സ്തീയെ വിളിക്കുക. അതിന്റെ അര്‍ത്ഥം അയാള്‍ സ്തീയെ ‘ലൈംഗികജീവി’യായി മാത്രം കാണുന്നു എന്നാണ്. പുരുഷനോടു തട്ടിച്ചുനോക്കുക്കൊണ്ടാണ് സ്ത്രീയ്ക്ക് നിര്‍വചനം നല്‍കുക. സ്തീയോടു ബന്ധപ്പെടുത്തി പുരുഷനു നിര്‍വചനം നല്‍കുന്ന ഏര്‍പ്പാടില്ല. പുരുഷനു പ്രാധാന്യം; സ്ത്രീയ്ക്കു പ്രാധാന്യമില്ലായ്മ. അവന്‍ ‘സബ്ജക്റ്റാ’ണ്. (ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വികാരമനുഭവിക്കുകയും ചെയ്യുന്നതോ അതിനെ തത്ത്വചിന്തയില്‍ സബ്ജക്റ്റ് എന്നു വിളിക്കുന്നു). സ്ത്രീ ഓബ്ജക്റ്റും; അല്ലെങ്കില്‍ അവളെ ‘അതര്‍’ (other) എന്നു വിളിക്കാം. പുരുഷന്‍ സ്ത്രീയെ എപ്പോഴും അതര്‍നെസ്സോടുകൂടിയെ (otherness) കാണൂ. ഈ ഇതരത്വം (otherness) അവള്‍ക്കു കല്പ്പിക്കുന്നതുകൊണ്ടാണ് പുരുഷന്‍ അവളെ പ്രകൃതിയായി, അദ്ഭുതമായി, അമാനുഷികമായി വീക്ഷിക്കുന്നത്. ‘സ്ത്രീ പുരുഷന്റെ ദൃഷ്ടിയില്‍ അതര്‍ — ഇതരം — ആയതുകൊണ്ട് അവള്‍ ഉപകരണമാണ്, ശത്രുവാണ്. ആക്രമിച്ചു കീഴടക്കി സ്വായക്തമാക്കേണ്ട വസ്തുവാണ് അവള്‍. ലൈംഗികവേഴ്ചയില്‍ പുരുഷന്റേയും സ്ത്രീയുടേയും സ്ഥാനങ്ങള്‍ യഥാക്രമം അവരുടെ മേധാവിത്വത്തേയും അടിമത്തത്തെയും കാണിക്കുന്നു.

സ്ത്രീ ഇങ്ങനെ ‘അതര്‍’ ആയത് എന്തുകൊണ്ട്? അവള്‍ക്കു താണ നില വന്നുചേരാന്‍ കാരണമെന്താണ്? സീമോന്‍ ദെ ബൊവ്വാര്‍ മാനസികാപഗ്രഥനക്കാരെയും ജീവശാസ്ത്രകാരന്മാരേയും സമീപിക്കുന്നു. സ്ത്രീ പുരുഷനെക്കാള്‍ ശക്തി കുറഞ്ഞവളാണ് എന്നത്രേ ജീവശാസ്ത്രകാരന്മാരുടെ മതം. മാനസികാപഗ്രഥനം അയഥാര്‍ത്ഥമായ ചിത്രം പ്രധാനം ചെയ്യുമെന്ന് പ്രസ്താവിച്ചിട്ട് സീമോന്‍ ദെ ബൊവ്വാര്‍ ജീവശാസ്ത്രകാരന്മാര്‍ക്ക് മറുപടി നല്‍കുന്നു. നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരിക്കലും ദുര്‍ബ്ബലയല്ലെന്ന് അവര്‍ ആ ശാസ്ത്രകാരന്മാരെ അറിയിക്കുകയാണ്.

