close
Sayahna Sayahna
Search

കലയുടെ മുഖം തിളങ്ങുന്നു


കലയുടെ മുഖം തിളങ്ങുന്നു
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ആര്‍ജന്റീനിയന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും ആയ ഹ്വാലിയോ കോര്‍ട്ടസാര്‍ (Julio Cortazar 1914 — ) വിശ്വ വിഖ്യാതനാണു്. വിശ്വസാഹിത്യത്തില്‍ നൂതനശബ്ദം കേള്‍പ്പിച്ച ഹോര്‍ഹലൂയിസ് ബോര്‍ഹെസിന്റെ കൂട്ടുകാരനാണു് അദ്ദേഹം. അതുകൊണ്ടാണോ എന്നു് അറിയാന്‍ പാടില്ല. തന്നെക്കാള്‍ കേമനായ സാഹിത്യകാരനാണ് കോര്‍ട്ടസാറെന്നു് ബോര്‍ഹെസ് പറഞ്ഞിട്ടുണ്ടു്. അതു സത്യമാകട്ടെ അല്ലെങ്കില്‍ അസത്യമാകട്ടെ.കോര്‍ട്ടസാറിന്റെ കഥകള്‍ക്കുള്ള ശുദ്ധസൗന്ദര്യം ബോര്‍ഹെസിന്റെ കഥകള്‍ക്കില്ല എന്ന്തു പരമാര്‍ത്ഥമാണു്. മഹാനായ ഈ കലാകാരന്റെ കലയുടെ സവിശേഷത മനസ്സിലാക്കാന്‍ വേണ്ടി നമുക്കു് അദ്ദേഹത്തിന്റെ ഒരു ചെറുകഥയൊന്നു പരിശോധിക്കാം.The Night Face up എന്നാണു് കഥയുടെ പേരു്.അയാള്‍ ഹോട്ടലില്‍ നിന്നിറങ്ങി മോട്ടോര്‍ സൈക്കിളില്‍ കയറി. അയാളുടെ രണ്ടു കാലുകള്‍ക്കുമിടയില്‍ മോട്ടോര്‍ ശബ്ദിച്ചു. തണുത്ത കാറ്റു് പാന്റ്സ് ആവരണമിട്ട കാലുകളില്‍ തട്ടി. നിരനിരയായുള്ള കടകള്‍ താണ്ടി ഇരുവശവും മരങ്ങള്‍ വളര്‍ന്നുനില്ക്കുന്ന ഒരു നീണ്ട പാതയില്‍ അയാളെത്തി. അല്പമൊരു മനസ്സിരുത്തായ്ക. ദിവസം അങ്ങോട്ടു തുടങ്ങിയതേയുള്ളൂ. ഈ അയവു് ആയിരിക്കണം അപകടത്തിനു കാരണമായതു്. മൂലയില്‍ ആ സ്ത്രീ നില്ക്കുന്നതു കണ്ടപ്പോള്‍ പച്ച ലൈറ്റുതന്നെ ഉണ്ടായിരുന്നു. അതുകൊണ്ടു് മുന്നോട്ടേക്കു കുതിച്ചു. കൈയും കാലും കൊണ്ടു് അയാള്‍ ബ്രേക്ക് ചെയ്തു. ഇടത്തേക്കു വലിഞ്ഞുമാറി. സ്ത്രീ നിലവിളിച്ചു. കൂട്ടിയിടിച്ചപ്പോള്‍ അയാളുടെ ദര്‍ശനശക്തി പോയതുപോലെ. ഉടനെ ഉറങ്ങി വീഴുന്നതിനു സദൃശമായിരുന്നു അതു്.

