close
Sayahna Sayahna
Search

പ്രപഞ്ചം അദൃശ്യമായ മഷിയിലെഴുതിയ ഗ്രന്ഥം


പ്രപഞ്ചം അദൃശ്യമായ മഷിയിലെഴുതിയ ഗ്രന്ഥം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ആര്‍തര്‍ കെസ്റ്റ്ലറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സിന്തിയെ ജെഫേറിസും ആത്മഹത്യ ചെയ്തു. (ഒര്‍റ്റൂര്‍ കൊയിസ്റ്റ്ലര്‍ എന്നു ഹംഗേറിയന്‍ ഉച്ചാരണം.) എഴുപത്തെട്ടാമത്തെ വയസ്സിലാണു് മഹാനായ ഈ ചിന്തകന്‍ ജീവിതം അവസാനിപ്പിച്ചതു്. മുപ്പതു വയസ്സിനു താഴെയുള്ളവരും അറുപതു വയസ്സിനു മുകളിലുള്ളവരുമാണു് സാധാരണമായി ആത്മഹനനത്തില്‍ വ്യാപരിക്കാറുള്ളതു്. അറുപതു വയസ്സു കഴിഞ്ഞവര്‍ക്കു് ആത്മഹത്യാഭിലാഷം കൂടും. അവരില്‍ പലരും ആ അഭിലാഷത്തിനു സാഫല്യം വരുത്തുകയും ചെയ്യും. ഇതു സാധാരണ മനുഷ്യരുടെ കാര്യം. കെസ്റ്റ്ലര്‍ക്കു സാമാന്യ നിയമങ്ങള്‍ ചേരുകില്ലല്ലോ. നവീന ചിന്തയുടെ സ്രഷ്ടാവെന്ന നിലയില്‍ പ്രഖ്യാതനാണു് അദ്ദേഹം. മനഃസാക്ഷിയുടെ പ്രേരണകള്‍ക്കു അനുസരിച്ചു ജീവിച്ചുകൊണ്ടു് സന്മാര്‍ഗ്ഗത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലത്തില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്നേഹിയായിരുന്നു കെസ്റ്റലര്‍. ശാസ്ത്രത്തെക്കുറിച്ചു ധാരാളം എഴുതിയ വ്യക്തി; പക്ഷേ ഹീരോഷിമയിലും നാഗസാക്കിയിലും അണുബോംബ് നിരപരാധരെ കൊന്നൊടുക്കിയപ്പോള്‍ അദ്ദേഹം മനുഷ്യന്റെ സന്മാര്‍ഗ്ഗ മണ്ഡലത്തിലേക്കു തിരിഞ്ഞു. മതത്തില്‍ വിശ്വസിക്കാതെ ആദ്ധ്യാത്മികമൂല്യങ്ങളുടെ പരമ പ്രാധാന്യത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആ രീതിയില്‍ സാര്‍ത്ഥകമായി ജീവിച്ച മഹാവ്യക്തി ആത്മഹത്യ ചെയ്തു — അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആത്മഹത്യ ചെയ്തു — എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ ദുഃഖിക്കുന്നു. 1942-ല്‍ ഇതിനു സദൃശമായ ആത്മഹത്യ ഉണ്ടായി.ആസ്ട്രിയന്‍ സാഹിത്യകാരനായ സ്റ്റെഫാന്‍ സ്വൈഗ് (ഷ്ടെഫാന്‍ത്‌സ്വൈഹ് എന്നു ജര്‍മ്മന്‍ ഉച്ചാരണം) ബ്രസീലിലെ പെട്രോ പുലീസ് നഗരത്തില്‍വച്ചു് ആത്മഹത്യ ചെയ്തു. കൂടെ അദ്ദേഹത്തിന്റെ ഭാര്യയും. വിഷാദാത്മകത്വം യുക്തിയെ ജയിക്കുമ്പോള്‍ പ്രതിഭാശാലികള്‍ പ്രാണത്യാഗം ചെയ്യുമായിരിക്കും. കെസ്റ്റ്‌ലര്‍ക്കും അതായിരിക്കാം സംഭവിച്ചതു്.

