ജി — ഭാഷയിലെ നിസ്തുലനായ സിംബോളിക് കവി
ആധുനിക മലയാളകവിത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | ആധുനിക മലയാളകവിത |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പി.കെ ബ്രദേഴ്സ്, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 226 |
ജി — ഭാഷയിലെ നിസ്തുലനായ സിംബോളിക് കവി
സിംബോളിസം അവലംബിച്ചു കവിതയെഴുതുന്നവര് ദന്തഗോപുരവാസികളാണെന്ന ആക്ഷേപം ആരംഭിച്ചിട്ട് കാലം വളരെയായി. എമിലിസോള എന്ന ഫ്രഞ്ച് സാഹിത്യനായകന് പ്രചരിപ്പിച്ച ശാസ്ത്രീയ റിയലിസത്തോടുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ സിംബോളിസം സംജാതമാകുമ്പോഴാണ് ഈ അധിക്ഷേപം അതിന്റെ മുര്‍ദ്ധ ന്യാവസ്ഥയിലെത്തുന്നത്. ആ പ്രസ്ഥാനത്തെ ആശ്രയിച്ചു കാവ്യമെഴുതിയ പാള്‍ വെര്‍ലയിന്‍, ആര്‍തര്‍ റിംബോ, മല്ലര്‍മേ എന്നീ കവികളെല്ലാം ദന്തഗോപുര ജീവികളെന്നു മുദ്രയടിപ്പിക്കപ്പെട്ടു. സിംബോളിസം അംഗീകരിക്കുന്നവരെ മാത്രമല്ല, സാമാന്യജനതയില്നിന്ന് അതിദൂരം അകന്നു നിസ്സംഗമനോഭാവത്തോടെ ലോകത്തെ അഭിവീക്ഷണം ചെയ്യുന്ന കവികളേയും ഇങ്ങനെതന്നെ അവഹേളിക്കുവാന്‍ ചില നിരൂപന്മാര്‍ ഉദ്യുതകരായി. പ്രപഞ്ചത്തില്‍നിന്നു പിന്മാറിയുള്ള വിവിക്തവാസം അനാരോഗ്യകരമാണെന്നും അക്കാരണത്താല്‍ തന്നെ അത് നിഷിദ്ധമാണെന്നുമുള്ള ചിന്താഗതിക്ക് പ്രാചീനകാലം മുതല്‍ക്ക് പ്രസിദ്ധിയും പ്രചാരവും ലഭിച്ചതാണ്. വിശ്വമഹാകവിയായ ഗോയ്ഥേയെപ്പോലും ദന്തഗോപുരവാസിയെന്ന് വിളിക്കുവാന്‍ വിമര്ശകന് ധൈര്യമുണ്ടായി. ആ നിരൂപകന് തികഞ്ഞ ആത്മാര്ഥതയോടാണെങ്കിലും അജ്ഞയുടെ പാരമ്യത്തില്‍ ചെന്നുനിന്നുകൊണ്ട് പറഞ്ഞതു കേള്‍ക്കുക: “ഗോയ്ഥേ തന്റെ ജീവിതം മുഴുവനും സത്യത്തിന്റെ കാര്യങ്ങള്‍ക്കുവേണ്ടി ഒരു വിരല്‍പോലും ഉയര്‍ത്തിയിട്ടില്ല.” സോഫോക്ലിസ്സ്, ഡാന്റേ, കാളിദാസന്, ഷേക്സ്പീയര് എന്നിവരോടൊപ്പം സാമ്മാന്യനായ ഗോയ്ഥേയുടെ നേര്‍ക്കാണ് നിരൂപകന് നിസ്സങ്കോചം ഈ അസ്ത്രം തൊടുത്തുവിട്ടിരിക്കുന്നതെന്നും നാം ഓര്മ്മിക്കുണം. അത് ഓര്മ്മിച്ചുകഴിഞ്ഞാല് ശ്രീ ജി ശങ്കരക്കൂറുപ്പ് ദന്തഗോപുരത്തിലിരിക്കുന്ന കവിയാണെന്നു’ ഒരു നിരൂപകന് പറഞ്ഞതിനോട് നാം കയര്ത്തെന്നുവരികയില്ല. അദ്ദേഹം അങ്ങനെ പ്രസ്താവിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചുമാത്രമേ നാം അന്വേഷിക്കുകയുള്ളൂ.