നാലോ അഞ്ചോ ആളുകള്‍ അയാളെ മോട്ടോര്‍ സൈക്കിളിന്റെ താഴെനിന്നു് ഉയര്‍ത്തിയെടുത്തു. അഞ്ചുമിനിറ്റിനകം പൊലീസ് ആംബുലന്‍സ് എത്തി. മലര്‍ന്നുകിടക്കുന്നതു് ഒരാശ്വാസംതന്നെ. പുരികത്തിനു മുകളിലുള്ള ഒരു മുറിവില്‍ നിന്നു രക്തം വാര്‍ന്നൊഴുകി അയാളുടെ മുഖമാകെ നിറഞ്ഞു. അവര്‍ അയാളെ എക്സ്റേ എടുക്കാന്‍ കൊണ്ടുപോയി. ഇരുപതു മിനിറ്റ് കഴിഞ്ഞു്, അപ്പോഴും നനവുണ്ടായിരുന്ന ‘നെഗറ്റീവ്’ ശവക്കല്ലറയിലെ ഒരു കല്ലെന്നപോലെ നെഞ്ചില്‍ ചേര്‍ത്തുവച്ചു് അയാളെ അവര്‍ ഓപ്പറേഷന്‍ മുറിയില്‍ എത്തിച്ചു.

സ്വപ്നമെന്ന നിലയില്‍ അതു് അസാധാരണമായിരുന്നു. കാരണം അതു മുഴുവനും മണമായിരുന്നു. അയാളൊരിക്കലും മണം സ്വപ്നത്തില്‍ അറിഞ്ഞിരുന്നില്ല. ആദ്യമായി ചതുപ്പു പ്രദേശങ്ങളില്‍നിന്നു വരുന്ന ഗന്ധം. ആസ്റ്റൈക്കുകളുടെ ആക്രമണത്തെ പേടിച്ചു് അയാള്‍ പലായനം ചെയ്ത രാത്രിയുടെ സുഗന്ധം പോലുള്ള സുഗന്ധം രണ്ടാമതു് എത്തി. അവരില്‍ നിന്നു് ഓടി അകലേണ്ടിയിരുന്നതു് തികച്ചും സ്വാഭാവികം. കാട്ടിന്റെ ഉള്ളിലെവിടെയെങ്കിലും ആശ്രയസ്ഥാനം കണ്ടെത്തണം.

അയാളെ വേദനിപ്പിച്ചതു മുഴുവന്‍ ആ മണമാണു്. ‘യുദ്ധത്തിന്റെ മണങ്ങള്‍’ എന്നു് അയാള്‍ വിചാരിച്ചു. അരയില്‍ തിരുകിയിരുന്ന കല്ലുകൊണ്ടുള്ള കത്തിയിലേക്കു തന്റെ കൈ ചെല്ലുന്നതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്നുണ്ടായ ശബ്ദം അയാളെ പേടിപ്പിച്ചു. ആ വലിയ തടാകത്തിനപ്പുറത്തു് അവര്‍ (ആസ്റ്റെക്കുകള്‍) തീകത്തിക്കുകയായിരിക്കും. അന്തരീക്ഷത്തിന്റെ ആ ഭാഗം ചുവന്നു കാണപ്പെടുന്നല്ലോ. ശബ്ദം പിന്നെ കേട്ടില്ല. യുദ്ധത്തിന്റെ ഗന്ധത്തില്‍നിന്നു് തന്നെപ്പോലെ ഏതെങ്കിലും മൃഗം രക്ഷപ്പെടുകയാവാം. മണമെന്നപോലെ ഭയവും കൂടെ വരുന്നു. കാട്ടിന്റെ അകത്തേക്കു കടക്കണം. വല്ലാത്ത ദുര്‍ഗ്ഗന്ധം അയാളുടെ മുഖത്തു വന്നടിച്ചു. വരുന്നതു വരട്ടെയെന്നു കരുതി അയാള്‍ മുന്നോട്ടേക്കു കുതിച്ചു.

