close
Sayahna Sayahna
Search

കലാകാരന്റെ അപരാധബോധം


കലാകാരന്റെ അപരാധബോധം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

‘കലാകാരന്റെ അപരാധബോധം’ എന്ന ആശയത്തിനു് ഈ ശതാബ്ദത്തില്‍ പ്രാധാന്യം വന്നിരിക്കുന്നു.Kunstlerschuld-കുണ്‍സ്ലരഷൂള്‍റ്റ് എന്നാണു് ഇതിനുള്ള ജര്‍മ്മന്‍ പദം. കുണ്‍സ്ലര്‍ എന്നാല്‍ കലാകാരനെന്നും Schuld എന്നാല്‍ കുറ്റമെന്നും അര്‍ത്ഥം. കലയ്ക്കു സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും ആ നിലയ്ക്കു കലാപ്രക്രിയ തികച്ചും പ്രയോജനരഹിതമാണെന്നും ചിലര്‍ വിശ്വസിക്കുന്നു. കലാകാരന്റെ സ്വാര്‍ത്ഥാഭിലാഷങ്ങളുടെ സാഫല്യത്തിനുമാത്രം പ്രയോജകീഭവിക്കുന്ന ഈ പ്രക്രിയയില്‍ അഭിരമിക്കുന്നതു തെറ്റാണെന്നാണു് അവരുടെ മതം. ഈ തോന്നല്‍ പണ്ടുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു് ഇതിനു് പരമപ്രാധാന്യം സിദ്ധിച്ചിരിക്കുന്നു.

പ്രവര്‍ത്തനത്തിനു് പ്രതിപ്രവര്‍ത്തനമുണ്ടു്. പ്രതിബദ്ധ സാഹിത്യത്തിനു് — Committed Literature — ഇന്നു പ്രാമുഖ്യമുണ്ടല്ലോ. സമൂഹത്തിലെ സംഘട്ടനങ്ങളും അതിന്റെ സവിശേഷതയാര്‍ന്ന വിഷയങ്ങളും കലയിലൂടെ ആവിഷ്കരിക്കാന്‍ കലാകാരന്‍ നിര്‍ബദ്ധനാണു് എന്ന വിചാരഗതിയാണു് പ്രതിബദ്ധ സാഹിത്യത്തിനു മാര്‍ഗ്ഗം തെളിച്ചതു്. ഏതാശയവും അത്യന്തതയിലെത്തിയാല്‍ അതിന്റെ വിപരീതഭാവം ആവിര്‍ഭവിക്കും.

സാഹിത്യത്തിനു് പ്രയോജനമുന്റെന്നു ഒരു കൂട്ടര്‍ ശക്തിയോടെ വാദിച്ചപ്പോള്‍ പ്രയോജനമില്ലെന്നു വേറൊരു കൂട്ടര്‍ വാദിക്കാന്‍ തുടങ്ങി. അവരുടെ നേതാക്കന്മാരാണു് റില്‍ക്കെ, മന്‍, ബ്രോക്ക, റൈഡിങ്ങ് എന്നിവര്‍. ആസ്ത്രിയന്‍ കവിയായ റൈനര്‍ മാറീയ റില്‍ക്കെ (Rainer Maria Rilke)‘കല ആവശ്യത്തില്‍ കവിഞ്ഞതാണു്. കലയ്ക്കു മുറിവുണക്കാന്‍ കഴിയുമോ? മരണത്തിന്റെ കയ്പ് ഇല്ലാതാക്കാന്‍ പറ്റുമോ?’ എന്നൊക്കെ ചോദിച്ചു. ഡോക്ടറായി കഴിഞ്ഞാല്‍ മതി കവിയാകേണ്ടതില്ല എന്നു് അദ്ദേഹം തീരുമാനിച്ചു. പൊടുന്നനവേ ഉണ്ടായതല്ല ഈ മാനസിക നില, റില്‍ക്കെ ഈ ചോദ്യം ചോദിക്കുന്നതിനു വളരെ മുമ്പെഴുതിയ കവിതയാണു് Panther — പുള്ളിപ്പുലി — എന്നതു്. തന്റെ ആന്തരമായ ദര്‍ശനവും (Vision) ബാഹ്യലോകത്തിന്റെ വിനാശാത്മകമായ സ്വഭാവവും തമ്മിലുള്ള സംഘട്ടനം അദ്ദേഹം ഈ കവിതയില്‍ ആവിഷ്കരിക്കുന്നു.

