close
Sayahna Sayahna
Search

നന്മ അരുത്; കാരുണ്യം അരുത്


നന്മ അരുത്; കാരുണ്യം അരുത്
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ബ്രക്‌ഹ്തിന്റെ വിഖ്യാതമായ നാടകമാണു് The Exception and the Rule എന്നതു്. ഉദ്ബോധനാംശം ഏറിയ ഈ നാടകം ഒരു കച്ചവടക്കാരന്റെ കഥ പറയുന്നു. മംഗോളിയയിലെ ഒരു മണല്‍ക്കാട്ടിലൂടെ ക്രൂരനായ ആ വ്യാപാരി പാഞ്ഞുപോകുകയാണു്. പുതുതായി കണ്ടുപിടിച്ച ഒരെണ്ണക്കിണറ്റിനു സമീപത്തു് മറ്റുള്ള വ്യാപാരികള്‍ എത്തുന്നതിനുമുന്‍പു് അയാള്‍ക്കു് ചെന്നുചേരണം. വഴി പറഞ്ഞുകൊടുക്കാനുള്ള ഒരു നാട്ടുകാരനും മറ്റൊരു കൂലിക്കാരനും അയാളുടെ കൂടെയുണ്ടു്. മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യുന്നവനെ വ്യാപാരി നേരത്തെ പിരിച്ചുവിട്ടു. പിന്നീടു് കൂലിക്കാരനുമായിട്ടാണു് അയാളുടെ യാത്ര. മാര്‍ഗ്ഗമദ്ധ്യേ കച്ചവടക്കാരനു വല്ലാത്ത ദാഹമുണ്ടായി. കൂലിക്കാരന്‍ ഒരു ഫ്ലാസ്ക്കില്‍ വെള്ളം കരുതിവച്ചിട്ടുണ്ടു്. വ്യാപാരിയോടു ദയ തോന്നി അയാള്‍ ആ ഫ്ലാസ്ക് എടുത്തു് അയാളുടെ നേര്‍ക്കു നീട്ടി. കൂലിക്കാരന്‍ തന്നെ കല്ലുകൊണ്ടു് ഇടിച്ചുകൊല്ലുവാന്‍ പോകുകയാണെന്നു വിചാരിച്ച കച്ചവടക്കാരന്‍ അയാളെ വെടിവച്ചു കൊന്നു. കൂലിക്കാരന്റെ വിധവ വ്യാപാരിക്കു് എതിരായി കേസ്സു കൊടുത്തു. പക്ഷേ ജഡ്ജി അയാളെ വെറുതെ വിടുകയാണുണ്ടായതു്. അതിനു കരണം ജഡ്ജി പറഞ്ഞതു് കൂലിക്കാരനു് വ്യാപാരിയെ വെറുക്കാനെ കഴിയു എന്നാണു്. അതിനാല്‍ ദയാപൂര്‍വമാണു് അയാള്‍ ഫ്ലാസ്ക് എടുത്തു നീട്ടിയതെങ്കിലും അയാളെ ക്രൂരനായി കരുതാനും ജലദാനമെന്ന പ്രവൃത്തിയെ കല്ലുകൊണ്ടുള്ള ആക്രമണമായി തെറ്റിദ്ധരിക്കാനും വ്യാപാരിക്കു് “അവകാശ”മുണ്ടെന്നാണു് ജഡ്ജിയുടെ മതം. ആക്രമണവും ക്രൂരതയും നിയമമായിട്ടുള്ള സമുദായത്തില്‍ കാരുണ്യം ഒരപവാദം–exception–മാത്രമാണല്ലോ. അതിനാല്‍ ആത്മരക്ഷയ്ക്കുവേണ്ടിയാണു് വ്യാപാരി കൂലിക്കാരനെ കൊന്നതെന്നു കരുതി ജഡ്ജി അയാളെ വെറുതെവിട്ടു. ജഡ്ജ്മെന്റിന്റെ ഒരു ഭാഗമായി: The accused has therefore acted in justifiable self defence, irrespective of whether he was actually threatened or only felt himself threatened. Under the given circumstances he must have felt himself threatened. The accused is herewith acquitted, the plea of the dead man’s wife is herewith rejected–താന്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിക്കു വിധേയനായിയോ അതോ ഭീഷണിക്കു വിധേയനായി എന്നു് തനിക്കു തോന്നിയോ എന്നതിനെ പരിഗണിക്കാതെ പ്രതി നീതിമത്ക്കരിക്കാവുന്ന ആത്മരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണു് ചെയ്തതു്. നിര്‍ദ്ദിഷ്ടങ്ങളായ ഈ പരിതഃസ്ഥിതികളില്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നു് അയാൾക്കു് തോന്നിയിരിക്കണം. പ്രതിയെ ഇതിനാല്‍ വിടുതല്‍ ചെയ്തിരിക്കുന്നു. മരിച്ചയാളിന്റെ ഭാര്യയുടെ അപേക്ഷയെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു.

ബ്രക്‌ഹ്റ്റിനു പ്രിയപ്പെട്ട ഒരാശയമാണു് ഈ നാടകത്തിലും ആവിര്‍ഭവിച്ചിട്ടുള്ളതു്. അക്രമം അടിസ്ഥാനമായിട്ടുള്ള ഒരു സമൂഹഘടനയുടെ പ്രവര്‍ത്തനങ്ങളെ അക്രമം കൊണ്ടല്ലേ അളക്കാന്‍ പറ്റൂ. അവിടെ മനുഷ്യത്വത്തിനും കാരുണ്യത്തിനും സ്ഥാനമില്ല. ആ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവന്‍ ആപത്തിലായിരിക്കും ചെന്നുവീഴുക. നാടകത്തിന്റെ അവസാനത്തില്‍ ബ്രക്‌ഹ്റ്റ് പ്രേക്ഷകരോടു് പറയുന്നു: “Consider everything usual. unusual! What is customary, consider puzzling.”

