close
Sayahna Sayahna
Search

വിശുദ്ധനായ മദ്യപൻ


വിശുദ്ധനായ മദ്യപൻ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

‘ഗ്രെയ്റ്റ് ഓസ്ട്രിയന്‍ നോവലിസ്റ്റ്’ — മഹാനായ ഓസ്ട്രിയന്‍ നോവലെഴുത്തുകാരന്‍ — എന്ന് എല്ലാ നിരൂപകരും വാഴ്ത്തുന്ന യോസഫ് റോട്ടിന്റെ (Joseph Roth)അവസാനത്തെ കൃതിയാണ് The Legend of the Holy Drinker. ലണ്ടനിലെ പാന്‍ബുക്സ് ഈ വര്‍ഷം പ്രസാധനം ചെയ്ത ആ നോവലൈറ്റിന്റെ ഇംഗ്ലീഷ് തര്‍ജമ ഞാന്‍ വായിക്കുകയും മഹനീയമായ കല എന്താണെന്ന് ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. കലാകാരന് സ്വന്തം കലാസൃഷ്ടി മറ്റുള്ളവരെ കാണിച്ചേ മതിയാകൂ. മറ്റാരും കേള്‍ക്കാതെ തനിയെ പാടുന്നതില്‍ രസമുണ്ടെങ്കിലും വേറൊരാള്‍കൂടി അത് കേള്‍ക്കുമ്പോഴാണ് ആസ്വാദനം പരിപൂര്‍ണ്ണമാവുക. അതുപോലെയാണ് അനുവാചകനെ ആഹ്ളാദിപ്പിച്ച കലാസൃഷ്ടിയെക്കുറിച്ച് അയാള്‍ക്കു മറ്റുള്ളവരോട് പറഞ്ഞേതീരൂ. ആ ദൗര്‍ബല്യത്തിന് വിധേയനായി ഞാനിത് എഴുതുന്നു.

1934 ലെ ഒരു വസന്തകാല സായാഹ്നത്തില്‍ പ്രായമെത്തിയ ഒരാള്‍ സെന്‍ നദിയുടെ പാലത്തില്‍നിന്ന് താഴോട്ടുള്ള കല്‍പ്പടവുകളിലൂടെ ഇറങ്ങുകയായി, പാരീസിലെ ഭവനരഹിതരായ ആളുകള്‍ രാത്രി ഉറങ്ങുന്നത് ആ നദിയുടെ തീരത്താണെന്ന് എല്ലാവര്‍ക്കുമറിയാം. അയാള്‍ക്കുനേരെ വേറൊരു മാന്യന്‍വന്നു ചോദിച്ചു:

‘സഹോദരാ നിങ്ങള്‍ എവിടെ പോകുന്നു?

ഉറങ്ങാനായി പടവുകളിറങ്ങിയ ആള്‍ മറുപടി നല്‍കി:

‘എനിക്ക് ഒരു സഹോദരനുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

ഞാന്‍ എവിടെ പോകുന്നുവെന്ന് എനിക്ക് തന്നെയറിഞ്ഞുകൂടാ.’ ആഗതന്‍ അയാള്‍ക്ക് ഇരുന്നൂറ് ഫ്രാങ്ക്സ് കൊടുത്തു. വന്നെത്തിയ മാന്യന്റെ നിര്‍ബന്ധം കൊണ്ടാണ് അയാള്‍ അത് വാങ്ങിയത്. തനിക്ക് മേല്‍വിലാസമില്ലെന്നും ദിവസവും രാത്രി ഓരോ പാലത്തിന്റെ താഴെയാണ് ഉറങ്ങുന്നതെന്നും അതുകൊണ്ട് പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നേക്കുമെന്നും അയാള്‍ അറിയിച്ചപ്പോള്‍ മാന്യന്‍ പറഞ്ഞു: ‘എനിക്കും മേല്‍വിലാസമില്ല. ഞാനും ദിവസവും ഓരോ പാലത്തിന്റെ താഴെയാണ് ഉറങ്ങൂന്നത്. പിന്നെ പണം തിരിച്ചുതരാതിരിക്കാന്‍ നിങ്ങളുടെ മാനഃസാക്ഷി അനുവദിക്കുന്നില്ലായെങ്കില്‍ ലീസിയോയിലെ തെറീസ പുണ്യാളത്തിയുടെ (St. Theresa of Lisicux) കൊച്ചു പ്രതിമയിരിക്കുന്ന ചെറിയ പള്ളിയില്‍ കൊണ്ടുകൊടുത്തേക്ക്’ നദിക്കടുത്ത് ഇരുട്ടുകൂടി. ആഹ്ലാദനിര്‍ഭരമായ രാത്രിയെ പ്രഖ്യാപനം ചെയ്തുകൊണ്ട് പാലത്തിന് മുകളില്‍ പാരീസിലെ രജതദീപങ്ങള്‍ തിളങ്ങി.