His gaze those bars keep passing is so misted
with tiredness, it can take nothing more
He feels as though a thousand bars existed;
and no more world beyond them than before
…….
Just now and then the pupils noiseless shutter
is lifted-then an image will indart,
down through the limbs’ intensive stillness flutter,
and end its being in the heart.

ഇതിലെ പുള്ളിപ്പുലി കവിതന്നെ. അദ്ദേഹം പുലിയെപ്പോലെ ഇരുമ്പഴിക്കുള്ളില്‍ വസിക്കുന്നു. കമ്പികള്‍ക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ചു് ചിലപ്പോള്‍ ഒരു ചിത്രം അദ്ദേഹത്തിനു ലഭിക്കും. പക്ഷേ നൈരാശ്യം അതിനെ ഉടനെതന്നെ തച്ചുടയ്ക്കുന്നു. ഈ വൈരുദ്ധ്യം നിലവിലിരിക്കുമ്പോള്‍ കവിതകൊണ്ടെന്തു പ്രയോജനം? ആ ചിന്താഗതിയുടെ പരകോടിയില്‍ ചെന്നുനിന്നുകൊണ്ടാണു് റില്‍ക്കെ കലയുടെ വ്യര്‍ത്ഥതയെക്കുറിച്ചു് ഉദ്ഘോഷണം നടത്തിയതു്.

പ്രശസ്തയായ അമേരിക്കന്‍ കവിയിത്രിയാണു് ലോറ റൈഡിങ്. പരിപൂര്‍ണ്ണസത്യത്തിലെത്തിച്ചേരാന്‍ കവിതയ്ക്കു കഴിയുകയില്ലെന്നു കണ്ടു് അതിനെ അവര്‍ നിരസിച്ചുകളഞ്ഞു. “Poetry had no provision in it for ultimate practical attainment of that rightness of word that is truth” — എന്നാണു് അവര്‍ പ്രഖ്യാപിച്ചതു്. കലാപരമായി വാക്കുകള്‍ പ്രയോഗിക്കുന്നതിലുള്ള മിഥ്യാഗര്‍വ്വത്തെ ലോറ റൈഡിങ് പലപ്പോഴും പുച്ഛിച്ചിരുന്നു. അവരുടെ ഏതു കവിതയും പരിശോധിക്കു. കവിതയുടെ വ്യര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുള്ള പ്രത്യക്ഷങ്ങളും പരോക്ഷങ്ങളും ആയ പരാമര്‍ശങ്ങള്‍ കാണാം. ‘മുഖാവരണം’ എന്ന പേരില്‍ അവരെഴുതിയ കവിതയില്‍ ലോകത്തിന്റെ കാപട്യവും വൈരൂപ്യവും സ്ഫുടീകരിക്കപ്പെടുന്നു. കവിതാ രചനയുടെ വിഫലതയും അവിടെ വ്യഞ്ജിക്കുന്നുണ്ടു്. ആ കാവ്യം-മുഖാവരണം എന്ന കാവ്യം അവസാനിക്കുന്നതു്-ഇങ്ങനെയാണു്.

“Is there no pure then?
The eternal taint wears beauty like a mask
But a mask eternal”

കലയുടെ വ്യര്‍ത്ഥതയെക്കുറിച്ചു് കലാകാരനു സമുദായം കല്പിക്കുന്ന പ്രാധാന്യത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ചു് അത്യന്തസുന്ദരങ്ങളായ നോവലുകളും കൊച്ചു നോവലുകളും രചിച്ച മഹാനായ ജര്‍മ്മന്‍ സാഹിത്യകാരനാണു് തോമസ് മൻ അദ്ദേഹത്തിന്റെ Tonio Kroger എന്ന കൊച്ചു നോവലില്‍ പ്രധാന കഥാപാത്രമായ റ്റോണിയോ കലാകാരന്റെ നിഷ്പ്രയോജന സ്വഭാവത്തിനു പ്രാതിനിധ്യം വഹിക്കുന്നു. റ്റോണിയോ ഒരു പെൺകുട്ടിയോടു പറയുകയാണു്. To see things clear, if even through you tears, to recognize notice, observe and have, to put it all down with a smile at the very moment when hands are clinging, and lips meeting and the human gaze is blinded with feeling it is infamous, indecent, outrageous...”

മനുഷ്യന്റെ നോട്ടം വികാരത്താല്‍ അന്ധമായി ബ്ഭവിക്കുമ്പോള്‍ മന്ദഹാസത്തോടെ സര്‍ഗ്ഗ പ്രക്രിയയില്‍ മുഴുകുന്നതു് നിന്ദ്യമാണു്, അന്തസ്സില്ലായ്മയാണു്, അക്രമപരമാണു് എന്നത്രെ മന്നിന്റെ അഭിപ്രായം. കലാകാരന്‍ വഞ്ചകനാണെന്നുവരെ തോമസ്‌ മന്‍ ഈ കഥയില്‍ പറഞ്ഞിരിക്കുന്നു.

മന്നിന്റെ ഡോക്ടര്‍ ഫൗസ്റ്റസ് അനാദൃശ്യമായ നോവലാണു്. ഗാനരചയിതാവായ ഏഡ്രിയന്‍ ലീവര്‍കൂണിന്റെ കഥ അയാളുടെ ഒരു സുഹൃത്തു് പറയുന്ന മട്ടിലാണു് ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളതു്. സിഫിലിസ് പിടിച്ച ഒരു പെണ്‍കുട്ടിയുമായി കരുതിക്കൂട്ടി ലൈംഗികവേഴ്ച നടത്തി ആ രോഗം തന്നിലേക്കു പകര്‍ത്തിയെടുക്കുന്ന ഏഡ്രിയനെയാണു് ഇതില്‍ നാം കാണുക. ഈ രോഗം പിടിപെട്ടതിനുശേഷം അയാളുടെ പ്രതിഭയ്ക്കു വികാസം ലഭിച്ചു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇറ്റലിയില്‍ വച്ചു് ഈ ഗാനരചയിതാവിനു് പിശാചുമായി സാങ്കല്പിക സമാഗമം ഉണ്ടാകുന്നു. അപ്പോള്‍ ആത്മാവ് വിറ്റിട്ടു് ഇരുപത്തിനാലു കൊല്ലത്തെ ഉജ്വലമായ കലാജീവിതം അയാള്‍ പകരംവാങ്ങുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. 1930-ല്‍ ഒരു ദിവസം ഏഡ്രിയന്‍ സംഗീതക്കച്ചേരി നടത്താന്‍ സന്നദ്ധനായി. ഗാനോപകരണത്തിന്റെ ഒരു കമ്പിയില്‍ ഒന്നു തൊട്ടു. അതോടെ അയാള്‍ ബോധശൂന്യനായി നിലംപതിക്കുകയും ചെയ്തു. പിന്നീടു് പത്തുകൊല്ലം ഭ്രാന്തനായി അയാള്‍ ഈ ലോകത്തു കഴിഞ്ഞുകൂടി. പിശാചിന്റെ സഹായത്തോടെ മഹായശസ്കനായി ബ്ഭവിച്ച കലാകാരനാണു് ഏഡ്രിയന്‍. ആ കലാവൈഭവമോ? അതു് സിഫിലിസാണു് പ്രധാനംചെയ്തതു്.

കലയ്ക്കുവേണ്ടി രോഗം പകര്‍ത്തിയെടുക്കുകയും ആത്മാവ്, വില്ക്കുകയും ചെയ്ത ഏഡ്രിയന്‍ ഈ ശതാബ്ദത്തിലെയെന്നല്ല എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്കു പ്രാതിനിധ്യം വഹിക്കുകയില്ലേ? തോമസ് മന്നിന്റെ ഉത്തരം.

