close
Sayahna Sayahna
Search

ഓർമ്മയുടെ പൂക്കൾ


ഓർമ്മയുടെ പൂക്കൾ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

അഭിനയ കലയുടെ അധിത്യക എന്തെന്ന് കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത പി. കെ. വിക്രമന്‍ നായരാണ് എനിക്ക് ചങ്ങമ്പുഴ എന്ന കവിയെ പരിചയപ്പെടുത്തിത്തന്നത്. വര്‍ഷം 1936. ഞാന്‍ വിദ്യാലയത്തില്‍നിന്ന് സായാഹ്നവേളയില്‍ വീട്ടിലെത്തിയപ്പോള്‍ വിക്രമന്‍നായര്‍ അദ്ദേഹത്തിന്റെ ചുറ്റുമിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും ‘ആ പൂമാല’ എന്ന കവിത വായിച്ചു കേള്‍പ്പിക്കുന്നു. സഹൃദയത്വമുള്ളവരായിരുന്നു എന്റെ വീട്ടിലെ ആളുകളാകെ. അവരില്‍ ചിലര്‍ ആർദ്രനയനങ്ങളോടുകൂടി ആ കവിത കേട്ട് ഇരിക്കുന്നു. വേറെ ചിലര്‍ ചുണ്ടുകളില്‍ മന്ദസ്മിതത്തോടുകൂടി. മറ്റുചിലര്‍ കപോലരാഗമണിഞ്ഞാണ് ഇരിപ്പ്. വിക്രമന്‍ നായര്‍ ‘ആ പൂമാല’യില്‍നിന്ന് അടുത്ത കവിതയിലേക്ക് കടന്നു. അതില്‍നിന്നു പിന്നെയും അടുത്തതിലേക്ക്. ഉത്തമമായ കവിത മനസ്സിന് ശാന്തി നല്‍കുന്നു; വിശ്വാസ്യത എന്ന ഗുണമുളവാക്കുന്നു. ഏതാണ്ട് രാത്രി എട്ടുമണിവരെ അദ്ദേഹം കവിത വായിച്ചുവെന്നാണ് എന്റെ ഓര്‍മ്മ പാരായണം കഴിഞ്ഞയുടനെ ഞാന്‍ ആ ഗ്രന്ഥം കൈക്കലാക്കാന്‍ കുതിച്ചു. ഒരുതരം ആത്മവിസ്മൃതിയോടെ ഞാന്‍ കവിയുടെ പേരുനോക്കി, ഗ്രന്ഥത്തിന്റെ പേരുനോക്കി. ചങ്ങമ്പുഴ കൃഷ്ണപിള്ള, ‘ബാഷ്പാഞ്ജലി’. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ‘മയൂരസന്ദേശ’മാണ് മലയാളസാഹിത്യത്തിലെ ഏറ്റവും ഉത്കൃഷ്ടമായ കാവ്യം എന്നു തെറ്റിദ്ധരിച്ചിരുന്ന എനിക്കും എന്റെ വീട്ടുകാര്‍ക്കും

‘സുന്ദരാധര പല്ലവങ്ങളില്‍
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങള്‍ നന്‍മൃദു
ഫാലകത്തിലിളകവേ;
മന്ദവായുവിലംശു കാഞ്ചലം
മന്ദ മന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തി, യാ-
ക്കണ്ണിണയില്‍ വഴിയവേ
മാലികയുമായ് മംഗലാംഗിയാള്‍
ലാലസിച്ചിതാപ്പാതയില്‍’

