close
Sayahna Sayahna
Search

വിരൽത്തുമ്പുമുറിഞ്ഞാൽ 'ട്രാജിക്'


വിരൽത്തുമ്പുമുറിഞ്ഞാൽ 'ട്രാജിക്'
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ക്രി.പി.880-നും 920-നും ഇടയ്ക്കു ജീവിച്ചിരുന്ന രാജശേഖരന്‍ രചിച്ച “കാവ്യമീമാംസ”യില്‍ കാവ്യസ്വരൂപമെന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. “പണ്ട് പുത്രനുണ്ടാകണമെന്ന അഭിലാഷത്തോടുകൂടി സരസ്വതി ഹിമാലയപര്‍വ്വതത്തില്‍ ചെന്നു തപസ്സ് ആരംഭിച്ചു. ആ തപോനുഷ്ഠാനത്തില്‍ പ്രീതനായ ബ്രഹ്മാവ് ദേവിയോടു പറഞ്ഞു: “നിനക്കു ഞാന്‍ പുത്രനെ തരുന്നുണ്ട്.” അനന്തരം സരസ്വതി കാവ്യപുരുഷനെ പ്രസവിച്ചു. അവന്‍ എഴുന്നേറ്റ് ദേവിയുടെ കാലുതൊട്ടുകൊണ്ടു ഛന്ദോമയമായ ഭാഷയില്‍ പറഞ്ഞു. “അമ്മേ ഈ വിശ്വം ഏതു് അര്‍ത്ഥമൂര്‍ത്തയായി വിവര്‍ത്തനം ചെയ്യുന്നുവോ (പരിണമിക്കുന്നുവോ) ആ വാങ്മയമാകുന്ന ഞാന്‍ നിന്റെ പാദങ്ങളെ വന്ദിക്കുന്നു.” അത്തരം ഛന്ദോമുദ്രയായ ഭാഷ വേദങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളു എന്നു മനസ്സിലാക്കിയ സരസ്വതി ആഹ്ലാദത്തോടെ അവനെ മടിയില്‍ കയറ്റിയിരുത്തിയിട്ട് പറഞ്ഞു: “മകനേ ഞാന്‍ വാങ്മയത്തിന്റെ മാതാവാണെങ്കിലും ഛന്ദോബദ്ധമായ ഈ ഭാഷകൊണ്ട് നീ അമ്മയേയും (എന്നെയും) ജയിച്ചിരിക്കുന്നു… ഛന്ദോബദ്ധമായ ഭാഷയുടെ ഉപജ്ഞാതാവ് നീ തന്നെ.” കാവ്യത്തിനു ദിവ്യമായ പ്രഭവകേന്ദ്രം കണ്ടുപിടിക്കുന്ന ഭാരതീയന്റെ സ്വഭാവമാണിത്. രാജശേഖരന്‍ മാത്രമല്ല എല്ലാ ഭാരതീയാലങ്കാരികന്മാരും ഇത്തരത്തില്‍ ഐശ്വര്യമായ പ്രഭവസ്ഥാനം കാവ്യത്തിനു് നല്കിയിട്ടുണ്ട്. കാവ്യം പാദങ്ങളാല്‍ നിര്‍മ്മിതമാണ്. സാരസ്വതന്‍മാരായ കവികള്‍ക്കു പദങ്ങള്‍ വാരിധിയില്‍ തിരമാലയെന്നപോലെ തോന്നിക്കൊള്ളും. അവര്‍ക്കു വാക്കുകളുടെ പിറകേ പോകേണ്ടതില്ല. പ്രാചീനമായ ഈ സങ്കല്പത്തിനു് ഇന്നും ഭാരതത്തില്‍ മാറ്റമില്ല. എന്നാല്‍ പാശ്ചാത്യര്‍ ആശയനിവേദനത്തിനും വികാരസംക്രമണത്തിനും ഭാഷ അസമര്‍ത്ഥമാണെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. പത്തൊന്‍പതാം ശതാബ്ദത്തിലെ ഇംഗ്ലീഷ് കവി ടെനിസണ്‍ “…I would that my tongue could utter/The thoughts that arise in me” എന്നു ഭാഷയുടെ അപൂര്‍ണ്ണതയേയും അതിന്റെ, ആശയാവിഷ്കാരത്തിനുള്ള അശക്തിയേയും