close
Sayahna Sayahna
Search

പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും ലോകങ്ങള്‍


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും ലോകങ്ങള്‍

“ഈശ്വരന്‍ എനിക്കു മാപ്പ് തരും അദ്ദേഹത്തിന്റെ ജോലി അതാണല്ലോ. ഞാന്‍, ഇനി ദൈവീകത്വമുള്ള മനുഷ്യനേയല്ല…ആദ്യത്തെ കരുനീക്കത്തില്‍ത്തന്നെ എനിക്കു രാജ്ഞിയെ നഷ്ടപ്പെട്ടു. പക്ഷേ, നിര്‍ബ്ബന്ധത്തോടുകൂടി ഞാന്‍ കളി തുടരുകയാണ്.”

ഹൈനേ എന്ന മഹാകവി അസഹനീയമായ ദുഃഖഭാരത്തോടുകൂടി പറഞ്ഞ വാക്കുകളാണ് ഇവ, സമുദായത്തിന്റെ നിശിതനിയമങ്ങള്‍ ഓസ്കര്‍വൈല്‍ഡ് എന്ന ആംഗല സാഹിത്യകാരനെ കാരാഗൃഹത്തിലേക്കു നയിച്ചു. ആ തടവുമുറിയിലിരുന്നുകൊണ്ട് അദ്ദേഹം “ഡിപ്രൊഫുണ്ടിസ്” എഴുതി. അതില്‍നിന്ന് ഒരു ഭാഗം പരിഭാഷപ്പെടുത്തുന്നു.

“നാം രൂപവത്കരിച്ചിരിക്കുന്ന സമുദായത്തില്‍ എനിക്കു സ്ഥാനമില്ല. എനിക്കു നല്‍കാനായി അതിനൊന്നുമില്ല. പക്ഷേ നീതിയുള്ളവരിലും നീതിയില്ലാത്തവരിലും ഒന്നുപോലെ തന്റെ മധുവര്‍ഷം പൊഴിക്കുന്ന പ്രകൃതി പാറക്കെട്ടുകളില്‍ എനിക്കു വിടവുകളുണ്ടാക്കിത്തരും. അവിടെ എനിക്ക് ഒളിച്ചിരിക്കാം. അവളുടെ നിഗൂഢങ്ങളായ താഴ്വരകളില്‍ ഏകാന്തമായി എനിക്കു വിഷാദിക്കാം. അവള്‍ യാമിനിയെ നക്ഷത്രങ്ങള്‍കൊണ്ടലങ്കരിക്കും. എനിക്കിപ്പോള്‍ അന്ധകാരത്തിലൂടെ ഇടറാതെ നടന്നുപോകാം. എന്റെ പാദമുദ്രകളില്‍ അവള്‍ കാറ്റ് വീശും. അപ്പോള്‍ ആര്‍ക്കും എന്നെ കണ്ടുപിടിച്ച് വേദനിപ്പിക്കാന്‍സാധിക്കുകയില്ല.”

ജീവിതത്തില്‍ തിക്തങ്ങളായ അനുഭവങ്ങളുണ്ടാകുമ്പോള്‍ ആരും ഇങ്ങനെയൊക്കെ പറഞ്ഞുപോകും. പ്രത്യേകിച്ചും വികാരലോലമായ ഹൃദയമുള്ള കലാകാരന്മാര്‍. “My days are in the yellow leaf”എന്നു പ്രഖ്യാപിച്ച ബൈറണേയും “കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്നു പാടിയ ചങ്ങമ്പുഴയേയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. ആത്മാര്‍ത്ഥ നിറഞ്ഞ ഹൃദയത്തിന്റെ പ്രതിഫലനമാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. കയ്പുള്ള സത്യങ്ങള്‍ ഇങ്ങനെ സുശക്തമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ അവയ്ക്ക് സാഹിത്യത്തില്‍ ശാശ്വതികത്വം ലഭിക്കുന്നു. ഇതുപോലെ വ്യക്തിഗതമായ ശോകത്തെ രൂപഭദ്രതയോടെ ശങ്കരക്കുറുപ്പ് ആവിഷ്കരിക്കുന്നതുനോക്കുക. നക്ഷത്രത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പാടുകയാണ്’:

“എത്ര ദൂരെയായെന്നോ നീയിപ്പൊഴെന്‍ കൗമാര-
മിത്രമേ നീ വിണ്ണിന്റെ പൈതല്‍’
നിന്റേതാം പാരമ്പര്യമാനന്ദപ്രകാശങ്ങ-
ള്ളെന്റെയോ? മലീമസതാമസവിഷാദങ്ങള്‍”

