close
Sayahna Sayahna
Search

ജി. ശങ്കരക്കുറുപ്പും വേഡ്സ് വര്‍ത്തും


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

ജി. ശങ്കരക്കുറുപ്പും വേഡ്സ് വര്‍ത്തും

പ്രകൃതിയുടെ മാന്ത്രികവലയത്തിനു വിധേയമായി ഹര്‍ഷോന്മാദത്തില്‍ വിലയംപ്രാപിക്കുന്ന കവികളുണ്ട്. എന്തൊരസുലഭമായ ആനന്ദമാണ് അവരനുഭവിക്കുക! അങ്ങനെ അനുഭൂതമാകുന്ന നിര്‍വൃതിവിശേഷത്തെ അനുവാചകരിലും പകര്‍ത്തേണ്ടത് അവരുടെ ഒരാവശ്യമാണ്. അത് ആ കവികള്‍ ചെയ്യുന്നുമുണ്ട്. ആ കൃതൃമനുഷ്ഠിച്ചു കഴിഞ്ഞാല്‍ അവര്‍ക്കു പിന്നെയും പ്രവര്‍ത്തിക്കാനാവില്ല. അവര്‍ പ്രകൃതിരാമണീയകം കണ്ട് അദ്ഭുതപരവശരാകുന്നുണ്ടാകും. പക്ഷേ, ആ വിസ്മയത്തില്‍പെട്ട് മതിഭ്രമം വന്നിരിക്കുന്നവരാണ് അവര്‍. അതുകൊണ്ടു അവിടെനിന്ന് ഒഅരടികൂടെ മുന്നോട്ടുവെച്ച് ആ അത്ഭുതത്തിന്റെ ആന്തരികമായ അന്വര്‍ത്ഥയെക്കുറിച്ചു ചിന്തിക്കുവാന്‍ ആ കവികള്‍ ഉദ്യമിക്കുന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രാപഞ്ചികപ്രതിഭാസങ്ങളുടെ ബാഹ്യങ്ങളായ വസ്തുസഥിതികളെ സംബന്ധിച്ചുമാത്രമേ അവര്‍ അലോചിക്കുന്നുള്ളു. പ്രകൃതിയുടെ ഇന്ദ്രിയവിഷയകമായ ആകര്‍ഷണത്തില്‍ പെട്ടുപോകുന്ന അവര്‍ക്ക് നക്ഷത്രപൂര്‍ണ്ണമായ അന്തരീക്ഷവും ഹരിതവര്‍ണ്ണമണിഞ്ഞ ഭൂവിഭാഗങ്ങളും കണ്ട് ഹര്‍ഷപുളകിതമാകാന്‍ സാധിക്കും. വള്ളത്തോളും ആശാനും കോള്‍റിഡജൂം ബയറണും കീറ്റ്സും അങ്ങനെയുള്ള കവിയാണ്. ഇനി വേറെ ചില കവികളുണ്ട്. അവര്‍ വെറും പ്രകൃതിഗായകന്മാരല്ല; പ്രവാചകന്മാരാണ്. അവര്‍ക്കും ആനന്ദം നല്കുന്നവയാണ് പ്രകൃതിയിലെ സുന്ദരദൃശ്യങ്ങള്‍. എന്നാല്‍ ചേതോഹരമായ ആ കാഴ്ചകള്‍ക്കുമപ്പുറത്ത് മറ്റ് എന്തോ ഉണ്ടെന്ന് അവര്‍ കണ്ടുപിടിക്കുന്നു. തങ്ങളുടെ കാതുകളില്‍ വന്നലയ്ക്കുന്ന ശബ്ദങ്ങളിലൂടെ മറ്റൊരു ശബ്ദം ശ്രവിക്കുവാന്‍ അവര്‍ യത്നിക്കുകയും അതില്‍ വിജയം പ്രാപിക്കുകയും ചെയ്യുന്നു. പ്രകൃതിയിലെ അപസ്വരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വരൈക്യം മനസ്സിലാക്കുവാന്‍ ആ കവികള്‍ക്കു സാധിക്കുന്നു ബാഹ്യസംഭവങ്ങളെ വിട്ട് ആന്തരികകാര്യങ്ങളിലേക്ക് അവരുടെ ചേതനകള്‍ കുതിച്ചുചെല്ലുന്ന്നു. വേഡ്സ്വര്‍ത്തും, ഷെല്ലിയും, ലിയോപ്പാര്‍ഡിയും, ജി. ശങ്കരക്കുറുപ്പും ആ വിഭാഗത്തില്‍ പെടുന്ന കവികളത്രേ. ഇവരില്‍ ശങ്കരക്കുറുപ്പ് പ്രകൃതിയെ എങ്ങനെ സമീപിക്കുന്നു; എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് നമ്മുടെ ചിന്താവിഷയം. അവര്‍ക്കു തമ്മില്‍ സാദൃശ്യമുണ്ടോ, അതല്ല വൈസാദൃശ്യമുണ്ടോ എന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.

അത്ഭുതകരമായ ബാഹ്യപ്രപഞ്ചം നമ്മുടെ മഹാകവികളുടെ മുന്‍പില്‍ പ്രത്യക്ഷമാകുകയാണ്. പച്ചപുതച്ച കാനനങ്ങളും നിലാവുവീണ മലകളും ജലനിര്‍തഡരങ്ങളുമെല്ലാം വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ ജനിപ്പിക്കുകയാണ്. പക്ഷേ അവയെല്ലാം ആത്മാവില്‍ ലയിച്ചുചേരുമ്പോള്‍ ഒരേ അനുഭവമായി രൂപാന്തരപ്പെടുന്നു. അങ്ങനെ ഈ പ്രപഞ്ചത്തിലെ കോടാനുകോടി വസ്തുക്കളുടെ പുറകില്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് തന്നോട് നിത്യസമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും വേഡ്സ്വര്‍ത്ത് പ്രഖ്യാപിച്ചു. അദ്ദേഹം ഉദ്ഘോഷിക്കുന്നത് കേള്‍ക്കുക:

In all things, in all natures, in the stars
Of azure heaven, the unenduring clouds
In flower and tree in every pebbly stone
That paves the brooks, the stationary rocks
The morning waters and the invisible air
It circulates, the soul of all the worlds.