ലക്ഷ്യമാക്കിക്കൊണ്ടു പ്രഖ്യാപനം നടത്തിയതിനെയല്ല ഞാനുദ്ദേശിക്കുന്നത്. ഈ ശതാബ്ദത്തില്‍ എല്ലാ മണ്ഡലങ്ങളിലും ശിഥിലീകരണം സംഭവിച്ചിരിക്കുന്നുവെന്നും ആ ശിഥിലീകരണം ഭാഷയേയും ബാധിച്ചിരിക്കുന്നുവെന്നും ചിന്തകന്‍മാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. “In every sphore our simple ‘thingy’ view of the world is being altered and often disintegrated at an unprecedented rate; and a crisis in our view of the operation of language is inevitable” എന്ന ബ്രിട്ടീഷ് നോവലെഴുത്തുകാരിയായ ഐറിസ്മര്‍ ഡോക് ഉദ്ഘോഷണം ചെയ്തത്. ആ മഹതിയുടെ മാത്രം അഭിപ്രായമായി കരുതാന്‍ പാടില്ല. തത്ത്വചിന്തകന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഭാഷയെക്കുറിച്ച് ഈ മതംതന്നെയാണുള്ളതു്. ആശയസംവാദത്തിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ഭാഷയ്ക്കു സുതാര്യാവസ്ഥ ഉണ്ടായിരുന്നുവെന്നും അത് നഷ്ടപ്പെട്ടുപോയെന്നും മര്‍സോക് തന്നെ പറയുന്നു. കണ്ണാടിച്ചില്ലില്‍ക്കൂടി അപ്പുറം നോക്കുമ്പോള്‍ ചില്ലിനെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. അതുപോലെ ഭാഷയെക്കുറിച്ചു നാം അറിഞ്ഞിരുന്നേയില്ല. ഇപ്പോഴാകട്ടെ കണ്ണാടിയാണ് നമ്മുടെ മുന്‍പിലുള്ളത്. ഭാഷയുടെ പ്രകാശഭേദ്യാവസ്ഥ ഇല്ലാതായി, ഇന്നു് അതിനു പ്രകാശ പ്രതിബന്ധാവസ്ഥയാണുള്ളത്.

മഹാനായ ജര്‍മ്മന്‍ സാഹിത്യകാരന്‍ ഹെസ്സേ ഈ ചിന്താഗതികാരനാണ്. ഭാഷ ഒരു ബാധയാണ്; പൃഥിവീതലത്തോടു ബന്ധപ്പെട്ട ഈ പരിമിതത്വംകൊണ്ട് കവി മറ്റാരെയുംകാള്‍ വിഷമിക്കുന്നു; എന്നു പറഞ്ഞുകൊണ്ടാണു് ഹെസ്സേ ‘ഭാഷ’ എന്ന പ്രബന്ധം ആരംഭിക്കുന്നത്. കവിക്കും സാഹിത്യകാരനും മാത്രമേ ഈ വൈഷമ്യമുള്ളു. ചിത്രകാരനെസ്സംബന്ധിച്ചാണെങ്കില്‍ അയാളുടെ ഭാഷയായ ചായം എല്ലാവര്‍ക്കും സുഗ്രഹമത്രേ. ഗായകന്റെ ഭാഷ നാദമാണു്. ലളിതമായ രാഗം തൊട്ടു മേളക്കാരുടെ നൂറു നൂറു നാദങ്ങള്‍ വരെയുള്ളതെല്ലാം ആര്‍ക്കും മനസ്സിലാകും. അതല്ല സാഹിത്യകാരന്റെ സ്ഥിതി. പാഠശാലയിലും കമ്പിയാപ്പീസിലും വക്കീലാപ്പീസിലും ഉപയോഗിക്കുന്ന ഭാഷയാണ് അയാള്‍ക്കു ഉപയോഗിക്കാനുള്ളത്. സ്വന്തം കലയ്ക്കായുള്ള സ്വകീയമായ ഉപകരണം അയാള്‍ക്ക് ഇല്ല. സ്വന്തമായ ഭാവനയില്ല, സ്വന്തമായ ഉദ്യാനമില്ല. ചന്ദ്രനെ നോക്കാനുള്ള സ്വന്തമായ കിളിവാതില്‍ ഇല്ല. സാഹിത്യകാരന്‍ ‘ഹൃദയം’ എന്ന വാക്കു പ്രയോഗിച്ചുവെന്നു കരുതൂ. ആന്തരമായ കഴിവുകളെയും ദൗര്‍ബല്യങ്ങളെയും ലക്ഷ്യമാക്കിയാണ് ആ വാക്കിന്റെ പ്രയോഗമെന്നും കരുതു. ഉടനെ ഹൃദയമെന്നത് ഒരു തുണ്ടു മാംസപേശിയാണെന്ന അര്‍ത്ഥംകൂടി ഉയര്‍ന്നുവരും. സാഹിത്യകാരനെ കുറ്റപ്പെടുത്തുമ്പോഴും വാഴ്ത്തുമ്പോഴും, അയാളെ സ്നേഹിക്കുമ്പോഴും, പുച്ഛിക്കുമ്പോഴും അയാളുടെ യഥാര്‍ത്ഥത്തിലുള്ള സ്വപ്നങ്ങളും ആശയങ്ങളുമല്ല ആ പ്രക്രിയകള്‍ക്കു വിധേയമാവുക. ഭാഷയുടെ ഇടുങ്ങിയ മാര്‍ഗ്ഗത്തിലൂടെ പ്രയാസപ്പെട്ടു കടന്നുവരുന്ന സ്വപ്നങ്ങളുടെയും ആശയങ്ങളുടെയും നൂറിലൊരംശത്തെയായിരിക്കും സ്തുതിക്കുന്നതു്; അല്ലെങ്കില്‍ നിന്ദിക്കുന്നത്. അതിനാല്‍ ഒരാധുനിക കലാകാരനോ, യുവകലാകാരന്‍മാരുടെ മുഴുവന്‍ തലമുറയോ ഭാഷയില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ബഹുജനം പേടിക്കുന്നു. പൂച്ചയൊന്നു വാലാട്ടുമ്പോള്‍ ഉണ്ടാകുന്ന ഭംഗിയും ഉത്തേജകത്വവും ഒരു ഭാഷയ്ക്കും ഉളവാക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഭാഷയുടെ ഈ അസമര്‍ത്ഥത ഹെസ്സേയുടെ നോവലുകളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. സിദ്ധാര്‍ത്ഥന്‍ പദങ്ങള്‍ പ്രയോജന രഹിതങ്ങളാണെന്നു തന്നെ പറയുന്നു. Klengsor’s Last Summer എന്ന ദീര്‍ഘമായ കഥയില്‍ ആ പേരുള്ള കഥാപാത്രം വാചികമായ ആശയനിവേദനത്തില്‍ സംശയാലുവായിത്തീരുന്നതു നമുക്കു കാണാം. Klsin and Wagner എന്ന കഥയില്‍ വാക്കുകള്‍ കുഴപ്പമുണ്ടാക്കുന്നതായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് “Tragic” എന്നൊരു കഥതന്നെ ഹെസ്സേ എഴുതിയിട്ടുണ്ട്. തികച്ചും മനോഹരമാണ് ആ കഥ. യോഹന്നാസ് എന്ന കമ്പോസിറ്റര്‍ പ്രധാനപ്പെട്ട പത്രാധിപരെക്കണ്ട് പലപ്പോഴും പറഞ്ഞിട്ടുള്ള പരാതി അപ്പോഴും സമര്‍പ്പിക്കുന്നു. ഭാഷ ജീര്‍ണ്ണിച്ചു പോയിയെന്നാണ് അയാളുടെ പരിദേവനം. അതു ഇന്നൊരു രാക്ഷസീയതയാണ്. ഈ ദുരവസ്ഥയ്ക്ക് അറുതിവരുത്തണമെന്നാണ് യോഹന്നാസിന്റെ അഭ്യര്‍ത്ഥന. ജീവിതമാണ് ഈ പരിധികള്‍ സൃഷ്ടിക്കുന്നതെന്നും അതിനാല്‍ കമ്പോസിറ്ററുടെ ദുഃഖനിവേദനത്തിനു് അര്‍ത്ഥമില്ലെന്നും പത്രാധിപര്‍ അറിയിച്ചു. ജീവിതമാണ് ഈ പരിധികള്‍ സൃഷ്ടിക്കുന്നത്. അവയെ ലംഘിച്ച് നമ്മള്‍ പഴയതിനെ മുറുകെപ്പിടിക്കുമ്പോള്‍ ജീവിതത്തോടുതന്നെ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയാണ്. പത്രാധിപരുടെ ഈ വാദമൊന്നും യോഹന്നാസിനെ തൃപ്തിപ്പെടുത്തിയില്ല. ലേഖകന്മാര്‍ ‘ട്രാജിക്’ എന്ന വാക്കു പ്രയോഗിക്കുന്നതില്‍ കാണിക്കുന്ന ഔചിത്യമില്ലായ്മയെക്കുറിച്ചും അയാള്‍ക്കു പരാതിപ്പെടാനുണ്ട്. സൈക്കിളില്‍നിന്നു് ആരെങ്കിലും വീണാല്‍ മതി. ഉടനെ അതു് ട്രാജിക്കായി. കുഞ്ഞിന്റെ വിരല്‍ത്തുമ്പു പൊള്ളിയാല്‍, ജോലിക്കാര്‍ ഏണിയില്‍നിന്നു വീണാല്‍, കാറ് കയറി ഒരു കോഴിക്കുഞ്ഞ് ചത്താല്‍ ലേഖകര്‍ ‘ട്രാജിക്’ എന്ന പദം പ്രയോഗിക്കുന്നു. അസിസ്റ്റന്റ് എഡിറ്ററെക്കണ്ടു ഇക്കാര്യം പറയാനായി ചീഫ് എഡിറ്റര്‍ യോഹന്നാസിനോട് അഭ്യര്‍ത്ഥിച്ചു. അയാള്‍ പോയി അല്പം കഴിഞ്ഞപ്പോള്‍ ഒരു ബഹളം. യോഹന്നാസിനെ അസിസ്റ്റന്റു എഡിറ്റര്‍ മുറിക്കു പുറത്താക്കി. കമ്പോസിറ്റര്‍ ഹൃദയവേദനയോടെ കസേരയില്‍ വന്നിരുന്നു. അരമണിക്കൂറിനകം വൃദ്ധനായ അയാള്‍ അച്ചുനിരത്താന്‍ വേണ്ടിയുള്ള കൈയെഴുത്തു പ്രതിയുടെ മേല്‍ മറിഞ്ഞുവീണു മരിച്ചു. വളരെക്കാലം ആ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച യോഹന്നാസിനെക്കുറിച്ചു് പത്രത്തില്‍ വാര്‍ത്ത കൊടുക്കണമല്ലോ. പഴയ തലമുറയില്‍പ്പെട്ട നല്ല കവിയുമായിരുന്നു അയാള്‍. അസിസ്റ്റന്റ് എഡിറ്റര്‍ എഴുതി “Tragic end of a poet” (കവിയുടെ ദുരന്തം). അതെഴുതിക്കഴിഞ്ഞപ്പോഴാണ് ‘ട്രാജിക്’ എന്ന വാക്കിനെക്കുറിച്ച് യോഹന്നാസിനുള്ള വിപ്രതിപത്തി അദ്ദേഹം ഓര്‍മ്മിച്ചത്. അതിനാല്‍ “Regrettable Demise” (വിഷാദം ജനിപ്പിക്കുന്ന മരണം) ആ വാക്കുകള്‍ ശൂന്യങ്ങളാണെന്നും അപര്യാപ്തങ്ങളാണെന്നും അസിസ്റ്റന്റ് എഡിറ്റര്‍ക്കു തോന്നി. One of the old guard (ഓള്‍ഡ്ഗാര്‍ഡിലെ ഒരാള്‍: നെപ്പോളിയന്റെ സൈന്യമാണ് ഓള്‍ഡ് ഗാര്‍ഡ്. യാഥാസ്ഥിതികന്‍ എന്ന അര്‍ത്ഥവുമുണ്ടു് ആ വാക്കിനു്). ജീവിതത്തിന്റെ വിഭിന്ന പ്രവണതകളെ സ്ഫുടീകരിക്കാന്‍ ഭാഷ അസമര്‍ത്ഥമാണെന്ന് ഈ ചെറുകഥയിലൂടെ ഹെസ്സേ ഉദ്ഘോഷണം ചെയ്യുന്നു. ഹെസ്സേക്കു ശേഷമുള്ള സാഹിത്യകാരന്മാര്‍ക്കും ഈ ആവലാതി തന്നെയാണുള്ളതു്. യനസ്കൊ എന്ന റുമേനിയന്‍ നാടകകര്‍ത്താവിന്റെ Lesson, Chavis ഈ നാടകങ്ങള്‍ ഭാഷയുടെ അപര്യാപ്തതയെക്കുറിചുള്ളവയത്രേ.