അപ്പോള്‍ അടുത്ത കട്ടിലില്‍ കിടന്ന രോഗി വിളിച്ചു പറഞ്ഞു: “നിങ്ങള്‍ കിടക്കയില്‍നിന്നു താഴെ വീഴാന്‍ പോകുകയാണു്. ചാട്ടം നിര്‍ത്തു.” അയാള്‍ കണ്ണുതുറന്നു. പേടിസ്സ്വപ്നത്തിന്റെ അവസാനത്തെ രംഗത്തില്‍നിന്നു് അയാള്‍ സ്വയം മാറിക്കൊണ്ടു് അടുത്തുള്ള രോഗിയെ നോക്കി പുഞ്ചിരി തൂകി. അയാളുടെ പ്ളാസ്റ്ററിട്ട കൈ, റാട്ടുകളും ഭാരങ്ങളും ഒക്കെയുള്ള ഒരു ഉപകരണത്തില്‍ തൂക്കിയിട്ടിരിക്കുന്നു. വല്ലാത്ത ദാഹം. പക്ഷേ, ആശുപത്രിയിലുള്ളവര്‍ അധികം വെള്ളം കൊടുക്കില്ല. ഒരു ചെറിയ ഉന്തുവണ്ടി അയാളുടെ അടുക്കല്‍ വന്നു. നേഴ്സ് ‘ആല്‍ക്കൊഹാള്‍’ കൊണ്ടു് അയാളുടെ തുട തുടച്ചിട്ടു് വലിയ ഒരു സൂചി ശരീരത്തില്‍ കുത്തിയിറക്കി. ആ സൂചി ഒരു റ്റ്യൂബിനോടു ചേര്‍ത്തിരിക്കുകയാണു്; റ്റ്യൂബ് പാലുപോലുള്ള ദ്രാവകം നിറഞ്ഞ ഒരു കുപ്പിയിലേക്കും. ഒരു ഹൗസ്സര്‍ജ്ജനെത്തി തോലും ലോഹവും ചേര്‍ന്ന ഒരു ഉപകരണം അയാളുടെ കൈയില്‍ ചേര്‍ത്തുവച്ചു് എന്തോ ഒക്കെ പരിശോധിച്ചു.

കുറ്റിരുട്ടിലൂടെ താന്‍ ഓടുകയാണെന്നു് അയാള്‍ക്കു തോന്നി; അനേഷിച്ചു പിറകേ വരുന്നവരില്‍നിന്നു രക്ഷപ്പെട്ടതായും. കാട്ടിന്റെ ‘അഗാധത’യില്‍ കടന്നെങ്കില്‍ അവര്‍ക്കു് അയാളെ കണ്ടുപിടിക്കാന്‍ കഴിയാതെ വന്നേനെ. പുരോഹിതന്മാര്‍ തിരിച്ചു വിളിക്കുന്നതുവരെ ഈ ‘പുഷ്പയുദ്ധം’ (War of the blossom) തുടര്‍ന്നുകൊണ്ടിരിക്കും. അയാള്‍ നിലവിളികേട്ടു് കൈയില്‍ പേനാക്കത്തിയുമായി ചാടി. യുദ്ധത്തിന്റെ ഗന്ധം അസഹനീയം. ശത്രു തന്റെ കഴുത്തിനുനേരേ ആയുധമോങ്ങിക്കൊണ്ടു ചാടിയപ്പോള്‍ അയാള്‍ കല്ലുകൊണ്ടുള്ള കത്തി അവന്റെ നെഞ്ചില്‍ കുത്തിത്താഴ്ത്തി.

അടുത്ത കട്ടിലിലെ രോഗി പറഞ്ഞു: “പനിയാണു് ഇതിനു കാരണം. അവര്‍ എന്റെ ഡൂയേഡിനത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴും എനിക്കു് ഇതുപോലെ സംഭവിച്ചു. കുറച്ചു വെള്ളം കുടിക്കു. നിങ്ങള്‍ക്കു് ഉറങ്ങാന്‍ പറ്റും.”

