close
Sayahna Sayahna
Search

ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി


ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഗ്രീസിന്റെ വടക്കുകിഴക്കേ ഭാഗത്തുള്ള പട്ടണമാണു് സാലോനിക്ക. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്ന തൊഴിലാളികളുടെ സങ്കേതമായ ആ നഗരത്തില്‍ 1936 മേയ് മാസത്തില്‍ പണിമുടക്കുണ്ടായി. പുകയില ഫാക്ടറികളിലെ തൊഴിലാളികള്‍ അധാര്‍മ്മികമായ വേതനവ്യവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടു നടത്തിയ പണിമുടക്കായിരുന്നു അതു്. സര്‍ക്കാര്‍ പോലീസിനെ വിളിച്ചു. അവര്‍ തൊഴിലാളികളുടെ നേര്‍ക്കു് വെടിവച്ചപ്പോള്‍ പത്തു പേര്‍ മരിക്കുകയും അനേകം പേര്‍ക്കു മുറിവേല്‍ക്കുകയും ചെയ്തു. അടുത്ത ദിവസത്തെ ദിനപ്പത്രങ്ങളില്‍ വന്ന പടം എല്ലാവരേയും ദുഃഖിപ്പിക്കുന്നതായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരമ്മ റോഡില്‍ മരിച്ചുകിടക്കുന്ന മകനെ നോക്കി കണ്ണീര്‍ പൊഴിക്കുന്നു. ആ ചിത്രം ഗ്രീസിലെ മഹാനായ കവി യാനീസ് റീറ്റ്സോസിന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചു. ഉജ്ജ്വലമായ ആ ഭാവനയുടെ സന്തതിയായി ആവിര്‍ഭവിച്ച ‘എപ്പിറ്റാഫിയോസ്’ എന്ന കാവ്യം ഗ്രീസിലെ ജനതയെ മാത്രമല്ല ലോകജനതയെയാകെ ഇന്നും കോരിത്തരിപ്പിക്കുന്നു. ദുഃഖവെള്ളീയാഴ്ചതോറും ഗ്രീക്കു് ഓര്‍തഡോക്സ് പള്ളികളില്‍ പാടുന്ന വിഷാദഗാനത്തെയാണു് ‘എപ്പിറ്റാഫിയോസ്’ എന്നു പറയുന്നതു്. യേശുവിന്റെ കുരിശാരോഹണത്തോടും ഉയിര്‍ത്തെഴുന്നേല്പിനോടും ബന്ധപ്പെടുത്തിക്കൊണ്ടു് രചിക്കപ്പെട്ട ഈ കാവ്യത്തില്‍ അധാര്‍മികത്വം ഒഴിവാക്കപ്പെടും എന്ന പ്രത്യാശ കവി പ്രകടിപ്പിക്കുന്നു. [1]A day in May you left me a day in May I lost you. [മേയ് മാസത്തിലെ ഒരു ദിനത്തില്‍ നീ എന്നെ വിട്ടുപോയി; മേയ്‌മാസത്തിലെ ഒരു ദിനത്തില്‍ നീ എനിക്കു നഷ്ടപ്പെട്ടു] എന്നു ആദ്യം വിലപിക്കുന്ന അമ്മ ഒടുവില്‍ “My son, I’m off to join your comrades and add my wrath to theirs; I’ve taken up your gun; sleep now, sleep my son” (എന്റെ മകനേ, ഞാന്‍ നിന്റെ സഖാക്കളോടു ചേരാന്‍ പോകുന്നു. അവരുടെ ക്രോധത്തില്‍ എന്റെ ക്രോധവും കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. ഞാന്‍ നിന്റെ തോക്കെടുത്തുകഴിഞ്ഞു. ഇപ്പോള്‍ ഉറങ്ങൂ, എന്റെ മകനെ ഉറങ്ങൂ) എന്നു് പ്രഖ്യാപനം നിര്‍വ്വഹിച്ചു് ധീരവനിതയായി മാറുന്നു. 1936-ലാണു് റീറ്റ്സോസ് ഈ കാവ്യം പ്രസിദ്ധപ്പെടുത്തിയതു്. ആ വര്‍ഷം തന്നെ യോയാന്നീസ് മെറ്റാക്സാസ് (Joannis Metaxas) ഗ്രീസിലെ ഡിക്ടേറ്റര്‍ ആയി. അയാളുടെ ആജ്ഞയനുസരിച്ചു് പല സാഹിത്യകാരന്മാരുടേയും ഗ്രന്ഥങ്ങള്‍ സൂസ്ദേവാലയത്തിന്റെ മുന്‍പിലിട്ടു് തീകത്തിച്ചു. അക്കൂട്ടത്തില്‍ റീറ്റ്സോസിന്റെ കാവ്യവും അഗ്നിക്കിരയായി. ഇരുപതു വര്‍ഷം കഴിഞ്ഞു് വിശ്വവിഖ്യാതനായ ഗ്രീക്ക് ഗാനരചയിതാവു് തിയോഡോറാക്കീസ് ഈ കാവ്യം ഗാനമാക്കി ബഹുജനത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചു. അദ്ദേഹം സാമാന്യജനതയ്ക്കിഷ്ടമായ ‘ബൗസൗക്കി’ എന്ന ഗാനോപകരണമാണ് അതിലേക്കു് ഉപയോഗിച്ചതു്. താളവും അവര്‍ക്കു് ഇഷ്ടമായതുതന്നെ. അതിന്റെ ഫലമായി റീറ്റ്സോസിന്റെ കാവ്യം ഗ്രീസിലെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ആരാധ്യമായി ഭവിച്ചു.[2]

