close
Sayahna Sayahna
Search

മാറ്റുവിന്‍ ചട്ടങ്ങളെ


Template:SFN/AMKavitha

ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

മാറ്റുവിന്‍ ചട്ടങ്ങളെ

കേട്ടഗാനം മധുരമാണു്, കേള്‍ക്കാത്തതു് മധുരതരം. ചുംബിക്കപ്പെടേണ്ട കാമിനി അധരസ്പര്‍ശമേല്ക്കാതിരിക്കുന്നിടത്തോളം കാലം സുന്ദരിയായിത്തന്നെ വര്‍ത്തിക്കുന്നു. ഒരാംഗലകവി പറഞ്ഞ ഈ വാക്കുകള്‍ കവിതയെ സംബന്ധിച്ചു് അക്ഷരംപ്രതി ശരിയാണെന്ന് ഇതെഴുതുന്ന ആളിനു തോന്നിയിട്ടുണ്ട്. പ്രത്യക്ഷമായി, യുക്തിയുക്തമായി ചെയ്യപ്പെടുന്ന ഒരു പ്രസ്താവനയും കാവ്യാത്മകമാകൂന്നില്ല. പലപ്പോഴും കവിതയിലെ ആശയം പ്രച്ഛന്നമായിരിക്കുന്നു. കവി നല്കുന്ന മുര്‍ത്തങ്ങളായ പ്രതീകങ്ങള്‍ക്കു പിന്നിലായി ആശയം മറഞ്ഞുകിടക്കുകയാണ്. കേള്‍ക്കാത്ത ഗാനം കേട്ട ഗാനത്തെക്കാള്‍ സുന്ദരമായിരിക്കുന്നതുപോലെ, പ്രത്യക്ഷമായി പ്രതിപാദനം ചെയ്യപ്പെടാത്ത ആശയം നമ്മെ ആനന്ദോന്മാദത്തില്‍ കൊണ്ടുചെല്ലുന്നു. ആ ആശയത്തിനു മഹനീയതയോ മൌലിത്വമോ ഉണ്ടായിരിക്കണമെന്നില്ല. അന്ധകാരാവൃതമായ ഒരു രാത്രിയില്‍ ഒററയ്ക്കിരുന്നു് അന്തരീക്ഷത്തിലേക്കു നോക്കുമ്പോള്‍ എനിക്കു ഭയമുണ്ടാകാറുണ്ട്. ഏകാകിയായി കടല്‍പുറത്തു നിലക്കുമ്പോള്‍ എനിക്കു വിഷാദം തോന്നാറുണ്ടു്. അങ്ങനെ ആന്തരീക്ഷവും കടലും എന്നെ സംബന്ധിച്ചിടത്തോളം ഭയത്തിന്റെയും വിഷാദത്തിന്റെയും പ്രതീകങ്ങളാണ്. നദിക്കരയില്‍ പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന രണ്ടു പുല്‍ക്കൊടികളെ കാണുമ്പോള്‍ നാം സ്നേഹത്തെക്കുറിച്ച് ചിന്തിച്ചുവെന്നു വരാം. മററു തരത്തില്‍ പറഞ്ഞാല്‍ അവ രണ്ടും സ്നേഹത്തിന്റെ പ്രതിരൂപങ്ങളായി മാറുകയാണ്. അതുപോലെ വീണുകിടക്കുന്ന ഒരു പുഷ്പത്തെ കവി കാണിച്ചു തരുമ്പോള്‍ മനുഷ്യജീവിതത്തിന്റെ ദയനീയങ്ങളായ അവസ്ഥാഭേദങ്ങളെ കുറിച്ചാണു് നമുക്കൊരു ബോധമുണ്ടാവുക, യഥാര്‍ത്ഥത്തില്‍ കവിതയുടെ പ്രവര്‍ത്തനം ഇങ്ങനെ തന്നെയാണ്. മൂർത്തങ്ങളായ പ്രതീകങ്ങൾ കവിതയിൽ നിറഞ്ഞിരിക്കുന്നു. പ്രതീകങ്ങളില്ലെങ്കില്‍ കവിതയില്ല. പ്രതീകങ്ങളെ അവലംബിക്കാതെയുളള പ്രസ്താവനകള്‍ പലപ്പോഴും കാവ്യാത്മകങ്ങളുമായിരിക്കുകയില്ല. അതിനാലാണ് നീതിസാരവാക്യങ്ങള്‍ക്കു കലാത്മകത്വമില്ലെന്നു നാം വിശ്വസിച്ചു പോരുന്നതു്. വെറും വിശ്വാസമല്ല, അനുഭവവും അങ്ങനെതന്നെ, കാര്യം ഇങ്ങനെയിരുന്നിട്ടും കുമാരനാശാന്റെ ചില “നീതിസാരവാക്യങ്ങ”ളെ അവലംബിച്ചുകൊണ്ടു് വിമര്‍ശകന്മാര്‍ അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ക്കു വിലയിരുത്തുവാന്‍ ശ്രമിക്കുകയാണ്. ആ വാക്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ഘോരഘോരമായിപ്രസംഗിക്കുന്നു. കവിയുടെ ജീവിതദര്‍ശനവും കലാദര്‍ശനവും ഇത്തരം വാക്യങ്ങളില്‍ അടങ്ങിയിരക്കുന്നു എന്നു് അവര്‍ ഉദ്ഘോഷിക്കുന്നു. ആ വാക്യങ്ങള്‍ കവിതയുടെ അവിഭാജ്യഘടകങ്ങളാണോ എന്നവര്‍ ചിന്തിക്കുന്നില്ല. വികാരാവിഷ്കരണത്തിന്റെ ഫലമായി സ്വാഭാവികമായി വന്നുകൂടിയതാണോ ആ വികാരങ്ങള്‍ എന്നുള്ള പരിഗണനയില്ല, കാവ്യപരമായി അവയ്ക്കു എന്തെങ്കിലും സ്ഥാനമുണ്ടോ എന്നും ആലോചിക്കുന്നില്ല. തകര്‍ത്തുവെച്ചു പ്രസംഗം തന്നെ. ലേഖനങ്ങളില്‍ കൂടെയായാലും, പ്രഭാഷണങ്ങളില്‍ കൂടെയായാലും നമുക്കു എപ്പോഴും ഈ സൂക്തങ്ങള്‍ കേള്‍ക്കാം. അവ കേട്ടു കേട്ടു് നമ്മുടെ കാതുകള്‍ തഴമ്പിച്ചു പോയിരിക്കുന്നു. എന്തുചെയ്യാം, പ്രമാണികരായ നിരൂപകന്മാരാണ് ഇതു ചെയ്യുന്നതു്. സഹിക്കാനേ മാര്‍ഗ്ഗമുള്ളു. ഇത്തരത്തിലൊരു ‘നീതിസാരവാക്യ’ത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നതു്.

