അയ്മനം ജോൺ:
ഒന്നാം പാഠം ബഹിരാകാശം എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശപതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ളക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചു തീര്‍ന്നതും, വലതു കൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ചതാണെന്നും സ്പഷ്ടമായിരുന്നു.
ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ഭൂമിയില്‍ നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കു തന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായിക്കഴിഞ്ഞിരുന്നുവെങ്കിലും അമ്മ ഏറെനേരം മുകളിലേക്കു തന്നെ നോക്കി നിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും...
മടക്കയാത്രാവിമാനം കാത്തിരിക്കുമ്പോള്‍ത്തന്നെ ലോഞ്ചിലെ ടെലിവിഷനിലൂടെ അച്ഛന്റെ പര്യവേക്ഷണക്കപ്പല്‍ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്ന്നതറിഞ്ഞിട്ടും യാത്രയിലുടനീളം അമ്മ ദുഃഖിതയും മൂകയുമായിരുന്നു. വെള്ളച്ചില്ലുകളിലൂടെ വിമാനം കാട്ടിയ ഭൂമിയിലെ വിസ്മയദൃശ്യങ്ങളൊന്നു പോലും അമ്മയെ ആകര്‍ഷിച്ചില്ല. അമ്മയുടെ മനസ്സ് അച്ഛനെ ചുറ്റിപ്പറ്റി ബഹിരാകാശത്ത് അലയുകയായിരുന്നുവെന്ന് മുഖം കണ്ടാല്‍ത്തന്നെ അറിയാമായിരുന്നു. യാത്രയിലെ രണ്ട് രാത്രികളിലും അമ്മ ഉറങ്ങിയതുമില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ബഹിരാകാശശൂന്യതയിലേക്ക് നോക്കിയിരിക്കും പോലെ ഒരിരിപ്പായിരുന്നു. വീട്ടിലെത്തിച്ചേര്ന്നിട്ടോ? വേഷംപോലും മാറാന്‍ നില്ക്കാതെ അമ്മ സര്പ്പക്കാവിലേക്കോടി. സര്‍പ്പക്കല്ലിനു മുന്നില്‍ തിരി കൊളുത്തി വളരെ നേരം പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് പരിസരബോധം തിരികെക്കിട്ടിയതായി തോന്നിയത്.
വീട്ടില്‍ നിന്ന് അര മണിക്കൂര്‍ സൈക്കിള്‍ യാത്രയുടെ അകലം മാത്രമുള്ള കപ്പല്‍ ശാലയിലെ ജോലി ഉപേക്ഷിച്ച് അച്ഛന് ബഹിരാകാശക്കപ്പലിലെ ജോലി സ്വീകരിച്ചത് നല്ല തീരുമാനമായിരുന്നോ എന്ന് ആലോചിക്കാന്‍ തക്ക വിവേകം അന്ന് ആ പതിനാലാം വയസ്സില്‍ എനിക്കില്ലാതെ പോയെങ്കില്‍ അതിന്റെ കാരണക്കാരന്‍ അച്ഛന്‍ തന്നെയായിരുന്നു — അച്ഛന്‍ ഞങ്ങളെ ഒരിക്കലും വളരാന്‍ അനുവദിച്ചിരുന്നില്ലല്ലോ.
കൂട്ടുകാരുടെ വീടുകളില്‍ പോയി യാത്ര പറയുവാന്‍വേണ്ടി രാഹുലിനെ മുന്നിലും എന്നെ പിന്നിലും കയറ്റി സൈക്കിളില്‍ പോയപ്പോള്‍പ്പോലും പതിവു മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടും ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്ത്, പെഡലില്‍ നിന്ന് കാലെടുത്ത് അഭ്യാസങ്ങള്‍ കാട്ടിയും ഞങ്ങളെ രസിപ്പിക്കുന്നതിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഹൂസ്റ്റണിലേക്കുള്ള വിമാനയാത്രയിലാവട്ടെ, രാഹുലിനെ മടിയിലിരുത്തി തലേ രാത്രി പറഞ്ഞു തുടങ്ങിയ ഏതോ തമാശക്കഥയുടെ ബാക്കി ഭാഗങ്ങള്‍ പലപ്പോഴായി പറഞ്ഞു തീര്‍ക്കുന്നതു കേട്ടു. അച്ഛന്‍ അകലേക്കു പോകുന്നല്ലോ എന്ന വിചാരത്തെ ഞങ്ങളില്‍ നിന്നകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം എന്നു പോലും ഞാന്‍ ഇന്നാണ് മനസ്സിലാക്കുന്നത്. (തുടര്‍ന്ന് വായിക്കുക…)