close
Sayahna Sayahna
Search

കലാകാരന്‍ സൃഷ്ടികര്‍ത്താവോ ഉല്‍പാദകനോ?


കലാകാരന്‍ സൃഷ്ടികര്‍ത്താവോ ഉല്‍പാദകനോ?
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

മനുഷ്യജീവിതത്തിനു് ആവശ്യമുള്ള ആഹാരം, വസ്ത്രം, വീടു്, തൊഴിലിനുള്ള ഉപകരണങ്ങള്‍ ഇവയൊക്കെ നേടുന്ന രീതിയേയാണു് ഉല്‍പാദനപ്രകാരമെന്നു പറയുന്നതു്. ഇംഗ്ലീഷില്‍ ഇതിനെ mode of production എന്നു വിളിക്കുന്നു. സമുദായം, അതിന്റെ പ്രധാനപ്പെട്ട ആശയങ്ങള്‍, രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട വീക്ഷണഗതികള്‍, സ്ഥാപനങ്ങള്‍ ഇവ ഉല്പാദനപ്രകാരത്തെ അവലംബിച്ചിരിക്കുന്നു. ഇതു് (ഉല്പാദനപ്രകാരം) ഒന്നിനൊന്നു നൂതനത്വം ആവഹിക്കുമ്പോള്‍, ഉല്‍കൃഷ്ടത കൈവരിക്കുമ്പോള്‍ മനുഷ്യവികാസത്തിന്റെ ചരിത്രവും ഉല്‍കൃഷ്ടമായി മാറുന്നു. ഉദാഹരണം ഇതു കൂടുതല്‍ വ്യക്തമാക്കിത്തരും. ആദ്യത്തേതു് പ്രാഥമിക-വര്‍ഗ്ഗ സമ്പ്രദായം (primitive communal system) രണ്ടാമത്തേതു് അടിമകളെ പുലര്‍ത്തുന്ന സമ്പ്രദായം (slave owning system) പിന്നീടു് ഫ്യൂഡലിസം. അതിനുശേഷം ക്യാപ്പിറ്റലിസം. ഇപ്പോള്‍ ക്യാപ്പിറ്റലിസ്റ്റ് ഉല്പാദനപ്രകാരത്തെ സോഷ്യലിസ്റ്റ് ഉല്പാദനപ്രകാരം ഒന്നിനൊന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ഉല്പാദനപ്രകാരത്തിനു് അവിഭാജ്യങ്ങളായ രണ്ടു വശങ്ങളുണ്ടു്. ഒന്നു്, ഉല്പാദന ശക്തിവിശേഷങ്ങള്‍ (productive forces) രണ്ട്: ഉല്പാദനത്തിന്റെ ബന്ധങ്ങള്‍ (relations of production) സമുദായത്തിന്റെ പ്രധാനപ്പെട്ട ഉല്പാദനശക്തിവിശേഷം തൊഴിലിനുള്ള ഉപകരണങ്ങളെ ഒന്നിനൊന്നു നന്നാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ക്കാര്‍തന്നെ. ഭൗതികസമ്പത്തു് ഉല്പാദിപ്പിക്കുകയും കൈമാറുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍ മനുഷ്യര്‍ക്ക് തമ്മിലുണ്ടാകുന്ന ബന്ധങ്ങളാണു് ‘ഉല്പാദനത്തിന്റെ ബന്ധങ്ങള്‍ ’. ഉല്പാദനശക്തിവിശേഷങ്ങളും ഉല്പാദനത്തിന്റെ ബന്ധങ്ങളും വിരുദ്ധങ്ങളായി വര്‍ത്തിക്കുമ്പോള്‍ വിപ്ലവത്തിനുള്ള കളം ഒരുക്കപ്പെടുന്നു. ഫ്യൂഡലിസത്തിന്റെ ഉല്പാദന ബന്ധങ്ങള്‍ ക്യാപ്പിറ്റലിസത്തിന്റെ ഉല്‍പാദനശക്തി വിശേഷങ്ങള്‍ക്ക് തടസ്സമാകുന്നു. അപ്പോള്‍ ഫ്യൂഡലിസം തകര്‍ക്കപ്പെടുന്നു. ക്യാപ്പിറ്റലിസത്തിന്റെ ഉല്‍പാദനബന്ധങ്ങളെ സോഷ്യലിസം തകര്‍ത്തെറിയുന്നു. ഇതുതന്നെയാണു് വിപ്ലവം. മാര്‍ക്സിന്റെ ഈ സിദ്ധാന്തത്തെ കലയിലേയ്ക്കു സംക്രമിപ്പിച്ച മഹാനാണു് വൊള്‍റ്റര്‍ ബന്‍യാമിന്‍ (Walter Benjamin). വിശ്വസാഹിത്യകാരന്മാരില്‍ അതുല്യമായ സ്ഥാനത്തിനു് അര്‍ഹനായ ബെര്‍ടോള്‍റ്റ് ബ്രക്‍ഹ്ത്തിന്റെ സുഹൃത്തായിരുന്ന ഈ ജര്‍മന്‍ മാർക്സിസ്റ്റ് നിരൂപകന്‍, നാത്സികള്‍ അധികാരത്തില്‍ വന്നപ്പോള്‍ പാരീസിലേയ്ക്ക് ഒളിച്ചോടി (1933ല്‍). ഫ്രാന്‍സ് രണ്ടാംലോകമഹായുദ്ധത്തില്‍ നാത്സികള്‍ക്ക് കീഴടങ്ങിയപ്പോള്‍ ബന്‍യാമിന്‍ സ്പെയിനിലേയ്ക്ക് ഒളിച്ചോടാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം ബന്ധനസ്ഥനായി. നാത്സികള്‍ക്ക് ബന്‍യാമിനെ കൊല്ലാന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അദ്ദേഹം ആത്മഹത്യ ചെയ്തു. ഹംഗേറിയന്‍ മാർക്സിസ്റ്റ് നിരൂപകനായ ദ്യുയോര്‍ദിയെ ലൂക്കാച്ചിനേക്കാള്‍ (Gyorgy Lukacs) ഇന്നത്തെ മാര്‍ക്സിസ്റ്റുകള്‍ക്ക് ഇഷ്ടം വൊള്‍റ്റര്‍ ബന്‍യാമിനെയാണു്. കാരണം വ്യക്തമത്രേ. മാര്‍ക്സിന്റെ സിദ്ധാന്തങ്ങളോടു് യോജിച്ചുനില്‍ക്കുന്നവയാണു് ബന്‍യാമിന്റെ കലാസിദ്ധാന്തങ്ങള്‍. നിലവിലിരിക്കുന്ന കലോല്‍പാദന ശക്തിവിശേഷങ്ങളെ കലാകാരന്‍ വിമര്‍ശനബുദ്ധിയില്ലാതെ സ്വീകരിക്കരുതെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആ ശക്തിവിശേഷങ്ങളെ അയാള്‍ (കലാകാരന്‍) വികസിപ്പിക്കുകയും പരിവര്‍ത്തനം ചെയ്യുകയും വേണം. അതു ചെയ്യുമ്പോള്‍ അയാള്‍ പുതിയ ഉല്‍പാദന ബന്ധങ്ങള്‍ നിര്‍മ്മിക്കും. അതിന്റെ ഫലമായി കലയുടെ ശക്തിവിശേഷത്തെ ന്യൂനപക്ഷത്തിന്റേതായി മാറ്റിയിരിക്കുന്ന വൈരുദ്ധ്യത്തെ അയാള്‍ ഇല്ലാതാക്കുന്നു. അതു് എല്ലാവര്‍ക്കും ലഭിക്കത്തക്കതായി മാറ്റുന്നു. കലാകാരന്‍ അങ്ങനെ കലോല്‍പാദനത്തിന്റെ പഴയ രീതികളെ തച്ചുടക്കുകയും ചലച്ചിത്രം, റേഡിയോ, ഛായഗ്രഹണവിദ്യ എന്നീ നൂതന ‘മാദ്ധ്യമ’ങ്ങളെ വികസിപ്പിക്കുകയും വേനം. ഗ്രാമഫോണ്‍ റെക്കാര്‍ഡുകള്‍ പഴയ പാട്ടുകച്ചേരികളെ ഇല്ലാതാക്കി. ചലച്ചിത്രവും ഛായാഗ്രഹണവും (ഫോട്ടോഗ്രാഫി) കലോൽപാദനത്തിന്റെ പൂര്‍വ്വ മാര്‍ഗ്ഗങ്ങളെ നശിപ്പിച്ചു. നിലവിലിരിക്കുന്ന മാദ്ധ്യമത്തില്‍ ഒരു സന്ദേശം തിരുകിക്കയറ്റുക എന്നതല്ല വിപ്ലവകാരിയായ കലാകാരന്‍ ചെയ്യേണ്ടതു്. അയാള്‍ ‘മാദ്ധ്യമ’ങ്ങളെത്തന്നെ പരിവര്‍ത്തനം ചെയ്യണം. (media എന്ന അര്‍ത്ഥത്തില്‍ മാദ്ധ്യമങ്ങള്‍ എന്നു പ്രയോഗിക്കുന്നു. The Author or Producer എന്ന പ്രബന്ധം നോക്കുക.)