സിംബോളിസത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അതിന്റെ അവിഭാജ്യഘടങ്ങളായി നിരൂപന്മാര്‍ എടുത്തു കാണിക്കാറുള്ള രണ്ടു കാര്യങ്ങളാണ് ദുര്‍ഗ്രഹതയും പലായനാത്മകതയും. നിഷിദ്ധങ്ങളായ ഈ രണ്ടംശങ്ങളും കവിതയില്‍ സങ്കലനം ചെയ്തിട്ടുണ്ടെങ്കില്‍ ആ കവിത സാമാന്യജനതയെ വശീകരിക്കുവാന്‍ അസമര്ത്ഥമാണെന്നും അതിന്റെ പ്രണേതാവ്- അദ്ദേഹം എത്രത്തോളം പ്രതിഭാശാലിയാണെങ്കിലും ബഹുമാനം അര്‍ഹിക്കുന്നില്ലെന്നുമാണ് അവരുടെ പക്ഷം. സിംബോളിക് കവിത കവിതയാവുകയില്ലെന്ന് അവര്‍ക്ക് അഭിപ്രായമില്ല. അത് ജനകീയ കവിതയല്ലെന്നു മാത്രം. മാര്ക്സിസമെന്നോ കമ്യൂണിസമെന്നോ കേട്ടാല്‍ ഒരു ബോധവുമില്ലാതെ വിരണ്ടോടുന്നവരുണ്ടല്ലോ? അവരാണ് ഈ വാദഗതിയുടെ ഉപജ്ഞാതാക്കള്‍ എന്ന് തെറ്റിദ്ധരിക്കരുത്. മാര്‍ക്സിസത്തിന്റെ തത്ത്വ ചിന്താപദ്ധതിയോടു പൊരുത്തപ്പെടാന്‍ കഴിയാത്ത കലാനിരൂപകന്മാര്‍ പോലും സിംബോളിസത്തിന്റെ നേര്‍ക്ക് കല്ലെറിയുന്നുണ്ട്. ‘മനസ്സിലാക്കാന്‍ പ്രയാസമാണത്’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ നമുക്കും അവരുടെ അത്മാര്ത്ഥയില് വിശ്വാസം തോന്നിപ്പോകും.
ശ്രീ. ജി. ഭാഷയിലെ നിസ്തുലനായ സിംബോളിക് കവി
ശ്രീ. ജി. ശങ്കരക്കുറുപ്പ് മലയാളത്തിലെ നിസ്തുലനായ സിംബോളിക് കവിയാണെന്നതില്‍ രണ്ടു പക്ഷമില്ല. സിംബോളിസം പ്രഭാകരദീപ്തിയോടെ വിലസുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ കവിതകളിലേയ്ക്ക് പോകണം. എന്നാല്‍ അദ്ദേഹം ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണെന്ന് കരുതുന്നത് ശരിയായിരിക്കുകയില്ല. ശ്രീ. ജി. ശങ്കരക്കുറുപ്പിന് വളരെ മുന്‍പുതന്നെ സിംബോളിസം ഭാഷയിലവതരിച്ചുകഴിഞ്ഞു.
വള്ളത്തോളിനും ആശാനിലും ആരംഭിക്കുന്ന ആ പ്രസ്ഥാനം താരും തളിരുമണിഞ്ഞത് ശങ്കരക്കുറുപ്പിലാണെന്ന് സംശയിക്കാതെ പറയാം. ജിയുടെ കവിതകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സിംബോളിസത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ സാദ്ധ്യമല്ല. കാരണം അത് അദ്ദേഹത്തിന്റെ കവിതയുടെ ബാഹ്യരൂപത്തെയല്ല പ്രകടമാക്കുന്നത് എന്നുള്ളതത്രെ. കവിതന്നെ അതു വിശദീകരിച്ചിട്ടുമുണ്ട്.