എന്നിട്ട് ഒരുദ്ബോധനം: Whatever is the rule, consider injurious. Remedy it.” തിന്മനിറഞ്ഞതിനെയെല്ലാം ഇല്ലാതാക്കാനാണു് ബ്രക്‌ഹ്റ്റിന്റെ ആഹ്വാനം. അതുകൊണ്ടാണു് ഈ നാടകം ഉദ്ബോധനാത്മകമാണെന്നു് ആദ്യമേ എഴുതിയതു്.

മുതലാളിത്തവ്യവസ്ഥിതിയില്‍ നന്മയുണ്ടായിരിക്കുക എന്നത് വിപത്തിജനകമാണെന്ന ഈ ആശയം തന്നെ ബ്രക്‌ഹ്റ്റിന്റെ ‘കോക്കേഷന്‍ചാക്ക്സര്‍ക്കിള്‍,’ ‘ഗുഡ് വുമണ്‍ ഓഫ് സെറ്റ്സ്വാന്‍’ എന്നീ നാടകങ്ങളിലും നമുക്കു കാണാന്‍ സാധിക്കും. രണ്ടാമതു് പറഞ്ഞ നാടകത്തില്‍ മൂന്നു ചൈനീസ് ഈശ്വരന്മാര്‍ ഒരു നല്ലയാളെങ്കിലും ലോകത്തുണ്ടോ എന്നു പരിശോധിക്കാനായി ചൈനയിലെ സൂച്ച്‌വാന്‍ പ്രദേശത്തു് (Province of Szechwan സൂച്ച് വാന്‍ എന്നു് ചൈനീസ് ഉച്ചാരണം) എത്തുന്നതായി വര്‍ണ്ണിച്ചിരിക്കുന്നു. ഷെന്‍റ്റീ എന്നൊരു വേശ്യയെ മാത്രം നല്ലവളായി അവര്‍ കണ്ടു. ഈശ്വരന്മാര്‍ക്കു് താമസിക്കാനായി അവള്‍ സ്ഥലം കൊടുത്തു. അതിന്റെ പേരില്‍ അവര്‍ നല്കിയ പണം കൊണ്ടു് അവള്‍ പുകയിലക്കട തുടങ്ങി. അതോടെ എല്ലാവരും അവളുടെ അടുക്കലെത്തി ഉപദ്രവിക്കുകയായി. മഹാമനസ്കയായ ഷെന്‍റ്റീ പണമെല്ലാം വന്നുകൂടിയവര്‍ക്കു് കൊടുത്തു നിര്‍ദ്ധനയായിബ്ഭവിച്ചു. പിന്നീടു്, രക്ഷ പ്രാപിക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളുവെന്നു് അവള്‍ കണ്ടു. ഷൂയിറ്റ എന്ന കസിന്റെ വേഷം കെട്ടി പെരുമാറുക. കസിന്‍ ക്രൂരനാണു്. ഷൂയിറ്റയായി മാറിയ ഷെന്‍റ്റീ എല്ലാ പരോപജീവികളെയും ആട്ടിപ്പായിച്ചു. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഷൂയിറ്റ ഷെന്‍റ്റീയയെ കൊന്നുകളഞ്ഞുവെന്നു് വാര്‍ത്ത പ്രചരിക്കുകയുണ്ടായി. പൊലീസ് ഷൂയിറ്റയെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൂന്നു ഈശ്വരന്മാരും ജഡ്ജികളായി വന്ന ആ കേസ്സ് വിസ്താരത്തില്‍ ഷെന്‍റ്റീ തന്നെയാണു് ഷൂയിറ്റയായി അഭിനയിച്ചതെന്നു് തെളിഞ്ഞു. ഇതു് മനസ്സിലാക്കിയ ഈശ്വരന്മാര്‍ക്കു് ആഹ്ലാദം. ലോകത്തു് ഒരുത്തിയെങ്കിലും നല്ലവളായി ഉണ്ടല്ലോ എന്നോര്‍ത്താണു് അവര്‍ സന്തോഷിച്ചതു്. പക്ഷേ ഷെന്‍റ്റീക്കു് ആഹ്ലാദമില്ല. ഇവിടെ കഴിഞ്ഞുകൂടണമെങ്കില്‍ വല്ലപ്പോഴുമെങ്കിലും ക്രൂരനായ ഷൂയിറ്റയായി ജനങ്ങളുടെ മുന്‍പില്‍ നിന്നേ മതിയാവൂ. ഇല്ലെങ്കില്‍ ആളുകള്‍ കാരുണ്യമുള്ള വ്യക്തിയെ കരിയിലപോലെ ഊതിപ്പറപ്പിച്ചുകളയും. മാസത്തിലൊരിക്കല്‍ ഷൂയിറ്റയായി പെരുമാറിക്കൊള്ളാന്‍ അനുവാദം നല്‍കിയിട്ടു്, ഈശ്വരന്മാര്‍ അന്തര്‍ദ്ധാനം ചെയ്തു. ഇതു തൃപ്തികരമായ പര്യവസാനമല്ലെന്നും കൂറെക്കൂടി മെച്ചമായ എന്തെങ്കിലും പ്രേക്ഷകര്‍ക്കു് കണ്ടുപിടിക്കാമെങ്കില്‍ അതാണു് യുക്തതരമെന്നും ഒരഭിനേതാവു് പറയുമ്പോള്‍ നാടകം അവസാനിക്കുന്നു. ഇവിടെ ഈശ്വരന്മാര്‍ ബൂര്‍ഷ്വാസിക്കു പ്രാതിനിധ്യം വഹിക്കുന്നു. ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന്‍ അവര്‍ പണം ചെലവിടുന്നു എന്നു് സൂചിപ്പിച്ചുകൊണ്ടു് ആ ബൂര്‍ഷ്വാസിയെ നിഷ്കാസനം ചെയ്യണമെങ്കില്‍ ഷൂയിറ്റയെപ്പോലെ ഹൃദയപാരുഷ്യത്തോടെ പെരുമാറേണ്ടതാണെന്നു് ബ്രക്‌ഹ്റ്റ് ഉദ്ഘോഷിക്കുകയാണു്. എങ്കിലും മുതലാളിത്ത വ്യവസ്ഥിതിയില്‍ നന്മ വിപത്തിജനകമാണെന്നുതന്നെ മഹാനായ ഈ നാടകകര്‍ത്താവിനു് അഭിപ്രായമുണ്ടു്. നന്മയുടെ ഈ സ്വഭാവത്തെ വിശദമാക്കുന്ന വേറൊരു നാടകം കൂടിയുണ്ടു് ബ്രക്‌ഹ്റ്റിന്റെതായി: “ദി വിഷന്‍സ് ഓഫ് സീമോന്‍ മാഷര്‍”–The Vision of Simone Machard എന്നാണതിന്റെ പേരു്.