എന്ന വരികള്‍ കേട്ടപ്പോള്‍ കവിതയുടെ ഗന്ധര്‍വലോകം അനാവരണം ചെയ്ത പ്രതീതി. ഒരു പുല്ലുപോലും കിളിര്‍ക്കാത്ത പര്‍വ്വതാഗ്രത്തില്‍ പ്രചണ്ഡ രശ്മികള്‍ വീഴ്ത്തിയ കവിഭാസ്കരനായിരിക്കാം കേരളവര്‍മ്മ. ആ പര്‍വ്വതശ്രേണികളുടെ താഴ്വരകളില്‍ പൂത്തുനിന്ന ചെടികളുടെ ഇലച്ചാര്‍ത്തുകളിലും പുഷ്പങ്ങളിലും നിലാവ് വീഴ്ത്തിയ കവിയായിരുന്നു ചങ്ങമ്പുഴയെന്ന് ഞങ്ങള്‍ ഗ്രഹിച്ചു. ഉഷ്ണരശ്മികള്‍ വീണ പര്‍വ്വതാഗ്രത്തില്‍ കയറാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. നിലാവുവീണ താഴ്വരകളില്‍ ആ പൂക്കളെയും പച്ചിലകളെയും സ്പര്‍ശിച്ചുകൊണ്ട് സഞ്ചരിക്കാനായിരുന്നു കൊതി അതോടൊപ്പം അദ്ദേഹത്തെ നേരിട്ടു കാണാനും. എന്റെ വീട്ടുകാര്‍ ചങ്ങമ്പുഴയെ കണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ കണ്ടു. രണ്ടുകൊല്ലംകൂടി കഴിഞ്ഞപ്പോള്‍. ഞാനന്ന് വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ ഫിഫ്ത്ത് ഫോം വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരം സ്ക്കൂള്‍വിട്ട് കച്ചേരിപ്പടിക്കല്‍ച്ചെന്ന് വരാപ്പുഴയ്ക്കുപോകുന്ന എയ്റ്റ്സീറ്റില്‍ കയറി ഡ്രൈവര്‍ ശിങ്കാരം വാഹനം സ്റ്റാര്‍ട്ടുചെയ്തു മുന്നോട്ടുനീക്കി. പെട്ടെന്ന്, ചിലര്‍ കൈതട്ടുന്നതു ഞാന്‍ കേട്ടു. ഡ്രൈവര്‍ വാഹനം നിറുത്തിയപ്പോള്‍ അതിന്റെ പിറകിലത്തെ സീറ്റില്‍ മൂന്നുപേര്‍ ചാടിക്കയറി. വാഹനം വീണ്ടും നീങ്ങി. ആ മൂന്നുപേരില്‍ ഒരാളുടെ മുഖത്തുനിന്നു കണ്ണെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മുന്‍സീറ്റിലിരുന്ന ഞാന്‍ കണ്ഠനാളം തിരിച്ച് അദ്ദേഹത്തെ ‘കണ്ണുകള്‍കൊണ്ട് പാനം ചെയ്തു’കൊണ്ട് ഇരുന്നു. ആകൃതിസൗഭഗമല്ലായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഒരാന്തരശക്തിയുടെ പ്രഭാതാരള്യം ആ മുഖമാകെയുണ്ട്. കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കു പിറകില്‍ അര്‍ദ്ധനിമീലിതങ്ങളും ചൈതന്യ പൂര്‍ണ്ണങ്ങളുമായ നയനങ്ങള്‍. ആകര്‍ഷകമായ നാസിക. അതിനു താഴെ നേരിയ മീശ. വൈഷയികത്യം വിളിച്ചോതുന്ന ചുണ്ടുകള്‍. വേഷം ഷേര്‍ടും മുണ്ടും. കഴുത്തില്‍ ചുറ്റിക്കിടക്കുന്ന പുളിയിലക്കരയന്‍ നേരിയത്. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. ഓരോ വാക്കു പറയുമ്പോഴും മറ്റു യാത്രക്കാര്‍ പൊട്ടിച്ചിരിക്കുന്നു. അവരുടെ ചിരികണ്ട് അദ്ദേഹവും ചിരിക്കുന്നു. പക്ഷേ ഒരു വ്യത്യാസം. നേരമ്പോക്കു പറയുന്ന ആ മനുഷ്യന്‍ നേരിയതെടുത്ത് ചുണ്ടുകളില്‍നിന്നു ചിരി തുടച്ചുകളയും. ശ്രോതാക്കള്‍ ആ ചിരിയോടെ ഇരിക്കും. പിന്നെയും പിന്നെയും ചിരിക്കാന്‍. നേരമ്പോക്കുകാരന്റെ ചിരിയെ ജലധാരായന്ത്രത്തില്‍നിന്ന് ഒരു നിമിഷത്തേക്ക് ഉയര്‍ന്നിട്ട് ഇല്ലാതാവുന്ന ജലശലാകയോട് ഉപമിക്കാമെങ്കില്‍ ശ്രോതാക്കളുടെ ചിരിയെ അനര്‍ഗ്ഗളം, അനുത്യൂതം അന്തരീക്ഷത്തിലേക്കു ഉയര്‍ന്നു നാലുപാടും ചിതറിവീഴുന്ന ജലശലാകകളോട് ഉപമിക്കാം, അടിക്കടി വര്‍ദ്ധിക്കുന്ന ഹൃദയസ്പന്ദത്തോടെ ഞാന്‍ അടുത്തിരുന്ന ഒരു യാത്രക്കാരനോട് ചോദിച്ചു. ‘ആരാണത്?’ തെല്ലു പുച്ഛത്തോടെ അയാള്‍ മറുപടി പറഞ്ഞു: ‘അറിഞ്ഞുകൂടേ? ചങ്ങമ്പുഴ.’ ഒരു മിന്നല്‍പ്പിണരാണ് എന്റെ ഹൃദയത്തിലൂടെ പാഞ്ഞത്. അന്നും നാലാങ്കല്‍ കൃഷ്ണപിള്ള സാര്‍ ഇംഗ്ലീഷ് പഠിപ്പിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ ‘അജപാല ബാലനില്‍ ഗ്രാമീണ ബാലതന്‍ അനുരാഗ കന്ദളമെന്ന പോലെ’ എന്ന് ഉരുവിടുകയായിരുന്നു. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യം ‘രക്തപുഷ്പ’ങ്ങളില്‍ വരുന്നതിനു മുന്‍പുതന്നെ ഏതോ വാരികയിലൂടെ എന്റെ ഹൃദയത്തില്‍ പതിഞ്ഞുപോയിരുന്നു. അങ്ങനെ ഞാന്‍ ആദ്യമായി കവിയെകണ്ടു. മനുഷ്യനെങ്കിലും എന്നില്‍നിന്നും മറ്റുള്ളവരില്‍നിന്നും വിഭിന്നന്‍. ഞാന്‍ കവിത എഴുതിയിരുന്നുവെങ്കിലും സാധാരണക്കാരില്‍ സാധാരണക്കാരന്‍. ആ കവിയാകട്ടെ കവിതകൊണ്ട് ഈശ്വരനെ സ്പര്‍ശിച്ച മഹാവ്യക്തി. ‘അദ്ദേഹം കവിയാണ്. അതുകൊണ്ട് ദൈവികത്വമുള്ളവന്‍’ എന്ന് ക്രോചെ പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

വാഹനം ചെറിയപള്ളിക്കടത്തിലെത്തി. അന്ന് അവിടെ പാലമില്ലായിരുന്നു. ചങ്ങാടത്തില്‍ വാഹനം കയറ്റണം യാത്രക്കാര്‍ ബസില്‍നിന്ന് ഇറങ്ങണം. അതു കയറ്റിക്കഴിഞ്ഞാല്‍ അവര്‍ക്ക് ചങ്ങാടത്തില്‍ കയറി നില്‍ക്കാം. കഴുക്കോല്‍ ഊന്നുന്നവര്‍ വാഹനം അക്കരെ എത്തിക്കും. അങ്ങനെ ചങ്ങാടം മെല്ലെ നീങ്ങുമ്പോള്‍ ഡ്രൈവര്‍ ശിങ്കാരത്തിന്റെ അടുത്തുചെന്ന് നില്‍ക്കുകയായി ചങ്ങമ്പുഴ. അദ്ദേഹം ബ്വീഡിയെടുത്ത് ശിങ്കാരത്തിന് ഒന്നുകൊടുത്തു. സ്വന്തം ബീഡിക്ക് തീ കൊളുത്തി. അടുത്ത് അത്ഭുതസ്തബ്ധനായി നിന്ന എന്നെ മൂക്കുകണ്ണടയുടെ മുകളിലൂടെ പുഞ്ചിരിയിട്ടുകൊണ്ട് ചോദിച്ചു. ‘ബീഡി വേണോ?’ ഞാന്‍ മറുപടി പറയുന്നതിനുമുന്‍പ് അദ്ദേഹം തന്നെ പറഞ്ഞു. ‘അല്ലെങ്കില്‍ വേണ്ട. പയ്യനല്ലേ.’ എവിടെ പരിഷ്കാരം വരുന്നോ അവിടെ പ്രകൃതി ഭംഗി നശിക്കും. തിരുവനന്തപുരത്തിനടുത്തുള്ള കോവളത്തു പോകൂ. അവിടത്തെ ഹോട്ടലുകളും മതില്‍ക്കെട്ടുകളും കോണ്‍ക്രീറ്റ് പാതകളും പ്രകൃതിസൗന്ദര്യത്തെ ഹനിച്ചുകഴിഞ്ഞു. ഇനിയും വൈരൂപ്യം കൂടിക്കൊണ്ടിരിക്കും. ചെറിയപ്പള്ളിയിലെ ഇന്നത്തെ പാലവും അതിന്റെ ചിറ്റുപാടുകളും അടുത്തകാലത്ത് അവ കണ്ട എനിക്ക് വെറുപ്പ് ഉണ്ടാക്കി. അന്ന് ചങ്ങാടം നീങ്ങുമ്പോള്‍ പച്ചനിറമാര്‍ന്ന മുട്ടപ്പായലുകള്‍ തിരകള്‍ക്കൊപ്പം ചാഞ്ചാടിയിരുന്നു. മഞ്ഞ നിറത്തിലുള്ള പൂക്കള്‍ അവയില്‍ നൃത്തമാടിയിരുന്നു. അവയിലൊരു പൂവിനെ നോക്കിക്കൊണ്ട് ചങ്ങമ്പുഴ ചോദിച്ചു: ഇതിന്റെ പേരെന്ത്? കവിയോട് സംസാരിക്കാന്‍ കൊതിച്ചുനിന്ന ഞാന്‍ കോളാമ്പിപ്പൂ എന്നുപറഞ്ഞു. വീണ്ടും മൂക്കുകണ്ണടയുടെ മുകളിലൂടെയുള്ള നോട്ടം. മന്ദസ്മിതം പുരണ്ട കണ്ണുകള്‍.

വടക്കന്‍ പറവൂരിനും വരാപ്പുഴയ്ക്കുമിടയ്ക്കുള്ള കൂനമ്മാവ് എന്ന സ്ഥലത്തെത്തി വാഹനം. പാതവക്കത്തുനിന്ന ഒരു സ്ത്രീ അതിനുനേരെ കൈ നീട്ടിക്കാണിച്ചു. കൃത്രിമകേശ പ്രയോഗംകൊണ്ട് ഒരു ചുമടായി മാറിയ തലമുടിക്കെട്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍, മഷിയെഴുതിയ കണ്ണുകള്‍, മൂക്കില്‍ തിളങ്ങുന്ന വെള്ളക്കല്‍ മൂക്കുത്തി. ശൃംഗാരച്ചിരിയോടെ ശിങ്കാരത്തോട് അവര്‍ ചോദിച്ചു. ഈ ബസ് ഉടനെ വരാപ്പുഴെനിന്ന് തിരിച്ചുവരുമോ? അതേ ചിരിയോടെ ശിങ്കാരം പറഞ്ഞു. ‘ഉടനെ വരും. പറവൂര്‍ക്ക് പോകാനല്ലേ?’ ചെറിയപ്പള്ളിക്കടത്തു കഴിഞ്ഞയുടനെ ഡ്രൈവറുടെ അടുത്ത് ഇരിപ്പുറപ്പിച്ച ചങ്ങമ്പുഴ ഹര്‍ഷാതിരേകത്തോടെ ‘അതാര്?’ എന്ന് അദ്ദേഹത്തോടു ചോദിച്ചു. ബീഡിവലിച്ച് കറുത്ത പല്ലുകള്‍ കാണിച്ചുകൊണ്ട് ശിങ്കാരം ‘അവര്‍ അല്പം പിശകാണെ’ന്നോ മറ്റോ പറഞ്ഞു. കവിയുടെ ആഹ്ലാദം വര്‍ണ്ണിക്കാന്‍ ജി പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ തൂലികയല്ല എന്റെ കൈയിലുള്ളത്. ഈ സ്മരണ ഇവിടെ നിറുത്തുന്നു. എല്ലാം അച്ചടിക്കാനാവില്ലല്ലോ.