“പ്രതിരൂപങ്ങളില്കൂടിയാണ് പ്രകൃതിയില്‍ നിലീനമായ ജീവിതത്തിന്റെ ഐക്യത്തെ അനുഭവപ്പെടുത്തുവാനും അതിന്റെ സൗന്ദര്യത്തെ വ്യാഖ്യാനിക്കുവാനും അതില്‍ ലയിച്ചു ചിലപ്പോഴെങ്കിലും പ്രത്യേക സത്ത മറക്കുവാനും ഞാന്‍ ശീലിച്ചത്. അവ എന്റെ ഭാഷയും ഞാന്‍ അവയുടെ അര്‍ത്ഥവും; എന്റെ കല, അതെത്ര അപൂര്‍ണ്ണമായാലും-അവയുടെ വ്യാഖ്യാനവും ആയിത്തീര്ന്നുപോയി. ഇതാണ് പരമാര്‍ത്ഥം. നീറിപ്പിടിക്കാവുന്ന ഉമിയില്‍ അഗ്നിസ്ഫുലിംഗത്തിന് പിടികിട്ടിയാല്‍ അത് പരിപൂര്‍ണ്ണമായി എരിയുന്നതുവരെ കെട്ടുപോവുകയില്ല. ചാരത്താല്‍ മറഞ്ഞുപോയാലും അതിന്റെ ഊഷ്മവ്യാപാരം തുടര്‍ന്നുകൊണ്ടിരിക്കും. വികാരോദ്ദീപത്മായ ഒരനുഭൂതി ആകസ്മികമായി ദര്‍ശിക്കുന്ന ഒരു പ്രതിരൂപത്തില്‍ ആളിപ്പിടിച്ചാല്‍, അതു മുഴുവനും വ്യാപിക്കുന്ന മറ്റു ചിന്തകള്‍ ഉയര്‍ന്നുവന്നാലും ഈ വ്യാപാരം അപ്രത്യക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കും; ഒടുവില്‍ കലാരൂപമായ ഉജ്ജ്വല നാളത്തെ ഉല്പാദിപ്പിച്ച് വിശ്രമിക്കുകയും ചെയ്യും. സൂക്ഷമായ ഒരു സാദൃസ്യബോധം മാത്രമാണ് ഹൃദയാനുഭൂതിയേയും പ്രതിരൂപത്തേയും ആദ്യം തമ്മിലിണക്കുന്നത്. പിന്നെ കലാകാരന്റെ ഉദ്ഗ്രഥനാത്മികയായ ഭാവന അതിനെ ഊതിക്കത്തിക്കുന്നു; സാദൃശ്യബോധം ആളിപ്പടര്ന്നുപിടിക്കുന്നു. മാനസികാനുഭൂതികളെ ആവിഷ്കരിക്കുവാന്‍ ഞാന്‍ പ്രതിരൂപങ്ങളെ അന്വേഷിക്കുകയല്ല പതിവ്. പ്രതിരൂപങ്ങള്‍ ഹൃദയാന്ത:പുരത്തില്‍ മയങ്ങിക്കിടക്കുന്ന അനുഭാവങ്ങളെ കുലുക്കിവിളിക്കുകയും മയങ്ങിക്കിടക്കുന്ന അനുഭവങ്ങലെ കുലുക്കിവിളിക്കുകയും ഉണര്‍ത്തുകയുമാണ് മിക്കപ്പോഴും സംഭവിക്കാറ്…”
ശ്രദ്ധിച്ചു വായിക്കേണ്ട ഒരു ഭാഗമാണിത്. സിംബോളിസം ശങ്കരക്കുറുപ്പിന്റെ കവിതകളുടെ രൂപത്തെയാണ്, ഭാവത്തെയല്ല വ്യജ്ഞിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവര്‍ ആ കവിയെ അറിയുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. മാനസികാനുഭൂതികളെ ആവിഷ്കരിക്കുവാന്‍ താന്‍ പ്രതിരൂപങ്ങളെ അന്വേഷിക്കാറില്ലെന്നു കവി വളരെ വ്യക്തമായി പറഞ്ഞിട്ടും സിംബോളിസം ശങ്കരക്കുറുപ്പിന് ഒരാശയപ്രകാശനരീതിയേ ആകുന്നുള്ളുവെന്ന് ആരെങ്കിലും പ്രസ്താവിച്ചാല്‍ അത് അവിശുദ്ധതയുടെ കാചേഷ്ടിതമാണെന്ന് സംശയലേശംകൂടാതെ തീരുമാനിക്കാം. കവി വിനിമയം ചെയ്യുന്ന അനുഭവംതന്നെ അദ്ദേഹമുപയോഗിക്കുന്ന പ്രതിരൂപങ്ങളുടെ കൂട്ടിയിണക്കല്കൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണ്. അതിനാല്‍ സിംബോളിക്ക് കവിതയിലെ പ്രതിരൂപങ്ങളെ ബാഹ്യാംശങ്ങളായി കരുതുക സാദ്ധ്യമല്ല. “പ്രതിരൂപങ്ങള്‍ അജാഗരിത ഹൃദയത്തിലേക്ക് ചില മിന്നല്പ്പിണതകള് പായിക്കുന്നു. അവിടെ നടുക്കവും പ്രബോധവും ഉളവാക്കുന്നു” എന്ന് ജി. പ്രസ്താവിക്കുന്നതും ഇതിനെ ഉദ്ദേശിച്ചാണെന്നു തോന്നുന്നു. അങ്ങനെ സിംബോളിസം ശങ്കരക്കുറുപ്പിന്റെ കവിതകളുടെ രൂപത്തെയല്ല വ്യജ്ഞിപ്പിക്കുന്നതെന്ന് വ്യക്തമായി. വിശ്വസാഹിത്യത്തിലെ സിംബോളിക്ക് കവികളായ പാള്വേളറി, റില്കി, സെറ്റഫാന്ജാജ്ജ്, അലക്സാണ്ടര്‍ ബ്ലോക്ക്, യേറ്റ്സ് എന്നിവരുടെ കവിതകളിലും സിംബോളിസം കാവ്യപ്രകാശനരീതിയല്ല, കവിതയില്‍ നിന്നു വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കാത്ത ഒരംശം തന്നെയാണ്. ജി. ശങ്കരക്കുറുപ്പിന് ഇക്കാര്യത്തില്‍ ആ കവിതകളോട് സാദൃശ്യമുണ്ട്.
ഫ്രഞ്ച് സിംബോളിസവും ജിയുടെ സിംബോളിസവും വിഭിന്നങ്ങള്‍
ജി. ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ കാണുന്ന സിംബോളിസവും ഫ്രാന്‍സില്‍ 1880-നുശേഷം ഇരുപതു സംവത്സരക്കാലത്തേക്ക് വിജയപതാക പറപ്പിച്ചിരുന്ന സിംബോളിസവും തമ്മില്‍ വലിയ അന്തരമുണ്ട്. മനസ്സിന്റെ പദാര്ത്ഥനിഷ്ഠവും (Objective) പ്രാതിനിധ്യാത്മകവും ബുദ്ധിപരവുമായ ഉള്ളടക്കത്തെക്കാള്‍ അതിന്റെ അവസ്ഥകളെ വ്യജ്ഞിപ്പിക്കുവാനുള്ള യത്നത്തില്നിന്നാണ് ഈ പ്രസ്ഥാനം സംജാതമായത്. പ്രപഞ്ചത്തെ സംബന്ധിച്ച ഒരു യോഗാത്മകനിഗമനം (Mystical conception) നിയോപ്ലറ്റോണിസത്തിന്റെ ഫലമായുണ്ടായി. അതിനോട് ബന്ധപ്പെട്ടതായിരുന്നു ഫ്രഞ്ചുസിംബോളിസം. പ്രകൃതിയിലെ ഓരോ വസ്തുവിനും അനുരൂപമായ വേറൊരു വസ്തുവുണ്ടെന്നും ഈ അനുരൂപതയ്ക്കുള്ള സൂചിക ബൈബിളില്‍ കാണാമെന്നുള്ള സ്വീഡര്‍ ബോര്ഗ്ഗിന്റെ സിദ്ധാന്തത്തിന് ഫ്രഞ്ചുകവിയായ ബോദ്ലെയര് (Les Correspondence) എന്ന ഗീതകത്തിലൂടെ പ്രചാരം നല്കി. അങ്ങനെ അറിയാവുന്ന എല്ലാ വസ്തുക്കളും പ്രതീകങ്ങളായി മാറ്റപ്പെട്ടു. മനുഷ്യന് “പ്രതിരൂപങ്ങളുടെ കാനനത്തിലൂടെ” നടക്കുന്നതായും ബോദ്ലെയര് കണ്ടു. ആര്‍തര്‍ റിംബോ എന്ന കവി ദര്‍ശന പരമ്പരകളിലൂടെ തന്റെ അദ്ധ്യാത്മികചരിത്രം വിശദീകരിച്ചു. വാക്കുകളെ അവയുടെ സൂചനാത്മകമൂല്യത്തിനും അന്തരീക്ഷസൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുകയും സ്പഷ്ടതയെ പരിഗണിക്കാതിരിക്കുകയും ചെയ്ത വെര്‍ലയിന്‍ മറ്റൊരു സിംബോളിക്കു കവിയാണ്. ഈ സിംബോളിസത്തില്‍ നിന്നെല്ലാം പാടേ വിരുദ്ധമാണ് ജിയുടെ കവിതകളിലെ സിംബോളിസമെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. അതുകൊണ്ടു ഫ്രഞ്ചിസം ബോളിസത്തിന്റെ ദുര്‍ഗ്രഹത ജിയുടെ കവിതകളിലും ആരോപിക്കുന്നത് സാഹസമായിരിക്കും.
കവി ആവിഷകരിക്കുന്ന ലോകം എപ്പോഴും സ്വകാര്യപരം
തന്റെ വ്യക്തിഗതങ്ങളും അതുല്യങ്ങളുമായ വികാരങ്ങളെ വിനിമയം ചെയ്യാന്‍ സിംബോളിക്കു കവി ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് പിന്മാറുന്നുവെന്നും അങ്ങനെ കവി ആവിഷ്കരിക്കുന്ന പ്രപഞ്ചം സ്വകാര്യപരമായതുകൊണ്ടു അതിലേക്കു കടക്കുവാന്‍ അനുവാചകന് നിഷ്പ്രയാസം സാധിക്കുന്നില്ലെന്നുമാണ് പ്രധാനമായ ആക്ഷേപം. എന്നാല്‍ ഇതൊരാക്ഷേപമല്ലെന്നു കാവ്യരചനയുടെ മൗലിക തത്ത്വങ്ങളറിയാവുന്നവരോട് പ്രത്യേകിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കവിതയുടെ അസംസ്കൃതവസ്തുക്കള്‍ മാനുഷികാനുഭവങ്ങളാണ്. ആ അനുഭവം ഏതു തരത്തിലുള്ളതും ആകട്ടെ കവിതയുടെ പ്രഭവസ്ഥാനം അതുതന്നെയാണ്. പക്ഷേ കവി തനിക്ക് മാത്രം ലഭ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സാമാന്യാനുഭവത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഒരുദാഹരണം കൊണ്ടിതു വ്യക്തമാക്കാം. എത്രയോ പുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു വീഴുന്നതും അവ മണ്ണടിഞ്ഞുപോകുന്നതും നാം കണ്ടിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു വരിപോലും എഴുതിവയ്ക്കണമെന്നു നമുക്കാര്‍ക്കും തോന്നിയിരിക്കില്ല. പക്ഷേ ക്രാന്താദര്ശിയായ മഹാകവിയില്‍ ആ നിസ്സാരമായ പുഷ്പം എന്തെന്ത് വിചാരവികാരശതങ്ങളാണ് ഉത്ഭവിപ്പിച്ചതെന്നു ‘വീണപൂവ്’ എന്ന കൃതി വായിച്ചാല്‍ നമുക്കറിയാം. ആശാന് സൃഷ്ടിച്ച ഒരു നൂതന ലോകത്തില്‍ നാം പ്രവേശിക്കുന്നു. എന്താണ് സാധാരണക്കാരായ നാമും കവിയും തമ്മിലുള്ള വ്യത്യാസം? നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുപോലെയുള്ള മഹാകവി ആ പുഷ്പത്തെ കണ്ടതും അതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായതും. സാധാരണക്കാരന് ഒരു പുഷ്പം കണ്ടാലുണ്ടാകുന്ന സാമാന്യബോധമല്ല കവിക്കനുഭവമാവുക. ഇതൊരു ഉദ്ഗ്രന്ഥമാണ്. കവിക്കുണ്ടായ അനുഭവത്തില്‍ ശാശ്വതങ്ങളും പ്രധാനങ്ങളുമായവ ഇവിടെ സ്വീകരിച്ചിരിക്കുന്നു. ക്ഷണികങ്ങളും അപ്രധാനങ്ങളുമായവ ഉപേക്ഷിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. പുഷ്പം കണ്ട യഥാര്ത്ഥരങ്ങ്ഗം ഇവിടെ വര്‍ണ്ണിക്കപ്പെട്ടിട്ടില്ല. പക്ഷെ കവിയെ സംബന്ധിച്ച അതിന്റെ വൈകാരികയാഥാര്ത്ഥ്യം ഏതോ അദ്ഭുത ശക്തിയാല്‍ ഗ്രഹിക്കപ്പെട്ടിരിക്കുന്നു. എല്ലാ സമ്പന്നതയോടും അതു പ്രകാശിക്കപ്പെടുന്നു. ഈ പ്രകാശനം ഒരു പ്രത്യേക മാര്‍ഗ്ഗത്തിലൂടെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അപഗ്രഥനം കൊണ്ടോ വെറും പ്രസ്താവന കൊണ്ടോ അത് സാദ്യമല്ല. കാവ്യപരമായ ദര്‍ശനം-അതാണ് അതിനുപകരിക്കുക. ‘ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കായി!നീ’ എന്ന ആദ്യത്തെ വരികള്‍ വായിക്കുമ്പോള്‍ തന്നെ അനുഭവത്തിന്റെ തീക്ഷണത വര്‍ദ്ധിച്ചു കഴിഞ്ഞു. അങ്ങനെ ഒരു നൂതന ലോകത്തില്‍ നാം പ്രവേശിക്കുന്നു. ഇത് പുഷ്പത്തെ യഥാര്‍ഥമായി കണ്ട ലോകത്തില്‍ നിന്നു വ്യത്യസ്തമാണ്. അപ്പോള്‍ ഏതു കവിക്കും ബാഹ്യപ്രപഞ്ചത്തില്‍ നിന്നു പിന്മാറി സ്വകാര്യപരമായ ഒരു ലോകത്തെ മാത്രമേ ചിത്രീകരിക്കുവാന്‍ കഴിയൂ. അനുവാചകന് അതില്‍ പ്രവേശിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ അതില്‍ കവി കുറ്റക്കാരനല്ല. കാവ്യാസ്വാദനത്തില്‍ അയാള്‍ക്കുള്ള കഴിവില്ലായ്മയേ അത് വിളംബരം ചെയ്യുന്നുള്ളു.
പ്രതിരൂപങ്ങള്‍ ദുര്ഗ്രഹങ്ങളായാല്
മാനസികാനുഭൂതികളെ ആവിഷ്കരിക്കാനുപയോഗിക്കുന്ന പ്രതിരൂപങ്ങള്‍ ദുര്ഗ്രഹങ്ങളായാല് അത് കാവ്യാസ്വാദനത്തിന് പ്രതിബന്ധമാവുകയില്ലേ എന്നൊരുചോദ്യം സംഗതമാണ്. ഫ്രഞ്ചു സിംബോളിസത്തെക്കുറിച്ചാണെങ്കില് ഇത് ശരിതന്നെ. പക്ഷേ ജി. ശങ്കരക്കുറുപ്പ് സ്വീകരിക്കുന്ന പ്രതിരൂപങ്ങള്‍ വേഗം ഗ്രഹിക്കാവുന്നവയാണ്. ശ്രീ. കൈനിക്കര കുമാരപിള്ള പറയുന്നത് കേള്‍ക്കുക:
“ജീവാത്മാവിന്റെ ബിംബങ്ങളായി അദ്ദേഹം സ്വീകരിക്കുന്നത് ക്ഷുദ്രമായ കാനനപുഷ്പവും പാഴ്മണ്ണിന് വികാരമായ പങ്കജവും ഖനീഭൂതബാഷ്പമായ മേഘവും മലിമസമായ രാത്രിയും മറ്റുമാണെങ്കില്‍, പരമാത്മാവിന്റെ ബിംബങ്ങളായി സ്വീകരിക്കുന്നത് ശാശ്വത ജഗല്‍പ്രാണനായ പവമാനനും ലോകബാന്ധവനും തേജോരൂപനുമായ സൂര്യനും, ആദിയുമന്തവുമില്ലാതെ ജങ്ങമാജങ്ങ്ഗമവ്യാപിയായിരുന്നു മിന്നുന്ന അംബരവും മറ്റുമാണ്. സാമാന്യ ബുദ്ധിയുള്ള ഒരുവനും തെറ്റിദ്ധരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ബിംബ്വങ്ങളാണ് ഇവ.”