മന്നിന്റെ സമകാലികനായിരുന്നു ഹെര്‍മന്‍ബ്രോക്‌ഹ്. ആസ്ത്രിയന്‍ നോവലിസ്റ്റായ അദ്ദേഹത്തിനു് സദൃശ്യനായി മറ്റൊരു നോവലിസ്റ്റില്ല. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ The Death of Virgil-‘വെര്‍ജിലിന്റെ മരണ’ത്തിനു സദൃശ്യമായി മറ്റൊരു നോവലുമില്ല. ഗദ്യകാവ്യം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ കലാശില്പം കലയുടെ അനര്‍ത്ഥകത്വത്തേയും കലാകാരന്റെ ക്ലീബതയേയും വ്യക്തമാക്കിത്തരുന്നു. വെര്‍ജില്‍ റോമാ ചക്രവര്‍ത്തിയുടെ കവിയാണു്. അദ്ദേഹം ആ ചക്രവര്‍ത്തിയോടുകൂടി ഗ്രീസിലെ ഏതന്‍സ് നഗരത്തില്‍നിന്നു് ഇറ്റലിയിലെ ബ്രിന്‍ഡീസിപ്പട്ടണത്തിലേക്കു വന്നു. രചന പൂര്‍ണ്നമാകാത്ത ഇനീഡിന്റെ കൈയെഴുത്തുപ്രതി വെര്‍ജില്‍ കൊണ്ടുവന്നിട്ടുണ്ടു്. അതു നശിപ്പിച്ചുകളയാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കലയെന്നത് കപടദൈവതമാണു്. അതിനു സേവനമനുഷ്ഠിച്ചു് അനുഷ്ഠിച്ചു താന്‍ ജീവിതത്തെ ശൂന്യമാക്കിയെന്നു് വെര്‍ജില്‍ വിശ്വസിച്ചു. Knowledge of beauty was lack of knowledge, perception of beauty was lack of perception-സൗന്ദര്യത്തെക്കുറിച്ചുള്ള ജ്ഞാനം ജ്ഞാനമില്ലായ്മയാണു് സൗന്ദര്യാവഗമനം അവഗമനമില്ലായ്മയും — എന്നാണു് വെര്‍ജിലിന്റെ മതം. ജീവിതത്തെ ഉപേക്ഷിച്ചു് സൗന്ദര്യത്തെ അന്വേഷിച്ചുപോകുന്ന കലാകാരന്‍ ഏകാന്തതയുടെ ദുഃഖമനുഭവിക്കുകയാണു്. അതുകൊണ്ടു് ഇനീഡ് മഹാകാവ്യം തനിക്കു മുമ്പേ പോകണമെന്നു് വെര്‍ജില്‍ കരുതുന്നു. അയാര്‍ത്ഥമായതു് ഒന്നും നിലനില്ക്കാന്‍ പാടില്ലല്ലോ അതുകൊണ്ടു് ‘ഇനീഡ് ചുട്ടെരിക്കൂ’ എന്നു് അദ്ദേഹം ഉറക്കെപ്പറഞ്ഞു. കലാകാരന്റെ കുറ്റബോധം സാന്ദ്രതയാര്‍ന്ന അവസ്ഥയില്‍ പ്രത്യക്ഷമാകുകയാണു് ഈ നോവലില്‍.

ഈ ആശയത്തിനു നവീനതയില്ലെന്നും പ്രാചീനകാലത്തുതന്നെ ഇങ്ങനെയൊരു ചിന്താഗതി ഉണ്ടായിരുന്നുവെന്നും സൂചിപ്പിച്ചല്ലോ. പ്ലേറ്റോയുടെ ഗ്രന്ഥങ്ങളില്‍ കലാകാരന്റെയും കലയുടെയും അസാരതയെക്കുറിച്ചു് സുവ്യക്തങ്ങളായ പരമാര്‍ശങ്ങളുണ്ടു്. വസ്തുക്കളുടെ മുമ്പില്‍ കണ്ണാടി കൊണ്ടുവച്ചു് പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതുപോലെയാണു് ചിത്രകാരന്‍ പ്രവര്‍ത്തിക്കുന്നതെന്നു പ്ലേറ്റോ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം കട്ടിലാവട്ടെ. കട്ടിലെന്ന ആശയം ഈശ്വരന്റേതാണു്. ആ ആശയത്തെ ചിത്രകാരന്‍ ചിത്രീകരിക്കുന്നതു്. ആ ആശയം മനസില്‍ വച്ചുകൊണ്ടു് ആശാരി നിര്‍മ്മിച്ച കട്ടിലിനെയാണു് ചിത്രകാരന്‍ കാന്‍വാസില്‍ പകര്‍ത്തുക. അങ്ങനെ നമുക്കു മൂന്നു കട്ടിലുകള്‍ കിട്ടുന്നു. ഈശ്വരന്റെ ആശയമായ കട്ടില്‍, ആശാരി നിര്‍മ്മിച്ച കട്ടില്‍, ചിത്രമെന്ന കട്ടില്‍. ചിത്രകാരനു് സത്യത്തെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ സ്ഥാനമേയുള്ളു. ഈ അനുകരണത്തിനു് ജ്ഞാനം ആവശ്യമില്ല. കവികളുടെ കൃതികളെല്ലാം ഇമ്മട്ടില്‍ അനുകരണങ്ങളത്രേ. കലയും കലാകാരനും ഈ വിധത്തില്‍ സത്യത്തില്‍നിന്നു് മാറിനില്ക്കുന്നതിനാല്‍ രണ്ടിനും പ്രാധാന്യമില്ലെന്നാണു് പ്ലേറ്റോയുടെ വാദം. പ്ലേറ്റോ ‘ആശയത്തിന്റെ പ്രധാന ധര്‍മ്മ’ത്തിനു് ഊന്നല്‍ നല്കുകയാണെന്നും കലയെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചിലര്‍ പറയുന്നു. പ്ലേറ്റോയുടെ Laws എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ എടുത്തു കാണിച്ചു് കലയ്ക്കു മാന്യമായ സ്ഥാനം അദ്ദേഹം നല്കിയിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ കലയ്ക്കും കലാകാരനും പ്ലേറ്റോ പ്രാധാന്യം കല്പിക്കുന്നില്ലെന്നു് ആദ്യമായി അഭിപ്രായപ്പെട്ടതു് അരിസ്റ്റോട്ടലാണെന്ന സത്യം ഇക്കൂട്ടര്‍ വിസ്മരിക്കുന്നു. പ്ലേറ്റോയുടെ ശിഷ്യന്‍ അരിസ്റ്റോട്ടല്‍ പറയുന്നതാണോ ശരി അതോ രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിലുള്ളവര്‍ പറയുന്നതാണോ ശരി? അരിസ്റ്റോട്ടലിന്റെ വാദഗതിയെ അംഗീകരിച്ചുകൊണ്ട്, പ്ലേറ്റോ കലയ്ക്കും കലാകാരനും മാന്യമായ സ്ഥാനം കല്പിച്ചില്ലെന്നു നമുക്കു് വിശ്വസിക്കാം.