വര്‍ഷം 1941 അതോ 1942 ആണോ? ഓര്‍മ്മയില്ല. യൂണിവേഴ്സിറ്റി കോളേജിലെ മലയാള സമാജം ഉദ്ഘാടനം ചെയ്യുന്നതിന് വന്നത് അന്ന് ആര്‍ട്കോളേജിലെ എം. എ. വിദ്യാര്‍ത്ഥിയായിരുന്ന ചങ്ങമ്പുഴയാണ്. അദ്ദേഹത്തെ കവിയായി അംഗീകരിക്കാന്‍ അക്കാലത്തെ മലയാളാധ്യാപകര്‍ക്ക് സമ്മതമില്ലായിരുന്നു. അവരില്‍ ആരുംതന്നെ സമ്മേളനത്തിന്റെ അധ്യക്ഷനായി വന്നില്ല അതുകൊണ്ട് ഞാന്‍ എന്റെ ഗുരുനാഥനായ എന്‍. കുഞ്ഞുരാമന്‍പിള്ള അവര്‍കളെ സമീപിച്ച് അധ്യക്ഷനായി ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വള്ളത്തോള്‍ കവിയൊന്നുമല്ല എന്ന് എന്നോടു പറഞ്ഞ ആളാ സാര്. അദ്ദേഹം ഒറ്റവാക്കില്‍ സമ്മതമില്ലായ്മ അറിയിച്ചു. ആ ഗുരുനാഥനും മറ്റുള്ള അധ്യാപകരും കാലയവനികയില്‍ മറഞ്ഞു. ആളുകളുടെ സ്മരണ ദര്‍പ്പണത്തില്‍നിന്നും അപ്രത്യക്ഷമായി. പക്ഷേ അന്ന് അധ്യക്ഷനില്ലാതെ പ്രഭാഷണം നിര്‍വഹിച്ച ചങ്ങമ്പുഴ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. മധുരതരമായിരുന്നു കവിയുടെ പ്രഭാഷണം. ഒരു വാക്യം ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്നു: ‘സന്ധ്യാവേളയില്‍ നെയ്ത്തിരി കത്തിച്ച നിലവിളക്കിനു മുന്‍പിലിരുന്നു തൊഴുംകൈയോടെ പ്രാര്‍ത്ഥനാഗാനങ്ങള്‍ പാടുന്ന ബാലികാബാലന്മാരുടെ ആ മധുര നാദം ആരെയാണ് കോരിത്തരിപ്പിക്കാത്തത്!’ ചങ്ങമ്പുഴ പ്രഭാഷണത്തിനായി എഴുന്നേറ്റപ്പോള്‍ ‘മദനന്‍, മദനന്‍’ എന്ന വിളികളുയര്‍ന്നു. അതുകേട്ട ഭാവംപോലും കാണിക്കാതെ അദ്ദേഹം പ്രഭാഷണ സ്രോതസ്വിനി പ്രവഹിപ്പിക്കുകയായി. കവിയുടെ ഏറെ പ്രഭാഷണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ധിഷണയുടെ മിന്നല്‍ പ്രവാഹങ്ങള്‍ അവയിലൂടെ വരില്ല. ബയണറ്റ് ചാര്‍ജ്ജ് നടത്തുന്ന പൊലീസുകാര്‍ പിറകോട്ട് ഒന്ന് മാറിയിട്ട് മുന്നോട്ടു ചാടുന്നതുപോലുള്ള ചാട്ടമില്ല. നിന്നിടത്തുനിന്ന് ചങ്ങമ്പുഴ മാറുകില്ല. അംഗ വിക്ഷേപങ്ങളില്ല. ഭാവഗീതം പോലെ അതു പ്രവഹിക്കും. അദ്ദേഹത്തിന്റെ ഭാവഗീതങ്ങള്‍പോലെയാണ് പ്രഭാഷണങ്ങളും.