ഹംഗറിയുടെ തലസ്ഥാനമായ ബൂഡപെസ്റ്റില്‍ 1905 സെപ്തംബര്‍ 5-ആം തീയതി കെസ്റ്റലര്‍ ജനിച്ചു. വീയന്നയില്‍ ഇഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘ഡിഗ്രിയെടുക്കാതെ’ അദ്ദേഹം പാലിസ്റ്റൈനിലേക്കു പോയി. അതിനു ശേഷം കൈറോ, പാരീസ് ഈ നഗരങ്ങളില്‍ അദ്ദേഹം കഴിഞ്ഞു കൂടി. 1930-ല്‍ ബര്‍ലിനിലേക്കു പോന്നു. തന്റെ ജീവിതത്തിലെ സുപ്രധാന സംഭവം എന്നു കെസ്റ്റലര്‍ എടുത്തു പറഞ്ഞിട്ടുള്ള കമ്മ്യൂണിസ്റ്റു് പാര്‍ട്ടിയുമായുള്ള സംയോഗം 1931-ലാണു് ഉണ്ടായതു്. 1932-33-ല്‍ അദ്ദേഹം റഷ്യയിലാകെ സഞ്ചരിച്ചു. സ്പാനിഷ് ആഭ്യന്തരസമരം നടക്കുന്ന കാലത്തു് അദ്ദേഹം ജര്‍ണ്ണലിസ്റ്റായി സ്പെയിനില്‍ പോയി. ഫ്രാങ്കോയുടെ ഭടന്മാര്‍ കെസ്റ്റലറെ ചാരനാണെന്നു സംശയിച്ചു് ബന്ധനസ്ഥനാക്കുകയും വധശിക്ഷ നല്കുകയും ചെയ്തു. മൂന്നുമാസം കഴിഞ്ഞു് അദ്ദേഹത്തിനു് ജയിലില്‍നിന്നു മോചനം ലഭിച്ചു. ആ തടവറയിലെ അനുഭവങ്ങള്‍ Dialogue with Death എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ടു്. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ കെസ്റ്റലര്‍ ഫ്രാന്‍സിലായിരുന്നു. “സംശയിക്കപ്പെടേണ്ട വിദേശി” എന്ന നിലയില്‍ ഫ്രഞ്ചു്ഭടന്മാര്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി. 1940-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്കു ഒളിച്ചോടി.

1940-വരെയുള്ള തന്റെ ജീവിതം കെസ്റ്റ്‌ലര്‍ ആത്മകഥയുടെ രണ്ടു ഭാഗങ്ങളിലായി വിവരിച്ചിട്ടുണ്ടു്. The Arrow in the Blue, The Invisible Writing എന്ന പേരുകളില്‍ പ്രസാധനം ചെയ്യപ്പെട്ട ആ ഗ്രന്ഥങ്ങള്‍ സെയിന്റ് അഗസ്റ്റിന്റെയും റൂസ്സോയുടെയും ആത്മനിവേദനങ്ങള്‍ക്കു സദൃശമാണെന്നാണു് അഭിജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളതു്.

സോവിയറ്റ് നേതൃത്വത്തോടു വിപ്രതിപത്തി തോന്നിയ കെസ്റ്റലര്‍ 1938-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. അതോടെയാണു് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം തുടങ്ങുന്നതു്. Gladiators (1939), Darkness at Noon (1940). Arrival and Departure (1943) എന്നീ പ്രഖ്യാതങ്ങളായ നോവലുകളില്‍ വിപ്ലവത്തിന്റെ പൊരുത്തക്കേടുകളെയാണു് ആ സാഹിത്യകാരന്‍ ആവിഷ്കരിച്ചതു്. മാര്‍ഗ്ഗവും ലക്ഷ്യവും തമ്മിലുള്ള ഈ വൈരുദ്ധ്യം 1946-ല്‍ അദ്ദേഹം പ്രസാധനം ചെയ്ത Thieves in the Night എന്ന നോവലിലും പ്രതിപാദ്യ വിഷയമായി.