മാന്യന്‍ പോയ്ക്കഴിഞ്ഞപ്പോള്‍ പണം സ്വീകരിച്ച മദ്യപന്‍ നേരെ ഒരു ഭക്ഷണശാലയിലേക്കു കയറി. വേണ്ടിടത്തോളം കുടിക്കുകയും തിന്നുകയും ചെയ്തു. തിരിച്ചുവന്നു വര്‍ത്തമാനപ്പത്രങ്ങള്‍ കൊണ്ടു തന്നെ പൊതിഞ്ഞ് അയാള്‍ ഉറങ്ങുകയും ചെയ്തു.

അടുത്തദിവസം കാലത്ത് വേറൊരു ഭക്ഷണശാലയില്‍ ചെന്ന് ഇരുന്നപ്പോള്‍ മറ്റൊരു മാന്യന്‍ അയാളോടു ചോദിച്ചു:‘കുറച്ച് പണം നേടാന്‍ താല്‍പ്പര്യമുണ്ടോ? നിങ്ങള്‍ക്ക് കുറച്ചു ജോലിചെയ്യാം എനിക്കുവേണ്ടി. ഞങ്ങള്‍ നാളെ വീടുമാറുകയാണ്.’ അയാള്‍ സമ്മതിച്ചു. മുന്‍കൂറായി ആ മാന്യന്‍ കൊടുത്ത നൂറ് ഫ്രാങ്ക് മദ്യപന്‍ സ്വീകരിച്ചു. പണം മഹാത്ഭുതമെന്നപോലെ കൈവരികയല്ലേ. അതു സൂക്ഷിക്കാന്‍ ഒരു സഞ്ചി വാങ്ങിക്കാമെന്ന് അയാള്‍ തീരുമാനിച്ചു. ഒന്ന് വാങ്ങുകയും ചെയ്തു. പണസഞ്ചിയെടുത്തുകൊടുക്കാന്‍ കടയിലെ പെണ്‍കുട്ടി ഏണിയിലൂടെ മുകളിലേക്ക് കയറിയപ്പോള്‍ അവളുടെ രൂപമൊത്ത കാലുകള്‍ അയാളെ വല്ലാതെ ആകര്‍ഷിച്ചു. മാന്യന്റെ വീട്ടിലെത്തി ജോലികളെല്ലാം ചെയ്ത് അതിനുള്ള കൂലി നേടിക്കൊണ്ട് അയാള്‍ അന്നു രാത്രി ഒരു ഹോട്ടലില്‍ കഴിഞ്ഞു കൂടി.

അങ്ങനെയിരിക്കുമ്പോഴാണ് അയാള്‍ കരലിനെ (Caroline) കണ്ടത്. ‘വരൂ, നമുക്ക് ചിലത് സംസാരിക്കാം.’ എന്ന് അവള്‍ വിളിച്ചു. ‘പക്ഷേ എനിക്ക് ഒരാളെ കാണണം’ എന്ന് അയാള്‍. ‘സ്ത്രീയായിരിക്കും’ എന്ന് അവളുടെ ചോദ്യം?. ‘അതേ’ എന്നു ഭീരുതയോടെ അയാള്‍ മറുപടി പറഞ്ഞപ്പോള്‍ ‘ആര്’ എന്ന് അവള്‍ വീണ്ടും ചോദിച്ചു. ‘കൊച്ചു തെറീസയെ’ എന്ന് അയാള്‍ പറഞ്ഞു. ജോലിയൊന്നും ചെയ്യാതെ എപ്പോഴും കുടിച്ചും പാലങ്ങളുടെ താഴെക്കിടന്ന് ഉറങ്ങിയും കാലം കഴിച്ചുകൂട്ടുന്ന അയാള്‍ തന്നെ കണ്ടില്ലെങ്കില്‍ തെറീസയുമായി പോകുമായിരുന്നുവെന്നു കരലിന്റെ പരാതി. അന്നുരാത്രി അയാള്‍ അവളോടൊരുമിച്ചു ഉറങ്ങി. ആരാണ് കരലിന്‍? അവള്‍ വേറൊരുത്തന്റെ ഭാര്യയായിരുന്നു. അവള്‍ മദ്യപന്റെ കാമുകിയാണെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് അവളെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ മരിച്ചത് ഭര്‍ത്താവ്. കൊന്നത് മദ്യപനും. അയാള്‍ അതിന്റെപേരില്‍ രണ്ടുകൊല്ലംജയിലില്‍ കിടന്നു. കരലിന്റെ വീട്ടില്‍ നിന്നിറങ്ങി അയാള്‍ സെന്‍നദിയുടെ തീരത്തുചെന്ന് കിടന്നുറങ്ങി. രാത്രി തെറീസ പുണ്യാളത്തി അയാളുടെ സ്വപ്നത്തില്‍ ആവിര്‍ഭവിച്ചു. ‘ഞാന്‍ നിന്റെ അച്ഛനല്ലേ? എന്ന് തെറീസാപെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചപ്പോള്‍ ‘അച്ഛാ ഞായറാഴ്ച അങ്ങ് എന്നെക്കാണാന്‍ വരുമോ’ എന്ന് അവള്‍ അയാളോട് ചോദിച്ചു.