കുമാരനാശാന്റെ “ദുരവസ്ഥ”യില്‍,

“മാററുവിന്‍ ചട്ടങ്ങളേ സ്വയമല്ലെങ്കില്‍
മാററുമതുകളീനിങ്ങളെത്താന്‍”

എന്നു രണ്ടു വരികളുണ്ട്. ആശാന്‍കവിതയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടതായി വന്നാല്‍ ഈ വരികളുദ്ധരിക്കാത്ത നിരൂപകരില്ല. ആശാനെ സുമദായപരിഷ്കര്‍ത്താവായും വിപ്ലവകാരിയായും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനു ആവര്‍ ഈ വരികളെയാണ് ആശ്രയിക്കുന്നത്. ഇതിനെക്കാള്‍ ഊര്‍ജ്ജസ്വലങ്ങളും ചൈതന്യപൂര്‍ണ്ണങ്ങളും ആയ മറ്റു വരികളില്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ചുരുക്കത്തില്‍, കേരളത്തിലാകെ സാമൂഹിക പരിവര്‍ത്തനം സംജാതമായത് ഈ രണ്ടു വരികളുടെ ശക്തിയാലാണെന്നുവരെ അവര്‍ വിളംബരം ചെയ്തേക്കാം. ഈ പ്രചണ്ഡാട്ടഹാസങ്ങള്‍ കേള്‍ക്കുമ്പോഴെയ്യാം “പലരോടും നിനയാതെ ഒരുക്കായ്യം തുടങ്ങൊല്ലോ?” എന്ന നീതി വാക്യത്തിനും ആശാന്റെ വരികള്‍ക്കു ലഭിച്ച പ്രസിദ്ധിയും പ്രചാരവും എന്തുകൊണ്ടു സിദ്ധിച്ചില്ല എന്ന് ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. അല്പമെങ്കിലും പ്രച്ഛന്നനിന്ദയോ പരിഹാസമോ ഉള്‍കൊള്ളിച്ചല്ല ഇപ്രകാരം പറയുന്നത്. സത്യം പറഞ്ഞാല്‍, രണ്ടു വാക്യങ്ങളും സദൃശ്യങ്ങള്‍തന്നെ. രണ്ടിനും കാവ്യാത്മകത്വമില്ല. യുക്തിപരങ്ങളായ പ്രസ്താവനകള്‍ എന്നതില്‍ കവിഞ്ഞു ഇവയ്ക്കൊരു സ്ഥാനവുമില്ല. വികാരഭാരം കൊണ്ട് നമ്രസുന്ദരങ്ങളായിനില്ക്കുന്ന ചിന്തകളെയാണ് കാവ്യാത്മകചിന്തകളെന്നു വിളിക്കുന്നതെങ്കില്‍ “മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന വരികളിലെ ചിന്തകള്‍ക്കു ആ നാമധേയം അല്പംപോലും യോജിക്കുകയില്ല. ഇതില്‍ സംശിക്കുന്നവര്‍ ദുരവസ്ഥയിലെ അവസാനത്തെ ഭാഗം വായിച്ചുനോക്കണമെന്ന് അപേക്ഷയുണ്ട്. നമ്പൂതിരിസ്ത്രീയായ സാവിത്രി പുലയനെ വിളിച്ചു തന്റെ പായില്‍ കിടത്തി. അതിനുശേഷമവളും കൂടെ കിടന്നു. കഥ അവിടെ അവസാനിക്കുകയാണ്. എങ്കിലും കാവ്യം അവസാനിക്കുന്നില്ല. കുമാരനാശാന്‍ എഴുന്നേറ്റുനിന്ന് അദ്ധ്യക്ഷനേയും സദസ്യരേയും അഭിസംബോധചെയ്തുകൊണ്ട് ഒരു മൈതാനപ്രസംഗംതന്നെ നടത്തുകയാണ്. അതിന്റെ ഒരു ഭാഗം കേള്‍ക്കുക:

“പൂജ്യരാം വൈദികന്മാരെ! തുനിഞ്ഞിവന്‍
യോജ്യമല്ലെങ്കിലുമൊന്നോതുന്നേന്‍
രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ
പ്രാജൃമാം നിങ്ങളെത്തന്നെയോര്‍ത്തും!
കാലം വൈകിപ്പോയി!, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി.
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്ക്കും.
മാറ്റുവിന്‍ ചട്ടങ്ങളേ സ്വയമല്ലെങ്കില്‍
മാറ്റുവിമതുകളീ നിങ്ങളെത്താന്‍
മാറ്റൊലിക്കൊണ്ടീമൊഴിതന്നെ സര്‍വ്വാ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍
നാലുപാടുംനിന്നതുതന്നെ ചൊല്ലുന്നു
കാലവും നിങ്ങളിന്നൂന്നിനില്ക്കും
കാലിന്നടിയിലു മസ്സ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴക്കിടുന്നു.”

‘നളിനി’ യും ‘ലീല’ യും ‘ചിന്താവിഷ്ടയായ സീത’ യും എഴുതിയ കവിയാണ് മേലുദ്ധരിച്ച വരികളുടെയും പ്രാണേതാവെന്നു പറഞ്ഞാല്‍ വിശ്വസിക്കാനൊക്കുകയില്ല. അത്ര കണ്ട് അവ കലാത്മകത്വത്തില്‍നിന്ന് അകന്നുനില്ക്കുന്നു. കലയുടെ ബദ്ധശത്രുവായ വാഗ്മിത്വമാണ്. ഈ വരികളില്‍ പ്രത്യക്ഷമാകുന്നത്. ഇത്രയും വരികള്‍ കേട്ടുകഴിയുമ്പോള്‍ നാം ഇളകിമറിഞ്ഞു കയ്യടിക്കും; രാഷ്ട്രീയപ്രസംഗം കേട്ടതിനുശേഷം കയ്യടിക്കുന്നതുപോലെ. പക്ഷേ ‘വീണപൂവും’ ‘നളിനി’യും ജനിപ്പിക്കുന്ന ആ ആനന്ദാനുഭുതി ഈ കാവ്യഖണ്ഡം പ്രദാനംചെയ്യുന്നില്ല. നളിനി വായിച്ചുതീരുമ്പോള്‍ അസ്തിത്വത്തിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍ നാം എത്തിച്ചേരുന്നു. മരണം ജനിപ്പിക്കുന്ന വിഷാദത്തിനുമപ്പുറം നമ്മെ കൊണ്ടുചെല്ലുവാന്‍ ‘പ്രരോദന’ത്തിനു കരുത്തുണ്ട്. എന്തിന് ആ ‘വിചിത്രവിജയം’പോലും നമ്മെ ആനന്ദിപ്പിക്കും. അവയിലെല്ലാം മഹാകവിയായ കുമാരനാശാനെയാണ് നാം കാണുന്നത്; പ്രഭാഷകനായ കുമാരനാശാനെയല്ല. പ്രഭാഷനെ കാണണമെന്നുള്ളവര്‍ക്ക് ‘ദുരവസ്ഥ’ യിലെ അന്ത്യഘട്ടത്തിലെക്കു പോകാം. അവരുടെ യന്തം വിഫലീഭവിക്കുകയില്ല. ഇതൊക്കെയായിട്ടും നമ്മുടെ നിരൂപകന്മാര്‍ക്ക് ഇഷ്ടമായത് ദുരവസ്ഥയിലെ ഈ വരികളാണ്. എതൊരത്ഭുതം!

