close
Sayahna Sayahna
Search

കലയിലെ ഫാഷിസം


കലയിലെ ഫാഷിസം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

മൗലിക പ്രതിഭയുള്ള ഇന്നത്തെ ഒരു കലാകാരന്‍ കഴിഞ്ഞ കാലഘട്ടങ്ങളിലെ മനോഹരങ്ങളായ കലാസൃഷ്ടികള്‍ കാണുകയാണെന്നിരിക്കട്ടെ. എന്തായിരിക്കും അയാളുടെ പ്രതികരണം? ഈ ശതാബ്ദത്തിലെ മഹാനായ തത്വചിന്തകന്‍ ഒര്‍ട്ടിഗാ ഈ ഗാസറ്റ് (Ortegay Gasset, 1883–1955) ഈ ചോദ്യം നമ്മോട് ചോദിച്ചിട്ട് സ്വയം ഉത്തരം നല്‍കുന്നു. പ്രതികരണം ഒന്നുകില്‍ അവികല്പമായിരിക്കും; അല്ലെങ്കില്‍ നിഷേധാത്മകമായിരിക്കും. കലാകാരന്‍ ഭൂതകാലത്തോട് ചേര്‍ന്നുനിന്ന് ആ കലാസൃഷ്ടികളെ പൈതൃകമായി കരുതുകയും അതിനെ കൂടുതല്‍ മോടിപിടിപ്പിക്കുന്നത് തന്റെ കര്‍ത്തവ്യമായി വിചാരിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ പൊതുവെ പ്രശംസിക്കപ്പെടുന്ന ആ കലാസൃഷ്ടികളോട് അയാള്‍ക്ക് അവാച്യമായ വിദ്വേഷം തോന്നിയെന്നുവരാം. ആദ്യം പറഞ്ഞ മാനസിക നിലയുള്ള കലാകാരന്‍ പരമ്പരാഗതങ്ങളായ രൂപങ്ങളെ അംഗീകരിക്കുകയും പാവനങ്ങളായ മാതൃകകളെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മാനസികനിലയുള്ള ആള്‍ പാരമ്പര്യത്തില്‍നിന്നു മാറിനില്ക്കുന്നു; കാലം ബഹുമാനിച്ച നിയമങ്ങളെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി നിര്‍വ്വഹിക്കുന്ന കലാകാരന്‍ അത്യന്താധുനീകനാണ്. ഒര്‍ട്ടിഗാ ഈ അത്യന്താധുനികന്റെ സ്തോതാവാണ്; അത്യന്താധുനിക കലയെ അദ്ദേഹം നിതിമത്കരിക്കുകയും ചെയ്യുന്നു.

എന്താണ് ഈ നൂതന കലയുടെ സവിഷേഷത? ‘മനുഷ്യത്വവിഹീനമാക്കല്‍’ എന്ന് ഒര്‍ട്ടിഗാ ഉടനെ മറുപടി പറയും. അത്യന്താധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയും സാഹിത്യവും ആവിര്‍ഭവിക്കുന്നതുവരെ മനുഷ്യത്വപൂര്‍ണ്ണമായ കലയും സാഹിത്യവുമാണ് നിലവിലിരുന്നത്. പൊടുന്നനവെ ഒരു പ്രതികരണമുണ്ടായി. പരമ്പരാഗതമായത് എന്തുണ്ടോ അതിനെ നിഷേധിക്കണം എന്ന വിചാരത്തിന്റെ ഫലമാണ് ഈ പ്രതികരണം. നിഷേധാത്മകമായ ചിന്ത മാത്രമല്ല, വിദ്വേഷംപോലും പുതിയ കലാകാരന് ഉണ്ടായി. ഒര്‍ട്ടിഗാ ചൂണ്ടിക്കാണിക്കുന്നു: Baudelaire praises the black Venus precisely because the classical is white. (പുരാണത്തിലെ വീനസ് വെളുപ്പു നിറമാര്‍ന്നവളാണ്. എന്നതുകൊണ്ടുതന്നെയാണ് ബോദ്ലര്‍ കറുത്ത വീനസിനെ വാഴ്ത്തുന്നത് ഷ്ഠല്‍പ്യേര്‍ ബോദ്ലര്‍, 1821–67, ഫ്രഞ്ച് കവി.) അപ്പോള്‍ ഏതു വിധത്തിലുള്ള മാനസികനിലയാണ് അത്യന്താധുനികനുള്ളത് എന്ന് വ്യക്തമാകുന്നു. സത്യത്തെ പരമ്പരാഗതമായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് തെറ്റ്. ജീവിതത്തെ പ്രാചീനന്മാര്‍ കണ്ട രീതിയില്‍ത്തന്നെ കാണുന്നത് തെറ്റ്. നൂതനമായ രീതിയില്‍ ദര്‍ശിക്കുമ്പോഴാണ് ആധുനികകലയും സാഹിത്യവും മനുഷ്യത്വവിഹീനമായി രൂപം കൊള്ളുന്നത്. അതിന്റെ സ്വഭാവമറിയണമെങ്കില്‍ ഒര്‍ട്ടിഗായുടെ ചിന്താപഥത്തിലൂടെ നാം കുറച്ചുനേരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം നല്‍കുന്ന ഒരു സാങ്കല്പികസംഭവം വര്‍ണ്ണിച്ചുകൊണ്ട് അതാരംഭിക്കാം.

