close
Sayahna Sayahna
Search

നിരൂപകനായ കുട്ടികൃഷ്ണമാരാർ


നിരൂപകനായ കുട്ടികൃഷ്ണമാരാർ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

കുട്ടികൃഷ്ണമാരാരുടെ ഏതോ ഒരു പുസ്തകം എന്റെ കൈയിലിരുന്നതുകണ്ട് ഡോക്ടര്‍ കെ. ഗോദവര്‍മ്മ ചോദിച്ചു. ‘കുട്ടികൃഷ്ണമാരാരുടെ പുസ്തകമോ? അയാളൊരു ഉദ്ധതനല്ലേ?’ പുസ്തകം ‘രാജാംഗണ’മായിരുന്നെന്ന് എന്റെ ഓര്‍മ്മ. ‘രാജാങ്കണ’മെന്നു മാരാരിട്ട പേര് ഞാന്‍ രാജാംഗണമാക്കിയത് വിവരക്കേടാണെന്നു ചിലര്‍ വിചാരിച്ചേക്കാം അംഗണപദമാണ് അങ്കണ പദത്തെക്കാള്‍ നല്ലത്. അഗി ഗതൗല്യുട് — നടക്കാനുള്ള സ്ഥലം. അതുപോകട്ടെ, ഡോക്ടര്‍ ഗോദവര്‍മ്മ എന്റെ ഗുരുനാഥന്‍. പൂജ്യ പൂജാവ്യതിക്രമം അരുതല്ലോ എന്നു വിചാരിച്ച് ഞാന്‍ വിനയത്തോടെ ചിരിച്ചുകൊണ്ട് നിന്നതേയുള്ളു. വളരെക്കാലം കഴിഞ്ഞ് പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ഞാന്‍ കുട്ടികൃഷ്ണമാരാരെ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ചു കണ്ടു സംസാരിച്ചു. അദ്ദേഹം ഉദ്ധതനല്ലെന്നു മാത്രമല്ല കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനുമാണെന്നു ഗ്രഹിക്കുകയും ചെയ്തു. മഹാപണ്ഡിതന്‍ ആയിരുന്നുവെങ്കിലും ആ മട്ട് ഇല്ല. ‘സ്ഥായിഭാവമല്ലേ കൃഷ്ണന്‍ നായരെ ശരി? അതാ സ്ഥായീഭാവമോ?’ എന്ന് അദ്ദേഹം എന്നോടു ചോദിച്ചപ്പോള്‍ ഞാന്‍ മറുചോദ്യം ചോദിച്ചു: ‘മാഷേ, അങ്ങാര് ഞാനാര്? എന്നോടാണോ ഇതു ചോദിക്കുക. സ്ഥായിന് എന്നതിലെ നകാരത്തിന് ലോപം വന്നിട്ട് ‘സ്ഥായിഭാവം’ എന്നാകുമെന്നും ‘സ്ഥായീഭാവ’മെന്നാകുകയില്ലെന്നും അങ്ങയ്ക്ക് അറിയാന്‍ പാടില്ലാത്തതാണോ?’ കുട്ടികൃഷ്ണമാരാര്‍ ചിരിച്ചു. ‘അല്ല, ഞാന്‍ ചോദിച്ചെന്നേയുള്ളു’ എന്നു വിനയാവനതനായി പറഞ്ഞു. നിഷ്കപടമായ ആ ചിരി ഉള്ളിലെ കണ്ണു കൊണ്ട് ഞാന്‍ ഇപ്പോഴും കാണുന്നു. അദ്ദേഹത്തെപ്പോലെ ഞാന്‍ ശുദ്ധാത്മാവല്ലല്ലോ എന്നു വിചാരിച്ച് ഈ സന്ദര്‍ഭത്തിലും ഖേദിക്കുന്നു. അന്നു വൈകുന്നേരം കൂടിയ സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ച കുട്ടിക്കൃഷ്ണമാരാര്‍ നിസ്സാരനായ എന്നെക്കുറിച്ചു പറഞ്ഞത് ‘നമ്മുടെ ഇടയിലേക്ക് കടന്നുവന്ന ഒരു പുതിയ രത്നം’ എന്നായിരുന്നു. കൃതജ്ഞതനിറഞ്ഞ ഹൃദയത്തോടുകൂടി ആ സൂക്തഭൂഷണം ഞാന്‍ സ്വീകരിച്ചു.

ഈ വിധത്തിലൊക്കെ എനിക്ക് സമാരാദ്ധ്യനായ കുട്ടികൃഷ്ണമാരാരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ (കേരളസാഹിത്യ അക്കാദമി പ്രസാധനം) കൗതുകത്തോടെ വായിച്ചു തീര്‍ത്തപ്പോള്‍ എനിക്കൊരു സംശയം. അദ്ദേഹം ശ്രേഷ്ഠമൂല്യമായി സാഹിത്യത്തില്‍ കണ്ടത് കലയുടെ ഉത്കൃഷ്ട മൂല്യത്തെത്തന്നെയാണോ? അതോ അതില്‍നിന്ന് വിഭിന്നമായ മതമൂല്യത്തെയോ? ഈ സംശയത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ ‘സാഹിത്യവിദ്യ’ എന്ന വിദ്വജ്ജനോചിതമായ പ്രബന്ധം വീണ്ടും വായിച്ചു. കുട്ടികൃഷ്ണമാരാര്‍ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു: ‘അതുകൊണ്ടു സാഹിത്യവിദ്യയുടെ ലക്ഷ്യം ജ്ഞാനലബ്ദ്ധിയാണ്, മനസ്സംസ്കാരമാണ്’ (പുറം 155). മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ആത്മജ്ഞാനത്തിന് പ്രയോജനപ്പെടുന്നവയെല്ലാം കല; ശേഷമുള്ളതെല്ലാം കലയിലെ കലര്‍പ്പ്. കുട്ടികൃഷ്ണമാരാര്‍ കലര്‍പ്പായി കാണുന്നതിനെയൊക്കെ കലയായും അധ്യാത്മവിദ്യയെ അതിലെ കലര്‍പ്പായും കരുതുന്ന ഈ ലേഖകന് മേല്പറഞ്ഞ സംശയമുണ്ടായതില്‍ എന്തേ അത്ഭുതം? ഈ സംശയം മറ്റു സംശയങ്ങള്‍ക്കും കാരണമായിബ്ഭവിക്കുന്നു. എന്തെങ്കിലും ദര്‍ശനത്തോടോ ചിന്താപദ്ധതിയോടോ പ്രതിബദ്ധതയുള്ള കലാകാരന് സര്‍ഗ്ഗാത്മകത്വത്തിന്റെ അവിഭാജ്യഘടകമായ സ്വാതന്ത്ര്യം — മനസ്സിന്റെ സ്വാതന്ത്ര്യം — ഉണ്ടായിരിക്കുമോ? വേദത്തോടോ വേദാന്തത്തോടോ ക്രിസ്തുമത സിദ്ധാന്തങ്ങളോടോ ആഭിമുഖ്യം പുലര്‍ത്തുന്ന കലാകാരന് ഉത്കൃഷ്ടമായ കലയ്ക്കു രൂപം നല്‍കാന്‍ സാധിക്കുമോ? സവിശേഷതയാര്‍ന്ന തത്ത്വചിന്താപദ്ധതിയോട് ബന്ധപ്പെട്ടേ കലാസൃഷ്ടി ആവിര്‍ഭവിക്കാവൂ എന്ന് അധികാരികള്‍ ആജ്ഞാപിച്ചതിന്റെ ഫലമായിട്ടല്ലേ വിപ്ലവത്തിനുശേഷം എഴുപതു വര്‍ഷം കഴിഞ്ഞിട്ടും റഷ്യയില്‍ ഒരു ടോള്‍സ്റ്റോയി ഉണ്ടാകാത്തത്? ദസ്തെയേവ്സ്കി ഉണ്ടാകാത്തത്? ഫാക്ടറികളില്‍ നട്ടും ബോള്‍ട്ടും നിര്‍മ്മിക്കുന്നതിന്റെ മഹനീയതയെ ഉദ്ഘോഷിക്കുന്ന ചവറുകൃതികള്‍ റഷ്യയില്‍ റഷ്യയില്‍ ധാരാളം ആവിര്‍ഭവിച്ചത്?

