സര്‍ദാര്‍ കെ. എം. പണിക്കരുടെ കവിത
ആധുനിക മലയാളകവിത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | ആധുനിക മലയാളകവിത |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പി.കെ ബ്രദേഴ്സ്, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 226 |
സര്‍ദാര്‍ കെ. എം. പണിക്കരുടെ കവിത[1]
കുമാരനാശാനെയും വള്ളത്തോളിനെയും കേരളീയര്‍ മഹാകവികളായി പരിഗണിക്കുന്നു. അത് ആ കവികളുടെ വ്യക്തിഗതമായ മഹത്വംകൊണ്ടു മാത്രമല്ല;അവരുടെ കൃതികള്‍ വായിക്കുന്ന കേരളീയരും മഹാന്മാരായതുകൊണ്ടാണ്. സാഹിത്യം ജനഹൃദയങ്ങളിലിരിക്കുകയാണെന്നു നാം ഓര്‍മ്മിക്കണം. പ്രതിഭാശാലികള്‍ അതിനു പ്രകാശം നല്‍കുന്നതേയുള്ളു. അവര്‍ തങ്ങളുടെ അനുഭൂതികള്‍ക്കു രൂപം കൊടുക്കന്നതോടൊപ്പം അനുവാചകരുടെ അനുഭൂതികള്‍ക്കു രൂപം പ്രദാനം ചെയ്യുകയാണ്. “പ്ലേറ്റോയുടെ കൃതികളിലൂടെ ഞാന്‍ കേട്ടത് എന്റെ ആത്മാവിന്റെ ശബ്ദം തന്നെയാണ്” എന്നു പറഞ്ഞ നിരൂപകനും ഈ തത്ത്വം ഭംഗ്യന്തരേണ പ്രഖ്യാപനം ചെയ്യുന്നു. കവികള്‍ക്കു ലഭിച്ച പ്രശസ്തി, അവരുടെ കൃതികളെ അനുവാചകന്‍ കൃതജ്ഞത്യോടെ സ്വീകരിച്ചു എന്നത് സൂചിപ്പിക്കുകയാണ്. സ്വര്‍ഗ്ഗപ്രവര്‍ത്തനംകൊണ്ടു ശാശ്വതികത്വത്തിലേക്ക് ചെന്നിട്ടുള്ള ഏതു മഹാകവിയെക്കുറിച്ചു പറഞ്ഞാലും ഇത് ശരിയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മറ്റു തരത്തില്‍ മഹാകവികളായവരും നമുക്കുണ്ട്. മനുഷ്യഹൃദയത്തിന്റെ അഗാധതലങ്ങളില്‍ സ്പര്‍ശിക്കുന്ന ഒരു വരിപോലുമെഴുതാതെ അവര്‍ മഹാകവികളായിരിക്കുകയാണ്. അവര്‍ക്ക് അനുവാചകന്റെ അംഗീകാരം ആവശ്യമില്ല. കവിതയെന്ന്, കവിയും അനുവാചകനും തമ്മില്‍ നേരിട്ടുള്ള ബന്ധം പുലര്‍ത്തുന്ന കലയാണെന്ന് അവര്‍ സമ്മതിച്ചുതരുകയുമില്ല. ചില വിമര്‍ശകന്മാര്‍ അവരെ മഹാകവികളായികൊണ്ടാടുകയാണ്.അതു സാധാരണക്കാരായ നമ്മെക്കൊണ്ടു അംഗീകരിപ്പിക്കുവാന്‍ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഉദാസീനമനോഭാവത്തോടുകൂടി ആരെങ്കിലും മൗനമവലംബിച്ചാല്‍ അവരുടെ ആക്രോശം വര്‍ദ്ധിക്കുകയായി. വിമര്‍ശകന്മാരുടെ ഈ അട്ടഹാസം രൂക്ഷതരമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്താണിതിനു തെളിവെന്നു ചോദിച്ചാല്‍, അതിനു ഉത്തരം നല്‍കുവാന്‍ ഒരു പ്രയാസവുമില്ല. അടുത്തകാലത്ത് സര്‍ദാര്‍ കെ. എം. പണിക്കര്‍ പ്രസിദ്ധപ്പെടുത്തിയ “തിരെഞ്ഞെടുത്ത കവിതകള്‍” എന്ന കാവ്യസമാഹാരഗ്രന്ഥവും അതിനു ഡാക്ടര്‍ എസ്.കെ. നായര്‍ എഴുതിയിട്ടുള്ള അവതാരികയും അവരൊന്നു വായിച്ചുനോക്കട്ടെ. ഒരു പുതിയ മഹാകവിയെ സൃഷ്ടിക്കുവാനുള്ള വിമര്‍ശകന്റെ സാഹസികത്വം നിങ്ങള്‍ക്ക് ആ അവതാരികയില്‍ കാണാം. കെ. എം.പണിക്കര്‍ മഹാകവിയാണെന്നു മാത്രമല്ല, മഹാകവികളില്‍, മഹാകവിയാണെന്നുവരെ അവതാരകന്‍ അഭിപ്രായപ്പെടുന്നുണ്ട്. ലജ്ജകൊണ്ടു ചൂളിപ്പോകുകയില്ലെന്നു ആത്മവിശ്വാസമുള്ള വായനക്കാര്‍ക്ക് ആ അവതാരികയൊന്നു വായിച്ചുനോക്കാം. അതിലെ ചില വാക്യങ്ങള്‍ ഞാനുദ്ധരിക്കട്ടെ.
1. “സര്‍ദാര്‍ പണിക്കര്‍ മലയാളസാഹിത്യത്തിലെ ഒരു സ്ഥാപനമാണ്; പോരാ, മഹാസ്ഥാപനമാണ്- തികഞ്ഞ വ്യക്തിത്വത്തോടുകൂടിയ ഒരു മഹാസ്ഥാപനം. ഒരു കാലത്തിന്റെയോ ദേശത്തിന്റെയോ നിര്‍ണ്ണിതവലയത്തില്‍ തങ്ങിനില്ക്കാത്ത കവിത്വശക്തികൊണ്ടു അനുഗ്രഹീതരായവര്‍ അംഗുലീപരിമിതമാണ് മലയാളക്കരയില്‍.”