നക്ഷത്രലോകത്തിന്റെ മഹനീയത, കവി വസിക്കുന്ന ലോകത്തിന്റെ ഗര്‍ഹണീയത, ഇവ രണ്ടിനേയും പ്രഗല്ഭമായി ചിത്രീകരിക്കുന്ന ‘അന്തര്‍ദാഹ’മെന്ന കവിതയില്‍ ഉള്ളതാണ് ഈ വരികള്‍. മലയാള ഭാഷയിലുണ്ടായ മഹത്തമങ്ങളായ കവിതകളില്‍ ഒന്നാണത്. ചിന്തയുടെ ഔന്നത്യം, ശൈലിയുടെ ഗാംഭീര്യം, വികാരത്തിന്റെ തീക്ഷണത- ഈ പ്രത്യേകതകളെല്ലാം ഈ കവിതയ്ക്ക് ഒരപൂര്‍വ്വത സമ്പാദിച്ചു കൊടുക്കുന്നു.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകമാസകലം അലതല്ലിതുടങ്ങിയ നൂതനങ്ങളായ ആശയഗതികള്‍ തന്നില്‍ പ്രതികരണങ്ങളുളവാക്കിയെന്നും അതോടുകൂടിയാണ് തന്റെ കവിത ആലസ്യത്തില്‍നിന്നുണര്‍ന്നതെന്നും കവി പ്രസ്താവിച്ചിട്ടുണ്ട്. “പുരോഗമനപരമായ അഭിവാഞ്ഛയും ആദര്‍ശപരമായ ദേശാഭിമാനവും അസങ്കുചിതമായ അന്താരഷ്ട്രീയദര്‍ശനവും മനുഷ്യമഹത്വവിശ്വാസവും” കലര്‍ന്ന ഒരാശയഗതിയായിരുന്നു അതെങ്കിലും അനശ്ചിതത്വവും സംശയത്മകതയും ശോകാവേഗവും അതോടൊപ്പംതന്നെ പരന്നുകഴിഞ്ഞിരുന്നു. സംസ്കാരപരിഷ്കാരങ്ങള്‍ ജീര്‍ണ്ണിച്ചു. ആ ജീര്‍ണ്ണതയുടെ പ്രത്യക്ഷലക്ഷ്യമെന്നപോലെ ഫ്രാന്‍സില്‍ ‘എക്സിസ്റ്റെന്‍ഷ്യലിസം’ എന്നൊരു പുതിയ ദര്‍ശനം ജനനമെടുത്തു. ഷാങ്ങ്പാള്‍സാര്‍ത്ത് എന്നൊരു സാഹിത്യകാരന്‍ അതിന്റെ ഉദ്ദ്ഘോഷകനായി പ്രത്യക്ഷപ്പെട്ടു. മാനസികരോഗത്തോടു ബന്ധപ്പെട്ട ‘സര്‍ റീയലിസം’ എന്ന കലാപ്രസ്ഥാനത്തിന് പ്രസിദ്ധിയും പ്രചാരവും ലഭിച്ചു. രാഷ്ട്രീയകാര്യങ്ങളിലും ഈ ജീര്‍ണ്ണത കാണാമായിരുന്നു. വലിയ രാഷ്ട്രങ്ങള്‍ ചെറിയ രാഷ്ട്രങ്ങളെ ആക്രമിച്ചു. മനുഷ്യ സമൂഹത്തിനു മാത്രമല്ല, മാനുഷികമൂല്യങ്ങള്‍ക്കുപോലും മുറിവുപറ്റി. മുന്‍പു പറഞ്ഞ അഭിനവമായ ആശയഗതിയോടൊപ്പംതന്നെ ഈ ദുര്യോഗങ്ങളും കവിയെ ചലിപ്പിച്ചു. പിന്നീടുള്ള കവിതകളിലെല്ലാം അതിന്റെ പാടുകള്‍ കാണുന്നുണ്ട്.

