കവിത പദ്യത്തിലേയ്ക്ക്
ആധുനിക മലയാളകവിത | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | ആധുനിക മലയാളകവിത |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പി.കെ ബ്രദേഴ്സ്, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 226 |
കവിത പദ്യത്തിലേക്ക്
ശ്രീ. എന്‍. വി. കൃഷ്ണവാര്യരുടെ കവിതയെപ്പറ്റിയുള്ള ഒരു പഠനം
I
പലരും പറയാറുണ്ട് ശ്രീ. എന്‍. വി. കൃഷ്ണവാരിയരുടെ “നീണ്ട കവിതകള്‍” മലയാള കവിതയുടെ ശുഭാവഹമായ നിഷ്ക്രമണത്തെയും പരിവര്‍ത്തനത്തെയും സൂചിപ്പിക്കുന്നുവെന്ന്. ശ്രീ. വാരിയരുടെ ആരാധകര്‍ മാത്രമല്ല, പ്രഗല്ഭരായ നിരൂപകന്മാര്പോലും അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചു കൂടിയ ആദ്യത്തെ കാവ്യോത്സവ സമ്മേളനത്തില്‍ ചിലര്‍ അങ്ങനെ വളരെ വ്യക്തമായി പറയുന്നത് ഞാന്‍ കേട്ടു. അത് ശ്രീ. വാരിയരെ സന്തോഷിപ്പിച്ചിരിക്കുമെങ്കിലും, നിഷ്പക്ഷമായി കാര്യങ്ങള്‍ വീക്ഷിക്കുന്നവരെ ചിന്തിപ്പിക്കുകയാണുചെയ്തത്. എന്താണാവോ അദ്ദേഹം വരുത്തിക്കൂട്ടിയ പരിവര്‍ത്തനങ്ങള്‍? നിരൂപര്‍ മറുപടി പറയുകയായി: “ശ്രീ. വാരിയര്‍ ‘നീണ്ട കവിതകള്‍’ എന്നൊരു പ്രസ്ഥാനം സൃഷ്ടിച്ചു; ചങ്ങമ്പുഴയുടെ സംഗീതാത്മകമായ രചനാരീതിയില്നിന്നു മലയാള കവിതയെ മോചിപ്പിച്ചു; കാവ്യപരങ്ങളായ പദങ്ങളെന്നും കാവ്യപരങ്ങളല്ലാത്ത പദങ്ങളെന്നുമുള്ള വ്യത്യാസത്തെ അവഗണിച്ച് ഏതു പദവും കാവ്യത്തിൽ ഉപയോഗിക്കാമെന്നു വെളിപ്പെടുത്തി; സര്‍റീയലിസ്റ്റ് കലാസങ്കേതം സ്വീകരിച്ചു.” അങ്ങനെ വാരിയരുടെ കവിതകള്‍പോലെ നീണ്ടുനീണ്ടു പോകുന്നു ആ വാദങ്ങള്‍. വളരെ വിചിത്രങ്ങളായ സമാധാനങ്ങള്‍ എന്നല്ലാതെ എന്തു പറയട്ടെ. ഇതു കേട്ടാല്‍ ഇവയെല്ലാമാണ് ഉത്തമ കവിതയ്ക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്നു തോന്നിപ്പോകും ഈ പ്രത്യേകതകളാലാണ് ശ്രീ വാരിയരെ നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവായി കരുതുന്നതെന്ന് ചിലര്‍ തെറ്റിദ്ധരിച്ചേക്കുകയും ചെയ്യും. നമ്മുടെ നിരൂപകന്മാര് സാമാന്യജനതയെ വഴിതെറ്റിക്കുന്ന അനേകം മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. നമുക്ക് ഇതോരോന്നും നിഷ്കൃഷ്ടമായി പരിശോധിക്കുകയും സത്യം ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പൊതുജനവഞ്ചന എന്നതിനു പുറമേ അതൊരു ആത്മവഞ്ചനയുമായിരിക്കും.
കവിത പലതരത്തിലാണ് നമ്മെ സ്പര്‍ശിക്കുന്നത്. വിഭിന്നങ്ങളായ അനുഭവങ്ങളുടെ മണ്ഡലങ്ങളില്‍നിന്നു സ്വീകരിക്കപ്പെടുന്ന ആശയങ്ങള്‍ കവിതകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതിനാല്‍ ഒരു കലാസൃഷ്ടി വ്യത്യസങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ അനുവാചകനെ ചലിപ്പിച്ചുവെന്നുവരാം.
‘ശാങ്കുന്തളം’ വായിക്കുന്ന ഒരാള്‍ക്കു കൂടുതല്‍ ഇഷ്ടമാകുന്നത് അതിലെ സ്വഭാവ ചിത്രീകരണമായേക്കാം. മറ്റൊരാള്‍ക്ക് അതിന്റെ വിശ്വോത്തരമായ കാവ്യഭംഗിയായിരിക്കാം ഹൃദയാകര്ഷകമായിതോന്നുന്നത്. വേറൊരാള് അതില്‍ പ്രദര്ശിതമായിരിക്കുന്ന നാടകീയ വൈദഗ്ദ്ധ്യത്തെ പ്രശംസിച്ചുവ്വെന്നുവരാം. അതുപോലെ കവിതയുടെ പ്രതിപാദ്യവിഷയത്തില്‍ ഒരാള്‍ക്ക് ആഭിമുഖ്യം ജനിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അതിന്റെ സംഗീതസൌഭഗത്തില് ആനന്ദമുണ്ടാകുകയെന്നത് അസാധാരണമല്ല. മാനസോല്ലാസത്തിനുമാത്രമായി കവിതയെ സമീപിക്കുന്നവരും ഇല്ലാതില്ല. ഈ സമീപനമെല്ലാം അനുവാചകന്റെ മാനസികഘടനയെ ആശ്രയിച്ചിരിക്കും. പക്ഷേ, ശ്രീ. വാരിയരുടെ കവിതയ്ക്ക് ഇതിനൊന്നും ശക്തിയില്ല എന്നതാണ് പരമാര്‍ത്ഥം. അതിന്റെ പ്രതിപാദ്യവിഷയത്തിന് മഹനീയതയില്ല; വികാരാവിഷ്കരണം ഇവിടെ ദര്‍ശിക്കാമെന്നു മോഹിക്കരുത്. കാവ്യോചിതങ്ങളായ ചിന്തകള്‍ ഈ കവിതയില്‍ ഉണ്ടെന്നു തെറ്റിദ്ധരിക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ വെറും വസ്തുസ്ഥിതികഥനം, അതേയുള്ളൂ. വസ്തുസ്ഥിതികള്‍ വികാരശൂന്യമായി വര്ണ്ണിച്ചാല് അത് കവിതയാവുകയില്ല; പദ്യമെന്നാണ് അതിന്റെ പേര്.
അങ്ങനെ നോക്കുമ്പോള്‍ വാരിയരുടെ “കവിതയ്ക്കു” പദ്യമെന്ന (Verse) നാമധേയമാണ് കൂടുതല്‍ യോജിക്കുന്നത്. മലയാളകവിതയെ പദ്യത്തിലേക്ക് അധഃപതിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദാനമെങ്കില്‍ ശ്രീ. വാരിയര്‍ പരിവര്‍ത്തനത്തിന്റെ ഉദ്ഘാടകന്‍ തന്നെ. ഞാന്‍ ഓരോന്നും വിശദീകരിക്കട്ടെ.
ചങ്ങമ്പുഴയുടെ അനന്യസാധാരണമായ സര്‍ഗ്ഗശക്തികൊണ്ട് സംഗീതാത്മകത്വത്തിലേക്കു വഴുതിവീണ മലയാളകവിതയെ വാരിയര്‍ ആ അനര്ത്ഥത്തില്നിന്നു മോചിപ്പിച്ചുവെന്നതാണ് ആദ്യത്തെ പരിഷ്കാരമായി നിരൂപകര്‍ പറയുന്നത്. ഇതു കേട്ടാല്‍ സംഗീതം കവിതയിലെ ഏറ്റവും നിഷിദ്ധമായ ഒരു ഘടകമാണെന്നു തോന്നിപ്പോകും. കവിതയുടെ മൗലികങ്ങളായ തത്വങ്ങളില്‍ ഇതിനേക്കാള്‍ അനഭിജ്ഞത പ്രകടിപ്പിക്കുന്ന മറ്റൊരഭിപ്രായം ലോകസാഹിത്യചരിത്രം മുഴുവന്‍ പരിശോധിച്ചുനോക്കിയാല്‍ കണ്ടില്ലെന്നുവരും. കാവ്യപരമായ സംഗീതത്തിന്റെ അഗാധങ്ങളായ നീരുറവുകളില്നിന്ന് ഉയര്‍ന്നുവരാത്ത ഒരു ചിന്തയും കാവ്യാത്മകമാകുകയില്ലെന്ന് ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഏത് ഉത്തമകവിതയും അപഗ്രഥിച്ചുനോക്കുക. അതുല്പാദിപ്പിക്കുന്ന ഫലങ്ങള്‍ അടിസ്ഥാനപരങ്ങളായി സംഗീതാത്മകങ്ങളാണെന്നു മനസ്സിലാക്കാം. മൃദുലപദങ്ങളുടെ വിന്യാസംകൊണ്ടോ,അനുപ്രസാദികളുടെ പ്രയോഗംകൊണ്ടോ സംജാതമാകുന്ന ബാഹ്യസംഗീതത്തെയല്ല ഞാനുദ്ദേശിക്കുന്നത്. ഹൃദയത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെന്നിട്ട് നമ്മെ ആനന്ദത്തിലേക്കു കൊണ്ടുചെല്ലുന്ന ആന്തരസംഗീതമാണ് കവിതയില്‍ പ്രധാനം. ഈ ആന്തരസംഗീതമില്ലാത്ത കവിതയൊന്നും കവിതയെന്ന പേരിന് അര്ഹമാകുകയില്ല.