2. “…രണ്ടുമൊരുപോലെ സാധിച്ച മഹാ സത്വനാണ് സര്‍ദാര്‍ കെ. എം.പണിക്കര്‍.”
3. “സര്‍ദാറിന്റെ സാഹിത്യസേവനചരിത്രം തന്‍ മൂലം മലയാളസാഹിത്യത്തിന്റെ മധ്യകാലഘട്ടംമുതല്‍ അത്യന്തഭവിഷത്തുവരെയുള്ള ചരിത്രമായി പരിണമിക്കുന്നു.”
4. “മലയാളത്തില്‍ പിറന്ന മഹാകവികളില്‍ പലരുടേയും ശബ്ദവിന്യാസരീതി സര്‍ദാര്‍ കവിതകളില്‍ മാറിമാറി വരുന്ന കാഴ്ച കാണാം. കഥകളിലൂടെ കാഠിന്യവും ചമ്പുവിന്റെ ഗാംഭീര്യവും ഗാഥയുടെ ശാലീനതയും തുള്ളല്‍ക്കവിതകളുടെ ഒഴുക്കും വള്ളത്തോള്‍ കവിതയുടെ മിനുമിനുപ്പും ആശാന്‍കവിതയ്ക്കും കെട്ടുറപ്പും അതാതിടങ്ങളില്‍ വിഷയഭേദമനുസരിച്ചു ഭാവുകക്ക് കാണാം”
എങ്ങിനെയിരിക്കുന്നു? സര്‍ദാര്‍ പണിക്കര്‍ മഹാകവിത്വംകൊണ്ട് അനുഗ്രഹീതനാമെന്നുമാത്രമല്ല, ഇന്നുവരെയുണ്ടായിട്ടുള്ള മലയാളകവികളുടെ എല്ലാ സിദ്ധിവിശേഷങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു എന്നുകൂടി ഡാക്റ്റര്‍ എസ്സ്. കെ. നായര്‍ ഒരു സങ്കോചവും കൂടാതെ പ്രസ്താവിക്കുകയാണ്. എസ്. കെ. നായരുടെ ഈ വാദഗതി ഞാന്‍ മുന്‍പു പറഞ്ഞ വിമര്‍ശകരുടെ വാദഗതിയോടു സൗമുഖ്യം ലഭിക്കുന്നതാണെന്ന കാര്യത്തില്‍ എന്തുണ്ടു സംശയം? ഇങ്ങനെ അത്യുക്തിജഡിലങ്ങളായ പ്രസ്താവനകള്‍കൊണ്ടു സമാകീര്‍ണ്ണമാണ് അവതാരിക കെ. എം. പണിക്കരെ ഒരു മഹാപുരുഷനായി അവതരിപ്പിച്ചിട്ടേ താനടങ്ങുകയുള്ളു എന്നാണ് അവതാരകന്റെ നിലപാട്. നമുക്ക് ആ നിര്‍ബന്ധമില്ല. ഏതായാലും ഈ പ്രസ്താവനകളില്‍ സത്യത്തിന്റെ കനികയെങ്കിലുമുണ്ടോ എന്നു പരിശോധിക്കാം. അതിനു നാം കെ. എം പണിക്കരുടെ കവിതയെയാണ് സമീപിക്കേണ്ടത്.
കവിതയുടെ സ്വഭാവം, ഉദ്ദേശ്യം, പരമമായ ഫലം എന്നിവയെക്കുറിച്ചു വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ടായിട്ടുണ്ടെങ്കിലും, കവിത വികാരാവിഷ്കണം നിര്‍വഹിക്കേണ്ടതാണെന്ന കാര്യത്തില്‍ എല്ലാ സാഹിത്യനിരൂപകന്മാരും യോജിക്കുകയാണ്. ആ വികാരത്തിന് അടിസ്ഥാനപരമായി വര്‍ത്തിക്കുന്ന ആശയം നിയന്ത്രണം നല്കുന്നു. ഈ വികാരത്തിന്റെയും ആശയത്തിന്റെയും സങ്കലനം ചലനാത്മകത്വം ഉള്‍ക്കൊള്ളുന്നു. അത് അനുവാചകന് മാനസികോന്നമനം നല്കുകയും ചെയ്യുന്നു. ഇതൊക്കെ മൗലികങ്ങളായ കാര്യങ്ങളാണ്. കലാസൃഷ്ടി അനുവാചകനില്‍ ആധിപത്യം പുലര്‍ത്തുമെന്നു ഓസ്കര്‍ വൈല്‍ഡ് പറയുന്നത് കവിതയുടെ ഈ മുഖ്യാംശങ്ങളെ മനസ്സില്‍വെച്ചുകൊണ്ടാണ്. ഏതു കവിതയിലെയും പ്രധാന പ്രമേയം ഒരു വികാരമായതുകൊണ്ട് അതു വായിക്കുന്ന അനുവാചകന്‍തന്നെ താല്കാലികമായി കവിയായി മാറിപ്പോകുന്നുണ്ട്. കാരണം, സ്വര്‍ഗ്ഗപ്രവര്‍ത്തനത്തിന് ഉദ്യുക്തനായ കവിയുടെ പ്രക്ഷുഭാവസ്ഥയ്ക്ക് അനുവാചകനും വിധേയനായിത്തീരുന്നു എന്നതാണ്. അങ്ങനെ രണ്ടുപേരും ഒരേ അവസ്ഥയില്‍ വന്നുചേരുന്നതിനാല്‍ അവര്‍ക്കു തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഉത്തമങ്ങളായ കവിതകള്‍ വായിക്കുമ്പോള്‍ നാം നമ്മെത്തന്നെ മറന്നുപോകുന്നത് ഇതുകൊണ്ടാണ്. സര്‍ദാര്‍ പണിക്കരുടെ കവിതകള്‍ ഈയൊരനുഭവം സംജാതമാക്കുന്നില്ല. ആശാന്റെയും വള്ളത്തോളിന്റെയും ശങ്കരക്കുറുപ്പിന്റെയും കവിതകള്‍ വായിക്കുന്ന അവസരത്തില്‍ അഗ്നി പടര്‍ന്നു പിടിക്കുന്നതുപോലെയുള്ള ഒരു തോന്നലുണ്ടാകാറുണ്ട്. മറിച്ചാണ് ഇവിടുത്തെ അനുഭവം. മഞ്ഞുകട്ട തൊട്ടാലെന്നപോലെ നിങ്ങളുടെ ശരീരവും ആത്മാവും ഒന്നുപോലെ മരവിഛ്കുപോകുന്നു. ഒരു ഉദാഹരണം:
“കാണേണമെന്‍കണ്ണിലോമനക്കണ്ണനെ,-
ക്കാരുണ്യരാശിയാം കാര്‍വര്‍ണ്ണനെ,
പീലികള്‍ ചാര്‍ത്തിയ വാര്‍മുടിയുള്ളോനെ,
ച്ചേലില്‍ കിരീടം ധരിച്ചവനെ,
വായ്‌പുറ്റനെറ്റിമേല്‍ തൊട്ടോരു പൊട്ടൊട്ടു
വേര്‍പ്പിനാല്‍ മാഞ്ഞുവിളങ്ങുവോനെ,…
കവിയുടെ ഭക്തിയെന്ന വികാരം ഉല്ക്കടമായിരുന്നുവെങ്കില്‍ നിശ്ചയമായും കവിതയ്ക്ക് ഈ ദുസ്ഥിതി വരുമായിരുന്നുല്ല. നിരീശ്വരന്മാര്‍ക്കുപോലും ഭക്തിവികാരത്തിന്റെ രൂപഭദ്രമായ ആവിഷ്കരണം രസാനുഭൂതിയുളവാക്കും. ഇതെഴുന്ന ആളിനു വ്യക്തിഗതനായ ഒരീശ്വരനില്‍ വിശ്വാസമില്ല. ശ്രീകൃഷ്ണന്‍ എന്നൊരു വ്യക്തി ഒരു കാലത്തു് ജീവിച്ചിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും മഹാകവി വള്ളത്തോള്‍,
പീലികള്‍ തിരുകിയ കാര്‍കുഴല്‍ക്കെട്ടും നല്‍പ്പൊ-
ന്നേലസ്സു കിലുങ്ങിടുമരയില്‍ മഞ്ഞപ്പട്ടും
ചെന്തളിര്‍ക്കൈയ്യിലൊരു കൊച്ചോടക്കുഴലും-ഹാ
ഹന്ത! കൈതൊഴാം തൊഴാമമ്പാടിമണിക്കുഞ്ഞേ!
എന്നു് ഉണ്ണിക്കൃഷ്ണനെ വര്‍ണ്ണിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വിസ്മരിക്കുന്നു. വള്ളത്തോളിന്റെ ഈ നാലുവരികളും എസ്. കെ. നായരുടെ മഹാകവി എഴുതിയ ആ ആറു് വരികളും ഒന്നു തട്ടിച്ചുനോക്കേണ്ടതാണ്. ‘പീലികള്‍ ചാര്‍ത്തിയ വാര്‍മുടിയുള്ളോനെ’ കാണണമെന്നു പറഞ്ഞു; ഉത്തരക്ഷണത്തില്‍ ‘ചേലില്‍ കിരീടം ധരിച്ചവനെ’ കാണണമെന്നു പറയുകയാണ്. കിരീടം ധരിച്ചാല്‍ പീലികള്‍ അങ്ങു മറഞ്ഞുപോകുകയില്ലേ? അതുപോകട്ടെ, എത്ര നിസ്സാരമായ കാര്യമാണത്. വള്ളത്തോളിന്റെ കവിത നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതിന്റെയും കെ. എം. പണിക്കരുടെ കവിത സ്പര്‍ശിക്കത്തതിന്റെയും കാരണമെന്താണ്? അത് വ്യക്തമാക്കുമ്പോള്‍ യഥാര്‍ത്ഥകവിയും ഗദ്യകര്‍ത്താവും തമ്മിലുള്ള വ്യത്യാസം പ്രകടമാകും. മൗലികപ്രതിഭയുള്ള കവിയ്ക്ക് ഉല്ക്കടമായ വികാരമുണ്ടാകുമ്പോള്‍ അതാവിഷ്കരിക്കാന്‍ മുര്‍ത്തങ്ങളായ പല ചിത്രങ്ങളേയും വാങ്‌മയപ്രതിരൂപങ്ങളേയും (images)അദ്ദേഹം ആശ്രയിക്കുന്നു. വികാരാവിഷ്കാരം അങ്ങനെയേ സാദ്ധ്യമാകൂ. അല്ലാതെ “എനിക്കു വികാരം ഉണ്ടാകുന്നേ” എന്നു നിലവിളിക്കുകയല്ല ചെയ്യുന്നത്. കവിയുടെ വികാരത്തിന്റെ ശക്തി വര്‍ദ്ധിക്കുന്തോറും, കവിഹൃദയത്തിന്റെ സര്‍ഗ്ഗപ്രവണതക്കു കഴിവു കൂടുന്തോറും, മൂര്‍ത്തങ്ങളായ അനുഭവങ്ങളെയും ചിത്രങ്ങളെയും പദങ്ങളിലൂടെ ആവിഷ്കരിക്കുവാനുള്ള പ്രാഗത്ഭ്യം അധികമായിക്കൊണ്ടിരിക്കും. അതിന്റെ ഫലമായി കവിയുടെ വികാരം അതേ അളവില്‍ അനുവാചകനിലേക്കു പകരുന്നു. കെ. എം. പണിക്കരുടെ ഹൃദയം നൈസര്‍ഗ്ഗികമായ സര്‍ഗ്ഗശക്തിയുള്ളതല്ല; ആയിരുന്നെങ്കില്‍ വള്ളത്തോളിനെപ്പോലെ മൂര്‍ത്തങ്ങളായ അനുഭവങ്ങളെയും പ്രതിരൂപങ്ങളെയും അദ്ദേഹം സൃഷ്ടിക്കുകയും അങ്ങിനെ വികാരാവിഷ്ക്കരണം നിര്‍വ്വഹിക്കുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥമായ കാവ്യാനുഭൂതിയുടേയും അയഥാര്‍ത്ഥമായ കാവ്യാനുഭൂതിയുടേയും മകുടോദാഹരണങ്ങളായി വള്ളത്തോളിന്റെയും കെ. എം. പണിക്കരുടേയും വരികള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. വള്ളത്തോളിന്റെ കാവ്യാനുഭൂതി സത്യാത്മകമായതുകൊണ്ട് അതിന്റെ ആവിഷ്കരണം നമ്മെ ചലിപ്പിക്കുന്നു. സര്‍ദാര്‍ പണിക്കര്‍ കൃഷ്ണഗാഥയും അതുപോലെയുള്ള മറ്റു കൃതികളും വായിച്ചിട്ടുണ്ട്. ആ കൃതികളിലെ ശ്രീകൃഷ്ണവര്‍ണ്ണനകള്‍ അദ്ദേഹത്തെ രസിപ്പിച്ചിട്ടുണ്ട്. അവ്യക്തങ്ങളും വ്യക്തങ്ങളും ആയ ആ സ്മരണകളെ ആസ്പദമാക്കിക്കൊണ്ടാണ് അദ്ദേഹം കവിത എഴുതാന്‍ ആരംഭിക്കുന്നത്; യഥാര്‍ത്ഥമായ വികാരമില്ലാതെ എന്നു സാരം. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ വരികള്‍ക്ക് ചൈതന്യമില്ല. പലരും പ്രയോഗിച്ചു പഴകിപ്പോയ വാക്കുകളും വാങ്ങ്മയ ചിത്രങ്ങളും കല്പനകളും മാത്രമേ അദ്ദേഹത്തിന് ഉപയോഗിക്കുവാന്‍ കഴിയുന്നുള്ളു. സര്‍ഗ്ഗശക്തിയല്ല ശില്പകൗശലമാണ് ഇവിടെ പ്രത്യക്ഷമാകുന്നതു. ഈ കാവ്യസമാഹാരഗ്രന്ഥത്തിലെ കവിതകളാകെ വായിച്ചു നോക്കിയിട്ടും ഈ അഭിപ്രായം മാറ്റേണ്ടതായി തോന്നിയില്ല. രക്തക്ഷയം എന്നൊരു രംഗമുണ്ട്. ഇംഗ്ലീഷില്‍ അതിനെ Anaemia എന്നു വിളിക്കും. സര്‍ദാര്‍ പണിക്കരുടെ കവിതയ്ക്കു വൈകാരികമായ രക്തക്ഷയമാണ് (Emotional anaemia) പിടിപെട്ടിരിക്കുന്നത്. ഡാക്ടര്‍ എസ്. കെ. നായരെപ്പോലുള്ള ഡാക്ടറന്മാര്‍ അതെത്ര മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഫലമില്ല. സത്യം സത്യമായിത്തന്നെ അവശേഷിക്കുമല്ലോ.
“രചനാസൗഷ്ഠവമാണ് സര്‍ദാര്‍ ക്കവിതകളുടെ വിജയവൈജയന്തി” എന്ന് പ്രഖ്യാപനം ചെയ്യുന്ന അവതാരകന്‍ അത് സ്ഥാപിക്കുവാനായി ചില പദ്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അവയില്‍ ഒന്നുതന്നെ ഞാനും ഉദ്ധരിക്കാം.”
കാര്‍തിങ്ങീടും മലകളുടെയും മര്‍മ്മരംകൊണ്ടുകാതില്‍
താര്‍തേന്‍ചേര്‍ക്കും നദികളുടെയും കാ കനി-
പ്രൌഢിയാലേ
പേര്‍കൊണ്ടീടും വനപനസകേരാദിവൃക്ഷങ്ങടേയും
നേര്‍കണ്ടീടാനവനിയിലൊരേടത്തുമില്ലെന്നു ന്തൃനം
ഈ ശ്ലോകത്തില്‍ എന്തു സൗഷ്ഠവമിരിക്കുന്നു എന്നു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. സൗഷ്ഠവമില്ലെന്നു മാത്രമല്ല, വൈരൂപ്യംകൂടി ഉണ്ടെന്നു പ്രസ്താവിക്കാതെ തരമില്ല. ദ്വിതീയാക്ഷരപ്രാസം വരുത്തികൂട്ടുവാനുള്ള ക്ലേശം. താര്‍തേന്‍ എന്ന പദത്തിന്റെ അശ്ലീലാര്‍ത്ഥ പ്രതീതി, പൂര്‍വ്വാദ്ധവും ഉത്തരാര്‍ദ്ധവും ബന്ധിപ്പിക്കുന്ന വിലക്ഷണ സമ്പ്രദായം സംസ്കൃത പദങ്ങളുടേയും ശുദ്ധദ്രാവിഡപദങ്ങളുടേയും ഉദ്വേഗജനകമായ മേളനം, അവനിയിലെ കാര്യം പറയുമ്പോള്‍ “അവനിയിലൊരേടത്തുമില്ല. എന്ന നിരര്‍ത്ഥകമായ ആവര്‍ത്തനം, ഇവയെല്ലാം രചനാസൗഷ്ഠവത്തെയല്ല രചനാവൈരൂപ്യത്തെയാണ് പ്രദര്‍ശിപ്പിക്കുന്നത്. അത്യുത്തമമെന്ന രീതിയില്‍ അവതാരകന്‍ എടുത്തുകാണിക്കുന്ന ശ്ലോകത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പദ്യങ്ങളുടെ അവസ്ഥ ഊഹിച്ചുകൊള്ളുകയേ വേണ്ടൂ