വാര്‍ഡിലെ ചെറുചൂടു കലര്‍ന്ന നിഴലു് അയാള്‍ക്കു് ആഹ്ലാദദായകമായി. സൂക്ഷിക്കുന്ന നേത്രംപോലെ ഒരു വയലറ്റ് വിളക്കു് അകലെ ഭിത്തിയില്‍ പ്രകാശിക്കുന്നുണ്ടു്. ചുമയും ശ്വാസമെടുക്കലും കേള്‍ക്കാം; അടക്കിയ സ്വരത്തിലുള്ള സംഭാഷണവും. എല്ലാം സന്തോഷാവഹം, സുരക്ഷിതം. ആക്രമണമില്ല. ഇല്ല…പേടിസ്വപ്നത്തെക്കുറിച്ചു് അയാള്‍ക്കു് വിചാരിക്കണമെന്നില്ല. രസിക്കാന്‍ വെറെയെന്തെല്ലാമുണ്ടു്! കൈയിലെ പ്ലാസ്റ്ററില്‍ അയാള്‍ നോക്കി. അതിനെ സുഖകരമായി താങ്ങിനിര്‍ത്തുന്ന റാട്ടുകളിലേക്കും. മേശപ്പുറത്തു് അവര്‍ ഒരു കുപ്പി വെള്ളം വച്ചിട്ടുണ്ടു്. അയാള്‍ കുപ്പിയുടെ കഴുത്തു് വായിലേക്കാക്കി വെള്ളം കുടിച്ചു; അമൂല്യമായ മദ്യമെന്ന പോലെ. ഇപ്പോള്‍ അയാള്‍ക്കു് വാര്‍ഡിലെ എല്ലാ രൂപങ്ങളും വ്യക്തമായി കാണാം. മുപ്പതു കട്ടിലുകള്‍. ഗ്ലാസ്‌വാതിലുകളുള്ള ക്ലോസറ്റുകള്‍. പനി കുറഞ്ഞെന്നു തോന്നി. പുരികത്തിലുള്ള മുറിവു് ഇപ്പോള്‍ വേദനിപ്പിക്കുന്നില്ല; ഒരോര്‍മ്മയെന്നപോലെ. ഹോട്ടലില്‍ നിന്നിറങ്ങി. മോട്ടോര്‍സൈക്കിളില്‍ താന്‍ സവാരി നടത്തുകയാണെന്നു് അയാള്‍ക്കു തോന്നി. ഇപ്പോള്‍ ഉറക്കം അയാളെ ആക്രമിക്കുന്നു: അയാളെ വലിച്ചുതാഴ്‌ത്തുന്നു. വയലറ്റ് വിളക്കു് അവ്യക്തമായിക്കൊണ്ടേയിരിക്കുന്നു.

മലര്‍ന്നുകിടന്നു് ഉറങ്ങുകയാണു് അയാള്‍. കാല്‍മുട്ടുകളിലും കൈമുട്ടുകളിലും കയറുകൊണ്ട് ആരോ കെട്ടിയിട്ടിരിക്കുന്നു എന്നൊരു തോന്നല്‍. ശൈത്യം അയാളുടെ മുതുകിലും കാലുകളിലും അരിച്ചിറങ്ങുന്നു. താടികൊണ്ട് കഴുത്തിലെ ‘രക്ഷ’ തൊടാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ, അവരതു് ഊരിയെടുത്തു കഴിഞ്ഞു. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു. ഒരു പ്രാര്‍ത്ഥനയും അയാളെ രക്ഷിക്കില്ല, അവസാനത്തെ…അവര്‍ അയാളെ ദേവാലയത്തിലേക്കു കൊണ്ടുപോയി. ഒരു നിലവറയില്‍ കിടക്കുകയാണു് അയാള്‍. ഒരു നിലവിളി. അതു് അയാളുടെ നിലവിളി തന്നെ. ഒന്നുകൂടെ അയാള്‍ നിലവിളിക്കാന്‍ ഭാവിച്ചു. പക്ഷേ, വാ തുറക്കാനേവയ്യ. കയറും കമ്പുംചേര്‍ത്തു അയാളുടെ താടി ആരോ കെട്ടിവച്ചിരിക്കുന്നു. പുരോഹിതന്മാരുടെ പരിചാരകന്മാര്‍ അയാളെ പുച്ഛിച്ചുനോക്കി അതാ അവര്‍ അയാളെ തൂക്കിയെടുത്തുകൊണ്ടു പോകുകയാണു്, വേഗം. നക്ഷത്രം നിറഞ്ഞ ആകാശം കാണാം.