“ദേവനികേത ഹിരണ്മയ മകുടം
മേവീദൂരെ ദ്യുതി വിതറി
പൊന്നിന് കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടിപാറി”
എന്ന വരികള്‍ നമ്മെ കവിതയുടെയും സംഗീതത്തിന്റെയും സ്വര്ഗ്ഗസാമ്രാജ്യത്തിലേക്ക് ഉയര്ത്തിക്കളയുന്നില്ലേ? എന്താണിതിനു കാരണം? ആ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശയത്തിന്റെ മഹനീനയതകൊണ്ടാണോ അത് സംഭവിക്കുന്നത്? അതോ പദങ്ങളുടെ അകൃത്രിമസൌന്ദയ്യംകൊണ്ടോ? രണ്ടുമല്ല ഇവിടെ ആശയത്തിന് പ്രസ്താവ്യമായ മഹാത്മ്യമൊന്നുമില്ല. പദങ്ങള്‍ക്കും അത്ര വളരെ മൃദുലതയില്ല. നേരെമറിച്ച് ‘ഹിരണ്മയം’ ‘മകുടം’ ‘കൊടി’ എന്നീ വാക്കുകള്‍ കാവ്യപരങ്ങളല്ലെന്നും പറയാം. എങ്കിലും ആ പദങ്ങള്‍ ഈ പ്രത്യേകരീതിയില്‍ വിന്യസിക്കപ്പെടുമ്പോള്‍ അതിനൊരു വൈശിഷ്ട്യം സിദ്ധിക്കുന്നു. ഇതാ ഇവിടെയാണ് ആന്തരസംഗീതം നമ്മെ ആനന്ദപാരവശ്യത്തില്‍ ആമജ്ജനം ചെയ്യിപ്പിക്കുന്നത്. ഈ വരികളിലെ ആശയങ്ങളെ ഗദ്യമായി പ്രസ്താവിച്ചാല്‍ അത് അശേഷവും ഹൃദയസ്പര്ശകമാകുകയില്ല. ശുദ്ധമായ ഭാഷയ്ക്കുള്ള കഴിവുകള്‍ പരിമിതങ്ങളാണ്. ആ ഭാഷ വൃത്താത്മകമായി, സംഗീതസാന്ദ്രമായി പ്രവഹിക്കുമ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു വശ്യതയുണ്ടാകുന്നു. ഭാഷയ്ക്കു ഒരു പുതിയ പരിണാമംതന്നെ സിദ്ധിക്കുന്നു. സുസ്വരതയുടെയും താളലയത്തിന്റെയും ഒരാവരണം ഭാഷയെ പൊതിയുന്നു. അത്തരത്തിലാണ് കവിത അനുവാചകഹൃദയത്തെ ആവര്‍ജ്ജനം ചെയ്യുന്നത്. ശ്രീ. വാരിയരുടെ ഒരു കവിതാവിഭാഗം ഞാനുദ്ധരിക്കട്ടെ:
ഒരു ലക്ഷ്യമുണ്ടെനിക്കൊരു ധര്മ്മമുണ്ടെനി-
യ്ക്കു വരിലൊരുത്തനെക്കൊല്ക
ഒരു കാമമുണ്ടെനിക്കൊരു ലോഭമുണ്ടെനി-
യ്ക്കൊരുവന്റെ ചോര ചൊരിക
ഒരു ദിവസത്തിനായ് ജ്ജീവിച്ചിരിപ്പൂ ഞാ-
നൊരുവനെക്കാച്ചും ദിവസം!
ഒരു ദാഹമുണ്ടെനിക്കൊരു വിശപ്പുണ്ടെനി-
ക്കൊരുവന്റെ ചോരയിറച്ചി
- (കൊച്ചുതൊമ്മന്‍)
പരിവര്‍ത്തനത്തിന്റെ ഉദ്ഘാടകനായ ശ്രീ. വാരിയരുടെ ‘കവിത’ എങ്ങനെയിരിക്കുന്നു?
എന്‍. വി. കൃഷ്ണവാരിയര്‍ സംഗീതത്തെ കവിതയില്‍ നിന്നു നിഷ്ക്കാസനംചെയ്തത് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യമത്രേ. സംഗീതസാന്ദ്രമായ ‘പദ്യ’മെഴുതാന്പോലും അദ്ദേഹം അപ്രഗല്ഭനാണ്. പിന്നെയല്ലേ കവിതയുടെ കാര്യം വരുന്നുള്ളു. ഇംഗ്ലണ്ടിലെ നവ്യകാവ്യത്തിന്റെ ഉപജ്ഞാതാവായ റ്റി. എസ്സ്. എലിയറ്റിനു സദൃശനാണ് വാരിയരെന്ന്, ഒരഭിപ്രായം ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളില്‍നിന്നു കേള്‍ക്കുകയുണ്ടായി. എലിയറ്റിന്റെ കവിത സംഗീത സുഭഗങ്ങളല്ലെന്നുള്ള വിശ്വാസമാണോ ആ അഭിപ്രായപ്രകടനത്തിന് പ്രേരകമായതെന്ന് അറിഞ്ഞുകൂടാ. ഷെല്ലിയുടെയും കീറ്റ്സിന്റേയും കവിതയ്ക്കുള്ള സംഗീതാത്മകത്വം എലിയറ്റിന്റെ കവിതയില്‍ ഇല്ലെന്നത് വാസ്തവം തന്നെ. പക്ഷേ നൂതനമായ ഒരു ലയാനുവിദ്ധത ആവഹിക്കുന്ന കവിതകളാണ് എലിയറ്റിന്റേത്.
April is the cruellest month breeding
Lilacs out of the dead land mixing
Memory and desire stirring
Dull roots with spring rain
(T.S. Eliot-Waste land)
എന്ന വരികളില്‍ സ്വതന്ത്രമായ ലയത്തിന്റെ പ്രയോഗമാണ് ദൃശ്യമാകുന്നത്. അത് കവിതയുടെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുകയും അനുവാചകരില്‍ വൈകാരികമായ സംതൃപ്തി ജനിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ നൂതനമായ ലയാനുവിദ്ധത ഉള്ളതിനാലാണ് എലിയറ്റിന്റെ കവിത സംഗീതസുഭഗമായിട്ടുള്ളത്. ശ്രീ. വാര്യരുടെ കവിത ഗദ്യാത്മകമാണ്. അതില്‍ ലയാനുവിദ്ധത അന്വേഷിക്കേണ്ടതില്ല. ചങ്ങമ്പുഴക്കവിതകളിലെ സംഗീതാത്മകത്വം ദ്രുതഗതിയിലുള്ള ഒരു സ്വരഭേദവും, ആകസ്മികമായ ക്ഷോഭാവേശവും, പൊടുന്നനവേയുള്ള ശാന്തിയും സംജാതമാകുമ്പോള്‍ വാരിയരുടെ സംഗീതശൂന്യമായ ‘കവിത’ യാന്ത്രികശബ്ദങ്ങളായി അധഃപതിച്ച് സഹൃദയന് ഉദ്വേഗം ജനിപ്പിക്കുന്നു. അര്‍ത്ഥവിനിമയം ചെയ്യുക എന്നതല്ലാതെ മറ്റൊരു കൃത്യവും വാരിയരുടെ കവിതയിലെ പദങ്ങള്‍ക്കു അനുഷ്ഠിക്കുവാനില്ല.
‘അദ്വൈതാമലഭാവസ്പന്ദിത
വിദ്യുന്മേഖല പൂകി ഞാന്‍’
എന്ന ചങ്ങമ്പുഴയുടെ വരികള്‍ വായിക്കുമ്പോള്‍ നമ്മുടെ ശരീരമാകെ കോരിത്തരിക്കുന്നതിന് കാരണമെന്താണെന്ന് മനഃശാസ്ത്രം ഒരു കാലത്ത് വ്യക്തമാക്കിയേക്കാം. ഇന്ന് അതിന് കഴിവില്ല. നമ്മുടെ ഹൃദയത്തില്‍ ഊഷ്മളത പകരുന്നതിന് ആ വരികള്‍ക്ക് ഇത്രമാത്രം ശക്തിവന്നതെങ്ങനെയാണെന്ന് നാം ആലോചിച്ചുപോകുന്നു. ശാസ്ത്രത്തിന്റെ പിടിയിലൊതുങ്ങാത്ത വിഷയമാണത്. എന്നാല്‍
“നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല
നിങ്ങള്‍ എലികളോ മാനുഷരോ”
എന്ന് ശ്രീ. വാരിയര്‍ ചോദിക്കുമ്പോള്‍ ആ വരികള്‍ നമ്മിലെന്തുകൊണ്ട് ജുഗുപ്സ ഉളവാക്കുന്നു എന്നതിന് സമാധാനം പറയാന്‍ മനഃശാസ്ത്രത്തിന്റെ സഹായം ആവശ്യമില്ല.
കവിത വാക്കുകള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. ചില പദങ്ങള്‍ ചില പ്രത്യേകരീതിയില്‍ പ്രയോഗിക്കുമ്പോള്‍ അവയ്ക്കൊരു ചൈതന്യമുണ്ടാകുന്നു. അസാധാരണങ്ങളായ പദങ്ങളായിരിക്കണമെന്നില്ല അവയെല്ലാം. സര്വ്വസാധാരണങ്ങളും ലളിതങ്ങളുമായ വാക്കുകള്‍ മതി. ഇതാ ഒരുദാഹരണം:
“അല്ലല്ലാ! പൂവാലിപ്പയ്യെങ്ങെന്നു ചൊല്ലിപ്പെട്ടെ-
ന്നല്ലണിക്കുഴലഴിഞ്ഞെഴുന്നേറ്റവള് പോകെ
അന്തിക്കാര്വക്കില് താരംപോലെ
കണ്പീലിത്തുമ്പി-
ലേന്തിയ പൊടിക്കണ്ണീരിപ്പൊഴും കാണുന്നൂ ഞാന്‍
ഇല്ലവളിപ്പോള്-എന്നാ-ലാസ്മൃതിപ്രകാശമെ-
ന്നല്ലലിന് കൊടുമുടിത്തുമ്പിന്നും തളിര്‍ക്കുന്നു.
- (ജി–നവാതിഥി)
ഈ ഭാഗം വായിക്കുമ്പോള്‍ വാക്കുകള്‍ക്കു ഇങ്ങനെ പതിക്കുവാനേ സാദ്ധ്യമാകൂ എന്നു നാം മനസ്സിലാക്കുന്നു. അവയ്ക്കൊരു ഇണക്കവും ഐക്യവും ഉണ്ട്. വികാരത്തിന്റെ നിയന്ത്രണം പരിപാലിക്കുന്ന ഒരു കവിയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്തരത്തില്‍ പദങ്ങള്‍ വിന്യസിക്കുവാന്‍ കഴിയുകയില്ല. കവിതയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം പദവിന്യാസത്തില്‍ ദര്‍ശിക്കാം:
“സ്വന്തകര്‍മ്മവശരായ് തിരഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍
അന്തരാളഗതി തന്നിലൊന്നൊടൊ-
ന്നന്തരാപെടുമണുക്കളാണു നാം”
എന്ന പദ്യം കേട്ടാല്‍ അത് ആശാനുമാത്രമേ എഴുതാന്‍ കഴിയൂ എന്ന് നമുക്കു പറയാം. ആശാന്റെ ഏതു കവിതയിലും കാണാം ഈ പദവിന്യാസക്രമം. അത് അദ്ദേഹത്തിന്റെ അന്തര്‍ഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
“ഓടക്കുഴലിതു നീടുറ്റ കാലത്തിന്
കൂടയില്‍ മൂകമായ് വീഴാം നാളെ
മണ്ചിതലായേക്കാമല്ലെങ്കിലിന്നിനി
വെണ്‍ചാരം മാത്രമായ് മാറിയേക്കാം”
എന്ന് ‘ജി’ ബാല്യകാലത്തിലെഴുതിയ വരികളുടെ ആ ഗാംഭീര്യംതന്നെ അടുത്ത കാലത്ത് ആവിര്‍ഭവിച്ച ‘അന്തര്‍ദ്ദാഹ’ത്തിലെ കവിതകളിലുമുണ്ട്. മറ്റൊരു മാര്‍ഗ്ഗംകൂടി ഞാന്‍ നിര്‍ദ്ദേശിക്കാം. ജി. ശങ്കരക്കൂറുപ്പിന്റെ ഒരു പ്രേമഗാനത്തില്‍ ചങ്ങമ്പുഴയുടെ പ്രേമഗാനത്തിലെ നാലുവരികള്‍ ചേര്‍ത്തുവെച്ച് വായിച്ചുനോക്കുക.