പരസ്പരവിരുദ്ധങ്ങളായ പ്രവണതകളെ ഉദ്ഗ്രഥനം ചെയ്യാനുള്ള കെസ്റ്റലറുടെ കൗതുകത്തില്‍ നിന്നാണു് Insight and Outlook (1949), the Act of Creation (1964) എന്ന ഗ്രന്ഥങ്ങള്‍ ഉദ്ഭവിച്ചതു്. 1959-ല്‍ പ്രത്യക്ഷപ്പെട്ട The Sleep walkers എന്ന ഗ്രന്ഥം The Act of Creation പോലെതന്നെ പ്രാധാന്യമാവഹിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചു് മനുഷ്യനുണ്ടാകുന്ന വിഭിന്നങ്ങളായ വീക്ഷണഗതികളാണു് അതിലെ പ്രതിപാദ്യ വിഷയം. 1958-59-ല്‍ അദ്ദേഹം നമ്മുടെ രാജ്യത്തെത്തി. ഇവിടെനിന്നു് ജപ്പാനിലേക്കാണു് അദ്ദേഹം പോയതു്. കെസ്റ്റലര്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ ഈ ലേഖകനു് അദ്ദേഹത്തെ കണ്ടു സംസാരിക്കാനുള്ള ഭാഗ്യമുണ്ടായി. ഈ യാത്രയുടെ ഫലമായി ആവിര്‍ഭവിച്ച ഗ്രന്ഥമാണു് The Lotus and the Robot. കര്‍ഷകന്റെ രാജ്യമായ ഇന്ത്യയാണു് ഇതിലെ Lotus. വൈയവസായിക രാജ്യമായ ജപ്പാന്‍ റോബട്ടും. 1967-ല്‍ പ്രസിദ്ധപ്പെടുത്തിയ The Ghost in the Machine സാമൂഹിക ജീവിതത്തിലെ ‘ഹൈറാര്‍ക്കിക്കല്‍’ ഘടനയെ വിശദീകരിച്ചു കാണിക്കുന്നു. മനുഷ്യനെയും ലോകത്തെയും യാന്ത്രികമായി സംവീക്ഷണം ചെയ്യുന്നതു തെറ്റാണെന്നും മനുഷ്യനെ സംബന്ധിച്ച സത്യത്തിനു് വിശാലതയുണ്ടെന്നുമാണു് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം സ്ഥാപിച്ചിട്ടുള്ളതു്. 1978-ല്‍ കെസ്റ്റ്ലര്‍ Janus: A summing up എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഈ ലേഖകന്‍ വായിച്ച ഒടുവിലത്തെ പുസ്തകം അതാണു്. അതിനുശേഷം അദ്ദേഹം എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അതു് എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല.

സാഹിത്യകാരനെന്ന നിലയില്‍ കെസ്റ്റ്ലറുടെ സ്ഥാനമെന്തു്? അദ്ദേഹത്തിനു ലോകസാഹിത്യത്തിലെ പ്രമുഖരായ നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ വന്നുനില്‍ക്കാനുള്ള അര്‍ഹതയുണ്ടോ? ചിന്തിക്കേണ്ട വിഷയമാണതു്. Gladiators എന്ന നോവലില്‍ ത്രേസ് രാജ്യത്തിലെ അടിമയായ സ്പാര്‍ട്ടക്കസ് മറ്റടിമകളെ ഇളക്കിവിട്ടു് വിപ്ലവമുൻടാക്കുന്നതിനെയാണ് വർണ്ണിച്ചിട്ടുള്ളത്. തൊഴിലാളി വിപ്ലവത്തിന്റെ നേതാവായി സ്പാര്‍ട്ടക്കസ് ഈ നോവലില്‍ പ്രത്യക്ഷനാകുന്നു. വിപ്ലവം ജയിക്കുന്നു. പക്ഷേ, രാജ്യം തകരുന്നു. സ്പാര്‍ട്ടക്കസ് വിപ്ലവത്തിനു കളമൊരുക്കിയ ഇരുപതുപേരെ കുരിശില്‍ തറച്ചുകൊല്ലുന്നു. വിപ്ലവങ്ങള്‍ പരാജയപ്പെടും എന്ന സന്ദേശമാണു് കെസ്റ്റ്ലര്‍ നമുക്കു നല്‍കുന്നതു്. കേവലാധികാരം നേതാവിനെ ദുഷിപ്പിക്കുന്നു, വിപ്ലവത്തെയും ദുഷിപ്പിക്കുന്നു എന്നു് ഗ്രന്ഥകാരന്‍ ഉറക്കെപ്പറയുകയാണു് ഈ നോവലില്‍. സ്പാര്‍ട്ടക്കസ് റോമന്‍ സൈനികോദ്യോഗസ്ഥന്‍ ക്രാസസ്സിനാല്‍ വധിക്കപ്പെട്ടു. “The Italian insurrection was over. Fifteen thousand corpses lay strewn about the hilly land by the river Silarus; for thousand women, and the old and infirm who had not taken part in the battle and had tailed to kill themselves in time, were taken alive by the Romans’, എന്നു് നോവലിസ്റ്റ്.

