close
Sayahna Sayahna
Search

രൂപശില്പത്തിന്റെ സൌന്ദര്യം


ആധുനിക മലയാളകവിത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആധുനിക മലയാളകവിത
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പി.കെ ബ്രദേഴ്സ്, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 226

രൂപശില്പത്തിന്റെ സൌന്ദര്യം

സംഗീതത്തില്‍ രൂപവും ഭാവവും പരസ്പരാശ്ലേഷത്തിലമര്‍ന്ന് രണ്ടും വേര്‍തിരിച്ചറിയാന്‍ പാടില്ലാത്തവിധം ഒന്നായിത്തീര്‍ന്നുപോകുന്നതുകൊണ്ട്, അതാണ് എറ്റവും ഉത്തമമായ കലയെന്ന് വിശ്രുത കലാനിരൂപകനായ വാള്‍ട്ടര്‍ പേറ്റര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഇറ്റാലിയന്‍ രസജ്ഞാനശാസ്ത്രജ്ഞനായ (aesthetican) ബനിഡറ്റോ ക്രോച്ച് പേറ്റിന്റെ ഈ അഭിപ്രായം ആദരണീയമല്ലെന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇതിന് ക്രോച്ചേയേ പ്രേരിപ്പിച്ച വസ്തുതകള്‍ എന്തുതന്നെയായിരുന്നാലും പേറ്റിന്റെ നേര്‍ക്കുള്ള അദ്ദേഹത്തിന്റെ മനോഭാവം ആശാസ്യമായിരുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഭാവത്തിന്റെയും രൂപത്തിന്റെയും സമഞ്ജസമായ സമ്മേളനംകൊണ്ടാണ് കലാസൃഷ്ടികള്‍ക്ക് ചൈതന്യം ലഭിക്കുന്നത് എന്നുള്ള വസ്തുത സര്‍വ്വവിദിതമാണ്. എങ്കിലും ചില കലകളില്‍ രൂപത്തിനു മാത്രമായോ ഭാവത്തിന്നു മാത്രമായോ പ്രാധാന്യം കണ്ടുവെന്നു വരാം. സംഗീതത്തില്‍ ഭാവം രൂപത്തില്‍ ആമജ്ജനം ചെയ്തുപോകുകയാണ്. അതുപൊലെ തത്ത്വചിന്താപരങ്ങളും ധ്യാനാത്മകങ്ങളുമായ കവിതകളില്‍ ഭാവം പ്രധാനവും രൂപം അപ്രധാനവും ആയിരിക്കും. സംഗീതത്തിലെന്നപോലെ രൂപത്തിന്റെ കാന്തിപ്പൊലിമയില്‍ ഭാവഭംഗിവിലയം പ്രാപിച്ചുപോകുന്ന കവിതകള്‍ ധാരളമുണ്ട്. ചങ്ങമ്പുഴ കവിതകള്‍ ഇതിന് ഉത്തമോദാഹരണങ്ങളത്രേ.

തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm)മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.

പ്രിയകരങ്ങളേ, നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
അമിതസൗരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?

എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. ചുറ്റുപാടും പരിഭ്രമത്തോടും ഭയത്തോടുംകൂടി പകച്ചുനോക്കിയിട്ട് പൂര്‍വ്വാധികം വേദനയോടെ മാറത്ത് രണ്ടുകൈയ്യുംചേര്‍ത്ത് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് രമണന്‍ പറയുന്നതാണ് ഈ വരികള്‍. വിഷാദത്തിന്റെ പാരമ്യം അനുവാചകന്‍ ഇവിടെ അനുഭവിക്കുന്നു. അതെങ്ങനെയാണ് കവിക്കു സാധിക്കുന്നത്? പദപ്രയോഗംകൊണ്ടാണോ? സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ പ്രത്യേകതകൊണ്ടാണോ? രണ്ടും ശരിയായിരിക്കാം. പക്ഷേ, അതിനെക്കാള്‍ പ്രധാനമായിടുള്ളത് ഈ വരികളിലെ ലയാനുവിദ്ധതയാണ്. താഴെ അടയാളപ്പെടുത്തിയിരിക്കുന്ന രീതിയില്‍ ആ വരികള്‍ വീണ്ടും ഉറക്കെ വായിച്ചുനോക്കുക. അസാധാരണമായ ഒരാനന്ദമൂര്‍ച്ഛയില്‍ നാംചെന്നുവീഴും.