സ്ത്രീയെ കീഴടക്കുമ്പോള്‍ പ്രകൃതിയെ കീഴടക്കുന്നു എന്നാണ് പുരുഷന്റെ വിചാരം. അങ്ങനെ അനന്തതയിലേക്കു ചെല്ലാന്‍ സ്ത്രീ പ്രയോജനപ്പെടണമെന്ന് അയാള്‍ കരുതുന്നു. അതിനാലാണ് വൃദ്ധനുപോലും തന്റെ പ്രായം കൂടിയ ഭാര്യ സുന്ദരിയായി, യുവതിയായി പ്രത്യക്ഷയാകണം എന്നു ആഗ്രഹമുണ്ടാകുന്നത്. പക്ഷേ യാഥാര്‍ത്ഥ്യം അയാള്‍ക്കു മോഹഭംഗം ജനിപ്പിക്കുന്നു. അവളുടെ ശരീരത്തിന്റെ ദുര്‍ഗ്ഗന്ധവും വിരസങ്ങളായ വാക്കുകളും പ്രായത്തിനോടു ചേര്‍ന്ന തളര്‍ച്ചയും അയാളെ മോഹഭംഗത്തിലേക്ക് എറിയുന്നു. അപ്പോള്‍ സ്ത്രീയെ മരണമായും വിധിയായും ഒക്കെ പുരുഷന്‍ കാണുന്നു. Woman is the siren whose song lures sailors upon the rocks; she is Circe, who changes her lovers into beasts, the undine who draws fishermen into the depths of pools. എന്നാല്‍ അഭിലാഷം മൂര്‍ദ്ധാന്യാവസ്ഥയിലായിരിക്കുമ്പോള്‍ സ്ത്രീ പുരുഷനു ദേവതയാണ്. അവളെ ഇങ്ങനെ താഴ്ത്തുകയോ ഉയര്‍ത്തുകയോ ചെയ്യേണ്ടതില്ല. പുരാവൃത്തങ്ങളില്‍നിന്ന് (മിത്തുകളില്‍നിന്ന്) അവളെ മോചിപ്പിച്ചു അസ്തിത്വപരമായ കാഴ്ചപ്പാടില്‍ നിര്‍ത്തണം — ഇതാണ് സീമോന്‍ ദെ ബൊവ്വാറിന്റെ നിര്‍ദ്ദേശം.

എല്ലാ പുരുഷന്മാരും സ്ത്രീകളെ ആശ്രയാവസ്ഥയില്‍ നിര്‍ത്തി പീഡിപ്പിക്കാറില്ല. എന്നു മാത്രമല്ല അവള്‍ ഉപാശ്രിത സ്ഥാനത്ത് ആയിരിക്കുമ്പോള്‍ ആഹ്ളാദിക്കുകയാണെന്ന് അയാള്‍ കരുതുകയും ചെയ്യുന്നു. സ്ത്രീയ്ക്കം ആശ്രയസ്ഥാനത്ത് വര്‍ത്തിക്കുന്നതല്ലേ ആഹ്ളാദപ്രദം? തന്നെക്കാള്‍ ബുദ്ധിയുള്ള സ്ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ പുരുഷന് ഇഷ്ടമില്ല. സ്ത്രീക്കാകട്ടെ ഭര്‍ത്താവ് കൂടുതല്‍ ബുദ്ധിയുള്ളവനായിരിക്കുന്നതാണ് ഇഷ്ടം. ഇത് ഉത്തരവാദിത്വമില്ലായ്മയാണെന്നു സീമോന്‍ കരുതുന്നു. സ്ത്രീ സ്വയം ‘അതറാ’ യി വസ്തുവായി പുരുഷന്റെ മുന്‍പില്‍ നില്ക്കുന്നതും ഉത്തരവാദിത്വമില്ലായ്മയാണ്. അതിനാല്‍ രണ്ടു കൂട്ടര്‍ക്കും സ്വാതന്ത്ര്യം ഉണ്ടാകണം. അങ്ങനെ സ്ത്രീ സ്വതന്ത്രയാകുമ്പോള്‍ അവള്‍ക്ക് എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും ലഭിക്കും. സാമ്പദികമായ പാരതന്ത്ര്യത്തില്‍നിന്നു മോചനം നേടിയ അവള്‍ വിവാഹം വേണ്ടെന്നുവയ്ക്കും; കുഞ്ഞുങ്ങളെയും ആവശ്യമില്ലാത്തവയായി അവള്‍ കരുതിയെന്നുവരും.

