close
Sayahna Sayahna
Search

സാഹിത്യത്തിലെ സ്വവര്‍ഗ്ഗരതി


സാഹിത്യത്തിലെ സ്വവര്‍ഗ്ഗരതി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

1970 നവംബര്‍ 25. വിശ്വവിഖ്യാതനായ ജാപ്പനീസ് സാഹിത്യകാരന്‍ യൂക്കിയോ മിഷീമ ഈച്ചിഗയായിലെ പട്ടാളത്താവളത്തില്‍ചെന്നു് അവിടത്തെ ജനറലിനെ ബന്ധസ്ഥനാക്കി. തന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വേണ്ടിയാണ് മിഷീമ അദ്ദേഹത്തെ അങ്ങനെ ബന്ധനസ്ഥനാക്കിയത്. കഠാരയെടുത്ത് മിഷീമ സ്വന്തം വയറ്റില്‍ കുത്തിയിറക്കി. വയറാകെ കീറാനാണു് അദ്ദേഹം തീരുമാനിച്ചിരുന്നതു്. കഠാര മുറിവില്‍ത്തന്നെ തങ്ങിനിന്നതേയുള്ളു. അപ്പോള്‍ ഇടതുകൈകൂടി കൊണ്ടുവന്നു് കഠാരിയുടെ പിടിയില്‍ അദ്ദേഹം അമര്‍ത്തി. എന്നിട്ടു് വലിച്ചൊരു കീറല്‍. രക്തത്തിന്റെ പ്രവാഹം. കുടല് വെളിയില്‍ ചാടി. മിഷീമയുടെ അനുയായിയായ മോറിറ്റ മൂന്നു തവണ ശ്രമിച്ചു അദ്ദേഹത്തിന്റെ ശിരസ്സു വെട്ടിമാറ്റാന്‍. വയറു കീറിക്കഴിഞ്ഞാല്‍ ഉടനെ തല മുറിച്ചുമാറ്റണമെന്നായിരുന്നു മിഷീമ മൊറീറ്റയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നതു്. മോറീറ്റ മൂന്നാമത്തെ തവണ വെട്ടിയിട്ടും തല കഴുത്തില്‍നിന്നു വേര്‍പെട്ടില്ല. അതുകൊണ്ട് ഫുറു കോഗ എന്ന വേരൊരു അനുയായി മിഷീമയുടെ ശരീരത്തിനടുത്തെത്തി. അയാള്‍ മൊറീറ്റയുടെ കയ്യില്‍നിന്നു വാളുവാങ്ങി ഒറ്റ വെട്ട്. തല വേര്‍പെട്ടു. ജനറല്‍ ആജ്ഞാപിച്ചു: “അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കൂ”. അനുയായികള്‍ ബുദ്ധമതത്തിലെ ഒരു പ്രാര്‍ത്ഥനാഗാനം ചൊല്ലി. മതപരമായ ഈ ആത്മഹത്യയ്ക്ക് “ഹാരെ കീറി” എന്നാണ് ജാപ്പനീസ് ഭാഷയില്‍ പേര്. (ഹാരെ എന്ന ജാപ്പനീസ് വാക്കിന് വയറ് എന്നര്‍ത്ഥം. കീറി എന്നതിന് മുറിക്കുക എന്നും). നാല്പത്തിയഞ്ചു വയസുമാത്രം പ്രായമുണ്ടായിരുന്ന യൂക്കിയോ മിഷീമ എന്തിനാണ് “ഹാരേ കീറി” അനുഷ്ഠിച്ചതെന്ന ചോദ്യത്തിന് നമ്മളിപ്പോള്‍ ഉത്തരം കണ്ടെത്തേണ്ടതില്ല. മതപരമായ അനുഷ്ഠാനങ്ങളോടു ബന്ധപ്പെട്ട ഈ ആത്മഹത്യ “ഒരൊഴിയാബാധയായി” അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും മതപരമായ ആത്മഹത്യ നടത്തുന്നു. ആത്മകഥാപരമായ “Sun and Steel” എന്ന കൃതിയില്‍ “ഹാരെ കീറി”യെ അദ്ദേഹം വാഴ്ത്തുന്നു. ഈ ആത്മഹത്യയെപ്പോലെ മിഷീമയെ വിടാതെ പിടികൂടിയ വേറൊരാശയമാണ് ഹോമോ സെക്‍ഷ്വാലിറ്റി — സ്വവര്‍ഗ്ഗാനുരാഗം. ഡച്ച് ഹൂമനിസ്റ്റും മതപണ്ഡിതനും ഗ്രന്ഥകാരനുമായ ഡസിഡേറിയസ് ഇറാസ്മസ് കലാകാരന്മാരായ ലിയോനാര്‍ഡോ ഡാവിഞ്ചി, മീക്കലാഞ്ചലോ, ഷേക്‍സ്പിയര്‍, മാര്‍ലോ, ബേക്കണ്‍, ബൈറന്‍, റഷ്യന്‍ ഗാനരചയിതാവായ ചികോഫ്സ്കി, റഷ്യന്‍ നൃത്തവിദഗ്ദ്ധന്‍ വാട്സ്ലാഫ് നിഷേന്‍സ്കി, (Vaslavd Nijinsky) വാള്‍ട്ടര്‍ പേറ്റര്‍, ഓസ്കര്‍ വൈല്‍ഡ്, ഫ്രഞ്ച് കവികളായ റാംബോ, വെര്‍ലേന്‍, ഫ്രഞ്ച് നോവലിസ്റ്റ് മര്‍സല്‍ പ്രൂസ്ത്, ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേഷീദ്, ഷാങ്ങ് കോക്തോ, റ്റി.ഇ.ലോറന്‍സ്, ലിറ്റണ്‍ സ്ട്രേച്ചി, ഡി.എച്ച്.ലോറന്‍സ്, വാള്‍ട്ട്‌ വിറ്റ്മാന്‍, സാന്തായന (ദാര്‍ശനികന്‍) ഗ്രീക്ക് കവി കാവാഫീ (Cavafy)ലൂട്ട്‌വിഖ്‌ വിറ്റ്ഗൻഷ്ടൈന്‍ (Ludwig Wittgenstein — ദാര്‍ശനികന്‍) ഫ്രഞ്ച് നോവലിസ്റ്റ് മന്തര്‍ ലാന്ദ് (Montherlant)ഇവരെല്ലാം സ്വവര്‍ഗ്ഗഭോഗ താല്പരരായിരുന്നു. ഇവരില്‍ ഷേക്‍സ്പിയറിന്റെ കാര്യത്തില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളു. ശേഷമുള്ളവരുടെയെല്ലാം സ്വവര്‍ഗ്ഗാനുരാഗം സന്ദേഹത്തിനിടവരാത്തവിധത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹോമോ സെക്‍ഷ്വലിറ്റിയും ലസ്ബിയനിസവും (സ്ത്രീക്ക് സ്ത്രീയോടു തോന്നുന്ന കാമം) നികൃഷ്ടതയുടെ ലക്ഷണങ്ങളാണ്. നിയതമായ മാനസികനിലവരമുള്ളവര്‍ക്ക് ഇത് അറപ്പും വെറുപ്പും ജനിപ്പിക്കുന്നു. പുരുഷന്മാരായ നമുക്കു വേറൊരു പുരുഷ ശരീരത്തില്‍ തൊടുന്നതുപോലും ഇഷ്ടമല്ല. സത്യമിതുതന്നെ.