കവിയുടെ മാനസികാവസ്ഥയിലേയ്ക്കും വെളിച്ചം വീശുന്ന ഒരു കവിതയാണ് ‘അന്തര്‍ദാഹം.’ തനിക്കും സമുദായത്തിനും വന്നുചേര്‍ന്ന അനര്‍ത്ഥങ്ങള്ര്യാണ് കവി അതില്‍ ചിത്രീകരിക്കുന്നതെന്നു തോന്നും. അങ്ങനെയുള്ള അനര്‍ത്ഥങ്ങള്‍ കവിയില്‍ ഏതുതരത്തിലൂള്ള ആഘാതങ്ങളാണ് ഏല്പിച്ചതെന്നും അത് അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. കവിയ്ക്കു ഗഹനങ്ങലായ പല കാര്യങ്ങളും പറയാനുണ്ട് പക്ഷേ വിഷയം ഗഹനമാകുന്നതുകൊണ്ട് ശങ്കരക്കുറുപ്പിന്റെ തൂലികയ്ക്കു ചാഞ്ചല്യമില്ല. ഉദാത്തതയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടു അദ്ദേഹം പ്രതിപാദ്യത്തിനു രൂപം നല്കുന്നു.

കവിതയ്ക്ക് അനുരൂപമായ ഒരു പശ്ചാത്തലനിര്‍മ്മിതിയോടുകൂടിയാണ് അതാരംഭിക്കുന്നത്.

“ഒച്ചയുമനക്കവും കൂടാതെ നീലാകാശ-
മച്ചകമരതകജാലം തുറന്നാരാല്‍
അന്തിതന്‍ ശമ്പളമാം കാന്തിയില്‍ ദിക്കുചക്രത്തില്‍
ചിന്തിയ് മുകിലുകള്‍ തളിര്‍ക്കാനാരംഭിക്കേ
സ്വച്ഛവും സരളവുമായ പുഞ്ചിരി തൂകി
സ്വച്ഛന്ദമൊരപസ്പരസ്സെന്നപോല്‍ സവിലാസം
ശാരദസായംകാലസൗഭാഗ്യോജ്ജ്വലഗര്‍വ്വം
താരകേ!നീ വന്നിനും നില്ക്കുന്നു യഥാപൂര്‍വ്വം

ഈ നക്ഷത്രത്തിന്റെ നയനങ്ങളിലെ സ്നേഹസീപ്തമായ കണ്ണീര്‍ ജീവനാല്‍ നുകര്‍ന്നെടുത്തത് കവിതന്നെയും വിസ്മരിച്ചിരുന്നിട്ടുള്ള നിമിഷങ്ങളുണ്ട്. പക്ഷേ അവ എന്നെന്നേക്കുമായി നഷ്ടമായിക്കഴിഞ്ഞു. ഇനി അതൊന്നു വിഭാവനചെയ്യുവാനേ സാധിക്കുകയുള്ളു. ദൃഷ്ടിക്കുമാത്രം അമൃതം പകര്‍ന്ന ഒരു പ്രതിഭാസമായിരുന്നില്ല അത്; കവിയുടെ അന്തരാത്മാവിനെപ്പോലും കോരിത്തരിപ്പിച്ച ഒരു പൂര്‍വ്വദര്‍ശനം അതു നഷ്ടപ്പെടുകയാണെന്നു പറഞ്ഞാല്‍ അലോചിക്കുവാന്‍പോലും വയ്യ. വല്ലാത്ത ഒരു ഘട്ടത്തിലാണ് കവി പെട്ടുപോയത്. അദ്ദേഹത്തിന്റെ വേദന ഇവിടെ ഹൃദയസ്പര്‍ശകമായ വിധത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

പ്രഭാപൂരിതമായ നക്ഷത്രലോകത്തെയാണ് കവി നമുക്ക് ആദ്യമായി കാണിച്ചുതരുന്നത്. അതിന്റെ ഉജ്ജ്വലവും തേജസ്സും പ്രഥമഖണ്ഡികയില്‍തന്നെ വര്‍ണ്ണിക്കപ്പെട്ടു. തുടര്‍ന്നു വര്‍ണ്ണിക്കാന്‍ പോകുന്ന ഭൂതലോകത്തിന്റെ അന്ധകാരനിബന്ധതേയും ഭയാനകതയേയും അനുവാചകഹൃദയത്തില്‍ മുദ്രണംചെയ്യാന്‍ അതുപകരിക്കുന്നു.

കവിതയുടെ രണ്ടാമത്തെ ഭാഗം നഷ്ടപ്പെട്ടതിന്റെ സ്വഭാവം ഒന്നുകൂടി സ്പഷ്ടമാക്കുകയാണ്.

