ഇ ഹരികുമാർ: നഗരം അന്തോണിച്ചേട്ടന്റെ തയ്യല്‍ക്കടയുടെ മേല്‍പുര തകരം കൊണ്ടാണ്. ചുമരുകളും. പണ്ടത് ഒരു ബസ്സ് ഷെഡ്ഡാ യിരുന്നു. കമ്പനി പൊളിഞ്ഞപ്പോള്‍ അനാഥമായ ഒരു കരിബസ്സ് അതില്‍ കുറേ കാലം കിടന്നിരുന്നു. ഒരു ദിവസം ആരോ വന്ന് ആ ബസ്സ് ഇരുമ്പുവിലയ്ക്ക് വാങ്ങിക്കൊണ്ടു പോയി. പിന്നെ കുറെക്കാലം അവിടെ ഒരു ചായക്കടയായിരുന്നു. നാരായണന്‍ നായരുടെ ചായക്കട. രാവിലെ അഞ്ചുമണി മുതല്‍ പലതരം പല ഹാരത്തിന്റെയും വാസന വരാറുണ്ട്. ഏറ്റവും ആദ്യം വാസന ഉയരുന്നത് പുട്ടിന്റെതാണ്. കയറു വരിഞ്ഞ മുളംകുഴലില്‍ സുലഭം ചേര്‍ത്ത നാളികേരം അരിപ്പൊടി യോടൊപ്പം വേവുന്ന വാസന. ഉടനെതന്നെ ചായയുടെ മണവും, രാവിലെ ആറുമണിക്കുതന്നെ വിശപ്പുണ്ടാക്കും. പിന്നെ ദോശയുണ്ടാക്കുന്ന മണം, ഉച്ചതിരിയുമ്പോള്‍ പരിപ്പുവട, പപ്പടവട എന്നിവ എണ്ണയില്‍ മൊരിയുന്ന മണം. നാരായണന്‍ നായര്‍ ഉണ്ടാ ക്കുന്ന എന്തിനും ഒരു ഗുണമേന്മയുണ്ടായിരുന്നു. മായം ചേര്‍ക്കല്‍ അന്നു കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. അതെ ല്ലാം മുപ്പതു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍. അയാള്‍ ആലോചിച്ചു. തനിയ്ക്ക് എട്ടു പത്തു വയസ്സുള്ളപ്പോള്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നേരിയ വേദന തോന്നുന്നു. ജീവിതം അന്ന് കുറെക്കൂടി മെച്ചപ്പെട്ടതായിരുന്നുവെന്ന തോന്നല്‍.
നാരായണന്‍നായര്‍ പെട്ടെന്നു മരിച്ചു. എങ്ങിനെയാണെന്നയാള്‍ക്ക് ഓര്‍മ്മയില്ല. പിന്നെ കുറെക്കാലം ആ പീടിക അടച്ചിട്ടു. അതിനുശേഷം പെട്ടെന്നാണ് കുന്നം കുളത്തുകാരന്‍ അന്തോണി ആ ഷെഡ്ഡില്‍ സാര്‍ട്ടോറി യല്‍ ടൈലറിംഗ് തുടങ്ങിയത്. സാര്‍ട്ടോറിയല്‍ എന്നതിന്റെ അര്‍ത്ഥം രവീന്ദ്രന് അന്നറിയില്ലായിരുന്നു. തന്റെ കയ്യിലുള്ള പോക്കറ്റ് നിഘണ്ടുവില്‍ ആ വാക്കില്ലായിരു ന്നു. അത് പള്ളിയോടു ബന്ധപ്പെട്ട എന്തോ വാക്കാണെ ന്നയാള്‍ ധരിച്ചുവെച്ചു. കാരണം അന്തോണിച്ചേട്ടന്‍ കഴുത്തില്‍ സ്വര്‍ണ്ണ മാലയില്‍ ഒരു സ്വര്‍ണ്ണക്കുരിശു ധരിച്ചിരുന്നു; ഞായറാഴ്ച പള്ളിയില്‍ പോകാറുമുണ്ട്.
ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ചാക്കോ മാസ്റ്റര്‍ കഴിഞ്ഞാല്‍ പിന്നെ അയാള്‍ കാണുന്ന ഒരേ ഒരു നസ്രാണി അന്തോണിച്ചേട്ടനായിരുന്നു. നസ്രാണികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൃസ്ത്യാനികള്‍ വളരെ അകലെ ഏതോ നാട്ടില്‍ നിന്നു വരുന്നവരാണെന്നായിരുന്നു അയാള്‍ അന്നു വിശ്വസിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ കോഴിക്കോട്ടിറങ്ങിയതുപോലെ അവര്‍ ഒരു ദിവസം കപ്പലിറങ്ങി വന്നവരാണെന്നും, സ്ഥിരതാമസ സ്ഥലമില്ലാതെ ദേശാടനം ചെയ്തും കച്ചവടം ചെയ്തും കാലക്ഷേപം കഴിക്കുകയാണെന്നും അയാള്‍ കരുതിയിരുന്നു. ചാക്കോമാസ്റ്റര്‍ ഒരു മുക്കാലിന് രണ്ടു ചോക്കാ പെന്‍സിലുകള്‍ വിറ്റിരുന്നു. ചോക്കാ പെന്‍സിലു കള്‍ പുതുമയാണ്. നഗരത്തിലെ കടകളിലൊന്നുമില്ല. ചാക്കോമാസ്റ്റര്‍ കുന്നംകുളത്തുനിന്നാണ് ചോക്കാപെന്‍സിലുകള്‍ കൊണ്ടുവരുന്നത്. അങ്ങിനെയാണ് കുന്നംകുളം എന്ന സ്ഥലത്തെപ്പറ്റി അറിയുന്നത്. അനേകായിരം നാഴിക ദൂരെയുള്ള ഒരു സ്ഥലം. അവിടെ നിന്നാണ് കൃസ്ത്യാനികള്‍ വരുന്നത്.
അന്തോണിച്ചേട്ടന്‍ വന്നത് ഒരു പുതിയ ‘ഉഷ’, തയ്യല്‍ യന്ത്രവുമായാണ്. ക്രോമിയം പ്ലേറ്റ് ചെയ്ത ഭാഗങ്ങള്‍ തിളങ്ങുന്ന, ത്രീ ഇന്‍ വണ്‍ എണ്ണയുടെ വാസനയുള്ള യന്ത്രം. ഷെഡ്ഡ് മാവിന്‍ പലകകള്‍ വെച്ച് രണ്ടായി വിഭജിച്ചു. ഉള്ളില്‍ ട്രയല്‍റൂമും, അളവെടുക്കുന്ന സ്ഥലവും. മുമ്പിലുള്ള മുറിയില്‍ തയ്യല്‍മെഷീന്‍. മെഷീന്റെ പിന്നില്‍ അന്തോണിച്ചേട്ടന്‍ ജോലി ചെയ്തു. കാല്‍ പെഡലില്‍ അമരുന്ന താളത്തോടൊപ്പം അയാള്‍ കുലുങ്ങി. തല താളത്തോടെ മുന്നോട്ടും പിന്നോട്ടും ആടി. മുന്നോട്ടുള്ള ആട്ടത്തില്‍ നെറ്റിയും, മെഷീന്റെ പൊങ്ങിത്താഴുന്ന ഹോള്‍ഡറുമായി ഒരു തലനാരിഴയുടെ വ്യത്യാസമെ ഉണ്ടാവു. മുറിച്ചുകളഞ്ഞ ശീലക്കഷ്ണങ്ങള്‍ക്കു വേണ്ടി ഷാപ്പിനു മുമ്പില്‍ പരതുമ്പോള്‍, അയാള്‍ അന്തോണിച്ചേട്ടന്‍ ജോലി ചെയ്യുന്നതു ഒരു മാസ്മരവിദ്യയാണെന്നപോലെ നോക്കിനില്‍ക്കാറുണ്ട്. (തുടര്‍ന്ന് വായിക്കുക…)