ഹെസ്സേയും യനസ്കോയും ഒക്കെ ആര്? ഞാനാര്? എങ്കിലും എനിക്ക് ഇവരുടെ ചിന്താഗതിയോടു യോജിക്കാന്‍ കഴിയുന്നില്ല. കല, ശാസ്ത്രം, സദാചാരനിയമങ്ങള്‍ ഇവയെപ്പോലെ പരിഷ്കാരത്തിന്റേയും സംസ്കാരത്തിന്റേയും ഒരുല്പന്നമാണു് ഭാഷയെന്ന വസ്തുത ഈ മഹാന്മാര്‍ മറന്നോ എന്നാണു് എന്റെ സംശയം. മാത്രമല്ല, ഈ സാംസ്ക്കാരികോല്പന്നങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും മൌലികമായി പ്രത്യക്ഷമാകുന്നതും ഭാഷ തന്നെ. സംസ്ക്കാരത്തോടു ബന്ധപ്പെട്ട ഏതു നേട്ടത്തേയും അന്യരിലേക്കു പകരണമെങ്കില്‍ ഭാഷ വേണം. അതിനാല്‍ ഭാഷയ്ക്കാണു് ആദ്യത്തെ സ്ഥാനം. കുഞ്ഞിന് ഉടുപ്പ് ഇട്ടുകൊടുക്കുന്നതുപോലെ ആശയത്തിന് ഭാഷയാകുന്ന കഞ്ചുകം ഇട്ടുകൊടുക്കുന്നു എന്ന വിചാരമാണു് ഹെസ്സേയെപ്പോലെയുള്ളവരെ ഈ ചിന്താഗതിക്കു പ്രേരിപ്പിച്ചതെന്നു തോന്നുന്നു. ആശയവും ഭാഷയും വിഭിന്നങ്ങളല്ല. ചിന്തയും ആശയവും ഭാഷാപരമാണു്. ഭാഷയില്‍നിന്നകന്നുള്ള നിലനില്പ് അവയ്ക്കില്ല. വസ്തുക്കളെയും ചിന്തകളെയും ഭാഷയില്‍നിന്ന് അകറ്റിനിര്‍ത്തിക്കാണുമ്പോള്‍ ഹെസ്സേക്കും സുഹൃത്തുക്കള്‍ക്കും പ്രമാദം സംഭവിക്കുന്നു. ലോകത്തുള്ള എല്ലാ വസ്തുക്കളും ഭാഷയിലൂടെയാണു് നമുക്കു പ്രത്യക്ഷീഭവിക്കുന്നത്. അതിനാല്‍ ഭാഷ അപര്യാപ്തമാണെന്ന വാദം അംഗീകരിക്കത്തക്കതല്ല.