ഇവിടെയുള്ള ചിന്തകള്‍ കാവ്യാത്മകങ്ങളല്ലെന്നു പറഞ്ഞു. അതുകൊണ്ടാണ് ഇതിനെ കവിതയായി പരിഗണിക്കാന്‍ നിര്‍വാഹമില്ലാത്തതെന്നും സൂചിപ്പിച്ചു. കുമാരനാശാനെപ്പോലെയുള്ള ഒരു മഹാകവി ചിന്തയുടെ ഈ പ്രകടനാത്മകത്വത്തിന് എങ്ങനെ ഉദ്യുക്തനായി എന്നാണ് നമുക്കു സംശയം തോന്നുന്നത്. കവിതയുടെ ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടില്ലാത്ത ചില ആശയങ്ങളും പദ്യത്തില്‍ ആവിഷ്കരിച്ചതാണ് ഇവിടെ കാണുന്ന പ്രധാനമായ ന്യൂനത. ഇത് ആശാനില്‍ മാത്രം പ്രത്യക്ഷമാകുന്ന ഒരു കുറവല്ല. വള്ളത്തോളിന്റെ രാഷ്ട്രീയകവിതകളിലും ചങ്ങമ്പുഴയുടെ “വാഴക്കുല” എന്ന കാവ്യഭണ്ഡത്തിന്റെ അന്ത്യഭാഗത്തും ഇതേ ന്യൂനത ദര്‍ശിക്കാം. പരിശുദ്ധമായ കവിതയുടെ മണ്ഡലത്തിലേക്ക് ഇവരൊക്കെ അനായാസമായി ഇറങ്ങിപ്പോരുകയാണ്. നമുക്ക് ആംഗലസാഹിത്യം പരിശോധിച്ചുനോക്കാം. ആല്‍ഡുവസ് ഹക്സിലിയുടെ നോവലുകള്‍ വിശ്വോത്തരങ്ങളണെന്നു പലരും പറയാറുണ്ട്. പക്ഷെ, ഇതെഴുതുന്നയാളിന്റെ വിനീതമായ അഭിപ്രായം അവ കലാസൃഷ്ടികളേ അല്ലെനാണ്. Brave New World എന്ന പ്രസിദ്ധമായ നോവലിനെക്കൂടി ഓര്‍മ്മിച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെ പറയുന്നത്. അതിഗഹനങ്ങളായ ചിന്തകള്‍ ഇവയിലെല്ലാം ഉണ്ടെന്നു സമ്മതിക്കുന്നു. പക്ഷേ ആ ചിന്തകള്‍ ഹസ്കിലിയുടെ ജീവിതാനുഭങ്ങള്‍ പ്രദാനംചെയ്തവയല്ലെന്നാണ് നോവലുകള്‍ വായിച്ചാല്‍ തോന്നുക. പരകീയങ്ങളായ ചിന്തകള്‍ കൃതികളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അവ അനുവാചകന്റെ ബുദ്ധിക്കും ഹൃദയത്തിനും സംതൃപ്തി നല്കുകയില്ല. ആശാന്റെ വരികളെക്കുറിച്ചും ഇതുതന്നെയാണ് പ്രസ്താവിക്കാനുള്ലത്. ചട്ടങ്ങള്‍ മാറ്റപ്പെടേണ്ടവയാണെന്ന് ആശാന്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നുവെന്ന് എനിക്കും തോന്നുന്നില്ല. അതിന്റെ ആവശ്യകതയും പ്രയോജനവും അനിവായ്യതയും കവിക്കുംതന്നെ അനുഭവപ്പെട്ടതായി ലക്ഷ്യങ്ങളില്ല. കവി, തന്നെ വിസ്മരിച്ച് ഈ വരികളിലെ ചിന്തകളില്‍ മുഴുകിയതായും തെളിവുകളില്ല അവയൊക്കെ സംഭവിച്ചിരുന്നുവെങ്കില്‍ കവിതയുടെ സ്വഭാവംതന്നെ പടേ മാറിപോകുകയായിരുന്നു. ഉദ്വേഗജനകമായ ഈ പ്രകടനാത്മകതയ്ക്ക് അപ്പോള്‍ ഒരു സ്ഥാനവും കാനുമായിരുന്നില്ല. ആശയങ്ങള്‍ വൃത്തത്തിലാക്കിവെച്ചിരുന്ന ഒരു പ്രതീതി മാത്രമാണ് ഇപ്പോഴുണ്ടാകുന്നത്. ‘വീണപൂവു’ മായി ഈ കൃതി ഒന്നു താരതമ്യപ്പെടുത്തി നോക്കുന്നത് പ്രയോജനകമായിരിക്കും. അവിടെയും ചിന്തകളുണ്ട്. പക്ഷെ ഓരോ ചിന്തയും കവി അനുഭവിച്ചു എന്നു നമുക്കു തോന്നുന്നു. ഒടുവില്‍ ജീവിതത്തിന്റെ ക്ഷണികാവസ്ഥയേയും വിധിയുടെ അപ്രതിരോദ്ധ്യതയേയും സൂചിപ്പിച്ചുകൊണ്ട്,