ഒരു മഹാന്‍ മരിക്കാന്‍ പോകുന്നു. ഡോക്ടര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ത്തന്നെയുണ്ട്. ഭാര്യയും വിട്ടു മാറാതെ നില്ക്കുന്നു. മരണശ്വാസം വലിക്കുന്ന ആളിന്റെ പിറകില്‍ ഒരു കലാകാരനും പത്രലേഖകനും നില്‍ക്കുന്നു. മരണം എന്ന ഒറ്റ സത്യത്തെ ഈ നാലുപേരും നാലു വിധത്തിലാണ് കാണുന്നത്. വിഷാദത്തിന്റെ ഉടലെടുത്ത രൂപമായി നില്ക്കുന്ന ഭാര്യ ആ സംഭവത്തിന്റെ ഒരു ഭാഗമാണ്. മാറി നിന്ന് കാണാന്‍ കഴിയാത്ത വിധം അവള്‍ അതിനോടു ചേര്‍ന്നു പോയിരിക്കുന്നു. അവള്‍ മരണം കാണുകയല്ല; അതില്‍ ജീവിക്കുകയാണ് (She does not behold it, She lives it). ഒര്‍ട്ടിഗായുടെ ഈ മതം ശരി തന്നെ. തെരുവിലൂടെ പോകുന്ന ജാഥ കാണണമെങ്കില്‍ നാം റോഡിന്റെ ഒരു വശത്ത് മാറി നില്‍ക്കണം; അതില്‍ പങ്കുകൊണ്ടാല്‍ ജാഥ കാണാന്‍ സാദ്ധ്യമല്ല. ഇനി ഡോക്ടറുടെ കാര്യം നോക്കാം. അയാള്‍ക്ക് മഹാന്റെ മരണത്തില്‍ ദുഃഖമുണ്ട്. പക്ഷേ ആ ദുഃഖം അയാളുടെ തൊഴിലിനോട് ബന്ധപ്പെട്ടതു മാത്രമാണ്. ഹൃദയം കൊണ്ടല്ല അയാള്‍ ദു:ഖിക്കുന്നത്. സ്വന്തം ജീവിതത്തിന്റെ ഒരു ഉപരിതലം കൊണ്ടു മാത്രമേ അയാള്‍ വിഷാദിക്കുന്നുള്ളൂ. ആ ഉപരിതലമാകട്ടെ വൈദ്യവൃത്തിയോടു മാത്രം ബന്ധപ്പെട്ടതും. മഹാന്‍ മരിച്ചില്ലെന്നു വിചാരിക്കൂ. ഡോക്ടറുടെ കീര്‍ത്തി കൂടുകയില്ലേ? കീര്‍ത്തിക്ഷയത്താലുണ്ടാകുന്ന ദുഃഖമല്ലാതെ ഡോക്ടര്‍ക്കു വേറൊന്നുമില്ല. ഇനി രണ്ടുപേര്‍ പിറകില്‍ നില്‍ക്കുന്നു; പത്രറിപ്പോര്‍ട്ടറും കലാകാരനും. പത്രലേഖകന് ആ സംഭവം എങ്ങനെ വര്‍ണ്ണിച്ച് അളുകളെ ദുഃഖിപ്പിക്കാം എന്നാണ് ചിന്ത. കാലത്ത് പത്രം തുറന്നു നോക്കി വായിക്കുന്നവര്‍ കണ്ണിരൊഴുക്കണം. ഇതില്‍ കവിഞ്ഞൊരു വിചാരമില്ല അയാള്‍ക്ക്. ഇതല്ലാതെ ഒരു വികാരവുമില്ല അയാള്‍ക്ക്. കലാകാരനോ? അയാള്‍ മരണമെന്ന സംഭവത്തില്‍ നിന്ന് നൂറുനാഴിക മാറിനില്‍ക്കുന്നു. അതിന്റെ ദുഃഖാത്മകമായ ആന്തരാര്‍ത്ഥത്തില്‍ അയാള്‍ക്ക് താല്‍പര്യമില്ല. സംഭവത്തിന്റെ ദൃഷ്ടിഗതമായ അംശങ്ങളില്‍ മാത്രമാണ് അയാള്‍ ശ്രദ്ധിക്കുന്നത്. വര്‍ണ്ണമൂല്യങ്ങള്‍, പ്രകാശങ്ങള്‍, നിഴലുകള്‍, ഇവയെക്കുറിച്ച് വിചാരിക്കുന്ന ആ കലാകാരന്‍ ആ സംഭവത്തില്‍ നിന്ന് അതിദൂരം മാറിനില്ക്കുന്നു. ഇങ്ങനെ മാറിനില്ക്കുന്നതുകൊണ്ട് അയാള്‍ മനുഷ്യത്വം ഇല്ലാത്തവനാണെന്ന് നാം വിചാരിച്ചേക്കാം. ആ വിചാരത്തില്‍ തെറ്റില്ല. അയാള്‍ മനുഷ്യത്വശൂന്യനത്രേ. മരണത്തിന്റെ ദൃഷ്ടിഗതങ്ങളായ അംശങ്ങളില്‍ മാത്രം മനസ്സുവെച്ച് അവയെ ആവിഷ്കരിക്കുന്ന ആ കലാകാരന്റെ ചിത്രം ‘മനുഷ്യത്വഹീനം’ എന്നു മുദ്രയടിക്കപ്പെട്ടേക്കാം. എങ്കിലും അത്യന്താധുനിക കലയെന്നത് അതുതന്നെ. മഹാന്‍ മരിക്കുമ്പോള്‍ ഞരങ്ങുകയും മൂളുകയും വാ തുറന്നു ശ്വാസമെടുക്കുകയും ചെയ്യുന്നു. മാംസപേശികളുടെ സങ്കോചമുണ്ടാകുന്നു. അതൊക്കെ കാണുന്ന ഭാര്യ വാവിട്ടു നിലവിളിക്കുന്നു. ഇതെല്ലാമാണ് മാനുഷികസത്യം. ഇത്രയും കാലം കലാകാരന്മാര്‍ ആവിഷ്കരിച്ചത് ഈ മാനുഷിക സത്യത്തെയാണ്. അത്യന്താധുനികര്‍ (ആധുനികന്‍ എന്ന് ഈ ലേഖനത്തില്‍ എഴുതുന്നതും ഈ അര്‍ത്ഥത്തില്‍ത്തന്നെ) ഇത്തരം മാനുഷിക സത്യങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു. മാനുഷികാംശത്തെ അടിച്ചുടച്ച് കലയെ മനുഷത്വ ശൂന്യമാക്കാനാണ് അയാളുടെ ശ്രമം. അങ്ങനെ ആവിര്‍ഭവിക്കുന്ന കലയിലൂടെ ദൃഷ്ടാവിന് അല്ലങ്കില്‍ അനുവാചകനു മാനുഷിക സത്യത്തിലേക്ക് പോകാനേ സാധ്യമല്ല. അതിനാല്‍ ‘ദുര്‍ഗ്രഹം ദുര്‍ഗ്രഹം’ എന്ന നിലവിളി ഉണ്ടാകുന്നു. കലയിലെ മാനുഷിക സത്യം കാണുന്ന ‘പഴഞ്ചന്‍മാര്‍’ കരയും ചിരിക്കും. മാനുഷിക സത്യമല്ലാതെ അത്യന്താധുനിക കല കരച്ചിലോ ചിരിയോ ഉല്‍പാദിപ്പിക്കുന്നില്ല. ഒര്‍ട്ടിഗാ പറയുന്നു: Tears and laughter are, aesthetically, frauds. The gesture of beauty never passes beyond smiles melancholy or delighted. If it can do without them, better still (കലാപരമയി നോക്കുമ്പോള്‍ കണ്ണീരും ചിരിയും കാപട്യങ്ങളാണ്. സൗന്ദര്യത്തിന്റെ ചേഷ്ട മന്ദസ്മിതം, വിഷാദം, ആഹ്ലാദം ഇവയ്ക്കപ്പുറം പോകുന്നില്ല. അവതന്നെ ഇല്ലാതെ സൗന്ദര്യത്തിനു പ്രത്യക്ഷമാകാമെങ്കില്‍ ഏറെനന്ന്).