‘സൂര്യകാന്തിയുടെ പ്രസിദ്ധീകരണത്തിനുശേഷം പ്രതിരൂപസ്വീകാരത്തില് ഒരു പരിവര്‍ത്തനം വന്നു പോയെന്നും അതുകൊണ്ട് പില്ക്കാലത്തെ -പ്രതിരൂപങ്ങള്‍ ആദ്യകാലത്തുള്ളവയെപ്പോലെ ലളിതങ്ങളാണെന്നു പറയുക സാദ്ധ്യമല്ലെന്നും ചിലരഭിപ്രായപ്പെടാറുണ്ട്. ‘നിമിഷം’ എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ പ്രതിരൂപാത്മകത്വത്തെ ഉദ്ദേശിച്ചായിരിക്കണം ഇങ്ങനെയൊരു അഭിപ്രായഗതി ഉണ്ടായിട്ടുള്ളത്. ഏതും അധികമായാല്‍ വൈരസ്യം ജനിക്കുമെന്നും അതിനുദാഹരണമാണ് ശങ്കരക്കുറുപ്പിന്റെ ‘അലക്കുകാരി’ എന്ന കവിതയെന്നും ഒരു നിരൂപകന് പറയുന്നുമുണ്ട്. ഒന്നിന്റെയും ആധിക്യം കാവ്യലോകത്തില്‍ വൈരസ്യം ജനിപ്പിക്കുകയില്ല. ജി. ശങ്കരക്കുറുപ്പ് സിംബോളിക്ക് കവിയാണെങ്കിലും അദ്ദേഹം സിംബോളിസത്തെ എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുമില്ല. നേരെ മറിച്ച് പ്രതിരൂപങ്ങളുപയോഗിച്ചുമാത്രമേ കവിതയെഴുതു എന്നു നിഷ്ഠയുള്ള കവികള്‍ അനവധിയുണ്ട് പാശ്ചാത്യസാഹിത്യത്തില്‍. അവരുടെ കവിതകള്‍ വൈരസ്യഹേതുകങ്ങളായി സാമാന്യബുദ്ധിയുള്ളവരാരും അഭിപ്രായപ്പെട്ടിട്ടില്ല. ഇനി “അലക്കുകാരിയെ” ക്കുറിച്ചാണെങ്കില്‍ അത് മനോഹരമായ ഒരു സിംബോളിക്കല്‍ കവിതയാണെന്നതില് ഒരു തര്‍ക്കവുമില്ല. ഗ്രാമത്തിലെ അലക്കുകാരിയെ സംസ്കാരങ്ങളുടെ മാലിന്യങ്ങളെ കഴുകിക്കളയുന്ന കാലമാക്കി കല്പിച്ചിരിക്കുകയാണ് കവി. പ്രതിരൂപങ്ങള്‍ കണ്ടുപിടിക്കാനായി വിശ്വമഹാകവിയായ റില്‍ക്കി യൂറോപ്പിലെ പല രാജ്യങ്ങളിലും സഞ്ചരിച്ചിരുന്നു. നമ്മുടെ കവിയ്ക്ക് അതിന്റെ ആവശ്യമൊന്നുമില്ല. അദ്ദേഹം നിഷ്കളങ്കമായ ഗ്രാമജീവിതത്തില്‍നിന്ന് ഹൃദയസ്പര്‍ശകമായ ഒരു പ്രതിരൂപമെടുത്തു പെരുമാറുകയാണ്. അനുവാചകഹൃദയം വികാരലോലമാണെങ്കില് (Sensitive) ജിയുടെ ഒരു പ്രതിരൂപവും വൈരസ്യം ജനിപ്പിക്കുന്നില്ല.
കവി സ്വേച്ഛാപൂര്‍വ്വം സ്വീകരിക്കുന്ന ഈ പ്രതിരൂപങ്ങള്‍ അദ്ദേഹത്തിന്റേതു മാത്രമായ ആശയങ്ങള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നവയല്ലേ? അതിനാല്‍ അനുവാചകന് വൈഷമ്യമുളവാക്കുകയല്ലേ കവിയുടെ ലക്ഷ്യം? ഇവയെല്ലാം പലപ്പോഴും ഉണ്ടാകുന്ന ചോദ്യങ്ങളളാണ്; ബാലിശങ്ങളായ ചോദ്യങ്ങള്‍. മാനസികാവസ്ഥകളെ വ്യജ്ഞിപ്പിക്കുവാന് പ്രതിരൂപങ്ങള്കൊണ്ടേ സാദ്ധ്യമാകൂ എന്ന് വിശേഷിച്ചു പറയേണ്ട കാര്യമില്ല. ആ മാനസികാവസ്ഥകളും അനുഭവങ്ങളുമാകട്ടെ പ്രതിരൂപങ്ങളുടെ കൂട്ടിയിണക്കല്കൊണ്ടു ജനിക്കുന്നവയുമാണ്; അപ്പോള്‍ പദ്യമെന്നത് അതിന്റെ ആകെക്കൂടെയുള്ള വിനിമയമത്രേ. അങ്ങനെ ചെയ്യുമ്പോള്‍ ഒരു ജനവിഭാഗം ആ കവിത ആസ്വദിക്കുന്നില്ലെങ്കില്‍ അത് കവിയുടെ തെറ്റല്ല. യഥാര്‍ത്ഥ്യത്തിന്റെ സമഗ്രമായ ദര്‍ശനത്തിന്റെ സൂക്ഷമതയും (Subtlety) സങ്കിര്‍ണ്ണതയും ബലികഴിച്ച് അനുവാചകനെ സന്തോഷിപ്പിക്കാന്‍ ഒരു കവിയും സന്നദ്ധനാകേണ്ടതില്ല. അങ്ങനെ പാടില്ലതാനും.
