ലൈംഗികത്വവും സൗന്ദര്യവും
ലൈംഗികത്വവും സൗന്ദര്യവും | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
ആധുനികങ്ങളായ നോവലുകളും ചെറുകഥകളും വായിച്ചു് അനാഗതശ്മശ്രുക്കളും അനാഗതാര്‍ത്തവകളും കപോലരാഗമണിയുന്നു. പ്രകമ്പനം കൊള്ളുന്നു. അവര്‍ അവ വീണ്ടും വീണ്ടും വായിക്കുന്നു; നെഞ്ചോടു ചേര്‍ക്കുന്നു. ഈ ചേതോവികാരങ്ങളും ശാരീരിക ചേഷ്ടകളും കലാസൗന്ദര്യം ദര്‍ശിച്ചിട്ടു് ഉണ്ടാകുന്നവയല്ല. അവയിലെ ലൈംഗിക വര്‍ണ്ണനകള്‍ കണ്ടിട്ടാണു്. ഇത്തരം നോവലുകളും ചെറുകഥകളും തന്നെയാണു് യഥാര്‍ത്ഥങ്ങളായ കലാസൃഷ്ടികളെന്നു് തെറ്റിദ്ധരിച്ചിട്ട് അവയുടെ ഗര്‍ഹണീയ സ്വഭാവത്തെക്കുറിച്ചു് പറയുന്നവരോടു് അവര്‍ തട്ടിക്കയറുന്നു. ഇതൊക്കെ കാണുമ്പോള്‍ ഭാരതം സ്വതന്ത്രമായ കാലത്തുണ്ടായ ഒരു സംഭവമാണു് എനിക്കോര്‍മ്മ വരുന്നതു്. വടക്കെ ഇന്ത്യയിലെ ഒരു നാട്ടുരാജ്യം, അവിടെ ബ്രിട്ടീഷുകാരുടെ പ്രതിനിധിയായ ഒരു സായിപ്പുണ്ടായിരുന്നു. ഭാരതത്തിനു സ്വാതന്ത്ര്യം കൈവന്നതോടെ എല്ലാ സായിപ്പുമാരും ഇവിടം വിട്ടുപോയ കൂട്ടത്തില്‍ ആ പ്രതിനിധിയും ഇംഗ്ലണ്ടിലേക്കു് കപ്പല്‍ കയറി. ആധുനികങ്ങളായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സൗധത്തിലായിരുന്നു ആ പ്രതിനിധി താമസിച്ചിരുന്നതു്. അയാള്‍ ആ നാടു വിട്ടപ്പോള്‍ അവിടത്തെ രാജാവു് ആ സൗധം തന്റെ വാസസ്ഥാനമാക്കി. എത്ര കാലമായി അദ്ദേഹം ആഗ്രഹിച്ചിരുന്നതാണെന്നോ അവിടത്തെ മാര്‍ബിള്‍ പതിച്ച തറയില്‍ ഒന്നു ചവിട്ടാന്‍! സായിപ്പു് പോയപ്പോള്‍ രാജാവു് പാഞ്ഞെത്തി ആ സൗധത്തില്‍. പക്ഷേ അദ്ദേഹം ആദ്യമായി ചെന്നുകയറിയതു് സായിപ്പിന്റെ കക്കൂസിലായിരുന്നു. ചുമരിലും തറയിലും എല്ലാം മാര്‍ബിള്‍ശിലകള്‍ പാകിയിട്ടുണ്ടു്. വിവിധ വര്‍ണ്ണോജ്ജ്വലങ്ങളായ വൈദ്യുത ദീപങ്ങള്‍ അവിടെ മയൂഖമാലകള്‍ പ്രസരിപ്പിക്കുന്നു. ചുവരില്‍ ഒരിടത്തുള്ള ഒരു കൊച്ചലമാരിയില്‍ മനോഹരങ്ങളായ ഗ്രന്ഥങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. രത്നങ്ങള്‍ ചൊരിയുന്ന ഗുഹയ്‌ക്കകത്തു ചെന്നു കയറിയ അലാഡിനുണ്ടായ അനുഭവമാണു് രാജാവിനുണ്ടായതു്. അവിടം സായ്പിന്റെ കക്കൂസാണെന്നു