“ആ മനോമോഹനവേളയിലെന് ഗള-
മോമലാള് കെട്ടിപ്പുണര്ന്നുചോദിക്കയാം
മാമകസൌഭാഗ്യ ഗര്വ്വസര്വ്വസ്വമേ
പ്രേമനികേതമേ ചൊല്ലുമോ വാസ്തവം
[മംഗളസ്വപ്നങ്ങള് കണ്ടുകണ്ടെന്നെന്നു-
മങ്ങതന്‍ മാറില്‍ തലചായ്ച്ചുറങ്ങുവാന്‍
ആരാലിവളിതാ പോരികയായി നി-
ന്നാരോമല്‍-നിത്യാനുരാഗം മുകരുവാന്‍]
നേരുകഥിക്കണമങ്ങു വിളിക്കെയെന്‍
പേരു,മധുരമായ്ത്തീരുന്നതെങ്ങനെ
നേരുകഥിക്കണമങ്ങുതൊടുമ്പോള് ഞാന്‍
താരുപോലെ മൃദുവാകുന്നതെങ്ങനെ”
വലയത്തിനകത്തുള്ള നാലുവരികള്‍ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തങ്ങളായി തോന്നുന്നില്ലേ? അതുതന്നെയാണ് വ്യക്തിത്വമെന്നത്. ഇതൊക്കെ കവിതയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്. രീതിയെന്ന നിഗമനത്തിലേക്ക് നമ്മെ നയിക്കുകയാണ്. എന്നാല്‍ ചില കവികളുടെ കവിതകള്‍ വായിച്ചാല്‍ ഈ പ്രത്യേകത അനുഭവപ്പെടുന്നില്ല. കൃഷ്ണവാരിയര്‍ ചിലപ്പോള്‍ മഹാകവി ശങ്കരക്കുറുപ്പിനേയും ചങ്ങമ്പുഴയേയും അനുകരിക്ക്ക്കാറുണ്ടെങ്കിലും കഴിയുന്നതും ആ പരാധീനത ഒഴിവാക്കാന്‍ ശ്രമിക്കുന്ന ‘കവി’യാണ്. എങ്കിലും ഇംഗ്ലീഷില്‍ poetic madness എന്നു പറയുന്ന ആ കാവ്യപ്രചോദനം അദ്ദേഹത്തിന് ഒരിക്കലും ഉണ്ടാകുന്നില്ല. അത് സംജാതമായില്ലെങ്കില്‍ സുവ്യക്തമായ രചനാരീതി കൈവരുകയുമില്ല. അത് തെളിയിക്കുവാന്‍ ശ്രീ. എന്‍. വി. കൃഷ്ണവാരിയരുടെ മൂന്നു കാവ്യസമാഹാരഗ്രന്ഥങ്ങളില്നിന്ന് ഞാന്‍ ഏതാനും വരികള്‍ ഉദ്ധരിക്കട്ടെ:
“അവസാനമത്താങ്ങുമില്ലാതായകാലത്തി-
ലവനെപ്പിരിഞ്ഞെങ്ങോ പോകയായ്ത്തന്നാനയും
കൂറിനു നിധാനമാം തോഴനായ്ത്തന് ഭൃത്യനായ്
ച്ചോറുനല്കിടും യജമാനനായ്,ത്തൻ ബന്ധുവായ്
വാണൊരഗ്ഗജം രോഗബാധിതമായി കാല-
ക്കേടിനാല് ‘ച്ചരിഞ്ഞു’പോയിന്നയാളേകാകിയായ്”
(നീണ്ട കവിതകള്‍)
തന്നുള്ളില്ത്തിളങ്ങുന്ന തത്ത്വത്തെ നാനാത്വത്തിന്
പിന്നാലെയേകത്വത്തെസ്സച്ചിദാനന്ദാത്മാവേ
പ്രത്യക്ഷീകരിക്കുവാന്‍ നിത്യനിര്വ്വാണം പൂകാന്‍
സത്യത്തോടൊന്നാകുവാനുഴറൂം ചിത്തത്തോടെ
(കുറെക്കൂടി നീണ്ട കവിതകള്‍)
കുളിര്കാറ്റു വീശുന്നു, തളിരുകള്‍ തുള്ളുന്നു
പുളകങ്ങള്‍ മെയ്യില്‍ത്തരിച്ചിടുന്നു.
മത്തായി തോട്ടത്തില്നിന്നുവരുംവഴി
നിര്‍ത്തുന്നു കാറു കടവുവക്കില്‍
എത്തിപ്പിടിച്ചു പുണര്‍ന്നു കത്രീഞ്ഞയെ
മുത്തി,വലിച്ചു കാറേലേറ്റിടുന്നു.
ചെക്കന് മിടുക്കന് പണക്കാരന് സുന്ദരന്‍
പുത്തന്‍ സ്റ്റുഡിബേക്കറാണു കാര്യം”
(കൊച്ചുതൊമ്മന്‍)
പ്രചോദനമോ ജന്മസിദ്ധമായ വാസനയോ ഇല്ലാതെ കവിത എഴുതാന്‍ പുറപ്പെട്ടാല്‍ അതിന്റെ ഫലം ദയനീയമായിരിക്കും എന്നതിന് മേലുദ്ധരിച്ച കവിതഭാഗങ്ങള്‍ നിര്‍ദശകങ്ങളാണ്, ഇവിടെ രീതി(Style)ഇല്ല എന്നതു, പോകട്ടെ. ‘രീതി’യുടെ അഭാവത്തെ ഇംഗ്ലീഷില്‍ Manner എന്നാണ് പറയുക. അതുപോലും ഈ ഭാഗങ്ങളില്‍ ദൃശ്യമില്ല. ആശാന്റേയോ വള്ളത്തോളിന്റേയോ, ശങ്കരക്കുറുപ്പിന്റെയോ കവിതകളില്‍നിന്ന് ഒരൊറ്റ പദംപോലും മാറ്റുവാന്‍ സാധിക്കുകയില്ല. ഇവിടെ ഒന്നല്ല നൂറുവാക്കുകള്‍ മാറ്റാം. ഒരു കുറ്റവും സംഭവിക്കുകയില്ല. വ്യര്‍ത്ഥങ്ങളായ പദങ്ങള്‍ അത്രയ്ക്കുണ്ട്. ഉത്തമമായ കവിതയില്‍ പദങ്ങള്‍ക്കു ഒരു നിയന്ത്രണവും സംവിധാനവും കാണും. വികാരത്തിന്റെ നിയന്ത്രണത്തില്‍നിന്നു ജനിക്കുന്ന സംവിധാനമാണത്. ശ്രീ. വാരിയര്‍ക്കു വികാരമുണ്ടായിട്ടു വേണമല്ലോ അതിനെ നിയന്ത്രിക്കുവാന്‍! ഇദ്ദേഹം വ്യക്തിത്വമില്ലാത്ത കവിയാണെന്നുള്ളത് ഇരിക്കട്ടെ. നിരൂപകന്മാര് വാരിയരില്‍ മറ്റൊരു വലിയ ഗുണം കാണുന്നുണ്ടല്ലോ? കാവ്യപരങ്ങളെന്നും കാവ്യപരങ്ങളല്ലാത്തതെന്നുമുള്ള വിഭജനത്തെ അംഗീകരിക്കാതെ ഏതു പദവും കവിതയില്‍ പ്രയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി എന്നതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠതയ്ക്കു കാരണമായിരിക്കുന്നത്. റ്റി. എസ്. എലിയറ്റ് ഇക്കാര്യത്തിലും അദ്ദേഹത്തിന് മാര്‍ഗ്ഗദര്‍ശനം ചെയ്തുവെന്ന് അഭിപ്രായമുണ്ടായേക്കാം. എലിയറ്റ് ഈ വിഭജനം അംഗീകരിക്കുന്നില്ല എന്നത് വാസ്തവംതന്നെ. അദ്ദേഹത്തിന്റെ Four Quartets എന്ന കവിത വായിച്ചാല്‍ ഇത് നാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും. പക്ഷേ ഒരു വ്യത്യാസമുണ്ട്. എലിയറ്റിനെപ്പോലെ ഭാഷയില്‍ ഇത്രത്തോളം ആധിപത്യം പ്രദര്‍ശിപ്പിച്ചിട്ടുള്ള മറ്റൊരു കവി ഇംഗ്ലണ്ടിലുണ്ടായിട്ടില്ല. ഓജസ്സും ചൈതന്യവും ലക്ഷ്യമാക്കിയാണ് എലിയറ്റ് ഓരോ പദവും പ്രയോഗിക്കുന്നത്. അവയ്ക്കെല്ലാം സുനിശ്ചിതത്വമുണ്ട്. സുശക്തമായ ലയാനുവിദ്ധത അത് ജനിപ്പിക്കുന്നു. വാരിയരുടെ പദങ്ങള്ക്കാകട്ടെ ഈ ഗുണമൊന്നുമില്ല. അവയ്ക്ക് ധ്വന്യാത്മകത്വമോ സുനിശ്ചിതത്വമോ ഇല്ല. വികാരശൂന്യങ്ങളായ പദങ്ങള്‍ നിരത്തിവെയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ സമ്പ്രദായം.
“നിശ്ചയം വിനാശത്തിലൌന്നത്യം പതനത്തില്‍
വിഭവം ദാരിദ്രത്തില്‍, പ്രണയം വിദ്വേഷത്തില്‍
ആശകള്‍‘ നൈരാശ്യത്തി;ലാനന്ദം സന്താപത്തില്‍
ശൈശവംവാര്ദ്ധക്യത്തില്, ജ്ജീവിതം മരണത്തില്‍”
ഇതിനേക്കാള്‍ ഭേദം ഗദ്യത്തിലെഴുതുകയല്ലായിരുന്നുവോ?