മദ്യപന്റെ കൈയില്‍ ഒന്നുമില്ല പണസഞ്ചിയില്‍ ഒന്നുമില്ലെന്ന് അയാള്‍ക്കറിയാം. എങ്കിലും വെറുതേയൊന്ന് അത് തുറന്നുനോക്കിയപ്പോള്‍ ആയിരം ഫ്രാങ്ക്സിന്റെ നോട്ട് ഒരറയില്‍ ഇരിക്കുന്നതു കാണാറായി. പഴയ പരിചയക്കാരനായ ഒരു ഫുട്ബോള്‍ കളിക്കാരനോട് സൗഹൃദയം വീണ്ടും ഉറപ്പിച്ചിട്ട്, ഒരു പെണ്‍കുട്ടിക്ക് മദ്യം വാങ്ങിക്കൊടുത്തിട്ട് അയാള്‍ ഒരു രാത്രി കഴിഞ്ഞുകൂടി. അടുത്ത ദിവസം പള്ളിയിലെത്തി. ഇരുനൂറ് ഫ്രാങ്ക്സ് കടം തീര്‍ക്കണമല്ലോ. അതിനുമുമ്പു റോഡില്‍വച്ചുകണ്ട ഒരാളിനോട് അയാള്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് പണം തരാനുണ്ടെന്ന് നല്ല പോലെ അറിയാം. ചില പ്രതിബന്ധങ്ങള്‍ ഉണ്ടായതിനാല്‍ തെറീസ പുണ്യാളത്തിയെ അതേല്‍പ്പിക്കാന്‍ സാധിച്ചില്ല.’ അതുകേട്ട് അപരിചിതന്‍ അറിയിച്ചു: ‘എന്തോ തെറ്റുപറ്റിയിരിക്കുന്നു. എനിക്ക് നിങ്ങളെ മുന്‍പ് പരിചയപ്പെടാനുള്ള ഭാഗ്യം കിട്ടിയില്ല. പക്ഷേ നിങ്ങള്‍ക്ക് പണത്തിന് പ്രയാസമുണ്ടെന്നുതോന്നുന്നു. തെറീസക്കുകൊടുക്കാന്‍ ഞാനതുതരാം. എന്തുവേണം? ‘ഇരുന്നുറ് ഫ്രാങ്ക്സ്’ എന്ന് മദ്യപന്റെ മറുപടി. താന്‍ പാലത്തിനടിയില്‍ ഉറങ്ങുന്നവനാണെന്നും പണം തിരിച്ചുതരാന്‍ സാധിച്ചില്ലെന്നുവരുമെന്നും അയാള്‍ അറിയിച്ചപ്പോള്‍ ‘ഞാനും പാലത്തിന്റെ അടിയില്‍ ഉറങ്ങുന്ന’വനാണെന്ന് പറഞ്ഞിട്ട് ആ മാന്യന്‍പോയി. അയാളില്‍നിന്ന് വാങ്ങിയ ഇരുനൂറ് ഫ്രാങ്ക്സുമായി മദ്യപന്‍ പള്ളിയിലെത്തി. തിരുവത്താഴ ശുശ്രൂഷ കഴിഞ്ഞു. അവിടെ നീലനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. മദ്യപന്‍ അവളുടെ അടുത്തുചെന്ന് ചോദിച്ചു: ‘പേരെന്ത്?’ അവള്‍ പറഞ്ഞു: ‘തെറീസ.’