പ്രിയകരങ്ങളേ| നീലമലകളേ
കുയിലുകള്‍| സദാ|കൂകും|വനങ്ങളേ
അമിത| സൌരഭ|ധാരയില്‍|മുങ്ങിടും
സുമിത|സുന്ദര|കഞ്ജാന്തരങ്ങളേ
|കുതുകദങ്ങളേ| കഷ്ട|മെമ്മട്ടു|ഞാന്‍
ക്ഷിതിയില്‍||വിട്ടേച്ചു|പോകുന്നു|നിങ്ങളെ

രസബോധനിഷ്ഠമായ വികാരത്തില്‍ (Aesthetic emotion) നിന്നു ജനനമെടുക്കുന്ന ലയാനുഗതമായ ഒരു ചലനമുണ്ട്. ആ ചലനം കവിഹൃദയത്തില്‍ ആദ്യമായി ഉണ്ടാകുന്നു. അതിന് രൂപംകൊടുക്കാന്‍ കവി യത്നിക്കുമ്പോഴാണ് പദങ്ങള്‍ സംജാതമാകുക. നിരാശതയുടെയും വിഷാദത്തിന്റെയും പരകോടിയിലെത്തിയ ഒരു ഹൃദയം പ്രചണ്ഡമായിരിക്കാന്‍ ഇടയില്ല. “ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തില്‍ സ്വഭാവംവരാം” എന്നു മഹാകവി വചനമുണ്ടല്ലോ? ആത്മഹത്യയ്ക്കു തീരുമാനിച്ച രമണന്‍ ക്ഷുഭിതനായി അട്ടഹാസങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇതെല്ലാം മനസ്സിലാക്കിയ മഹാകവി ചങ്ങമ്പുഴ, രമണന്റെ ഹൃദയഗതിയെ ലയാന്വിതമായ വരികളിലൂടെ പ്രതിഫലിക്കുകയാണ്. ആ വരികള്‍ക്കു ലയമില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇത് സാധിക്കുമായിരുന്നില്ല. ഇനി മറ്റൊരു ഘട്ടം പരിശോധിക്കാം. മദനന്‍ നടന്നുനടന്ന് കാടിന്റെ അകത്തൂള്ള ഒരരുവിയുടെ കരയിലെത്തുമ്പോഴാണ് ചാഞ്ഞ മരക്കൊമ്പിൽ തൂങ്ങി മരിച്ചു കിടക്കുന്ന രമണനെ കാണുന്നത്. അവന്‍ തലകറങ്ങി ബോധരഹിതനായി നിലംപതിച്ചു. കുറെക്കഴിഞ്ഞു. അവന് ബോധക്ഷയം വിട്ടുമാറി. പിന്നെ ശിശുവിനെപ്പോലെ വാവിട്ടുകരഞ്ഞു. ആ ഹൃദയക്ഷോഭം ഒന്നടങ്ങിയപ്പോള്‍ ഈ മരണത്തിനു ഹേതുഭൂതമായ വസ്തുതകളെക്കുറിച്ച് ചിന്തിക്കുകയായി. അപ്പോള്‍ അവന്‍ പറയുന്നു:

“വിശ്വസിക്കാവതോ|കാണു|മിക്കാഴ്ച|ഹാ!
വിശ്വമേ|കഷ്ടം|ചതിച്ചു|ഹതിച്ചു| നീ!
സത്യമോ|സത്യ|മാണയ്യോ|നടുങ്ങുന്ന|
സത്യം!|ഭയങ്കരം!|പൈശാച|സംഭവം|
അങ്ങതാ,|തൂങ്ങി|ക്കിടപ്പൂ|മരക്കൊമ്പില്‍
നിന്ദ്യപ്രപഞ്ചമേ,|നിന്‍മഹാപാതകം
ആഹാ|ദയനീയ,|മയ്യോ|ഭയാനകം
സാഹസം!|എന്തു|നീ|നിര്‍ജ്ജീവ|മായിതോ?

ഈ വരികള്‍ അയടാളമിട്ടിരിക്കുന്ന രീതിയില്‍ വായിക്കുമ്പോള്‍ മദനന്റെ ഹൃദയത്തില്‍ സംഘട്ടനം ചെയ്യുന്ന കോപതാപാദിവികാരങ്ങളുടെ സ്വഭാവം അനുവാചകന് അറിയാന്‍ കഴിയുന്നു. ബുദ്ധിയേയും ഹൃദയത്തേയും മരവിപ്പിച്ചു കളയുന്ന ഉല്ക്കടമായ വിഷാദത്തെയും ആ മരണത്തിനു മാര്‍ഗ്ഗം തെളിയിച്ച നിന്ദ്യപ്രപഞ്ചത്തോടുള്ള അത്യുഗ്രമായ കോപത്തേയും വ്യഞ്ജിപ്പിക്കുന്നതിന് സമര്‍ത്ഥമാണ് ഈ വരികളിലെ ലയാനുവിദ്ധത. ഇംഗ്ലീഷില്‍ ഇതിനെ Hesitation motif എന്നാണ് പറയുക.

ചങ്ങമ്പുഴയുടെ ‘വേതാളകേളി’ എന്ന നാടകീയ സ്വഗതഗീതം ലയാന്വിതമായ ചലനംകൊണ്ടു വികാരാവിഷ്കരണം സാധിക്കുന്ന കവിതകള്‍ക്കു മകുടോദാഹരണമത്രേ. തന്റെ കാമുകിയുടെ ചാരിത്രത്തെ മലിനപ്പെടുത്തിയ ഒരു ഭയങ്കരനെ വധിക്കുവാന്‍ സന്നദ്ധനായി കാമുകന്‍ വരുകയാണ്. സുദീര്‍ഘമായ പന്ത്രണ്ടു സംവത്സരങ്ങള്‍ അയാള്‍ കാരാഗൃഹത്തില്‍ കഴിഞ്ഞുകൂടി. കാമുകിയുടേയും ജാരന്റേയും രഹസ്യവേഴ്ച കണ്ടുപിടിച്ചപ്പോള്‍ അയാള്‍ തല്‍ക്ഷണംതന്നെ അവളെ നിഗ്രഹിച്ചു. അന്ന് ജാരന്‍ അയാളുടെ കൈയ്യില്‍നിന്നു വഴുതിപ്പോയി. പിറ്റേ ദിവസം കൈയില്‍ വിലങ്ങുമായി അയാള്‍ കാരാഗൃഹത്തിലേയ്ക്ക് പോരുകയുംചെയ്തു. പന്ത്രണ്ടുവര്‍ഷം ആളിക്കത്തിയതാണ് അയാളുടെ പ്രതികാരാഗ്നി. അത് ഇന്ന് ആ രാക്ഷസന്റെ ജീവരക്തവര്‍ഷംകൊണ്ട് കെട്ടടങ്ങണം. വധോദ്യുതനായ അയാള്‍ ആക്രോശിക്കുകയാണ്:

പാതിരേ,|വേഗം| വരൂ, കൂരിരുള്‍
പ്പാറ|പിളര്‍ന്നു|നീ|യകാര|ഭീകരേ
നിഹ്നത|നീരദ|വ്രാതാ|സിതാം|ബരേ
ചന്ദ്രലേഖാ|ദ്യല്‍|സിതോഗ്ര|ദുഷ്ടാംകരേ!
താരാസ്ഥി|മാലാ|നിബദ്ധ|കളേബരേ
പോരൂ|നീ|പാതിരേ|യാകാര|ഭീകരേ!