സ്മരണകള്‍ വീണ്ടും വളരെ പിറകോട്ടു പായുകയാണ്. വര്‍ഷം ഓര്‍മ്മയില്ല. 1935 ആവാം. അല്ലെങ്കില്‍ 1936. ഞാന്‍ ഒരു ദിവസം കാലത്തു തിരുവനന്തപുരത്തെ ശാസ്തമംഗലത്തിനും വെള്ളയമ്പലത്തിനുമിടയ്ക്കുള്ള റോഡില്‍ നില്‍ക്കുകയായിരുന്നു. രണ്ട് കൃശഗാത്രരായ യുവാക്കന്മാര്‍ പുസ്തകങ്ങള്‍ തോളിലേറ്റിക്കൊണ്ട് ഓരോ വീട്ടിലും കയറി അവ വില്‍ക്കുകയാണ്. പില്‍ക്കാലത്ത് ഗവണ്‍മെന്റ് സെക്രട്ടറിയായ പി. ബാലകൃഷ്ണപിള്ളയുടെ വാസന്തിമന്ദിരത്തില്‍ അവര്‍ രണ്ടുപേരും കയറിപ്പോകുന്നതും ചിരിച്ചുകൊണ്ട് തിരിച്ചിറങ്ങി വരുന്നതും കണ്ടു. ആകര്‍ഷകത്വമുള്ളവരും ആഭിജാത്യമുള്ളവരുമായ ആ യുവാക്കന്മാര്‍ ആരെന്ന് ഞാന്‍ ആരോടോ ചോദിച്ചു. ‘ഒരാള്‍ കവിയായ ചങ്ങമ്പുഴയാണ്. മറ്റെയാള്‍ ആരെന്നറിഞ്ഞുകൂടാ’ എന്നായിരുന്നു മറുപടി. വില്ക്കാന്‍ കൊണ്ടുനടന്ന പുസ്തകം ‘രമണ’നാവാം. ചങ്ങമ്പുഴ പുസ്തകമച്ചടിച്ച് ഭാരം തോളിലേറ്റി വില്ക്കാനായി വീടുതോറും കയറിയിറങ്ങി എന്ന് പില്‍ക്കാലത്ത് പലരും എഴുതിയിട്ടുണ്ട്. അതു നേരിട്ടു കാണാനുള്ള ഭാഗ്യമോ ദൗര്‍ഭാഗ്യമോ എനിക്കുണ്ടായി.