ഒരു തരത്തില്‍ എല്ലാ കവിതകളും സിംബോളിക്കല്‍ കവിതകളാണ്. അനുഭൂതികളെ ആവിഷ്കരിക്കാന്‍ കവി ഉപയോഗിക്കുന്ന പ്രതിരൂപം മിക്കവാറും സ്വകാര്യപരമായിരിക്കും. അതുകൊണ്ട് ഏതാണ്ടൊരു ദുര്‍ഗ്രഹതയും അവയ്ക്കു വന്നുപോയേക്കാം. വള്ളത്തോളിന്റെയും ആശാന്റെയും കാര്യം പോകട്ടെ; ചങ്ങമ്പുഴയുടെ പ്രതിരൂപാത്മകസ്വഭാവമുള്ള കവിതകള്‍ പരിശോധിച്ചുനോക്കുക. ഹൃദയത്തിന്റെ നിഗൂഢതലങ്ങളിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്ന കവിതകള്‍ ചങ്ങമ്പുഴയെപ്പോലെ മറ്റാരും എഴുതിയിയിട്ടില്ലല്ലോ? പക്ഷേ, അദ്ദേഹമുപയോഗിക്കുന്ന പ്രതിരൂപങ്ങളും സ്വകാര്യപരങ്ങളാണ്. അവയ്ക്കുമാരോപിക്കാം ദുര്‍ഗ്രഹത എന്ന ദോഷം. അനുവാചകന്മാരുടെ സംഖ്യ ഇതുകൊണ്ട് പരിമിതമാക്കുകയാണെങ്കില് അത് കവിയുടെ മാറ്റംകൊണ്ടല്ല എന്നത് വ്യക്തമത്രേ.
ഈ കാലഘട്ടത്തില്‍ നാം പലപ്പോഴും കേള്‍ക്കാറുള്ളതാണ് കവിത ആത്മാര്‍ത്ഥമായിരിക്കണമെന്നും ജനകീയമായിരിക്കണമെന്നും. ഒരു കാര്യം ശ്രദ്ധാവഹമാണ് ആത്മാര്‍ത്ഥതയുടെ പരിവേഷം ചാര്‍ത്തിയ കവിതകള്‍ ഒരിക്കലും ജനസമ്മിതിയാര്ജ്ജിച്ചിട്ടില്ല. അതിനാല്‍ കവിതയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് പൊതുജനപ്രീതി ഒരു മാനദണ്ഡമായിരുന്നുകൂടാ പലായനാത്മകത എന്നദോഷം ഏതു കവിതയിലാണ് ആരോപിക്കാന്‍ പാടില്ലാത്തതു? ഇവയെല്ലാം ഒരേ ഒരു നിഗമനത്തിലാണ് നമ്മെ നയിക്കുന്നത്. ജി. ശങ്കരക്കുറുപ്പ് ദന്തഗോപുരത്തിലിരിക്കുന്ന കവിയല്ല. കവി ആവിഷ്കരിക്കുന്ന അനുഭവത്തിന്റെ മണ്ഡലത്തിലേയ്ക്ക് കടക്കാന്‍ നിരൂപകനും ചില അനുവാചകര്‍ക്കും സാധ്യമല്ലാതെ വന്നാല്‍ അവര്‍ ദന്തഗോപുരത്തിലിരിക്കുന്നുവെന്നുവേണം പറയാന്‍. കവിതയിലെ വൈകാരികജീവിതം ആസ്വദിക്കാന്‍ അവര്‍ക്കു കഴിയാതെവന്നാല്‍ അതില്‍ അപരാധി കവിയല്ല. വിസ്മയജനകമായ ഒരു നിഗമനമായിരിക്കാമത്. പക്ഷേ അതാണ് പരമാര്‍ത്ഥം.
|
|
|