പ്രകൃതിയുടെ രാമണീയത്തിലേക്ക് കവി അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നു. പച്ചമേടുകള്‍, മഞ്ഞപ്പ…ശോഭകലര്‍ന്ന പാടങ്ങള്‍, നീലിമചേര്‍ന്ന മൈതാനപ്പുരകള്‍മ് ഇവയ്ക്കെല്ലാം ഇന്നു കവിയുടെ പാദപാതത്താലുണ്ടാകുന്നിടത്തോളം വേദന നിശ്ചലമായും അക്കാലത്ത് ഉണ്ടായിരിക്കില്ല. സുന്ദരങ്ങളായ രൂപങ്ങള്‍ കാണുമ്പോള്‍, ആനന്ദകരങ്ങളായ നാദങ്ങള്‍ കേള്‍ക്കുമ്പോള്‍ കവി തുള്ളിപ്പോകുന്നു. അന്ന് താനൊരു കുമാരനാണ്. പ്രാവുകളൊടൊരുമിച്ച് ചിറകു വിടര്‍ത്തും. പൂക്കളോടൊരുമിച്ച് നൃത്തം വയ്ക്കും. “ചോലയായ് ക്കൈക്കോര്‍ത്തിപ്പാടി” വിഹരിച്ചകാലം. പക്ഷേ ചേതോമോഹനമായ ആ കാലം വീണ്ടും സമാഗതമായിരിക്കുകയില്ല. വളരെ വര്‍ഷങ്ങള്‍ങ്ങള്‍ക്കുമുമ്പ്, ശങ്കരക്കുറുപ്പെഴുതിയ “ശൈശവമെന്ന ഗീതകം ഈ കവിതയുടെ ആവിര്‍ഭാവത്തെ മുന്‍കൂട്ടി കണ്ടുവെന്നു തോന്നുന്നു. പുത്തിലഞ്ഞിയുടെ കൊമ്പില്‍ കയറി നിന്നു അകാശത്തെ തൊടാന്‍ ശ്രമിക്കുന്ന ബാല്യകാലം. ഗിരി പിന്നാലെനിന്നു കൈനീട്ടിയാലും ചന്ദ്രന്‍ കള്ളച്ചിരിയോടുകൂടി ഓടിപ്പോരും. വൃദ്ധയായ മാതാവിന്റെ നരകലര്‍ന്ന ജട ചിക്കിനല്കാറുണ്ട് ആ ചന്ദ്രന്‍; കൂട്ടിന് കവിയേയും വിളിക്കും. ആ കിഴവനാകട്ടെ, വിറയ്ക്കുന്ന ചില്ലക്കൈകള്‍കൊണ്ടു ആ രാവിന്‍കുമാരനെ തലോടാറുണ്ട്. ഇതൊക്കെ ബാല്യകാലത്തിലാണ്. ഇന്ന് താരുണ്യം എല്ലാം നശിപ്പിച്ചുകഴിഞ്ഞു. ഈ ആശയത്തിന്റെ വികസിതരൂപമാണ് ‘അന്തര്‍ദാഹ’ത്തില്‍ കാണുന്നത്. ഒരിക്കലുണ്ടായിരുന്ന ഒരാനന്ദാനുഭൂതി ഒഴിഞ്ഞുമാറുന്ന കിനാവായി രൂപാന്തരപ്പെടുന്നത് രണ്ടു കവിതകളിലും ചിത്രീകരിക്കപ്പെടുന്നു. പ്രകൃതിയെസംബന്ധിച്ചുണ്ടായ ഒരാനന്ദം നഷ്ടപ്പെടുന്നത് രണ്ടിന്റേയും സ്വഭാവമാണ്. നമുക്ക് ‘അന്തര്‍ദാഹ’ത്തിലേക്കുതന്നെ മടങ്ങാം. മൂന്നാമത്തെ ഭാഗം ആ താരകം കവിയുടെ ജീവിതത്തിനു രൂപാന്തരം വരുത്തിയതെങ്ങനെയെന്നു വ്യക്തമാക്കുന്നു. അന്ന് കവി എല്ലാവര്‍ക്കും സ്നേഹഭാജനമാണ്. നക്ഷത്രങ്ങളും പൂക്കളും മിത്രങ്ങളാണ്. താരകയുടെ പ്രസന്നാര്‍ദ്രഭാവങ്ങള്‍ കൂടിച്ചേര്‍ന്ന മൗനഗാനങ്ങള്‍ സത്യസൗന്ദര്യങ്ങളുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച കവിയുടെ മനസ്സിനെ ധ്യാനനിര്‍വൃതമാക്കി. എന്നുമാത്രമല്ല; അതിന്റെ ആത്മാവോടുചേര്‍ത്ത് പാഴ്മണ്ണിന്റെ ഒരു പരിണാമമായ ആ കുമാരനെയും കവിയാക്കി മാറ്റി. വയലിന്റെ വക്കിലുള്ള കൊച്ചുമുക്കുറ്റിപ്പൂവ് നക്ഷത്രത്തിന്റെ രശ്മികള്‍ പതിഞ്ഞു സ്വയം ശോഭിക്കുന്ന മറ്റൊരു നക്ഷത്രമായി പരിണമിച്ചതുപോലെയായിരുന്നു അത്. ഇപ്പോഴാകട്ടെ, ഇങ്ങനെ വിലപിക്കുവാനേ മാര്‍ഗ്ഗമുള്ളു.