“അവനിവാഴ്വു കിനാവു കഷ്ടം!”

എന്നു കവിത അവസാനിക്കുമ്പോള്‍ അനുവാചകരും അതു ശരിയാണെന്നു സമ്മതിക്കുന്നു. വ്യത്യസ്തമായ ഒരു വിചാരഗതി അവര്‍ക്കുണ്ടാകുന്നില്ല. കാരണം ആ പ്രസ്താവന ‘വീണപൂ’ വെന്ന കലാശില്പത്തിന്റെ അനുവാചകനെകൊണ്ടു സമ്മതിപ്പിക്കത്തക്കവിധത്തില്‍ കവി തന്റെ കാവ്യാനുഭവം ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ “മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന വരിയുടെ സ്ഥിതി അതല്ല. കാവ്യശരീരത്തിലെ ദുര്‍മ്മേദസ്സായിട്ടാണ് ഞാനതിനെ കാണുന്നത്. അക്കാര്യം വിശദീക്കാം.

കവിതയിലെ മുഖ്യവിഷയം ഒരാശയമല്ല; ഏന്തെങ്കിലുമൊരു വികാരമാണ്. പ്രേമമെന്ന വികാരമാണ് ‘നളിനി’യിലെയും ‘ലീല’യിലെയും പ്രതിപാദ്യവിഷയം. ‘ഭക്തി’ എന്ന വികാരമാണ് “ഭക്തിയും വിഭക്തിയും” എന്ന കവിതയിലെ പ്രമേയം. സ്വദ്ദേശസ്നേഹമാണ് രാഷ്ട്രീയകവിതകളിലെ പ്രതിപാദ്യ വിഷയം ഇങ്ങനെ ഏതു കവിത അപഗ്രഥിച്ചു നോക്കിയാലും അതൊരു വികാരത്തിന്റെ ആവിഷകരണമാണെന്ന് മനസ്സിലാക്കുവാന്‍ സാദ്ധിക്കും. വികാരത്തിനു മനോഹരമായ ഒരു രൂപം കൊടുക്കൊമ്പോള്‍ അതു കവിതയായി എന്ന് അര്‍തഥം. ആശാന്റെ ‘ദുരവസ്ഥ’യും പ്രേമമെന്ന വികാരത്തെയാണ് പ്രതിപാദ്യമായി അംഗീകരിക്കുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകമായി പറയേണ്ടതുണ്ട്.കവിത എത്ര ഹ്രസ്വമായാലും, എത്ര ദീര്‍ഘമായാലും, പ്രധാനപ്പെട്ട ഒരു വികാരമേ അതിലാവിഷ്കരിക്കപ്പെടുകയുള്ളു. ലയാത്മകമായ ഒരു വൈകാരികപ്രവാഹമാണ് കവിത. ഈ പ്രവാഹത്തിനു എതിരായി മറ്റൊരു പ്രവാഹം വന്നുപോയാല്‍ കവിത പരാജയപ്പെട്ടു. കവിതയിലെ ഓരോ വരിയും എന്നുവേണ്ട ഓരോ പദവും സുപ്രധാനമായ വികാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗാനത്തിനു ഒറ്റ രാഗമേയുള്ളു. ഒരു ചിത്രം ആവിഷ്കരിക്കുന്നവികാരം ഒന്നേയുള്ളൂ; രണ്ടല്ല. അതുപൊലെ തന്നെയാണ് കവിതയും. വികാരം യഥാര്‍ത്യമാണെങ്കില്‍, അത് ഹൃദയത്തിന്റെ അഗാധ തലങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെങ്കില്‍, അതിന്റെ ആവിഷ്കരണഫലമായ കലാരൂപം സുന്ദരമായിരിക്കും, അങ്ങനെ അതു രൂപം കൊള്ളുമ്പോള്‍, അതിനോടു ബന്ധപ്പെടാത്ത കാര്യങ്ങള്‍ സ്വയം നിര്‍മ്മാജനം ചെയ്യപ്പെടുന്നു. അപ്രസക്തങ്ങളായ വസ്തുതകള്‍ ഇങ്ങനെ ദൂരീകരിക്കപ്പെടുമ്പോഴാണ് കലാസൃഷിക്കു ഐക്യം അല്ലെങ്കില്‍ ഏകാത്മകത്വം ഉളവാകുന്നത്. അങ്ങിനെ ഏകാത്മകത്വമുള്ള ഒരു കലാരൂപത്തില്‍ നിന്ന് ഒരു പദംപോലും നമുക്കു അടര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയില്ല. ‘നളിനി’യും ‘വീണപൂവും’ ഇതിനുദാഹരണങ്ങളാണ്. ഇതില്‍നിന്നു വ്യത്യസ്തമാണ് ദുരവസ്ഥയുടെ സ്ഥിതി. മുന്‍പുദ്ധരിച്ച വരികള്‍ കാവ്യത്തിലെ പ്രതിപാദ്യവുമായി ഒരു വിധത്തിലും ബന്ധപ്പെട്ടതല്ല. അവ കാവ്യത്തില്‍നിന്നു സ്വയം ഉദ്ദരിച്ചുയരുന്നതല്ല. നാടകീയമായ ഒരു സന്ദര്‍ഭമുണ്ടായിട്ട് ഏതെങ്കിലും ഒരു കഥാപാത്രത്തെക്കൊണ്ട് “മാറ്റുവിന്‍ ചട്ടങ്ങളെ” എന്നു പറയിച്ചിരുന്നുവെങ്കിലും ഒരു തരത്തിലുള്ള ന്യായീകരണം ലഭിക്കുമായിരുന്നു. കൂടാതെ കവി തന്നെ നേരിട്ടൊരു പ്രസ്താവന ചെയ്തതാണ് ഇതിന്റെ പരാജയത്തിനു കാരണമായത്.

