close
Sayahna Sayahna
Search

വള്ളത്തോളിന്റെ ഒരു കവിതയെക്കൂറിച്ച്


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

വള്ളത്തോളിന്റെ ഒരു കവിതയെക്കൂറിച്ച്

നവീനതമായി എന്തെങ്കിലും പറയണമെന്നുള്ള കൌതുകംകൊണ്ടല്ല ഇതെഴുതുന്നത്. ലബ്ധപ്രതിഷ്ഠരായ കവികളെ അപവദിക്കണമെന്ന് ഉദ്ദേശ്യവുമില്ല. ഇതു നേരത്തെ പറയുന്നത് ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ ഒഴിവാക്കാനാണ്. കേരളീയരായ നമുക്കൊരു പ്രത്യേകതയുണ്ട്. ആരുടേയെങ്കിലും കവിത നല്ലതാണെന്നു പറഞ്ഞാല്‍ ആ കവിയോട് നിരൂപണമെഴുതുന്നയാളിന് ഇഷ്ടമാണെന്നാണ് നമ്മുടെ സങ്കല്പം. മറിച്ചു കവിതയ്ക്കു ന്യൂനതയുണ്ടെന്നു ചൂണ്ടിക്കാണിച്ചാല്‍ വിരോധത്തിന്റെ ഫലമാണ് ആ നിരൂപണമെന്ന് അപവാദമുണ്ടാകും. ഈ ഒരു മനോഭാവം അടുത്തകാലത്തെങ്ങാനും മാറിക്കിട്ടുമെന്ന് ആശിക്കുവാന്‍ വഴി കാണുന്നില്ല. കാരണം, അത്രകണ്ട് അത് നമ്മുടെ ജീവിതവുമായി ഒട്ടിപ്പിടിച്ചുപോയി എന്നതാണ്. നിരൂപണത്തെ വ്യക്തിവിദ്വേഷമായും വ്യക്തിയായും മാത്രമേ നമുക്കു ദര്‍ശിക്കാന്‍ സാധിക്കൂ. എന്തൊരു ദൗര്‍ഭാഗ്യം! എങ്കിലും ഒരു സ്വതന്ത്രചിന്തയ്ക്ക് ഇതെഴുതുന്നയാള്‍ ഉദ്യുക്തനാവുകയാണ്. സത്യാന്വേഷണതല്പരതയല്ലാതെ മറ്റൊന്നും എന്നില്‍ പ്രേരണ ചെലുത്തുന്നില്ലെന്നു സവിനയം അറിയിച്ചുകൊള്ളട്ടെ.

മഹാകവി വള്ളത്തോന്റെ പേരുകേട്ട കവിതകളില്‍ ഒന്നാണല്ലോ “എന്റെ ഗുരുനാഥന്‍”. മലയാളത്തിലെ മനോഹരങ്ങളായ പത്തു കവിതകളുടെ പേരുനല്കാന്‍ പറഞ്ഞാല്‍ അവയുടെ കൂട്ടത്തില്‍ ഈ കവിതയുംകൂടി ആരും ഉള്‍പ്പെടുത്തും. അതാസ്വദിക്കുന്ന അനുവാചകരുടെ സംഖ്യ അത്ര വലുതാണ്. എത്രയെത്ര പ്രാസംഗികന്മാരാണ് ആ കവിത പ്രസംഗവേദികളില്‍ പാടി സ്വയം വികാരവിവശരാകുന്നതും, സദസ്യരെ വികാരവിവശരാക്കുന്നതും. കാര്യം അങ്ങനെയിരിക്കെ, അതിനെക്കുറിച്ച് എന്തു തന്നെ പറഞ്ഞാലും അത് അക്ഷന്തവ്യമായ ഒരപരാധമായല്ലേ പരിണമിക്കൂ. എങ്കിലും ഒന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അപരാധമാണെങ്കില്‍, മഹാകവിയുടെ കാരുണ്യവാഹിനി അത് കഴുകിക്കളയട്ടെ.