കവിതയില്‍ ഇന്ന പദങ്ങളേ ഉപയോഗിക്കാവൂ എന്ന് നിര്‍ബന്ധമില്ല. ഇന്ന വാക്ക് കാവ്യോചിതം, ഇന്നത് കാവ്യോചിതമല്ലാത്തത് എന്ന വിഭജനവും സാദ്ധ്യമല്ല. പക്ഷേ ഏതു പദമുപയോഗിച്ചാലും അതിന് വൈകാരികമായ മൂല്യമുണ്ടായിരിക്കണം. വാരിയരുടെ കവിത ഹൃദയത്തെ സ്പര്ശിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ പദങ്ങള്‍ വികാരപരമായി വന്ധ്യങ്ങളാണെന്നുള്ളതാണ്. അനുവാചകനില്‍ പ്രതികരണമുളവാക്കുവാന് വാക്കുകള്‍ക്കു ശക്തിയുണ്ടോ, കവിത വിജയം പ്രാപിച്ചു; അല്ലെങ്കില്‍ പരാജയപ്പെട്ടു.
ട്വീഡു കൊണ്ടാണെന്റെ കാലുറ കുപ്പായം
മീടെഴും പോപ്ലേന് തുണികൊണ്ടു തയ്ച്ചതാം
പട്ടംകൊണ്ടത്രേ നിനുത്ത പാപ്പാസുകള്‍
കോട്ടോ തിളങ്ങുമൊന്നാംതരം ബ്ളെയ്സറും
എന്ന വരികളിലെ ഇംഗ്ലീഷ് പദങ്ങള്‍ കവിതയുടെയും വിഷയത്തിന്റേയും അധുനാതനത്വം കാണിക്കുവാന്‍ വേണ്ടിയാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് ശ്രീ. സി. ജെ. തോമസ് അഭിപ്രായപ്പെടുന്നു. ഈ വാദം അംഗീകരിക്കത്തക്കതല്ല. നേരേമറിച്ച് ആ വരികള്‍ അനുദിനം അധ:പതനത്തിലേക്കും ജീര്‍ണ്ണതയിലേക്കും, ഗദ്യാത്മകത്വത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളകവിതയുടെ ദു:സ്ഥിതിയെയാണ് മനസ്സലാക്കിത്തരുന്നത്.
II
കവിതയില്‍ ചിന്തകളെ നിവേശിപ്പിക്കുന്ന രീതിയനുസരിച്ചാണ് നാം കവിതയ്ക്കു മഹനീയത കല്പിക്കുന്നതും കല്പിക്കാതിരിക്കുന്നതും. വികാരപൂരിതങ്ങളായ ചിന്തകളാണ് കവിതയുള്ളതെങ്കില് അവ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. നേരെമറിച്ച് നഗ്നങ്ങളായ ചിന്തകളെ അവതരിപ്പിക്കുക എന്നതു മാത്രമാണ് തന്റെ പരമ ലക്ഷ്യമെന്നു കവി വിചാരിക്കുന്നെങ്കില് അത് അനുവാചകന് വൈരസ്യം ജനിപ്പിക്കുകയേയുള്ളൂ. അതു മനസ്സിലാക്കിക്കൊണ്ട് നാം ശ്രീ. എന്‍. വി. കൃഷ്ണവാരിയരുടെ ‘കവിതകളെ’ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചിന്തയും കാവ്യപരമല്ലെന്നുള്ള വസ്തുത നമുക്കു ബോദ്ധ്യമാകും. അത് തെളിയിക്കുവാന്‍ അദ്ദേഹത്തിന്റെ ഓരോ കവിതയും അപഗ്രഥിച്ചു വിമര്‍ശിക്കേണ്ടതാണ്. പരിമിതമായ സ്ഥലത്ത് അതൊട്ട് സാദ്ധ്യവുമല്ല. അതുകൊണ്ട് ശ്രീ. വാരിയരുടെ ഏറ്റവും ഉജ്ജ്വലമായ കവിതയെന്നു നിരൂപകന് അഭിപ്രായപ്പെടുന്ന “എലികള്‍’ എന്ന കാവ്യഖണ്ഡം പരിശോധിച്ചുനോക്കുവാനാണ് ഇവിടെ ഉദ്യമിക്കുന്നത്.
“കുറെക്കൂടി നീണ്ട കവിതകള്‍” എന്ന കാവ്യസമാഹാരഗ്രന്ഥത്തിന് അവതാരിക എഴുടിയിട്ടുള്ള ശ്രീ. സി. ജെ. തോമസ്സ് പ്രസ്താവിക്കുന്നു: “ചെറുതെങ്കിലും പ്രത്യേക പരിഗണനയെ അര്‍ഹിക്കുന്ന ഒരു കവിതയാണ് ‘എലികള്‍’. നിര്‍ദ്ദോഷമായ ഈ തലക്കെട്ടിന് താഴെയിരിക്കുന്നതു മലയാളഭാഷയിലെ ഏറ്റവും ശക്തിയേറിയ കുറെവരികളാണ്. അവ ബങ്കാളി ചിത്രകാരനായ ജെയ്നള് അബേദിനിന്റെ ചിത്രങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. അവയെപ്പോലെതന്നെ ‘എലികളും’ ബങ്കാള്‍ ക്ഷാമത്തെ ചിത്രീകരിക്കുന്നു. റിയലിസ്റ്റിക് രീതിയാണ് പ്രയോഗിച്ചിരിക്കുന്നത്. അര്‍ദ്ധപ്രാണനായ ഒരു മനുഷ്യശരീരത്തെ ഒരു തള്ളയെലിയും കുഞ്ഞുങ്ങളുംകൂടി കടിച്ചുതിന്നുകയാണ്. അസ്ഥിമാത്രമായിരുന്ന ആ ശരീരത്തില്‍ കടിച്ച് കുഞ്ഞുങ്ങള്‍ പല്ലിന് കേടുവരുത്തരുതെന്ന് ആ തള്ള ഉപദേശിക്കുന്നുണ്ട്. യുദ്ധവും ക്ഷാമവും വരുത്തിവെയ്ക്കുന്ന വ്യവസ്ഥിതിയോടും വ്യക്തിയോടും കവിയ്ക്കുള്ള വെറുപ്പ് അഗ്നിപ്രളയംപൊലെ ചിറപൊട്ടി ഒഴുകുകയാണ്. ഈ ചിത്രം വരച്ചിരിക്കുന്നത് ചായംകൊണ്ടല്ല. ചായത്തിനിവിടെ ആവശ്യമില്ല. അത് കരികൊണ്ടുമല്ല വരച്ചത്. സ്പര്‍ശിക്കുന്നതിനെയെല്ലാം ഭസ്മീകരിക്കുന്ന അഗ്നിദ്രാവകംകൊണ്ടാണ്.” ഇത്രയും വായിച്ചുകഴിഞ്ഞാല്‍ ‘എലികളെ’ക്കാള്‍ ഗംഭീരമായ മറ്റൊരു കവിത മലയാളഭാഷ കണ്ടിട്ടില്ല എന്ന നിഗമനത്തിളേക്കു നാം ചെന്നുചേരുകയായി. പക്ഷേ ഇത് സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കാത്ത ഒരു പ്രസ്താവനയാണോ എന്നു നമുക്കു ചിന്തിക്കേണ്ടിയിരിക്കുന്നു. ബങ്കാളിലുണ്ടായ ക്ഷാമത്തെ ചിത്രീകരിക്കുന്ന ഈ കവിതയുടെ ആരംഭം ഇങ്ങനെയാണ്. തള്ളയെലി കുഞ്ഞുങ്ങളോടു ചോദിക്കുന്നു:
“ആട്ടമനക്കമടങ്ങിതെരുവുകള്
പെട്ടെന്നിതളിൽ മുഴുകകയായ്
തട്ടിന്‍പുറം വിട്ടിറങ്ങാം നമുക്കിനി
തീറ്റയ്ക്കുവല്ലതും തേടേണ്ടയോ?”
തള്ളയുടെ വാക്കനുസരിച്ച് എല്ലാവരുംകൂടി വന്നു ഒരു വേശ്യയുടെ മൃതദേഹം കാര്‍ന്നുതുടങ്ങി. ഉത്തരക്ഷണത്തില്‍ വിശപ്പെല്ലാം മറന്ന് തള്ളയെലി ആ ശരീരത്തിന് ഒരു കാലത്തുണ്ടായിരുന്ന മാദകത്വത്തെ വര്‍ണ്ണിക്കുവാന്‍ ആരംഭിച്ചു:
“അത്ഭുതം ഓര്‍ത്തേക്കാം നിങ്ങള്‍:ചിലനാള്‍ മു-
മ്പിപ്പിണ്ടവുമുയിരാര്ന്നിരുന്നു.
അന്നിതില് നെഞ്ചും തുടയും അരക്കെട്ടു-
മിന്നേതില് മാംസളമായിരുന്നു.”
ആ ശരീരമാണ് ഇന്നു തള്ളയെലിയും മക്കളുംകൂടി കടിച്ചുവലിക്കുന്നത്. എത്ര പേരാണ് അവളോടൊരുമിച്ച് ഉറങ്ങുവാന്‍ വന്നെത്തിയിട്ടുള്ളത്? തള്ളയെലിക്ക് പിന്നെയും വര്‍ണ്ണിക്കണം വേശ്യയുടെ കാമോദ്ദീപകങ്ങളായ അവയവങ്ങളെ. എലിയുടെ അബോധമനസ്സില്‍ പ്രതിരോധം ചെയ്യപ്പെട്ടിരിക്കുന്ന ലൈംഗികാഭിലാഷങ്ങള്‍ അങ്ങനെ സൗകര്യം കിട്ടിയപ്പോള്‍ അണപൊട്ടി ഒഴുകുകയായി. സംസ്കാരമുള്ളവരാണ് ഈ വരികള്‍ വായിക്കേണ്ടതെന്ന് എലിക്ക് ഓര്‍മ്മയുണ്ടോ? എത്രയായാലും എലിയല്ലേ? ഇതേ നാം പ്രതീക്ഷിക്കാവൂ. കേള്‍ക്കുക:
“ഇപ്പൊഴീ നിങ്ങള്‍ കടിക്കും ചൊടികളി
ലെത്ര ചൊടികളണയുവതായ്
നിങ്ങള്‍ കുറുകുറെക്കണ്ടിക്കുമിക്കൂന്ത-
ലന്നെന്തു വാസനയാര്ന്നിരുന്നു.
അന്നു തുണിയില്പ്പൊതിഞ്ഞൊരാമാറിടം
പൊങ്ങി,യുരുണ്ടു,മിനുത്തിരുന്നു.