ആധ്യാത്മവിദ്യയോടു കുട്ടിക്കൃഷ്ണമാരാര്‍ക്കുള്ള ഈ പ്രതിബദ്ധത മറ്റൊരുതരത്തിലുള്ള പ്രതിബദ്ധതയായി സാര്‍ത്രിനുമുണ്ടായിരുന്നു. കല എത്ര പേരുടെ വിശപ്പു മാറ്റിയെന്ന് ആ ഫ്രഞ്ച് ചിന്തകന്‍ രോഷത്തോടെ ചോദിച്ചു. വിശപ്പു മാറ്റലല്ല കലയുടെ കര്‍ത്തവ്യം. ‘തത്ത്വം അസി’ എന്നു പഠിപ്പിക്കലുമല്ല അതിന്റെ ജോലി. കല ഒരു നിസ്സംഗ പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് സാര്‍ത്രിന്റെ കൃതികള്‍ അവ പാരായണം ചെയ്യുന്നവരുടെ വിശപ്പും ദാഹവും മാറ്റാതെ അവര്‍ക്കു മാനസികോന്നമനം മാത്രം പ്രദാനം ചെയ്തത്. വാല്മീകിയുടെ രാമായണവും വ്യാസന്റെ മഹാഭാരതവും കാളിദാസന്റെ ശാകുന്തളവും അധ്യാത്മവിദ്യയിലേക്ക് അനുവാചകരെ നയിക്കാതെ കലയുടെ സമുന്നത മൂല്യത്തിലേക്കു മാത്രം അവരെ കൊണ്ടുചെന്നത്. മാനവ സമുദായത്തിനാകെ പ്രയോജനപ്പെടുന്ന രീതിയില്‍ അവ അവര്‍ക്കു കലയോടു ബന്ധപ്പെട്ട ഒരവഗമനം മാത്രം ഉളവാക്കിയത്. കണിക്കൊന്ന മരം സ്വര്‍ണ്ണപ്പൂക്കളണിഞ്ഞു വിഷുദിനത്തില്‍ നില്‍ക്കുമ്പോള്‍ ദ്രഷ്ടാവിന് ആഹ്ലാദാനുഭൂതി. അതൊരു മൂല്യമാണ്, ഉത്കൃഷ്ടമായ മൂല്യമാണ്. കോടാലിയുമായി ആ മരത്തിനരികേ പോകുന്നവന്‍ ഇത് വെട്ടിക്കീറി വിറകാക്കിയാല്‍ അമ്പതുരൂപയ്ക്കു വില്‍ക്കാം എന്നു വിചാരിക്കും. അതും ഒരു മൂല്യമത്രേ. പക്ഷേ അത് അപകൃഷ്ട മൂല്യമാണെന്ന് മാത്രം. കലാമൂല്യത്തെ അപേക്ഷിച്ച് താഴത്തെപ്പടിയില്‍ നില്‍ക്കുന്ന അധ്യാത്മവിദ്യയെ കലാമൂല്യമായിക്കണ്ട ആളാണ് കുട്ടികൃഷ്ണമാരാര്‍. അതുകൊണ്ടാണ് മഹാകവി വള്ളത്തോളിനെ ഇകഴ്ത്തിയിട്ട് അദ്ദേഹം നാലപ്പാട്ടു നാരായണ മേനോനെ പുകഴ്ത്തിയത്.