അന്ത്യന്താധുനിക കലയെ അപഗ്രഥിച്ച് സമത്വം സ്ഥാപിക്കുന്നതില്‍ ഒര്‍ട്ടിഗാ പ്രദര്‍ശിപ്പിച്ചിട്ടുള്ള പ്രാഗല്ഭ്യം അസാധാരണം തന്നെ. റൂസ്സോയുടെ Contract Social പതിനെട്ടാം ശതാബ്ദത്തിന് എന്തായിരുന്നുവോ കാള്‍ മാര്‍ക്സിന്റെ ‘ദാസ് കാപ്പിറ്റാല്‍’ പത്തൊന്‍പതാം ശതാബ്ദത്തിന് എന്തായിരുന്നുവോ അതു തന്നെയാണ് ഒര്‍ട്ടിഗായുടെ ഗ്രന്ഥങ്ങള്‍ ഇരുപതാം ശതാബ്ദത്തിന് എന്ന് നിരൂപകന്‍ പ്രഖ്യാപിക്കുന്നു. അങ്ങനെ പ്രജ്ഞാശക്തിയുള്ള ഈ ചിന്തകനെ ഞാനെന്തിന് വാഴ്ത്തണം? അത്യന്താധുനിക കല നോക്കൂ. ഒര്‍ട്ടിഗാ പറയുന്നതുപോലെ അതു മനുഷ്യത്വഹീനം തന്നെ എന്ന പരമാര്‍ത്ഥം ബോധപ്പെടും. സ്വിസ്റ്റ് ചിത്രകാരന്‍ പൗള്‍ ക്ലേയുടെ ‘The snake Goddess and Her Enemy’ സ്പാനിഷ് ചിത്രകാരന്‍ പാവ്ലോ പിക്കാസോയുടെ ‘ഗര്‍ണീകാ’ സ്പാനിഷ് ചിത്രകാരന്‍ സാല്‍വാതോര്‍ ദാലിയുടെ ‘ഉരുകുന്ന വാച്ചുകള്‍’ ഇവയിലെല്ലാം മാനുഷികസത്യമില്ല. അവ തികച്ചും മനുഷ്യത്വശൂന്യമാണ്. ഫ്രഞ്ച് നോവലിസ്റ്റ് രോബ് ഗ്രീയേയുടെ നോവലുകള്‍ റൂമേനിയക്കാരനായ യനസ്കോയുടെ നാടകങ്ങള്‍ ഇവയില്‍ മാനുഷികസത്യം വിരളമാണ്. സ്വിസ്റ്റ് ശില്പിയായ ആല്‍ബര്‍ട്ടോ ജാ കോമറ്റീ (Alberto Gia Cometti) നിര്‍മ്മിച്ച ചില ശില്പങ്ങളുടെ ചിത്രങ്ങള്‍ വില്യം ബാരറ്റ് എഴുതിയ ‘Time of need — Forms of Imagination in the Twentieth Century എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അത് കാണുന്നവര്‍ക്ക് ഒര്‍ട്ടിഗായുടെ അഭിപ്രായം സത്യാത്മകമാണെന്നു മനസ്സിലാകും. പാശ്ചാത്യ ദേശത്തെ അനുകരിക്കുന്നതില്‍ തല്‍പരമായ ഭാരതത്തിന്റെ കലയും മനുഷ്യത്വ വിഹീനമാകുകയാണ്. ലക്ഷ്മന്‍ പൈയുടെ ചിത്രങ്ങള്‍ ഉദാഹരണം. സുല്‍ത്താന്‍ ആലിയുടെ ‘ആദ്യത്തെ പാപം’, കെ.എസ്. കുല്‍ക്കര്‍ണ്ണീയുടെ ‘സന്ദേശം’, സതീശ് ഗുജറാലിന്റെ ‘ഔട്ട് പോസ്റ്റ്’ ഇവയൊക്കെ മറ്റ് ഉദാഹരണങ്ങള്‍.