കവി തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അദ്ദേഹത്തെ ഹോസ്റ്റലില്‍ച്ചെന്ന് കണ്ടിട്ടുണ്ട്. ഒരു ഷെല്‍ഫില്‍ ഈശ്വരനെപ്പോലെ ആദിയും അന്തവുമില്ലാത്ത ഏറെ ഇംഗ്ലീഷ് പുസ്തകങ്ങള്‍. രാത്രി ഒന്‍പതു മണിയോടടുപ്പിച്ച് അവയിലൊന്ന് എടുത്തുകൊണ്ട് അദ്ദേഹം വായന തുടങ്ങും. അവസാനത്തെ പുറമെത്തുന്നതുവരെ ഒറ്റ വായനയാണ്. ഉറക്കമില്ല, ചലനമില്ല, ഉപരിപ്ലവമായ വായനയല്ല. ആഴത്തോളം ചെന്നു മുത്തുകള്‍ കണ്ടുപിടിക്കുന്ന ഗ്രന്ഥപരായണമായിരുന്നു അതെന്ന് അദ്ദേഹം കോട്ടയത്തു നടത്തിയ പ്രഭാഷണം കേട്ടവര്‍ക്ക് അറിയാം. ‘സാഹിത്യ ചിന്തകള്‍’ എന്നോ മറ്റോ ഉള്ള പേരില്‍ അതച്ചടിച്ചത് വായിച്ചവര്‍ക്കറിയാം. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് അവഗാഹം. നമ്മുടെ ഭാഷയിലെ ചമ്പുക്കള്‍, ആട്ടക്കഥകള്‍ ഇവയൊക്കെ ഹൃദിസ്ഥങ്ങളായിരുന്നു കവിക്ക്. നൈഷധം ചമ്പുവിലെയും രാമായണം ചമ്പുവിലെയും ശ്ലോകങ്ങളും ഗദ്യങ്ങളും ചൊല്ലിക്കേള്‍പ്പിച്ചിട്ട് ‘ഇതൊക്കെ നിങ്ങള്‍ കാണാതെ പഠിക്കണം. എങ്കിലേ നല്ല മലയാള ഗദ്യവും പദ്യവും എഴുതാന്‍ പറ്റൂ’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴയുടെ അതിസുന്ദരമായ ‘മനസ്വിനി’ എന്ന കാവ്യം നോക്കുക. ചമ്പുക്കളുടെ സംസ്ക്കാരം ആവഹിക്കുന്ന കാവ്യമാണ് അതെന്ന് നമുക്കു ഗ്രഹിക്കാം. ഒരു ദിവസം ഞാന്‍ കവിയുടെ മുറിയില്‍ച്ചെന്നപ്പോള്‍ കുമാരനാശാന്റെ ‘ലീല’ എന്ന കാവ്യം വായിക്കുകയായിരുന്നു അദ്ദേഹം. എന്റെ വീട്ടിലുണ്ടായിരുന്ന നായര്‍വര്‍ഗീയതകൊണ്ട് കുമാരനാശാന്‍ കവിയല്ലെന്ന് ഞാന്‍ ധരിച്ചുവച്ചിരുന്നു. ചങ്ങമ്പുഴയുടെ കൈയില്‍ ലീലാകാവ്യമിരിക്കുന്നതുകണ്ട് ‘കുമാരനാശാന്‍ കവിയാണോ’ എന്നു ഞാന്‍ ചോദിച്ചു. കവിയുടെ മട്ടുമാറി. ‘എന്തുപറഞ്ഞു? മലയാളത്തില്‍ ഒരു മഹാകവിയുണ്ടെങ്കില്‍ അത് കുമാരനാശാന്‍ മാത്രമാണ്’ എന്ന് ദേഷ്യത്തോടെ അറിയിച്ചിട്ട് അദ്ദേഹം ‘ലീല’യിലെ ‘മടുമലര്‍ ശില തന്നിലന്തിമേഘക്കൊടുമുടി’ എന്നു തുടങ്ങുന്ന നാല് ശ്ലോകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു…‘ഇതുപോലൊരു ശ്ലോകം എനിക്ക് എഴുതാന്‍ കഴിഞ്ഞെങ്കില്‍ കവിയെന്ന നിലയില്‍ എന്റെ ജീവിതം ധന്യമാകുമായിരുന്നു.’