മെറ്റാക്സാസിന്റെ ഡിക്ടേറ്റര്‍ ഷിപ്പ് 1936മുതല്‍ 1940 വരെ ഉണ്ടായിരുന്നു. 1940-ല്‍ ഇറ്റലി ഗ്രീസിനെ ആക്രമിച്ചു. ആ ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ ഗ്രീസിനു കഴിഞ്ഞെങ്കിലും 1941-ല്‍ ഉണ്ടായ ജര്‍മ്മന്‍ ആക്രമണത്തില്‍ അതു പരാജയപ്പെട്ടു. 1944 ല്‍ ജര്‍മ്മന്‍ സൈന്യം ഗ്രീസില്‍നിന്നു പിന്‍വാങ്ങി. പക്ഷേ ബ്രിട്ടീഷ് സൈന്യം ഗ്രീസ് കൈവശപ്പെടുത്തുകയും അപ്പോഴുണ്ടായ ആഭ്യന്തരസമരത്തില്‍ രാജപക്ഷത്തുള്ളവരെ സഹായിക്കുകയും ചെയ്തു. 1946-ല്‍ ഒരു ജനഹിത പരിശോധന നടന്നു. അപ്പോള്‍ മെറ്റാക്സാസിന്റെ ഡിക്‍ടേറ്റര്‍ ഷിപ്പ് നടക്കുന്ന കാലത്തു രാജാവായിരുന്ന ജോര്‍ജ് രണ്ടാമന്‍ അധികാരത്തില്‍ വന്നു. 1947-ല്‍ അദ്ദേഹം മരിച്ചു. ജോര്‍ജിന്റെ അനുജന്‍ പോള്‍ ഗ്രീസിലെ രാജാവായി. 1967 ഏപ്രിലില്‍ രക്തച്ചൊരിച്ചില്‍ കൂടാതെയുള്ള വിപ്ലവത്തിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തു. രാജാവായിരുന്ന കോണ്‍സ്റ്റെന്‍ററില്‍ ഗ്രീസില്‍നിന്നു പലായനം ചെയ്തു. 1973-ല്‍ കേണല്‍ ജോര്‍ജ് പപാഡൊ പൗലോസ് പ്രസിഡന്റായി. കേണലിന്റെ ഭരണം ദുര്‍ഭരണമായിരുന്നു. അയാള്‍ ഇടതുപക്ഷചിന്താഗതിക്കാരെയാകെ കാരാഗൃഹത്തിലാക്കി. തിയോഡൊറാക്കീസും അന്നു ജയിലില്‍പോയി.