ഒരു പുതിയ ഭാവസംദൃബ്ധത – സെന്‍സിബിലിറ്റി ഏതു മണ്ഡലത്തിലും കാണുന്നുവെന്നാണ് ഒര്‍ട്ടിഗായുടെ മതം. ആ സെന്‍സിബിലിറ്റിയാകട്ടെ എല്ലാ മാനുഷികാംശങ്ങളെയും വെറുക്കുന്നു. ഒരു മണ്ഡലത്തിലും അതിന് ഇന്നു പ്രവേശനമില്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.ജര്‍മ്മന്‍ ഗാനരചയിതാവായ റിഗ് ആര്‍ട്ട് വാഗ്നറുടെ ഗാനങ്ങളില്‍ മെലോഡ്രാമ മൂര്‍ദ്ധന്യാവസ്ഥ്യിലെത്തി. മോഹാലസ്യപ്പെടാതെ കണ്ണീരു പൊഴിക്കാതെ ഗാനം കേള്‍ക്കണമെന്നു ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടായി. അപ്പോഴാണ് ഫ്രഞ്ച് ഗാനരചയിതാവായ ക്ലോദ് ഏഷീല്‍ ദ്ബസ്സിയുടെ രംഗപ്രവേശനം (Claude Achille Debussy, 1862–1918). അദ്ദേഹം സംഗീതത്തെ മൗഷ്യത്വശൂന്യമാക്കി സംഗീതകലയില്‍ ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്തു, (Debussy dehumainzed music, that is why he marks a new era in the art of music, Ortega). കവിതയിലും ഇതു തന്നെ സംഭവിച്ചുവെന്നാണ് ഒര്‍ട്ടിഗാ പ്രസ്താവിക്കുന്നത്. മാനുഷികാംശത്തിന്റെ ഭാരം വലിച്ചു വാരി വെച്ചുകൊണ്ട് അതു ഇഴയുകയായിരുന്നു. കാറ്റു പോയ ബലൂണ്‍ പോലെ അത് ചിലപ്പോള്‍ തറയില്‍ തൊടുകയും മരങ്ങളിലും വീടുകളുടെ മേല്‍ക്കുരകളിലും ചെന്നു തട്ടുകയും ചെയ്തു. അപ്പോഴാണ് ഫ്രഞ്ച് കവി സ്റ്റേഫന്‍ മലര്‍മേയുടെ ആവിര്‍ഭാവം (Stephane Mallarme, 1842–1898) അദ്ദേഹം കവിതയുടെ മാനുഷികാംശം ഒഴിവാക്കി അതിന് ഉന്നമന ശക്തി നല്‍കി.

ഒര്‍ട്ടിഗായുടെ അ വാദഗതികള്‍ നന്ന്. അവയ്ക്കു യുക്തി ബലം നല്‍കുന്നു. സമ്മതിക്കാം. പക്ഷേ അദ്ദേഹത്തെക്കാള്‍ മഹാന്മാരായ ചിന്തകന്മാര്‍ ആവിഷ്കരിച്ചിട്ടുള്ള കലാസിദ്ധാന്തങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഈ കലാസിദ്ധാന്തത്തിന്റെ സ്ഥിതി എന്തായിരിക്കും. ലോകം സംശയലേശം കൂടാതെ അംഗീകരിച്ചിടുള്ള മാസ്റ്റര്‍പീസുകളെ വ്യാഖ്യാനിക്കാന്‍ ഒര്‍ട്ടിഗായുടെ സിദ്ധാന്തം പ്രയോജകീഭവിക്കുന്നുണ്ടോ? അത് പരിശോധിക്കേണ്ടിയിരിക്കുന്നു.