പൊളിറ്റിക്കല്‍ സയന്‍ടിസ്റ്റായ ഹനാ ആറന്റ് (Hannah Arendt) അവതാരിക എഴുതിയതും ഫോണ്‍ടാന ബുക്സ് പ്രസാധനം ചെയ്തതുമായ ബന്‍യാമിന്റെ Illuminations എന്ന ഗ്രന്ഥത്തില്‍ The work of art in the Age of Mechanical Reproduction എന്നൊരു പ്രബന്ധമുണ്ട്. മുകളില്‍ പറഞ്ഞ ആശയത്തിന്റെ വിശദീകരണം ഈ ഉപന്യാസത്തില്‍ കാണാം. സര്‍ഗ്ഗാത്മകത്വം, പ്രതിഭ, ശാശ്വതമൂല്യം, മഹാത്ഭുതം എന്നീ ഫാസിസ്റ്റ് ആശയങ്ങളെ വര്‍ഗ്ഗരഹിതസമുദായത്തിന്റെ കല നിര്‍മ്മാര്‍ജ്ജനം ചെയ്തിരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ചിട്ട് ബന്‍യാമിന്‍ ഉദ്ഘോഷിക്കുന്നു: In principle a work of art has alwaye been reproducible — അടിസ്ഥാനതത്വമനുസരിച്ചു് കലാസൃഷ്ടിയുടെ പകര്‍പ്പുകള്‍ എടുക്കാവുന്നതാണു്. മൂലകൃതി ഡാവിഞ്ചിയുടെ ‘മോണലിസ’ എന്ന ചിത്രമാവട്ടെ. (ഉദാഹരണം എന്റെതു്. ബന്‍യാമിന്‍ ഡാവിഞ്ചിയെക്കുറിച്ചു് ഒന്നും പറയുന്നില്ല). ആ ചിത്രത്തിനു സവിശേഷ ധര്‍മ്മമുണ്ട്; അതു നോക്കുമ്പോള്‍ അനുന്യായത്തിന്റെ പ്രശാന്തത ദ്രഷ്ടാവിനു ലഭിച്ചുവെന്നുവരും. എന്നാല്‍ ഛായാഗ്രഹണപേടകമെടുത്ത അതിന്റെ കോപ്പികള്‍ ആ ചിത്രത്തെ ദ്രഷ്ടാവിന്റെ സ്ഥലത്തും കാലത്തും കൊണ്ടുവയ്ക്കാന്‍ സഹായിക്കുന്നു. മോണലിസ എന്ന മൂലചിത്രം ദ്രഷ്ടാവില്‍നിന്നു വളരെ അകന്നുനില്ക്കുന്നു. ഫിലിം ക്യാമറ അതിന്റെ അന്തര്‍ഭാഗത്തേക്കു കടന്നുചെന്നു് അത്ഭുതാംശമൊഴിവാക്കി അതിനെ ദ്രഷ്ടാവിന്റെ തൊട്ടടുത്തു കൊണ്ടുവയ്ക്കുന്നു.