എന്നാല്‍ ഇന്നത്തെ ചിന്താഗതിക്കു വ്യത്യസ്തതയുണ്ടു്. തന്റെ ‘മാതൃകാ റിപ്പബ്ലി’ക്കില്‍നിന്നു് പ്ലേറ്റോ കലാകാരന്മാരെ നിഷ്കാസനം ചെയ്തതിനുള്ള കാരണങ്ങള്‍ ഇന്നുള്ള കാരണങ്ങളില്‍ നിന്നു് വിഭിന്നങ്ങളാണു്. ഇരുപതാം ശതാബ്ദത്തില്‍ വന്ന വിസ്മയാവഹങ്ങളായ പരിവര്‍ത്തനങ്ങളാണു്, കല, കലാകാരന്‍ ഈ രണ്ടിനും അസാരത കല്പിക്കുവാന്‍ ഇന്നത്തെ കലാകാരന്മാരെ പ്രേരിപ്പിക്കുന്നതു്.

മനുഷ്യന്‍ ഇന്നു ലോകത്തിനു് എതിരായി വര്‍ത്തിക്കുകയാണു്. അന്യവല്കരണവും ഏകാന്തതയും അവനെ പീഡിപ്പിക്കുന്നു. ഈശ്വരന്‍ മരിച്ചു എന്നു് അവന്‍ വിശ്വസിക്കുന്നു. വിപ്ലവത്തിനും ചോരചിന്താനും അവന്‍ സന്നദ്ധനാണു്. എല്ലാം മാറുകയാണു്. പലതും തകര്‍ന്നു കഴിഞ്ഞു. പാവനങ്ങളെന്നു കരുതപ്പെട്ട മൂല്യങ്ങളും കലാമൂല്യങ്ങളും അപ്രത്യക്ഷങ്ങളായിരിക്കുന്നു. അങ്ങനെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ല. കലാകരനു് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാനാവില്ല എന്ന ചിന്താഗതി സംജാതമായിരിക്കുന്നു. റില്‍ക്കെ, ബ്രോകഹ, തോമസ്‌ മന്‍, ലോറഡൈംഗ് ഇവരുടെ കൃതികളില്‍ നാം ദര്‍ശിക്കുന്നതു് ഈ വിചാരഗതി തന്നെയാണു്.

ഫ്രഞ്ചെഴുത്തുകാരി നത്താലിസറോട്ടിന്റെ കൃതികളില്‍ കലയുടെ പാവനത്വം തകര്‍ന്നു വീഴുന്ന കാഴ്ച അനുവാചകനു ദര്‍ശിക്കാം. ഇതു് ഒരു താല്ക്കാലിക ചിന്താഗതിയല്ലേ? കലയുടെ നിസ്സാരതയെ വ്യക്തമാക്കിത്തരാന്‍ മന്നു്, ബ്രോക്‌ഹും എഴുതിയ നോവലുകള്‍ ഈ ശതാബ്ദത്തില്‍ ഉത്കൃഷ്ടങ്ങളായ കലാശില്പങ്ങളല്ലേ? ആ വൈരുദ്ധ്യം തന്നെ ആ രണ്ടു സാഹിത്യകാരന്മാരുടെയും അഭിപ്രായത്തിന്റെ അസാധുതയെയല്ലേ വിളംബരം ചെയ്യുന്നതു്? ഈ ചോദ്യങ്ങളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടു്. അവയ്ക്ക് ഉത്തരം നല്കാതെ ഈ ലേഖനം അവസാനിപ്പിക്കട്ടെ.