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടമായ ഒരു കൃതിയാണ് വാല്മീകീ രാമായണം. അതില്‍ കലാസൃഷ്ടികളുടെ ഉത്ഭവത്തെക്കുറിച്ച് പ്രത്യക്ഷമായ മട്ടില്‍ ഒന്നും പറയുന്നില്ല. എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ഗഹനമായ കലാതത്വത്തെ പരോക്ഷമായ രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. കാവ്യത്തിന്റെ തുടക്കത്തില്‍ത്തന്നെയാണ് അതുള്ളത്. വാല്മീകി ആശ്രമത്തില്‍ ചിന്താഗ്രസ്തനായിരിക്കുന്നു. അപ്പോള്‍ നാരദന്‍ അവിടെ എത്തുകയാണ്. ഈ ലോകത്ത് ഏറ്റവും ഉത്കൃഷ്ടനായ പുരുഷന്‍ ആരാണെന്ന് മഹര്‍ഷിയുടെ ചോദ്യം. ഇക്ഷ്വാകു വംശപ്രഭവനായ ശ്രീരാമന്‍ എന്നു നാരദന്റെ മറുപടി. നാരദന്‍ പൊയ്ക്കഴിഞ്ഞ ശേഷം വാല്മീകി തമസാ തീരത്തേക്കു പോയി. നല്ല മനുഷ്യന്റെ മനസ്സുപോലെ അകര്‍ഷകമായിരിക്കുന്ന തീര്‍ത്ഥം കണ്ട് അദ്ദേഹം നടക്കുമ്പോള്‍ രതികൂജിതം ഉതിര്‍ക്കുന്ന രണ്ടു പക്ഷികളില്‍ ഒന്നിനെ ഒരു വേടന്‍ അമ്പെയ്തു വീഴ്ത്തി. ശോണിത പരീതാംഗനായി ഭൂമിയില്‍ വീണ ആണ്‍പക്ഷിയെ കണ്ടിട്ട് പെണ്‍ പക്ഷി വിലപിച്ചു. മഹര്‍ഷി കാരുണ്യാകുലനായി തന്റെ വികാരത്തെ ഒരു ശ്ലോകത്തിലൂടെ ആവിഷ്കരിച്ചു. അദ്ദേഹം പിന്നീട് ആശ്രമത്തിലേക്ക് പോയി. അവിടെ ഇരിക്കുമ്പോള്‍ ബ്രഹ്മാവ് ചെന്ന് ‘ഈ പദ്യാത്മികമായ വാക്ക് എന്റെ ഇഷ്ടത്താലാണുണ്ടായത്. താങ്കള്‍ രാമന്റെ കഥ പ്രതിപാദിക്കുക; എന്നു പറഞ്ഞു. വാല്മീകി യോഗത്തില്‍ വിലയം കൊണ്ടു. അപ്പോള്‍ രാമകഥ മുഴുവന്‍ അദ്ദേഹത്തിന്റെ അന്തര്‍ നേത്രത്തിനു മുന്‍പില്‍ ആവിര്‍ഭവിച്ചു. ഈ കഥയാണ് കലാതത്വത്തെ സൂചിപ്പിക്കുന്നതിനായി ഞാന്‍ ആദ്യം പറഞ്ഞത്. ക്രൗഞ്ചപ്പക്ഷികളുടെ ദുഃഖം ലോകത്തെങ്ങുമുള്ള ദുഃഖം തന്നെ. അതനുഭവിച്ച മഹര്‍ഷി പൊടുന്നനവെ കവിയായി മാറി. അപ്പോള്‍ ബ്രഹ്മാവ് — സര്‍ഗ്ഗാത്മക ശക്തിവിശേഷം — ആ ദുഖത്തെ പദങ്ങളിലൂടെ സ്ഫുടീകരിക്കാന്‍ കവിയോട് ആജ്ഞാപിക്കുന്നു. ആ ആഹ്വാനം ചെവിക്കോള്ളാതിരിക്കാന്‍ കവിക്കു വയ്യ. പ്രപഞ്ചദുഃഖം കലാരൂപമാര്‍ജ്ജിച്ചു. ഫലമോ? ഇന്നു വരെ ഒരു കാവ്യത്തിനും അതിശയിക്കാന്‍ സാദ്ധ്യമല്ലാത്ത വിധം ഔജ്ജ്വല്യമാര്‍ന്നു ഒരു കലാസൃഷ്ടി.

ഈ കലാപ്രക്രിയയെ ആണ്.

‘ശോകഃ ശ്ലോകത്വമാഗതോഃ’

എന്ന പ്രയോഗത്താല്‍ ധ്വന്യാലോകകാരന്‍ വ്യക്തമാക്കിത്തരുന്നത്. ക്രൗഞ്ചപ്പക്ഷിയുടെ ദുഃഖം കണ്ടുണ്ടായ മുനിയുടെ ശോകം ശ്ലോകമായി പരിണമിച്ചു. കാളിദാസനും അതുതന്നെ പറയുന്നു.

താമഭ്യഗച്ഛദ്ര ദിതാനുസാരീ കവിഃ
കശേധ്മാ ഹരണായ യാതഃ
നിഷാദ വിദ്ധാണ്ഡജ ദര്‍ശനോത്ഥഃ
ശ്ലോകത്വമാപദ്യത യസ്യശോകഃ

‘വേടനെയ്തു വീഴ്ത്തിയ പക്ഷിയെ കണ്ടിടുണ്ടായ ആരുടെ ശോകമാണോ ശ്ലോകമായിത്തീര്‍ന്നത്’ എന്നു കാളിദാസന്‍ പ്രസ്താവിക്കുമ്പോള്‍ വാല്മീകിക്കു ശോകമുണ്ടായിയെന്ന് അദ്ദേഹം കരുതുന്നു എന്നതു സ്പഷ്ടമാണ്. ഈ ശോകം ലൗകികമാണോ അലൗകികമാണോ എന്ന വിചാരമൊക്കെ തല്‍ക്കാലം അടങ്ങിയിരിക്കട്ടെ. മഹര്‍ഷി വികാരത്താല്‍ ചലനം കൊള്ളാതെ ശ്ലോകമുണ്ടാവുകയില്ല. ഇതു തന്നെയാണ് കാളിദാസനും ധ്വന്യാലോകകാരനും അസന്നിഗ്ധമായി ഉദ്ഘോഷിക്കുന്നത്. പാശ്ചാത്യന്റെയും സങ്കല്പമിതുതന്നെ. വൃക്ഷം വരയ്ക്കുന്നതിനു മുന്‍പ് കലാകാരന്‍ വൃക്ഷമായി മാറണമെന്നു ഒരു പാശ്ചാത്യചിന്തകന്‍ പറഞ്ഞത് ഭാരതീയന്റെ ഹൃദയസംവാദം, തന്മയീഭാവം ഇവയില്‍നിന്നു വിഭിന്നമായ മട്ടിലല്ല. എന്നാല്‍ ഒര്‍ട്ടിഗായുടെ സങ്കല്പം മാത്രം ഇതിനോടു യോജിക്കുന്നില്ല. മഹാന്റെ മരണംകണ്ട് അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിക്കുന്നു; എന്നാല്‍ കലാകാരന്‍ മാത്രം നിര്‍വികാരനായി നിലകൊള്ളുന്നു എന്ന് അദ്ദേഹം പറയുന്നത് കലാ പ്രക്രിയയെക്കുറിച്ച് ഇന്നുവരെയുണ്ടായിരുന്ന എല്ലാ സിദ്ധാന്തങ്ങള്‍ക്കും കടകവിരുദ്ധമായിട്ടാണ്, ദൃഷ്ടിഗതങ്ങളായ അംശങ്ങളിലാണത്രേ ആ കലകാരന്റെ മനസ്സു ചെന്നു ചേര്‍ന്നിരിക്കുന്നത്; വര്‍ണ്ണമൂല്യങ്ങളിലും പ്രകാശത്തിലും നിഴലിലുമാണുപോലും അയാളുടെ താല്പര്യം. ഈ താല്പര്യമുണ്ടാകണമെങ്കില്‍ അയാള്‍ കാണുന്ന സംഭവം വികാരം ഉല്പാദിപ്പിച്ചേ മതിയാവൂ. ആ വികാരത്തിനു പരിണാമം വരുമ്പോഴാണ് കലാസൃഷ്ടി രൂപം കൊള്ളുക. പ്രജ്ഞയുടെ അധിത്യകയില്‍ നില്‍ക്കുന്ന ഒര്‍ട്ടിഗായ്ക്ക് ഇങ്ങനെയൊരു പ്രമാദം സംഭവിച്ചത് അത്ഭുതകരമായിരിക്കുന്നു.