യൂക്കിയോ മിഷീമയ്ക്ക് രാഷ്ട്രാന്തരീയ പ്രശസ്തി നല്കിയ കൃതി Confessions of a Mask എന്നതാണ്. കഥ പറയുന്ന ആളും സൊണോക്കയും കൂടി ഒരു നര്‍ത്തകാലയത്തില്‍ ചെല്ലുന്നു. അവിടെ നില്‍ക്കുന്ന ഒരു യുവാവിനെ കണ്ടപ്പോള്‍ കഥ പറയുന്ന ആളിന് കാമാസക്തി ജനിക്കുന്നു. സൂര്യപ്രകാശം ഏറ്റേറ്റ് മിന്നിത്തിളങ്ങി അയാളുടെ ശരീരം. എണ്ണ പുരട്ടിയതുപോലെ ഒരു തോന്നല്‍. അയാളുടെ കക്ഷങ്ങളില്‍നിന്നു് രോമചുരുള്‍ തള്ളിനില്‍ക്കുന്നു. മൂര്‍ച്ചയുള്ള കഠാരിയെടുത്ത് ആ യുവാവിന്റെ ശരീരം കുത്തിക്കീറി രക്തമൊഴുക്കാന്‍ അയാള്‍ക്കു കൗതുകം. (കഠാരി ഇവിടെ സിംബലാണ്) ഗ്രന്ഥം അവസാനിക്കുന്നതും സെക്‍ഷ്വല്‍ സിംബലിസത്തോടാണ്. It was time...The group had apparently gone to dance and the chairs stood empty in the blazing sunshine. Some sort of beverage has been spilled on the table top and was throwing back glittering threatening reflections, ഇവിടെ spil (ചിന്തുക) glittering (തിളങ്ങുന്ന) threatening (ഭീഷണിപ്പെടുത്തുന്ന)beverage (പാനീയം) ഇവയെല്ലാം സൂചക പദങ്ങളാണ്.