“കാലത്തിന്‍ മാര്‍ഗ്ഗത്തിങ്കല്‍ പിന്നോക്കം
പോകുനാര്‍ക്കും
മേലല്ലോ; യാത്രക്കാര്‍ക്കു പോയതെന്നേക്കും പോയി”

ഇങ്ങനെപൊയ്പോയത് എന്താണ്? സൗന്ദര്യമാണോ? ആണെന്നു പറയാവതല്ല പ്രകൃതി ഇപ്പോഴും സുന്ദരംതന്നെ. അതിന്റെ ഹൃദയഹാരിയാം വിധത്തില്‍ കവി വര്‍ണ്ണിക്കുന്നുണ്ട്. നഷ്ടപ്പെട്ടത് ഒരു ധര്‍മ്മമത്രേ; Quality എന്ന ഇംഗ്ലീഷില്‍ പറയാം. ആദ്യത്തെ മൂന്നു ഖണ്ഡികകളില്‍ കവി പ്രദര്‍ശിപ്പിക്കുന്ന കലാകൗശലം അസധാരണമാണ്. ഒന്നാമത്തേതില്‍, ദൃഷ്ടിഗതങ്ങളായ കാര്യങ്ങള്‍ക്കാണ് പ്രധാന്യമെങ്കില്‍, രണ്ടാമത്തെ ഖണ്ഡികയില്‍ ശബ്ദത്തിനും ചലനത്തിനുമാണ് പ്രാധാന്യം. താരകയെ കാണുന്നത് നയനാന്ദകമാണ്. രമ്യങ്ങളായ നാദങ്ങള്‍ കേള്‍ക്കുന്നത് അതുപോലെ നിര്‍വൃതികരവും. പ്രാവുകളോടൊന്നിച്ചു ചിറകുവിടര്‍ത്തുന്നതും പൂവുകളോടൊന്നിച്ചു തെന്നലില്‍ നൃത്തം വെയ്ക്കുന്നതും ചലനമെന്ന ചേഷ്ടയോടെ ബന്ധപ്പെട്ടിരിക്കുകയാണ്. ഒടുവില്‍ കുമാരന്റെ വ്യക്തി ധര്‍മ്മത്തിനുതന്നെ മാറ്റം വരുന്നു. ഇങ്ങനെ കണ്ണിനും കാതിനും മനസ്സിനും മറ്റിന്ദ്രിയങ്ങള്‍ക്കും ജനിക്കുന്ന ആനന്ദം വര്‍ണ്ണിച്ചത്, തുടര്‍ന്ന് പ്രതിപാദിക്കാന്‍ പോകുന്ന വിഷാദത്തിന്റെ തീക്ഷണത വര്‍ദ്ധിപ്പിക്കാനാണ്. ഭൂമണ്ഡലത്തിലെ ദര്‍ശനങ്ങള്‍ ജുഗുപ്സാവഹം, ഇവിടെത്ത നാദങ്ങള്‍ കര്‍ണ്ണ‍കഠോരം, ചലങ്ങള്‍ ബിഭത്സങ്ങള്‍, ആത്മാവിന് ഉന്നമനമില്ല, അധ:പതനമാണ് സംഭവിക്കുക. ഈ അന്തരം അനുവാചകഹൃദയത്തില്‍ മുദ്രണം ചെയ്യുവാനാണ് കവിയുടെ യത്നം. അതിലദ്ദേഹം വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.

