close
Sayahna Sayahna
Search

സര്‍റീയലിസം


സര്‍റീയലിസം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

സര്‍റീയലിസമെന്നാല്‍ എന്തു്? അതിന്റെ സവിശേഷതകള്‍ എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് സമാധാനം നല്കുന്നതിനു മുന്‍പു് സര്‍റീയലിസത്തിന്റെ ഉപജ്ഞാതാക്കളും ഉദ്ഘോഷകന്മാരും ആ പ്രസ്താനത്തെ എങ്ങനെ നിര്‍വ്വചിക്കുന്നുവെന്നു നോക്കാം.

“സര്‍റീയലിസം ഒരു രീതിയല്ല, (Style) അതൊരു സാഹിത്യപ്രസ്ഥാനമോ ചിത്രലേഖനമോ ചിത്രലേഖന പ്രസ്താനമോ അല്ല; അതു് രസജ്ഞാനശാസ്ത്രവുമല്ല.”

(ഡേവിഡ് ഗാസ്കോയിന്‍ — Short survey of surrealism)

ഹെര്‍ബര്‍ട്ടു് റീഡ് (Hervert Read) ആ നിര്‍വ്വചനത്തെ ഇപ്രകാരം പൂര്‍ണ്ണമാക്കുന്നു.

“അതിനെ ഒരു പക്ഷേ ജീവിതദര്‍ശനമെന്നു് വിളിക്കാം” (H. Read, A coat of many colours, Page 196). “സര്‍റീയലിസം: ചിന്തയുടെ യഥാര്‍ത്ഥമായ പ്രവര്‍ത്തനത്തെ വാചികമായോ രേഖാമൂലമായോ മറ്റു മാര്‍ഗ്ഗങ്ങളാലോ പ്രകാശിപ്പിക്കുന്ന മാനസികമായ സ്വയം പ്രേരിതരചനാവിന്യാസം (Psychic automatism). രസബോധനിഷ്ഠവും (aesthetic) സാന്മാര്‍ഗ്ഗികവുമായ എല്ലാ കാര്യങ്ങളില്‍നിന്നു ബാഹ്യമായുള്ളതും യുക്തിയുടെ (reason) സകല നിയന്ത്രണങ്ങളുടെയും അഭാവത്തിലുള്ളതുമായ ചിന്തയുടെ ആജ്ഞാപനം.”

(ആന്ദ്രേ ബ്രട്ടാങ്, സര്‍റീയലിസത്തിന്റെ ആദ്യത്തെ പ്രകടനപത്രിക)

“ചിത്തഭ്രമത്തിനു് ഒട്ടും താഴെയല്ലാതെയുള്ള ഒരവസ്ഥയെ വീണ്ടും സൃഷ്ടിക്കുന്നതിനു് സര്‍റീയലിസം ഇപ്പോള്‍ ശ്രമിക്കുന്നു. ഭ്രാന്തിന്റെ സീമവരെ നമ്മെ കൊണ്ടുപോകുന്നതിനും സമുദായം ഭ്രാന്താലയത്തില്‍ അടച്ചിടുന്നവരുടെ അവ്യവസ്ഥിതമായ മനസ്സില്‍ നടക്കുന്നതെന്തെന്നു് നമ്മേ അറിയിക്കുന്നതിനുമാണു് അതിനു് (സര്‍റീയലിസത്തിനു്) ആഗ്രമുള്ളതു്.”

ഒരു ഫ്രഞ്ചു് നിരൂപകന്‍

“കലാകാരന്‍ — അയാള്‍ കവിയോ, മിസ്റ്റിക്കോ, ചിത്രമെഴുത്തുകാരനോ ആകട്ടെ — ഗ്രഹണശക്തിക്കു് സ്പഷ്ടവും സ്വതന്ത്ര വിശദീകരണത്തിനു് സമര്‍ത്ഥവുമായതിനുവേണ്ടി പ്രതിരൂപത്തെ അന്വേഷിക്കാറില്ല. ജീവിതം,പ്രത്യേകിച്ചും മാനസികജീവിതം രണ്ടു മണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നുവെന്നു് അയാള്‍ മനസ്സിലാക്കുന്നു. ഒന്നു് സ്ഥൂലവിശദരൂപങ്ങളില്‍ നിശ്ചിതവും പ്രത്യക്ഷവും; മറ്റതു് (ഒരു പക്ഷേ ജീവിതത്തിന്റെ ഏറിയ പങ്കും) നിഗൂഢവും അവ്യക്തവും അനിശ്ചിതവും. മനുഷ്യന്‍ മഞ്ഞുകട്ടിപോലെ കാലത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ബോധാവസ്ഥയുടെ (consciousness) നിരപ്പിനു മുകളില്‍ ഭാഗികമായിട്ടുമാത്രം ഒഴുകുകയാണു്. നിഗൂഢമായ സത്തയുടെ ചില പരിമാണങ്ങളും പ്രത്യേകതകളും പരീക്ഷിക്കുകയും ഗ്രഹിക്കുകയും ചെയ്യുക എന്നതു് സര്‍റീയലിസ്റ്റിന്റെ ലക്ഷ്യമാണു്. ഇതിനുവേണ്ടി അയാൾ പലതരത്തിലുള്ള സിംബോളിസവും ആശ്രയിക്കുന്നു.” (ഹെര്‍ബര്‍ട്ടു് റീഡ്, The meaning of Art, Pelican edition, Pages 167–168.)