മാജിക്‍പ്രദര്‍ശനത്തോടും ശസ്ത്രക്രിയയോടും ഉപമിച്ചുകൊണ്ട് ഈ പ്രക്രിയക്കു കൂടുതല്‍ സ്പഷ്ടത നല്‍കുന്നു, ബന്‍യാമിന്‍. മജീഷ്യന്‍ സ്വന്തം കൈ രോഗിയില്‍ വച്ചു രോഗം ഭേദമാക്കുന്നു. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ രോഗിയുടെ ശരീരം കീറുന്നു. മജീഷ്യനും രോഗിയും തമ്മില്‍ കുറേ അകലമുണ്ട്. കൈവച്ച് അതു് (ദൂരം) അയാള്‍ കുറയ്ക്കുന്നുണ്ടെങ്കിലും സ്വന്തം അധികാരത്താല്‍ അയാള്‍ അത് യഥാര്‍ത്ഥത്തില്‍ വളരെ കൂട്ടുകയാണു്. രോഗിയുടെ ശരീരത്തിന്റെ അകത്തേക്കു ചെന്നിട്ടു് സര്‍ജന്‍ ആ അകല്‍ച്ച വളരെ കുറയ്ക്കുന്നു. മജീഷ്യനും ചിത്രകാരനും സദൃശര്‍. സര്‍ജനും ഫോട്ടോഗ്രാഫറും തുല്യര്‍. ചിത്രകാരന്‍ സത്യത്തില്‍നിന്നു് ഒരളവുവരെ മാറിനില്‍ക്കുന്നു. ഫോട്ടോ എടുക്കുന്ന ആള്‍ അതിന്റെ മിടച്ചിലിലേക്കു് (web) ആഴത്തോളം എത്തുന്നു. അയാള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളും വിഭിന്നങ്ങള്‍. സാകല്യാവസ്ഥയിലുള്ളതാണു് ചിത്രകാരന്റെ ചിത്രം. ഫോട്ടോ എടുക്കുന്ന ആളിന്റെ ചിത്രങ്ങള്‍ തുണ്ടുതുണ്ടായിട്ടുള്ളതും. ഒരു പുതിയ നിയമമനുസരിച്ച് ആ തുണ്ടുകളെ കൂട്ടിച്ചേര്‍ക്കുന്നു. ഫിലിമിലൂടെയുള്ള ഈ സത്യസ്ഫുടീകരണത്തിനു് ചായത്തിലൂടെയുള്ള സത്യാവിഷ്കാരത്തേക്കാള്‍ മേന്മയുണ്ട്. സത്യത്തെയാകെ യന്ത്രംകൊണ്ട് വലിച്ചെടുക്കുകയാണു് ക്യാമറാമാന്‍, ഇതുതന്നെയാണു് കലാസൃഷ്ടിയില്‍നിന്നു് നാം ആവശ്യപ്പെടേണ്ടതും. ഫ്രഞ്ച്നോവലിസ്റ്റ് ദ്യുയേമല്‍ (Duhamel) ഫിലിമിനെ വെറുത്തിരുന്നു. ആ വെറുപ്പില്‍ അര്‍ത്ഥമില്ല. ഫിലിം ഓരോ ഖണ്ഡമായി പ്രത്യക്ഷപ്പെട്ടു് ദ്രഷ്ടാവിനു ഞെട്ടലുണ്ടാക്കുകയാണു്. പട്ടണത്തിലെ ആള്‍ക്കൂട്ടത്തിലൂടെ നടക്കുമ്പോള്‍, ഫിലിം കാണുമ്പോള്‍, ഞെട്ടലുളവാകുന്നു. ഈ ഞെട്ടലില്‍ക്കൂടി ഉള്‍ക്കാഴ്ച ഉളവാക്കുക എന്നതാണു് കലയുടെ ധര്‍മ്മമെന്നു ബന്‍യാമിന്‍ വിശ്വസിച്ചു. കലയെക്കുറിച്ചുള്ള ഭൗതിക സിദ്ധാന്തമാണിത്. കലാകാരന്‍ സ്രഷ്ടാവല്ല, വെറും ഉല്‍പാദകനാണു് എന്നു് ഇതു് ഉദ്ഘോഷിക്കുന്നു.