നിങ്ങള്‍ ചവയ്ക്കും മുലക്കണ്ണൊരു…”
മതി; മാന്യ വായനക്കാരുടെ കോപാകുലങ്ങളായ മുഖങ്ങള്‍ ഞാന്‍ മുന്പില്കാണുന്നു. അതുകൊണ്ട് ഞാന്‍ കൂടുതല്‍ ഉദ്ധരിക്കുന്നില്ല. ക്ഷാമത്തിന്റെ ഭയാനകതയെ വര്‍ണ്ണിച്ച് അതിന് ഹേതുഭൂതമായ വ്യവസ്ഥിതിയോട് ധാര്‍മ്മികരോഷം ജനിപ്പിക്കുവാന്‍ ഉദ്യമിച്ച കവി എവിടെ ചെന്നു ചേര്‍ന്നിരിക്കുന്നു? കവിയുടെ ഉദ്ദേശ്യം വിഫലീഭവിച്ചുവെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. അനുവാചകനു രോഷമുണ്ടാകുന്നുണ്ട്; പക്ഷേ അത് വ്യവസ്ഥിതിയോടല്ല, ഈ കവിതയോടും അതിനെ വാഴ്ത്തുന്ന മനോഭാവത്തോടുമാണ് അതു സംജാതമാകുക. നാം കവിതയില്‍ അന്വേഷിക്കുന്നത് കാവ്യപരങ്ങളായ ചിന്തകളാണ്. ആ ചിന്തകള്‍ നൂതനങ്ങളായിരിക്കണമെന്നില്ല. ഇന്നുവരെ ആരും പറയാത്ത ഒരാശയവും ഒരു കവിക്കും പ്രതിപാദിക്കുവാനുണ്ടാകുകയില്ല. ചിന്തകള്‍ കവിയുടെ ഔദാര്യം കൂടാതെ നമുക്കു ലഭിക്കും. പിന്നെ നാം എന്തിനാണ് കവിത വായിക്കുന്നത്? ചിന്തകള്‍ കാവ്യപരങ്ങളായി നമുക്കനുഭവപ്പെടണം. അത് നമ്മെ രസിപ്പിക്കും. അങ്ങനെ അനുഭവപ്പെടണമെങ്കില്‍ ആ ചിന്തകള്‍ കവിയുടെ ജീവിതാനുഭവങ്ങളില്‍ ചേര്‍ന്നു നില്‍ക്കണം. അത് ഇവിടെ ഉണ്ടാകുന്നില്ല. കവിയുടെ മനസ്സില്‍ രൂപം കൊണ്ട ഒരാശയത്തെ അദ്ദേഹം വൃത്താത്മകമായി ആവിഷ്കരിക്കുന്നു എന്നതില്കവിഞ്ഞ് ഒരു മെച്ചവും ഈ കവിതയ്ക്കില്ലെന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ചിലപ്പോള്‍ തന്റെ ചിന്തകളെ കാവ്യത്തിലൂടെ ആവിഷ്കരിക്കാതിരിക്കാന്‍ കവിക്ക് കഴിഞ്ഞില്ലെന്നുവരും. കാവ്യപരമായ ഉന്മാദം അല്ലെങ്കില്‍ പ്രചോദനമുണ്ടായിക്കഴിഞ്ഞാല് കവിക്ക് ചിന്തകളെ രേഖപ്പെടുത്തിയേ മതിയാക്കൂ. അങ്ങനെയുണ്ടാകുന്ന കവിത അനുവാചകഹൃദയത്തെ ചലിപ്പിക്കും, വികാരത്തിന്റെ തിരമാലകള്‍ അലച്ചുപൊങ്ങും. ഇതിനു വിപരീതമായ ഒരനുഭവമാണ് “എലികള്‍’ എന്ന കാവ്യഖണ്ഡം പ്രദാനം ചെയുക. തന്നിലുണ്ടായ ചിന്തകളെ അനുവാചകനിലേക്കു വിനിമയം ചെയ്യാന്‍ ശ്രീ. വാരിയര്‍ ഭാഷയെ ഒരുപകരണമാക്കിയിരിക്കുകയാണ്. ഉത്തമങ്ങളായ കവിതകളില്‍ ഭാഷ വെറുമൊരു ഉപകരണമല്ല. കവിയുടെ ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളെ അനുവാചകരില്‍ അടിച്ചേല്പിക്കുവാനുള്ള അപരിത്യാജ്യമായ ഒരു മാര്‍ഗ്ഗമായിട്ടാണ് പ്രതിഭാശാലികളായ കവികള്‍ ഭാഷയെ അംഗീകരിക്കുന്നത്. മറ്റാരോ പറഞ്ഞുകൊടുത്തതോ വര്ത്തമാനപ്പത്രത്തില്നിന്ന് കിട്ടിയതോ ആയ ഒരാശയത്തെ പദ്യത്തില്‍ ആവിഷ്കരിക്കുവാനുള്ള യത്നമാണ് “എലികളില്‍” ഉള്ളത്. കലാത്മകത്വമുള്ള കവിതകളില്‍ പദങ്ങളും ആശയവും ഒന്നത്രേ. കവിത വായിച്ചുപോകുമ്പോള്‍ ആശയം ഒന്നിനൊന്നു വികസിച്ചുവരും. ശ്രീ. വാരിയരുടെ കവിതയില്‍ ആശയത്തിന് ഒരു വികാസവുമില്ല. നേരത്തെ മനസ്സില്‍ക്കണ്ട ഒരാശയത്തെ ചിത്രീകരിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. അത് അനുവാചക ഹൃദയത്തെ ആവര്‍ജ്ജനം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ജനപ്രീതിയാര്ജ്ജിക്കാവുന്നതും ജനാധിപത്യപരവുമായ (Democratic) അശയമാണ് ഈ കവിതയില്‍ ഉള്ക്കൊള്ളുന്നതെന്നതില് പക്ഷാന്തരമില്ല എന്നാല്‍ കവി കണ്ടറിഞ്ഞ, അദ്ദേഹത്തിന്റെ ജീവിതാനുഭൂതികളില്‍ നിന്നുയര്‍ന്നുവന്ന ഒരു സത്യമായി നമുക്കത് അനുഭവപ്പെടുന്നില്ല എന്നതാണ് പ്രധാനമായ വൈകല്യം. ശ്രീ. വാരിയരുടെ കവിതകളില്‍നിന്നു ഒരു ദൃഷ്ടാന്തം കൂടി എടുത്തുകാണിച്ച് ഞാനിത് വിശദീകരിക്കാം. തിന്മയെ നന്മ ജയിക്കുന്നതിനെ ചിത്രീകരിക്കുന്ന അനേകം കഥകള്‍ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുണ്ട്. കംസവധം അതിലൊന്നാണ്. ക്രൌര്യത്തിന്റെയും മൃഗീയതയുടേയും മൂര്‍ത്തിമദ്ഭാവമായ കംസനെ കാരുണ്യത്തിന്റേയും ശിഷ്ടതയുടേയും പ്രതിരൂപമായ ശ്രീകൃഷ്ണന് നിഗ്രഹിക്കുന്നു. നന്മയ്ക്കു തിന്മയുടെ മേലുള്ള വിജയം ചിത്രീകരിക്കുന്ന ഒരു കഥ. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ തിന്മയ്ക്കു പലപ്പോഴും വിജയം ലഭിക്കാറുണ്ട്. ഇതിന് കലാപരമായ ഒരു രൂപം നല്കാന് ശ്രീ. വാരിയര്‍ യത്നിച്ചതിന്റെ ഫലമായി സംഭവിച്ച ഒരു അത്ഭുത സൃഷ്ടിയാണ് “കൃഷ്ണവധം” എന്ന ‘കവിത’ അല്ലെങ്കില്‍ ഭൗതികശക്തിമത്തത എങ്ങനെ അധ്യാത്മികതയെ ചവിട്ടിമെതിക്കുന്നു എന്നതിനെ വ്യക്തമാക്കാന്‍ എഴുതപ്പെട്ട കവിതയായും അതിനെ വ്യാഖ്യാനിക്കാം. അത് അവസാനിക്കുന്നത് ഇപ്രകാരമാണ്:
“പെട്ടന്നു കംസന് പൊങ്ങുംമുഴങ്കൈയ-
ക്കുട്ടിയെത്തട്ടിയുരുട്ടുകയായ്
യാന്ത്രികച്ചുറ്റിക പോലൊരുബൂട്ടസ്സ-
പ്പിഞ്ചുതലയ്ക്കു മേല്ത്താഴുകയായ്
മുട്ടയുടയുന്ന മാതിരികൃഷ്ണന്റെ
മസ്തകംപൊട്ടിത്തകരുകയായ്
ഇത്തിരിചോരയുമിത്തിരിചോറുമാ
മൃത്തില്ക്കുഴഞ്ഞു കുതിരുകയായ്”
മുട്ടയുടയുന്ന മാതിരിയാണത്രേ കൃഷ്ണന്റെ മസ്തകം പൊട്ടിത്തകര്‍ന്നത്. കാളിദാസന്‍പോലും ലജ്ജിച്ചുപോകുന്ന ഒരുപമ! അതിരിക്കട്ടെ. ഈ വരികളിലും ചിന്തകള്‍ കാവ്യപരങ്ങളല്ലെന്നതാണ് പ്രധാനം. കവി തന്റെ ചിന്തകളില്‍ മുഴുകുന്നുണ്ടോ? അവ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രദര്‍ശിപ്പിക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് നിഷേധപരങ്ങളായ ഉത്തരങ്ങള്‍ ലഭിക്കുക. എല്ലാവര്ക്കും അറിയാവുന്ന ഒരാശയത്തെ ആവിഷ്കരിക്കുവാന്‍ വാരിയര്‍ ചില പദങ്ങളുടെ മേല്‍ ചാടിവീഴുന്നു. അവയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുവരുന്നു. അങ്ങനെ മാനഭംഗം സംഭവിച്ച പദങ്ങള്‍ തിരിഞ്ഞും പിരിഞ്ഞും നില്‍ക്കുകയാണ്. ആശയങ്ങളെ പദ്യത്തില്‍ ആവിഷ്കരിച്ചാല്‍ അത് കവിതയാവുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കാവ്യപരമായ ചിന്തയുടെ നിവേശനംകൊണ്ട് കവിത ഹൃദയാകര്‍ഷകമായി തീരുന്നതിന് ഒരുദാഹരണം കൂടി നല്കിയെങ്കിലേ ഇതു കൂടുതല്‍ വ്യക്തമാകുകയുള്ളു. മൃതദേഹംകൊണ്ടുപോകുന്നത് നാം എല്ലാവരും കണ്ടിട്ടുണ്ട്. മരിച്ച ആളിനോട് പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കില്‍ താല്ക്കാലികമായ ഒരു മന:ക്ഷോഭമല്ലാതെ മറ്റൊന്നും അങ്ങനെയുള്ള കാഴ്ചകള്‍ ജനിപ്പിച്ചിരിക്കുകയില്ല. എന്നാല്‍ വിഭാവനാധനിയായ ഒരു മഹാകവിയെ അത് എങ്ങനെ സ്പര്‍ശിച്ചുവെന്നു നോക്കുക:
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ർജ്ജീവമാം ദേഹമടക്കിയ പെട്ടിപോയ്
ഇല്ല പെരുമ്പറ ശുദ്ധയാം വിശ്വസ്ത
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ
ഇല്ല പൂവര്‍ഷം വിഷാദം കിടന്നല-
തല്ലുന്ന പൈതലിന് കണ്ണുനീരെന്നിയേ
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍
നിന്നുമാറക്ഷരം ‘ഇന്നു ഞാന്‍ നാളെ നീ’
ഒന്നു നടുങ്ങി ഞാനാനടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പോഴും.