ചങ്ങമ്പുഴ അന്തരിച്ചതിനുശേഷം കുറെ വര്‍ഷം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെയും അനുജനെയും പോയിക്കണ്ടു. ‘കൃഷ്ണന്‍കുട്ടിയെ അറിയാമായിരുന്നോ’ എന്ന് അമ്മ കണ്ണീരോടെ ചോദിച്ചു. ‘നല്ലപോലെ അറിയാമായിരുന്നു’ എന്ന് മറുപടി നല്കി ഞാന്‍. പ്രഭാകരന്‍ ചേട്ടന്റെ കാവ്യങ്ങളുടെ കൈയെഴുത്തു പ്രതികള്‍ എടുത്തുകാണിച്ചു. ഒന്നില്‍ ‘ഇതിന്റെ സര്‍വാവകാശങ്ങളും എന്റെ അനുജന്‍ പ്രഭാകരന് ഞാന്‍ നല്കിയിരിക്കുന്നു’ എന്ന് എഴുതിയിട്ടുണ്ട്. 1978-ല്‍ എവിടെയോ ഒരു മീറ്റിങ്ങിന് പോയിട്ട് തിരിച്ച് എറണാകുളത്തേക്കു പോരുമ്പോള്‍ ഞാന്‍ ചങ്ങമ്പുഴയുടെ സഹധര്‍മ്മിണി താമസിക്കുന്ന വീട്ടില്‍ കയറി. ശ്രീമതി ശ്രീദേവി ചങ്ങമ്പുഴ വാഴയുടെ ചുവട്ടില്‍ വെള്ളമൊഴിക്കുമ്പോഴാണ് എന്റെ പ്രവേശം. ഞാന്‍ ആരാണെന്ന് പറഞ്ഞപ്പോള്‍ ‘മലയാളനാട്ടില്‍’ ‘സാഹിത്യവാരഫലമെഴുതുന്ന കൃഷ്ണന്‍നായരാണോ’ എന്ന് ശ്രീമതി ചോദിച്ചു. ‘വരൂ, കയറിയിരിക്കൂ’ എന്ന് സുജനമര്യാദയോടെ അവര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ വീട്ടിനകത്തേക്കു കയറി രണ്ടുമിനിറ്റ് നേരം ഇരുന്നു. ഒരു തൂണില്‍ ചങ്ങമ്പുഴയുടെ ഒരു വലിയ ചിത്രം തൂക്കിയിട്ടിരിക്കുന്നു. ‘വലിയ കവിയാണ് ഇദ്ദേഹം’ എന്നു ഞാന്‍ ശ്രീദേവിയോട് പറഞ്ഞപ്പോള്‍ ‘എന്തുചെയ്യാം…’ എന്നു തുടങ്ങിയ വാക്യം പൂര്‍ണ്ണമാക്കാതെ അവര്‍ പൊട്ടിക്കരഞ്ഞു. മരണത്തിനുശേഷം മുപ്പതുവര്‍ഷം കഴിഞ്ഞിരുന്നു 1978-ല്‍. എങ്കിലും സഹധര്‍മ്മിണിയുടെ ശോകത്തിന് ഒരു കുറവുമില്ല. അത്ഭുതപ്പെടാനില്ല. അനുവാചകര്‍ മാത്രമായ നമ്മളും ആര്‍ദ്രനയനങ്ങളോടുകൂടിയാണല്ലോ അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത്.

സന്ധ്യാതാരം ഉദിച്ചുനില്‍ക്കുന്ന വേളയിലാണ് ഞാന്‍ ചങ്ങമ്പുഴയുടെ ശവകുടീരത്തിന്റെ മുന്‍പില്‍ ചെന്നുനിന്നത്. ഉയര്‍ത്തികെട്ടിയ അതിനു ചുറ്റും പച്ചിലപ്പടര്‍പ്പുകള്‍.

‘താരകകളേ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരി പ്രേതകുടീരം’

എന്ന് അത് ചോദിക്കുന്നത് ഞാന്‍ കേട്ടു. പക്ഷേ ആ സാന്ധ്യനക്ഷത്രത്തെക്കാള്‍ ഉജ്ജ്വലതയാര്‍ന്ന ഒരു നക്ഷത്രമാണ് ആ കുടീരത്തിനുള്ളില്‍ ഉള്ളതെന്ന് ആ സാന്ധ്യാതാരത്തിനറിഞ്ഞുകൂടാ. അന്തരീക്ഷത്തിലെ നക്ഷത്രം പ്രത്യക്ഷമാകും, അപ്രത്യക്ഷമാകും. എന്നാല്‍ ചങ്ങമ്പുഴയെന്ന കവിനക്ഷത്രം സാഹിത്യവിഹായസ്സില്‍ ശാശ്വതകാന്തി ചിന്നിവിളങ്ങുന്നു.