ബന്‍യാമിന്റെ ഈ കലാസിദ്ധാന്തം നാടകത്തിലേക്കു സംക്രമിപ്പിക്കൂ. ബ്രഹ്റ്റിന്റെ ‘എപ്പിക് തീയറ്റര്‍’ സിദ്ധാന്തം ലഭിക്കും. വികാരവിരേചനമാണു (catharsis) ട്രാജഡിയുടെ ആത്യന്തികഫലമെന്നു അരിസ്റ്റോട്ടില്‍ പ്രഖ്യാപിച്ചു. ഒരു ട്രാജിക് ആക്ഷനില്‍ നാം പങ്കുകൊള്ളുമ്പോള്‍ ചില വികാരങ്ങള്‍ വിമലീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ അവ ദൂരീകരിക്കപ്പെടുന്നു എന്നു് ആ യവന തത്ത്വചിന്തകന്‍ വിചാരിച്ചിരുന്നു. ആ ദൂരീകരണം അല്ലെങ്കില്‍ വിമലീകരണം പ്രേക്ഷകനു് സാന്മാര്‍ഗ്ഗികമായ നന്മ (moral good) പ്രദാനം ചെയ്യുന്നു. യഥാര്‍ത്ഥ സംഭവങ്ങളുടെ തോന്നല്‍ (illusion) ഉളവാക്കിയാണു് നാടകകാരന്‍ ഈ വിമലീകരണം നടത്തുന്നതു്. അതിനുവേണ്ടി പ്രേക്ഷകനും അഭിനേതാവും തമ്മില്‍ താദാത്മ്യമുണ്ടാക്കുന്നു നാടകകര്‍ത്താവു്. പ്രേക്ഷകനു് ആത്മവിസ്മൃതി ജനിക്കത്തക്കവിധത്തില്‍ ഈ താദാത്മ്യം പ്രാപിക്കല്‍ ഉണ്ടാകുന്നു. ഇങ്ങനെ പ്രേക്ഷകരെ മാന്ത്രികശക്തിക്കു വിധേയരാക്കി മോഹത്തിലാഴ്ത്തുന്നതു് “ആഭാസ”മാണെന്നു് ബ്രഹ്റ്റു് വാദിച്ചു. പ്രേക്ഷകര്‍ക്ക് മാനസികമായ ഒരു തരം ആഹ്ലാദം ഇതു നല്‍കാമെങ്കിലും അത്തരം ആഹ്ലാദം ഭക്ഷണം കഴിച്ചിട്ടുണ്ടാകുന്ന ആഹ്ലാദത്തില്‍ നിന്നു് ഒട്ടും വിഭിന്നമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ബ്രഹ്റ്റു് പറയുന്നതു് പ്രേക്ഷകര്‍ വികാരമനുഭവിക്കാന്‍ പാടില്ല. ചിന്തിക്കണമെന്നാണു്. താദാത്മ്യമുണ്ടായാല്‍ ചിന്ത കാണില്ല. അതിനാല്‍ താന്‍ കാണുന്നതു യഥാര്‍ത്ഥസംഭവമല്ല നാടകമാണു് എന്നു പ്രേക്ഷകനു തോന്നണം. അരിസ്റ്റോട്ടലിന്റെ സിദ്ധാന്തം അനുസരിച്ചാണെങ്കില്‍ താന്‍ കാണുന്ന നാടകം വര്‍ത്തമാനകാലത്തിലുള്ളതാണെന്നു് പ്രേക്ഷകനു തോന്നും. ബ്രഹ്റ്റിന്റെ എപ്പിക് തീയറ്റര്‍ ചരിത്രപരമാണ്.