ഫ്രാന്‍സിന്റെ വീരപുത്രിയായ ജോണ്‍ ഓഫ് ആര്‍ക്കിനെക്കുറിച്ചു ആരാണു് കേട്ടിട്ടില്ലാത്തതു്. (Jeanne d’ Arc-ഷാങിദർക് എന്നു ഫ്രഞ്ച് പേരു്) ചാള്‍സ് ഏഴാമനെ ഫ്രാന്‍സിലെ രാജാവായി അവരോധിക്കുകയും ഇംഗ്ലീഷുകാരെ പലതവണ യുദ്ധത്തില്‍ തോല്പിക്കുകയും ചെയ്ത കര്‍ഷക ബാലിക, ഒടുവില്‍ ചതിവില്‍ പെട്ടു് അവള്‍ ഇംഗ്ലീഷുകാരുടെ ബന്ധനത്തിലായി. ക്രൈസ്തവ പുരോഹിതന്മാര്‍ അവളെ അഗ്നിക്ക് ഇരയാക്കി. ജോണിനെ തീയിലെരിച്ചു കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷ് രാജാവിന്റെ സെക്രട്ടറി പറഞ്ഞു “We are lost, we have burned a Saint” എന്നു്. ജോണ്‍ ഓഫ് ആര്‍ക്ക് ‘സെയന്റാ’യി ആരാധിക്കപ്പെടുന്നു.

ഈ ധീര വനിതയെക്കുറിച്ചു് പല കലാസൃഷ്ടികളും ഉണ്ടായിട്ടുണ്ടു്. അവയില്‍ മാക്സ് വെല്‍ അന്‍ഡേഴ്സന്റെ Joan of Lorraine. ഷായുടെ Saint Joan എന്നീ നാടകങ്ങള്‍ പ്രാധാന്യം ആവഹിക്കുന്നു. Saint Joan ഈ ശദാബ്ദത്തിലെ മഹനീയങ്ങളായ ഏതാനും നാടകങ്ങളില്‍ ഒന്നാണു്. ബ്രക്‌ഹ്റ്റിന്റെ “ദി വിഷന്‍സ് ഓഫ് സീമോന്‍ മാഷാര്‍” ആ രീതിയില്‍ മഹനീയമല്ലെങ്കിലും ചേതോഹരമായ ഒരു മാസ്റ്റര്‍പീസാണെന്നതില്‍ സംശയമൊട്ടുമില്ല. ജര്‍മ്മന്‍ നോവലിസ്റ്റും നാടക കര്‍ത്താവും ആയ ലീയോണ്‍ ഫൊയിക്‌ഹ്റ്റ് വാംഗര്‍ (Leon Feucht wanger 1884-1958) എഴുതിയ ‘സീമോന്‍’ എന്ന നോവലിനെ അവലംബിച്ചാണു് ബ്രക്‌ഹ്റ്റു് ഈ നാടകമെഴുതിയതു്. അച്ഛനുമമ്മയുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണു് ഫൊയിക്‌ഹ്റ്റ്‌വാംഗര്‍ പറയുന്നതു്. സിമോനിനെ സംരക്ഷിക്കുന്നതു് അവളുടെ സഹോദരന്‍. അവളുടെ അമ്മാവനു് ഗാസ്ലിന്‍ സ്റ്റോറുണ്ടു്. നാത്സികള്‍ അതു കൈക്കലാക്കാതിരിക്കാന്‍ വേണ്ടി അവള്‍ ആ സ്റ്റോറിനു് തീകൊളുത്തി നശിപ്പിക്കുന്നു. അതിനുള്ള ശിക്ഷയായി അവള്‍ ‘റഫര്‍മേറ്ററി’യില്‍ പാര്‍പ്പിക്കപ്പെടുന്നു. സീമോന്‍ ജോണ്‍ ഓഫ് ആര്‍ക്കിന്റെ ജീവചരിത്രം താല്പര്യത്തോടെ വായിച്ചിരുന്നവളാണു്. (ഈ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. Frederic Ewen എഴുതിയതും ലണ്ടനിലെ Caldor and Boyars പ്രസാധനം ചെയ്തതും ആയ Bertolt Brecht എന്ന ഗ്രന്ഥത്തില്‍ നിന്നാണു് ഈ സംഗ്രഹം.) ഈ നോവലാണു് ബ്രക്‌ഹ്റ്റിന്റെ നാടകത്തിനു് അവലംബം. ഫോയിറ്റ്‌ക്‌ഹ്‌വാംഗറും ബ്രക്‌ഹ്റ്റും കൂടി നാടകമെഴുതി. 1941 ഒക്ടോബറിനും 1943 ഫെബ്രവരിക്കും ഇടയ്ക്കുള്ള കാലഘട്ടത്തിലാണു് അതു രചിക്കപ്പെട്ടതു്.