ഒറ്റച്ചാട്ടത്തിനു് അയാള്‍ ആശുപത്രിയിലെ യാമിനിയിലെത്തി. താന്‍ ഉച്ചത്തില്‍ കരഞ്ഞിരിക്കണമെന്നു് അയാള്‍ വിചാരിച്ചു. പക്ഷേ, അടുത്തുള്ള രോഗികള്‍ ശാന്തതയോടെ കൂര്‍ക്കംവലിച്ചുറങ്ങുകയാണു്. അയാള്‍ വെള്ളം നിറഞ്ഞ കുപ്പി കൈയിലെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇരുണ്ട ശൂന്യതയിലാണു് അയാളുടെ വിരലുകള്‍ അമര്‍ന്നതു്. നിലവറയിലെ മേല്‍ത്തട്ടു് അവസാനിക്കാന്‍ പോകുന്നു. നക്ഷത്രം നിറഞ്ഞ ആകാശം കാണാം.അവര്‍ തൂക്കിയെടുത്തുകൊണ്ടു പോകുമ്പോള്‍ അയാളുടെ തല തൂങ്ങിക്കിടക്കുകയാണു്. അവസാനത്തെ പ്രതീക്ഷയോടുകൂടി അയാള്‍ കണ്ണിറുക്കിയടച്ചു; ഉണരാന്‍വേണ്ടി കരഞ്ഞു. ഒരിക്കല്‍കൂടി അയാള്‍ ആശുപത്രിക്കിടക്കയില്‍ ചലനമറ്റു കിടക്കുന്നു. പക്ഷേ, തല തൂങ്ങിക്കിടക്കുന്നില്ല. അയാള്‍ മരണം മണത്തു. കണ്ണു തുറന്നപ്പോള്‍ വധകര്‍ത്താവായ പുരോഹിതന്‍ രക്തത്തില്‍ കുളിച്ചു് കല്ലുകത്തിയുമായി തന്റെ അടുത്തേക്കു വരുന്നുവെന്നു് അയാള്‍ കണ്ടു. അയാള്‍ ഒരുവിധമൊന്നു കണ്ണടച്ചു. താന്‍ ഉണരാന്‍ പോകുന്നില്ല എന്നു്, താനുണര്‍ന്നിരിക്കുകയാണു് എന്നു്, തന്റെ അത്ഭുതകരമായ സത്യം മറ്റെല്ലാ സ്വപ്നങ്ങളെയും പോലെ അര്‍ത്ഥശൂന്യമാണു് എന്നു്, അയാള്‍ മനസ്സിലാക്കിയിരുന്നു.വിസ്മയോത്പാദകമായ നഗരത്തിന്റെ രാജപാതയിലൂടെ, തീയോ പുകയോ ഇല്ലാതെ പച്ച വിളക്കുകളും ചുവന്ന വിളക്കുകളും കത്തുന്ന ആ പട്ടണത്തിലൂടെ കാലുകള്‍ക്കിടയില്‍ ശബ്ദിക്കുന്ന ഒരു വലിയ ലോഹഷട്പദവുമായി താന്‍ സഞ്ചരിക്കുകയാണെന്നു് അയാള്‍ക്കു തോന്നി. സ്വപ്നത്തിന്റെ അനന്തമായ മണ്ഡലത്തില്‍ നിന്നു് അയാളെ അവര്‍ പൊക്കിയെടുത്തു. ആരോ കത്തിയുമായി അയാളെ സമീപിക്കുകയും ചെയ്തു. അയാള്‍ കണ്ണുകളടച്ചു് മലര്‍ന്നു കിടക്കുകയാണു്. പടികളിലെ അഗ്നികള്‍ക്കിടയില്‍ കണ്ണടച്ചു മലര്‍ന്നികിടക്കുകയാണു്.