“കല ഇന്നു്” (Art now) എന്ന ഗ്രന്ഥത്തില്‍ ഈ നിര്‍വ്വചനത്തിന്റെ അവസാനഭാഗത്തെ റീഡ് ഇങ്ങനെ മാറ്റിയിട്ടുണ്ടു്. “ഇതിനുവേണ്ടി അയാള്‍ സ്വപ്നങ്ങളുടെ പ്രധാനപ്പെട്ട ചിത്രപരമ്പരകളെയും (imagery) മനസ്സിന്റെ സ്വപ്നസദൃശമായ അവസ്ഥകളെയും ആശ്രയിക്കുന്നു.”

മനഃശാസ്ത്രത്തിലും പ്രത്യേകിച്ചു് ഫ്രായിറ്റിന്റെ മാനസികാപഗ്രഥന സിദ്ധാന്തങ്ങളിലും (Theory of psycho-analysis) ഒരു സാമാന്യജ്ഞാനമെങ്കിലും സിദ്ധിച്ചവര്‍ക്കേ ഈ നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. സര്‍റീയലിസത്തിന്റെ ജനനംതന്നെ ഫ്രായിറ്റിന്റെ സിദ്ധാന്തങ്ങളില്‍ നിന്നാണെന്നു് വരുമ്പോള്‍ ആ സിദ്ധാന്തങ്ങളെക്കുറിച്ചു് അറിയുകയെന്നതു് അത്യന്താപേക്ഷിതമായും തീരുന്നു.

ബോധമനസ്സ്, (Conscious mind) ഉപബോധമനസ്സ്, (Pre conscious mind) അബോധമനസ്സ് (Unconscious or Subconscious mind) ലൈംഗികശക്തി (libido) ഗുണദോഷ വിവേചനം (censorship) എന്നിവ ഫ്രായിറ്റിന്റെ മനഃശാസ്ത്രത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണു്. ബാഹ്യലോകവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മനസ്സിന്റെ ഭാഗത്തെയാണു് ബോധമനസ്സു് എന്നു പറയുന്നതു്. വുക്തിയുടെ ഭൂതകാലാനുഭവങ്ങളും പ്രേരണകളും (impulses) സംഭരിച്ചിരിക്കുന്ന സ്ഥലമാണു് ഉപബോധമനസ്സ്. അവിടെയുള്ള കാര്യങ്ങള്‍ വ്യക്തിക്ക് അജ്ഞാതമാണു്. എന്നാല്‍ വേണമെങ്കില്‍ അവ ബോധമനസ്സിലേക്ക് വരും. അല്‍പം ശ്രമിച്ചാല്‍ മതി. ബോധമനസ്സിനും അബോധമനസ്സിനും ഇടയ്‌ക്കുള്ള ഭാഗമാണു് ഈ ഉപബോധമനസ്സ്. ചിരപരിചിതങ്ങളായ ചില പേരുകളും തീയതികളും മറ്റും താല്ക്കാലികമായി നാം മറന്നുപോകാറുണ്ടല്ലോ? അവ പൊടുന്നനവെ നമ്മുടെ സ്മൃതിപഥത്തില്‍ വന്നുചേരും. സാഹചര്യപരങ്ങളായ മറ്റുചില ആശയങ്ങളാണു് അവയെ ബോധമനസ്സില്‍ കൊണ്ടുവരുന്നതു്. ഇങ്ങനെ താല്ക്കാലികമായി വിസ്മരിക്കപ്പെടുന്ന പേരുകളും മറ്റും ഉപബോധമനസ്സില്‍ ഇരിക്കുകയാണു്. മനസ്സിന്റെ ബോധാത്മകമല്ലാത്ത ഭാഗമാണ് അബോധമനസ്സ്. നമ്മുടെ ജന്മവാസനകള്‍ അടങ്ങിയിരിക്കുന്ന വിപുലവും അഗാധവുമായ ഒരു ഭാഗമാണതു്. ഡോക്ടര്‍ ജി. സ്റ്റാന്‍ലി ഹാള്‍ (G. Stanely Hall) മനസ്സിനെ വെള്ളത്തിലൊഴുകുന്ന ഒരു മഞ്ഞുകട്ടിയോടു് ഉപമിച്ചിട്ടുണ്ടു്.മഞ്ഞുകട്ടിയുടെ[1] എട്ടിലൊരുഭാഗം ജലത്തിനു മുകളിലാണെന്നിരിക്കട്ടെ. ഈ ഭാഗം ബോധമനസ്സിനു് സദൃശമാണ്. ജലത്തിനു് താഴെയുള്ള എട്ടില്‍ ഏഴുഭാഗവും അബോധമനസ്സിനു് തുല്യമായി കരുതാം. ജനനത്തിനു് ശേഷമുള്ള ഓരോ കാഴ്ചയും ശബ്ദവും വികാരവും ഈ അബോധമനസ്സില്‍ അടഞ്ഞുകിടക്കുകയാണ്. അവയെല്ലാം ബോധമനസ്സിനു് നഷ്ടപ്പെട്ടവയായിരിക്കാം. പക്ഷേ അബോധമനസ്സിനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നഷ്ടം സംഭവിക്കുകയേ ഇല്ല.