ഫ്രാന്‍സിന്റെ മദ്ധ്യഭാഗത്തു് സാങ്ത്മര്‍താങ് (Sanit Martin) എന്നൊരു കൊച്ചു പട്ടണമുണ്ടു്. അവിടെയുള്ള ഒരു ചെറിയ ഹോട്ടലിലെ ജോലിക്കാരിയാണു് സീമോന്‍ മാഷാര്‍. ഹോട്ടലിലെ പെട്രോള്‍ പമ്പു് പ്രവര്‍ത്തിപ്പിക്കുന്ന ജോലിയാണു് സീമോന്റേതു്. 1940 ജൂണ്‍. രണ്ടാംലോകമഹായുദ്ധത്തിന്റെ കാലം. നാത്സികള്‍ പാരീസ് കീഴടക്കി മുന്നേറുന്നു. അഭയാര്‍ത്ഥികള്‍ സാങ്ത് വഴി പലായനം ചെയ്യുന്നു. ഈ സമയത്താണു് നാടകമാരംഭിക്കുക. സീമോന്റെ പതിനേഴുവയസ്സു പ്രായമായ സഹോദരന്‍ യുദ്ധത്തിനു പോയിരിക്കുകയാണു്. ഹോട്ടലിന്റെ ഉടമസ്ഥന്‍ സൂപോ (Soupeau) കൊടുത്ത ‘മെയ്ഡ് ഓഫ് ഓര്‍ലിയന്‍സ്’ എന്ന ഗ്രന്ഥം വായിക്കുന്നതില്‍ മാത്രം തല്പരയായിരിക്കുകയാണു് സീമോന്‍. ഹോട്ടലിലെ ജോലികള്‍ വിസ്മരിച്ചു. അവള്‍ ജോണ്‍ ഓഫ് ആര്‍ക്കിന്റെ സാഹസപ്രവര്‍ത്തനങ്ങളില്‍ വിലയംകൊണ്ടു. കര്‍ത്തവ്യം മറന്നിട്ടുള്ള ഗ്രന്ഥപാരായണം ശരിയല്ലെന്നു് സൂപോ അവളെ അറിയിക്കുമ്പോള്‍ മാത്രമെ അവള്‍ അതില്‍ നിന്നു പിന്മാറാറുള്ളു. ജര്‍മ്മന്‍കാര്‍ ല്വാര്‍ നദിവരെയെത്തി (Loir River). പക്ഷേ രാജ്യത്തിന്റെ രക്ഷയെക്കാള്‍ ഓരോ വ്യക്തിക്കും സ്വന്തം രക്ഷയാണു് പ്രധാനം. സാങ്ത് മര്‍താങ് പട്ടണത്തില്‍നിന്നു് യുദ്ധസേവനത്തിനു പോയിട്ടുള്ളതു് സീമോന്റെ സഹോദരന്‍ മാത്രമാണു്. ഹോട്ടല്‍ നടത്തുന്ന സൂപോക്കിനും സ്വാര്‍ത്ഥതാല്പര്യം മാത്രമേയുള്ളു. കപടവ്യാപാരം കൊണ്ടു് (Black Marcket) സമ്പാദിച്ച പെട്രോള്‍ അയാള്‍ക്കുണ്ടു്; അതിനു പുറമെ ട്രക്കു് ബിസിനസ്സും. ഈ പെട്രോള്‍ സൂക്ഷിച്ചുവച്ച് കൂടുതല്‍ വിലയ്ക്ക് വില്‍ക്കാനും അങ്ങനെ കൂടുതല്‍ ധനം ആര്‍ജ്ജിക്കാനുമാണു് അയാള്‍ക്ക് കൗതുകം. അഭയാര്‍ത്ഥികളെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ അയാള്‍ ‘ട്രക്കുകള്‍’ കൊടുക്കില്ല. മുന്തിരിത്തോട്ടങ്ങളുടെ ഉടമസ്ഥനായ ഒരു ക്യാപ്റ്റന്റെ ‘വൈന്‍’ തെക്കു പടിഞ്ഞാറെ ഫ്രാന്‍സിലുള്ള ബോര്‍ദോ പട്ടണത്തില്‍ എത്തിക്കുന്നതാണു് സര്‍വ്വപ്രധാനമായി അയാള്‍ കരുതുക. ടൗണ്‍മേയറുമായി അതിനെക്കുറിച്ചു് ഒരു വാദപ്രതിവാദം തന്നെയുണ്ടായി.

