close
Sayahna Sayahna
Search

ഗോൽഗത്തയുടെ മുകളിൽ ഒരു നക്ഷത്രം


ഗോൽഗത്തയുടെ മുകളിൽ ഒരു നക്ഷത്രം
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

“വായനക്കാരേ ഈ പുറങ്ങളില്‍ എന്റെ ചോരത്തുള്ളികള്‍ കൊണ്ടുള്ള വഴിത്താര നിങ്ങള്‍ കാണുക…എന്റെ ആത്മാവാകെ ഒരാക്രന്ദനമാണ്. എന്റെ എല്ലാ കൃതികളിലും ആ വിലാപത്തെക്കുറിച്ചുള്ള വ്യാഖ്യാനവും.”ഉജ്ജ്വലപ്രതിഭാശാലിയായ നീക്കോസ് കാസാന്‍ദ്സാക്കീസ് Report to Greco എന്ന ആത്മകഥയെക്കുറിച്ചു പറഞ്ഞതാണ് ഈ വാക്യങ്ങള്‍. മനുഷ്യപുത്രനെന്നു വിളിക്കാവുന്ന ഏതൊരുവനും സ്വന്തം കുരിശു ചുമന്നുകൊണ്ട് അവന്റെ ഗോല്‍ഗത്തയിലേക്കു കയറുന്നുണ്ട്. പലരും കിതച്ചുകൊണ്ട് മാര്‍ഗ്ഗമദ്ധ്യേ തകര്‍ന്നുവീഴുന്നു. ഗോല്‍ഗത്തയുടെ അഗ്രഭാഗത്ത് അവര്‍ എത്തുന്നില്ല. മറ്റൊരു വിധത്തില്‍ പറയാം. കര്‍ത്തവ്യത്തിന്റെ ശൃംഗത്തില്‍ അവരെത്തുന്നില്ല. കുരിശാരോഹണം ഭയന്ന് അവര്‍ ബോധം കെട്ടു വീഴുന്നു. കുരിശുമാത്രമാണു ഉയര്‍ത്തെഴുന്നേല്പിനുള്ള മാര്‍ഗ്ഗമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. കാസാന്‍ദ്സാക്കീസിന്റെ ആരോഹണത്തില്‍ നാലു ചുവടുവയ്പ്പുകളുണ്ട്. ഓരോന്നിനും ഓരോപാവനനാമധേയം: ക്രിസ്തു, ബുദ്ധന്‍, ലെനിന്‍, ഒഡിസ്സിയസ്സ്. ഓരോ മഹാത്മാവിലേക്കുമുള്ള രക്തമയമായ യാത്രയാണ് കസാന്‍ദ്സാക്കീസ ആത്മകഥയില്‍ രേഖപ്പെടുത്തുന്നത്. ആ ഗ്രന്ഥവും മറ്റെല്ലാ ഗ്രന്ഥങ്ങളും ആത്മാവെന്ന വിലാപത്തിന്റെ വ്യാഖ്യാനമാനെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ സ്വഭാവമറിയാന്‍ കൗതുകമുണ്ടെങ്കില്‍ കാസാന്‍ദ്സാക്കീസിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിക്കണം. അപ്പോള്‍ കലാസൗരഭത്തിന്റെ പരകോടി നമ്മള്‍ ദര്‍ശിക്കും. നമ്മുടെ സംസ്കാരചക്രവാളം ദിഗ് മണ്ഡലത്തോളം വികസിക്കും. മാനസികമായ ഔന്നിത്യം നേടി നമ്മള്‍ ഈ ജീവിതത്തിന്റെ ക്ഷുദ്രത്വം വിസ്മരിക്കും. ക്ഷുദ്രത്വം വിസ്മരിക്കുമെന്നു പറഞ്ഞതുകൊണ്ട് ഈ സാഹിത്യകാരന്‍ വൈഷയികത്വത്തിന് എതിരാണെന്നു തെറ്റിദ്ധരിക്കരുത്. സ്ത്രീയുടെ സൗന്ദര്യത്തെ, അവളുടെ മാദകഗന്ധത്തെ, അവളുടെ കാമോദ്ദീപനങ്ങളായ അവയവങ്ങളെ അദ്ദേഹം വാഴ്ത്തിയതുപോലെ മറ്റൊരു സാഹിത്യകാരനും വാഴ്ത്തിയിട്ടില്ല. ഏതാനും വരികള്‍ കേട്ടാലും.

“A women’s body is a dark monstrous
mystery;
between her supple thighs a heavy whirlpool swirls
two rivers crash, and woe to him who slips and falls.’
[The Odyssey, A Modern sequel, page 58]
“The moon slid like a man between each women’s thighs
sat on the knees of each youth a lustful wench
and sailed with laughing face within the purple wine.
In heat that night for the first time, a young girl felt
her small breasts rising in her open blouse admin
the fragrant shade, and eyed the young men secretly” (page28)

[സ്ത്രീയുടെ ശരീരം ഇരുണ്ടതും ഭയാനകവുമായ നിഗൂഢതയാണ്. അവളുടെ മയമുള്ള തുടകള്‍ക്കിടയില്‍ ഒരു നീര്‍ച്ചുഴി ചുഴറ്റിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രവാഹങ്ങള്‍ അവിടെ പൊട്ടിത്തകരുന്നു, കാലു തെറ്റി വീഴുന്നവന് ഹാ! കഷ്ടം.]