നര്‍ത്തകീ മുടിപ്പൂണ്പാമമ്മധുലക്ഷ്മിയിതാ
ചിത്രകംബളം നീട്ടിവിരിച്ച കളിത്തട്ടില്‍
മൂന്നാമതൊരു പൊയ്ത്താര്‍മൊട്ടിനെത്തൊഴുകയ്യാല്‍
സൗന്ദര്യേണത നെഞ്ചില്‍ചേര്‍ത്തു നമ്രമായ് നില്‍പൂ

എന്ന വള്ളത്തോളിന്റെ രമണീയങ്ങളായ വരികളെ വെറും രൂപശില്പമായി കണ്ടത് വള്ളത്തോളിന്റെ തന്നെ

പീലിപ്പുരികുഴല്‍ കെട്ടഴിഞ്ഞുണ്ണിതന്‍
തോളില്‍പ്പതിഞ്ഞതിന്‍ തുമ്പുകളില്‍
വെള്ളത്തിന്‍ തുള്ളികളൊട്ടൊട്ടുനിന്നാടി
വെള്ളിയലുക്കുകളെന്ന പോലെ

എന്ന വരികളില്‍ കാവ്യ സരസ്വതി ഹൃദ്യമായി വീണാവാദനം ചെയ്യുന്നത് കുട്ടികൃഷ്ണമാരാര്‍ക്കു കേള്‍ക്കാന്‍ കഴിയാതെ പോയതും അതുകൊണ്ടത്രേ. കവിതാ പ്രചോദനത്തില്‍ നാലപ്പാട്ടു നാരായണമേനോനെ മാത്രമല്ല മലയാളത്തിലെ മറ്റു മഹാകവികളെപ്പോലും അതിശയിച്ച ചങ്ങമ്പുഴയെക്കുറിച്ചു പറയേണ്ട സന്ദര്‍ഭം വരുമ്പോഴെല്ലാം കുട്ടികൃഷ്ണമാരാര്‍ അവജ്ഞയുടെ ശബ്ദം പുറപ്പെടുവിച്ചതിനു ഹേതുവും വേറൊന്നല്ല.