മഹാകവികളുടെ ചിന്താഗതികള്‍ പലപ്പോഴും ഒരേ തരത്തില്‍ പ്രത്യക്ഷമാകാറുണ്ടല്ലോ. ജി. ശങ്കരക്കുറുപ്പും പ്രാപഞ്ചികവസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്ന ആ അദൃശ്യശക്തിയെ കണ്ടെത്തുന്നു. കണ്ടെത്തുക മാത്രമല്ല; അതിന്റെ മുന്‍പില്‍ അദ്ദേഹം കൈകൂപ്പി നില്ക്കുകയും ചെയൂന്നു. കാവ്യജീവിതമാരംഭിക്കുമ്പോള്‍തന്നെ പ്രകൃത്യപാസനയുമായിട്ടാണ് അദ്ദേഹം കലാക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാഗാനങ്ങള്‍ നമ്മെ കോള്‍മയിലെത്തിക്കുന്നു. ചേതോവിമോഹനങ്ങളായ ആ ഗാനങ്ങളില്‍ രണ്ടെണ്ണം ഞാന്‍ ഉദ്ധരിച്ചുകൊള്ളട്ടെ.

നീരന്ധ്രനീല ജലദപ്പലകപ്പൂറത്തു
വാരഞ്ചിടുന്ന വളര്‍വില്ലു വരച്ചു മാച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം.
വാരമ്പിളിക്കുറിയണിഞ്ഞതു തേഞ്ഞുമാഞ്ഞും
താരങ്ങുമിങ്ങുമണിവേണിയില്‍ നിന്നുതിര്‍ന്നും
ആരമ്യകാഞ്ചനമയാംബരയായ പ്രഭാത-
നേരത്തുണര്‍ന്നുവിലസും പ്രകൃതിക്കു കൂപ്പാം.

എന്തൊരു കളങ്കരഹിതമായ ഭക്തിപ്രകര്‍ഷം! ഹേമദീപങ്ങള്‍ കാന്തി പ്രസരിപ്പിക്കുന്ന പൂമച്ചില്‍ കന്തളമഴിച്ചിട്ട് അന്ധകാരം വ്യാപിച്ചുനില്ക്കുന്ന അഖിലേശ്വരിമാത്രമാണ് തനിക്കു ആശ്രയമെന്ന് കവി അസന്ധിഗ്ധമായ ഭാഷയില്‍ പ്രഖ്യാപിക്കുന്നു. അന്തരീക്ഷമാകുന്ന പൂങ്കാവനത്തെ തളിപ്പിക്കുന്നതും സുപ്രഭാതത്തിന്റെ ചൂഡാരത്നത്തെ ചുവപ്പിക്കുന്നതും ആ ശക്തിതന്നെയാണെന്ന് അദ്ദേഹം അറിയുന്നു. ഈ പ്രപഞ്ചത്തെ വിനോദത്തിനു മാത്രമായി സൃഷ്ടിക്കുന്ന ആ പരാശക്തിയുടെ സ്വേദകണങ്ങളാണ് അന്തരീക്ഷത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെന്നു മനസ്സിലാക്കി അതിനു ദുരനമസ്ക്കാരം ചെയ്യുകയാണ് കവി. വേഡ്സ് വര്‍ത്തും ശങ്കരക്കുറുപ്പും തമ്മിലുള്ള ഒരു വ്യത്യാസം ഇവിടെ പ്രകടമാണ്. നക്ഷത്രങ്ങളിലും വാരിദമാലകളിലും പുഷ്പങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തിയെ വേഡ്സ് വര്‍ത്ത് ദര്‍ശിച്ചു. അതിനൊരു വ്യക്തിപ്രഭാവവും ഇച്ഛാശക്തിയും നല്‍കി അതിനെ പ്രകൃതിയെന്നു വിളിക്കുകയാണ് ആ ആംഗലകവി. എന്നാല്‍ നമുടെ കവിയെപ്പോലെ, ഭക്തിനിര്‍ഭരമായ ഹൃദയത്തോടുകൂടി അദ്ദേഹം അതിന്റെ സന്നിധാനത്തില്‍ അവനതശിരസ്ക്കനായി നില്ക്കുന്നില്ല. ഏകാന്തസ്ഥലങ്ങളില്‍വെച്ച് പ്രകൃതിയെ അഭിമുഖീകരിക്കുമ്പോള്‍ വേഡ്സ് വര്‍ത്ത് ഈശ്വരനെ സ്മരിക്കുന്നുണ്ടാകാം. എങ്കിലും ഇതുപോലെയൊരു ഭക്തിപാരമ്യം നാം അവിടെ കാണുന്നില്ല. വേഡ്സ് വര്‍ത്തിന്റെ ദൃഷ്ടിയില്‍ പ്രകൃതിക്ക് അവളുടേതായ ആനന്ദങ്ങളും വികാരങ്ങളും ചിന്തകളുമുണ്ട്. സമുദ്രത്തെ ചലിപ്പിക്കുന്നതും പര്‍വ്വതങ്ങളെ സൃഷ്ടിക്കുന്നതും നക്ഷത്രങ്ങളെ ഉദിപ്പിക്കുന്നതും അസ്തമിപ്പിക്കുന്നതും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതുമെല്ലാം ആ പ്രകൃതിതന്നെയാണ്. കവികള്‍ അവളുടെ സുഹൃത്തുക്കളാണ്. തന്റെ ജനനം മുതല്‍ അവള്‍ തന്നോടൊരുമിച്ചു വസിക്കുകയാണെന്നു വേഡ്സ് വര്‍ത്ത് മനസ്സിലാക്കി. ചിലപ്പോള്‍ അവള്‍ സുന്ദരിയായ പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് തന്റെ സ്നേഹം മുഴുവന്‍ അവരില്‍ വ്യയം ചെയ്തെന്നുവരും. വേഡ്സ് വര്‍ത്തിന്റെ പ്രകൃതിദേവത പറയുന്നു:

And vital feelings of delight
Shall rear her form to stately height

Her virgin bosom swell
Such thoughts to Lucky I will give
While she and I together live
Here in this happy dell.

പ്രകൃതിക്ക് ഇതിനേക്കാള്‍ ഭംഗിയായി ഒരു മൂര്‍ത്തിമദ്ഭാവം നല്കുക സാദ്ധ്യമല്ല. [1]

ശങ്കരക്കുറുപ്പിന് സനാതനമായ ഈ വിശ്വപ്രകൃതി തന്നെയാണ് ജ്ഞാനം നല്കുന്നതിനു പര്യാപ്തമായ ഗ്രന്ഥം. ദിവ്യമായ ആ ഗ്രന്ഥം പ്രാചീനമാനെങ്കിലും മനുഷ്യ പ്രതിഭയ്ക്കു എന്നുത് നവ്യമാണ്. ക്ഷമാപൂര്‍വ്വം ചിന്തിക്കുന്നവനും അതിലെ ഓരോ പദാര്‍ത്ഥവും സുന്ദരവും സുഗ്രഹവുമാണ്. അത് ഈശ്വരവൈഭവവ്യജ്ഞകമായ കൌതുകം മേല്‍ക്കുമേല്‍ സംജാതമാക്കുന്നു. ആ ഗ്രന്ഥത്തിലെ നക്ഷത്രങ്ങലും മണല്‍തരികളും സാരവത്തായ എന്തിനെയോ വിവരിക്കുന്ന അക്ഷരങ്ങളാണ്. ആ നിസ്തുലഗ്രന്ഥത്തിന്റെ അഹോരാത്രമാകുന്ന ഏടുകള്‍ മറിച്ചുപോകുകയാണ് നാം. ഓരോ വസ്തുവിനും ഓരോ സന്ദേശം നല്കാനുണ്ടവിടെ. അത്യുന്നതവും നിശ്ചലവുമായ ചിന്തയെ മനസ്സിന് ഉപദേശിക്കുകയാണ് വന്മലകള്‍. നിര്‍മ്മലജീവിതത്തിന്റെ മാധുര്യത്തെ വിളംബരംചെയ്യുകയാണ് വിശുദ്ധപുഷ്പങ്ങള്‍. ഭാവഗാംഭീര്യത്തെ വ്യഞ്ജിപ്പിക്കുന്ന വിശാലസാഗരം, ശാന്തസുന്ദരമായ ജീവിതത്തിന്റെ മഹനീയതയെ ഉദ്ബോധിപ്പിക്കുകയാണ് മനോഹരങ്ങളായ സായന്തനങ്ങള്‍. അങ്ങനെ ഓരോ പ്രാപഞ്ചികവസ്തുവും ദീര്‍ഘങ്ങളായ ഉപദേശങ്ങള്‍ നമുക്കു നല്കുകയാണ്. ആ വസ്തുക്കളാകട്ടെ അവയുടെ സൃഷ്ടികര്‍ത്താവായ ഈശ്വരനെ അനുസ്മരിപ്പിക്കുന്നു. തന്നെയും ആ വസ്തുക്കളേയും സൃഷ്ടിച്ചത് ഒരേ കരംതന്നെ. അപ്പോള്‍ തനിക്കും അവയ്ക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

“മേമേലാലൊരു ജന്മമുണ്ടെങ്കിലന്നു ഞാന്‍
മേദൂര ശ്രീമഴവില്ലാകട്ടെ”

മേദൂര ശ്രീമഴവില്ലാകട്ടെ” എന്ന് കവി പാടുന്നത് ശ്രദ്ധേയമാണ്. എത്ര മനോഹരമായ ഒരു സങ്കല്പമാണ് ഇതെന്ന് നോക്കുക. ഭാരതീയ തത്വചിന്തയോട് സൌമുഖ്യം ഭജിക്കുന്നതാണ് ഈ ചിന്താഗതിയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.

പ്രകൃതിയോടുള്ള ഈ വീക്ഷണഗതികൊണ്ട് രണ്ടുകവികള്‍ക്കും പ്രപഞ്ചത്തിലെ ഏതു വസ്തുവിനോടും ഐക്യം പ്രാപിക്കുവാന്‍ കഴിഞ്ഞു. മേഘങ്ങള്‍, വൃക്ഷങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ജീവിതവുമായി വേഡ്സ് വര്‍ത്തും ശങ്കരക്കുറുപ്പും വിലയം പ്രാപിച്ച് അവരുടെ ഭാഷയില്‍ സംസാരിക്കുന്നത് കേള്‍ക്കേണ്ടതുതന്നെയാണ്, ശ്രവണേന്ദ്രിയമുള്ളവര്‍ കേള്‍ക്കുന്നുമുണ്ട്. ഒരു പൂവ് കവിയോടു പറയുകയാണ്:

വാനിന്നപാരത തന്നിലൊതുക്കുവാന്‍
വായ്ക്കും വെളിച്ചത്തില്‍ മുങ്ങിനീന്താന്‍
എന്തിനെന്നില്ലാത്ത കൌതുകാവേശങ്ങളേന്തി നാം വര്‍ത്തമാനത്തില്‍നിന്നും
ഭാവനാഗോചരമാകുമൊരുജ്ജ്വല-
ഭാവിയെനോക്കിക്കുതിച്ചിടുന്നു
വിണ്ണിന്‍മുഖത്തെ മുകരുവാന്‍ വെമ്പുന്ന
മണ്ണിന്‍കിനാവുകളല്ലി നമ്മള്‍
പാവനലാവണ്യം തേടി വിടരുന്ന
പാരിന്റെ കണ്ണുകളല്ലി നമ്മള്‍”

പ്രാപഞ്ചികവസ്തുക്കളെല്ലാം അപരിമേയമായ ഒരു ശക്തിയുടെ പ്രത്യക്ഷപ്രകടനമായതുകൊണ്ടും അവയ്ക്കു തമ്മില്‍ വ്യതാസമില്ലാത്തതുകൊണ്ടുമാണ് കവിയ്ക്ക് ഇങ്ങനെ അചേതനവസ്തുക്കളുമായി താദാത്മ്യം പ്രാപിക്കുവാന്‍ സാധിക്കുന്നത്. വേഡ്സ്വര്‍ത്തിന്റെയും ശങ്കരക്കുറുപ്പിന്റെയും കവിതകളില്‍ ഒരുപോലെ സദൃശമാകുന്ന ഒരു പ്രത്യേകതയാണിത്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ശങ്കരക്കുറുപ്പിനെപോലെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ആ തത്ത്വം ആവിഷ്കരിക്കാന്‍, വേഡ്സ്വര്‍ത്തിനു കഴിഞ്ഞിട്ടില്ല. വേഡ്സ് വര്‍ത്തിന്റെ അശയപ്രതിപാദനത്തിന് സ്പഷ്ടതയുണ്ടായിരിക്കാം. എന്നാല്‍ അതിന് ജീയുടെ കവിതയ്ക്കുള്ള കലാസൌഭഗമില്ല. നമ്മുടെ കവി പാടുന്നു,

“ഉറക്കമിളച്ചിരുന്നീടും ഞാന്‍ നക്ഷത്രത്തി-
ലുറക്കെക്കേണുംകൊണ്ടുംപോകുംഞാന്‍ കൊടുങ്കാറ്റിന്‍
സോമലേഖയെത്തന്നെ മുകരും കടലായ് ഞാന്‍
കൂടുവിട്ടേവം കൂടുമാറിയീപ്രകൃതിയി-
ലോടുവാനെന്താനന്ദമാണെന്നോ! കഷമിക്കുക.”

ഇതുപോലെ പ്രൗഢഗംഭീരമായ ഒരു കവിതയെഴുതാന്‍ എനിക്കു സാധിക്കുന്നില്ലല്ലോ എന്നു ഞാന്‍ വിഷമിക്കാറുണ്ട്. അതുപോകട്ടെ കവിക്കുണ്ടായ അനുഭവത്തിന്റെ ശതാംശമെങ്കിലും സംജാതമായാല്‍ ഞാന്‍ ധന്യരില്‍ ധന്യനാണ്. ഒരു സംശയവുമില്ല.

പ്രാപഞ്ചികവസ്തുക്കള്‍ക്കു തമ്മില്‍ ഭേദം കല്പിക്കുന്നില്ലെന്നു മാത്രമല്ല അവയ്ക്കും പരസ്പരബന്ധമുണ്ടെന്നു അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. മേഘത്തിന്റെയും പുഷ്പത്തിന്റെയും വൃക്ഷത്തിന്റെയും ജീവിതങ്ങളില്‍ ലയിച്ചു ചേരുന്നതോടൊപ്പം അവയുടെ ആന്തരീകബന്ധത്തെ അവര്‍ അഭിവ്യജ്ഞിപ്പിക്കുന്നതുമുണ്ട്. അവരുടെ വിശ്വപ്രേമത്തെയാണ് ഇത് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. പ്രാപഞ്ചികവസ്തുക്കള്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാഴ്ച പുളകപ്രേമമാണ്.

“വല്ലിതമല്ലികാശാഖാഭുജങ്ങളി-
ലുല്ലസിച്ചീടുന്ന മൊട്ടുകളെ
ആനന്ദനിദ്രയില്‍ വീഴ്ത്തുന്നു, മോഹന
ഗാനങ്ങള്‍ പാടുന്ന കോകിലങ്ങള്‍”

“:സാലങ്ങള്‍തന്‍ നിഴലിലാക്കുമദൃശ്യമായാ-
മുലയ്ക്കല്‍ നല്ലിലകളാല്‍ നിഭൃതം മറഞ്ഞും
പാലഞ്ചിടും സ്മിതമൊടും നതമാശിരസ്സി
നാലന്ത്യസന്ധ്യയെ നമിച്ചൊരു പൂവു നില്‍പൂ”

സന്ധ്യ മാനസപ്രിയനു സമ്മാനം നല്‍കുന്നതിന് അന്തരീക്ഷമാകുന്ന പട്ടുറുമാലില്‍ സൂനപല്ലവ ലതാദികള്‍ തുന്നുന്നതും പ്രഭാതവാതത്തില്‍ വൃക്ഷങ്ങള്‍ പനിനീര്‍ക്കണങ്ങള്‍ തളിക്കുന്നതുമെല്ലാം ഇവിടത്തെ നിത്യസംഭവങ്ങളാണ്. പ്രകൃതിയില്‍ മാനുഷഭാവമാരോപിക്കുന്നതിന് ശങ്കരക്കൂറുപ്പിനെ പ്രേരിപ്പിച്ചത് ഈ മനോഭാവമാണെന്ന് തോന്നുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യകാലകവിതകളില്‍ പോലും കാണാം. ഉദാഹരണങ്ങളിതാ:

“പാതിരയായീ പനിമതി നിസ്തുല-
ശ്രീ തിരളുന്ന വിയല്ലക്ഷ്മിതന്നുടെ
കോമളവക്ഷസ്സില്‍ വീണുറങ്ങുമ്പോഴും
പ്രേമമധുരമാം സ്വപ്നങ്ങള്‍ കാണ്‍കയാല്‍
ഓമനപ്പുഞ്ചിരി തൂകുന്നു നീന്തുന്നു
കോള്‍മയിര്‍കോലുന്ന യാമങ്ങളിങ്ങനെ”
.............................
“തരുണ്‍ തപനന്‍ കരങ്ങളാലേ
തടവും ശാലി തഴച്ച രാഗമോടെ
തല തെല്ലു കനിഞ്ഞുചാഞ്ഞുനില്‍ക്കും
നില കണ്ണുംകരളും കുളിര്‍ത്തിടുന്നു”

ക്ഷീണിച്ച പൂന്തെന്നല്‍ വയലിലൂടെ ചൂളംവിളിച്ചു സഞ്ചരിക്കുമ്പോള്‍ പൂമുഖത്തില്‍നിന്നു കമുദിനി പുഞ്ചിരികൊള്ളുന്നതും നിശീഥിനിയുടെ പുത്രനായ ശീതഭാനു മന്ദസ്മിതാഭിരാമനായി ആകാശത്തൊട്ടിലിനുള്ളില്‍ ശയിക്കുന്നതും നാം ജിയുടെ കവിതകളില്‍ കാണുന്നു. ചന്ദ്രന്‍ വന്നെത്തുവാന്‍ പതിവില്‍ കുറച്ചുനേരം താമസിച്ചതുകൊണ്ട് ഭാര്യയായ രാത്രി കയര്‍ത്ത് വലിച്ചെറിഞ്ഞ ഹാരം അന്തരീക്ഷത്തില്‍ തകര്‍ന്നു ചിതറുന്നതും നാമവിടെ ദര്‍ശിക്കുന്നു. തീരത്തുനില്ക്കുന്ന തരുവന്‍ പ്രണയാര്‍ദ്രചിത്തനായി വലിച്ചെറിഞ്ഞ പുഷ്പം തനുവിലേറ്റിട്ടും അറിയാത്തമട്ടില്‍ മോഹനഗാനങ്ങള്‍ ഓരോന്നു മൂളിക്കൊണ്ട് സഞ്ചരിക്കുന്ന സ്രോതസ്വനി നമുക്കു ആനന്ദം നല്‍കുന്നവളാണ്. ബാലാനിലനാല്‍ ചലിക്കപ്പെട്ട വെള്ളച്ചേലാഞ്ചലത്തെ വൃക്ഷശ്രേഷ്ഠന്‍ വിറയ്ക്കുന്ന ശാഖകള്‍ നീട്ടിപിടിച്ചിട്ടും മനോഹരയായ തരംഗിണി നില്ക്കുന്നതേയില്ല. ആകാശലക്ഷ്മി തന്റെ വസ്ത്രാഞ്ചലത്തില്‍ തൂങ്ങുന്ന ഭാനുവായ ശിശുവിനെ പതുക്കെ പൊക്കി തുടുത്ത ആ മുഖത്ത് മധുരചുംബനമര്‍പ്പിക്കുന്നു. ഉറങ്ങിയമട്ടില്‍ കിടക്കുന്ന സാഗരത്തിനെ നോക്കി, ലജ്ജാഭാരത്താല്‍ വിവശയായ സന്ധ്യ അദ്ദേഹത്തെ താണു ചുംബിക്കുവാനാരംഭിക്കുന്നു. എത്ര രമണീയങ്ങളായ ചിത്രങ്ങള്‍! ഇതാ മറ്റൊരു രംഗം; വിഭാവനാധനിയായ ഒരു മഹാകവിക്കുമാത്രം ലഭിക്കുന്ന ഒരസുലഭദര്‍ശനം.

“മേഘത്തിന്‍ വിടവുകളായ ജാലകം തോറും
മേദുരശ്രീമാന്മാരാം താരകപ്പൊന്‍പൈതങ്ങള്‍
കളിച്ചുപുളയ്ക്കവേ രാത്രിയെച്ചിരിപ്പിക്കാ-
നൊളിച്ചും നേരേവന്നും തൂകുന്നു മൃദുഹാസം.
ശാരദാംബുദമായ വെണ്‍പട്ടമാകാശത്തില്‍
മാരുതകിശോരകന്‍ പറപ്പിക്കുന്ന മെല്ലേ
പാകമായ് നില്ക്കും താരാവലിയാം പഴങ്ങള്‍തന്‍
പാരിക്കും ഭാരംമൂലം നാലുഭാഗത്തും ഭംഗ്യം
ചാഅത്തെഴും വിണ്‍മാമരക്കൊമ്പുകള്‍ പിടിക്കുവാന്‍
ചാടുന്നൂ കടല്‍ക്കരെക്കളിക്കും തരംഗങ്ങള്‍”