വിപ്ലവം അതിന്റെ നാശത്തിന്റെ ബീജം വഹിക്കുന്നു എന്നു തെളിയിക്കാനായി രചിക്കപ്പെട്ട നോവലാണു് Darkness at Noon. വിപ്ലവമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ളതാണു് പാര്‍ട്ടി. അപ്പോള്‍ അതു് (പാര്‍ട്ടി) വിപ്ലവമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായി ഭവിക്കേണ്ടതാണു്. നോവലില്‍ പാര്‍ട്ടിയെ ഉപകരണമായിട്ടല്ല, ലക്ഷ്യമായിട്ടു തന്നെയാണു് കെസ്റ്റ്ലര്‍ ചിത്രീകരിച്ചിട്ടുള്ളതു്.

മൂന്നാമത്തെ നോവലായ Arrival and Departure എന്നതില്‍ അദ്ദേഹം ഒരടികൂടി മുന്നോട്ടു വയ്ക്കുന്നു. വ്യക്തിയിലുള്ള വൈകാരികാഘാതം (ട്രോമ — trauma) കൊണ്ടു് അയാള്‍ക്കു് വിപ്ലവമുണ്ടാക്കാനുള്ള പ്രവണത ജനിക്കുന്നുവെന്നാണു് നോവലിസ്റ്റിന്റെ മതം. വിപ്ലവകാരി ഭ്രാന്തനാണെന്നുവരെ കെസ്റ്റ്ലര്‍ സൂചിപ്പിക്കുന്നുണ്ടു്. നോവലിന്റെ ‘ഡന്‍യൂബ്’ പ്രസാധനത്തിനു് ഗ്രന്ഥകാരന്‍ എഴുതിച്ചേര്‍ത്ത അനുബന്ധത്തില്‍ നോവലിലെ കഥാനായകനെ തന്റെ സുഹൃത്തായിരുന്ന കമ്മ്യൂണിസ്റ്റ് കവി എന്‍ഡ്രേഹാവാസിന്റെ മാതൃകയിലാണു് സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു. ചാരനാണെന്നു പറഞ്ഞാണു് സ്റ്റാലിന്‍ ആ കവിയെ അറസ്റ്റ് ചെയ്തതു്. അദ്ദേഹം ജയിലില്‍ കിടക്കുമ്പോള്‍ ഭ്രാന്തനായി മാറി. മുട്ടുകുത്തി ഇഴഞ്ഞുകൊണ്ടു് ഹാവാസ് “Help, help, Long Live Stalin” എന്നു വിളിക്കുമായിരുന്നു. തടവില്‍ക്കിടന്നുതന്നെ മരിച്ച ഹാവാസിനെ സ്റ്റാലിനുശേഷമുള്ള സോവിയറ്റ് സര്‍ക്കാര്‍ ‘റീഹാബിലിറ്റേറ്റ്’ ചെയ്തു. കെസ്റ്റ്ലര്‍ ഇമ്മട്ടില്‍ മൂന്നു നോവലുകളിലും വിപ്ളവത്തിന്റെ പരാജയത്തെ ആവിഷ്കരിച്ചു. Gladiators ഹംഗേറിയന്‍ ഭാഷയിലും Darkness at noon ജര്‍മ്മന്‍ ഭാഷയിലുമാണു് രചിക്കപ്പെട്ടതു്. Arrival and Departure ഇംഗ്ലീഷ് ഭാഷയില്‍ത്തന്നെ കെസ്റ്റ്ലര്‍ എഴുതി. ആവിര്‍ഭവിച്ച കാലത്തു് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ കൃതികള്‍ ഗ്രന്ഥകാരന്റെ ധിഷണാപാടവത്തെ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ഇവയ്ക്കു സാഹിത്യത്തിന്റെ ചിരന്തന മൂല്യങ്ങളുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടു്. Powerful — സുശക്തങ്ങള്‍ — തന്നെയാണു് ഈ നോവലുകള്‍. പക്ഷേ ശക്തി കലാസൗന്ദര്യത്തിനു് പകരമായി നില്ക്കുമോ?

രാഷ്ട്രവ്യവഹാരം (Politics) മനുഷ്യനെ രക്ഷിക്കുകയില്ലെന്നു കണ്ടാണു് കെസ്റ്റ്ലര്‍ ശാസ്ത്രത്തിലേക്കു തിരിഞ്ഞതു്. മതം അന്ധവിശ്വാസമാണെന്നോ ശാസ്ത്രം പുരോഗമനാത്മകമാണെന്നോ അദ്ദേഹം കരുതിയില്ല. കോപര്‍ നിക്കസിന്റെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും സിദ്ധാന്തങ്ങള്‍ അവരുടെ അബോധാത്മകങ്ങളായ വിദ്വേഷങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നു് കെസ്റ്റ്ലര്‍ അഭിപ്രായപ്പെട്ടു. നിദ്രാടനക്കാരന്റെ അനുഷ്ഠാനങ്ങള്‍ ചിലപ്പോള്‍ സത്യാത്മകങ്ങളായിത്തീരാറുണ്ടല്ലോ. അതുപോലെ നിദ്രാടനക്കാരായ ശാസ്ത്രകാരന്മാര്‍ സത്യത്തിലെത്തുകയാണു്. യുക്തിക്കു് അവരെ സഹായിക്കാനാവില്ല. ഈ ചിന്തയ്ക്കു രൂപം നല്‍കിയിരിക്കുകയാണു് The Sleep walkers എന്ന ഗ്രന്ഥത്തില്‍.