മനസ്സിലാക്കാതെ, രാജാവു് ഇംഗ്ലീഷില്‍ പറഞ്ഞു: “What a beautiful place! Here shall I place my throne’ “എന്തൊരു സുന്ദരമായ സ്ഥലം! ഇവിടെ ഞാന്‍ സിംഹാസനം വച്ചു് ഇരിക്കാം.” അദ്ദേഹം അവിടെ ഇരുന്നു രാജ്യം ഭരിക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ പറഞ്ഞിട്ടുപോലും അദ്ദേഹം അവിടെ നിന്നും മാറിയിരുന്നതുമില്ല. ഒടുവില്‍ സര്‍ദാര്‍ പട്ടേല്‍ നാട്ടുരാജാക്കന്മാരെ അധികാരഭ്രഷ്ടരാക്കിയപ്പോഴാണു് ഈ രാജാവു് തന്റെ കുത്സിതസ്ഥലത്തുനിന്നു മാറിയതു്. നമ്മുടെ യുവതിയുവാക്കന്മാരും ബാലികാബാലന്മാരും അധമങ്ങളായ ലൈംഗിക വര്‍ണ്ണനകള്‍ വായിച്ചു് അവ തന്നെയാണു് പരമോത്കൃഷ്ടമായ സാഹിത്യമെന്നു് ധരിച്ചു് ആഹ്ലാദത്തിന്റെ സ്രോതസ്വിനികളില്‍ നീന്തിത്തുടിക്കുന്നു. ഈ വ്യാമോഹം എന്നു മാറാനാണു്? ഇവര്‍ക്കു് എന്നു് മോഹഭംഗമുണ്ടാകാനാണു്?
ലൈംഗികത്വത്തിനു് അധീശസ്വഭാവമുണ്ടു്. അതിന്റെ സാമ്രാജ്യത്തില്‍ മറ്റൊരു വികാരത്തിനും അതു് സ്ഥാനമനുവദിക്കുന്നില്ല. എല്ലാ വികാരങ്ങളും അതിന്റെ നിയമങ്ങളെ അനുസരിച്ചുകൊള്ളണമെന്നും അതിനു നിര്‍ബ്ബന്ധമുണ്ടു്. ഇതൊന്നും മനസ്സിലാക്കാതെയല്ല ഞാന്‍ ഇന്നത്തെ സാഹിത്യ കൃതികളിലെ ലൈംഗിക വര്‍ണ്ണനകളെ നിന്ദിക്കുന്നതു്. പക്ഷേ എന്റെ നിന്ദനത്തിനു മതിയായ ഒരടിസ്ഥാനമുണ്ടു്. ലൈംഗിക വികാരത്തിന്റെ സംശോധിത രൂപമാണു് സാഹിത്യ കൃതികളില്‍ ആവിഷ്കൃതമാകേണ്ടതു്. ആ സംശോധിത രൂപം തന്നെ കലാത്മകമാവുകയും വേണം. അതുണ്ടായില്ലെങ്കില്‍ വായനക്കാരന്‍ അഴുക്കുചാലില്‍ വീഴും. വ്യക്തിക്കു് അധഃപതനം വരുമ്പോള്‍ വ്യക്തികളടങ്ങുന്ന സമുദായത്തിനു് അധഃപതനം വരുന്നു. സമുദായങ്ങളടങ്ങിയ രാഷ്ട്രം അങ്ങനെ ജീര്‍ണ്ണിക്കുന്നു. ലൈംഗികമായ ‘അരാജകത്വം’ കൊണ്ടു് എത്രയോ എത്രയോ രാഷ്ട്രങ്ങള്‍ തകര്‍ന്നുപോയി. നമ്മുടെ സമുദായവും ഈ വിധത്തിലുള്ള ഒരു ജീര്‍ണ്ണതയ്ക്കു വിധേയമായിരിക്കുന്നു. അതിനു കാരണക്കാര്‍ നമ്മുടെ സാഹിത്യകാരന്മാര്‍ തന്നെ. ഇതു മനസ്സിലാക്കുമ്പോള്‍ ‘ദുഷ്ടമായ സാഹിത്യം സമുദായത്തെ അധഃപതിപ്പിക്കുന്നു’ എന്നു് ആല്‍ഡസ്‌ഹക്സിലി പറഞ്ഞതു് സത്യമാനെന്നു് നാം ഗ്രഹിക്കാതിരിക്കുകയില്ല.