സൂപോ
എന്തു്? ജര്‍മ്മന്‍കാര്‍ എവിടെയെത്തി?
മെയര്‍
(ഉറപ്പിച്ചു്) ല്വാര്‍ നദിയില്‍. സൈന്യത്തിന്റെ ഒന്‍പതാം വിഭാഗത്തിനു് അങ്ങോട്ടുചെന്നു് നമ്മുടെ കുട്ടികളെ മോചിപ്പിക്കാന്‍ സാദ്ധ്യമല്ല. ഇരുപതാം മാര്‍ഗ്ഗം അഭയാര്‍ത്ഥികളെക്കൊണ്ടു് നിറഞ്ഞിരിക്കുകയാണു്. സാങ്ത്മര്‍താങ്ങിലെ മറ്റെല്ലാ ട്രക്കുകളോടുമൊരുമിച്ചു് നിങ്ങളുടെ ട്രക്കുകളും പിടിച്ചെടുത്തിരിക്കുന്നു. വിദ്യാലയത്തില്‍ കൂടിയിരിക്കുന്ന അഭയാര്‍ത്ഥികളെ കൊണ്ടുവിടാന്‍ നാളെക്കാലത്തു് നിങ്ങളുടെ ട്രക്കുകള്‍ എനിക്കു് വേണം. ഇതു് ഔദ്യോഗികമായ അറിയിപ്പാണു്.
സീമോന്‍
(പേടിച്ചു്, ഷോര്‍ഷിനോടു പതുക്കെ) ഷോര്‍ഷ് ടാങ്കുകള്‍ വരുന്നു.
ഷോര്‍ഷ്
(അവളുടെ തോളില്‍ കൈയിട്ടു്)അതേ, സീമോന്‍.
സീമോന്‍
അവന്‍ ല്വാറിലെത്തി. റ്റൂറിലും വരും.
ഷോര്‍ഷ്
അതെ സീമോന്‍.
സീമോന്‍
അവര്‍ ഇവിടെയും വരും. ഇല്ലേ?

ക്യാപ്റ്റന്‍ ട്രക്കിനുവേണ്ടി തിടുക്കം കൂട്ടിയതെന്തിനാനെന്നു് അപ്പോഴാണു് സൂപോക്ക് മനസ്സിലായതു്. അയാള്‍ കരിഞ്ചന്തയില്‍ നേടിയ പെട്രോളിനെക്കുറിച്ചും മേയര്‍ കുറ്റപ്പെടുത്തി സംസാരിച്ചു. അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകള്‍ കേട്ടു് സീമോന്‍ പ്രകമ്പനം കൊണ്ടു. I see. Only a miracle can save France. It’s rotten to the core– ഫ്രാന്‍സിനെ രക്ഷിക്കാന്‍ ഒരത്ഭുത സംഭവത്തിനെ കഴിയൂ. ഈ രാജ്യം ഉള്ളുവരെ കെട്ടിരിക്കുന്നു-ഇതായിരുന്നു മേയറുടെ വാക്കുകള്‍. അന്നു രാത്രി സീമോന്‍ സ്വപ്നം കണ്ടു. സ്വര്‍ഗ്ഗദൂതന്‍ ഇരുട്ടില്‍ നിന്നു് പുറത്തേക്കുവന്നു് ഗരാഷിന്റെ (garage) മേല്‍കൂരയില്‍ കയറി നിന്നു. അവന്റെ കൈയില്‍ ഒരു ചെറിയ ചെണ്ടയുണ്ടു്. മൂന്നുതവണ അവന്‍ ഉച്ചത്തില്‍ “ജോണ്‍!” എന്നു വിളിച്ചു. സ്വര്‍ഗ്ഗദൂതന്‍ സീമോനോടു് പറയുകയാണു്: “ഫ്രാന്‍സിന്റെ മകളെ, ജോണ്‍; എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. രണ്ടാഴ്ച കഴിയുന്നതിനുമുമ്പു് നമ്മുടെ ശ്രേഷ്ഠമായ ഫ്രാന്‍സ് നശിച്ചുപോകും. നമ്മുടെ ഈശ്വരന്‍ ചുറ്റും നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ കൊച്ചു പെണ്‍കുട്ടിയില്‍ പതിച്ചിരിക്കുന്നു. ഇതാ ചെണ്ട. ഈശ്വരന്‍ തന്നയച്ചതാണിതു്. ആളുകളെ ആലസ്യത്തില്‍നിന്നുണര്‍ത്താന്‍ ഇതു് ഉച്ചത്തില്‍ അടിച്ചു മുഴക്കൂ…” സീമോന്‍ ചോദിച്ചു: “നിങ്ങള്‍ എന്റെ സഹോദരന്‍ ആങ്ദ്രേയാണോ?” സ്വര്‍ഗ്ഗദൂതന്‍ മറുപടി നല്‍കിയില്ല. അതോടെ സീമോന്റെ സ്വപ്നമണ്ഡലം നിത്യജീവിത യാഥാര്‍ത്ഥ്യവുമായി സങ്കലനം ചെയ്യുകയാണു്. ആ സ്വര്‍ഗ്ഗസാമ്രാജ്യത്തില്‍ മേയര്‍ രാജാവായി. ഹോട്ടലിന്റെ ഉടമസ്ഥന്‍ രാജസദസ്സിലെ കണ്‍സ്റ്റബിളായി. ഹോട്ടലിലെ ജോലിക്കാരും ഡ്രൈവര്‍മാരും രാജാവിന്റെ അടുത്തേക്കു് ജോണ്‍ (സീമോന്‍) പോകുമ്പോഴുള്ള ഭടന്മാരായി. ഹോട്ടലുടമസ്ഥന്റെ അമ്മ മാറി സൂപോ രാജ്ഞിയും.