കഥ ഇവിടെ അവസാനിച്ചു. ഹ്വാലിയോ കോര്‍ട്ടസാര്‍ രണ്ടു മണ്ഡലങ്ങളെയാണു് ഇവിടെ ആലേഖനം ചെയ്യുന്നതു്. ഒന്നു്, മോട്ടോര്‍ സൈക്കിള്‍ അപകടവും അതിനെത്തുടര്‍ന്നുള്ള ആശുപത്രിജീവിതവും. രണ്ട്, ആശുപത്രിയില്‍ കിടന്നുകൊണ്ടുള്ള സ്വപ്നം കാണല്‍. സ്വപ്നമണ്ഡലത്തില്‍ പ്രവേശിക്കുന്ന ആളിനെ അടുത്തു കിടക്കുന്ന രോഗി രണ്ടു തവണ വിളിച്ചുണര്‍ത്തി നിത്യജീവിതത്തിന്റെ മണ്ഡലത്തില്‍ കൊണ്ടുവരുന്നു. അതു കൊണ്ടു് നിത്യജീവിതമണ്ഡലമാണ് യഥാര്‍ത്ഥം, സ്വപ്നജീവിതമണ്ഡലം അയഥാര്‍ത്ഥം എന്നു പറയാന്‍ വയ്യ. കഥാകാരന്‍ തുല്യ പ്രാധാന്യത്തോടെ രണ്ടും ചിത്രീകരിക്കുന്നതുകൊണ്ടു് ഒന്ന് സത്യം മറ്റൊന്നു് അസത്യം എന്നു പറയാന്‍ വയ്യ. ആദ്യമൊക്കെ രണ്ടു മണ്ഡലങ്ങളും വേര്‍തിരിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ കഥ അവസാനിക്കാറാകുമ്പോള്‍ രണ്ടും വിവച്ഛേദിച്ചെടുക്കാന്‍ വയ്യാത്തവിധം ഒരുമിച്ചു ചേരുന്നു. ഒന്നിനെ മാത്രം സത്യാത്മകമായി കാണാനുള്ള നമ്മുടെ യുക്തിചിന്തയെ ആ ചേര്‍ച്ച വെല്ലുവിളിക്കുകയും ചെയ്യുന്നു. അപ്പോള്‍ ജീവിതമെന്നതു് സ്വപ്നമാണോ സ്വപ്നമെന്നതു് ജീവിതമാണോ എന്നു നമ്മള്‍ സംശയിച്ചുതുടങ്ങുന്നു. ഈ സന്ദേഹത്തിന് പരിഹാരം നല്‍കാതെ കോര്‍ട്ടസാര്‍ കഥ അവസാനിപ്പിക്കുന്നു. ആദിയും അന്തവും നിശ്ചയമില്ലാത്ത മഹാത്ഭുതമല്ലേ ജീവിതം. കലാ സൃഷ്ടിയും അങ്ങനെ മഹാത്ഭുതമായിരിക്കണമെന്നു് ഈ മഹാനായ സാഹിത്യകാരന്‍ വിചാരിക്കുന്നുണ്ടാവാം. സ്വപ്നത്തിനും നിത്യജീവിതത്തിനും തമ്മില്‍ അങ്ങനെയൊരു അന്തരമുണ്ടോ എന്നും നാം സംശയിക്കുന്നുണ്ടു്. ഹാംലെറ്റ് നാടകത്തില്‍ ഒരന്തര്‍നാടകമുണ്ടു്. അന്തര്‍നാടകം കാണുന്ന കഥാപാത്രങ്ങള്‍ക്കു് തങ്ങള്‍ കാണുന്നതു് നാടകമാണെന്നു തോന്നുന്നു. ആ കഥാപാത്രങ്ങളെ നാടകശാലയില്‍ ഇരുന്നു കാണുന്ന നമ്മള്‍ അവര്‍ നാടകത്തില്‍ അഭിനയിക്കുകയാണെന്നു വിചാരിക്കുന്നു. എന്നാല്‍ നാടകശാലയില്‍ ഇരുന്നു നാടകം കാണുന്ന നമ്മള്‍ വേറെ ആരുടെയെങ്കിലും കഥാപാത്രങ്ങളായിക്കൂടേ? നമ്മുടെ നാടകദര്‍ശനം വേറേ ആരുടെയെങ്കിലും നാടകദര്‍ശനം തന്നെ ആയിക്കൂടേ? ഇതാണു് സത്യം, ഇതാണു് കിനാവു് എന്നു് ഉദ്ഘോഷിക്കുന്നതില്‍ എന്തര്‍ത്ഥമിരിക്കുന്നു?