പ്രാപഞ്ചികവസ്തുക്കളുടെ സൌഹൃദാധിഷ്ഠിതമായ ആത്മബന്ധത്തെയും അവയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെയും കലാസുന്ദരമായി വേഡ്സ്വര്‍ത്ത് ആവിഷ്കരിച്ചു എന്നത് വാസ്തവം തന്നെ. ഈ പ്രപഞ്ചമാകെ സ്നേഹം പ്രവഹിക്കുന്നുവെന്നുള്ള വിശ്വാസത്തില്‍നിന്നാണ് ആ ആംഗലകവിക്ക് അങ്ങനെയൊരു മനോഭാവമുണ്ടായത്. ജി. ശങ്കരക്കുറുപ്പും ഇതില്‍നിന്ന് വ്യത്യസ്തനല്ല. എന്നാല്‍ ശങ്കരക്കുറുപ്പിന് ആ ആത്മബന്ധത്തെ അത്യുജ്ജ്വലമായി ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഒരു പ്രത്യേകത. ജി. ശങ്കരക്കുറുപ്പിന്റെ ഈ വിശ്വസ്നേഹസിദ്ധാന്തം അതിപ്രധാനമാണ്. മാനുഷിക സ്നേഹത്തിന്റെ പരിപാവനതയെ ചിത്രീകരിച്ച മഹാകവി കുമാരനാശാനെക്കാള്‍ അദ്ദേഹം ഒരു പടികൂടി മുന്നോട്ടു കയറിനില്ക്കുന്നുവെന്നുവേണം പറയുവാന്‍. ജി. യുടെ പ്രപഞ്ചം അങ്ങനെ പ്രേമംകൊണ്ടു സജീവമായി ചമഞ്ഞിരിക്കുന്നു. ചന്ദ്രികാചര്‍ച്ചിതമായ ഭൂവിഭാഗത്തിലൂടെ ഒരു ഏകാന്തസഞ്ചാരം ചെയ്തുനോക്കൂ; അല്ലെങ്കില്‍ നക്ഷത്രപൂര്‍ണ്ണമായ അന്തരീക്ഷത്തെ നോക്കിക്കൊണ്ട് അല്പനേരം ധ്യാനനിരതനായിരിക്കുവാന്‍ ശ്രമിക്കുക. ഈ ചിന്താഗതിതന്നെ നമുക്ക് ഉണ്ടായെന്നു വരും.

ജിയുടെ കാവ്യപ്രപഞ്ചത്തില്‍ അചേതനവസ്തുക്കള്‍ പോലും സംഭാഷണം ചെയ്യുന്നുണ്ട്. മൂളിപ്പാട്ടുകള്‍ മൂളിരസിക്കുന്ന മുളകള്‍ അവയുടെ ഗാനം കൊണ്ടുനടക്കുന്ന തെന്നലിനോട് സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. നക്ഷത്രങ്ങള്‍ ആത്മാലാപം ചെയ്യുന്നു. പുഷ്പങ്ങള്‍ പ്രഭാകരന്റെ നേര്‍ക്ക് ആത്മഗീതങ്ങളുയര്‍ത്തുന്നു. കവിതന്നെ പലപ്പോഴും അവയോട് നേരിട്ടു സംസാരിക്കുന്നു. സ്നേഹസൂധയൂറിനില്ക്കുന്ന കവിഹൃദയത്തിനുണ്ടോ സചേതനവസ്തുക്കളെന്നും അചേതനവസ്തുക്കളെന്നുമുള്ള വ്യത്യാസം? ഇതിനെക്കാള്‍ വിശുദ്ധസുന്ദരവും പ്രൌഢോജ്ജ്വലവുമായ ഒരു സ്നേഹസിദ്ധാന്തം വേറെ ഏതൊരു കവി ആവിഷ്കരിച്ചിട്ടുണ്ട്? ഇകാര്യത്തില്‍ ജി.ക്ക് സമശീര്‍ഷനായ മറ്റൊരു കവി വേഡ്സ്വര്‍ത്തുമാത്രമാണ്. ജിയുടെ പ്രപഞ്ചത്തില്‍ പ്രകൃതി മനുഷ്യനുവേണ്ടി ആത്മത്യാഗത്തിനുപോലും സന്നദ്ധയാകുന്നു.

“തലപോലുമഹോ പരാര്‍ത്ഥമായി-
ച്ചെലവാക്കാന്‍ മടിയാത്ത സാധു നെല്ലേ
തവ ചേവടിയില്‍ കനിഞ്ഞിടട്ടേ
പടുവാം സ്വാര്‍ത്ഥപാരായണന്‍ മനുഷ്യന്‍”

മാത്രമല്ല, പ്രക്ര്തിക്ക് മനുഷ്യന്റെ ദുഃഖത്തില്‍ പങ്കുകൊള്ളാനും കഴിയും.

“മാമലെന്നേയ്ക്കും പിരിഞ്ഞൊരെന്‍ മാലിലാ
ഹേമന്തരാത്രിയും പങ്കുകൊണ്ടു
കേഴുമാരാവിന്റെ കണ്ണുനീരിറ്റിറ്റു
വാഴയിലകളില്‍ വീണിരുന്നു”

വേഡ്സ് വര്‍ത്തിനെപ്പോലെ പ്രകൃതിയില്‍ ആനന്ദം ദര്‍ശിക്കുവാനും ആ ആനന്ദമനുഭവിക്കാനും ജിക്ക് കഴിയുന്നു. പക്ഷേ ബാല്യകാലത്തിലാണ് ആ പരിശുദ്ധാനന്ദം അദ്ദേഹത്തിനു കൂടുതലും ലഭിച്ചത്. അന്നാണെങ്കില്‍,

“എത്തിടും തൊടാന്‍ കൈയാലാകാശമെന്‍മുറ്റത്തെ
പ്പത്തിലഞ്ഞിതന്‍കൊമ്പില്‍ കേറിനിന്നെന്നാ, ലന്നാള്‍
ഗിരി പിന്നാലേനിന്നു കൈനീട്ടിയാലും കള്ള-
ച്ചിരിപൂണ്ടോടിപ്പോരും സുപ്രസന്നനാം തിങ്കള്‍
പടുവൃദ്ധനാം മാവിന്‍ വെണ്‍നര കര്‍ന്നോരു
ജട ചിക്കിനില്ക്കാറുണ്ടെന്നെയും വിളിച്ചാ,രാല്‍
കിഴവന്‍ വാത്സല്യത്താല്‍ വിറയ്ക്കും ചില്ലക്കൈകൊ-
ണ്ടഴകില്‍ തലോടാറുണ്ടാരാവിന്‍ കുമാരനെ”