ഈ വലിയ മനുഷ്യന്റെ ചെറിയ കലാസങ്കല്പം വ്യക്തമാക്കുന്ന ഒരു പ്രബന്ധമുണ്ട്. ഭാഗ്യംകൊണ്ട് അത് ഈ സമാഹാര ഗ്രന്ഥത്തില്‍ വന്നിട്ടില്ല. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവല്‍ അധമം, യൂഗോയുടെ ‘പാവങ്ങള്‍’ ഉത്കൃഷ്ടം എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രബന്ധമാണത്. നക്ഷത്രത്തിനല്ല മണ്‍തരിക്കാണ് പ്രാധാന്യം, താമരപ്പൂവിനല്ല മുക്കുറ്റിപ്പൂവിനാണ് ഭംഗി എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മള്‍ അതിന് സമാധാനം പറയുമോ? അതുകൊണ്ട് ടോള്‍സ്റ്റോയിയെ അടിക്കാന്‍ യൂഗോയെ ഉപയോഗപ്പെടുത്തുന്ന ഈ കുത്സിതത്വത്തിന് മറുപടി നല്‍കാതെ ഞാന്‍ പിന്മാറട്ടെ Dialectics of the soul — ആത്മാവിന്റെ കാര്യകാരണ ഭാവങ്ങള്‍ — എന്നത് ടോള്‍സ്റ്റോയിയുടെ പ്രയോഗമാണ്. അതിന്റെ സഹായംകൊണ്ട് സാധാരണമായ സംഭവങ്ങളില്‍പ്പോലും അസാധാരണത്വം ദര്‍ശിച്ച മഹാനാണ് ടോള്‍സ്റ്റോയി. അദ്ദേഹത്തെയാണ് സാധാരണ സംഭവങ്ങളെപ്പോലും അതിഭാവുകത്വത്തോടുകൂടി ചിത്രീകരിച്ച യൂഗോയോടു തട്ടിച്ചു നോക്കുന്നത്; നോക്കുക മാത്രമല്ല യൂഗോയാണ് കേമന്‍ എന്നു പറയുകയും ചെയ്യുന്നു. എന്റെ സംശയങ്ങള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. വികലമായ കലാസങ്കല്പത്തിന്റെ ഉദ്ഘോഷകനാണു മനുഷ്യനെന്ന നിലയില്‍ എന്റെ സ്നേഹബഹുമാനങ്ങള്‍ക്കു ഭാജനമായ കുട്ടികൃഷ്ണമാരാര്‍.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും നേര്‍ക്കു കുത്സിതയുക്തികളോടുകൂടി ഈ നിരൂപകന്‍ ചൊരിയുന്ന ഉപാലംഭങ്ങള്‍ അദ്ദേഹത്തിന്റെ വികല കലാസങ്കല്പത്തിന് അനുരൂപങ്ങള്‍ തന്നെ. ‘വാല്മീകിയുടെ രാമന്‍’ എന്ന പ്രഖ്യാതമായ പ്രബന്ധത്തില്‍ ശ്രീരാമന്റെ പല വാക്കുകളുമെടുത്തു നിരത്തി ആ മഹാപുരുഷന്‍ രാജ്യം സ്വന്തമാക്കുന്നതില്‍ കൊതിയുള്ളവനായിരുന്നു, സീതയോടു പ്രേമത്തെക്കാള്‍ കാമമുള്ളവനായിരുന്നു, പിതൃ ഭക്തിയില്ലാത്തവനായിരുന്നു, ചാരിത്രരഹിതനായിരുന്നു എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. യുക്തികൊണ്ട് സത്യം പിടിച്ചെടുക്കുന്നവനല്ല കവി; സത്തകൊണ്ട് അതിനെ സ്വായത്തമാക്കുന്നവനാണ് അയാളെന്ന പരമാര്‍ത്ഥം നിരൂപകന്‍ മറന്നുപോയി. അങ്ങനെ സത്തകൊണ്ടു സത്യം സാക്ഷാത്കരിക്കുമ്പോള്‍ തന്റെ കഥാപാത്രങ്ങളുടെ ദൗര്‍ബല്യങ്ങളും അയാള്‍ അറിയും. അവയെക്കൂടി ചിത്രീകരിച്ചാലെ കഥാപാത്രങ്ങള്‍ സമ്പൂര്‍ണ്ണ വ്യക്തിത്വമുള്ളവരാകൂ. അല്ലെങ്കില്‍ അവ ദാരുമയങ്ങളായിപ്പോകും. ദൗഷ്ട്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്കും ശിഷ്ടതയുടെ ഉടല്‍പൂണ്ട കഥാപാത്രങ്ങള്‍ക്കും അനുവാചകരെ ആകര്‍ഷിക്കാന്‍ കഴിയില്ല അതുകൊണ്ട് സദ്ഗുണസമ്പന്നനായ രാമനു ചില ദൗര്‍ബല്യങ്ങള്‍കൂടി കവി നല്‍കി. നീചനായ രാവണന് ചില മേന്മകളുണ്ടെന്നു സ്പഷ്ടമാക്കി. കാവ്യം വായിച്ചുകഴിയുമ്പോള്‍ രാമന്‍ തേജസ്സാര്‍ന്നു നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു; രാവണന്‍ ക്രൂരതയുടെ ശ്യാമളവര്‍ണ്ണം ആവഹിച്ചവനായും. വാല്മീകിയുടെ രാമായണത്തില്‍നിന്ന് രാമന്റെയും മറ്റു കഥാപാത്രങ്ങളുടെയും കവിയുടെയും വാക്കുകള്‍ എടുത്തെഴുതി രാമനു രാജ്യലോഭമില്ല, കാമാസക്തിയില്ല എന്നൊക്കെ തെളിയിക്കാന്‍ പ്രയാസമൊട്ടുമില്ല. ശ്രീരാമനും, യുധിഷ്ഠിരനും രാഷ്ട്രനിര്‍മ്മാതാക്കളാണ്. ഭാരതത്തില്‍ നന്മയാര്‍ന്നതായി എന്തെല്ലാമുണ്ടോ മാധുര്യമാര്‍ന്നതായി എന്തെല്ലാമുണ്ടോ അവയ്ക്കെല്ലാം പ്രതിനിധികളാണ് ആ രണ്ടു കഥാപത്രങ്ങളും. അവയെ ഇങ്ങനെ തച്ചുടച്ചതു പാപമത്രേ.