സര്‍ഗ്ഗാത്മകത്വത്തിനു് മൂന്നു മണ്ഡലങ്ങളുണ്ടെന്നു് കെസ്റ്റ്ലര്‍ വിശ്വസിക്കുന്നു. ഹാസ്യം, ശാസ്ത്രീയമായ കണ്ടുപിടിത്തം, കല ഇവയാണു് ആ മണ്ഡലങ്ങള്‍. ഇവ തമ്മില്‍ ചേരുന്നു. സര്‍ഗ്ഗാത്മകത്വം ചിലപ്പോള്‍ ഹാസ്യമായി പ്രത്യക്ഷപ്പെടുന്നു. മറ്റു ചിലപ്പോള്‍ ശാസ്ത്രീയമായ കണ്ടുപിടിത്തമായും വേറെ സന്ദര്‍ഭത്തില്‍ കലയായും പ്രാദുര്‍ഭവിക്കുന്നു. സുന്ദരമായ ശസ്ത്രക്രിയ എന്നു ഡോക്ടറും രണ്ടു പരിമാണങ്ങളുള്ള കഥാപാത്രങ്ങള്‍ എന്നു് നോവലിസ്റ്റും പറയാറുള്ളതു് ഈ അന്യോന്യ ബന്ധത്തെത്തന്നെയാണു് സൂചിപ്പിക്കുന്നതു്. The Act of Creation എന്ന ഗ്രന്ഥത്തില്‍ ഈ ആശയത്തിന്റെ വിപുലീകരണം ദര്‍ശിക്കാം.

കെസ്റ്റ്ലറുടെ ഓരോ ഗ്രന്ഥത്തെക്കുറിച്ചും എഴുതാന്‍ സ്ഥലമില്ല. ഒരു ദിങ്മാത്രദര്‍ശനം എന്ന മട്ടിലാണു് ഈ ലേഖനത്തിന്റെ രചന. ഫിലിപ്പ് ടോയിന്‍ബി അദ്ദേഹത്തെക്കുറിച്ചു എഴുതിയതു് “മര്‍മ്മപ്രകാശി”കയായി വര്‍ത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു കെസ്റ്റ്ലര്‍. ഡയലക്ടിക്കല്‍ മെറ്റീരിയലിസ്റ്റായി കുറെക്കാലം കഴിഞ്ഞുകൂടിയ അദ്ദേഹം പിന്നീടു് കുറെക്കാലം ബിഹേവിയറിസ്റ്റായി. ഈ “കമ്മ്യൂണിസ്റ്റ് വിരുദ്ധ ധിഷണാശാലി” അതിനുശേഷം ബിഹേവിയറിസത്തിന്റെ ശത്രുവായി. പിന്നീടു് കലയേയും ശാസ്ത്രത്തേയും കൂട്ടിയിണക്കി അതിന്റെ മഹാത്ഭുതങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നു. ജീവിതം തുടങ്ങുമ്പോള്‍ കമ്മ്യൂണിസ്റ്റ്. അതു് അവസാനിക്കാറായപ്പോള്‍ മിസ്റ്റിക്ക്. “ഒന്നുകില്‍ മനുഷ്യന്‍ തന്നെത്തന്നെ നശിപ്പിക്കും, അല്ലെങ്കില്‍ നക്ഷത്രത്തിലേക്കു പ്രയാണം ചെയ്യും” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം നമ്മെ വിട്ടുപോയതു്. ജഗത്സംബന്ധീയങ്ങളായ ചക്രവാളങ്ങളെ കാണാന്‍ ശ്രമിച്ച ചിന്തകനും മനുഷ്യസ്നേഹിയുമായിരുന്നു ആര്‍തര്‍ കെസ്റ്റ്ലര്‍. അദ്ദേഹത്തിന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടു് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ: In my youth I regarded the universe as an open book, printed in the language of physical equations, where as now it appears to me as a text written in invisible ink, of which in our rare moments of grace we are able to decipher a small fragment.