എപ്പിക് തീയറ്റിനെക്കുറിച്ചു് സംഭാഷണങ്ങളുടെ മട്ടില്‍ ബ്രഹ്റ്റു് എഴുതിയതും വളരെക്കാലം വെളിച്ചം കാണാതിരുന്നതുമായ The Messing Kauj Dialogues ഇംഗ്ലീഷിലേക്കു് തര്‍ജ്ജമചെയ്തു് ലണ്ടനിലെ Eyre Methuen കമ്പനി 1977-ല്‍ പ്രസാധനം ചെയ്തു. അതില്‍നിന്നു് വിലയേറിയ പല തത്ത്വങ്ങളും നമുക്കു ഗ്രഹിക്കാനുണ്ടു്. ലോകത്തിനു സ്ഥിരീകൃതസ്വഭാവമുണ്ടെന്നും അതു പരിവര്‍ത്തനവിധേയമല്ലെന്നുമുള്ള പഴഞ്ചന്‍ ആശയം ബ്രഹ്റ്റിനു് സ്വീകരിക്കാന്‍ വയ്യ. ആ ആശയം അംഗീകരിച്ചവരാണു് നാടകത്തിന്റെ ലക്ഷ്യം ആഹ്ലാദദായകത്വമാണെന്നു പറയുന്നത്. സത്യം എപ്പോഴും മാറുന്നതാണു്, അതിനു് നൈരന്തര്യ സ്വഭാവമില്ല എന്നു കരുതുന്നു ബ്രഹ്റ്റ്. അതിനാല്‍ കലാകാരന്മാര്‍ക്കു് സത്യത്തിനു് മാറ്റം വരുത്താമെന്നുള്ള വിശ്വാസവും അദ്ദേഹത്തിനുണ്ടു്. സത്യം അങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്നതിനാല്‍ നാടകവും ഒരു ഉല്പാദനവസ്തു തന്നെ.

സിഗററ്റ് നിര്‍മ്മിക്കുന്നതുപോലെ, പാത്രമുണ്ടാക്കുന്നതുപോലെ കലാകാരന്‍ കലാസൃഷ്ടി നിര്‍മ്മിക്കുന്നു എന്നാണു് ഈ രണ്ട് മഹാവ്യക്തികളും പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞിട്ടുള്ളതു് അപാരമായ കാവ്യസംസാരത്തില്‍ കവി പ്രജാപതിയാണെന്ന മതം തികഞ്ഞ മണ്ടത്തരമാണെന്നു് അവര്‍ ഉദ്ഘോഷിക്കുന്നു. ഇതേ അഭിപ്രായം തന്നെ ഫ്രഞ്ച് സാഹിത്യനിരൂപകന്‍ പേര്‍ മഷേരിക്കുമുണ്ടു് (Pierre Macherey), ഫ്രഞ്ച് മാർക്സിസ്റ്റ് ദാര്‍ശനികന്‍ അല്‍ത്തൂസയുടെ സഹപ്രവര്‍ത്തകനാണു് മഷേരി. അദ്ദേഹത്തിന്റെ pour une theorie dela production litteraire എന്ന ഗ്രന്ഥം വിശ്വസാഹിത്യത്തിന്റെ മണ്ഡലത്തില്‍ ചലനമുളവാക്കി. 1966-ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധപ്പെടുത്തിയ ആ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ 1978-ല്‍ ലണ്ടനില്‍ പ്രസിദ്ധപ്പെടുത്തി. മഷേരിയുടെ വാദങ്ങള്‍ ബന്‍യാമിന്റെയും ബ്രഹ്റ്റിന്റെയും വാദങ്ങളെ വളരെയേറെ വിപുലീകരിച്ചിട്ടുണ്ടു്. അതൊക്കെ ഈ ലേഖനത്തില്‍ വിശദമാക്കേണ്ടതില്ല. മഷേരിയുടെ പുസ്തകത്തെക്കുറിച്ചു് പഠനം തയ്യാറാക്കുമ്പോള്‍ ആ വിശദീകരണം നിര്‍വഹിച്ചുകൊള്ളാം. അതുകൊണ്ടു് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വാദമുഖങ്ങളെ അനതിവിസ്തരമായി ഉപന്യസിക്കാനേ ഉദ്ദേശിക്കുന്നുള്ളു. എഴുത്തുകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ സൃഷ്ടികര്‍ത്താവാണെന്നുള്ള മതം ഹ്യൂമനിസ്റ്റ് ഐഡിയോളജിയുടെ സന്തതിയാണെന്നു് മഷേരി ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനെ അവന്റെ കര്‍ത്തവ്യത്തില്‍നിന്നു മോചിപ്പിച്ചു് അവനില്ലാത്ത ശക്തികളില്‍ അവരോധിക്കുകയാണു് ഹ്യുമനിസത്തിന്റെ പ്രവൃത്തി, അപ്പോള്‍ അവന്‍ സൃഷ്ടിക്കാന്‍ തുടങ്ങുന്നു. അങ്ങനെ അവന്‍-വെറും മനുഷ്യന്‍ ഈശ്വരനായ മനുഷ്യനായി മാറുന്നു (God man). ഹ്യുമനിസത്തിന്റെ ഈ ഐഡിയോളജി പിന്തിരിപ്പനാണു്. അതു കലയുടെ മതം സൃഷ്ടിക്കുന്നു. (The purest Product of humanism is the religion of art-page 67) എന്നാല്‍ കല മനുഷ്യന്റെ സൃഷ്ടിയേയല്ല അതു് ഉല്പാദിപ്പിക്കപ്പെട്ട വസ്തുവാണു്. മാജിക്കു് കൊണ്ടല്ല അതു് നിര്‍മ്മിക്കുന്നതു്. ഉല്പാദനത്തിനുള്ള യഥാര്‍ത്ഥമായ അദ്ധ്വാനം കലാസൃഷ്ടിയുടെ നിര്‍മ്മാണത്തിലുണ്ടു്. (work of art എന്നതിന്റെ തര്‍ജ്ജമയാണു് കലാസൃഷ്ടി. ആ സമസ്തപദത്തിലെ സൃഷ്ടി എന്ന പദം സര്‍ഗ്ഗാത്മകത്വത്തോടു ബന്ധപ്പെട്ടതാണെന്നു കരുതരുതു്) മനുഷ്യന്‍ മനുഷ്യനെ സൃഷ്രിക്കുന്നുണ്ടെങ്കില്‍ കലാകാരന്‍ കൃതികള്‍ നിര്‍മ്മിക്കുന്നുണ്ടു്. ആ നിര്‍മ്മാണത്തിനു വേണ്ടിയുള്ള കരുക്കള്‍-പരുവപ്പെടുത്തിയ കരുക്കള്‍-അയാളുടെ മുന്‍പിലുണ്ടു്. മോട്ടോര്‍ കാറിന്റെ വിവിധങ്ങളായ ഭാഗങ്ങള്‍ അവ ഒരുമിച്ചു് ചേര്‍ക്കുന്നവന്റെ മുന്‍പിലുണ്ടല്ലോ. ആ രീതിയിലുള്ള സംയോജകനായിട്ടാണു് കലാകാരനെ മഷേരി കാണുന്നതു്. ഭാഷയുടെയും അനുഭവത്തിന്റെയും കരുക്കളെ നിര്‍ദ്ധാരകവസ്തുവാക്കി-ഉല്പാദനവസ്തുവാക്കി മാറ്റുന്ന നിര്‍മ്മാതാവാണു് കലാകാരന്‍. അയാളുടെ പ്രവര്‍ത്തനത്തെ അത്ഭുതകരമായി കാണുന്നതു് രണ്ടാംതരം വിഡ്ഢിത്തമല്ല; ഒന്നാംതരം വിഡ്ഢിത്തമാണു്. മനുഷ്യന്‍ സൃഷ്ടികര്‍ത്താവാണെന്നുള്ള സങ്കല്പം യഥാര്‍ത്ഥമായ ജ്ഞാനത്തില്‍നിന്നു് അതിദൂരം മാറിനില്ക്കുന്നു. സര്‍ഗ്ഗാത്മകപ്രവര്‍ത്തനം വെറും അദ്ധ്വാനമാണു്. അതിനാല്‍ ജീനിയസ് കലാകാരന്റെ കര്‍ത്തൃനിഷ്ഠത്വം, അയാളുടെ ആത്മാവു് ഇവയെക്കുറിച്ചുള്ള പരിഗണനകളെല്ലാം മഷേരിക്കു താല്പര്യജനകങ്ങളല്ല. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൊരിടത്തും സൃഷ്ടി (creation) എന്ന വാക്കു് ഉപയോഗിച്ചിട്ടില്ല പകരമായി ഉല്പാദനം എന്ന വാക്കേ കാണാനുള്ളൂ.