അഗാധങ്ങളായ വികാരങ്ങള്‍ ഒരിക്കലും അവയുയെ പൂര്‍ണ്ണരൂപങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്നില്ല. ഭാഷകൊണ്ടു ആവിഷ്കരിക്കാവുന്നത് അവയുടെ ഒരംശംമാത്രം. അതിനാല്‍ സര്‍ഗ്ഗശക്തിയുള്ള കലാകാരന്‍ എപ്പോഴും ഭാഷയ്ക്കെതിരായി സമരംചെയ്യുകയാണ്. കവി ഉപയോഗിക്കുന്ന ഭാഷതന്നെ അയാളുടെ വികാരപ്രതിപാദനത്തിനു വിഘാതമായി നില്‍ക്കുന്നുവെന്നു പറയാം. ഒരു പ്രവാഹത്തിനെതിരായി അയാള്‍ നീന്തിത്തുടിക്കുകയാണ്. ഏറ്റവും പ്രഗത്ഭമായ രീതിയില്‍ ഭാഷയെ കൈകാര്യം ചെയ്താലും കവിക്ക് അസംതൃപ്തിയേയുള്ളു. നമുക്കു സുന്ദരങ്ങളായി തോന്നുന്ന വരികള്‍, അവയെഴുതിയ കവികള്‍ക്ക് അതേ രീതിയില്‍ രമണീയങ്ങളായി അനുഭവപ്പെടണമെന്നില്ല. ഇതു നല്ലപോലെ മനസ്സിലാക്കിയ കുമാരനാശാന്‍,
“തന്നതില്ല പരമുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍”
എന്നു പറഞ്ഞുപോയി. ആംഗലകവിയായ ടെനിസണും ഏതാണ്ടു അതേ രീതിയില്‍ തന്റെ വൈഷമ്യം വ്യക്തമാക്കിയിട്ടുണ്ട്.
“And I would that my tongue could utter
The thoughts that arise in me”
എന്നും’
I sometimes hold it half a sin
To put in words the grief I feel”
എന്നും അദ്ദേഹം പ്രസ്താവിക്കുന്നത് ഭാഷയുടെ പരിമിതികളെ ഉദ്ദേശിച്ചാണ്. ഭാഷയോടുള്ള ഈ സംഘട്ടനത്തിന്റെ പ്രത്യേകലക്ഷ്യങ്ങള്‍ മഹാകവികളുടെ കൃതികളില്‍ ദര്‍ശിക്കാം. ഈ ലക്ഷ്യങ്ങള്‍തന്നെയാണ് ആ കവികളുടെ രചനാരീതിക്ക് ഒരു പ്രത്യേകത സമ്പാദിച്ചുകൊടുക്കുന്നത്.
ശാന്തവീചിയതിന്‍ വീചിപോലെ സം-
ക്രാന്തഹസ്തമുടല്‍ചേര്‍ന്നു തങ്ങളില്‍
കാന്തനാദമൊടുനാദമെന്നപോല്‍
കാന്തിയോടപരകാന്തിപോലെയും
എന്ന ശ്ലോകം കേട്ടാല്‍ അത് കുമാരനാശാനല്ലാതെ മറ്റാരും എഴുതുകയില്ലെന്നു നാം അസന്ദിഗ്ധമായി പറയും. അങ്ങനെ പറയാന്‍ ‘നളിനി” വായിച്ചിരിക്കണമെന്നില്ല. നാം ഉപയോഗിക്കുന്ന പദങ്ങളെ ആശാനും ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലും അവയുടെ സന്നിവേശവിശേഷംകൊണ്ട് ഒരു പ്രത്യേകത ജനിക്കുന്നു. ഇതിനെത്തന്നെയാണ് പാശ്ചാത്യര്‍ “സ്റ്റെല്‍” എന്നു വിളിക്കുന്നത്. വള്ളത്തോളിനും ശങ്കരക്കുറുപ്പിനും ചങ്ങമ്പുഴയ്ക്കും അങ്ങനെ സ്വന്തമായ “സ്റ്റെലു”ണ്ട്. കെ. എം. പണിക്കര്‍ക്കും അതു സിദ്ധിച്ചിട്ടുണ്ടെങ്കില്‍ നമൂക്കൊരു വിപ്രപതിപത്തിയും അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് ഉണ്ടാവേണ്ട കാര്യമില്ല.
“ബഹുവിസ്തരമെന്തിനിന്നു, തെണ്ടി-
ത്തിരിയാനായ് തവ ദുര്‍വിധിപ്രമേയം!
അതുമിന്നുകഴിഞ്ഞു; വീണു, നീ, നീ
വഴിയില്‍ത്തന്നെ മരിച്ചു പട്ടിപോലെ”
(പുറം 13)
“കഴിഞ്ഞൊരെന്‍ ജീവിതമെങ്ങു?മുന്ന-
മാശിച്ചതാം ശോഭനഭാവിയെങ്ങോ
വളഞ്ഞുനീണ്ടുള്ളൊരു ജീവിതാധ്വാ-
വളന്നുനോക്കീടുകിലെന്തു പുണ്യം?”
(പുറം 97)
എന്നിങ്ങനെയുള്ള ശ്ലോകങ്ങളില്‍ “കഥകളിയുടെ കാഠിന്യവും ചമ്പുവിന്റെ ഗാംഭീര്യവും ഗാഥയുടെ ശാലീനതയും തുള്ളല്‍ക്കവിതയുടെ ഒഴുക്കും വള്ളത്തോള്‍ക്കവിതയുടെ മിനുമിനുപ്പും ആശാന്‍കവിതയ്ക്കുള്ള കെട്ടുറപ്പും” ഡാക്ടര്‍ എസ്. കെ. നായരെപ്പോലുള്ള സഹൃദയര്‍ക്കേ കാണാന്‍ കഴിയൂ. സാധാരണക്കാരനായ നമുക്കു ആ സഹൃദയത്വം കൈവന്നിട്ടില്ല.