ഈ രണ്ടു മണ്ഡലങ്ങളേയും കൂട്ടിയിണക്കുന്നതില്‍ കോര്‍ട്ടസാര്‍ പ്രദര്‍ശിപ്പിക്കുന്ന വൈദഗ്‌ദ്ധ്യം അസാധാരണമെന്നേ പറഞ്ഞുകൂടു. ഹോട്ടലില്‍ നിന്നിറങ്ങി മോട്ടോര്‍സൈക്കിളില്‍ കയറി യാത്ര ആരംഭിക്കുന്ന ആളു് വഴിയില്‍നിന്ന ഒരു സ്ത്രീയുടെ പുറത്തുചെന്നിടിച്ചു് താഴെ വീഴുന്നു. അയാള്‍ താഴെ;മോട്ടോര്‍ സൈക്കിള്‍ പുറത്തു്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ റാട്ടുകളില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന കയറുകളാല്‍ അയാള്‍ ബന്ധനസ്ഥനാണു്. സ്വപ്നത്തില്‍ ആസ്റ്റെക്കുകള്‍ അയാളെ ആക്രമിച്ചു കീഴടക്കി കയറുകൊണ്ടു് വരിഞ്ഞു കെട്ടുകയാണു്. ആശുപത്രിയിലെ ജീവനക്കാര്‍ അയാളെ എടുത്തു് ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോകുന്നു. അതുപോലെ പുരോഹിതന്മാരുടെ പരിചാരകന്മാര്‍ അയാളെ തടവറയില്‍ നിന്നു് (നിലവറയില്‍നിന്നു്) എടുത്തുകൊണ്ടുപോകുന്നു. ഡോക്ടര്‍ശസ്ത്രക്രിയക്കുള്ള കത്തിയുമായി അയാളുടെ മുന്‍പില്‍ നില്ക്കുന്നതിനു സദൃശമായി സ്വപ്നത്തില്‍ വധകര്‍ത്താവായ പുരോഹിതന്‍ കത്തിയുമായി വന്നു നില്‍ക്കുന്നു. ഇതു മാത്രമല്ല. ഒരു മണ്ഡലത്തിന്റെ വര്‍ണ്ണന മറ്റേ മണ്ഡലത്തിന്റെ പ്രതീതി ഉളവാക്കുന്നു. ആദ്യത്തെ സ്വപ്നം വര്‍ണ്ണിച്ചു തുടങ്ങുമ്പോള്‍ കഥ പറയുന്ന ആള്‍ പ്രസ്താവിക്കുന്നു: It was unusual as a dream because it was full of smells, and he never dreamt smells. ആശുപത്രിയില്‍ സ്വാഭാവികമായും പലതരത്തിലുള്ള മണങ്ങളുണ്ടല്ലോ. അതുപോലെ കിനാവിലും ഗന്ധങ്ങള്‍ ആവിര്‍ഭവിക്കുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുമ്പോള്‍ പേടി. സ്വപ്നത്തിലും പേടിയുണ്ടു്. (An unexpected sound made him crouch suddenly stock still and shaking.) ആശുപത്രിയില്‍ കിടക്കുന്നയാള്‍ കരയുന്നു. ആസ്റ്റെക്കുകളുടെ ആക്രമണത്തിനു വിധേയനാകുമ്പോഴും കരച്ചിലുണ്ടു്. ഇങ്ങനെയുള്ള പല സൂചനകളും പ്രസ്താവനകളും ജീവിതത്തിന്റേയും സ്വപ്നത്തിന്റേയും അഭിന്നസ്വഭാവത്തെ വ്യക്തമാക്കിത്തരുന്നു. നാം കാണുന്ന സ്വപ്നങ്ങളില്‍ യുക്തിബന്ധമില്ല, സംഭവങ്ങള്‍ക്കു് അന്യോന്യബന്ധമില്ല. എന്നാല്‍ കഥയിലെ ആള്‍ കാണുന്ന സ്വപ്നങ്ങള്‍ക്കു് വ്യവസ്ഥയും ക്രമവുമുണ്ടു്. നിത്യജീവിതത്തിലെ സംഭവങ്ങളോടുള്ള സാരൂപ്യം വിശദമാക്കിത്തരാന്‍വേണ്ടിയുള്ള കലാകൗശലമായിട്ടാണു് ഇതിനെ നമ്മള്‍ കാണേണ്ടത്. ആദ്യത്തെ ജീവിതസംഭവവും ആദ്യത്തെ സ്വപ്നസംഭവവും ഒരേ ദീര്‍ഘത ആവഹിക്കുന്നു. ക്രമേണ അതു കുറഞ്ഞു കുറഞ്ഞു രണ്ടും ഒന്നായി ബ്ഭവിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ അപകടമുണ്ടായപ്പോള്‍ അയാളെ ചിലര്‍ തറയില്‍നിന്നു പൊക്കിയെടുത്തതുപോലെ ആസ്റൈക്കുകള്‍ അയാളെ ഉയര്‍ത്തിയെടുക്കുന്നു. ആശുപത്രിയില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്നതുപോലെ ശത്രുക്കളുടെ മുന്‍പില്‍ അയാള്‍ മലര്‍ന്നു കിടക്കുന്നു. കാലുകള്‍ക്കിടയില്‍ മോട്ടോര്‍ സൈക്കിള്‍ ശബ്ദിക്കുന്നു. ആസ്റ്റെക്കുകളുടെ വനത്തില്‍ ലോഹഷട്പദത്തിന്റെ ശബ്ദം. കഥയുടെ അന്ത്യത്തില്‍ സ്വപ്നമണ്ഡലവും ജീവിതമണ്ഡലവും വിഭിന്നങ്ങളായി നില്‍ക്കുന്നില്ല. ജീവിതം തന്നെ സ്വപ്നം, സ്വപ്നം തന്നെ ജീവിതം.