പ്രഭാതരളിതമായ ഒരു ലോകമാണ് ഇതുവരെ ആലേഖനം ചെയ്യപ്പെട്ടത്. സൗന്ദര്യത്തിന്റെ മയൂഖമാലകള്‍ പ്രസരിപ്പിക്കുന്ന ലോകം. കാന്തിതരംഗിതമായ ആ ലോകത്തില്‍ നീന്തിത്തുടിക്കുന്ന അനുവാചകന്‍ അറിയാതെ തന്നെ അന്ധകാരജടിലമായ ഭൂഖണ്ഡത്തിലേക്ക് ചെന്നുചേരുന്നു. നക്ഷത്രലോകത്തിന്റെ ഒരു വൈരുദ്ധ്യമെന്നപോലെയാണ് തമോവൃതമായ ഭൂലോകത്തിന്റെ കാഴ്ച നമുക്കു ലഭിക്കുന്നത്. ശോകത്താല്‍ ആക്രമിക്കപ്പെട്ട് അനുനിമിഷം പൊടിഞ്ഞു തകരുന്ന ലോകം. ഇവിടെ ആ താരക ഇറങ്ങിയാല്‍ ഒരു ദിവസംകൊണ്ടു നരച്ചുപോകും; അതിന്റെ ആത്മാവ് മരിച്ചു മണ്‍കട്ടയായിപ്പോകും. ഘനീഭവിച്ച കണ്ണീരാണ് ഈ ഭൂതലം; രക്തം തണുത്തുറച്ചതാണ് ഇവിടത്തെ പാറക്കെട്ടുകള്‍. ഈ ഭൂമിയെ പുതുക്കുവാന്‍ ശ്രമിച്ച കൈയുകള്‍ ജീര്‍ണ്ണിച്ചിട്ടേയുള്ളു. അവരുടെ സുന്ദരസങ്കല്പങ്ങള്‍ പുഷ്പിച്ചിട്ടില്ല. സംസ്കാരത്തിന്റെ ചെടികള്‍ വളരുകയും നശിക്കുകയും ചെയ്തു. ഒന്നു മാത്രമേ ശാശ്വതത്സമായുള്ളു; ദു:ഖം

പ്രകാശത്തിനും അന്ധകാരത്തിനും ഈ കവിതയില്‍ തുല്യപ്രാധാന്യമുണ്ട്. ഇരുട്ട് എത്ര നിഷിദ്ധമാണെന്ന് വ്യക്തമാക്കാന്‍ വെളിച്ചം ഉപകരിക്കുന്നു. പ്രകാശത്തിന്റെ മഹാത്മ്യം തെളിയിക്കാന്‍ ഇരുട്ടും പ്രയോജനപ്പെടുന്നു. ഒരു യഥാര്‍ത്ഥ്യത്തിലേക്കു നാം കടന്നു ചെല്ലുന്നു. ദു:ഖം അയവിറക്കാനല്ല നല്ല കവി ആ നക്ഷ്ത്രത്തിന്റെ മുന്‍പില്‍ നിന്നത്; ആശ്വസിക്കാന്‍ മാത്രമാണ്. അതിന്റെ രശ്മിയില്‍ക്കൂടി ചക്രവാളത്തിലെത്താനാണു കവിയുടെ ആത്മാവ് ഇന്നും വെമ്പുന്നത്. ഏതായാലും ജീവനില്‍ ചൈതന്യം വര്‍ഷിക്കുന്ന അതിന്റെ ലാവണ്യം അതു (താരകം) മായ്ക്കാതിരിക്കട്ടെ എന്നു ആശംസിച്ചു കൊണ്ടു കവിത അവസാനിപ്പിക്കുന്നു.

പരസ്പരവിരുദ്ധങ്ങളായ രണ്ടു ലോകങ്ങളേ നമുക്കു പ്രത്യക്ഷമാക്കിത്തരുന്നതിലാണ് ഈ കവിതയുടെ വൈശിഷ്ട്യമിരിക്കുന്നതെന്നു സൂചിപ്പിച്ചു. (കവിയെ സംബന്ധിച്ചിടത്തോളം) അദ്യത്തേതു കര്‍ത്തൃനിഷ്ഠവും രണ്ടാമത്തേത് പദര്‍ത്ഥനിഷ്ഠവും ആണ്. ആറാമത്തെ ഖണ്ഡികയില്‍ വേദനാജനകമായ ഒരു ‘ആന്‍റി ക്ലൈമാക്സ്” (Anti olimax) ഉണ്ടെങ്കിലും മഹത്തായ കവിത എന്ന ബഹുമതി ‘അന്തര്‍ദാഹ’ത്തിനു നല്കാം.

മനുഷ്യജീവിതത്തിന്റെ വേദനകളെപ്പറ്റിയാണ് ഇതില്‍ പാടിയിട്ടുള്ളതെങ്കിലും ഈ കവിതയ്ക്ക് ഒരന്തരാര്‍ത്ഥം കൂടിയുണെന്ന് എനിക്കു തോന്നുന്നു. അതു ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതം സശ്രദ്ധം പഠിപ്പിച്ചതിന്റെ ഫലമായുണ്ടായ ഒരു നിഗമനമാണ്. ഒരു പ്രകൃത്യപാസകനായിട്ടാണ് ശങ്കരക്കുറുപ്പ് കലാക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്.