കവിതയുടെ ചലനവും അതിന്റെ ആശയവും ഭാവവ്യഞ്ജകങ്ങളാണോ? കവിയുടെ കാവ്യാനുഭവത്തെ ആവിഷ്കരിക്കുവാന്‍ അതുപകരിക്കുന്നുണ്ടോ? രചനാരീതി കൃത്രിമമോ? പ്രതിപാദ്യവിഷയത്തിന്റെ വികസനം സ്വാഭാവികമാണോ? അലങ്കാരപ്രയോഗങ്ങള്‍ പ്രതിപാദ്യത്തില്‍ വെളിച്ചം വീശൂന്നുണ്ടോ? കവിയുടെ ചിന്തകള്‍ കാവ്യാത്മകങ്ങളാണോ യുക്തിപരങ്ങളാണോ? ഒരു കവിത നല്ലതാനെന്നു തീരുമാനിക്കുന്നതിനു മുന്‍പ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം സമാധാനം നല്കണം. നമ്മുടെ കാവ്യാസ്വാദകന്മാര്‍ക്ക് ഈ ക്ലേശമൊക്കെ സഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല. മനസ്സിന് ഒരുതരത്തിലുള്ള ക്ഷോഭം ജനിപ്പിക്കുന്ന നാലു വരികള്‍ കേട്ടാല്‍ മതി; അത് ഒന്നാംതരം കവിതയാണെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തുകയായി. മൈതാനപ്രസംഗം കേട്ടാല്‍ മനസ്സിനുണ്ടാകുന്ന ഇളക്കം കവിതയില്‍നിന്നും കിട്ടുകയാണെങ്കില്‍ പലര്‍ക്കും തൃപ്തിയാകും. അത് രസബോധനിഷ്ഠമായ ആനന്ദമാണോ എന്ന ചിന്തയേയില്ല. ‘ഇങ്ക്വിലാബ് സിന്ദാബാദ്’’ എന്ന വിളികേള്‍ക്കുമ്പോള്‍ പലരുടെയും ഹൃദയം ചലിച്ചെന്നു വരാം. അതിനൊപ്പിച്ച് അവരും ആ മുദ്രാവാക്യം മുഴക്കിയെന്നു വരാം.

നമ്മുടെ മൈതാന പ്രാസംഗികന്മാരുടെ ഈ മാര്‍ഗ്ഗം ചില കവികളും അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുന്നുമുണ്ട്. അവര്‍ അതു സമര്‍ത്ഥമായ രീതിയില്‍ പ്രയോഗിക്കുന്നുമുണ്ട്. അവേശകരമായ ഒരു പ്രസംഗം ചെയ്തിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ‘ഇങ്ക്വിലാബ്’ വിളിക്കുന്നത്. മഹാകവി വള്ളത്തോള്‍ അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിത്തന്നെ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷേ അദ്ദേഹം തന്റെ ‘പാര്‍ട്ടി’യുടെ മഹനീയതകളെയല്ല വാഴ്ത്തുന്നത്. സമാരാദ്ധ്യനായ ഗാന്ധിജിയെക്കുറിച്ചാണ് അദ്ദേഹത്തിന് പ്രസംഗിക്കാനുള്ളത്. പ്രസംഗം തീരുന്നതിനുമുമ്പ് അദ്ദേഹം ചോദിക്കുകയണ് “ഇത്രയും ഒരാളില്‍ചേര്‍ന്നു ഒത്തുകാണണമെന്നുണ്ടോ നിങ്ങള്‍ക്ക്? ഉണ്ടെങ്കില്‍ ചെല്ലുവിന്‍ എന്റെ ഗുരുനാഥന്റെ സമീപത്തു” വാഗ്മിത്വം പൂര്‍ണ്ണമായ ഈ ചോദ്യവും നിയോഗവും കേട്ടാല്‍ ആരാണ് അതുവേണ്ടെന്നു പറയുക? ആരാണ് ആ ഗുരുനാഥന്റെ സമീപത്തു പോകാന്‍ ചാടിയെഴുന്നേല്ക്കാതിരിക്കുക? ഇതാ ഇവിടെയൊക്കെ ‘ഇങ്ക്വിലാബ്’ വിളിയാണ് നാം കേള്‍ക്കുന്നത്. വള്ളത്തോളിന്റെ ആ ചോദ്യം നമുക്കു ഒരിളക്കമുണ്ടായി.പക്ഷേ ആ ഇളക്കം വെറുമൊരു മാനസികക്ഷോഭമായിരുന്നു. ‘കിളിക്കൊഞ്ചലും’ ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാലും’ വായിച്ചിട്ടുണ്ടാകുന്ന രസബോധനിഷ്ഠമായ ആനന്ദമല്ല നാം ഇവിടെ അനുഭവിച്ചത്.