നാലു വാല്യങ്ങളായിട്ടാണ് സീമോന്റെ ആത്മകഥ പ്രസാധനം ചെയ്തിട്ടുള്ളത്. Memoirs of a Dutiful Daughter എന്നതു ഒന്നാമത്തെ വാല്യം. The Second Sex എന്ന ഗ്രന്ഥത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന വിമോചിതയായ സ്ത്രീയുടെ (Emancipated woman) ആകര്‍ഷകമായ ചിത്രം ഇതില്‍നിന്നു നമുക്കു കിട്ടുന്നു. സീമോന്‍ 1908-ല്‍ പാരീസില്‍ ജനിച്ചു. അച്ഛന്‍ ഉല്‍പതിഷ്ണുവായ ഒരഭിഭാഷകന്‍; അമ്മ മതത്തില്‍, ഈശ്വരനില്‍ വിശ്വാസമര്‍പ്പിച്ച ഒരു സാധാരണ സ്ത്രീ. അച്ഛന്‍ പാവപ്പെട്ട അമ്മയെ വഞ്ചിക്കുന്നതും മകള്‍ അറിഞ്ഞിരുന്നു. എങ്കിലും അവള്‍ പിതാവിനെ സ്നേഹിച്ചു, ആരാധിച്ചു. അച്ഛനാണ് വിദ്യാഭ്യാസകാര്യങ്ങളില്‍ സീമോനെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: “Simone has a man’s brain, she thinks like a man; she is man”.

സീമോന്‍ ഏറ്റവും സ്നേഹിച്ച കൂട്ടുകാരി സേസയായിരുന്നു; ‘കസിനാ’ യ ഷക്കിനെയും സീമോന്‍ ഇഷ്ടപ്പെട്ടിരുന്നു. സേസ സീമോന്റെ ഒരു കൂട്ടുകാരനെ സ്നേഹിച്ച് അയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ അയാള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ അവള്‍ രോഗിണിയായി; അതോടെ മരിക്കുകയും ചെയ്തു. സീമോനെ ആധുനികസാഹിത്യത്തിലേക്കു നയിച്ചത് ഷക്കാണ്. ഷക്കിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന സീമോന്‍ അയാളെ ആരാധിച്ചതില്‍ തെറ്റില്ല. അവര്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു. പക്ഷേ ഷക്ക് സമ്പന്നയായ വേറൊരുത്തിയെ സഹധര്‍മ്മിണിയായി സ്വീകരിക്കുകയാണുണ്ടായത്. ഷക്കിന്റെ വിവാഹം പരാജയപ്പെട്ടതെങ്ങനെ, അയാള്‍ക്കു ചെറുപ്പത്തില്‍ രോഗം വന്നതെങ്ങനെ, അയാള്‍ അകാലചരമം പ്രാപിച്ചതെങ്ങനെ എന്നതെല്ലാം സീമോന്‍ വികാരരഹിതയായി ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഈ ഒന്നാംഭാഗത്തിന്റെ അവസാനത്തില്‍ സീമോനും സാര്‍ത്രും തമ്മിലുള്ള ബന്ധത്തിന്റെ ആരംഭം പ്രതിപാദിക്കപ്പെടുന്നു. സാര്‍ത്രിനെ സ്വന്തം ‘ഡബിളാ’യും (ദ്വൈതരൂപം സ്വന്തം അഭിലാഷത്തിന്റെ അത്യന്തപ്രകാശമായും സീമോന്‍ കരുതി. അദ്ദേഹത്തോട് ചേര്‍ന്ന് ജീവിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഇന്നു കൂട്ടുകാരനായ സാര്‍ത്രിനെ നഷ്ടപ്പെട്ടു, കുഞ്ഞുങ്ങളില്ലാതെ ജീവിക്കുന്ന സീമോന്‍ ആത്മകഥയുടെ ആദ്യത്തെ വാല്യത്തില്‍ എഴുതിയതു കേട്ടാലും: One the Monday afternoon, sitting on the sunny terrace in the Luxenbourg Gardens, I read “My Life” by Isadora Duncan and day — dreamed about my existence. It would not be a stormy life, nor even a startling one. All I wanted was, to be in love, to write good books, to have children and friends to whom I can dedicate my books and who will show my children by personal example what poetry and philosophy can be”.