മദ്യപന്‍:ഹാ, സുന്ദരം. ഇത്ര മഹത്വമുള്ള കൊച്ചു പുണ്യാളത്തി എന്നെക്കാണാന്‍ ഇവിടെവരുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. ഞാന്‍ നിന്നെക്കാണാന്‍ വരാതെയായിട്ട് കാലമെത്ര കഴിഞ്ഞു.

പള്ളിയിലെ കര്‍മങ്ങള്‍ക്കുശേഷം അച്ഛനമ്മമാരെ കാത്തിരിക്കുന്ന ആ പെണ്‍കുട്ടി അതുകേട്ട് അമ്പരന്നു. ‘എനിക്ക് നിങ്ങള്‍ പറയുന്നതൊന്നും മനസിലാകുന്നില്ലല്ലോ’ എന്നായി അവള്‍. മദ്യപന്‍ പണമെടുത്ത് അവള്‍ക്കു കൊടുത്തു. അത് സ്വീകരിക്കാതെ ‘നിങ്ങള്‍ എനിക്ക് പണം തരാനേയില്ല. ഞാന്‍ നിങ്ങള്‍ക്കുവേണമെങ്കില്‍ നൂറ് ഫ്രാങ്ക്സ് തരാം. എന്റെ അച്ഛനമ്മമാര്‍ ഇപ്പോള്‍ വരും.’ അവള്‍ മദ്യപന് നൂറ് ഫ്രാങ്ക്സ് നല്‍കി. അയാള്‍ മദ്യശാലയിലേക്കുപോകാന്‍ ഭാവിച്ചതാണ്. പക്ഷേ പറ്റിയില്ല. താഴെ തകര്‍ന്നുവീണു. എല്ലാവരും പേടിച്ചു; ആ പെണ്‍കുട്ടി വിശേഷിച്ചും. ആരോ അയാളെ ‘വെസ്ട്രി’ യിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. മദ്യപന് ഒന്നും സംസാരിക്കാന്‍ വയ്യ. അയാള്‍ പണംവച്ചിരിക്കുന്ന ഇടതുവശത്തെ കീശയില്‍ കൈകൊണ്ട് തൊട്ടുകൊണ്ട് ‘മിസ് തെറീസ’ എന്ന് ഒരുതവണ തേങ്ങിപ്പറഞ്ഞു. മരിക്കുകയും ചെയ്തു. നോവലിസ്റ്റ് കഥ പര്യവസാനത്തില്‍ എത്തിക്കുന്നു: ‘മദ്യപരായ നമുക്കെല്ലാവര്‍ക്കും ഈശ്വരന്‍ ഇതുപോലൊരു ആയാസരഹിതമായ നല്ല മരണം പ്രദാനം ചെയ്യട്ടെ.’