ജീവിതംവികാരാത്മകമാണ്. ജീവിതചിത്രീകരണം നിര്‍വഹിക്കുന്ന കവിത അതുകൊണ്ടു വികാരാത്മകമായേ ഭവിക്കൂ. എന്നാല്‍ വികാരം അയഥാര്‍ത്ഥമായാല്‍ അതിനൊരു ജുംബനാവസ്ഥ, അല്ലെങ്കില്‍ സെഥൗല്യം വന്നുപോയാല്‍ കവിത പരാജയപ്പെടും. വള്ളത്തോളിന്റെ ഈ കവിതയില്‍ ആവിഷ്കരിച്ചിരിക്കുന്ന വികാരത്തിന് അവാസ്തവികത്വമുണ്ട്, സൌല്യമുണ്ട്, കൂടാതെ പ്രകടനാത്മകതയുണ്ട്. താനെന്തോ ഗംഭീരമായി പറയുവാന്‍ പോകുന്നു എന്നൊരു ഭാവം; കവിയുടെ ആ ഭാവമാണ് കവിതയുടെ സ്വാഭാവികത നശിപ്പിക്കുന്നത്. കവിതയുടെ ആരംഭം തനെ അവാസ്തവികത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.

“ലോകമേ തറവാടു തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍”

ഗാന്ധിജിയുടെ വ്യക്തിമഹാത്മ്യം വിശദമാക്കാനാണ്; ആദ്യമേയുള്ള അത്യുക്തി. പക്ഷെ അവിടംകൊണ്ടും കവി നിറുത്തുന്നില്ല. ഗാന്ധി ദുര്‍ജ്ജന്തുവിഹീനമായ ദുര്‍ല്ലഭ തീര്‍ത്ഥഹ്രദമാണ്, കജ്ജളോദ്ഗമല്ലാത്തൊരു മംഗളദീപമാണ്; പാമ്പുകള്‍ തീണ്ടിടാത്ത മാണിക്യമഹാനിധിയാണ്, പാഴ്നിലലുണ്ടാക്കാത്ത പൂനിലാവാണ് എന്നെല്ലാം സംശയലേശം കൂടാതെ പ്രസ്താവിക്കുന്നു. എന്നാല്‍ തികച്ചും വിപരീതമായ ഫലമാണ് ഇതുകൊണ്ടുണ്ടായത്. ഗാന്ധിജിയുടെ കഴിവിനെക്കുറിച്ച് അനുവാചകന് ഒരു ബോധമുണ്ട്. അത് യഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെട്ടിരിക്കുകയാണ്. വള്ളത്തോളിന്റെ ഈ അത്യുക്തികള്‍ ആ യഥാര്‍ത്ഥ്യത്തില്‍നിന്ന് അനുവാചകനെ അകറ്റിക്കളയുന്നു. ഗാന്ധിജിയെ, അദ്ദേഹത്തിന്റെ സവിശേഷതയോടെ വിഭാവനം ചെയ്യുവാനല്ല കവിയുടെ ശ്രമം.