ആത്മകഥയുടെ രണ്ടാമത്തെ ഭാഗത്തിന്റെ പേര് The prime of Life എന്നാണ്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഫ്രാന്‍സിന്റെ ചിത്രം ഹൃദയത്തെ പിടിച്ചുകുലുക്കുന്ന മട്ടില്‍ ഇവിടെ പ്രത്യക്ഷമാകുന്നു. സാര്‍ത്രുമായുള്ള ആത്മബന്ധത്തിന്റെ ആര്‍ജ്ജവം നിറഞ്ഞ വര്‍ണ്ണനകളും ധാരാളം. സീമോന്റെ സവിശേഷതയാര്‍ന്ന അനുഭവങ്ങളുടേയും യാത്രകളുടെയും വിവരങ്ങള്‍ നമ്മെ പുളകം കൊള്ളിക്കും. അവരുടെ നോവലുകളെ മനസ്സിലാക്കുന്നതിന് ആത്മകഥയിലുള്ള വിമര്‍ശനങ്ങള്‍ പ്രയോജനപ്രദങ്ങളാണ്. ഒരു കാര്യം മാത്രമേ വായനക്കാരന് വൈഷമ്യമുളവാക്കുന്നുള്ളൂ. സാര്‍ത്രുമായി അത്ര അഭേദ്യമായ ബന്ധം പുലര്‍ത്തിയിട്ടും സീമോന്‍ അവരുടെ ലൈംഗികജീവിതത്തെപ്പറ്റി ഒരു വാക്കുപോലും ആത്മകഥയില്‍ എഴുതിയിട്ടില്ല. തന്റെ കാര്യങ്ങള്‍ പറയാം; അവയില്‍ മറ്റൊരാളുംകൂടി ഭാഗഭാക്കാകുമ്പോള്‍ അതു പ്രതിപാദ്യവിഷയമാകുന്നത് അനുചിതമല്ലേ എന്ന ചിന്തയാകാം സീമോനെ പിന്തിരിപ്പിച്ചതെന്ന് നമുക്ക് ന്യായമായി സംശയിക്കാം. സാര്‍ത്രിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരു അമേരിക്കന്‍ നോവലിസ്റ്റുമായി (Nelson Algren) ബന്ധം സ്ഥാപിച്ച സന്ദര്‍ബത്തിലും സീമോന്‍ സെക്സിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.

സ്ത്രീ എത്ര ചിന്താശീലയാണെങ്കിലും അവള്‍ ഏതല്ലാം ദാര്‍ശനികമണ്ഡലങ്ങള്‍ കണ്ടവളാണെങ്കിലും സ്ത്രീത്വത്തോടു ബന്ധപ്പെട്ട ഉത്കണ്ഠകളും പ്രത്യാശകളും ഉപേക്ഷിക്കാന്‍ അസമര്‍ത്ഥയാണ്. ഈ സത്യം വിളംബരം ചെയ്യുന്നു Force of circumstance എന്ന മൂന്നാമത്തെ വാല്യം. സാത്ര് അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ “എമ്മി”നെക്കുരിച്ച് (M) സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹം ഓരോ വര്‍ഷവും മൂന്നു മാസക്കാലം എമ്മിനോട് ഒരുമിച്ചു താമസിക്കും. വിയോഗം സീമോനെ ദുഃഖിപ്പിച്ചില്ലെങ്കിലും സാര്‍ത്രിന് അവളെക്കുറിച്ചുള്ള താല്പര്യം അവര്‍ക്കു അസ്വാസ്ഥ്യമുളവാക്കി…till then I had supposed him to be attracted mainly by the romantic side of this adventure. suddenly I wondered if M. was more important to him than I was (chapter 2). സീമോനു പേടിസ്വപ്നങ്ങളുണ്ടായി. തന്റെ തലക്കു പിറകില്‍ ഒരു മണകണ്ണുണ്ടെന്നും അതാരോ തയ്ക്കുന്ന സൂചികൊണ്ട് കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ സ്വപ്നം കണ്ടു. ആ അസ്വാസ്ഥ്യത്തില്‍ നിന്നു രക്ഷപ്രാപിക്കാനാവാം സീമോന്‍ ധാരാളം വയിച്ചു. ഫ്രഞ്ച് സാഹിത്യത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലേയും ഉത്കൃഷ്ടങ്ങളായ കൃതികളുടെ ഉജ്ജ്വല നിരൂപണങ്ങള്‍ ഈ വാല്യത്തില്‍ ധാരാളമുണ്ട്. സമകാലിക ഫ്രഞ്ച് സാഹിത്യത്തിന്റെ നിരൂപണവും ഇതു ഉള്‍ക്കൊള്ളുന്നു. All said and Done എന്ന നാലാമത്തെ വാല്യത്തില്‍ വലിയൊരു ഭാഗം മുഴുവന്‍ സീമോന്റെ കിനാക്കളാണ്. അവ ദര്‍ശിക്കാന്‍ വായനക്കാരനും കൗതുകമുണ്ടാകുന്നു. ഒന്നാമത്തെ വാല്യത്തില്‍ ദാമ്പത്യജീവിതവും സന്താനസൗഖ്യവും അഭിലഷിച്ച ഈ എഴുത്തുകാരി നാലാമത്തെ വാല്യത്തിലെത്തുമ്പോള്‍ സന്താനങ്ങളെ വെറുക്കുന്നവളായി നമ്മുടെ മുന്‍പില്‍ നില്ക്കുന്നു. Force of Circumstance എന്ന ഗ്രന്ഥത്തില്‍തന്നെ ഈ വെറുപ്പിനു സീമോന്‍ ആവിഷ്കാരം നല്‍കിയിട്ടുണ്ട്. “A child would not have strengthened the bonds that united Sartre and me; nor did I want Sartre’s existence reflected and extended in some other being. സീമോന്റെ The Second Sex എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ക്കു പരിപൂരകം എന്ന മട്ടിലാണ് ആത്മകഥയിലെ ആശയങ്ങള്‍ നിലകൊള്ളുന്നത്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഞാന്‍ ഈ ആത്മകഥയെ വാഴ്ത്തി. പക്ഷേ സീമൊന്റെ മതം ഇതു കലാസൃഷ്ടിയെയല്ല എന്നാണ്. “That word (work of art) makes me think of some bored statue in a public park..Not a ‘work of art’, but my life with all its enthusiasms, its anguish and its tremors. ജീവിതത്തിന്റെ അത്യന്താനുരാഗങ്ങളും വേദനകളും ഗാത്രകമ്പങ്ങളും കലയുടെ രൂപമാര്‍ജ്ജിച്ചതുതന്നെയാണ് ഈ ആത്മകഥ. കെസ്ലറും കമ്യൂവും കോക്തോവും ഷെനെയും ഇതിന്റെ പുറങ്ങളില്‍നിന്നെഴുന്നേറ്റു വന്നു നോക്കിനില്ക്കുന്നു.

സാര്‍ത്ര് തന്റെ Being and Nothingness എന്ന ദാര്‍ശനിക ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ കാലത്തുതന്നെയാണ് (1943) സീമോന്‍ തന്റെ She came to stay എന്ന നോവലും പ്രസിദ്ധപ്പെടുത്തിയത്. രണ്ടിന്റേയും കാതലായ ആശയം ഒന്നാണ്. Every consciousness seeks the death of every other consciousness — ഓരോ ചേതനയും മറ്റു ചേതനകളുടെ മരണം കൊതിക്കുന്നു — എന്ന ഹേഗലിന്റെ വാക്യം രണ്ടുപേരും അംഗീകരിച്ചിരിക്കുന്നു. ആത്മകഥാപരമായ ഈ നോവലില്‍ ഒരു കാമുകിയും കാമുകനുമുണ്ട്. അവര്‍ ആഹ്ളാദത്തോടെ ജീവിച്ചുവരുമ്പോള്‍ റ് റ്വാങ്ങില്‍ (Roven) നിന്നൊരു ചെറുപ്പക്കാരി അവരുടെ ഇടയിലേക്കു കടന്നുവരുന്നു. അവള്‍ കാമുകിയുടെ ഈര്‍ഷ്യയെ ഇളക്കിവിടുന്നു. ഈ ചെറുപ്പക്കാരി തന്റെ ലോകം നശിപ്പിച്ചുവെന്ന് അവള്‍ക്ക് (കാമുകിക്ക്) ഒരു തോന്നല്‍. റ് വാങ്ങിലെ യുവതി അയാളെ ഉപേക്ഷിച്ചു വേറൊരു ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടു. ഇനി കാമുകിക്ക് അവളോട് ദേഷ്യം തോന്നേണ്ട കാര്യമില്ല, ഈര്‍ഷ്യ ഉണ്ടാകേണ്ടതുമില്ല. മാത്രമല്ല ആ പുതിയ യുവാവിനെ അവള്‍ റ് വാങ്ങിലെ ചെറുപ്പക്കാരിയില്‍നിന്ന് വേര്‍പെടുത്തിയെടുത്ത് സ്വന്തമാക്കുകയും ചെയ്തു. റ് വാങ്ങില്‍നിന്നും വന്ന യുവതി അവളോടു പറഞ്ഞു: “അയാള്‍ നിനക്കിരിക്കട്ടെ. നിന്റേതുതന്നെ അയാള്‍. ഇനി ഇവിടെനിന്നു പൊയ്ക്കോ. ഇപ്പോള്‍തന്നെ പുറത്തുകടക്ക്.” കാമുകി റ് വാങ്ങിലെ ചെറുപ്പക്കാരിയെ തോല്പ്പിച്ചു. എങ്കിലും തന്റെ ചേതനയെ മറ്റൊരാളിന്റെ ചേതന നശിപ്പിക്കുന്നത് അവള്‍ക്കു സഹിക്കാനാവുന്നില്ല. അവള്‍ റ് വാങ്ങിലെ യുവതി ഉറങ്ങുന്നിടത്തുചെന്ന് ഗാസ് (Gas) തുറന്നുവിട്ട് അവളെ കൊല്ലുന്നു. ഈ നോവലില്‍ കാമുകന്‍ സാര്‍ത്രാണ്. അയാളുടെ കാമുകി സീമോനും. യുവതി ഒല്‍ഗയാണ്; സാര്‍ത്രിന്റെ സ്നേഹഭാജനം. ഈ ദാര്‍ശനിക നോവല്‍ ദുശ്ശങ്കയുടേയും ഈര്‍ഷ്യയുടേയും പ്രഗത്ഭമായ, പ്രൗഢമായ പഠനമാണ്. നാശത്തിലൂടെ ആത്മനാശത്തിലൂടെ, നോവലിലെ പ്രധാന കഥാപാത്രം (കാമുകി)‌ ആത്മപ്രഖ്യാപനം നടത്തുന്നു.

എക്സിസ്റ്റെന്‍ഷ്യലിസത്തോടു ബന്ധപ്പെട്ട ഈ ആശയത്തേയും മറ്റാശയങ്ങളേയും സുശക്തമായ രീതിയില്‍ ആവിഷ്കരിക്കുന്ന ഈ നോവലിനു സദൃശ്യമായ വേറൊരു നോവല്‍ ഫ്രഞ്ച് സാഹിത്യത്തിലില്ല. കലാസൃഷ്ടിയെന്ന നിലയില്‍ ഇത് സാര്‍ത്രിന്റെ ‘ല നോസേ’ യെയും അതിശയിക്കുന്നു. സാര്‍ത്രിന്റെ തത്ത്വചിന്തയനുസരിച്ച് സത്തയ്ക്ക് (Being) മൂന്നു രൂപങ്ങളുണ്ട്. 1) Being-for-itself (etre-pour-sir) മനുഷ്യചേതനയുടെ കത്തൃനിഷ്ഠമായ സത്ത; 2) Being-in-itself (etre-en-sir) ബാഹ്യലോകത്തിന്റെ വസ്തുനിഷ്ഠമായ സത്ത; 3. Being for others (etre-pour-autrui) മറ്റു ചേതനകളോടുള്ള ബന്ധത്തില്‍നിന്നുള്ള നമ്മുടെ സത്ത. ഈ മൂന്നാമത്തെ രൂപത്തിന്റെ കലാത്മകമായ സ്ഫുടീകരണമാണ് സീമോന്റെ നോവല്‍. അവരുടെ മാസ്റ്റര്‍പീസ് Mandarins എന്ന നോവലാണ്. അതും ആത്മകഥാപരമാണ്. സമകാലിക ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദ്യമായ പ്രതിഫലനം അതിലുണ്ട്. ഈ ചിത്രീകരണത്തിലൂടെ നമുക്കു ലഭിക്കുന്നത് പ്രേമത്താല്‍ നശിക്കുന്ന ഒരു സ്ത്രീയുടെ ജീവിതമാണ്. ആ കലാസൃഷ്ടിയെക്കുറിച്ചുകൂടി എഴുതാന്‍ സ്ഥലത്തിന്റെ പരിമിതി അനുവദിക്കുന്നില്ല. The Second Sex എന്നതിനെപ്പോലെ വിശിഷ്ടമായ ഗ്രന്ഥമാണ് സീമോന്റെ “The Old Age” എന്നത്. മനുഷ്യമനസ്സിനെ പ്രചോദിപ്പിക്കുന്ന ഈ പുസ്തകം വായിച്ച് ഈ ലേഖകന്‍ താല്കാലികമായിട്ടാണെങ്കിലും മറ്റൊരാളായി മാറിയെന്ന് വിനയത്തോടെ അറിയിക്കട്ട.