ഈ നോവ്ലെറ്റിന്റെ പൂര്‍ണമായ അര്‍ഥം ഗ്രഹിക്കണമെങ്കില്‍ നമ്മള്‍ക്ക് റോട്ടിന്റെ ജീവിതത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. യോസഫ് റോട്ട് 1894-ല്‍ ഓസ്ട്രിയയില്‍ ജനിച്ചു. ഓസ്ത്രിയോ-ഹംഗറിയില്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് അദ്ദേഹം വളര്‍ന്നുവന്നത്. റോട്ട് ജനിക്കുന്നതിന് മുമ്പ് അച്ഛന്‍ ആ കുട്ടിയുടെ അമ്മയെ ഉപേക്ഷിച്ചുപോയി. അദ്ദേഹം ഒരു ഡച്ച് ഭ്രാന്താലയത്തില്‍ കിടന്നു മരിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓഫീസറായി സേവനമനുഷ്ഠിച്ച റോട്ട് യാദൃച്ഛികമായി റഷ്യയിലെ ബോള്‍ഷെവിക് വിപ്ളവത്തില്‍ പങ്കുകൊണ്ടു. വിശിഷ്ടങ്ങളായ നോവലുകള്‍ എഴുതിയ അദ്ദേഹം ഹിറ്റ്ലര്‍ അധികാരത്തില്‍വന്നപ്പോള്‍ 1933-ല്‍ ജര്‍മനിവിട്ടു പാരീസില്‍ വാസമുറപ്പിച്ചു. നാസ്തികളെ എതിര്‍ക്കുന്ന ധിഷണാശാലികളില്‍ അദ്വീതനായിരുന്നു അദ്ദേഹമെങ്കിലും മദ്യപാനാസക്തി ആ ജീവിതത്തെ തകര്‍ത്തു. നാല്‍പ്പത്തിനാലാമത്തെ വയസില്‍ അദ്ദേഹം കുടിച്ചുതന്നെ മരിച്ചു. (ഈ വിവരങ്ങള്‍ നോവലെറ്റില്‍ നിന്ന്) ഒരു റിപ്പോര്‍ട്ടനുസരിച്ച് റോട്ടറിന്റെ ശവസംസ്കാരവേളയില്‍ ഒരു പുരോഹിതനും അദ്ദേഹത്തെപ്പോലെ നാടുവിട്ടുപോകുന്ന ചിലരും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളും മാത്രമേ വന്നിരുന്നുള്ളു. അദ്ദേഹത്തിന്റെ മരണമോ? അവസാനത്തെ കൃതിയുടെ അവസാനത്തെ വാക്യത്തിന് യോജിച്ച വിധത്തില്‍. May God grant us all, of us drinkers, such a good and easy death. ഇതെഴുതി ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം അതുപോലെ മരിച്ചു. ഓസ്ട്രോ-ഹംഗറിയന്‍ ഗവര്‍മെണ്ടിന്റെ പതനം, അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ദുഃഖം, വ്യക്തിഗതമായ ദൗര്‍ബല്യം ഇവയെല്ലാമായിരിക്കാം റോട്ടിനെ മദ്യപാനത്തിലേക്ക് നയിച്ചത്. അടുത്ത കാലത്ത് ഞാന്‍ ഷാങ്ങ്ഷെനെയുടെ ആത്മകഥ വായിച്ചു. താന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉപേക്ഷിച്ചു കളഞ്ഞ അമ്മയുടെ ശവക്കുഴി എവിടെയാണെന്ന് ഷെനക്ക് അറിഞ്ഞുകൂടാ. അറിയാമായിരുന്നെങ്കില്‍ താന്‍ അവിടെ കാര്‍ക്കിച്ചു തുപ്പുമായിരുന്നുവെന്ന് ഷെന പറഞ്ഞതായി അതില്‍ കണ്ടു. ആ ഉപേക്ഷിക്കല്‍ കൊണ്ടാവാം ഷെന തസ്കരനും സ്വവര്‍ഗാനുരാഗിയായി മാറി സമുദായത്തോട് പ്രതികാരം ചെയ്തത്. റോട്ടിന്റെ പ്രതികാരം മദ്യപാനാസക്തിയില്‍ ദര്‍ശിക്കാം. പക്ഷേ ആ ആസക്തിയെ മതപരമായ ഹര്‍ഷാതിരേകത്തോട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു എന്നതാണ് ഈ കലാസൃഷ്ടിയുടെ സവിശേഷത. മതപരമായ ഹര്‍ഷാതിരേകമെന്ന് പറഞ്ഞത് അത്ര നല്ല അര്‍ഥത്തിലല്ല. വിശുദ്ധ പുരുഷന്മാരുടെ ആ ഹര്‍ഷോന്‍മാദത്തിലും അവയ്ക്ക് കാരണമായി ഭവിക്കുന്ന അദ്ഭുത സംഭവങ്ങളിലും — പുണ്യാളന്‍മാര്‍ക്ക് ഉണ്ടാകുന്നതു പോലെ കഥയിലെ മദ്യപനും അവ അനുഭവപ്പെടുന്നു. ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ ഇരുനൂറ് ഫ്രാങ്ക്സ് വീതം അയാള്‍ക്ക് വെറുതെ കൊടുക്കുന്നു അജ്ഞനായ ഒരാള്‍ കളഞ്ഞ ഒരു ബാഗ് മദ്യപന്റേതാണെന്നു വിചാരിച്ച് പൊലീസുകാരന്‍ അതെടുത്ത് അയാള്‍ക്കു കൊടുക്കുന്നു. ഫുട്ബോള്‍ കളിക്കാരന്‍ ‘I can give you a suit’ എന്നു പറഞ്ഞു അയാളെ കൂട്ടിക്കൊണ്ടുപോകുന്നു (പുറം 30). ഒന്നുമില്ലാത്ത പണസഞ്ചി തുറന്നുനോക്കുമ്പോള്‍ ആയിരം ഫ്രാങ്ക്സിന്റെ നോട്ട്. എല്ലാം അദ്ഭുത സംഭവങ്ങള്‍ തന്നെ. മദ്യം ജനിപ്പിക്കുന്ന ഈ മതേതരാദ്ഭുതങ്ങള്‍ക്ക് മതപരമായ ഹര്‍ഷോദന്‍മാദത്തിന് വിധേയനായ വിശുദ്ധ പുരുഷനുണ്ടാകുന്ന അദ്ഭുതങ്ങളോട് സാദൃശ്യമുണ്ട്. രണ്ടിനും കാരണങ്ങളില്ല. ഒടുവില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ തെറീസ പുണ്യാളത്തിയായി സങ്കല്‍പ്പിച്ച്, അവളെ പീഡിപ്പിച്ചുകൊണ്ട് അയാള്‍ മരിക്കുന്നു. യതിവര്യന്റെ സമാധിക്കും മദ്യപന്റെ ഈ അന്ത്യത്തിനും എന്തേ വ്യത്യാസം?