ജനനേന്ദ്രിയങ്ങളെയും അവയോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും ഇത്ര പച്ചയായിട്ടു് വര്‍ണ്ണിക്കാനുള്ള താല്പര്യം നമ്മുടെ സാഹിത്യകാരന്മാര്‍ക്കു് ഉണ്ടായതെങ്ങനെയാണു്? അമേരിക്കന്‍ നോവലുകള്‍ വായിച്ചുണ്ടായ പ്രവണതയാണിതു് എന്നാണു് എന്റെ ഉത്തരം. കുറെ ഫ്രഞ്ച് നോവലുകളും ഇറ്റാലിയന്‍ നോവലുകളുംകൂടി അവരില്‍ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ടെന്നും പറയാം. സാഹിത്യം വ്യക്തിഗതമായ അനുഭവത്തിന്റെ ആവിഷ്കാരമാണെന്നുള്ള വസ്തുത മറന്നല്ല ഞാനിതു പറയുന്നതു്. ഇന്നത്തെ പല സാഹിത്യകൃതികളും വ്യക്തിപരമായ വികാരത്തിന്റെ സ്ഫുടീകരണം നിര്‍വ്വഹിക്കുന്നില്ല. ജീവിത വസ്തുതകളും ജീവിത സത്യങ്ങളും ദര്‍ശിച്ചല്ല നമ്മുടെ പല സാഹിത്യകാരന്മാരും വികാരാകുലരാകുന്നതു്. മറ്റു സാഹിത്യകൃതികളുടെ പാരായണം അവരുടെ വികാരങ്ങളെ ഇളക്കിവിടുന്നു. ആന്ദ്രേമല്‍റേയുടെ Voices of Silence — നിശ്ശബ്ദതയുടെ ശബ്ദങ്ങള്‍ — എന്ന ഗ്രന്ഥത്തില്‍ പ്രഗല്ഭന്മാരുടെ ചിത്രങ്ങള്‍ക്കുപോലും പ്രചോദനമരുളിയതു് മറ്റു ചിത്രങ്ങളാണെന്നു് പറഞ്ഞിട്ടുണ്ടു്. അമേരിക്കയിലെയും, ഫ്രാന്‍സിലെയും, ഇറ്റലിയിലേയും നോവലുകള്‍ വായിക്കുന്ന നമ്മുടെ എഴുത്തുകാര്‍ അവയെ അനുകരിച്ചുകൊണ്ടാണു് മലയാളഭാഷയില്‍ കൃതികള്‍ രചിക്കുന്നതു്. അങ്ങനെ നിയന്ത്രണമില്ലാതെ ലൈംഗിക കാര്യങ്ങള്‍ വര്‍ണ്ണിക്കുന്ന ഓഹരയും, ഹരോള്‍ഡ് റോബിന്‍സും, ഹെന്‍ട്രിമില്ലറും, ആല്‍ബര്‍ട്ടോ മൊറാവ്യയായും, സെലിനും അവരുടെ ആചാര്യന്മാരായി ഭവിക്കുന്നു, റഷ്യയില്‍നിന്നു് ഗളഹസ്തം ചെയ്യപ്പെട്ട വ്ളാഡിമര്‍ നബോക്കോഫ് അമേരിക്കയില്‍ താമസിക്കുകയാണു്. ലോലിറ്റ എന്ന വിലക്ഷണമായ നോവലിന്റെ കര്‍ത്താവായ അദ്ദേഹം നമ്മുടെ എഴുത്തുകാര്‍ക്കു മാര്‍ഗ്ഗ ദര്‍ശകനത്രേ. ലൈംഗികമായ വൈലക്ഷണ്യം മാത്രം നാടകത്തിന്റെ പ്രതിപാദ്യവിഷയമായി അംഗീകരിക്കുന്ന ടെനസ്സീ വില്യംസ് മറ്റൊരു ആചാര്യനാണു്. എഴുത്തുകാരെന്ന നിലയില്‍ ഈ പാശ്ചാത്യ സാഹിത്യകാരന്മാര്‍ക്കു് ചില മേന്മകളുണ്ടു്. പക്ഷേ നമ്മുടെ ഗ്രന്ഥകാരന്മാര്‍ക്കു് അവരുടെ കഴിവുകളില്ല. അവര്‍ ആകെ ചെയ്യുന്നതും സായിപ്പന്മാരുടെ ലൈംഗിക വര്‍ണ്ണനകളെ കടം മേടിക്കുന്നു എന്നതാണു്. അസംസ്കൃതങ്ങളായ ലൈംഗിക വര്‍ണ്ണനകള്‍ മാത്രമല്ല ഇവരുടെ കൃതികളിലുള്ളത്. ജനനേന്ദ്രിയങ്ങളുടെ അനാവൃത സ്വഭാവത്തെ ആവിഷ്ക്കരിക്കുക എന്നതില്‍ മാത്രമല്ല അവരുടെ കൗതുകം. ഫ്രായിറ്റിന്റെ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന സകല വൈകൃതങ്ങളും അവര്‍ ആലേഖനം ചെയ്യുന്നു. പായു, വക്ത്രം എന്നിവയോടു് ബന്ധപ്പെട്ട ലൈംഗിക സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗം പ്രതിപാദിക്കുപ്പെടുന്നു. ഫ്രായിറ്റ് പറഞ്ഞിട്ടുള്ള സകല കോംപ്ലെക്സുകളും-ഈഡിപ്പസ് കോംപ്ലെക്സ്, ഇലക്ട്രകോല്‍പ്ലെക്സ്, കാസ്ട്രേഷന്‍ കോംപ്ലെക്സ് ഇവയെല്ലാം-ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷീഭവിക്കുന്നു. അങ്ങനെ ശ്രേഷ്ഠമായ സ്നേഹത്തിനും വാത്സല്യത്തിനും സ്ഥാനമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇവിടെ ഒരു ചോദ്യം ഉണ്ടാവുന്നതു് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നുണ്ടു്. പ്രാചീനന്മാരും ഈ അപരാധം ചെയ്തിട്ടില്ലെ എന്നാണ് ആ ചോദ്യം. മനുഷ്യന്റെ കാമവികാരത്തെ ഇളക്കിവിട്ട് അവനെ ദുർഗന്ധം നിറഞ്ഞ പ്രണാളിയിലേക്കു് വലിച്ചെറിയുന്ന ഒരു ലൈംഗിക വര്‍ണ്ണനയും ഒരു ഗ്രന്ഥത്തിലുമില്ല എന്നാണു് നമ്മുടെ ഉത്തരം. ഒന്നോ രണ്ടോ ശ്ലോകങ്ങളിലോ ഖണ്ഡികകളിലോ ലൈംഗികത്വത്തിന്നു അമിത പ്രാധാന്യം വന്നാല്‍ത്തന്നെയും കലാസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഉളവാകുന്ന പരമമായ ഫലത്തില്‍ ആ ലൈംഗികത്വം ആമജ്ജനം ചെയ്തു പോകുന്നു. ഭാസനാടകചക്രത്തിലുള്ളതും രാമായണം ചമ്പുവില്‍ ഉദ്ധരിച്ചിട്ടുള്ളതുമായ ഒരു ശ്ലോകം നോക്കുക:
കപാലേ മാര്‍ജ്ജാരഃപയ ഇതി-
കരാന്‍ലേഢിശശിന-
സ്തരുച്ഛിദ്ര പ്രോതാന്‍ ബിസ
ഇതികരിസംവലയതി
രതാന്തേ തല്പസ്താന്‍ ഹരതി
വനിതാപ്യം ശുകമിതി
പ്രദാമത്തശ്ചന്ദ്രോ
ജഗദിദമഹോ വിഭ്രമയതി.