ഇന്ന് അദ്ദേഹം മന്ദഭാഗ്യനാണ്. ജ്ഞാനംചെയ്തു കടുംകൈ അത്രത്തോളമുണ്ട്. അന്നു ഉഷസ്സ് അയല്ക്കാരിയാണ്. അവളുണര്‍ന്നെഴുന്നേറ്റ് തന്റെ വേലയ്ക്കായി സംഭ്രമിച്ചോടുമ്പോഴും, അവള്‍ തുടുത്ത കൈ കവിയുടെ നേര്‍ക്കു നീട്ടാതെയും വേലിക്കല്‍വന്ന് എത്തിച്ചുനോക്കാതെയും പോകാറില്ല. പക്ഷേ മനുഷ്യന്റെ ഭാഷ അഭ്യസിച്ചപ്പോള്‍തന്നെ അദ്ദേഹം വിശ്വസുന്ദരഭാഷ മറന്നുപോയി. ആ ഭാഷയ്ക്കാണെങ്ക്ലില്‍ സ്നേഹമല്ലാതെ ശാസ്ത്രമില്ല; ആനന്ദമല്ലാതര്‍ത്ഥമില്ല; രൂപമല്ലാതെ വൃത്തമില്ല. കേട്ടാലും.

“അന്തിവന്നാകാശത്തിലക്ഷരം കുറിച്ചിട്ടു
ചെന്തളിര്‍കൈയാല്‍, ദേവി മാറിനിന്നീടുംമുന്‍പേ
അപ്പൊഴേ മിഴിതുറന്നുള്ള പൂക്കളും ഞാനു-
മൊപ്പമായതു നോക്കി വായിച്ചു ജതോല്ലാസം.
ജാലകാന്തികത്തോപ്പാബ് ഭാഷയില്‍ പലകഥ
യാലപിക്കാറുണ്ടെല്ലാം സുഗ്രഹമതില്‍പിന്നെ
മഴയായ് മരങ്ങളായ്, പൂക്കളായ് അംഗ്യംകൂടും
നിഴലായ് സംസാരിച്ചേനെല്പാര്‍ക്കുമൊരേഭാഷ.”

കവിതയുടേയും ചിന്തയുടേയും ഉയര്‍ന്ന മണ്ഡലത്തിലേയ്ക്കാണ് കവി നമ്മെ നയിക്കുന്നതെന്ന് ആരോടും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഈ സുന്ദര സങ്കല്പത്തിനു സാദൃശ്യമായ മറ്റൊരു സങ്കല്പം മലയാളഭാഷ കണ്ടിട്ടില്ല. ഈ ചിന്താഗതിതന്നെ ജീയുടെ നൂതനകാവ്യ സമാഹാഅരഗ്രന്ഥമായ അന്തര്‍ദ്ദാഹത്തിലും കാണാം. കവിയുടെ കൌമാരമിത്രമായ വെള്ളിനക്ഷത്രത്തെ നോക്കിയുള്ള ആലാപം കവിതയുടെ രമണീയകത്തിനും ചിന്തയുടെ ഗാംഭീര്യത്തിനും മകുടം ചാര്‍ത്തുന്ന ഒന്നാണ്. ആ വെള്ളിനഷത്രത്തിലെ സ്നേഹദീപ്തമായ കണ്ണീര്‍ ജീവന്‍കൊണ്ട് നുകര്‍ന്നു കവി ആത്മവിസ്മൃതിയിലാണ്ടു. അന്ന് കവി എല്ലാര്‍ക്കും സ്നേഹഭാജനമാണ്; ഈ വിശ്വഗേഹത്തില്‍ താരങ്ങളും പൂക്കളും അദ്ദേഹത്തിന്റെ മിത്രങ്ങളാണ്. പക്ഷേ, ശാന്തസുന്ദരമായ ആ നക്ഷത്രലോകമല്ല കവിയുടെ ഇന്നത്തെ ശോകാക്രാന്തമായ ലോകം. ആ ദിവ്യജോതിസ്സ് ഈ ഭൂമണ്ഡലത്തില്‍ വന്നെത്തിയാല്‍ അതിന്റെ ആത്മാവും മരവിച്ചു മണ്‍കട്ടയായിപ്പോകും ഇവിടെ.

“കേവലം ഘനീഭൂതമാകിന കണ്ണിരാണീ-
ബ്ഭൂതലം വെടുവീര്‍പ്പാണീയന്തരീക്ഷംപോലൂം
ചൊരിതന്‍ തണുത്തുറച്ചോരു കട്ടകളാണീ-
പ്പാരിലെ പ്പലകരിമ്പാറകെട്ടുകള്‍പോലും”

അഴല്‍ അയവറക്കാനല്ല, തെല്ലൊരാശ്വാസം ലഭിക്കാനാണ് കവി ആ കൌമാരമിത്രത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നത്. അതിന്റെ മയൂഖമാലകളില്‍ കൂടി ചക്രവാളത്തിലെത്താനാണ് കവിയുടെ ആത്മാവ് വെമ്പുന്നത്. ഇവിടെ വേഡ്സ് വര്‍ത്തും ശങ്കരക്കുറുപ്പും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാകുന്നു. പ്രകൃതിയുടെ സ്നേഹവും ഐക്യവും ചിത്രീകരിക്കുവാന്‍ വേഡ്സ് വര്‍ത്തിനു കഴിഞ്ഞു. പക്ഷേ അവയെ ചിത്രീകരിക്കുന്നതോടൊപ്പം മാനവലോകത്തിന്റെ ഗഹണീയതയെ ചൂണ്ടിക്കാണിച്ച് നമ്മെ ഉത്തേജിപ്പിക്കുവാനും ജി. ശങ്കരക്കുറുപ്പിന് സാധിക്കുന്നു.