സത്യത്തെ മാനുഷികസത്യമെന്നും നിരീക്ഷിച്ച സത്യമെന്നും (Lived reality and Observed reality) വിഭജിക്കുന്ന ഒര്‍ട്ടിഗാ പ്രാചീന കൃതികളിളെല്ലാം മാനുഷികസത്യമേയുള്ളൂവെന്നും അത് അന്ത്യന്താധുനികന് അംഗീകാര്യമല്ലെന്നും പ്രഖ്യാപിക്കുന്നു. എന്തുകൊണ്ട് അംഗീകരിക്കാന്‍ വയ്യ? മനുഷ്യനെ കണ്ടുകണ്ട് അയാള്‍ക്ക് വെറുപ്പ് ഉണ്ടായിപ്പോയോ? അതോ മനുഷ്യന്‍ കൊള്ളരുതാത്തവൻ ആയതുകൊണ്ട് അവനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നതില്‍ അയാള്‍ക്ക് വിരോധം സംഭവിച്ചു പോയോ? അങ്ങനെ വെറുപ്പും വിരോധവും ഉണ്ടായപ്പോള്‍ താനും മനുഷ്യനാണെന്ന കാര്യം അയാള്‍ വിസ്മരിച്ചു കളഞ്ഞോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഒര്‍ട്ടിഗായില്‍ നിന്ന് നമുക്കു കിട്ടുന്നില്ല. കിട്ടുന്നില്ലെന്നതു പോകട്ടെ. ഈ ലോകത്ത് ഏറ്റവും പ്രധാനൻ മനുഷ്യന്‍. ഭാഷ അവന്റേത്, സാഹിത്യം അവന്റേത്. അതില്‍ മനുഷ്യന്റെ കാര്യം പാടില്ല എന്നു പറയുന്നതിന്റെ യുക്തിയാണു മനസ്സിലാകാത്തത്. മനുഷ്യനെ വിട്ടിട്ട് പ്രപഞ്ചത്തിലുള്ള ഏതു കാര്യവും പറഞ്ഞു നോക്കു. മനുഷ്യനോട് ബന്ധമുള്ളത്ര മാത്രമേ താല്പര്യജനകമായി ഭവിക്കൂ. ചന്ദ്രക്കലയെ നോക്കികൊണ്ട് വിക്തോര്‍ യൂഗോ പാടി. ‘ഏത് ഈശ്വരനാണ്, ഏതു ശാശ്വത വസന്തത്തിന്റെ കൊയ്ത്തുകാരനാണ് ഈ സ്വര്‍ണ്ണ കൊയ്ത്തരിവാള്‍ നക്ഷത്രങ്ങളുടെ വയലുകളില്‍ അലക്ഷ്യമായി ഇട്ടിട്ടു പോയിരിക്കുന്നത്? ചന്ദ്രക്കലയെക്കുറിച്ചുള്ള ഈ പ്രസ്താവം മനുഷ്യനെക്കുറിച്ചുള്ള പ്രസ്താവം തന്നെയാണ്. അതുകൊണ്ടാണ് അതു നമ്മെ രസിപ്പിക്കുന്നതും.

ഒര്‍ട്ടിഗാ പറയുന്നതുപോലെ മനുഷ്യത്വശൂന്യമായ കല എല്ലാവരും സൃഷിക്കാന്‍ തുടങ്ങിയാല്‍ ലോകം ജീവിക്കാന്‍ കൊള്ളരുതാത്തതാകും. വാല്മീകിതൊട്ട് ടാഗോര്‍വരെയും ഹോമര്‍ തോട്ട് കസാന്‍ദ്സാക്കിസ് വരെയും ചാസര്‍തൊട്ട് സ്പെന്‍ഡര്‍വരെയും ഉള്ളവര്‍ മാനുഷികസത്യം ആവിഷ്കരിച്ചാണ് മഹാന്മാരായ കലാകാരന്മാര്‍ എന്ന പേരു സമ്പാദിച്ചത്. മീക്കലാഞ്ചലോ തൊട്ട് ഹെന്‍ട്രി മൂര്‍ വരെയുള്ള ശില്പവിദഗ്ദ്ധരുടെ കലാസൃഷ്ടികള്‍ നോക്കൂ. മാനുഷികസത്യം ആവിഷ്കരിച്ചതു കൊണ്ടല്ലേ അവ കലാസുന്ദരങ്ങളായത്? Dehumanized music — മനുഷ്യത്വ ശൂന്യമാക്കപ്പെട്ട സംഗീതം — അതാണ് ഉത്കൃഷ്ടമെന്ന് ഒര്‍ട്ടിഗോ ഉദ്ഘോഷിക്കുന്നു. നാം പേടിച്ച് നില്‍ക്കുന്നിടത്ത് മഹായശസ്കനായ ഈ തത്വചിന്തകന്‍ ഓടിക്കയറുന്നു എന്നേ പറയാനുള്ളൂ.