- (ജി. സൂര്യകാന്തി)
പ്രതിപാദ്യവിഷയത്തില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കവിയുടെ കവിതയാണിത്. ജീവിതത്തിന്റെ ക്ഷണികത, മരണം ജനിപ്പിക്കുന്ന ഭയാനകത, ഇവയെല്ലാം നമ്മെ ചിന്താമൂകരാക്കുന്നു. കവിതയുടെ അവസാനം എത്ര ഹൃദയസ്പര്ശകമായിരിക്കുന്നു. വികാരത്തിന്റെ നിര്‍ഭരതകൊണ്ട് മനോഹരങ്ങളായി നില്ക്കുന്ന പദങ്ങള്‍. ചിന്തകളെ കവി അനുഭവിക്കുമ്പോഴാണ് കാവ്യപരമായ ചിന്തയുണ്ടാകുന്നത്. അല്ലാതെ, ശ്രീ. വാരിയരെപ്പോലെ അവയെ പ്രയോജനപ്പെടുത്തുമ്പോഴല്ല.
ഇനി ശ്രീ. വാരിയരുടെ കവിതയിലെ വികാരാവിഷ്കരണത്തെക്കുറിച്ചാണ് ചിന്തിക്കുവാനുള്ളത്. കവിതയില്‍ വികാരത്തിന് അതിപ്രധാനമായ സ്ഥാനമുണ്ടെന്നും വികാരശൂന്യമായ കവിത വെറും പദ്യമാണെന്നും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ശ്രീ. വാരിയര്‍ വികാശശൂന്യങ്ങളായ പദങ്ങളെ തന്റെ ‘കവിതകളില്‍’ നിരത്തി വെയ്ക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഒരിക്കലും കവിതയുടെ കലാക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കുവാന്‍ സാധിക്കുന്നില്ലെന്നു മുന്‍പ് പറഞ്ഞുകഴിഞ്ഞു. എങ്കിലും ചില കവിതകളില്‍ വികാരത്തിന്റെ ഛായ തോന്നുന്നുമുണ്ട്. ആ വികാരഛായ യഥാര്‍ത്ഥമാണോ അയഥാര്‍ത്ഥമാണോ എന്നാണ് പരിശോധിക്കേണ്ടത്.
പ്രതിഭാശാലികളായ കവികളുടെ കവിതകളില്‍ വികാരത്തിനു ശക്തിയും അഗാധതയും ശാലീനതയും ദൃശ്യമാണ്. പ്രതിഭയില്ലാത്ത കവിമാനികളുടെ കൃതികളിലാകട്ടെ ഉപരിവിപ്ലവവും അസംസ്കൃതവും പ്രകടനാത്മകവുമായ വികാരച്ഛായയാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍, ചിലര്‍ക്ക് ഈ ദോഷങ്ങളെ മറച്ചുവെക്കാന്‍ വല്ലാത്ത സാമര്‍ത്ഥ്യമുണ്ട്. അതിന്റെ ഫലമായി അങ്ങനെയുള്ള കൃതികള്‍ ഉത്തമങ്ങളാണെന്നു വായനക്കാര്‍ക്കു തോന്നുന്നു. അയഥാര്‍ത്ഥമായ വികാരം ഉള്‍ക്കൊള്ളുന്ന കവിതകളെ തിരിച്ചറിയുന്നതിലാണ് അനുവാചകന്റെ സാമര്ത്ഥ്യമിരിക്കുന്നത്. ദോഷങ്ങള്‍ ഒളിച്ചുവെക്കാന്‍ കവിമാനിക്കുള്ള വൈദദ്ധ്യം വര്‍ദ്ധിക്കുന്തോറും യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനുള്ള അനുവാചകന്റെ യത്നത്തിന് ക്ലേശങ്ങള്‍ കൂടിക്കൂടി വരുന്നു. എങ്കിലും അല്പം ശ്രമിച്ചാല്‍ നമുക്കു കവിതാലോകത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ കഴിയും. വികാരത്തിന്റെ അവാസ്തവികത്വം ജീവിതത്തിലെന്നപോലെ കവിതയിലും പല രീതിയില്‍ ആവിര്‍ഭവിക്കുന്നു. ശ്രീ. വാരിയര്‍ വികാരാവിഷ്കരണം നിര്വ്വഹിക്കുമ്പോള് ആ കവിത യഥാര്‍ത്ഥമായ വികാരത്തെ ഉള്‍ക്കൊള്ളുന്നുവോ ഇല്ലയോ എന്നു നിര്‍ണ്ണയിക്കുവാന്‍ നമുക്കു അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കവിതയെ അപഗ്രഥിച്ചുനോക്കാം. ഇവിടെയും നിരുപകന് അത്യുത്തമമെന്ന് പ്രശംസിക്കുന്ന “മദിരാശിയില്‍ ഒരു സായാഹ്നം” എന്ന കൃതിയെയാണ് ഞാന്‍ അപഗ്രഥനത്തിനു വിധേയമാക്കുന്നത്. അത്യുത്തമമെന്നു മാത്രമല്ല “ചില സ്ഥലങ്ങളില്‍ അത് വിശ്വോത്തരമായി തീരുന്നുണ്ടെന്നും” വിമര്ശകൻ അഭിപ്രായപ്പെടുന്നു. (കുറെക്കൂടി നീണ്ട കവിതകള്‍-അവതാരിക:ശ്രീ. സി.ജെ. തോമസ്-പേജ് 11) എന്താണ് ഈ “വിശ്വേത്തരമായ” കവിതയിലെ പ്രതിപാദ്യം? ഒരു കാമുകന് (അയാള്‍ വിദ്യാര്‍ത്ഥിയാണ്) കാമുകിയെ പ്രതീക്ഷിച്ച് (അവള് വിദ്യാര്‍ത്ഥിനിയും) ഹോസ്റ്റലിന്റെ വാതില്ക്കല് വന്ന് നില്‍ക്കുകയാണ്.അപ്പോള്‍ നടപ്പാതയുടെ അരികില്‍ ഒരു കിഴവന് കിടക്കുന്നത് അയാള്‍ കാണുന്നു. അയാളുടെ കീറിയവസ്ത്രം ഊര്ന്നുപോയിട്ട് അഭാസമായ നഗ്നത ദൃശ്യമായിരിക്കുന്നു. മരണം അടുത്തപോലെ അയാള്‍ ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. പൊടുന്നനവെ കാമുകന് തന്റെ വേഷവിധാനങ്ങളിലേക്കു ശ്രദ്ധിക്കുകയായി. ട്വീഡുകൊണ്ടുള്ളാ കാലുറ, പോപ്ലീന്‍ തുണികൊണ്ട് തയ്ച്ചകുപ്പായം, ബ്ളെയ്സര്കോട്ട്, കണ്ണാടിപോലുയുള്ള ബുട്ട്സുകള്, സ്വര്‍ണ്ണവാച്ച് അങ്ങനെ പലതും. ഈ വേഷമൊക്കെ ധരിച്ച് താന്‍വന്നത് ഈ കിഴവനെ കാണാനാണോ എന്നായി അയാളുടെ സംശയം. അപ്പോഴാണ് കാമുകി വന്നത്. അവളുടെ വര്‍ണ്ണനയാണ് അടുത്തത്.
“ക്യൂട്ടെക്സ് തേച്ചു നഖം ചുകന്നഗ്രത്തു
കൂര്‍ത്ത വിരലാര്ന്ന് നിന്‍വലം കൈപ്പടം
അല്പം വിയര്ത്തുവിറയ്ക്കുന്ന കൈകളാ
ലെത്തിപ്പിടിച്ചൊട്ടുയര്ത്തിപ്പതുക്കവെ,
നീളന്കഴുത്തു പിണച്ചഹംസങ്ങളെ
നീളവെ കൊത്തിയ രണ്ടു പൊന്കപ്പുകള്.
ചോരപോല്ച്ചോന്നിരു കുപ്പിവളകളും
ചേരുകണങ്കൈ മുറുക്കെയമര്ത്തി ഞാന്‍,
കെട്ടിപ്പിടിച്ചൊന്നു മാറോടണയ്ക്കുവാന്
പൊട്ടിത്തരിക്കുമാറൊന്നു ചുംബിക്കുവാന്‍
കുട്ടിക്കൂറയ്ക്കുമേല് ‘റൂഷു’ പുരട്ടിയ
ചട്ടറ്റ ചെങ്കവിള്ച്ചെമ്പകപൂവിലും
‘കോടി’ലിപ്സ്റ്റിക്കു പുരട്ടി, നറും ചിരി
മോടിയില്‍ മൊട്ടിട്ട മോഹനച്ചുണ്ടിലും
മുത്തുകള്‍ കൊണ്ടൊരു മുന്തിരിങ്ങാക്കുല
ഞാത്തിയ കണ്ഡല മാടുന്നകാതിലും
മുത്തുവാന്‍ പിന്നെയും പിന്നെയും മുത്തുവാന്‍
മെത്തുന്ന തൃഷ്ണ പണിപ്പെട്ടടക്കി ഞാന്‍”
ആ കാമിനീ കാമുകന്മാര് കാഫിഹൌസിലേക്കാണു പോയത്. കാമുകി കട്ലറ്റ് മുറിച്ച് വായ്ക്കകത്തേക്ക് ഇടുമ്പോഴും ആ “ആദാസ നഗ്നനായ” വൃദ്ധന്റെ ഓര്‍മ്മ അവളുടെ ഹൃദയത്തില്‍ വേദന ജനിപ്പിച്ചുവോ എന്നാണ് അയാളുടെ സംശയം. കാഫി ഹൌസില്‍നിന്ന് സിനിമാശാലയിലേക്കായി അവരുടെ അടുത്ത യാത്ര. സിനിമ കണ്ടതിനുശേഷം അവര്‍ വീണ്ടും തെരുവുകളിലൂടെ നടന്നു. ഹോസ്റ്റലിനു സമീപമെത്തി ‘ഗുഡ്നൈറ്റ്’ പറഞ്ഞ് കാമുകി പിരിഞ്ഞു. അപ്പോഴാണ് ഹോസ്റ്റലിലെ ശിപായി പറയുന്നതു വഴിവക്കില്ക്കിടന്ന കിഴവന് മരിച്ചുപൊയെന്നും തോട്ടികള്‍ പണിമുടക്കിയതുകൊണ്ടു ശവം മാറ്റിയിട്ടില്ലെന്നും. കാമുകന് റോഡിലിറങ്ങി കീശയില്‍ തപ്പിനോക്കി. ദ്വാരമുള്ള അഞ്ചാറു കാലണയും ഒരെഴുത്തും കിട്ടി. എഴുത്തു പൊട്ടിച്ചു വായിച്ചൂ.നേരത്തെ അതിനു കഴിഞ്ഞിരുന്നില്ല. അച്ഛന് വീട്ടില്‍ നിന്നെഴുതുകയാണ്. ‘കോളേജ് അടച്ചാല്‍ ഉടനെ വീട്ടില്വന്നുകൊള്ളണം. ധൂര്‍ത്തടിക്കാന്‍ ഒറ്റരൂപപോലും ഇനി തരാന്‍ സാദ്ധ്യമല്ല’ അതിന്റെ കൂട്ടത്തിലിതുമുണ്ട്. മുന്‍സിപ്പിന്റെ മകള്‍ ബേട്ടിയെ വിവാഹത്തിനു നിശ്ചയിച്ചിരിക്കുന്നു. അവള് കണ്ടാല്‍ തരക്കേടില്ല.മാത്രമല്ല ബാങ്കില്‍ അവളുടെ പേരില്‍ നാല്പതിനായിരം രൂപയുമുണ്ട്. ബങ്കാള്‍ സമുദ്രത്തിലെ കാറ്റുവന്ന് കാമുകന്റെ നെറ്റിയിലെ വിയര്‍പ്പ് ഒപ്പിയെടുത്തു.