ഈ വരികള്‍ വായിക്കുമ്പോള്‍ ഭയംകൊണ്ട് നമ്മുടെ ശരീരരോമം എഴുന്നേല്ക്കുന്നില്ലേ? അന്തരീക്ഷംതന്നെ ഭീതിജനകമായിത്തീരുന്നില്ലേ? കവിയുടെ രസബോധനിഷ്ഠമായ വികാരം ഈ പ്രത്യേകരൂപത്തിന് (form) കാരണമാകുകയാണ്. ആ രൂപം കവിയുടെ വികാരത്തെ പ്രത്യേകതകൊണ്ടാണ് ഇതുണ്ടാകുന്നതെന്നു തെറ്റിദ്ധരിക്കരുത്. ഇതേ വൃത്തത്തില്‍ എഴുതിയ മറ്റൊരു കവിത നോക്കുക:

 
കണ്‍മുന്‍പില്‍വന്നിട്ടൊളിച്ചു കലിയ്ക്കുന്ന
വിണ്ണില്‍ വെളിച്ചത്തെ നോക്കിനോക്കി സ്വയം
അജ്ഞാതഗാനങ്ങളോരോന്നുരുവിട്ടു
മല്‍ജീവനെന്തോ ഭജിക്കുകയാണിപ്പൊഴും
സംസാരചക്രം കടന്നതില്‍ ഗല്‍ഗദം
സായുക്യസീമയ്ക്കുമപ്പുറമെത്തവേ
അത്ഭുതമില്ലെനിക്കാരോമലേ നിന്റെ
ചിത്തം തുടിയ്ക്കാതിരിക്കുന്നതെങ്ങനെ?

നീരൊഴുക്കിന്റെ ചലനവിശേഷമാണ് ഈ വരികകള്‍ക്കുള്ളത്. ലയത്തിന് ഇവിടെയൊരു മാറ്റം വരുത്തിയിരിക്കുന്നു.

“പാതിരേ വേഗം വരൂ, വരൂ” എന്നാരംഭിക്കുന്ന വരികളില്‍ മുന്‍പു പറഞ്ഞ പ്രതിബന്ധാത്മകമായ ലയമാണുള്ളത്. ഇവിടെയാകട്ടെ വഴുതിവഴുതിപ്പോകുന്ന ഒരു ലയാനുവിദ്ധതയാണ് ദൃശ്യമാവുക. ഉറക്കെ വായിച്ചില്ലെങ്കില്‍ ഈ ഈ വരികള്‍ക്കുള്ള സൌന്ദര്യം അനുഭവിക്കാന്‍ സാധിക്കുകയില്ല. ഇതാ, അനുഗ്രഹീതനായ ഒരു കവിയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്ന ചില വരികള്‍.

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരമണികള്‍ കൈമണികള്‍കൊട്ടി;
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കുമാ മധുരസ്വരവീചികള്‍ തന്നില്‍
താളം നിരനിരയായ് നരയിട്ടിട്ടു തങ്ങീ
താമരത്തോരുകള്‍പോല്‍ത്തത്തലീയഭംഗി