(പൂച്ച തലയോട്ടില്‍ പതിച്ച ചന്ദ്രരശ്മികളെ പാലാണെന്നു് വിചാരിച്ചു് നക്കുന്നു. മരങ്ങളുടെ ഇടയിലൂടെ വരുന്ന ചന്ദ്ര രശ്മികളെ താമരവളയമാണെന്നു് വിചാരിച്ചു് ആന വലിക്കുന്നു. കിടക്കയില്‍ വീണ നിലാവിനെ സംഭോഗാവസരത്തില്‍ അഴിഞ്ഞുവിണ വസ്ത്രമാണെന്നു വിചാരിച്ചു് വനിത എടുക്കുന്നു. പ്രഭാമത്തനായ ചന്ദ്രൻ ഈ ലോകത്തെ മോഹിപ്പിക്കുന്നു). ഇതു വായിക്കുമ്പോള്‍ കാമവികാരം ഉണ്ടാകുന്നില്ലെന്നു് ഞാന്‍ പറയുന്നില്ല. എങ്കിലും കലാ സൗന്ദര്യമാണു് ഇവിടെ മുന്നിട്ടു നില്ക്കുന്നതു്. റാബലേ, ഷേക്സ്പിയര്‍, ടോള്‍സ്റ്റോയി എന്നിവരുടെ കൃതികളില്‍ ലൈംഗിക വര്‍ണ്ണനകള്‍ ഇല്ലാതില്ല. പക്ഷേ കവിത വീണു് ആ ലൈംഗികത്വത്തിന്റെ ചൂടു് നശിക്കുന്നു. കാളിദാസന്റെ മേഘസന്ദേശത്തിലെ ഒരു ശ്ലോകം നോക്കുക:
തസ്യഃ കിഞ്ചില്‍കരധൃതമിവ
പ്രാപ്തവാനീരശാഖം
ഹൃത്വാ നീലം സലിലവസനം
മുക്തരോധോ നിതംബം
പ്രസ്ഥാനം തേ കഥമപി സഖേ
ലംബമാനസ്യഭാവി;
ജ്ഞാതാസ്വാദോ വിപൃതജഘനാം
കോവിഹാതും സമര്‍ത്ഥഃ
(സ്നേഹിതാ, ആറ്റുവഞ്ചിക്കൊമ്പു് താണുവന്നു് മുങ്ങിക്കിടക്കുന്നതുകൊണ്ടു് കൈകൊണ്ടു് താങ്ങിയിരിക്കുന്നതുപോലെ കാണപ്പെടുന്നതും തീരമാകുന്ന നിതംബത്തില്‍നിന്നു് നീങ്ങിയതും നീലനിറമുള്ളതുമായ അവളുടെ (നദിയുടെ) ജലമാകുന്ന വസ്ത്രത്തെ വലിച്ചെടുത്തിട്ടു് ജഘനപ്രദേശത്തില്‍ തങ്ങി നിന്നാല്‍ യാത്ര തുടരാന്‍ വൈഷമ്യമുണ്ടാകും. ആസ്വദിച്ച ഏതൊരുവനാണു് ജഘനം വെളിവാക്കിയവളെ വിട്ടുപോവുക?)