‘ലിബിഡോ’ എന്ന ശക്തിതന്നെയാണ് എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതു്. അതു് അബോധമനസ്സില്‍നിന്നു് പ്രേരണകളെ (impulses) മുകളിലേക്കു അയച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവയെല്ലാം ബോധമനസ്സിലേക്കു വരുന്നില്ല. സമുദായവും സന്മാർഗ്ഗവും അനുവദിക്കാത്ത കാര്യങ്ങൾ അബോധമനസ്സിൽനിന്നു് ഇങ്ങനെ ഉയർന്നുവരുമ്പോൾ അതിനെ താഴോട്ടു് അടിച്ചമർത്തുന്നു. ഈ പ്രവർത്തനത്തെയാണ് “ഗുണദോഷവിവേചനം” (censorship) എന്നു ഫ്രോയിറ്റു് വിളിക്കുന്നതു്. സി. ഇ. എം. ജോഡ് (C.E.M.Joad) നല്കുന്ന ഒരു ദൃഷ്ടാന്തംകൊണ്ടു് ഇതു് കൂടുതല്‍ വ്യക്തമാകും. മനുഷ്യമനസ്സ് രണ്ടു നിലയിലുള്ള ഒരു കെട്ടിടമാണെന്നു് സങ്കല്പിക്കുക. താഴത്തെ നിലയില്‍ ദുശ്ചരിതന്മാരായ ആളുകള്‍ താമസിക്കുകയാണു്; മുകളിലത്തെ നിലയില്‍ സന്മാര്‍ഗ്ഗചാരികളും. ഈ ദുശ്ചരിതന്മാര്‍ മുകളിലത്തെ നിലയിലേക്ക് പാഞ്ഞുചെല്ലുന്നുണ്ട്. പക്ഷേ അവരെ തടയാന്‍ രണ്ടാമത്തെ നിലയില്‍ ഒരു പോലീസ്സുകാരനെ നിറുത്തിയിരിക്കുന്നു. അയാള്‍ അവരെ ബലാല്ക്കാരമായി താഴത്തേക്കുതന്നെ പിടിച്ചുതള്ളുകയാണ്. ലൈംഗികശക്തിയും മറ്റും പ്രവര്‍ത്തിക്കുന്ന അബോധമനസ്സ് താഴത്തെ നിലയ്ക്കു തുല്യമാണ്. പോലീസുകാരന്റെ കൃത്യം ‘ഗുണദോഷവിവേചനത്തിനു്’ (censorship) സദൃശമായി കരുതാം. എന്നാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ പോലീസ്സുകാരന്റെ ദൃഷ്ടിയില്‍പ്പെടാതെ രണ്ടാമത്തെ നിലയില്‍ ചെന്നുചേര്‍ന്നേക്കാം. അങ്ങനെ സംഭവിച്ചുപോയാല്‍ അവരെ പരിഷ്കരിച്ചെടുക്കുക മാത്രമേ സാദ്ധ്യമാകയുള്ളു. ഒരു ലൈംഗികാശയം അബോധമനസ്സില്‍നിന്നു് ‘സെന്‍സറി’നെയും കടന്നു് ബോധമനസ്സില്‍ വന്നാല്‍ അതു് സംശോധിത രൂപത്തില്‍ (Sublimated form) പ്രത്യക്ഷപ്പെടുന്നു. അതിനും ഒരു ഉദാഹരണം ജോഡ് നല്കുന്നു. അയല്‍വീട്ടുകാരന്റെ ഭാര്യയുമായി ഒളിച്ചോടാനുള്ള അഭിലാഷം ചിലപ്പോള്‍ ഉപ്പിലിട്ട ചുവന്നുള്ളിയോടുള്ള വെറുപ്പായി രൂപാന്തരപ്പെടുന്നുവെന്നു വരാം (Guide to Modern thought എന്ന ഗ്രന്ഥം നോക്കുക).