തിയോഡൊറാക്കീസിനെക്കാള്‍ കൂടുതല്‍ കാലം റീറ്റ്സോസിനു ജയിലില്‍ കഴിയേണ്ടിവന്നു. 1948-ല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ലെമനോസില്‍ പാര്‍പ്പിച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കു് ആ മഹാ കവി വിധേയനായി. ഇടയ്ക്കു് അനാരോഗ്യത്തിന്റെ പേരില്‍ അദ്ദേഹത്തെ വിട്ടെങ്കിലും 1951-ല്‍ വീണ്ടും അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. ഒരു കൊല്ലം കഴിഞ്ഞ് മോചനം നേടിയ റീറ്റസോസ് 1967-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വിപ്ലവം നടന്ന ആ ദിവസം തന്നെയായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ കൃതികളെല്ലാം ഗവണ്‍മെന്റ് നിരോധിച്ചു. പല കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അദ്ദേഹത്തിനു കഴിഞ്ഞുകൂടേണ്ടതായി വന്നു. ഒരു മഹാകവിയെ ഇങ്ങനെ പീഡിപ്പിക്കുന്നതു കണ്ടപ്പോള്‍ പാശ്ചാത്യദേശത്തെ ധിഷണാശാലികള്‍ പ്രതിഷേധിച്ചു. ആ പ്രതിഷേധസ്വരം അവഗണിക്കാന്‍ വയ്യാതെ സര്‍ക്കാര്‍ റീറ്റ്സോസിനെ മോചിപ്പിക്കുകയാണുണ്ടായതു്.

ഈ വിധത്തില്‍ മര്‍ദ്ദനമനുഭവിക്കേണ്ടിവന്നിട്ടും റീറ്റ്സോസിന്റെ അന്തര്‍വീര്യം കെട്ടടങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു് മങ്ങലേറ്റില്ല. 1948-ല്‍ ജയിലില്‍ പോകുന്നതിനു മുന്‍പു് അദ്ദേഹമെഴുതിയ Romiosyne എന്ന ഉജ്ജ്വലമായ കാവ്യം 1954-ല്‍ മാത്രമേ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞുള്ളു. 1966-ല്‍ അതു് പുനഃപ്രകാശനം ചെയ്തു. തിയോഡൊറാക്കീസ് ആ കാവ്യവും സംഗീതമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 1967-ലെ ‘വിപ്ലവസര്‍ക്കാര്‍’ അതു തടഞ്ഞു. അവര്‍ തിയോഡൊറാക്കീസിന്റെയും റീറ്റു്സോസിന്റേയും എല്ലാ കലാപ്രവര്‍ത്തനങ്ങളെയും നിരോധിച്ചു. ഗ്രീക്കു് ജനതയുടെ പ്രതിരോധ ശക്തിയെ വാഴ്ത്തുന്ന കാവ്യമാണ് Romiosyne. ആ പ്രതിരോധശക്തി ഗ്രീസിലെ ഭൂവിഭാഗങ്ങള്‍ക്കുപോലുമുണ്ടെന്നു് റീറ്റ്സോസ് ഈ കാവ്യത്തിലൂടെ പ്രഖ്യാപിക്കുന്നു. കാവ്യം തുടങ്ങുന്നു:

These trees cannot be accommodated beneath a lesser sky;
These stones are not content beneath an alien heel
These faces cannot be accommodated except beneath the sun.
These hearts are not content with anything short of justice.
This landscape is as merciless as silence;
It hugs the scorching stones against its body
And presses in its light the orphaned olive–trees and vines
Its teeth are clenched. No water here.
[The Penguin book of Socialist Verse Page 312]

ഗ്രീസിലെ വൃക്ഷങ്ങളെ വിശാലത കുറഞ്ഞ ഒരന്തരീക്ഷത്തില്‍ യോജിപ്പിക്കാന്‍ കഴിയുകയില്ലെന്നും വൈദേശികമായ പാദുകാമൂലത്തിന്റെ ആഘാതമേല്ക്കുന്നതില്‍ അവിടുത്തെ കല്ലുകള്‍ക്കു് തൃപ്തിയില്ലെന്നും, സൂര്യനുതാഴെയല്ലാതെ മുഖങ്ങളെ പ്രത്യക്ഷമാക്കാന്‍ കഴിയുകയില്ലെന്നുമാണ് റീറ്റ്സോസ് പറയുന്നതു്. ധര്‍മ്മചിന്ത മാത്രമേ അവരുടെ ഹൃദയങ്ങൾക്കുവേണ്ടു. ആ ഭൂവിഭാഗം നിശ്ശബ്ദതപോലെ കാരുണ്യരഹിതം. പൊള്ളുന്ന കല്ലുകളെ അത് ശരീരത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. അനാഥങ്ങളായ ഒലീവ് വൃക്ഷങ്ങളേയും മുന്തിരിവള്ളികളേയും അതു് അതിന്റെ പ്രകാശത്തോടു ചേര്‍ക്കുന്നു. അതിന്റെ പല്ലുകള്‍ അന്യോന്യം ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടെ ജലമില്ല.