ജര്‍മന്‍ ടാങ്കുകള്‍ റ്റൂറിലെത്തി. സീമോന്‍ വാളും ശിരസ്ത്രവും ധരിച്ചാണു് നടക്കുന്നതു്. “Make way for the Maid” എന്നുള്ള വിളികള്‍. രാജാവു് (മേയര്‍) ജോണിനോടു് (സീമോന്‍) ചോദിച്ചു:പ്രിയപ്പെട്ട ജോണ്‍, ഞങ്ങള്‍ നിനക്കു് എന്താണു് ചെയ്യേണ്ടതു്? നിന്റെ ആഗ്രഹങ്ങള്‍ പറയൂ.

സീമോന്‍
(തല അല്പം കുനിച്ചിട്ട്) ചാള്‍സ് രാജാവേ! എന്റെ ആദ്യത്തെ അപേക്ഷ എനിക്കിഷ്ടപ്പെട്ട ഈ പട്ടണവാസികള്‍ക്കു് ഹോസ്റ്റലിലെ ഭക്ഷണസാധനങ്ങള്‍ എടുത്തുകൊടുക്കണമെന്നതാനു്. പാവങ്ങളെയും ആവശ്യക്കാരെയും സഹായിക്കാനാണു് (ഈശ്വരന്‍) എന്നെ അയച്ചിരിക്കുന്നതു്. കരങ്ങള്‍ ഒഴിവാക്കുകയും വേണം. ചാള്‍സ് രാജാവേ! അങ്ങു് എനിക്കു് ഒരു സൈന്യത്തെ തരണം. വര്‍ഷം അവസാനിക്കുന്നതിനു മുന്‍പു് ശത്രുവിനെ എനിക്കു പാടേ തോല്പിക്കണം.
മേയര്‍
പ്രിയപ്പെട്ട ജോണ്‍! ഞങ്ങള്‍ക്കെല്ലാം നിന്നെക്കുറിച്ചു് പരിപൂര്‍ണ്ണമായ സംതൃപ്തിയാണുള്ളതു്…

അന്നു രാത്രി (ജൂണ്‍ 15) സ്വര്‍ഗദൂതന്‍ വീണ്ടും ഗരാഷിന്റെ മേല്‍കൂരയില്‍ പ്രത്യക്ഷനായി. “ശത്രുക്കള്‍ ജയിച്ചു കഴിഞ്ഞാലും, നമ്മള്‍ യുദ്ധം ചെയ്യേണ്ടതുണ്ടോ?” എന്നു് സീമോന്‍ അവനോടു് ചോദിച്ചു.

സ്വര്‍ഗദൂതന്‍
രാത്രികാലത്തെ കാറ്റു വീശുന്നുണ്ടോ?
സീമോന്‍
ഉണ്ടു്.
സ്വര്‍ഗദൂതന്‍
മുറ്റത്തു് ഒരു മരമില്ലേ?
സീമോന്‍
ഉണ്ടു്.പോപ്ലര്‍ മരം.
സ്വര്‍ഗദൂതന്‍
കാറ്റടിക്കുമ്പോള്‍ അതിന്റെ ഇലകള്‍ ശബ്ദിക്കുന്നില്ലേ?
സീമോന്‍
ഉണ്ടു്.
സ്വര്‍ഗദൂതന്‍
എന്നാല്‍ ശത്രുക്കള്‍ ജയിച്ചാലും നീ പടവെട്ടണം.

ശത്രു പട്ടണത്തിലെത്തുമ്പോള്‍ അവനു് കൊള്ളയടിക്കാന്‍ അവിടെ ഒന്നുമുണ്ടായിരിക്കരുതെന്നാണു് സ്വര്‍ഗദൂതന്റെ ഉപദേശം. ഇരിക്കാന്‍ കസേരയോ കിടക്കാന്‍ കിടക്കയോ അവിടെ കാണരുതു്. “പോകൂ, എല്ലാം നശിപ്പിക്കൂ.”

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ജര്‍മന്‍കാര്‍ സാങ്ത് മര്‍താര്‍ജില്‍ പ്രവേശിച്ചു. ആ പട്ടണത്തിലുള്ളവര്‍–വിശേഷിച്ചു് ഹോട്ടലുടമസ്ഥന്റെ അമ്മയും വേറെ ചിലരും–ശത്രുക്കളോടു് കൂട്ടുകെട്ടിനു് തയ്യാറാവുകയാണു്. തങ്ങളുടെ നിര്‍വ്യാജ മനഃസ്ഥിതി അവരെ ബോധപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി പെട്രോള്‍ ഒളിച്ചുവച്ചിരിക്കുന്നതു് എവിടെയെന്നുവരെ അവര്‍ ശത്രുക്കള്‍ക്കു് പറഞ്ഞുകൊടുത്തു. പക്ഷേ അവര്‍ക്കു് അതു് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. സീമോന്‍ പെട്രോളിനു് തീകൊളുത്തി അതാകെ നശിപ്പിച്ചു.