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും വികാരങ്ങളും എല്ലാം ബോധാത്മകങ്ങളായ ചിന്തകളാലും ആഗ്രഹങ്ങളാലും മാത്രമല്ല ഭരിക്കപ്പെടുന്നതു്. ബോധമനസ്സില്‍ വരാന്‍ അനുവദിക്കപ്പെടാത്ത അപരിഷ്കൃതങ്ങളായ പ്രേരണകള്‍ക്കും (Impulses)അക്കാര്യത്തില്‍ അനിഷേധ്യമായ പങ്കുണ്ട്. പല പ്രേരണകളേയും പ്രതിരോധം ചെയ്യുന്നതുകൊണ്ടാണു് ‘ഹിസ്റ്റീരിയ’ തുടങ്ങിയ മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നതെന്നു് മനസ്സിലാക്കുമ്പോള്‍ അബോധമനസ്സിന്റെ പ്രാധാന്യം നമുക്കു ഗ്രഹിക്കാവുന്നതാണു്. അബോധമനസ്സിലെ ഈ ചിന്തകളും അഭിലാഷങ്ങളും സ്വപ്നങ്ങള്‍, ദിവാസ്വപ്നങ്ങള്‍, സര്‍ഗ്ഗാത്മകങ്ങളായ കലകള്‍ എന്നീ പ്രച്ഛന്നരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നു് ഫ്രായിറ്റ് വ്യക്തമാക്കി. അബോധാത്മകങ്ങളായ ഈ അഭിലാഷങ്ങളെ പ്രകാശിപ്പിച്ചെങ്കില്‍ മാത്രമേ കലയ്ക്കു പ്രയോജനമുണ്ടാകുകയുള്ളൂവെന്നു് സര്‍റീയലിസ്റ്റുകാര്‍ വിശ്വസിച്ചു. കലാസൃഷ്ടിയുടെ യഥാര്‍ത്ഥ പ്രഭവസ്ഥാനം അബോധമനസ്സാണു്. ബോധാത്മകമായ നിയന്ത്രണംകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ പാടില്ലെന്നു് അവര്‍ ശഠിച്ചു. ബോധപരമായ പ്രയത്നമോ നിയന്ത്രണമോ ഇല്ലാതെ പദങ്ങളെ പ്രവഹിക്കാന്‍ അനുവദിച്ചാല്‍, സാധാരണരീതിയില്‍ അര്‍ത്ഥശൂന്യങ്ങളാണെങ്കിലും വിചിത്രമായ ഒരാകര്‍ഷണശക്തിയുള്ള കവിതകള്‍ എഴുതാന്‍ സാധിക്കുമെന്നു് സര്‍റീയലിസ്റ്റുകള്‍ കണ്ടുപിടിച്ചു. കലാകാരന്റെ ഭാവനയെ യുക്തിയുടെ (Reason) നിയന്ത്രണത്തില്‍നിന്നു മോചിപ്പിക്കുക എന്നതാണു് സര്‍റിയലിസ്റ്റുകളുടെ ലക്ഷ്യം. അബോധമനസ്സിന്റെ അഭിലാഷങ്ങളെ പ്രതിരൂപങ്ങള്‍കൊണ്ടു് ചിത്രീകരിച്ചാല്‍ മതി; അല്ലതെ യാഥാര്‍ത്ഥ്യം ആവിഷ്കരിക്കപ്പെടേണ്ട കാര്യമില്ല എന്നായിരുന്നു അവരുടെ വാദഗതി. മനുഷ്യന്റെ അബോധമനസ്സ് ബാഹ്യപ്രപഞ്ചത്തെക്കാള്‍ ഉയര്‍ന്ന മണ്ഡലമാണെന്നും അതു് വസ്തു (Matter) യുക്തി (Reason) എന്നിവയേക്കാള്‍ കൂടുതല്‍ വാസ്തവികമാണെന്നും അവര്‍ വിശ്വസിച്ചു. അബോധമനസ്സില്‍നിന്നു് ഉയര്‍ന്നുവരുന്ന രൂപങ്ങളെ (images) അതേ രീതിയില്‍ ആവിഷ്കരിക്കാനായിരുന്നു അവരുടെ ശ്രമം. സാധാരണയായി ഈ രൂപങ്ങളെ രസബോധനിഷ്ഠവും ബുദ്ധിപരവുമായ തത്വങ്ങളനുസരിച്ചു കൂട്ടിയിണക്കാറുണ്ടല്ലോ. ഈ കൂട്ടിച്ചേര്‍ക്കല്‍ സര്‍റീയലിസ്റ്റു കവിതയിലോ ചിത്രത്തിലോ കാണുകയില്ല. ഒരു കലാസൃഷ്ടിയുടെ നിര്‍മ്മാണത്തില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതു് ഭാവനയാണെന്നും (Imagination) യുക്തി (Reason) അല്ലെന്നുമുള്ള പ്രാചീനാഭിപ്രായത്തെ അങ്ങേഅറ്റം ആദരിക്കുകയാണു് സര്‍റീയലിസ്റ്റുകള്‍.

രണ്ടു ലോകമഹായുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലഘട്ടത്തിലാണു് സര്‍റീയലിസം വളര്‍ന്നതും വികാസംപ്രാപിച്ചതും. എന്നാല്‍ ഇതിന്റെ ജനനത്തിനു് പ്രേരകമായി വര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനം 1916-ല്‍ തന്നെ ജനങ്ങളെ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സാറാ എന്നൊരാളാല്‍ സമാരംഭിക്കപ്പെട്ട ‘ദാദാ’ (Dada) പ്രസ്ഥാനം സര്‍റീയലിസത്തിന്റെ ജനനത്തിനു് കാരണമായി. സകല സാന്മാര്‍ഗ്ഗികാടിസ്ഥാനങ്ങളേയും അഭിരുചികളേയും തകര്‍ക്കണമെന്നതായിരുന്നു ദാദാപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ഭാവികാലത്തിലെ മിക്ക സര്‍റീയലിസ്റ്റുകളും കലയേയും സമുദായത്തിനേയും പുച്ഛിക്കാന്‍ പഠിച്ചതു് ഈ ആക്ഷേപപ്രസ്താനത്തില്‍നിന്നാണു്.