ഒരു നാടകീയ സ്വഗതത്തിന്റെ രൂപത്തിലാണ് സുരവസ്തയുടെ ആരംഭം. സാവിത്രി തന്റെ കഥ സ്വയം പറയുകയാണ്; തികച്ചും ശോകാത്മകമായ ഒരു കഥ. അത് ഹൃദയദ്രവീകരണസ്മര്‍ത്ഥമായ രീതിയില്‍തന്നെ ആശാന്‍ ആഖ്യാനം ചെയ്തിട്ടുണ്ട്. മാപ്പിളമാര്‍ നായികയുടെ ഭവനം ആക്രമിച്ചതും ബന്ധുക്കളെ നിഗ്രഹിച്ചതും അദ്ദേഹം അസാമാന്യമായ കലാവൈഭവത്തോടെ വര്‍ണ്ണിച്ചിരിക്കുന്നു. സാവിത്രിയുടെ പലായനം വര്‍ണ്ണീച്ചിരിക്കുന്നത് കണ്ണീപൊഴിക്കാതെ വായിക്കാന്‍ സാദ്ധ്യമല്ല. കിഴക്കുദിക്ക് ‘ശോണിതശോണനായ അര്‍ക്കനെ’ പ്രസവിക്കുംമുമ്പ് സാവിത്രി രക്താര്‍ദ്രമായ പൂമേനിയോടുകൂടി കാവില്‍നിന്നു ഓളിച്ചോടുന്ന രംഗം കവി നമുക്കു കാണിച്ചുതരുന്നു. പിന്നീടു പുല്ലുമാടത്തിലെ വാസത്തെക്കുറിച്ചായി വര്‍ണ്ണന. ചാത്തന്റെ ആഗമനവും അവരുടെ ഒരുമിച്ചുള്ള ശയനവും ചിത്രീകരിക്കപ്പെടുന്നതോടുകൂടി കഥ അവസാനിക്കുകയാണ്. ഇടയ്ക്കിയയ്ക്കു ജാതിയുടേയും മറ്റ് അസമത്വങ്ങളുടേയും നേര്‍ക്കു സുശക്തങ്ങളായ ഉപലാഭങ്ങള്‍ ഉണ്ടെങ്കിലുംകവി ‘ദുരവ്സ്ഥയില്‍ സൃഷ്ടിക്കുന്നത് ശോകാത്മമായ അന്തരീക്ഷമാണ്. പ്രകൃതിവര്‍ണ്ണനപോലും ഉല്‍ക്കടമായ ആ ശോകത്തിന്റെ തീക്ഷണത വര്‍ദ്ദിപ്പിക്കുന്നതേയുള്ളു. അതിനാല്‍ ജാതിയുടെ നേര്‍ക്കുള്ള കോപപ്രകടങ്ങള്‍ വിഫലീഭവിക്കുകയാന്. നായികാനായകന്മാരുടെ സഹശയനം വര്‍ണ്ണിക്കുന്നതിന് അല്പം മുന്‍പുവരെ അനുവാചകന്‍ ശോകത്തിന്റെ കയത്തില്‍പ്പെട്ടഴലുകയാണ്. അങ്ങനെ വിഷാദിക്കുന്ന അനുവാചകന്റെ മുഖത്തു നോക്കി ആശാന്‍ പൊടുന്നനവേ പറയുകയാണ് “മാറ്റുവിന്‍ ചട്ടങ്ങളേ” എന്ന്. എന്തൊരുവൈരുദ്ധ്യം! ചട്ടങ്ങള്‍ മാറ്റപ്പെടേണ്ടതാണെന്ന അഭിപ്രായത്തില്‍ ചെന്നു ചേരുവാന്‍ പ്രയോജനപ്രദമായ ഒരന്തരീക്ഷമല്ല ആശാന്‍ സൃഷ്ടിച്ചത്. ഈ രണ്ടു വരികള്‍ക്കു പൂര്‍വ്വപീഠികകളായി വര്‍ണ്ണിക്കുന്ന ഭാഗങ്ങള്‍ നായികയുടെ ആത്മാലാപനവും നായകന്റെ ആഗമനവും- പാടേ വിരുദ്ധമായ ഒരു ചിത്തവൃത്തിയാണ് അനുവാചകനില്‍ സംജാതമാകുക. അതിന്റെ ഫലമോ? കവി ഊഷ്മളമായ ഭാഷയില്‍, തന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് ‘മാറ്റുവിന്‍ ചട്ടങ്ങളേ’ എന്ന് ആക്രോശിച്ചിട്ടും അനുവാചകന് അല്പംപോലും ചലനമുണ്ടാകുന്നില്ല. തണുത്ത് മരവിച്ച ഒരു നിയോഗമായി ഇതു വായനക്കാരനു തോന്നുന്നു. കവിയുടെ വീക്ഷണപഥത്തിന് വളരെ വേഗത്തില്‍ ഒരു മാറ്റം വന്നു എന്നു മനസ്സിലാക്കാന്‍ അനുവാചകന് കഴിയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്തു പ്രയോജനം? ആ വൃതിയാനം കലാമൂല്യത്തിന് അപകര്‍ഷം സംഭവിപ്പിക്കുന്നതാണെന്ന് കാവ്യം ശ്രദ്ധിച്ചുവായിക്കുന്ന ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയും.