ഗ്രീസിലെ ജനതക്കുള്ള ദാര്‍ഢ്യവും സ്ഥൈര്യവും വിപ്ലവവീര്യവും അവിടത്തെ ചരാചരങ്ങള്‍ക്കൊക്കെ ഉണ്ടെന്നു് ധ്വന്യാത്മകമായി ആവിഷ്കരിക്കുന്ന ഈ ദീര്‍ഘകാവ്യത്തിന്റെ ചാരുതയും ശക്തിയും വായിച്ചുതന്നെ ഗ്രഹിക്കേണ്ടതാണ്. ഇംഗ്ലീഷ് തര്‍ജ്ജമയ്ക്ക് ഇത്ര ശക്തിയുണ്ടെങ്കില്‍ മൂലകൃതിക്കു എത്ര ശക്തിയുണ്ടായിരിക്കും.

മുസോളിനിയുടേയും ഹിറ്റ്ലറുടേയും സൈന്യങ്ങളെ നേരിട്ട ഗ്രീസിലെ വീരയോദ്ധാക്കളെ റീറ്റ്സോസ് കാവ്യത്തില്‍ കൊണ്ടുവരുന്നതിന്റെ സവിശേഷത നോക്കുക:

They have treated Death to wine served
in the skull bones of their grandpas,
And they have met with Dienes
on those same threshing-floors
And sat themselves to feast there,
Slicing their anguish in two just as they
broke their barley-loaves across their knees.

പിതാമഹന്മാരുടെ തലയോടുകളില്‍ മുന്തിരിച്ചാറു് ഒഴിച്ചു് മരണത്തെ സല്‍ക്കരിക്കുന്ന ഗ്രീക്കുയോദ്ധാക്കള്‍; മധ്യകാലയോദ്ധാവായ ഡൈജിനീസിനെ കണ്ടവരാണു് അവര്‍. ബാര്‍ലി കൊണ്ടുണ്ടാക്കിയ റൊട്ടി മുട്ടകളില്‍ തട്ടി രണ്ടായി പകുത്തെടുക്കുന്നതുപോലെ തീവ്രവേദനയെ പങ്കുവച്ചവരാണു് അവര്‍. ഈ കാവ്യത്തിലെ ചില ഭാഗങ്ങള്‍ അന്യാദൃശസൗന്ദര്യം ആവഹിക്കുന്നവയാണ്. പ്രകൃതിയുടെ സ്ഥൈര്യത്തോടു ബന്ധപ്പെട്ടു കൊണ്ടു യുദ്ധം ചെയ്യാന്‍ കവി ഗ്രീസിലെ ഭടന്മാരെ ആഹ്വാനം ചെയ്യുന്നതു കേട്ടാലും:

The evening star rolls your soul between
his fingers like a cigarette
That’s how left hand in the starlight
And holding your rifle in your
right as you would hold your girl
Remember that the sky has not forgotten you,
when you take his tattered letter from your pocket
And unfold the moonlight with your burnt
fingers and read of manliness and glory.