“നിഷേധാത്മകത്വം, എതിര്‍പ്പ്. എല്ലാ മൂല്യങ്ങളുടേയും വിധ്വംസനം. ഇവയായിരുന്നു ദാദാ പ്രസ്ഥാനം. അതു് കല, സാഹിത്യം, സന്മാര്‍ഗ്ഗം, സമുദായം എന്നിവയോടുള്ള ഒരു പ്രചണ്ഡപ്രതിഷേധമായിരുന്നു... ജീവിതം ജൂഗുപ്സാവഹമായ ഒരു പ്രഹേളികയാണു്; പക്ഷേ നമുക്കു പ്രയാസംകൂടിയ മറ്റു കടംകഥകളും ചോദിക്കാം. ഇതായിരുന്നു ദദായിസ്റ്റിന്റെ മനോഭാവം. ജീവിക്കുക എന്ന പ്രശ്നത്തിനു് ശേഷിച്ചിരുന്ന ഒരേ ഒരു നിവൃത്തിമാര്‍ഗ്ഗം ആത്മഹത്യയായി അക്കാലത്തെ ബുദ്ധിമാന്മാരില്‍ പലര്‍ക്കും തോന്നി. ദാദാപ്രസ്ഥാനം തന്നെ ആത്മഹത്യയുടെ പ്രകടനാത്മകമായ ഒരു രൂപമായിരുന്നു. മിക്കവാറും ഉന്മാദജനകമായ നൈരാശ്യത്തിന്റെ പ്രകടനം.”

1916 നും 1922-നു മിടയ്ക്കാണു് ദാദാപ്രസ്ഥാനം സകല മൂല്യങ്ങളെയും തകര്‍ത്തുകൊണ്ടു് വിരാജിച്ചതു്. പക്ഷേ ദാദായുടെ വിപ്ലവാത്മകമായ ഈ അരാജകത്വം മറ്റൊരു പീഡനമാണെന്നു് ചിലർ മനസ്സിലാക്കി. ഏതു തരത്തിലുള്ള നിയന്ത്രണത്തെയും ഒഴിവാക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തു. “മനുഷ്യന്റെ അവകാശങ്ങളുടെ ഒരു നൂതന പ്രഖ്യാപനമുണ്ടാകണമെന്നു്” അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചില ദാദായിസ്റ്റുകള്‍ സര്‍റീയലിസ്റ്റുകളായി. ഇവര്‍ വിശ്വസിച്ചതിങ്ങനെയാണു്.

“ദാദാ: നിഷേധാത്മകത്വം. സര്‍റീയലിസം: നിഷേധാത്മകത്വത്തിന്റെ നിഷേധാത്മകത്വം....ഈ പ്രക്ഷോഭണത്തിന്റെ പേരില്‍ എല്ലാം സാദ്ധ്യമായി. “ഈ ഗ്രീഷ്മകാലത്തില്‍ റോസാപുഷ്പങ്ങള്‍ നീലനിറമാണു്.” “കാടു് സ്ഫടികംകൊണ്ടു് നിര്‍മ്മിതമായിരിക്കുന്നു. നഖം വിതച്ചാല്‍ ദീപയഷ്ടി കൊയ്തെടുക്കും” — അങ്ങനെ പലതും.

മനുഷ്യന്റെ ബോധമനസ്സിലെ കാര്യങ്ങള്‍ ചിത്രീകരിക്കുന്നതുകൊണ്ടുമാത്രം അവനെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നും അതിനു് അബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തേണ്ടതാണെന്നും സര്‍റീയലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ബോധാത്മകമായ സംഭാഷണങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും നമ്മുടെ യഥാര്‍ത്ഥസ്വഭാവത്തിനും അഗാധങ്ങളായ അഭിലാഷങ്ങള്‍ക്കും വിരുദ്ധമാണെന്നുള്ളതു് പ്രത്യക്ഷമാണല്ലോ. റീയലിസ്റ്റ് കലാകാരന്മാര്‍ ചിത്രീകരിക്കുന്ന മാനുഷിക സ്വഭാവത്തിന്റെ രീതിവിശേഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമുദായിക ശക്തികള്‍കൊണ്ടു് രൂപീകരിക്കപ്പെടുന്നവയാണു്. അല്ലാതെ നമ്മുടെ ആഗ്രഹങ്ങള്‍ക്കോ, സ്വഭാവങ്ങള്‍ക്കോ, മാനസിക ജീവിതത്തിനോ അതില്‍ പങ്കില്ല. അബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകടമാകുന്ന സ്വപ്നങ്ങളിലാണു് മനുഷ്യസ്വഭാവത്തിന്റെ യാഥാര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കപ്പെടുന്നെതെന്ന വിശ്വാസമാണു് സര്‍റീയലിസത്തിനു് അടിസ്ഥാനപരമായി വര്‍ത്തിക്കുന്നതു്. മനുഷ്യന്റെ പരിമിതമായ ബോധമനസ്സ് മാത്രം കാണുന്നതും റിയലിസ്റ്റ് കലാകാരന്മാര്‍ ആവിഷ്കരിക്കുന്നതുമായ റീയലിസത്തെ സര്‍റീയലിസ്റ്റുകള്‍ നിരാകരിച്ചു,