പ്രകൃതിയെക്കുറിച്ച് ഇങ്ങനെയൊരു സങ്കല്പം ഉണ്ടാക്കുക, അത് അനുവാചകരിലും ജനിപ്പിക്കുക; ഏറ്റവും ഉത്കൃഷ്ടമായ ഒരു കാര്യമാണത്. പ്രകൃതിയോടൊരുമിച്ചുവസിക്കുന്ന നമുക്കത് അത്യന്താപേക്ഷിതവുമത്രേ. നമ്മുടെ വികാരങ്ങള്‍ക്കു അതൊരു ചിന്താകേന്ദ്രം സംഭാവന ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം സുനിയതമായ പന്ഥാവിലൂടെ പുരോഗമിക്കുവാന്‍ അത് സഹായിക്കുകയും ചെയ്യുന്നു. ആ ഒരൊറ്റ കാരണംകൊണ്ട് നാം ജിയോടു കൃതജ്ഞതയുള്ള വരായിരിക്കേണ്ടതാണ്.

വേര്‍ഡ്സ് വര്‍ത്തിന്റെ പ്രകൃത്യപാസനയെ അപഗ്രഥിച്ചു നോക്കുമ്പോള്‍ അതില്‍ മൂന്നുഘട്ടങ്ങള്‍ നമുക്കു ദര്‍ശിക്കാം. ഇന്ദ്രിയവിഷയമായ ഒരു വസ്തുവായിട്ടാണ് ആംഗലകവി പ്രകൃതിയെ ആദ്യം വീക്ഷിക്കുന്നത്. അപ്പോള്‍ അതിന്റെ ബാഹ്യഭംഗി അദ്ദേഹത്തെ കൂടുതലാകര്‍ഷിക്കുമെന്നത് വ്യക്തമത്രേ. രണ്ടാമത്തെ ഘട്ടത്തില്‍ പ്രകൃതി ചിന്തയ്ക്കുള്ള ഒരു വിഷയമാണ്. മൂന്നാമത്തെ ഘട്ടത്തില്‍ പ്രകൃതിയുടെ മഹത്വത്തില്‍ അദ്ദേഹം ഭാഗഭാഗക്കാകുന്നു. ജി. ശങ്കരക്കുറുപ്പിന്റെ പ്രകൃത്യപാസനയില്‍ ആദ്യത്തെ ഘട്ടം പ്രത്യക്ഷമാകുന്നില്ല. അദ്ദേഹം പ്രകൃതിരമണീയകത്തെ അനുപമമായ രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നത് വാസ്തവംതന്നെ. എങ്കിലും കാവ്യജീവിതം ആരംഭിക്കുമ്പൊഴേ പ്രകൃതി അദ്ദേഹത്തിനു ആരാധനയ്ക്കുള്ള വസ്തുവാണ്. മൂന്നാമത്തെഘട്ടം അതിന്റെ വികസിതരുപത്തില്‍ കാണാം. അന്തര്‍ദ്ദാഹത്തിലെ ‘അഭിവാദന’ മെന്ന കവിതയില്‍

“സ്വീയമാംരുപങ്ങളില്‍ നിഴലിപ്പിച്ചാരണ്യ
ച്ഛായകള്‍തോറും ചുറ്റിനടക്കും മ്ര്ഗങ്ങളും
മേളിക്കും ജീവദ്ഘോഷയാത്രയിലവയുടെ
തോളില്‍ക്കൈ വെച്ചുംകൊണ്ടീക്കൊച്ചു പുല്ക്കൊടി…”

നില്ക്കുന്നകാഴ്ച ചിന്തോദ്ദീപകമാണ്.

വേഡ്സ് വര്‍ത്തില്‍ നിന്നുമാത്രമല്ല മറ്റു മലയാള കവികളില്‍നിന്നും ജി. ശങ്കരക്കുറുപ്പ് ധ്രുവനക്ഷത്രംപോലെ അകന്നു നില്‍ക്കുകയാണ്. ജിക്ക് തുല്യനായി ജീ മാത്രമേയുള്ളു. പ്രകൃതിയെ സംബന്ധിച്ച ഈ വീക്ഷണരീതി കൊണ്ടുതന്നെ അദ്ദേഹത്തെ മഹാകവിയായി കേരളീയര്‍ പരിഗണിക്കും. അദ്ദേത്തിന്റെ പരിശുദ്ധസുന്ദരവും ചേതോമോഹനവുമായ കാവ്യമാര്‍ഗ്ഗം അവരെ എന്നെന്നും ആനന്ദമൂര്‍ച്ഛയിലേക്കു വലിച്ചെറിയും. വികാരത്തിന്റെ സംസ്കാരം അതിന്റെ സുശോഭനാവസ്ഥയില്‍ പ്രതിപാലിക്കുന്ന ആ കവിതകള്‍ മലയാളസാഹിത്യം നിലനില്ക്കുന്ന കാലംവരെ കേരളീയരെ ഹര്‍ഷപുളകിതരാക്കും.


  1. ഈ ഖണ്ഡികയിലെ ആശയത്തിനു സ്റ്റാപ്പ് ഫോര്‍ഡ് ബ്രൂക്കിനോടു കടപ്പാടുണ്ട്.