കുട്ടികൃഷ്ണമാരാരുടെ ഈ മാനസികനിലയാണ് ലീല ഭര്‍ത്താവിനെ കൊന്നു എന്നു വാദിക്കാന്‍ അദ്ദേഹത്തിനു അവലംബമായി ഭവിച്ചത്. ‘അവളുടെ ശയനീയ ശായിയാമവനൊരുഷസിലുണര്‍ന്നീടാതെയായ്’ എന്ന പ്രസ്താവത്തിലെ ‘ശയനിയശായി’ എന്ന പ്രയോഗത്തെപ്പിടിച്ചാണല്ലോ ലീല ഭര്‍ത്തൃഘാതികയാണെന്ന് മാരാര്‍ ഉറപ്പിച്ചു പറഞ്ഞുകളഞ്ഞത്. ശയനീയശായി എന്നതിന്റെ അവയവാര്‍ത്ഥത്തില്‍ യുക്തി കേറിച്ചെന്നതിന്റെ ഫലമാണത്. ശയനീയശായിക്ക് ഭര്‍ത്താവ് എന്നേ അര്‍ത്ഥമുള്ളു. ശയനീയത്തില്‍ ‘ട്വെന്റിഫോര്‍ ഔവേഴ്സും’ കിടക്കുന്നവനെന്നല്ല അര്‍ത്ഥം. ബ്രഹ്മചാരിക്കു വേദത്തില്‍ ചരിക്കുന്നവന്‍ എന്നു മാത്രം അര്‍ത്ഥം കല്പിച്ചാല്‍ അയാള്‍ക്കു വേറെ ജോലിയൊന്നുമില്ലെന്നുവരും. സഹധര്‍മ്മചാരിണി എന്നുപറഞ്ഞാല്‍ ഭാര്യയെന്നേ അര്‍ത്ഥമുള്ളു. ഭര്‍ത്താവിനോടൊത്ത് എല്ലാ ധര്‍മ്മങ്ങളിലും ചരിക്കുന്നവള്‍ എന്നാണ് അര്‍ത്ഥമെന്നു അഭിപ്രായപ്പെട്ടാല്‍ ഭര്‍ത്താവ് കാലത്ത് അഞ്ചു പതിന്നാലിന് ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവളും അഞ്ച് പതിന്നാലിന് ഉണര്‍ന്ന് എഴുന്നേല്‍ക്കണം. ആറു പന്ത്രണ്ടിന് അയാള്‍ ടൂത്ബ്രഷ് എടുക്കുമ്പോള്‍ അവളും അതേ സമയത്തുതന്നെ ടൂത്ബ്രഷ് എടുക്കണം. കൊന്നു എന്നു സൂചിപ്പിക്കാനാണ് കവി ശയനീയശായി എന്ന പ്രയോഗം നടത്തിയതെന്ന വാദം നിരര്‍ത്ഥകമാണ്.

വാല്മീകിതന്നെ ഇതൊക്കെ മുന്‍കൂട്ടിക്കണ്ട് ഈ ലോകത്തുള്ള എല്ലാ കുട്ടിക്കൃഷ്ണമാരാര്‍മാര്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്.

‘ഗുരുലാഘവമര്‍ഥാനാമാരംഭേ കര്‍മ്മണാംഫലം
ദോഷം വാ യോ ന ജാനാതി സ ബാല ഇതിഹോച്യതേ’

(അയോദ്ധ്യാകാണ്ഡം 63–7. ഗീതാപ്രസ് പുറം 464.)

(ഒരു കര്‍മ്മം ആരംഭിക്കുന്നതിനുമുന്‍പ് അതിന്റെ ഫലം നന്മയാര്‍ന്നതാണോ അല്ലയോ എന്നു നേരത്തെ കാണാത്തവന്‍ വെറും കുട്ടിതന്നെയാണ്.)