ഈ ശ്ലോകം സ്വാതിക വികാരമുളവാക്കുന്നുവെന്നു് ആരും അഭിപ്രായപ്പെടുകയില്ല, നിശ്ചയമായും ഇതു് കാമവികാരം ഉദ്ദീപിപ്പിക്കുന്നുണ്ടു്. പക്ഷേ ആ കാമവികാരം കാളിദാസ കവിതയുടെ ശൈത്യംകൊണ്ടു് ശീതളമായി ഭവിക്കുന്നു. ഞാന്‍ വേറൊരവസരത്തില്‍ പറഞ്ഞതു് ആവര്‍ത്തിക്കട്ടെ. കാമവികാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ചെന്നുനില്ക്കുന്ന അനുവാചകനെ കവി പ്രശാന്തതയുടെ ഘണ്ടാപഥത്തിലേക്കു് നയിക്കുന്നു. പ്രശാന്തതയിലെക്കു നയിക്കുന്നതിനെയാണു് വികാരശോധനമെന്നും മറ്റും പറയുന്നതു്. രസാനുഭൂതിയിലുണ്ടാകുന്ന നിര്‍വൃതിയെന്നു് ഭാരതീയര്‍ പറയുന്നതും ഇതിനെത്തന്നെയാണു്. ആധുനികങ്ങളായ ലൈംഗിക വര്‍ണ്ണനകള്‍ എങ്ങനെ വായനക്കാരനെ ഓടയിലേക്കു് എറിയുന്നു എന്നതിനെ തെളിയിക്കാനായി ഉദ്ധരണങ്ങള്‍ നല്‍കാന്‍ നിവൃത്തിയില്ല. അത്ര കണ്ടു് അവ നിന്ദ്യങ്ങളാണു്, ജുഗുപ്സാവഹങ്ങളാണു്.
സാഹിത്യത്തില്‍ മാത്രമല്ല ഈ ജീര്‍ണ്ണത ദൃശ്യമാകുന്നതു്. നമ്മുടെ സംഗീതം സാഹിത്യത്തെക്കാള്‍ അധഃപതിച്ചിരിക്കുകയാണു്. ഞാന്‍ ചെമ്മാംകുടി ശ്രീനിവാസയ്യരും മുസറി മുബ്രഹ്മണ്യയ്യരും സൈഗാളും പങ്കജ്‌മല്ലിക്കും പാപനാശം ശിവനും രാജമയ്യങ്കാരും ജി. എന്‍. ബാലസുബ്രഹ്മണ്യവും ഒക്കെ പാടുന്നതു് കേട്ടിട്ടുണ്ടു്. അവര്‍ ഓരോ ഗാനം പാടിക്കഴിയുമ്പോഴും “മഹനീയമായ ഒരനുഭവം” എന്നു് എന്റെ മനസ്സു മന്ത്രിക്കും, പക്ഷേ ആ വിധത്തിലുള്ള മഹനീയങ്ങളായ അനുഭവങ്ങള്‍ ഇന്നുണ്ടാകുന്നില്ല; ഉണ്ടാകാന്‍ സാദ്ധ്യവുമല്ല. ലൈംഗീകരണം കൊണ്ടു് ദുഷിച്ചുപോയി നമ്മുടെ ഗാനങ്ങള്‍. അവ പാടുന്നതു് അനുഗൃഹീതരായ ഗായകരാണെന്ന പരമാര്‍ത്ഥം ഞാന്‍ വിസ്മരിക്കുന്നില്ല. എങ്കിലും ശ്രോതാക്കളുടെ നിന്ദ്യവികാരങ്ങളെ, ക്ഷുദ്രവികാരങ്ങളെ ഉദ്ദീപിപ്പിക്കുവാനേ അവ പ്രയോജകീഭവിക്കുന്നുള്ളു. അത്തരം ഗാനങ്ങള്‍ കേട്ടു് യുവതികളും യുവാക്കന്മാരും പുളകപ്രസരമനുഭവിക്കുന്നു. പക്ഷേ മനസ്സിനു് പരിപാകം ലഭിച്ചവർക്കു അവ രസിക്കുന്നില്ല. യുവതീയുവാക്കന്മാരുടെ പുളകപ്രസരം കലാസ്വാദനത്തോടു് ബന്ധപ്പെട്ടതല്ലെന്നു് അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ടു്. ഇന്നത്തെ ഈ അശ്ലീലഗാനങ്ങളോടു് താഴെ കൊടുക്കുന്ന ഒരു ചൈനീസ് ഗാനത്തെ തട്ടിച്ചുനോക്കുക. മഹാനായ ലിപോ എഴുതിയ ഗാനമാണിതു്:
“കൊട്ടാരത്തിലെ ഉദ്യാനത്തില്‍ മന്ദപവനന്‍
മൃദുലങ്ങളായ താമരപ്പൂക്കളെ തലോടുന്നു.