1949-ലാണ് Confessions of Mask പ്രസിദ്ധപ്പെടുത്തിയത്. 1951-ല്‍ Forbidden Colours എന്ന നോവല്‍ ആവിര്‍ഭവിച്ചു. അതോടുകൂടി മിഷീമ ജീനിയസ്സാണെന്നു് ലോകമൊട്ടാകെ സമ്മതിച്ചു. അറുപത്തിയഞ്ച് വയസ്സുള്ള ഷുന്‍ സൂക്കി എന്ന നോവലിസ്റ്റിന്റെയും യൂച്ചി എന്ന സുന്ദരനായ ചെറുപ്പക്കാരന്റെയും കഥയാണ് ഫര്‍ബിഡന്‍ കളേഴ്സ് എന്ന നോവലിലുള്ളത്. മൂന്നു തവണ വിവാഹം കഴിച്ചയാളാണ് ഷുന്‍സൂക്കി. അയാള്‍ക്ക് സ്ത്രീകളെ വെറുപ്പാണ്. ഷുന്‍സൂക്കിയുടെ അഭിപ്രായങ്ങള്‍ കേട്ടാലും: — പെണ്ണുങ്ങള്‍ക്കു ലോകത്തിനു കുഞ്ഞുങ്ങളെ കൊടുക്കാനല്ലാതെ വേറൊന്നിനും കഴിയുകയില്ല. പുരുഷന്മാര്‍ക്കാകട്ടെ കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല മറ്റു പലതിനും പിതൃത്വം വഹിക്കാന്‍ കഴിയും. സര്‍ഗ്ഗാത്മകത്വവും സന്തത്യുല്പാദനവും പുരുഷന്റെ കഴിവുകളാണ്. സ്ത്രീയുടെ അസൂയ സൃഷ്ടിയോടുള്ള അസൂയയാണ്. മകനെ ഗര്‍ഭാശയത്തില്‍ വഹിക്കുകയും പ്രസവിച്ച് അവനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സ്ത്രീ സര്‍ഗ്ഗാത്മകത്വത്തോടുള്ള പ്രതികാരത്തിന്റെ മാധുര്യം അനുഭവിക്കുകയാണ്. ആദ്യമായി മുതലാളിത്തം പുരുഷന്റെ സിദ്ധാന്തമായിരുന്നു; അത് ഉല്‍പാദനത്തിന്റെ സിദ്ധാന്തമാണ്. മുതലാളിത്വം അപരിമിത്വത്തിന്റെ സിദ്ധാന്തമായി മാറി. ഈ ഹെലന്‍ കാരണമായി യുദ്ധമുണ്ടായി. അതിദൂര ഭാവിയില്‍ സ്ത്രീതന്നെ കമ്മ്യൂണിസവും നശിപ്പിക്കും.

ഷുന്‍സൂക്കി ഒരുദിവസം കടപ്പുറത്തു ചെന്നപ്പോള്‍ അന്യാദൃശമായ ആകൃതി സൗഭഗത്താല്‍ അനുഗൃഹീതനായ യൂച്ചി എന്ന യുവാവ് നീന്തല്‍ കഴിഞ്ഞ് സമുദ്രത്തില്‍ നിന്നു കയറുന്നത് കാണുകയുണ്ടായി. It was an amazingly beautiful, young man, His body surpassed the sculptures of ancient Greece. It was like the Appolo moulded in bronze by an artist of the Peloponnesus school. It overflowed with gentle beauty and carried such a noble column of a neck, such gently sloping shoulders, such a lofty broad chest, such elegantly rounded wrists, such a rapidly tapering tightly filled trunk, such legs. stoutly filled out like a heroic sword. (Page 26 Penguin Books) സുന്ദരനായ യൂച്ചി സ്വവര്‍ഗ്ഗാനുരാഗിയാണ്. അയാള്‍ മാത്രമല്ല നോവലിലെ പല കഥാപാത്രങ്ങളും അങ്ങനെതന്നെ. ലൈംഗികപരകോടിയില്‍ ചില വിദേശികള്‍ Tengoku, Tengoku എന്നു വിളിക്കുന്നു. സ്വര്‍ഗ്ഗം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. യൂച്ചി, മിഷീമായുടെ ആത്മാവിന്റെ ഒരംശത്തിനു പ്രാതിനിധ്യം വഹിക്കുകയാണ്. അതില്‍നിന്നു് അദ്ദേഹത്തിന്റെ സ്വവര്‍ഗ്ഗസംഭോഗത്തിന്റെ തല്‍പരത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

സ്വവര്‍ഗ്ഗരതിയുള്ളവര്‍ക്ക് സ്ത്രീകളെ ഇഷ്ടമാകാന്‍ തരമില്ലല്ലോ. തന്നെ മൂന്നു സ്ത്രീകള്‍ ചതിച്ചതുകൊണ്ട് സ്ത്രീവര്‍ഗ്ഗത്തോടാകെ പ്രതികാരം ചെയ്യണമെന്നാണ് ഷുന്‍സൂക്കിയുടെ ആഗ്രഹം. അതിനുവേണ്ടി അയാള്‍ യൂച്ചിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. യുവാവ് വഴങ്ങി. അയാളുടെ ഭാര്യയ്ക്ക് എണ്ണിയാലൊടുങ്ങാത്ത പ്രയാസങ്ങള്‍ ഉണ്ടായി. പക്ഷേ അന്ത്യംവരെ ഷുന്‍ സൂക്കിക്ക് വിജയശ്രീലാളിതനായി നില്‍ക്കാന്‍ കഴിഞ്ഞില്ല. Pavind എന്ന മാരകമായ മരുന്നു കഴിച്ചതുകൊണ്ട് അയാള്‍ ഈ ലോകത്തുനിന്നു യാത്രയായി. തന്റെ സമ്പാദ്യം മുഴുവന്‍ ഷുന്‍ സൂക്കി, യൂച്ചിക്കു നല്‍കാന്‍ മരണപത്രത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. യൂച്ചി, ഗവണ്‍മെന്റ് ലയിന്‍ സ്റ്റേഷനടുത്തേക്കു നടന്നു. സ്റ്റേഷനുമുമ്പില്‍ രണ്ടോ മൂന്നോ ചെരുപ്പുകുത്തികള്‍ ഇരിക്കുന്നുണ്ടായിരുന്നു. യൂച്ചി വിചാരിച്ചു: “ആദ്യമായി ഷൂസൊന്നു പോളീഷ് ചെയ്യട്ടെ.” നോവല്‍ അവസാനിച്ചു.

ടോക്കിയോവില്‍ ഹോമോസെക്ഷ്വല്‍ ക്ലബ്ബുകളുണ്ട്. അവിടെ പതിവായി പോയിരുന്നു യൂക്കിയോ മിഷീമ. അതു കൊണ്ട് ഈ നോവലാകെ സ്വവര്‍ഗ്ഗരതിയുടെ പ്രകീര്‍ത്തനമായതില്‍ അത്ഭുതപ്പെടാനില്ല. നോവലിലെ ഒരു ഭാഗം നോക്കുക: According to Ellis, women are fascinated by male strength, but they have no opinions about male beauty. Insensitive almost to the point of being blind, they have a discerning eye for male beauty not greatly different from that of the normal male. Sensitivity to the peculiar beauties of the male is the exclusive property of the homosexual. The establishment of the system of male beauty in Greek sculpture in the field of aesthetics had to wait for the advent of win. Ckelman who was a homosexual (Page 94 Penguin Books).

ജന്മനാ സ്വവര്‍ഗ്ഗാനുരാഗിയായ മിഷീമ നോവലുകളില്‍ അതാവിഷ്കരിച്ചതില്‍ വിസ്മയിക്കാനൊന്നുമില്ല. പക്ഷേ ആ സ്ഫുടീകരണത്തില്‍ മൗലികത്വമുണ്ടെന്നു ധരിക്കരുത്. ജര്‍മ്മന്‍ ആര്‍ക്കിയോളജിസ്റ്റും കലാ ചരിത്രകാരനുമായ വിങ്ങ്കല്‍മാനെ വരെ മനസ്സിലാക്കിയ മിഷീമ പാശ്ചാത്യ സംസ്കാരചരിത്രത്തില്‍ അവഗാഹമുള്ള ആളായിരുന്നു. മിഷീമായ്ക്കും വളരെക്കാലം മുമ്പ് സ്വവര്‍ഗ്ഗരതി സാഹിത്യത്തിലെ പ്രതിപാദ്യവിഷയമായി ബ്ഭവിച്ചിരുന്നു. ജര്‍മ്മന്‍ കവി ഷ്ടെഫാന്‍ ഗേഓര്‍ഗെ (Stefan Ge orge 1868-1933) പതിനാറു വയസ്സുണ്ടായിരുന്ന മാക്സിമിന്‍ എന്ന ബാലനെക്കണ്ട് കാമത്തില്‍ വീണു. “Youth in that unbroken fulness and purity that can still move mountains” എന്നാണു് കവി ആ കുട്ടിയെ വഴ്ത്തിയത്. മാക്സിമിന്‍ കുട്ടിയായിരിക്കത്തന്നെ അന്തരിച്ചു. വിഷാദമഗ്നനായ ഗേഓര്‍ഗെ The Seventh Ring എന്ന കാവ്യം 1907-ല്‍ പ്രസിദ്ധീകരിച്ചു. ബാലന്റെ മരണത്തെക്കുറിച്ച് കവി പറയുന്നു:

The forest shivers
In vain it clothed itself in leaves of spring
The field your foot made consecrate is numb
And cold without the sun you bring.

The fragile blades on hilly pastures quiver
For now you never come

തോമസ് മന്നിന്റെ വിശ്വവിഖ്യാതമായ ചെറിയ നോവല്‍ “വെനീസിലെ മരണ”ത്തിനു് പ്രചോദനം നല്‍കിയത് ഗേഓര്‍ഗെയുടെ ഈ സ്വവര്‍ഗ്ഗരതിയാണെന്നു തോന്നുന്നു. പ്രസിദ്ധനായ ഒരു ജര്‍മ്മന്‍ സാഹിത്യകാരന്‍ വെനീസില്‍വച്ച് പതിന്നാലു വയസ്സുള്ള ഒരു ബാലനെ കാണുന്നു. കാമിക്കുന്നു. ആ വികാരത്തിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് സാഹിത്യകാരന്‍ മരിക്കുന്നു. മഹനീയമായ ട്രാജഡിയുടെ ശക്തി ആവഹിക്കുന്ന ഈ കൊച്ചു നോവല്‍ നിസ്തുലമായ കലാസൃഷ്ടിയാണ്. മന്നിന്റെ ചെറിയ നോവലും ഗേഓര്‍ഗെയുടെ കവിതയും വയിക്കുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ബീഭാത്സാവസ്ഥ നമുക്കനുഭവപ്പെടുന്നില്ല. കലയുടെ മാന്ത്രികശക്തിയാണു് അതിനു കാരണം. നിത്യജീവിതത്തിലെ സ്വവര്‍ഗ്ഗാനുരാഗം കുത്സിതമാണല്ലോ. എന്നാല്‍ അതും അങ്ങനെ തീര്‍ത്തു പറയാമോ? ഹോമോ സെക്‍ഷ്വാലിറ്റിക്ക് ആ രീതിയില്‍ ഗര്‍ഹണീയത ഇല്ലെന്നാണു് ആധുനികരുടെ അഭിപ്രായം. മതപരങ്ങളായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍പോലും സ്വവര്‍ഗ്ഗരതിയില്‍ ഒരു തെറ്റുമില്ലെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു. ജസ്യൂട്ട് പാതിരിയായ ജോണ്‍ ജെ. മക്നീല്‍ The Church and the Homesexual എന്നൊരു ഗ്രന്ഥമെഴുതി. അതിന്റെ പ്രസിദ്ധീകരണത്തിനുള്ള സമ്മതം റോമില്‍നിന്നു വരാന്‍ രൻടുകൊല്ലം കാത്തിരിക്കേണ്ടിവന്നു ഗ്രന്ഥകാരനു്. ഗ്രന്ഥം പ്രസാധനം ചെയ്തു് രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ റോം ആദ്യം നല്‍കിയ സമ്മതം പിന്‍വലിച്ചു. പാതിരിമാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഹോമോ സെഎക്സ്ഷ്വാലിറ്റി ആകാമെന്നാണു് മക്നീല്‍ പ്രസ്താവിക്കുന്നതു്. സ്വവര്‍ഗ്ഗരതി ഈശ്വരേച്ഛയ്ക്കു യോജിച്ചതുതന്നെയാണെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. We are born male and female, we become men or women by a process of education that is unconscious for the most part. We now know from psychology that a homosexual phase is a normal phase of the sexual maturing Process. ഇങ്ങനെ വാദിച്ചുവാദിച്ചു് ഈശ്വരന്റെ “ദൃഷ്ടിയില്‍” ഹോമോ സെക്ഷ്വാലിറ്റിയെക്കാള്‍ പാവനമായി വേറൊന്നുമില്ലെന്നുവരെ ഈ ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നുണ്ടു്. ജോണ്‍ മക്നീലിനെ പലരും ധീരപുരുഷനായി വിശേഷിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ വിജാതീ ലൈംഗീകബന്ധം — സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം — അനിയതമായി പരിഗണിക്കപ്പെടുകയില്ലെന്നു് ആര്‍ക്കു പറയാന്‍ സാധിക്കും?