കവിതയൂടെ കലാത്മകത്വമെവിടെ എന്ന് അന്വേഷിക്കുമ്പോള്‍ അതിന്റെ ഗദ്യപരാവര്‍ത്തനം നല്‍കുന്നത് കവിയേയും അനുവാചകനെയും സംബന്ധിച്ചടുത്തോളം ഒട്ടുംതന്നെ നീതിപ്പൂര്വ്വകമല്ലെന്നു ഞാനറിയുന്നുണ്ട്. എങ്കിലും അതല്ലേ സാധിക്കൂ. അതിരിക്കട്ടെ. എന്തായിരിക്കുണം ഈ കവിതയുടെ രചനയില്‍ കവിക്കുണ്ടായിരുന്ന ഉദ്ദേശ്യം. അവതാരികാകാരന്തന്നെ അത് പറയുന്നു: “മദിരാശിയിലെ നിരത്തുകളില്‍ കിടന്നു ചാവുന്ന ഒരു മലയാളിത്തെണ്ടിയുടെ മരണത്തിന് ഒരു മഹാരാജാവിന്റെ ചരമത്തിനും ഒരു മലയാളകവിയ്ക്കും കൊടുക്കുവാന്‍ സാധിക്കാത്ത വിശുദ്ധാന്തരീക്ഷം നല്കാന് കവിയ്ക്കു കഴിഞ്ഞിരിക്കുന്നു”. അപ്പോള്‍ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ തെരുവില്‍ കിടന്ന് മരിയ്ക്കുന്ന ഒരു സാധുവിനെ വര്‍ണ്ണിച്ച് ആ വ്യക്തിയോട് സഹതാപവും, അയാളുടെ മരണത്തിനുകാരണമായ വ്യവസ്ഥിതിയോട് വിദ്വേഷവും ജനിപ്പിക്കുക എന്നതാണ് കവിയുടെ ഉദ്ദേശം. അതിലദ്ദേഹം വിജയം പ്രാപിച്ചിട്ടുണ്ടോ എന്നാണ് ചോദിക്കുവാനുള്ളത്. ഉണ്ടെങ്കില്‍ കവിതയ്ക്കു കലാപരമായ ഔല്‍കൃഷ്ട്യം ലഭിച്ചു; ഇല്ലെങ്കില്‍ അതു പരാജയപ്പെട്ടു.
കവിതയുടെ അസംസ്കൃതസാധനം മാനുഷികാനുഭവം തന്നെ. അതില്‍നിന്നാണു ഏതു കവിതയും ജനിക്കുന്നത്. പക്ഷേ, അനുഭവത്തെ സംബന്ധിച്ചിടത്തോളം കവിയും സാധാരണക്കാരായ നമ്മളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരേ അനുഭവം കവിയ്ക്കും നമുക്കും തമ്മില്‍ ഉണ്ടായെന്നു വിചാരിക്കുക; എന്നാല്‍ കവി അത് അനുഭവിക്കുന്നത് ഒരു പ്രത്യേകതരത്തിലാണ്. വിണുകിടക്കുന്ന പൂവിനെക്കണ്ടാല് പല വിചാരങ്ങളും നമുക്കുണ്ടായെന്നു വരാം. അവയ്ക്കെല്ലാം ഒരു വ്യാമിശ്രസ്വഭാവമാണുള്ളത്. പക്ഷേ, കവിയുടെ അനുഭവം വ്യത്യസ്തമാണ്. സുപ്രധാനവും ശാശ്വതവുമായ കാര്യങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിക്കുന്നു. പുഷ്പം കിടക്കുന്ന സ്ഥലമോ അത് വാടിവീണ രീതിയോ കവിയെ സംബന്ധിച്ചടിത്തോളം പ്രധാനമല്ല. ആ സംഭവത്തിന്റെ വൈകാരികമായ യഥാര്‍ത്ഥ്യത്തിലേക്ക് അദ്ദേഹം കടന്നുചെല്ലുന്നു. കാവ്യപരമായ ദര്‍ശനമാണ് അതിനു കവിയെ സഹായിക്കുന്നത്. ഇവിടെ ഒരു വൃദ്ധന് മരിക്കുന്നു; ഒരു സാധാരണ സംഭവം. പക്ഷേ അത് ദര്‍ശിക്കുന്ന കവിയ്ക്ക് അതിന്റെ വൈകാരികമായ യഥാര്‍ത്ഥ്യത്തിലേക്കു പ്രവേശിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല എന്ന് നമുക്കു അസന്ദിഗ്ദ്ധമായ ഭാഷയില്‍തന്നെ മറുപടി പറയാം. പ്രസ്തുത കവിതയില്‍ ശ്രീ. വാരിയരുടെ ശ്രദ്ധ മുഴുവനും കാമുകിയുടെ വിലാസഷേഷ്ടികളിലാണ്. അവളുടെ ‘ചെങ്കവിള്‍ ചെമ്പകപ്പൂവിലും’ നറുംചിരി മൊട്ടിട്ട മോഹനച്ചുണ്ടിലു’മാണ് കവിയുടെ കണ്ണുകള്‍ പറ്റിക്കൂടുന്നത്. അവളെ കെട്ടിപ്പിടിച്ച് മാറോടണയ്ക്കുന്നതും, പൊട്ടിത്തരിക്കുന്ന വിധത്തില്‍ ചുംബിക്കുന്നതുമായ രംഗങ്ങള്‍ കണ്ട് അദ്ദേഹം പുളകംകൊള്ളുന്നു. കാമുകിയുടെ ചുണ്ടുമായി സ്പര്ശനസുഖമനുഭവിച്ചപ്പോള് ഉണ്ടായ മാധുര്യം അവളുടെ ചുണ്ടിനുള്ളതാണോ ലിപ്സ്റ്റിക്കുനുള്ളതാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. പെട്ടന്നു കാമുകിയെ മാറിലേക്കമര്ത്തിയിട്ട് ആവേശംകൊണ്ടു തുടിക്കുന്ന ചുണ്ടുകളാല്‍ ആയിരം ചുംബനം അവളുടെ അധരങ്ങളില്‍ ചേര്‍ക്കുമ്പോള്‍, അവള് ഉല്ലസിക്കുന്ന മുഖാാംഭോജത്തോടുകൂടി “ആയായ്, വിടൂ വിടൂ” എന്നു പറയുകയാണ്. ഇത്രയുമാകുമ്പോള്‍ അനുവാചകഹൃദയത്തില്‍ എന്തു വികാരമാണുണ്ടാകുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പാവപ്പെട്ട ആ വൃദ്ധന്റെ കാര്യം നാം മറന്നുകഴിഞ്ഞു.‘കീറിയുടതുണിയൂര്ന്നുപോയി’, നിരത്തില്‍ കിടക്കുന്ന അയാളെ നാം കവിതയുടെ ആരംഭത്തില്‍ കണ്ടു. പക്ഷേ,അയാളെ ശ്രദ്ധിക്കാതെ കവി, കാമുകീകാമുകന്മാരുടെ ശൃംഗാരചേഷ്ടകളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിച്ചുവിട്ടപ്പോള്‍ ആ വൃദ്ധനെക്കുറിച്ച് നാം അലോചിക്കാതെയായി. അനുവാചകന്റെ കാമവികാരത്തെ ഉദ്ദീപിക്കുക എന്ന ഹീനകൃത്യം മാത്രമനുഷ്ഠിക്കുന്ന ആ വര്‍ണ്ണനകളിലേക്ക് പാഞ്ഞുകയറുന്ന കവിയ്ക്ക് ആ തെണ്ടി വേണമെങ്കില്‍ മരിച്ചുകൊള്ളട്ടെ എന്നൊരു മനോഭാവമുണ്ടായതുപോലെ തോന്നിപ്പോകുന്നു. അല്ലെങ്കില്‍, ആകെ ഇരുനൂറ്റി ഇരുപത്തിരണ്ടു വരികളുള്ള ഒരു കവിതയില്‍ മുപ്പത്തിരണ്ടു വരികള്കൊണ്ടുമാത്രം ആ സാധുവിനെ വര്‍ണ്ണിക്കുവാന്‍ കവി യത്നിക്കുമായിരുന്നില്ലല്ലോ? ഈ മുപ്പത്തിരണ്ടു വരികളിലും കിഴവന്റെ ദയനീയതയെ ചൂണ്ടിപ്പറയുന്ന വാക്കുകള്‍ വളരെക്കുറച്ചേയുള്ളൂ. ഇതിന്റെയെല്ലാം ഫലമെന്താണ്? കവിത വായിച്ചുതീരുമ്പോള്‍ ഹൃദയത്തില്‍ ഇക്കിളിയിടുന്ന കാമവികാരമല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ല. ശ്രീ. വാരിയരുടെ ഈ കവിതയോട് വള്ളത്തോളിന്റെ ‘മാപ്പ്’ എന്ന കൃതിയെ തട്ടിച്ചുനോക്കുന്നത് പ്രയോജനപ്രദമായിരിക്കും. ഫാക്ടറിയില്‍നിന്നു വലിച്ചെറിയപ്പെടുന്ന ഒരു തൊഴിലാളി തീവണ്ടിയാപ്പീസില് കിടന്നു മരിക്കുന്നതാണ് അതിലെ പ്രതിപാദ്യം. പക്ഷെ ഓരോ ശ്ലോകം വായിക്കുമ്പോഴും നമ്മുടെ ഹൃദയം ആര്‍ദ്രമായി ഭവിക്കുന്നു. ആ വ്യക്തിയുടെ മരണത്തിനു കാരണമായ വ്യവസ്ഥിതിയോട് നമുക്കു ധാര്‍മ്മികരോഷം ജനിക്കുന്നു. തൊഴിലാളിയുടെ വേദന നമ്മുടെ വേദനയായിത്തന്നെ നാം അനുഭവിക്കുകയും ചെയ്യുന്നു. നിയമാതിരക്തമായ ഒരു പ്രസ്താവം, പ്രതിപാദ്യവിഷയത്തിനു അനുരൂപമല്ലാത്ത ഒരു വര്‍ണ്ണന ഇവിടെ ദൃശ്യമല്ല.