സീമോന്‍ ജര്‍മന്‍കാരാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പുരോഹിതന്മാരടങ്ങിയ ഒരു കോടതിയാണു് അവളെ വിസ്തരിക്കുന്നതു്. സീമോന്‍ വീണ്ടും സ്വപ്നമണ്ഡലത്തിലായി. താന്‍ വിസ്തരിക്കപ്പെടുന്നതും മറ്റും അവള്‍ കണ്ടു. പക്ഷേ വിധി പ്രസ്താവിച്ച ഓരോ ജഡ്ജിയും അവള്‍ക്കു പരിചയമുള്ളവര്‍ തന്നെ.

വലിയ ശബ്ദം
ഓര്‍ലിയന്‍സ് പട്ടണം സ്വതന്ത്രമാക്കിയതിനും അവിടത്തെ എലികള്‍ക്കു് മോഷ്ടിച്ച ഭക്ഷണം കൊടുക്കുന്നതിനും — മരണം. ഇതു പറഞ്ഞ ജഡ്ജി മുന്തിരിത്തോട്ടങ്ങളുടെ ഉടമസ്ഥനാണു്.
വലിയ ശബ്ദം
ഫ്രഞ്ച് ജനതയെയാകെ ഐക്യത്തില്‍ കൊണ്ടുവന്നതിനു്-മരണം. ഈ വിധി പ്രസ്താവിച്ചതു് മേയറായിരുന്നു. “ഈശ്വരാ! ഇതു് മേയറല്ലേ” എന്നാണു് സീമോന്‍ അതു് കേട്ടു് അറിയാതെ പറഞ്ഞുപോയതു്. കാരാഗൃഹത്തില്‍ കിടന്നപ്പോഴാണു് ജോണ്‍ ഈ സ്വപ്നം കണ്ടതു്. അടുത്ത ദിവസം കാലത്തു് ജര്‍മ്മന്‍കാര്‍ അവളെ ഫ്രഞ്ചുകാര്‍ക്കു തന്നെ കൈമാറി. ഒരു പെണ്‍കുട്ടിയെ കൊന്നു് ജര്‍മ്മന്‍ ഫ്രഞ്ച് ബന്ധം തകര്‍ക്കാന്‍ ജര്‍മ്മന്‍കാര്‍ക്കു് ഇഷ്ടമില്ല. യാഥാര്‍ത്ഥത്തിന്റെ മണ്ഡലത്തിലേക്കു വന്ന ജോണ്‍ കാണുന്നതു് അവര്‍ തന്നെ റഫര്‍മേറ്ററിയിലേക്കു് നയിക്കുന്നതാണു്. അങ്ങനെ അവള്‍ ആ ഭവനത്തില്‍ ബന്ധനസ്ഥയാകുന്നു. സീമോന്‍ പോകുന്ന വേളയില്‍ ഗരാഷിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ഗദൂതന്‍ പ്രത്യക്ഷനാകുകയാണു് “ഫ്രാന്‍സിന്റെ പുത്രീ, പേടിക്കാതിരിക്കൂ. കന്യകയെ എതിരിടുന്നവര്‍ ജീവിച്ചിരിക്കില്ല. നിന്നെ ദ്രോഹിക്കുന്നവരുടെ കൈകള്‍ ഈശ്വരന്‍ നശിപ്പിച്ചു കളയും…” എന്നൊക്കെ സ്വര്‍ഗ്ഗദൂതന്‍ അവളെ സമാശ്വസിപ്പിക്കുമ്പോള്‍ അവന്‍ തന്റെ സഹോദരന്‍ തന്നെയാണെന്നുകണ്ടു് “ഞാന്‍ പോകുകയില്ല. ഇല്ല ഇല്ല ആങ്ദ്രേ ആങ്ദ്രേ!” എന്നും സീമോന്‍ നിലവിളിക്കുന്നു. അപ്പോള്‍ കന്യാസ്ത്രീകള്‍ അവളെ റഫര്‍ മേറ്ററിയിലേക്കു് വലിച്ചിഴച്ചുകൊണ്ടുപോകുന്നു.