ഈ കഥയുടെ ആരംഭത്തില്‍ കോര്‍ട്ടസാര്‍ ഒരു വാക്യം ഉപശീര്‍ഷകമെന്ന രീതിയില്‍ നല്‍കിയിട്ടുണ്ടു്. And at certain periods they went out to hunt enemies; they called it the war of the blossom. ഈ വാക്യത്തിലെ they ആസ്റ്റെക്കുകളെ കുറിക്കുന്നു. പുഷ്പയുദ്ധം അവരുടെ മതപരമായ യുദ്ധമാണു്.

ആ യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍ ബലികൊടുക്കും. പുഷ്പങ്ങളെ നാം ഇറുത്തെടുത്തു് കശക്കിക്കളയുന്നതുപോലെ ഈശ്വരന്‍ മനുഷ്യരാകുന്ന പൂക്കളെ ഇല്ലാതാക്കുന്നു എന്നാണു് സങ്കല്പം.

ഇംഗ്ലീഷ് തര്‍ജ്ജമ വായിച്ചാൽ നമ്മള്‍ സന്ത്രാസത്തിനു വിധേയരായിപ്പോകും. അപ്പോള്‍ സ്പാനിഷ് ഭാഷയില്‍ത്തന്നെ അതു വായിച്ചാലുള്ള അവസ്ഥ എന്തായിരിക്കും. കോര്‍ട്ടസാര്‍ ബിംബങ്ങളിലൂടെയാണു് സംസാരിക്കുന്നതു്. ബോര്‍ഹെസാവട്ടെ ‘പ്രത്യക്ഷരപ്രതിപാദന’ത്തിലൂടെയും. അതുകൊണ്ടാണ് കോര്‍ട്ടസാറിന്റെ കഥകള്‍ക്കു മനോഹാരിത കൂടുതലാണെന്നു് ആദ്യം പറഞ്ഞതു്. ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ കവി പാവ്‌ലോനെറൂതയാണു്. അദ്ദേഹം കോര്‍ട്ടസാറിനെക്കുറിച്ചു പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കുന്നു.

“Anyone who doesn’t read Cortazar is doomed. Not to read him is a grave invisible disease which in time can have terrible consequences. Something similar to a man who had never tasted peaches. He would be quietly getting sadder, noticeably paler, and probably little by little, he would lose his hair. I don’t want those things happen to me, and so I greedily devour all the fabrications, myths, contradictions and mortal games of the great Julio Cortazor.”