ശ്രീ. വാരിയരുടെ കവിത എന്തുകൊണ്ടാണ് പരാജയപ്പെട്ടത്? അതിലെ വികാരം അയഥാര്ത്ഥമായതുകൊണ്ടുതന്നെ. ഒരു തരത്തിലുള്ള ക്ഷോഭം അതു ജനിപ്പിക്കുവെന്നു സമ്മതിക്കാം. പക്ഷെ അത് യഥാര്ത്ഥവികാരത്തില്നിന്നുണ്ടാകുന്നതല്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ നാം വൃദ്ധന്റെ മരണത്തില്‍ സഹതപിക്കുമായിരുന്നു. ‘മാപ്പ്’ വായിച്ചുകഴിയുമ്പോള്‍ നമുക്കുതന്നെ ഒരുന്നമനം ഉണ്ടായിപ്പോകുന്നു. ശ്രീ വാരിയരുടെ കവിത വായിച്ചാല്‍ കാമവികാരം ഇളകും, അതാണ് വ്യത്യാസം. അതുകൊണ്ട് “വിശ്വോത്തരമായ” ഈ കവിത നിന്ദ്യമാണ്. മനസ്സിനു പക്വതവരാത്ത ആരും വിശേഷിച്ചും വിദ്യാര്‍ത്ഥികള്‍ ഇത് വായിച്ചുകൂടാ. ശ്രീ. സി. ജെ. തോമസ് പറയുന്നു. “ഈ കവിത സര്‍റിയലിസത്തിന്റെ മലയാളകവിതയിലേക്കുള്ള ആഗമനത്തെ കുറിക്കുന്നുവെന്ന്.” ശ്രീ. തോമസിനു സര്റിയലിസത്തെക്കുറിച്ച് ഒന്നും അറിയാന്‍ പാടില്ലെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. അദ്ദേഹം അവതാരികയില്‍ ഒരു നല്ല വാക്കു പറഞ്ഞുവെന്നെയുള്ളൂ. അബോധമനസ്സില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചിന്തകളെ യുക്തിയുടെ (Reason) നിയന്ത്രണത്തിനു വിധേയമാക്കാതെ അതേ രീതിയില്‍ ആവിഷ്കരിക്കുന്നതിനുള്ള യത്നമാണ് സര്‍റിയലിസത്തില്‍ കാണുന്നത്. അതുകൊണ്ട് ആ പ്രസ്ഥാനത്തില്‍ പെടുന്ന കവിതകള്‍ വയിച്ചാല് അര്‍ത്ഥം മനസ്സിലാകുകയില്ല. വാരിയരുടെ ഈ കവിതയില്‍ സര്റിയലിസമില്ലെന്നുള്ളത് ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയും. ബോധ മനസ്സിലെ ചിന്തകളെത്തന്നെയാണ് അദ്ദേഹം യുക്തിയുടെ നിയന്ത്രണത്തോടുകൂടി ചിത്രീകരിക്കുന്നത്.
വികാരശൂന്യനായ കവി വികാരാവിഷ്കരണത്തിന് യത്നിക്കുമ്പോള്‍ കാവ്യപരമായ ആത്മാര്‍ത്ഥതയുടെ കുറവുകൊണ്ട് അത് അയഥാര്ത്ഥവികാരത്തിന്റെ ആവിഷ്കരണമായി പര്യവസാനിക്കുന്നത് നാം കണ്ടു. ചിലപ്പോള്‍ അത് വികാരചാപല്യത്തിലും ചെന്നുനില്ക്കും. ഒരുദാഹരണം നോക്കുക:
ആവനെന്റെ ശത്രുവാണവനെന്റെ ശത്രുവാ-
ണവനെക്കടിച്ചു ഞാന്കീറും.
അവനെത്തകര്ക്കണമവനെത്തുലയ്ക്കണ
മതുമാത്രമെന് ജീവലക്ഷ്യം.
അവനെക്കണ്ടാലുടന് ചെന്തീപ്പൊരിചിന്നി
യെരിയുന്നിതെന് കണ്ണുരണ്ടും
വിറകൊണ്ടിടുന്നു ശരീരമുരുക്കുപോല്
മുറുകുന്നു മുഷ്ടികള്‍ താനേ
ഒരു ദിനം-ഹാ വരുമൊരുദിനം എന്‍ തോക്കാ-
ക്കിതവന്നു നേരിട്ടലറും
ആരോ പറഞ്ഞതുപോലെ ഇതു കവിതയാണെങ്കില്‍ ഞാന്‍ മഹാത്മാഗാന്ധിയാണ്. വികാരത്തിന്റെ സാന്ദ്രത അനുവാചകന് അനുഭവപെടുന്നത് ആ സാന്ദ്രതയുടെ നിയന്ത്രണംകൊണ്ടാണ്. അല്ലാതെ പ്രക്ഷുബ്ധങ്ങളായ ആക്രോശങ്ങള്കൊണ്ടല്ല. ഇവിടെ ആക്രോശമേയുള്ളൂ. അത് നമുക്കു വൈരസ്യം ജനിപ്പിക്കുകയും ചെയ്യുന്നു.
വാരികയുടെ അടുത്ത പരിഷ്കാരമെന്താണ്? നിരൂപകന് സാഭിമാനം പറയുന്നു. “അദ്ദേഹം നീണ്ട കവിതകള്‍ എന്നൊരു പ്രസ്ഥാനം സൃഷ്ടിച്ചു” മറുപടി അര്‍ഹിക്കാത്ത ബാലിശമായ ഒരു പ്രസ്താവന. കവിതയെ സാങ്കേതികത്വത്തിന്റെ മണ്ഡലത്തിലേക്കു വലിച്ചിഴക്കുവാനുള്ള യത്നം തുടങ്ങിയിട്ട് വളരെക്കാലമായി. പക്ഷെ അതുകൊണ്ട് ഒരു മെച്ചവും ഉണ്ടാകുന്നില്ലെന്നും കാവ്യപരമായ പ്രവര്‍ത്തനം (Poetic Process) ഒരു ഗീതകത്തിലും മഹാകാവ്യത്തിലും വ്യത്യസ്തമല്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ല. കവിതയുടെ ദൈര്‍ഘ്യവും ഹ്രാസവും കവിയുടെ കവിത്വശക്തിക്കു നിദര്ശക്ങ്ങളായി കരുതുന്ന ബുദ്ധിശൂന്യന്മാരുടെ ലോകം എന്നെങ്കിലും ഉണ്ടാകുമെങ്കില്‍ ശ്രീ. എന്‍. വി. കൃഷ്ണവാരിയരുടെ ‘നീണ്ടകവിതകള്ക്കും’ സ്ഥാനം ലഭിച്ചേക്കാം. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ലല്ലോ ഇന്നത്തെ സ്ഥിതി. കവിതയെ കര്ത്തൃനിഷ്ഠമെന്നും (Subjective) പദാര്ത്ഥനിഷ്ഠമെന്നും (Objective) ക്ലാസിക്കലെന്നും, റീയലിസ്റ്റിക്കെന്നും മറ്റും വിഭജിക്കുന്നതുപോലും അംഗീകാര്യമല്ലെന്നിരിക്കെ ഏറ്റവും നിസ്സാരമായ അതിന്റെ ദൈര്‍ഘ്യത്തെ ഒരു പരിഷ്ക്കാരമായും പരിവര്‍ത്തനമായും കരുതുന്നത് ശരിയല്ല.
വാരിയരുടെ ‘കവിത’ കവിതയല്ലെന്നും പദ്യമാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ചിലപ്പോള്‍ അത് ഗദ്യത്തിലേക്കും വഴുതി വീഴാറൂണ്ട്. കവിതയെ ഗദ്യത്തിലേക്കു പരിവര്‍ത്തനം ചെയ്യുമ്പോള്‍ അത് കവിതയല്ലാതെയായിത്തിരുന്നു. എന്നാല്‍ വാരിയരുടെ കവിതയ്ക്ക് അങ്ങനെയൊരു ന്യൂനത ഉണ്ടാകുകയേയില്ല. ഒരുദാഹരണം നോക്കുക.
കുരങ്ങന്മരം വിട്ടു മരത്തില്ച്ചാടുന്നതും
കുരുവി ചലിച്ചുകൊണ്ടങ്ങിങ്ങു പാറുന്നതും
കരയിന്പ്പുറ്റിന് മീതേ പാമ്പുകള്‍ നീങ്ങുന്നതും
നിഴലില്ക്കാലിപ്പിള്ളര് ക്കൂട്ടമായ്ക്കുളിപ്പതും
നോക്കി നാം മേൽപ്പോട്ടേപോയ്; നീലപര്വ്വതങ്ങളെ
ച്ചുറ്റിയ വനങ്ങള്‍ തന് മധ്യത്തില്ക്കടക്കയായ്.
(നീണ്ട കവിതകള്‍)
ഇതൊരു ഗദ്യവാക്യമാണ്. ‘പോയ്’ എന്നത് ‘പോയി’ എന്നും ‘കടക്കയായ്’ എന്നത്‘കടക്കയായി’ എന്നും ശരിയായി ഉച്ചരിച്ചു കഴിഞ്ഞാല്‍ ഒരു ഗദ്യവാക്യം. വെറും ഗദ്യവാക്യമല്ല. പെരുമ്പാമ്പുപോലെ ഇഴഞ്ഞുനീങ്ങുന്നതും ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസ്സില്‍ എഴുതിക്കഴിഞ്ഞാല്‍ അദ്ധ്യാപകന് നിസ്സങ്കോചം വെട്ടിക്കളയുന്നതുമായ ഒരു വാക്യം.
ഇതാ; ഇതൊക്കെയാണ് ശ്രീ. എന്‍.വി കൃഷ്ണവാരിയരുടെ പരിവര്‍ത്തനവും പരിഷ്ക്കാരങ്ങളും. ഇതെല്ലാം വാഴ്ത്തുന്ന നിരൂപകന്റെ മനോഭാവം ലജ്ജാവഹം. അല്ലെങ്കില്‍ എന്തിനു ഖേദിക്കാനിരിക്കുന്നു. കാലപ്രവാഹം ഇതുപോലെയുള്ള എത്രയെത്ര ശഷ്പസമൂഹങ്ങളെ കടപുഴക്കിയെറിഞ്ഞു കളഞ്ഞു. ഇതിന്റെയും ഗതി അതുതന്നെ. നമുക്കു അങ്ങനെ ആശ്വസിക്കാം.
|
|
|