എല്ലാ കലകളും കര്‍ത്തൃനിഷ്ഠങ്ങളാണു് (Subjective). ഒരുവിഷയത്തെക്കുറിച്ചു കലാകാരന്‍ അനുഭവിക്കുന്നതും വിചാരിക്കുന്നതുമെല്ലാം ഓരോ കലയും പ്രകാശിപ്പിക്കുന്നു. പക്ഷേ നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ട് നാം കാണുന്ന വസ്തുവിനെക്കുറിച്ചു് അനുഭവിക്കുന്നതും ചിന്തിക്കുന്നതും ഒന്നു്; നമുക്കു കാണാന്‍ കഴിയാതെ നമ്മുടെ മനസ്സില്‍മാത്രം ഇരിക്കുന്ന വിഷയത്തെപ്പറ്റി അനുഭവിക്കുന്നതും ചിന്തിക്കുന്നതും മറ്റൊന്നു്. ഇവതമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നുള്ളതു് നിരാക്ഷേപമാണു്. ഇതു തന്നെയാണു് റിയലിസവും സര്‍റീയലിസവും തമ്മിലുള്ള വ്യത്യാസവും. ദൃഷ്ടിവിഷയകങ്ങളായ വസ്തുക്കളിലാണു് റീയലിസം ആരംഭിക്കുക. മാനസികമായ രൂപങ്ങള്‍ (Images) സ്വപ്നങ്ങള്‍ എന്നിവയിലാണു് സര്‍റീയലിസം ആരംഭിക്കുന്നതു്.[2]

രൂപങ്ങളുടെ (Images) രീതിയില്‍ യുക്തിവിരുദ്ധമായ (irrational) ചിന്തയുടെ അനുസ്യൂതപ്രവാഹമാണു് കവിതയെന്നു് ഗാസ്കോയിന്‍ പറയുന്നു. അതുകൊണ്ടു പല സര്‍റീയലിസ്റ്റു കവിതകളും നമുക്കു മനസ്സിലായില്ലെന്നു വരും. ഒരു സര്‍റീയലിസ്റ്റ് കവിതയുടെ പരാവര്‍ത്തനം നോക്കുക.

“വിളക്കിന്റെ വെളിച്ചത്തില്‍ ഉറങ്ങുന്നതിനു് ചൂടു പിടിപ്പിച്ച വീഞ്ഞു് ചെറിയ മത്സ്യത്തെ തടസ്സപ്പെടുത്തുന്നില്ലെങ്കിലും പ്ലേഗുകൊണ്ടു് മരിക്കുന്ന വണ്ടുകള്‍ റെയില്‍വേ എങ്ങനെയിരിക്കുന്നുവെന്നു് പരിഗണിക്കുന്നതേയില്ല”.

വേറൊരു സര്‍റീയലിസ്റ്റ് കവിതയുടെ ഒരു ഭാഗം:

“എന്റെ അമ്മൂമ്മയുടെ ഒരു രൂപം അവരുടെ തല ഒരു മേഘത്തില്‍ കീഴ്മേല്‍ മറിഞ്ഞുകാണുന്നു. ദൂരത്തുള്ള വിജനമായ ഒരു തീവണ്ടിയാപ്പീസിലെ സ്തൂപികാഗ്രത്തില്‍ മേഘം ഉറപ്പിക്കപ്പെട്ടിരിക്കുന്നു.”