ഒര്‍ട്ടിഗായുടെ ഈ അഭിപ്രായങ്ങളെല്ലാം അദ്ദേഹത്തിന്റെ Dehumanization of Art എന്ന ഗ്രന്ഥത്തിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതില്‍ത്തന്നെ Notes on the Novel എനൊരു പ്രബന്ധമുണ്ട്. നോവല്‍ എന്ന സാഹിത്യ രൂപത്തിന് ഭാവിയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ പ്രബന്ധത്തില്‍ ദൊസ്തോ യെഫ്‌സ്കി, സ്റ്റാന്‍ദാല്‍, പ്രൂസ്‌ത് ഈ സാഹിത്യകാരന്മാരെ അദ്ദേഹം വാഴ്ത്തുന്നു. ദൊസ്തോ യെഫ്‌സ്കിയുടെ ‘ക്രൈം ആന്‍ഡ് പണിഷ്മെന്റ്’ സ്റ്റാന്‍ദാലിന്റെ ‘ല റൂഷ് ഏ ലന്വാര്‍’ പ്രൂസ്തിന്റെ ‘ഏ ലാ റെഷിര്‍ഷ് ദൂ താങ്ങ് പെര്‍ദൂ’ എന്നീ നോവലുകള്‍ അനുവാചകരെ ഇന്നും ആകര്‍ഷിക്കുന്നത് അവ ഉള്‍ക്കൊള്ളൂന്ന മാനുഷിക സത്യങ്ങളാലാണല്ലോ. അത്യന്താധുനികനായ റോബ് ഗ്രിയേയുടെ നോവലുകള്‍ എന്തുകൊണ്ട് ദൊസ്തോ യെഫ്‌സ്കിയുടെ നോവലുകളോളം ഉയരുന്നില്ല? ജാകോമേറ്റിയാണോ കേമന്‍ അതോ ഡാവിഞ്ചിയോ? നന്ദലാല്‍ ബോസ് എവിടെ; കെ. എസ്. കുല്‍ക്കര്‍ണ്ണിയെവിടെ? അവനീന്ദ്രനാഥ ടാഗോറെവിടെ; സതീശ് ഗുജ്റാല്‍ എവിടെ? അമൃതാ ഷെര്‍ഗില്‍ എവിടെ; ശാന്തിദേവ് എവിടെ? Dehumanized art — മനുഷ്വത്വശൂന്യമാക്കപ്പെട്ട കല — ഇന്നു വരെ രാമായണം പോലുള്ള, ഇലിയഡ് പോലുള്ള, ഹാംലറ്റ് പോലുള്ള കലാശില്പങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. അതു മൗഷ്യത്വശൂന്യം ആയിരിക്കുന്നിടത്തോളം കാലം അതിന് ആ വിധത്തിലുള്ള നിര്‍മ്മാണത്തിന് കഴിയുകയുമില്ല.

പ്രത്യക്ഷത്തില്‍ തന്നെ ഒന്നാന്തരം തെറ്റ് എന്ന് മനസ്സിലാക്കാവുന്ന ഇത്തരം വിചാരഗതികള്‍ ഒര്‍ട്ടിഗാ അവതരിപ്പിച്ചതിന്റെ രഹസ്യമെന്തെന്ന് ആലോചിക്കാം. ഏതു തത്വചിന്തകനും സ്വകീയമായ തത്ത്വചിന്തയ്ക്ക് യോജിച്ച രീതിയിലേ എന്തും പറയൂ. അരവിന്ദ്ഘോഷിന്റെ ഫിലോസഫിക്ക് അനുരൂപമാണ് അദ്ദേഹത്തിന്റെ കലാസങ്കല്പം. ക്രോച്ചേയുടെ തത്ത്വചിന്ത നോക്കുക. മനുഷ്യന്‍ മനസ്സില്‍ സങ്കല്പിക്കുന്നതെല്ലാം സത്യമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതിനു ചേരുന്നമട്ടില്‍ അദ്ദേഹം കലാസിദ്ധാന്തവും ആവിഷ്കരിച്ചു. മനസ്സില്‍ ഇരിക്കുന്ന എന്തോ ഒന്നാണ് കല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒര്‍ട്ടിഗായുടെ ഫിലസോഫിക്ക് യോജിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ ഈ കലാഭിവീക്ഷണം. മനുഷ്യനോ മനുഷ്യജീവിതത്തിനോ പ്രാധാന്യം കല്‍പ്പിക്കുന്നില്ല ഒര്‍ട്ടിഗാ. മനുഷ്യജീവിതം ഒരു അടിസ്ഥാനപരമായ സത്യം ആണെന്നല്ലാതെ പരമപ്രധാനമായ സത്യമായി വരികയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വിചാരഗതി കലാസങ്കല്പത്തിന് മാര്‍ഗ്ഗമൊരുക്കുന്നത് നോക്കൂ. മനുഷ്യജീവിതത്തിന് പ്രാധാന്യം കല്‍പ്പിക്കാത്ത മനുഷ്യന്‍ കലയിലെ മാനുഷികാംശത്തെ നിന്ദിക്കുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു?