നായികാനായകന്മാരില്‍ ആരെയെങ്കിലും കൊണ്ടാണ് ഇങ്ങനെ പറയിച്ചിരുന്നതെങ്കില്‍ എന്നൊരു ചോദ്യമുണ്ടാകും. ആ ചോദ്യത്തിനു പ്രസക്തിയുണ്ട്. പക്ഷേ ദുരവസ്ഥയെ സംബന്ധിച്ചിടത്തോളം നിഷേധാത്മകമായ ഒരു മറുപടിയേ നല്കവാനുള്ളൂ. ദുരവസ്ഥയിലെ രണ്ടു കഥാപാത്രങ്ങളും ചാത്തനും സാവിത്രിയും- ദുര്‍ബലരാണ്. വിപ്ളവാത്മകമായ ഒരു സാമൂഹികപരിവര്‍ത്തനത്തിന് ആഹ്വാനം നല്കാന്‍രണ്ടുപേര്‍ക്കും ശക്തിയില്ലെന്നു സാരം. മേലാളരുടെ അധികാരത്തിലമര്‍ന്ന് അത്മവീയ്യം നശിപ്പിച്ച ഒരു സാധുവാണ് ചാത്തന്‍. അവനു സ്വന്തമായ അഭിപ്രായങ്ങളില്ല. സാവിത്രി തന്നെ സ്നേഹിക്കുകയാണെന്ന് അവന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ‘എമ്പ്രാട്ടി’ എന്നാണ് അവന്‍ അവളെ സംബോധന ചെയ്യുന്നത്. അവസാന നിമിഷത്തില്‍ പോലും “അടിയന്‍” എന്ന പദമേ അവന്റെ നാക്കിലുദിക്കൂ സാവിത്രി അവനെ കയ്ക്ക് പിടിച്ച് പായില്‍ കിടത്തിയതിന്റെ ഉദ്ദേശ്യംപോലും അവനു ഗ്രഹിക്കാന്‍ കഴിഞ്ഞിരിക്കുകയില്ല. അങ്ങനെയുള്ള ഒരു കഥാപാത്രം ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്നു ഉദ്ഘോഷിച്ചാല്‍ തീര്‍ച്ചയായും അതു അനുചിതമായിരിക്കും. സാവിത്രി ചില ഘട്ടങ്ങളില്‍ ആത്മധീരയായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും ഇന്നത്തെ സാമൂഹികനിയമങ്ങളും ജാതിമത്സര്യങ്ങളും മനുഷ്യജീവിതത്തെ നരകസദൃശ്യമാക്കിയിട്ടുണ്ടെന്ന പക്ഷക്കാരിയല്ല. അവള്‍ ചാത്തനെ ഭര്‍ത്താവായി സ്വീകരിച്ചത് പരിത:സ്ഥിതികളുടെ സമ്മര്‍ദ്ദം നിമിത്തമാണ്. അല്ലാതെ ജാതി നിയമങ്ങളെ വെല്ലുവിളിക്കാനായിട്ടല്ല. ചാത്തന്റെ കുടിലില്‍ വരാതെ അവള്‍ സ്വന്തം മാളികയിലാണ് വസിച്ചിരുന്നതെങ്കില്‍ വെറുമൊരു അന്തര്‍ജനമായിത്തന്നെ അവള്‍ കഴിയുമായിരുന്നു. കാര്യമിതായ്തുകൊണ്ടു നായികയ്ക്കും “മാറ്റുവിന്‍ ചട്ടങ്ങളെ” എന്നു അനുശാസിക്കാന്‍ സാദ്ധ്യമല്ല. ഇങ്ങനെ ഏതു വിധത്തില്‍ നോക്കിയാലും പ്രഖ്യാതങ്ങളായ ഈ വരികള്‍ അര്‍ത്ഥശൂന്യങ്ങളായി പരിണമിക്കുന്നു.

ആശാന്റെ മറ്റുകൃതികള്‍ക്കുള്ളതുപോലെ ദുരവസ്ഥയ്ക്കും ഒരു വൈകാരികനിബന്ധനയുണ്ട്. (emotional tone)ഈ വരികള്‍ ആ നിബന്ധനയെ തകര്‍ത്തുകളയുന്നു. കലാസൃഷ്ടിയെ അതിന്റെ സമഗ്രാവസ്ഥയില്‍ ഒന്നായി വീക്ഷിക്കുമ്പോള്‍ സഹൃദയനു വൈരസ്യം ജനിപ്പിക്കുന്നതെല്ലാം കലാര്‍ത്ഥ്വത്തിനു ഹാനി സംഭവിപ്പിക്കുമെന്നു ആര്‍ക്കുമറിയാം. എന്നിട്ടും അതിനെ മറച്ചുവെച്ചുകൊണ്ടു നിരൂപന്മാര്‍ ഈ രണ്ടു വരികളെ വാഴ്ത്തുകയാണ്. ഒരു കാര്യംകൂടി വ്യക്തമായി പറയുന്നു. ദുരവസ്ഥ ഉത്തമതമായ കൃതിയാകട്ടെ, അല്ലെങ്കില്‍ അധമതമായ കൃതിയാകട്ടെ; അതിനെക്കുറിച്ച് ഇവിടെ പര്യാലോചിക്കുന്നില്ല. എന്നാല്‍ “മാറ്റുവിന്‍ ചട്ടങ്ങളെ” എന്നു പ്രസ്താവിച്ചതിലാണ് അതിന്റെ മഹനീയതയിരിക്കുന്നതെന്ന് വാദിക്കുന്നവര്‍ ആശാനെ അറിയുന്നില്ല, അദ്ദേഹത്തിന്റെ കൃതികളെയും അറിയുന്നില്ല. അത് നമ്മുടെ മഹാകവിയോടു ചെയ്യുന്ന ഒരക്ഷന്തവ്യമായ അപരാധവുമാണ്.