ഇതുവരെ ഉദ്ധരിച്ച കാവ്യഭാഗങ്ങളില്‍നിന്നു് ഒരു കാര്യം വുക്തമാകുന്നു. റീറ്റ്സോസിന്റെ അലങ്കാരങ്ങള്‍ക്കു് അന്യാദൃശസ്വഭാവമുണ്ടു്. അദ്ദേഹത്തിന്റെ ഭാവന ചിത്രസംബന്ധിയാണു് (pictorial) അതേ സമയം ചരിത്രപരവും. നാല്പതിലധികം കാവ്യഗ്രന്ഥങ്ങള്‍ പ്രസാധനം ചെയ്ത ബഹുഫലോത്പാദകനായ കവി എന്ന പേരു നേടിയ ആളാണു് റീറ്റ്സോസ്. എന്റെ മുന്‍പിലുള്ളതു് ഏതാനും കവിതകള്‍ മാത്രം. ഗ്രീക്ക് സാഹിത്യത്തെക്കുറിച്ചും റീറ്റ്സോസിനെക്കുറിച്ചും എനിക്കുള്ള അറിവു പരിമിതമാണു്. അതുകൊണ്ടു് ഈ ലേഖനം ഉപരിപ്ളവസ്വഭാവം ആവഹിക്കുന്നുവെന്നു് ആരെങ്കിലും പറഞ്ഞാല്‍ എനിക്കു പരിഭവമില്ല. എങ്കിലും ഈ മഹാകവിയുടെ കാവ്യങ്ങള്‍ എനിക്കു ധന്യങ്ങളായ ചില മുഹൂര്‍ത്തങ്ങള്‍ പ്രദാനം ചെയ്തതുകൊണ്ടു് ഞാന്‍ എഴുതിപ്പോവുകയാണു്. വായനക്കാര്‍ റീറ്റ്സോസിന്റെ കാവ്യങ്ങള്‍ വായിച്ചുനോക്കുമെന്നുള്ള പ്രത്യാശയോടുകൂടി, ഇതാ ഒരു ചിത്രം.

Spring

A glass wall. three naked girls sit behind it. A man
climbs up the stairs. His bare soles
appear rhythmically one after the other, dusty
with red soil. So
the silent, short-sighted glare covers
the whole garden and you hear
the glass wall craking up vertically
cut by a big, secret, invisible diamond.

സ്ഫടികഭിത്തി. നഗ്നരായ മൂന്നു പെണ്‍കുട്ടികള്‍ അതിനു പിറകിലിരിക്കുന്നു. ഒരാള്‍ കോണിപ്പടി കയറുന്നു. ചുവന്ന മണ്ണുകൊണ്ടു പാംസൂലങ്ങളായ, അനാവൃതങ്ങളായ, അയാളുടെ പാദതലങ്ങള്‍ ഒന്നിനുശേഷം ഒന്നായി ലയാത്മകമായി കാണപ്പെടുന്നു. പൊടുന്നനവേ നിശ്ശബ്ദമായ, അദൂരദര്‍ശിയായ അതിദ്യുതി പൂന്തോട്ടത്തെയാകെ ആവരണം ചെയ്യുന്നു. സ്ഫടികഭിത്തി ലംബരൂപമായിപൊട്ടുന്നതു നിങ്ങള്‍ കേള്‍ക്കുന്നു; അദൃശ്യമായ,നിഗൂഢമായ വലിയ വജ്രംകൊണ്ടു കീറിയതു പോലെ.

റീറ്റ്സോസിന്റെ കാവ്യങ്ങള്‍ പ്രത്യക്ഷത്തില്‍ ലളിതങ്ങളാണു്. അസങ്കീര്‍ണങ്ങളാണു്; പക്ഷേ അവയ്ക്കു പിറകില്‍ സങ്കീര്‍ണതയുണ്ടു്. ലാളിത്യമില്ലായ്മയുണ്ടു്. റിയലിസത്തിന്റെ ടെക്‌നിക്കാണു് അദ്ദേഹം പ്രയോഗിക്കുന്നതു്. ചിലപ്പോള്‍ അതു സര്‍റിയലിസ്റ്റുമാകും. ഉദാഹരണത്തിനു് ’ബാര്‍ബര്‍ഷോപ്പ്’ എന്ന കവിത:

ചപ്പും ചവറും കൂടിക്കിടക്കുന്നിടത്തു് അവര്‍
ഒരു മുറിയൊരുക്കി; ചുടുകല്ലു കൊണ്ടും
ജനലുകളില്‍ കാര്‍ഡ്ബോര്‍ഡുകൊണ്ടും. അവര്‍
പേരുമെഴുതിവച്ചു
“ബാര്‍ബര്‍ഷോപ്പ്” എന്നായിരുന്നു അതു്.
എല്ലാ ശനിയാഴ്ചയും വൈകുമ്പോള്‍,
സന്ധ്യയോടു് അടുപ്പിച്ചു്, ആ നീല ശോഭയാര്‍ന്ന
ദര്‍പ്പണംപോലുള്ള സമുദ്രത്തിന്നഭിമുഖമായുള്ള
പകുതി തുറന്ന വാതിലില്‍നിന്നു നിര്‍ഗ്ഗമിക്കുന്ന
അവ്യക്തപ്രകാശത്തില്‍ യുവാക്കന്മാരായ
മീന്‍പിടിത്തക്കാരും തോണിക്കാരും
മുഖക്ഷൗരത്തിനായി വന്നെത്തും. എന്നിട്ടു
നല്ലപോലെ ഇരുളുമ്പോള്‍ അവര്‍ മറ്റേ
വാതിലൂടെ പതുക്കെ നിഴല്‍പോലെ
നീണ്ട ബഹുമാനാര്‍ഹമായ താടിയോടു
കൂടി പുറത്തേക്കു പോകും.

ഷേവ് കഴിഞ്ഞവര്‍ നീണ്ടതാടിയോടെ പോകുന്നതെങ്ങനെ? അതാണു് സര്‍റിയലിസ്റ്റ് ടെക്‍നിക്ക്. യുവാക്കന്മാര്‍ക്കു താടിയില്ല. ഉണ്ടായിരുന്നതു് അവര്‍ ക്ഷൗരംചെയ്തു് ഇല്ലാതാക്കി. യുവാക്കന്മാരെ പ്രായക്കുറവിനാല്‍ ആരും ബഹുമാനിക്കാറില്ല. അതല്ല താടിയുള്ള വൃദ്ധരുടെ സ്ഥിതി, പ്രായാധിക്യം ബഹുമാനിക്കപ്പെടുന്നു. “വില കൂടും വര്‍ദ്ധക്യത്തൂവെള്ളിക്കു് യൗവ്വനത്തങ്കത്തെക്കാള്‍” എന്ന സത്യം സര്‍റിയലിസത്തിലൂടെ സ്‌ഫുടീകരിക്കുകയാണു് റീറ്റ്സോസ്.

1968-ല്‍ പ്രകാശനം ചെയ്ത ‘റിപ്പൊസിഷന്‍സ്’ എന്ന കാവ്യസമാഹരഗ്രന്ഥത്തില്‍ മറ്റൊരു കലാസങ്കേതമാണു് കവി പ്രയോഗിച്ചിരിക്കുന്നതു്. സമകാലികസംഭവങ്ങളെ വര്‍ണ്ണിച്ചു് ഗ്രീസിന്റെ മിത്തോളജിയുമായി കവി അവയെ കൂട്ടിയിണക്കുന്നു. അങ്ങനെ മിത്തിന്റെ അര്‍ത്ഥസാന്ദ്രതയും സമകാലിക സംഭവത്തിന്റെ അര്‍ത്ഥതീക്ഷ്ണതയും അദ്ദേഹം വ്യക്തമാക്കിത്തരുന്നു. ചിന്തയുടെയും ലയത്തിന്റെയും ദര്‍ശനത്തിന്റെയും സാന്ദ്രതകള്‍ ഒരുമിച്ചു ചേരുമ്പോഴാണു് കാവ്യമന്ത്രം ജനിക്കുന്നതെന്നു് അരവിന്ദഘോഷ് പറഞ്ഞിട്ടുണ്ടു്. ഗ്രീസിലെ ഈ കമ്മ്യൂണിസ്റ്റ് കവിയുടെ കാവ്യങ്ങള്‍ വെറും കാവ്യങ്ങളല്ല; കാവ്യമന്ത്രങ്ങളാണു്. അവ ബാഹ്യസ്തോത്രത്തിന്റെ മാത്രമല്ല, കാതിന്റെ കാതായ ആന്തരസ്തോത്രത്തിനും ആഹ്ലാദം പകരുന്നു.


  1. യാനീസ്‌റീറ്റ്സോസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് Peter Bien എഴുതിയ അവതാരിക.
  2. അവതാരികയില്‍നിന്നു്.