വൃത്തനിയമത്തെ ആദരിച്ചുകൊണ്ട് പദങ്ങള്‍ വിന്യസിച്ചാല്‍ അത് കവിതയാകുകയില്ല. മഹാകവികള്‍ പ്രയോഗിക്കുന്ന ഓരോ വാക്കും ചൈതന്യപൂര്‍ണ്ണമായിരിക്കും. കവിയുടെ ജീവിതബോധം അതില്‍ പ്രതിഫലിച്ചിരിക്കും. താന്‍ അനുഭവിച്ച ജീവിതം അതില്‍ സുവ്യക്തമായി പ്രത്യക്ഷപ്പെടും.
“ഒരു കൊച്ചുമീനിനെ കൊക്കിലാക്കി
ഒരു നീലപൊന്മ പകച്ചുപൊങ്ങി”
എന്നു ചങ്ങമ്പുഴ പാടുമ്പോള്‍ ഒരു മത്സ്യത്തിന്റെയും ഒരു പക്ഷിയുടെയും ജീവിതത്തിലേക്കു, നൈമിഷികമായിട്ടെങ്കിലും, നാം വിലയം പ്രാപിക്കുകയാണ്. അസാധാരണമായ ഒരു വാക്കുപോലും ചങ്ങമ്പുഴ ഇവിടെ പ്രയോഗിച്ചിട്ടില്ല എന്ന കാര്യംകൂടി ശ്രദ്ധിക്കേണ്ടതാണ്.
“അന്നു ഞാന്‍ മടങ്ങുമ്പോള്‍
മാവിന്റെ പിന്‍പേ നോക്കി
നിന്നു പുഞ്ചിരിതൂകീ സാകൂതം ശശിലേഖ
ആതിരനിലാവുകളെത്ര ഞാന്‍ കണ്ടൂപിന്നെ;
പ്രീതിദങ്ങളാണെല്ലാം; എങ്കിലുമതുവേറെ”
എന്നു ജി. ശങ്കരക്കുറുപ്പൂ പാടുമ്പോഴും അതേ അനുഭവം നമുക്കുണ്ടാകുന്നു. കവിയുടെ വികാരങ്ങള്‍ നമ്മുടെ വികാരങ്ങളായിത്തീരുന്നു. അദ്ദേഹം കണ്ടെറിഞ്ഞ ആ ജീവിതത്തില്‍ അനുവാചകരായ നമ്മളും ഭാഗഭാക്കുകളാകുന്നു. പദപ്രയോഗത്തിന്റെ പ്രത്യേകതകൊണ്ടാണ് ഇതു സാധിക്കുന്നത്. സര്‍ദാര്‍ പണിക്കരെഴുതിയ ഒരു വരിക്കുപോലും ഈ ഗുണമില്ലെന്നുള്ളത് വെറും പരമാര്‍ത്ഥമാണ്. ഈ കാവ്യഗ്രന്ഥത്തിലെ ഗംഭീരമായ കവിതയായി അവതാരകന്‍ കൊണ്ടാടുന്ന ‘ഇന്‍ക്വിലാബ്’ തന്നെ പരിശോധിക്കുക. വേദന അനുഭവിക്കുന്ന മനുഷ്യരാശിയുടെ പ്രതീകമായി ഒരു വൃദ്ധനെ സര്‍ദാര്‍ അവതരിപ്പിക്കുന്നു. ലണ്ടനിലെ നദിയുടെ തീരത്തും കുട്ടനാട്ടിലെ പുഞ്ചപ്പാടത്തിന്റെ വരമ്പിലും, ഡല്‍ഹിയിലെ ചാന്ദിനിച്ചൌക്കിലും റാക്ക്ഫെല്ലര്‍ പ്ലാറ്റ്സിയിലും ഷാങ്ങ്ഹായിലെ തെരുവീഥിയിലും കൻട ഒരു ജീവിതപഥികന്‍ ഒടുവില്‍ പീക്കിങ്ങില്‍ തലയുയര്‍ത്തി നിവര്‍ന്ന ദേഹത്തോടെ, നില്ക്കുകയാണ്. വാര്‍ദ്ധക്യംകൊണ്ടു ശോഷിച്ചുപോയ കൈകളില്‍ തോക്കുമെടുത്തുകൊണ്ടാണ് അയാലുടെ നില. മുന്‍പ് ആ ജീവിതപഥികന്‍ മൂകനായിരുന്നു. ഇപ്പോഴാകട്ടെ അയാളുടെആഹ്വാനഘോഷം എല്ലാ ജനങ്ങളും ആദരിക്കുകയാണ്. കവിതയുടെ ആശയം സമഞ്ജസമായിട്ടുണ്ട്. സമ്മതിക്കാം. പക്ഷേ അതാവിഷ്കരിച്ച രീതിയോ? ഇതാ കേള്‍ക്കുക.
“ഉറച്ചഭാവത്തോടു പേടിവിട്ടുള്ള നിന്റെ
തുറിച്ച നോട്ടത്തിങ്കല്‍ ക്രൂരതകാണാന്മാനില്ല.
കീറിയ വസ്ത്രംതന്നെ നീ ധരിക്കുന്നു; പക്ഷേ
നീരാളിപ്പട്ടിനുള്ള ധാടിയോടത്രേ സഖേ!
തോടുമാന്തിയപോലെ നിന്‍നെറ്റിവഹിപ്പതാം
പാടുകള്‍ തവ മുഖത്തൈശ്വര്യം ചേര്‍ത്തീടുന്നു!
തേടിയ ചാരിതാര്‍ത്ഥ്യം പൂണ്ട നീ വൃദ്ധപാന്ഥ!