“പ്രണയത്താലേ ലോകം വെല്ലുമീയോദ്ധാവിന്നേര
പ്രണവംധനുസ്സാത്മാവാശൂഗം ബ്രഹ്മ ലക്ഷ്യം
ഓങ്കാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈയ്ക്കൊള്ളുന്നൂ തുലോം സൂക്ഷമാംശം മാത്രം?

എന്ന വരികളിലെത്തുമ്പോള്‍ അതിമാനുഷികങ്ങളായ അനുപാതങ്ങളിലേക്കാണ് എല്ലാം ഉയര്‍ന്നു പോകുന്നത്. ഈ പ്രകടനോത്മകത കൊണ്ട് കാവ്യം വൃഗാസ്ഥൂലമയി പരിണമിക്കുന്നു. വികാരത്തിന്റെയും ഭാഷയുടേയും അസ്വഭാവികത ഒഴിവാക്കി, നിസ്സംഗതയോടെ പ്രതിപാദ്യവിഷയത്തെ സമീപിച്ചിരുന്നെങ്കില്‍ കവിതയ്ക്ക് ഈ ചൈതന്യമില്ലായ്മ സംഭവിക്കുമായിരുന്നില്ല. ആവശ്യത്തിനധികം വികാരം കവി ആവിഷ്കരിക്കുന്നു. അതു തന്നെയാണ് ഇവിടെക്കാണുന്ന ന്യൂനത.

ഇനി ഈ കവിതയിലെ പദവിന്യാസത്തെക്കുറിച്ചാണ് ആലോചിക്കാനുള്ളത്. ആശയപ്രകാശനത്തിന് അത് പര്യാപ്തമാകുന്നുണ്ടോ എന്ന ചോദ്യം ആദ്യമായി നമ്മെ അഭിമുഖീകരിക്കുന്നു.

മഹാത്മഗാന്ധിയോട് മഹാകവി വള്ളത്തോളിനുള്ള ഭക്ത്യാദരങ്ങള്‍ നിസ്സീമങ്ങളാണ്. അതിലൊരു സംശയവുമില്ല. പക്ഷേ ഈ ആത്മാര്‍ത്ഥത കാവ്യത്തില്‍ പ്രകടമാകുന്നില്ല. ലൌകിക ജീവിതത്തില്‍ ഒരാളിനോടോ ഒരുവസ്തുവിനോടോ അതിരുകടന്ന അത്മാര്‍ത്ഥത കവിക്കുണ്ടെന്നിരിക്കട്ടെ, സാഹിത്യത്തില്‍ ആവിഷ്കരിക്കുമ്പോള്‍ അമ്മാതിരിതന്നെ ആ ആത്മാര്‍ത്ഥത പ്രത്യക്ഷമാകണമെന്നില്ല. ആവിഷ്കരണരീതിക്കു പാകപ്പിഴകള്‍ സംഭവിച്ചാല്‍ അനാത്മാര്‍ത്ഥത അതിലുടനീളം തെളിഞ്ഞുകാണാം. ലൌകികജീവിതത്തിലെ ആത്മാര്‍ത്ഥയല്ല സാഹിത്യത്തിലെ ആത്മാര്‍ത്ഥതയെന്ന് നാം മനസ്സിലാക്കണം. രചനാരീതി, അലങ്കാരപ്രയോഗം, പദസ്വീകാരം, വാങ്ങ്മയചിത്രനിവേശനം എന്നിവയില്‍ കൃത്രിമത്വത്തിന്റെ ഒരു ചെറിയ ഛായ വീണാല്‍ കവിയുടെ ആത്മാര്‍ത്ഥത നഷ്ടപ്പെട്ടുപോകും. ഈ ന്യൂനതതന്നെയാണ് “എന്റെ ഗുരുനാഥനു”ള്ളത്. ഭാഷയ്ക്ക് നിശിതത്വമോ സൂക്ഷ്മതയോ ഇല്ല. സുനിശ്ചിതമായ ഒരനുഭവത്തെ ആവിഷ്കരിക്കുമ്പോള്‍ ഭാഷയും അതുപോലെ സുനിശ്ചിതമാകേണ്ടതാണ്. കാവ്യാനുഭവത്തെക്കൂറിച്ചുതന്നെ ഒരനുഭുതി കവിക്കുണ്ടാകണം. അതു ജനിക്കുമ്പോഴാണ് യഥാര്‍ത്ഥമായ കവിതയുടെ നാദം പുറപ്പെടുവിക്കുന്ന പദങ്ങള്‍ കവിയറിയാതെ വന്നു വീഴുന്നത്.