മുറ്റത്തു വൃക്ഷമുണ്ടോ? കാറ്റടിക്കുന്നുണ്ടോ? ആ കാറ്റു് മരത്തിന്റെ ഇലകളെ ഇളക്കുന്നുണ്ടോ? സീമോന്‍ ആ ശബ്ദം കേള്‍ക്കുന്നുണ്ടോ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം “ഉണ്ട്” എന്നാണ്. അപ്പോള്‍ വൃക്ഷവും മരവും കാറ്റും ശബ്ദവും ശാശ്വതങ്ങളാണെങ്കില്‍ ഫ്രഞ്ച് ജനതയും ശാശ്വതമത്രേ. അങ്ങനെയുള്ള ജനതയ്ക്ക് യുദ്ധം ചെയ്യാതെ തരമില്ല, കാരണം യുദ്ധം മുതലാളിത്തവ്യവസ്ഥിതിയുടെ ഫലമാണ്. തല്ക്കാലത്തേയ്ക്കു് ജര്‍മ്മന്‍ സൈന്യം ജയിച്ചു.അവരെ ഫ്രാന്‍സിനു് എതിര്‍ക്കാതിരീക്കാന്‍ സാദ്ധ്യമല്ല. അതിനാല്‍ സ്വര്‍ഗ്ഗദൂതന്റെ നിര്‍ദ്ദേശമനുസരിച്ചു് സീമോന്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു ശതാബ്ദം മുന്‍പു ജീവിച്ചിരുന്ന ജോണ്‍ ഓഫ് ആര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളാണു് അവള്‍ക്കു പ്രചോദനമരുളിയതു്. പക്ഷേ സീമോന്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണു് ഫ്രഞ്ചു ജനതയുടെ തന്നെ പ്രതിനിധിയായി കരുതാവുന്ന ആ കന്യക പരാജയപ്പെട്ടതു്? മുതലാളിത്ത വ്യവസ്ഥിതിയില്‍ നന്മ വിജയം പ്രാപിക്കുകയില്ല എന്നതുകൊണ്ടുതന്നെ. അതിനാല്‍ ആ വ്യവസ്ഥിതിയെ മാറ്റു എന്നാണു് ബ്രക്‌ഹ്തിന്റെ ഉപദേശം. I see the world in a mellow light: it is God’s excrement എന്നു്. ലോകത്തെ ഈശ്വരന്റെ മലമായി കാണുന്ന ഈ നാടകകര്‍ത്താവു് വ്യക്തികളെ കുറ്റപ്പെടുത്തുന്നില്ല. വ്യക്തിയുടെ തനിസ്വരൂപം നന്മ തന്നെ. പക്ഷേ ലോകം ഇങ്ങനെ ശോധനവസ്തുവായിരിക്കുന്നിടത്തോളം കാലം നന്മയുള്ള വ്യക്തി വിജയം വരിക്കുകയില്ല. അതുകൊണ്ടു് നിങ്ങളുടെ അടുത്തു് ആരെങ്കിലും ദാഹംകൊണ്ടു് കഷ്ടപ്പെടുന്നെങ്കില്‍ പൊടുന്നനവേ കണ്ണുകളടച്ചേക്കൂ. നിങ്ങളുടെ അടുത്തു് ആരെങ്കിലും വേദനകൊണ്ടു് വിലപിക്കുന്നെങ്കില്‍ വേഗം കാതുകൾ അടച്ചേക്കൂ എന്നാണു് ബ്രക്‌ഹ്തിന്റെ നിര്‍ദ്ദേശം. ഇവിടെ അദ്ദേഹം ക്രൂരനായി നമ്മുടെ മുമ്പില്‍ നില്‍ക്കുകയാണെന്നു കരുതരുതു്. അന്യനോടു് പരുഷമായും ക്രൂരമായും പെരുമാറേണ്ട വിധത്തിലുള്ള വ്യവസ്ഥിതിയാണ് ഇന്നുള്ളതു് എന്നത്രേ അദ്ദേഹത്തിന്റെ സൂചന. ഷെന്‍റ്റീ എന്ന കഥാപാത്രവും ഒരു പ്രസ്താവനയിലൂടെ ഈ ആശയം അഭിവ്യഞ്ജിപ്പിക്കുന്നു.

Something must be wrong with your world. why is there a reward for wickedness, why do the good receive such hard punishment?

ലോകത്തെ ഈശ്വരന്റെ ഉച്ചരിത വസ്തുവായി ദര്‍ശിക്കുന്ന ബ്രക്‌ഹ്ത് ഈശ്വരവിശ്വാസിയല്ല. “ഈശ്വരന്‍ മരിച്ചു” എന്നു പ്രഖ്യാപിച്ച നിഷേയുടെ കൂടെയാണു് അക്കാര്യത്തില്‍ അദ്ദേഹം. അതിനാല്‍ ജോണ്‍ ഓഫ് ആര്‍ക്കിന്റെ ആധ്യാത്മിക ദര്‍ശനങ്ങളെ ബ്രക്‌ഹ്ത് അംഗീകരിക്കുന്നില്ല. ആ ധീരവനിതയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാത്രമേ അദ്ദേഹം ആദരണീയമായി കരുതുന്നുള്ളു. സ്വപ്നമണ്ഡലത്തില്‍ സ്വര്‍ഗ്ഗദൂതനെ ദര്‍ശിക്കുന്ന സീമോന്‍, പെട്രോള്‍ കത്തിച്ചുകളയാനും ഭക്ഷണസാധനങ്ങള്‍ പാവങ്ങള്‍ക്കു് വിതരണം ചെയ്യാനും മാത്രമേ ഉദ്യുക്തയാവുന്നുള്ളു. ജോണ്‍ ഓഫ് ആര്‍ക്കിനെപ്പോലെ ഈശ്വരസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവളല്ല സീമോന്‍. അവളെ പിന്‍തിരിപ്പന്‍ ശക്തികള്‍ റഫര്‍മേറ്ററിയില്‍ താമസിപ്പിക്കുന്നു. മനുഷ്യസ്നേഹമുള്ള കമ്മ്യൂണിസ്റ്റിനെ ഭ്രാന്തനാക്കി മാറ്റുന്ന പ്രതിലോമകാരികളാണല്ലോ ലോകത്തുള്ളതു്. ഈ ആശയം കലയുടെ ചട്ടക്കൂട്ടിലൊതുങ്ങിയേ ആവിഷ്കൃതമാകുന്നുള്ളു. ബ്രക്‌ഹ്ത് വിശ്വാസത്തില്‍ കമ്മ്യൂണിസ്റ്റാണെങ്കിലും കലാകാരനാണ്. കലയുടെ ചാരുതയെ ഭഞ്ജിപ്പിക്കുന്ന ഒന്നുംതന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ കാണുകയില്ല.