അബോധമനസ്സില്‍നിന്നുയര്‍ന്നുവരുന്ന രൂപങ്ങളാണു് നാമിവിടെ ദര്‍ശിക്കുക. കവിതപോലെ വിരൂപങ്ങളാണു് സര്‍റീയലിസ്റ്റ് ചിത്രങ്ങളും. സ്വപ്നലോകത്തില്‍നിന്നു സ്വീകരിക്കപ്പെട്ട കാര്യങ്ങളെ പ്രതിരൂപാത്മകമായി ആ കലാകാരന്മാര്‍ ചിത്രീകരിക്കുന്നു. സ്വപ്നങ്ങളില്‍ മിക്കപ്പോഴും വിചിത്രമായ ഒരു സൗന്ദര്യവും വികാരവും ഉള്ളതുപോലെ ഈ ചിത്രങ്ങള്‍ക്കും രസബോധനിഷ്ഠമായ മൂല്യമുണ്ടെന്നാണു് കലാനിരൂപകന്മാര്‍ പറയുന്നതു്. മാക്സ് ഏര്‍ണസ്റ്റ് (max Ernst)ഡാലി (Dali) പിക്കാസോ (Picasso) എന്നിവരെല്ലാം പ്രസിദ്ധന്മാരായ സര്‍റീയലിസ്റ്റ് ചിത്രകാരന്മാരാണു്. ഒരു കഷണ്ടിത്തല കാണുമ്പോള്‍ സാഹചര്യപരങ്ങളായ ആശയങ്ങള്‍ ഒരു ഞണ്ടിന്റെ രൂപമാണു് മനസ്സിലുദിപ്പിക്കുന്നതെങ്കില്‍ അതിന്റെ ഫലമായുണ്ടാകുന്ന സര്‍റീയലിസ്ററ്റു ചിത്രം ഒരു കഷണ്ടിത്തലയില്‍ ഒരു ഞണ്ടു് ഇരിക്കുന്നതായിത്തീരും. ഡാലിയുടെ ഒരു ചിത്രത്തില്‍ വസ്തുക്കള്‍ വിചിത്രമായ രീതിയില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു ദേവാലയം, കസേര, കുതിരയുടെ തലയോടു്, മുന്തിരിങ്ങാക്കുല കയ്യില്‍ വച്ചിരിക്കുന്ന ഒരു പെണ്‍കുട്ടി എന്നിങ്ങനെ പരസ്പരബന്ധമില്ലാത്ത പലതും അവിടെ കാണാം. ഈ ചിത്രങ്ങള്‍ ദുര്‍ഗ്രഹങ്ങളാണെന്നു് പറയേണ്ടതില്ലല്ലോ. എങ്കിലും അവയ്ക്കൊരസാധാരണ സൗന്ദര്യമുണ്ടെന്നാണു് ചിലരുടെ മതം.

കലയില്‍ സ്വപ്നലോകത്തിന്റെ ഒരംശം നിവേശിപ്പിക്കണമെന്നതു മാത്രമല്ല സര്‍റീയലിസം ആഗ്രഹിക്കുന്നതു്. അതു് ആ സ്വപ്നലോകത്തിന്റെ ഔത്കൃഷ്ട്യം നിശ്ചിതമായി പ്രഖ്യാപിക്കുന്നു. അതിന്റെ രൂപങ്ങളും (Images) പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളാണു്. ജീവിതപ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാണതു്. അതിനാല്‍ സര്‍റീയലിസം വെറുമൊരു കലാപ്രസ്ഥാനം മാത്രമല്ലെന്നാണു് ഹെര്‍ബര്‍ട്ട് റീഡിന്റെ അഭിപ്രായം. അതു് ജീവിതപരിവര്‍ത്തനം പരമലക്ഷ്യമായി കരുതണമെന്നു് അദ്ദേഹം അനുശാസിക്കുന്നു. അപ്പോള്‍ അതൊരു ജീവിതദര്‍ശനമാകും. ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്ന ഒരു ദര്‍ശനമാണു് അതെങ്കില്‍ നിശ്ചയമായും അതു് രാഷ്ട്രീയമണ്ഡലത്തിലും വിപ്ലവാത്മകമായിരിക്കണം. സര്‍റീയലിസ്റ്റുകള്‍ വിപ്ലവകാരികള്‍ തന്നെ. മുതലാളിത്തസംസ്ക്കാരത്തിന്റെ ബൂര്‍ഷ്വാ...ആദര്‍ശങ്ങളെ അതു് എതിര്‍ക്കുന്നുണ്ടു്. വൈരുദ്ധ്യവാദം(dialetical materialism) അംഗീകരിക്കുന്ന സര്‍റീയലിസ്റ്റുകള്‍ ആദര്‍ശപരമായി കമ്മ്യൂണിസ്റ്റുകളാണു്. പക്ഷേ കമ്മ്യൂണിസത്തിന്റെ പ്രായോഗികവശങ്ങളുമായി അവര്‍ക്കു് യോജിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണു് 1924-നും 1930-നുമിടയ്ക്കു കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലുമായി യോജിച്ച സര്‍റീയലിസം 1930-നു ശേഷം മോസ്കോയില്‍ നിന്നു് ക്രമേണ പിന്മാറാന്‍ തുടങ്ങിയതു്.