പേടിയും നമുക്കിനിയില്ല നിന്‍ മുഖം കണ്ടാല്‍”
കൊടും യാതനകളില്‍ മുഴുകി, ഒടുവില്‍ പ്രതിബന്ധങ്ങളെ തട്ടിത്തകര്‍ത്ത്, വിജയം വരിച്ച മനുഷ്യത്വത്തെക്കണ്ട് ഹര്‍ഷോന്മാദമനുഭവിച്ച കവിയുടെ വാക്കുകളാണിവ എന്നു നാം പ്രത്യേകം ഓര്‍മ്മിക്കണം. കവിക്കു ഹര്‍ഷോന്മാദമുണ്ടെന്നു അവതാരകന്‍ ഒരു പക്ഷേ പറയുമായിരിക്കും. കവിതയില്‍ അതു കാണാനില്ല. പതിന്നാലു അക്ഷരങ്ങള്‍ വീതമുള്ള എട്ടുവരികളാണ് സര്‍ദാര്‍ പണിക്കര്‍ നമുക്കു സംഭാവനചെയ്തിരിക്കുന്നത്. കേകയുടെ ലക്ഷണത്തെ ആദരിക്കുന്നതുകൊണ്ടുമാത്രം ഇതിനെ കേകയെന്നു വിളിക്കാം. അ വൃത്തത്തിനുള്ള നൈസര്‍ഗ്ഗികമായ ലാവണ്യംപോലും ഇവിടെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം കവിതയാണെങ്കില്‍, കവിതയ്ക്ക് ഒരു പുതിയ നിര്‍വചനംതന്നെ നല്‍കേണ്ടിയിരിക്കുന്നു.
ശൃംഗാരരസപ്രതിപാദനത്തില്‍ സര്‍ദാര്‍ പണിക്കര്‍ മറ്റു മലയാള കവികളെയെല്ലാം പിന്നിലാക്കിയിരിക്കുന്നു എന്നാണു എസ്. കെ. നായരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ മണിപ്രവാളകവികളും, എഴുത്തച്ഛനും, ആശാനും, ചങ്ങമ്പുഴയും പഞ്ചപുച്ഛമടക്കി കെ. എം. പണിക്കരുടെ മുന്‍പില്‍ നില്ക്കുന്ന കാഴ്ച കണ്ട് ഡാക്ടര്‍ ഹര്‍ഷപുളകിതനാകുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ മണിപ്രവാളകവികള്‍ ഭോഗലാലസരാണ്. ചെറുശ്ശേരി തനിനാടനാണ്. നമ്പ്യാര്‍ക്കു ചിരിച്ചേ ശൃംഗരിക്കാനറിയാവൂ. ആശാന്‍ അലൌകികാഗ്നിയില്‍ നീറ്റിക്കളഞ്ഞു ശൃംഗാരത്തെ. ഒരേ ഒരാളുണ്ട് ശൃംഗാരം മനോഹരമായി പ്രതിപാദനം ചെയ്തത്; അത് സര്‍ദാര്‍ പണിക്കരല്ലാതെ മറ്റാരുമല്ല. “ബാലികാമത”ത്തെ സമീപിക്കുന്ന മറ്റൊരുല്‍കൃഷ്ടകൃതി ഇല്ല. അങ്ങനെ പോകുന്നു ഡാക്ടറുടെ വാദങ്ങള്‍. ഇത് എത്രത്തോളം ശരിയാണെന്നു മനസ്സിലാക്കണമെങ്കില്‍ സര്‍ദാറിന്റെ “ബാലികാമതവും” മറ്റു ശൃംഗാരകവിതകളും വായിച്ചു നോക്കണം. എങ്കിലും ഒന്നു പറയാം. ശൃംഗാരത്തിന്റെ സൂക്ഷ്മമായ അവസ്ഥ ചിത്രീകരിക്കുവാന്‍ കെ. എം. പണിക്കര്‍ക്കു കഴിഞ്ഞിട്ടില്ല. അതു മാത്രമല്ല, ശൃംഗാരമെന്നത് സ്ത്രീകളുടെ കാമോദ്ദീപകങ്ങളായ ചില അവയവങ്ങളുടെ വര്‍ണ്ണനകളാണെന്ന് അദ്ദേഹം ധരിച്ചുവച്ചിരിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി അദ്ദേഹം സ്ഥാനത്തും അസ്ഥാനത്തും സ്തനവര്‍ണ്ണനന നിര്‍വഹിക്കുന്നു.
“നെഞ്ചു കവിഞ്ഞിതെന്‍ പോര്‍മുലകള്‍”
“കൊങ്കക്കുടങ്ങളെ മര്‍ദ്ദിച്ചിടും”
“കാണ്‍ക നീ പന്തൊത്തുരുണ്ടു തടിച്ചൊരീ-
ക്കൊങ്കതന്‍ ചാരുസൗഭാഗ്യമെല്ലാം”
“പ്രേമപുരസ്സരമെന്‍ കാന്തന്‍ കൈകളാ-
ലോമനിച്ചുള്ള പൊന്‍കുംഭയുഗ്മം”
“ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ
ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ”
“എന്‍മുലമൊട്ടുകളുന്മത്തചിത്തനായ്
ബിംബാധരത്തിനാല്‍ സ്പര്‍ശിക്കവേ”
“കചങ്ങള്‍ മേ ചാഞ്ഞിട്ടുണ്ടോ?”
“വാരിളം കൊങ്കതന്‍ ഭംഗിവായ്പും”
“ആരവാര്‍ കൊങ്കകള്‍ ബിംബാധരം..”
“എല്ലാ മുലകളുമൊന്നുതാന്‍”
“താളത്തില്‍ കൊങ്കകള്‍ പൊങ്ങിത്താഴ്ന്നും”
“പന്തൊക്കും മുല പുല്കിയമ്പൊടുരസിച്ചിടാം”
ഇങ്ങനെ ഉദ്ധരിക്കാന്‍ തുടങ്ങിയാല്‍ അവസാനമില്ല. ശൃംഗാരരസപ്രതിപാദനത്തില്‍ കുമാരനാശാനെ ജയിച്ച മഹാകവിയുടെ പ്രയോഗങ്ങള്‍!! രതിഭാവമാവിഷ്കരിക്കണമെങ്കില്‍ “സ്തനം, സ്തനം” എന്നാവര്‍ത്തിക്കുകയല്ല വേണ്ടത്. അതു ഭാവനാത്മകമായി ചിത്രീകരിക്കണം. അമ്മാതിരി ആവര്‍ത്തനങ്ങള്‍ അപക്വങ്ങളായ മനസ്സുകളില്‍ കാമവികാരം ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്തമായേക്കും. രസാനുഭൂതിയുളവാക്കുകയില്ല. സര്‍ദാര്‍ പണിക്കരുടെ ‘ബാലികാമതം’ വായിച്ചാല്‍ നഗ്നചിത്രം കാണുന്ന ഒരു പ്രതീതിയാണ് ഉണ്ടാകുക.