ഇതിനുതുല്യം ‘ലയഭംഗി’യുള്ള മറ്റൊരു കവിത മലയാളഭാഷയിലുണ്ടായിട്ടില്ല. അലച്ചുപൊങ്ങുന്ന ലയവീചികള്‍ അനുവാചകനെ സര്‍വ്വാതിശായിയായ രാമണീയകത്തിലേക്കും കാവ്യപരമായ ഹര്‍ഷോന്മാദത്തിലേക്കും കൊണ്ടുചെല്ലുന്നു. ഈ കവിതയില്‍ ലയം എവിടെയിരിക്കുന്നു എന്നു പറയുക സാദ്ധ്യമല്ല. ഉല്‍ക്കൃഷ്ടമായ ഒരു കാവ്യാനുഭവം ഒരു മഹാകവിയുടെ ആത്മീയസത്തയെ ഇളക്കി മറിയ്ക്കുകയും അതിന് ലയാനുവിദ്ധതയുടെ മാന്ത്രികപ്രഭാവംകൊണ്ട് രൂപംകൊടുക്കാന്‍ യത്നിക്കുകയും ചെയ്തതു കൊണ്ടാണ് ഈ കവിത ഇത്രമാത്രം സുന്ദരമായത്. കവി ഉദ്ദേശിച്ച ചലനങ്ങളെ മനസ്സിലാക്കിയില്ലെങ്കില്‍ ചങ്ങമ്പുഴക്കവിതകള്‍ ആസ്വദിക്കുക പ്രയാസമാണ്.

നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തേ

എന്ന പദ്യഭാഗത്തില്‍ രണ്ടാമത്തെ വരി അങ്ങനെ പെട്ടന്നു നില്ക്കുന്നതില്‍ ഒരു പ്രത്യേകതയുണ്ട്. അതിനൊരു ഭംഗിയുമുണ്ട്.

അദ്വൈതാമലഭാവസ്പന്ദിത
വിദ്യുന്മേഖല പൂകിഞാന്‍

എന്നു ചങ്ങമ്പുഴ പാടുമ്പോള്‍ പദസൌകുമാര്യത്തിനും ലയാനുവിദ്ധതകൊണ്ടുണ്ടാകുന്ന രാമണീയകത്തിനും അതില്‍ കൂടുതല്‍ ഉയരാന്‍ സാധിക്കുകയില്ലെന്നു തോന്നിപ്പോകും. കവിചിത്തത്തിന്റെ ലയാന്വിതമായ ചലനങ്ങളില്‍നിന്നാണ് ചിന്തകള്‍ ഉത്ഭവിക്കുന്നതെന്ന് അഭിജ്ഞന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ആ ചലനങ്ങളെ അനുവാചകഹൃദയത്തിലും ഉല്പാദിക്കുവാന്‍ കവിക്ക് കഴിയുമെങ്കില്‍ അയാളുടെ ചിന്തകള്‍ അതേ രീതിയില്‍ അനുവാചകനു മനസ്സിലാകും. ചങ്ങമ്പുഴക്കവിതകള്‍ ഹൃദയത്തിലേക്കു ചുഴിഞ്ഞിറങ്ങുന്നതിന്റെ രഹസ്യം ഇതുതന്നെ.

രൂപശില്പത്തിന്റെയും, പ്രത്യേകിച്ച് അതിന്റെ ഒരു ഭാഗമായ ലയത്തിന്റെയും അസാധാരണശക്തി കണ്ടറിഞ്ഞ മലയാളകവികളില്‍ പ്രഥമഗണനീയനാണ് ചങ്ങമ്പുഴ. സംഗീതവും ഭാവാത്മകത്വവുംകൊണ്ട് അദ്ദേഹം നെയ്തെടുത്ത കവിതകള്‍ മലയാളസാഹിത്യത്തിനുള്ള നിസ്തുലസംഭാവനകളാണ്. യാഥാസ്ഥിതികത്വം അവയുടെ നേര്‍ക്കു കല്ലെറിഞ്ഞാലും പഴഞ്ചന്‍ പാണ്ഡിത്യം അവയുടെ മുന്‍പില്‍ നഗ്നതാണ്ഡവം നടത്തിയാലും കേരളീയര്‍ എന്നെന്നും ആ കവിതകളെ താലോലിക്കും; അവയുടെ കര്‍ത്താവിനെ ആരാധിക്കും.