“നീരന്ധ്രനീല ജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളര്‍വില്ല വരച്ചുമാച്ചും
നേരറ്റ കൈവളകളാല്‍ ചിലമിന്നല്‍ ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കുകൂപ്പാം.”

എന്ന പ്രാര്‍ത്ഥനാഗാനമാണ് അദ്ദേഹം ആദ്യമായി പാടിയത്. പ്രകൃതിയില്‍നിന്നു അദ്ദേഹം പ്രചോദനം കൈവരിച്ച പ്രകൃതിയുടെ സാന്നിദ്ധ്യം ഓരോ നിമിഷവും അദ്ദേഹത്തിനു ബോധപ്പെട്ടു ‘സാഹിത്യകൗതുകം’ മുതല്‍ ‘സൂര്യകാന്തി’വരെയുള്ള കൃതികള്‍ പ്രകൃതിയുടെ ഈ ശക്തി വിശേഷത്തെയും മാന്ത്രികപ്രഭാവത്തെയും വിശദമാക്കുന്നു. സൂര്യകാന്തിക്ക് ശേഷമാണ് കാവ്യപരമായും ചിന്താപരമായും പരിവര്‍ത്തനമുണ്ടാകുന്നത്. പ്രകൃതിയോടുണ്ടായ ഔന്മുഖ്യം അതിനുശേഷം നഷ്ടപ്പെട്ടുപോയി എന്നുതന്നെ കരുതാം. ഇടയ്ക്കിടയ്ക്ക് “പ്രകൃതിയുടെ സാന്മാര്‍ഗ്ഗിക പ്രചോദനം ലഭിച്ചിരുന്നുവെങ്കിലും അതു അനുസ്യൂതമായിരുന്നു എന്നു പറയാന്‍ സാധിക്കുകയില്ല. സൂര്യകാന്തിയില “ശൈശവ”മെന്ന ഗീതകമെഴുതിയപ്പോള്‍ തന്നെ തനിക്ക് ഇതു കൈവിട്ടുപോകുമെന്ന് കവിക്ക് അബോധാത്മകമായിട്ടെങ്കിലും അറിയാമായിരുന്നു. ഈ അബോധാത്മകമജ്ഞാനം (Unconscious knowledge) കൊണ്ടാണ് “ക്രൂരതാരുണ്യം വന്നതെന്തിനെന്‍ ബാല്യത്തിന്റെ ദൂരദര്‍ശിനി തട്ടിപ്പറിപ്പാനസൂയാലൂ!” എന്ന് അദ്ദേഹം പ്രസ്താവിച്ചത്. “അന്തര്‍ദാഹ”ത്തിലെത്തിയ ശങ്കരക്കുറുപ്പിന് നൂതനമായ ഒരു പ്രതിസന്ധിഘട്ടം നേരിടേണ്ടിയിരിക്കുന്നു. പ്രകൃതിയുമായി തനിക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന ബന്ധം ഇല്ലാതെയായിപ്പോയതില്‍ അദ്ദേഹം വിഷാദിക്കുകയാണ്. നക്ഷത്രം പ്രകൃതിയുടെ പ്രേമവും ദേശാഭിമാനവുമായിരുന്നു, ആരംഭത്തില്‍ എന്റെ കവിതയുടെ ജീവനാഡികളെന്നു തോന്നുന്നു. പ്രകൃതിയുടെ ആകര്‍ഷണം അതിനോടുണ്ടായ അടുപ്പം, പ്രകൃതിയുമായി അനുഭവപ്പെട്ട ഐക്യം, പ്രകൃതിയില്‍ക്കൂടി അതിന്റെ പിറകിലുണ്ടെന്നു തോന്നിയിരിക്കുന്ന ചൈതന്യത്തോടുദിച്ച ആഭിമുഖ്യം-വാസ്തവത്തില്‍ ഇതല്ലാമാണ് സാഹിത്യത്തിന്റെ ഒതുങ്ങിയ മൂലയില്‍ എനിക്കു കടന്നിരിപ്പാന്‍ ഇടംകാണിച്ചുതരുന്നത്” എന്ന് കവി പ്രസ്താവിച്ചിട്ടുള്ളത് ഈ അവസരത്തില്‍ സ്മരണീയമാണ്. തന്നെ കവിയാക്കി മാറ്റിയ പ്രകൃതിയെക്കൂറിച്ച് അദ്ദേഹം അന്തര്‍ദാഹത്തില്‍ പറയുന്നതു കേള്‍ക്കുക:

തുമയേറും നീ നിന്റെ യാത്മാവാവോടൊട്ടിച്ചന്നീ
പാഴ്മണ്ണിന്‍ നികാരമമന്നയും കവിയാക്കി”

ഇങ്ങനെ തനിക്കാകെ ഒരു പരിവര്‍ത്തനം വരുത്തിയ പ്രകൃതിയോടുള്ള ബന്ധം വേര്‍പെട്ടുപോയതിന്റെ ഫലമായുണ്ടായ ദുസ്സഹ ദു:ഖത്തിന്റെ ആവിഷ്കരണമാണ് ഈ കവിതയെന്ന് എനിക്ക് തോന്നുന്നു. ആ ബന്ധമുണ്ടായിരുന്നപ്പോള്‍ അദ്ദേഹം എല്ലാര്‍ക്കും സ്നേഹഭാജനമാണ്. നക്ഷത്രങ്ങളും പൂക്കളും മിത്രങ്ങളാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും അധ്വാവില്‍ സഞ്ചരിച്ചിരുന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം. പ്രകൃതി നല്കിയ സാന്മാര്‍ഗ്ഗികശക്തി നശിച്ചപ്പോള്‍, അതു പ്രദാനം ചെയ്തിരുന്ന ഔന്നത്യം നഷ്ടപ്പെടപ്പോള്‍; മലീമസങ്ങളായ താമസവിഷാദങ്ങളെക്കുറിച്ചു പാടുവാന്‍ കവി നിര്‍ബ്ബന്ധിതനായി. ഭാവനയുടെ ലോകങ്ങള്‍ കവിക്കു തുറന്നു കൊടുത്തിരുന്ന പ്രകൃതി അതിദൂരം അകന്നു നില്ക്കുകയാണ്. അതുകൊണ്ട് കവി തരളഹൃദയനായി അവളോട് അപേക്ഷിക്കുകയാണ്.

“ജീവനില്‍ നവോന്മേഷ-
ചൈതന്യം പെയ്യും നിന്റെ-
ലാവണ്യം മായ്ക്കായെന്നുമാത്രം
ഞാനാശംസിപ്പൂ!”

ഇതാണ് കവി ചെന്നുചേര്‍ന്നിരിക്കുന്ന പ്രതിസന്ധി ഘട്ടം. പ്രകൃതിഗായകനായ ശങ്കരക്കുറുപ്പും മനുഷ്യകഥാനുരാഗിയായ ശങ്കരക്കുറുപ്പും തമ്മില്‍ ഒരു സംഘട്ടനം നടക്കുന്നു. പ്രകൃതിയുടെ സന്നിധാനത്തില്‍ കവിയുടെ മാനുഷികവികാരങ്ങള്‍ കൂടുതല്‍ ചഞ്ചലങ്ങളാകുന്നു. ആ വികാരങ്ങള്‍ക്കു മഹാത്മ്യമേറും. നക്ഷത്രത്തിന്റെയും പങ്കജത്തിന്റെയും ജീവിതത്തില്‍ വിലയംപ്രാപിച്ച് അവയുടെ ഭാഷയില്‍ സംസാരിക്കുവാനണ് അദ്ദേഹത്തിനു കൂടുതലിഷ്ടം. അപ്പോള്‍ കവി ഇത്രയും കാലംവരെ പ്രദര്‍ശിപ്പിച്ച ‘ഹ്യൂമനിസം’ ഒരു കപട നിര്‍മ്മോകുമോ? അങ്ങനെ തന്നെയെന്നു തീര്‍ത്തുപറഞ്ഞുകൂടാ. എങ്കിലും അന്തര്‍ദാഹമെന്ന കവിതയില്‍ നാം കാണുന്ന കവി ‘ഹ്യൂമനിസ’ ത്തെക്കാള്‍“നാച്ചുറലിസ”ത്തെ ആദരിക്കുന്നു. അതു ശുഭാവഹമായ ഒരു നിഷ്ക്രമണമാണോഎന്ന കാര്യം പ്രത്യേക പരിഗണനയെ അര്‍ഹിക്കുന്ന ഒന്നാകയാല്‍ അവിടെ പര്യാലോചിക്കേണ്ടതില്ല.