വികാരം കവിതയല്ല; കവിതയ്ക്കുള്ള കാരണമാണ്. മനോഹരമായ രൂപത്തില്‍ ആ വികാരം ആവിഷ്കൃതമാകുമ്പോള്‍ അത് കവിതയായിത്തീരുന്നു. ഈ വികാരം കവിതയിലെ ഓരോ വരിയിലും എന്നുവേണ്ട ഓരോ വാക്കിലും പ്രകടമായിരിക്കും. പ്രധാനമായ ആ വികാരത്തോടു ബന്ധപ്പെട്ടാണ് മറ്റെല്ലാം സ്പന്ദിക്കുന്നത്. അതുകൊണ്ട് അയഥാര്‍ത്ഥമായ ഒരു ശബ്ദം എവിടെയെങ്കിലും കേട്ടുപോയാല്‍ ആ കലാസൃഷ്ടിയുടെ കഥ തീര്‍ന്നു. ഇതെഴുതുന്നയാള്‍, കവിതകളിലുപയോഗിക്കുന്ന ചില പ്രത്യേക പദങ്ങളെ എടുത്തുകാണിക്കുന്നു എന്നൊരാരോപണം ഉണ്ടായിട്ടുണ്ട്. അങ്ങനെ ആക്ഷേപിക്കുന്നവര്‍ മുന്‍പു വിശദീകരിച്ച മൗലികമായ കലാതത്വം മനസ്സിലാക്കുന്നില്ല. ഒരു ഗായകന്‍ പാടുമ്പോള്‍ എവിടെയെങ്കിലും രാഗം തെറ്റിയാല്‍, അവതാളം പിണഞ്ഞാല്‍, അയാള്‍ പരാജയപ്പെടും. പക്ഷേ, ഇവതമ്മില്‍ വ്യത്യാസമുണ്ട് ഉള്ളൂരിനെക്കുറിച്ച് സര്‍ദാര്‍ എഴുതിയിട്ടുള്ള ശ്ലോകം നോക്കുക:
“അമ്മ്യാരുണ്ടാക്കി നല്കും പല പല
പലഹാരങ്ങള്‍തിന്നും, പ്രബന്ധം
നിര്‍മ്മിക്കും രാജരാജാദികളുടെ-
സതതസ്സ്തോത്രസല്‍പ്പാത്രമായും
അമ്മട്ടുദ്യോഗലബ്ധിക്കടിതൊഴുമവര്‍തന്‍
സേവയാല്‍ പ്രീതമായും
സമ്മോദിക്കാം പരുക്കന്‍ കവിതവിതറുമി-
പ്പട്ടര്‍തന്‍ പത്നിയായാല്‍.”
ഇത് ഫലിതമാണെന്നു പറയാന്‍ വളരെ വിഷമമുണ്ട്. ഫലിതവും പരിഹാസവും തമ്മിലുള്ള നേരിയ അതിര്‍ത്തിരേഖകളെ മാനിക്കാതിരിക്കുന്നത് മനസ്സിലാക്കാം. ഒരു ബ്രാഹ്മണനെ പട്ടരെന്നു വിളിക്കുന്ന വ്യക്തിവിദ്വേഷത്തെ ഫലിതമായി പ്രകീര്‍ത്തിക്കുന്നത് മനസ്സിലാക്കാന്‍ പ്രയാസംതന്നെ.
വികാരങ്ങളുടെ ഭാഷയാണ് കവിതയെങ്കില്‍, സര്‍ദാര്‍ പണിക്കരെഴുതുന്നത് കവിതയല്ല. കാവ്യാത്മകങ്ങളായ ചിന്തകളുടെ ലയാനുവിദ്ധമായ പ്രതിപാദനമാണ് കവിതയെങ്കില്‍ ഇതൊന്നും കവിതയല്ല. സര്‍ദാറിന്റെ യഥാര്‍ത്ഥമായ കഴിവുകളെ സ്ഥൂലീകരിച്ചുകാണുവാനുള്ള ചിലരുടെ പ്രവണതകളാണ് അദ്ദേഹത്തെ മഹാകവിയായും മഹാകവികളില്‍ മഹാകവിയായും മാറ്റിയിരിക്കുന്നത്. അത് നമ്മുടെ ഭാഷയ്ക്കൊരധ:പതനം വരുത്തിവെക്കും. എന്റെ സുഹൃത്തായ ഡാക്ടര്‍ എസ്. കെ. നായര്‍ ഈ കാവ്യഗ്രന്ഥത്തിനു എഴുതിച്ചേര്‍ത്തിരിക്കുന്ന അവതാരിക, അദ്ദേഹത്തിനോ, സര്‍ദാറിനോ ഒരു ഭൂഷണമല്ല. ഡാക്ടറുടെ വൈഷ്മ്യം ഞാന്‍ മനസ്സിലാക്കുന്നുണ്ട്. പക്ഷേ എനിക്കു പറയാനുള്ളത് ഇതാണ്:
<poem>
“ചിത്തം ചലിപ്പതിനു ഹേതുമുതിര്‍ന്നുനില്ക്കേ
നെഞ്ചില്‍കുലുക്കമെവനില്ലവനാണ് ധീരന്‍
</references>
|
|
|
- ↑ തിരഞ്ഞെടുത്ത കവിതകൾ — കവി: കെ.എം.പണിക്കർ.