ഡി പങ്കജാക്ഷന്‍:
പുതിയ ലോകം പുതിയ വഴി
ചോദ്യം: ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തന്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുമോ?
ഉത്തരം: കാണുകയില്ല. ലഹരി ഉപയോഗിക്കുന്നതിന്റെ സാഹചര്യമേ ഇല്ലാതായിപ്പോകും. അത്തരം തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവുകയില്ല. അതിന്റെ ആവശ്യം വരില്ല. മനുഷ്യര്‍ പരസ്പരാദരവോടെ ജീവിക്കുന്ന ഒരു കാലം വന്നാല്‍ എല്ലാവര്‍ക്കും സമൂഹത്തില്‍ മാന്യത ലഭിക്കും. തനിക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉണ്ടായിരിക്കുകയും മറ്റുള്ളവരുടെ സ്ഥാനം നിലനിര്‍ത്തുന്നതില്‍ തനിക്ക് പങ്കുണ്ടെന്നറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ മനുഷ്യനാവശ്യമായി വരില്ല.
മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു.
(തുടര്‍ന്ന് വായിക്കുക…)
വി എം ഗിരിജ:
മഴ
മഴയത്തിറങ്ങാന്‍ മടി
ഇറങ്ങുംവരേക്കു മാത്രം..
മുടിയിലോടുന്ന വിരലായ്
ചുണ്ടിലമരും ചുണ്ടിനലിവായ്
കഴുത്തിന്റെ ശംഖിനെ
പൊതിയും പാലാഴിയായ്
മുലകളില്‍ ചരടറ്റു ചിതറിവീഴും
മുത്തുമണികളായ്
വയറില്‍ സുഖോഷ്ണപ്രവാഹമായ്,
തുടയില്‍
കാല്‍വണ്ണയില്‍
കാല്‍വിരലില്‍
സ്വയം മറക്കും
ജലനടനമായ്
ആനന്ദതാണ്ഡവമായ്
മഴ..
(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ:
ഒന്നാം പാഠം ബഹിരാകാശം
എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശപതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ളക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചു തീര്‍ന്നതും, വലതു കൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ചതാണെന്നും സ്പഷ്ടമായിരുന്നു.
ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ഭൂമിയില്‍ നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കു തന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായിക്കഴിഞ്ഞിരുന്നുവെങ്കിലും അമ്മ ഏറെനേരം മുകളിലേക്കു തന്നെ നോക്കി നിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും...
(തുടര്‍ന്ന് വായിക്കുക…)