ഹൃദയം എന്ന വാക്കിനു പല അര്‍ത്ഥങ്ങളുണ്ടെന്നും അതിനാല്‍ അതിനു നിയതത്വമില്ലെന്നും ഹെസ്സേ അഭിപ്രായപ്പെടുന്നതു് ശരിയല്ല. ആ വാക്ക് ഒരു വാക്യത്തില്‍ പ്രയോഗിക്കൂ. ഉടനെ നിയതത്വം വരുന്നതു കാണാം. ഉദാഹരണം രാമകൃഷ്ണനു നല്ല ഹൃദയമുണ്ടു്: ഹൃദയത്തിന് ഒട്ടൊക്കെ നിയതത്വം വന്നു. എങ്കിലും സംശയം. ഹൃദയം എന്നതു രക്താശയമാണോ? അതോ നന്മ ചെയ്യാനുള്ള പ്രവണതയോ? ആ വാക്യത്തെയോ അതിന്റെ അര്‍ത്ഥത്തെയോ സവിശേഷമായ സന്ദര്‍ഭത്തില്‍ നിവേശനം ചെയ്യു. ‘രാമകൃഷ്ണന് ഇന്നലെ നെഞ്ചുവേദന ഉണ്ടായി. ഡോക്ടര്‍ അയാളുടെ നെഞ്ചു പരിശോധിച്ചു. ഈ.സി.ജി. എടുത്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: രാമകൃഷ്ണനു നല്ല ഹൃദയമാണുള്ളതു്. അതിനു ഒരു രോഗവുമില്ല.’ ഇപ്പോള്‍ ഹൃദയശബ്ദത്തിന് പല അര്‍ത്ഥങ്ങളില്ല. ഒരര്‍ത്ഥമേയുള്ളു. നമ്മള്‍ ഭാഷയിലൂടെ വളരുന്നു. നമ്മള്‍ വേറെ, ഭാഷ വേറെ എന്നില്ല — നമ്മളും ഭാഷയും ഒന്നുതന്നെ. ഇതു മനസ്സിലാക്കാതെയാണു് ഹെസ്സേയും യനസ്കോയും ബക്കറ്റും മര്‍ഡോക്കുമൊക്കെ ഭാഷയുടെ അസമര്‍ത്ഥതയെച്ചൊല്ലി നിലവിളിക്കുന്നതു്.

ചിത്രകാരനു ‘ചായം’ എന്ന ഭാഷയുണ്ടു്, ഗായകനു ‘നാദം’ എന്ന ഭാഷയുണ്ടു്, സാഹിത്യകാരന് പള്ളിക്കൂടത്തിലേയും കോടതിയിലേയും ഭാഷയേയുള്ളു എന്ന മതത്തിനും സാമഞ്ജസ്യമില്ല. ചായം ക്യാന്‍വാസില്‍ എങ്ങനെ തേക്കുന്നു എന്നതിനെ ആശ്രയിച്ചാണു് ചിത്രത്തിന്റെ ഭംഗിയിരിക്കുന്നത്. നമ്മുടെ സ്ക്കൂള്‍ ഓഫ് ആര്‍ട്സിലെ വിദ്യാര്‍ത്ഥി ക്യാന്‍വാസില്‍ ചായം തേക്കുന്നു. രവിവര്‍മ്മയും അങ്ങനെ പ്രവര്‍ത്തിച്ചു. പക്ഷേ രവിവര്‍മ്മയുടെ പ്രവര്‍ത്തനം ദര്‍ഭമുന കാലില്‍ക്കൊണ്ടെന്നപോലെ നില്‍ക്കുന്ന ശകുന്തളയുടെ ചിത്രമായി പര്യവസാനിക്കുന്നു. രണ്ടുപേരും ഉപയോഗിച്ചതു ചായം. പക്ഷേ രവിവര്‍മ്മയുടെ പ്രവൃത്തി കാലത്തിന്റെ ആവര്‍ത്തിക്കാന്‍ വയ്യാത്ത നിമിഷമായി മാറുന്നു. വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം അതല്ലതാനും. അപ്പോള്‍ രവിവര്‍മ്മ ഉപയോഗിച്ച ചായം അദ്ദേഹത്തിന്റെ മാത്രമായ “വാക്കാ”ണെന്നു സിദ്ധിക്കുന്നു. സൈഗാളും തീവണ്ടിയിലെ യാചകനും ഒരേ നാദം തന്നെയാണ് അവലംബിക്കുന്നതു്. എന്നാല്‍ സൈഗാളിന്റെ ഗാനം നമ്മെ കലയുടെ ഗന്ധര്‍വലോകത്തേക്കു നയിക്കുന്നു. യാചകന് അതൊട്ടു കഴിയുന്നുമില്ല. വിദ്യാലയങ്ങളിലെയും കോടതികളിലേയും സാമാന്യ ഭാഷയാണ് സാഹിത്യകാരന്‍ പ്രയോഗിക്കുന്നതെന്ന് ഹെസ്സേ പറയുന്നല്ലോ. ഹെസ്സേ തന്നെ അങ്ങനെയാണോ ചെയ്തതു്? ജീവിതത്തിന്റെ മഹാത്ഭുതങ്ങളും മിസ്റ്റിസിസത്തിന്റെ ഉജ്ജ്വല നിമിഷങ്ങളും ആവിഷ്കരിക്കാന്‍ ഹെസ്സേക്കു സ്വകീയമായ പദങ്ങളും പദസമൂഹങ്ങളുമുണ്ടായിരുന്നു. അവ പ്രയോഗിച്ചതുകൊണ്ടാണു് ഹെസ്സേക്കു രാഷ്ട്രാന്തരീയ പ്രശസ്തി ഉണ്ടായതു്; നോബല്‍ സമ്മാനം കിട്ടിയത്. ഗോയ്ഥേക്ക് സ്വന്തമായ ഭാഷയുള്ളതുപോലെ ഹെസ്സേക്കും സ്വന്തമായ ഭാഷയുണ്ടു്. പക്ഷേ അവര്‍ പള്ളിക്കൂടത്തിലേയും കോടതിയിലേയും ഭാഷ തന്നെയാണു് സ്വീകരിച്ചതു്. അതില്‍ തിരഞ്ഞെടുപ്പു് നടത്തിയെന്നേയുള്ളു. കേരളത്തിലെ കവികളുടെ കാവ്യങ്ങള്‍ നോക്കുക. കുമാരനാശാന്റെയും വള്ളത്തോളിന്റേയും ഭാഷകള്‍ വിഭിന്നങ്ങളല്ലേ? ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടെയും ഭാഷകള്‍ വിഭിന്നങ്ങളല്ലേ? എന്നാല്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന വാക്കുകള്‍ മാത്രമേ അവരും സ്വീകരിച്ചിട്ടുള്ളൂ. കോള്‍റിജ്ജ് പറഞ്ഞതുപോലെ ഉചിതങ്ങളായ പദങ്ങള്‍ ഉചിതമായ രീതിയില്‍ വിന്യസിക്കൂ. കവിതയാകും, കലയാകും, ക്ഷേമേന്ദ്രന്‍ “ഔചിത്യ വിചാര ചര്‍ച്ച”യില്‍ പറയുന്നു: —

തിലകം വിഭൂതി സൂക്തിര്‍ ഭാത്യേകമുചിതംപദം
ചന്ദ്രാനനേവ കസ്തൂരികൃതം ശ്യാമേവചന്ദനം

(ഒരു ഉചിതമായ വാക്ക് തിലകംപോലെ ധരിച്ച സൂക്തി കസ്തൂരിതൊട്ട സുന്ദരിയെപ്പോലെയും ചന്ദനമണിഞ്ഞ ശ്യാമയെപ്പോലെയും ശോഭിക്കുന്നു — ശ്യാമ = യൗവനമദ്ധ്യസ്ഥ)

സാരസ്വതന്മാരായ കവികള്‍, കലാകാരന്മാര്‍ വേണ്ട രീതിയില്‍ വാക്കു പ്രയോഗിക്കുമ്പോള്‍ നൂതനമണ്ഡലം ആവിഷ്കരിക്കപ്പെട്ടു. ഭാഷ അസമര്‍ത്ഥമോ ആശയനിവേദനത്തിന്? ശുദ്ധമായ അസംബന്ധം.