ഔഷധമെന്യേ രോഗം ശമിപ്പിക്കുവന്‍ ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്വവനെന്നാചാര്യന്‍”

എന്ന വരികളില്‍ പ്രകടമാകുന്ന പ്രയത്നവും പ്രയാസവും കാവ്യാനുഭവത്തിന്റെ സുനിശ്ചിതത്വത്തെയല്ല കാണിക്കുന്നത്. ഗാന്ധിജിയെപ്പറ്റി എഴുതാന്‍ വള്ളത്തോളിനുണ്ടായ പ്രേരണ; ശക്തിയുള്ള ഒന്നായിരിക്കാം. പക്ഷേ, ഗുരുനാഥന്‍ വിഹായസ്സിനെപ്പോലെയാണ്, അദ്ദേഹം തീര്‍ത്ഥഹ്രദമാണ്, പൂനിലാവാണ് എന്നു മാതിരിയുള്ള പ്രസ്താവനകള്‍ ആ അനുഭവത്തെ സൂക്ഷമായി ആവിഷ്കരിക്കുന്നില്ല; നേരെ മറിച്ച് സാധാരണത്വത്തിലേക്കും സാമാന്യാവസ്ഥയിലേക്കും കൊണ്ടുചെല്ലുന്നു. വാക്കുകളെ സംബന്ധിച്ച ഒരു തരം സെഥൗല്യം ഈ കൃയിലാകെ കാണുന്നത് അനുവാചകന് ഉദ്ദ്വേഗം ജനിപ്പിക്കുന്നു. വാചികമായ ഈ സ്ഥൂലത കവിതയിലെ മറ്റെല്ലാ അംശങ്ങളുമായി സംഘടനം ചെയ്യുന്നു. ‘കാവ്യാത്മകചിന്തയുടെ തടാകമുണ്ടായിരുന്നെങ്കിലേ കാവ്യപ്രകാശനത്തിന്റെ സ്രോതസ്വനി ഉദ്ഗമിക്കൂ’ എന്നു ഒരാംഗല നിരൂപകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു പ്രത്യക്ഷം പരമാര്‍ത്ഥമാനെന്ന് ഈ കവിത വായിച്ചപ്പോള്‍ തോന്നി. ദാര്‍ശനികരുടെയും ശാസ്ത്രജ്ഞരുടെയും അതിഗഹനങ്ങളായ ചിന്തകള്‍ വൃത്തത്തിലാക്കിവെച്ചാല്‍ അവ കാവ്യാത്മകമാകുകയില്ല. കവി കാവ്യചിന്തകനായിരിക്കണം. ‘എന്റെ ഗുരുനാഥയി’ലെ ചിന്തകള്‍ രസശൂഷ്മങ്ങളായ പ്രത്യക്ഷരപ്രതിപാദനങ്ങളായിട്ടാണ് നമ്മുടെ ശ്രദ്ധയില്‍പെടുന്നത്. കാവ്യാത്മകമായിട്ടല്ല എന്നു സാരം. കവി പ്രയോഗിക്കുന്ന പദങ്ങളില്‍ കൂടെ ചിന്ത നാം അനുഭവിക്കുമ്പോള്‍ അത് ഹൃദയസ്പര്‍ശകമാകുന്നു. കവിതയുടെ ലയവും, വികാരവും എല്ലാം കാവ്യചിന്തയോടു ബന്ധപ്പെട്ടിരിക്കുന്നു. അപ്പോള്‍ വികാരംകൊണ്ട് ആര്‍ദ്രാമാകാത്ത ചിന്തകനും അനുവാചകനെ ചലിപ്പിക്കുകയല്ല എന്നത് ശരിയാണ്.