റോട്ട് ആത്മഹത്യ ചെയ്തില്ല. പക്ഷേ മദ്യപാനത്തില്‍ പൊതിഞ്ഞ ഒരാത്മഹത്യയായിരുന്നു അത്. മദ്യപന്റെ ക്രമാനുഗതമായ മാനസികത്തകര്‍ച്ച കലാത്മകമായി ആവിഷ്കരിച്ച നിസ്തുലമായ നോവ് ലെറ്റാണിത്.

വിശുദ്ധ പുരുഷന് — പുണ്യാളന് — അദ്ഭുതസംഭവമുണ്ടാകുമ്പോള്‍ ഹര്‍ഷാതിരേകമാണ്. അതുകഴിഞ്ഞാല്‍ അയാളത് മറക്കും. അദ്ഭുത സംഭവങ്ങള്‍ — ധനാഗമമാര്‍ഗങ്ങള്‍ — കഥയിലെ മദ്യപന് ഉണ്ടാകുമ്പോള്‍ അയാള്‍ക്ക് ആഹ്ലാദം. എന്നാല്‍ ആ നിമിഷം കഴിയുമ്പോള്‍ അയാളത് വിസ്മരിക്കുന്നു. അതുകൊണ്ടാണല്ലോ ഇരുന്നൂറ് ഫ്രാങ്ക്സ് കൊടുത്ത ഒരാളിനെ രണ്ടാമത് അതേ സംഖ്യ കൊടുത്ത വേറൊരാളായി അയാള്‍ തെറ്റിദ്ധരിക്കുന്നത്. മദ്യപന് ഭൂതകാല സംഭവങ്ങള്‍ ഓര്‍മ്മയില്ല. കഥയിലെ മദ്യപന്‍ കൊലപാതകം ചെയ്തത് ഒന്നോ രണ്ടോ വാക്യങ്ങളിലാക്കി റോട്ട് സ്ഫുടീകരിച്ചത് അതുകൊണ്ടാണ്. കാര്യകാരണ ബന്ധത്തോടുകൂടി ഒരു മദ്യപനും ഒന്നും ഓര്‍മ്മിക്കാന്‍ വയ്യ. (And he had fallen in love with the wife and one day the husband had tried to kill her, and so he, Andreas, had killed the husband. There upon he had gone to prison for two years, Page 23.)

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സന്ദര്‍ഭത്തിലാണ് റോട്ട് മരിച്ചത്. സമുദായം ജീര്‍ണിക്കുന്ന കാലയളവായിരുന്നു അത്. അങ്ങനെ ജീര്‍ണിച്ച സമുദായത്തിലെ ഒരംഗമായ തന്നെയും ജീര്‍ണിച്ചവനായി ചിത്രീകരിച്ച് പരോക്ഷമായി മനുഷ്യന്റെ ഉത്കൃഷ്ടതയെയും മനുഷ്യത്വത്തെയും അഭിവ്യജ്ഞിപ്പിച്ച മഹാനായ കലാകാരനായിരുന്നു യോസഫ് റോട്ട്. അദ്ദേഹത്തിന്റെ നോവലുകള്‍ വായിക്കുക; കലയുടെ മഹാദ്ഭുതം കാണുക.