മട്ടുപ്പാവില്‍ വിരിച്ചിട്ട പട്ടുമെത്തയില്‍
കിടന്നുകൊണ്ടു് ചക്രവര്‍ത്തി വിശ്രമിക്കുന്നു
കനംകുറഞ്ഞ മൂടല്‍മഞ്ഞിനെക്കാള്‍
കനംകുറഞ്ഞു്, അന്തരീക്ഷത്തിലെ
ആദ്യത്തെ നക്ഷത്രത്തെക്കാള്‍ ഉജ്ജ്വല
ശോഭയാര്‍ന്നു് ചക്രവര്‍ത്തിയുടെ ഓമന,
സുന്ദരിയായ ലിസി നൃത്തം ചെയ്യുകയാണു്. തുടിക്കുന്ന കണ്‍പോളകളോടുകൂടി, വിറയ്ക്കുന്ന കൈകളോടുകൂടി അവള്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക് വീഴുന്നു...
അതാ രാജകീയ വീക്ഷണമേറ്റു് അവളുടെ കണ്ണുകള്‍ നിമീലിതങ്ങളാകുന്നു.”
‘പാവാടപ്രായത്തില്‍’ എന്നു തുടങ്ങുന്ന നമ്മുടെ ഗാനവും ലിപോവിന്റെ ഗാനവും ഒന്നു താരതമ്യപ്പെടുത്തൂ. ആദ്യത്തേതു് ഗര്‍ഹണീയം. രണ്ടാമത്തേതു് കലയുടെ ഗന്ധര്‍വ്വലോകത്തിലേക്കു നമ്മെ ഉയര്‍ത്തുന്നു. രൻടിലും ലൈംഗികത്വമുണ്ട്. പക്ഷേ ലിപോവിന്റെ വ്ര്‍ണ്ണന വിശുദ്ധമായ കലാത്മകത്വം ആവഹിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലെ ബലാല്‍സംഗവും ലൈംഗികത്വത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കണ്ടു് നമ്മുടെ ലോലലോലങ്ങളായ വികാരങ്ങളും മൃദുലഭാവങ്ങളും എന്നെന്നേക്കുമായി നശിച്ചിരിക്കുന്നു.
കല ബഹുമാനിക്കപ്പെടേണ്ട ഒരു പ്രക്രിയയാണു്. അതു് കാമവികാരത്തിന്റെ നിര്‍ഗ്ഗമമാര്‍ഗ്ഗമാവുമ്പോള്‍ സമുദായം അധഃപതിക്കും. കാമവികാരം — മനുഷ്യനില്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന വികാരം — ആദരണീയമാകുന്നതു് കലയായി രൂപാന്തരപ്പെടുമ്പോഴാണു്. ആ രൂപാന്തരം സൗന്ദര്യപൂര്‍ണ്ണമാകുന്നു. അതിനാല്‍ അതു് സത്യാത്മകവുമായി ഭവിക്കുന്നു. സത്യം സന്മാര്‍ഗ്ഗത്തോടു് ബന്ധപ്പെട്ടതുമാണു്. സിരാസംബന്ധങ്ങളായ പ്രകമ്പനങ്ങളെ — കാമവികാരത്തോടു ബന്ധപ്പെട്ട പ്രകമ്പനങ്ങളെ — ആവിഷ്കരിക്കുന്ന ആധുനിക സാഹിത്യകാരന്മാര്‍ വൈരൂപ്യം സൃഷ്ടിക്കുകയാണു്. അസത്യം സൃഷ്ടിക്കുകയാണു്.
|
|
|