“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തിദേവന്റെ ദയവായ്പ്പും
ശ്രീഹരിചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍-
സ്ഥൈര്യവുമൊരാളില്‍ച്ചേര്‍ന്നൊത്തു
കാണണമെങ്കില്‍”

എന്ന ഭാഗത്തു കാവ്യചിന്തകളല്ല ഉള്ളത്. ചിന്തകള്‍ ഉള്ളതുപൊലെ വെറുതെയങ്ങു പ്രതിപാദനം ചെയ്യപ്പെട്ടാല്‍ അതിനു കാവ്യാത്മകത്വം ലഭിക്കുകയില്ല. ചിന്തയ്ക്കു ഒരു നവീനതയൂണ്ടെങ്കിലും വേണ്ടുകില്ലായിരുന്നു; അതുമില്ല.

“വീശാ,മിരിക്കാം കുടയായ് പിടിക്കാം
കാശിക്കുപോകാനാരു പാത്രമാക്കാം”

എന്നു പണ്ടാരോ വിശറിയെക്കുറിച്ചെഴുതിയത് കവിതയാണെങ്കില്‍, ഈ വരികളും കവിതതന്നെ. ഇത് കവിയെ അധിക്ഷേപിക്കണെമെന്നുദ്ദേശിച്ച് തിരഞ്ഞെടുത്ത വരികളല്ല. അറുപത്തിയാറുവരികള്‍ ആകെയുള്ള ഈ കവിതയില്‍ നാലോ അഞ്ചോ വരികള്‍ക്കുമാത്രമേ കാവ്യാത്മകത്വമുള്ളു.

ഹാ തത്ര ഭവല്‍പ്പാദമൊരിക്കല്‍ ദര്‍ശിച്ചെന്നാല്‍
കാതരനധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍
പിശുക്കന്‍ പ്രദാനോല്ക്കന്‍, പിശുക്കന്‍ സുവചന-
നശുദ്ധന്‍ പരിശൂദ്ധനലസന്‍ സദായാസന്‍”

എന്ന ഭാഗങ്ങള്‍ ചൊല്ലി പാരവശ്യമനുഭവിക്കുന്ന നിരൂപന്മാരെ ഞാന്‍ കേട്ടിട്ടുണ്ട്. ഇതെഴുതിയ വള്ളത്തോള്‍ ജനിച്ച നാട്ടില്‍ ജനിക്കാന്‍ ഭാഗധേയം സിദ്ധിച്ചതിനാല്‍ തങ്ങള്‍ ധന്യനായി എന്ന് അവര്‍ പറയാറുണ്ട്. എനിക്ക് അവരുടെ സഹൃദയത്വത്തില്‍ സംശയമുണ്ടെന്നേ പ്രസ്താവിക്കുന്നുള്ളു. മഹാത്മഗാന്ധിയുടെ വ്യക്തിപ്രഭാവം അദ്ദേഹത്തിന്റെ ജീവിതശുദ്ധി, അതൊക്കെ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത, ഈ കാര്യങ്ങള്‍ക്ക് സാമാന്യരീതിയില്‍ ആവിഷ്കരിക്കാതെ ഒരു പ്രത്യേക സന്ദര്‍ഭം സൃഷ്ടിച്ച് ഗാന്ധിജി എന്ന വ്യക്തിയോട് ബന്ധപ്പെടുത്തി ചിത്രീകരിച്ചിരുന്നെങ്കില്‍ കവിത ഹൃദയത്തിന്റെ അഗാധതലങ്ങളിലേക്ക് കടന്നുചെല്ലുമായിരുന്നു.