സര്‍റീയിലിസ്റ്റ് കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും കലാപരമായ മേന്മയുണ്ടോ, അവയ്ക്കു ശാശ്വതികത്വം ലഭിക്കുമോ എന്ന ചോദ്യങ്ങള്‍ ഇവിടെ സംഗതങ്ങളാണു്. അവയ്ക്കു പെട്ടെന്നു് ഉത്തരം പറയുക സാദ്ധ്യമല്ല. സര്‍റീയലിസത്തെ വാഴ്ത്തുന്ന പ്രാമാണികന്മാരായ കലാനിരൂപകന്മാര്‍ പലരുണ്ടു്. അതുപോലെ അതിനെ അവഹേളിക്കുന്നവരുമുണ്ടു്. സര്‍റീയലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ എത്ര മഹാന്മാരായാലും അതു കലയിലെ ജീര്‍ണ്ണത ആണെന്നു് പറയാതെ തരമില്ല.ബുദ്ധിപരമായ ഒരഃധപതനം ഇന്നു് ഏതു്മണ്ഡലത്തിലും ദൃശ്യമാണു്. കഴിഞ്ഞ 50 കൊല്ലത്തെ കലയും സാഹിത്യവും പരിശോധിച്ചുനോക്കൂ. അവയ്ക്കു് അന്തസ്സും ഗാംഭീര്യവും പുലര്‍ത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നു് നമുക്കു മനസ്സിലാക്കാം. സര്‍റീയലിസ്റ്റു ചിത്രങ്ങള്‍ വച്ചിരുന്ന ഒരു പ്രദര്‍ശനശാലയിലേക്കുള്ള പ്രവേശനം ഒരു മൂത്രപ്പുരയിലൂടെയായിരുന്നുവെന്നതു് ആലോചിക്കുമ്പോള്‍ നാം അമ്പരന്നു പോകുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ ഗതിവിശേഷം നമുക്കു് അറപ്പും വെറുപ്പും ജനിപ്പിക്കുന്നു.

എഫ്. എല്‍. ലൂക്കോസും (F. L. Lucas) ഹെന്‍റി മില്ലറും (Henry Miller) സര്‍റീയലിസത്തെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം.

“സര്‍റീയലിസ്റ്റുകാരോടു ഞാന്‍ കാണിക്കുന്ന ക്രൂരതയ്ക്കെതിരായി വാദിച്ചുകൊണ്ടു് വിനോദകരമായ ഒരു കത്തു് എനിക്കു നിങ്ങളിലൊരാളില്‍നിന്നു് കിട്ടി, ‘താങ്കള്‍ ഫ്രായിറ്റിനെ അംഗീകരിക്കുന്നു. എന്നിട്ടും ഡാലിയെ അംഗീകരിക്കുന്നില്ല. അദ്ദേഹം മാനസികാപഗ്രഥനത്തിന്റെ സിദ്ധാന്തങ്ങളെ കലയിലേക്കു് പകര്‍ത്താന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ”.

പക്ഷേ യഥാര്‍ത്ഥമായ ഒരു സാദൃശ്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല. സന്നിപാതജ്വരത്തിന്റെ അണുക്കള്‍ പരിശോധിക്കുന്ന ശാസ്ത്രജ്ഞനും അവ വിതരണം ചെയ്യുന്നവനും ഒരു പോലെ ആ രോഗാണുക്കളെ സംബന്ധിച്ചിടത്തോളം കാര്യ വ്യാപൃതരാണു്. എന്നാല്‍ അവര്‍ രണ്ടുപേരും ഒരുപോലെ ബഹുമാനിക്കപ്പെടേണ്ടവരാണെന്നു തോന്നുന്നില്ല. പോലീസുകാരെക്കൊണ്ടു് സര്‍റീയലിസത്തെ അടിച്ചമര്‍ത്തണമെന്നല്ല ഞാന്‍ നിര്‍ബന്ധിക്കുന്നതു്. കലാനിരൂപകന്മാരെന്ന നിലയില്‍ പോലീസുകാരെ എനിക്കു വിശ്വസമില്ല. ഈ നിരോധനം പ്രകൃതിക്കു് വിട്ടുകൊടുക്കുന്നതു് നല്ലതാണെന്നു് എനിക്കു് തോന്നുന്നു. കാലാന്തരത്തില്‍ പ്രകൃതി പോലീസിനെക്കാള്‍ ക്രൂരമാണെന്നു് തെളിയുന്നതാണു്.”

(എഫ്. എല്‍. ലൂക്കോസ്, Literture and Psychology)

എല്ലാ സര്‍റീയലിസ്റ്റുകള്‍ക്കുമായി എഴുതിയ ഒരു തുറന്ന കത്തില്‍ ഹെന്‍റി മില്ലര്‍ പറയുന്നു:

“വര്‍ഗ്ഗത്തിനും രാജ്യത്തിനും മതത്തിനും ദ്രോഹികളായിട്ടുള്ളവര്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ മനുഷ്യവര്‍ഗ്ഗത്തിന്റെ ദ്രോഹികളെ നാം വളര്‍ത്തിയിട്ടില്ല. എങ്കിലും കലാലോകത്തില്‍ അങ്ങനെയുള്ള അനേകം ദ്രോഹികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇന്നും ഉണ്ടെന്നും എനിക്ക് തോന്നുന്നു.”


  1. libido എന്നതിനു് ലൈംഗികശക്തി എന്ന പരിഭാഷ അത്ര പറ്റിയതല്ല; ‘ലമ്പടന്‍’എന്നു ശ്രീ.ആര്‍. നാരായണപ്പണിക്കര്‍ തര്‍ജ്ജമ ചെയ്യുന്നു.
  2. ഈ ഖണ്ഡികയിലെ ആശയത്തിനു് ഹെര്‍ബര്‍ട്ട് റീഡിനോടു കടപ്പാടുണ്ട്.