നിഷേയുടെ തത്ത്വചിന്ത ഒരറ്റത്ത്. അസ്തിത്വവാദം മറ്റൊരറ്റത്ത്. ഇതിനിടയില്‍ നില്ക്കുന്ന ഒര്‍ട്ടിഗാ ഫാഷിസ്റ്റ് ചിന്താഗതിയുള്ളവനാണെന്ന് എനിക്ക് തോന്നുന്നു. പരിഷ്കാരം സൃഷ്ടിച്ചത് ഒരു ന്യൂനപക്ഷമാണെന്നും ആ ന്യൂനപക്ഷത്തിന്നെതിരായി mass-man (സമൂഹ-മനുഷ്യന്‍) ആവിര്‍ഭവിച്ച് യുദ്ധം ചെയ്യുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്നത്തെ ജീര്‍ണ്ണതയ്ക്ക് കാരണം ഈ സമൂഹ-മനുഷ്യന്റെ(mass-man) ആധിപത്യമാണെന്ന് ഒര്‍ട്ടിഗാ കരുതുന്നുണ്ട്. ഈ മതങ്ങള്‍ വിസ്മയാവഹമായ സ്പഷ്ടതയോടെ അദ്ദേഹത്തിന്റെ Revolt of the masses എന്ന ഗ്രന്ഥത്തില്‍ അവിഷ്കകൃതങ്ങളായിരിക്കുന്നു. അദ്ദേഹം പറയുന്നു:

Society is always a dynamic unity of two component factors: minorities and masses. The minorities are individuals or groups of individuals which are specially qualified. The mass is the assemblage of person not specially qualified. By masses, then, is not to be understood, soley or mainly, the ‘working masses’. The mass is the average man.’ (സമുദായമെന്നത് എപ്പോഴും രണ്ടു ഘടകാവയവങ്ങളുടെ ചലനാത്മകമായ ഐക്യമാണ്: ന്യൂനപക്ഷങ്ങളും ജനക്കൂട്ടങ്ങളും. ന്യൂനപക്ഷങ്ങള്‍ സവിശേഷമായ മട്ടില്‍ യോഗ്യതയാര്‍ജ്ജിച്ച വ്യക്തികളായിരിക്കും. അല്ലെങ്കില്‍ വ്യക്തികളുടെ സമൂഹമായിരിക്കും. സവിഷേമായ രീതിയില്‍ യോഗ്യത നേടാത്ത വ്യക്തികളുടെ സമൂഹമാണ് ജനക്കൂട്ടം. ജനക്കൂട്ടമെന്ന് പറയുമ്പോള്‍ തൊഴില്‍ക്കാരായ ജനക്കൂട്ടമെന്നല്ല മനസ്സിലാക്കേണ്ടത്. സാമാന്യമനുഷ്യനാണ് ജനക്കൂട്ടമെന്നത്.)

തുടര്‍ന്ന് ഒര്‍ട്ടിഗാ പറയുന്നു: ‘Human society is always whether it will or no, aristocratic by it very essence to the extreme that it is a society in the measure that it is aristocratic and ceases to be such when it ceases to be aristocratic’. മനുഷ്യസമുദായം സാരാംശത്തില്‍ കുലീനവര്‍ഗ്ഗ പ്രമുഖമാണത്രേ. ആ കുലീന സ്വഭാവം ഇല്ലാതാകുമ്പോള്‍ സമുദായം സമുദായമല്ലാതായി ഭവിക്കുന്നു. ഇവിടെ ഹിറ്റ്‌ലറുടെ ശ്ബ്ദമല്ലേ കേള്‍ക്കുന്നത്? ഹിറ്റ്‌ലര്‍ 1925 തൊട്ട് 1927 വരെയുള്ള സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ച് ‘മീന്‍ കാംഫ്’ എന്ന ആത്മകഥ പ്രസിദ്ധപ്പെടുത്തി. അതില്‍ അദേഹം എഴുതുന്നു: The parliamentary principle of decision by majority, by denying the authority of the person and palcing in its stead the number of the crowd in question sins against the aristocratic basic idea of nature’. ‘വ്യക്തിയുടെ അധീശത്വത്തെ അവഗണിച്ചു പാര്‍ലമെന്‍റിന്റെ രീതിയനുസരിച്ചൂ ഭൂരിപക്ഷം തീരുമാനമെടുക്കുന്നതും ആള്‍ക്കൂട്ടത്തിന്റെ സംഖ്യാബലത്തിന് പ്രാധാന്യം നല്‍കുന്നതും കുലീനവര്‍ഗ്ഗ പ്രാമുഖ്യം എന്ന ആശയത്തിന് യോജിക്കാത്തതാണ് എന്ന് ഹിറ്റ്‌ലര്‍ ഉച്ചത്തില്‍ പറയുകയാണ്. ഒര്‍ട്ടിഗായും ഹിറ്റ്‌ലറും തമ്മില്‍ ഒരു വ്യത്യാസവും ഇക്കാര്യത്തിലില്ല. കുറച്ചാളുകള്‍ ശക്തിയാര്‍ജ്ജിക്കുകയും ആ ശക്തി ഭൂരിപക്ഷത്തിന്റെമേല്‍ അടിച്ചേല്പ്പിക്കുകയും ചെയ്യുന്നതാണല്ലോ ഫാഷിഷത്തിന്റെ ഒരു സ്വഭാവം. ജര്‍മ്മന്‍ ദാര്‍ശനികനായ യോഹാന്‍ ഗോട്‌ലീപ് ഫിഹ്തെയുടെ (Johann Gottilieb Fichte, 1762–1814) ഒരു വാക്യം പ്രഖ്യാതമാണ്. The ignoble man exists for the sake of the other must like wise sacrifice himself (മറ്റുള്ളവനുവേണ്ടി മാത്രം ജീവിച്ചിരിക്കുന്ന താണ മനുഷ്യന്‍ സ്വയം ബലിമൃഗമാകണം). ആള്‍ക്കൂട്ടത്തെ അസംസ്കൃതവ സ്തുക്കളായി കരുതുന്നു ഫാഷിസ്റ്റുകള്‍. രാഷ്ട്രവ്യവഹാരത്തില്‍ ഹിറ്റ്‌ലര്‍ അങ്ങനെയാണ് ജനതയെ കരുതിയത്. ഒര്‍ട്ടിഗാ തത്ത്വചിന്തയിലും കലയിലും അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം കലയിലെ, സാഹിത്യത്തിലെ മാനുഷികാംശത്തെ നിന്ദിക്കുന്നത്.