“ഗീതയ്ക്കുമാതാവായ ഭൂമിയേ ദൃഡമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമദ്വിന്ധ്യാചല മധ്യദേശത്തേകാണൂ
ശാമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലെ ശരിക്കിത്ര
മംഗളം കായ്ക്കും കപ്ലപാദപമുണ്ടായ്വരൂ”

എന്ന വരികളില്‍ ഇതിനുള്ള ഒരു യത്നം നടക്കുന്നുണ്ട്. വൈകാരികബന്ധം (emotional tone) ഇതുകൊണ്ടുണ്ടാകുന്നുമുണ്ട്. പക്ഷേ ആ നിബന്ധനം തകര്‍ത്തുകൊണ്ടുള്ള രണ്ടു വരികളാണ് തുടര്‍ന്നുവരുന്നത്. കവിത ഇതോടെ അവസാനിക്കുകയും ചെയ്യുന്നു.

“നമസ്തേ ഗതഷ!നമസ്തേ ദുരാധഷ!
നമ്സ്തേ സുമഹാത്മന്‍! നമസ്തേ ജഗദ്ഗുരോ!

എന്നു കേള്‍ക്കുമ്പോള്‍ അസ്വാഭാവികതയ്ക്ക് അതില്‍ കൂടുതല്‍ ഉയരാന്‍ സാദ്ധ്യമല്ലെന്നു തോന്നിപ്പോകും. നമുക്ക് ആസ്വാദ്യമാകുന്നത് കവിതയാണ്. വര്‍ണ്യവിഷയത്തോടുള്ള അന്ധമായ സ്നേഹമോ ഭക്തിയോ അല്ല. ഇവിടെ കവിതയില്ല. രണ്ടാമത് പറഞ്ഞ വികാരങ്ങള്‍ കവിയ്ക്കുണ്ടെന്ന് തോന്നുന്നുണ്ടുതാനും.

ഈ കവിതയില്‍ അങ്ങിങ്ങായി ചില നല്ല വരികള്‍ ഉണ്ടെന്നുള്ളതിനാല്‍ ഇത് ഉത്തമമായി പരിണമിക്കുന്നില്ല. കവിത ജനിപ്പിക്കുന്ന പരമമായ ഫലമാണ് പ്രധാനം. ആ ഫലം ജനിപ്പിക്കാന്‍ കവിതയിലെ ഓരോ അംശവും ഉപകരിക്കണം. ഒരു പദം തെറ്റിവീണാല്‍മതി, കവിതയുടെ ഘടന തകര്‍ന്നുപോകും. ആ വീക്ഷണപഥത്തില്‍ നോക്കുമ്പോള്‍ മുന്‍പറഞ്ഞ വൈകല്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പതിഞ്ഞെന്നുവരും. അപ്പോള്‍ ഈ കവിത അനേകമാളുകള്‍ ആസ്വദിക്കുന്നതെങ്ങനെ? അതിന് ഒരു സമാധാനമേയുള്ളു. സാഹിത്യത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം തീരെ ആദരണീയമല്ല, ധര്‍മ്മരാജാ’യും ‘രാമരാജാ ബഹദൂറു’മല്ല ജനതതിക്കു വേണ്ടത്; പത്താംതരം കുറ്റാന്വേഷണകഥകളാണ്. ടോള്‍സ്റ്റോയിയുടെ കൃതികളല്ല; എഡ്ഗാര്‍വാലസിന്റെ കൃതികളാണ് അവര്‍ക്കിഷ്ടം. ത്യാഗരാജന്റെയും സ്വാതിതിരുനാളിന്റെയും കീര്‍ത്തങ്ങളെക്കാള്‍ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്” എന്ന മാതിരിയുള്ള ഗാനങ്ങള്‍ കേട്ടാണ് അവര്‍ പുളകപ്രസരമനുഭവിക്കുക. ഭൂരിപക്ഷത്തിന്റെ ആസ്വാദനം ഒരുതരം താണ ആസ്വാദനമായിരിക്കും. അത് വിശദീകരിക്കേണ്ട കാര്യമില്ല; അല്പമാലോചിച്ചാല്‍ ബോധ്യപ്പെടുന്ന ഒരു സത്യമാണ്.