[ഓരോ സ്ത്രീയുടെയും തുടകള്‍ക്കിടയില്‍ വഴുതിവീഴുന്ന പുരുഷനെപ്പൊലെ ചന്ദ്രന്‍ തെന്നി നീങ്ങി. കാമാസക്തിയുള്ള ദാസിയെപ്പോലെ ഓരോ യുവാവിന്റെയും മുട്ടുകളിലിരുന്നു ചുവന്ന മുന്തിരിച്ചാറില്‍ പുഞ്ചിരിയാര്‍ന്ന മുഖവുമായി സഞ്ചരിച്ചു. ആ രാത്രിയിലെ ചൂടില്‍, സൗരഭ്യമാര്‍ന്ന നിഴലില്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ തുറന്ന ബ്ലൗസിനുള്ളില്‍ കൊച്ചു മുലകള്‍ ഉയരുന്നതായി അനുഭവപ്പെട്ടു. അവള്‍ യുവാക്കന്മാരെ രഹസ്യമായി കടാക്ഷിച്ചു.

സ്ത്രീയുടെ ഗന്ധത്തെയും അവളുടെ സ്ഥൂലമായ നിതംബത്തെയും കാസാന്‍ദ്സാക്കീസ് വാഴ്ത്തുന്നു. അവളുടെ കക്ഷത്തുനിന്ന് പിയൂഷം നിര്‍ഗ്ഗമിക്കുവെന്നാണ് അദ്ദേഹത്തിന്റെ സങ്കല്പം. കാസാന്‍ദ്സാക്കീസിന്റെ നാടകങ്ങളൊഴിച്ചുള്ള എല്ലാ കൃതികളും ഞാന്‍ പല തവണ വായിച്ചിട്ടുണ്ട്. യാത്രാവിവരണങ്ങളില്‍പോലും സ്ത്രീകളെ വര്‍ണ്ണിക്കുമ്പോള്‍ അവരുടെ ഉറച്ച മുലകളേയും തിളങ്ങുന്ന തുടകളേയും പറ്റി അദ്ദേഹം പറയാതെ വിട്ടിട്ടില്ല. വല്ലാത്ത വൈഷയിക കൗതുകമാണ് ഈ ഗ്രീക്ക് സാഹിത്യകാരന്. അദ്ദേഹത്തിന്റെ Freedom or death എന്ന നോവല്‍ വായിക്കൂ. നാരകവൃക്ഷങ്ങളുടെ സൗരഭ്യം നിങ്ങളെ തഴുകും. ഓറഞ്ചിന്റെ മണം നിങ്ങളുടെ മൂക്കിലേക്ക് കടന്നുവരും. സമഗ്രമായ ജീവിതത്തെ ചിത്രീകരിച്ച കലാകാരനാണ് അദ്ദേഹം. ഗംഗാനദിതീരങ്ങളിലുള്ള മാലിന്യങ്ങളെ വലിച്ചെടുത്തുകൊണ്ട് ഒഴുകുന്നു: സമുദ്രത്തില്‍ ചെന്നു വീഴുന്നു. ലൗകിക ജീവിതത്തിന്റെ മാലിന്യങ്ങളെ തന്നിലേക്കു സ്വീകരിച്ചുകൊണ്ട് ആദ്ധ്യാത്മികസാഗരത്തില്‍ ചെന്നുവീഴുന്നു. കാസാന്‍ദ്സാക്കീസ്.

മദ്ധധരണ്യാഴിയില്‍ ഗ്രീസിനു തെക്കുകിഴക്കായി ഒരു വലിയ ദ്വീപുണ്ട്; ക്രീറ്റ്. പ്രാചീന സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും പ്രഭവകേന്ദ്രമായ ഈ ദ്വീപ് എ. ഡി. 1669 തൊട്ട് …98 വരെ തുര്‍ക്കികളുടെ കൈയിലായിരുന്നു. 1913-ലാണ് ഗ്രീസിനോടു ചേരാന്‍ അതനുവദിക്കപ്പെട്ടത്. മഞ്ഞണിഞ്ഞ നാലു പര്‍വ്വത പംക്തികള്‍ എപ്പോഴും ധവള മയൂഖങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ടിരുന്ന ചേതോഹരമായ ഈ ദ്വീപില്‍, 1883 ഫെബ്രുവരി 18 ആം തീയതി കാസാന്‍ദ് സാക്കീസ് ജനിച്ചു. കീറ്റിലെ ജനത കൂടെക്കൂടെ തുര്‍ക്കികളോട് എതിര്‍ത്തിട്ടുണ്ട്. 1889-ല്‍ ഉണ്ടായ അവസാനത്തെ എതിര്‍പ്പില്‍ കാസാന്‍ദ് സാക്കീസിന്റെ അച്ഛനും ഉള്‍പ്പെട്ടിരുന്നു. യുദ്ധമാരംഭിച്ചപ്പോള്‍ ആറുവയസ്സുള്ള കാസാന്‍ദ്സാക്കീസ് ഗ്രീസിന്റെ വകയായ നക്സാസ് ദ്വീപിലേക്കു മാറ്റപ്പെട്ടു. അവിടെ ഫ്രാന്‍സിസ്കന്‍ പാതിരിമാരുടെ ശിക്ഷണത്തില്‍ അദ്ദേഹം യേശു ആരാണെന്നു മനസ്സിലാക്കി. ആ മനസ്സിലാക്കല്‍ സന്ന്യാസത്തിലേക്കുള്ള പ്രവണത ജനിപ്പിച്ചു. പിന്നീട് എതിന്‍സ് (Athens)നഗരത്തില്‍ ചെന്ന് നിയമം പഠിച്ചിട്ടും. ഫ്രാന്‍സില്‍ ചെന്ന് ആങ്ങ്റീ ബര്‍ഗ്സോങ്ങില്‍ (Henri Bergson) നിന്ന് തത്ത്വചിന്ത അഭ്യസിച്ചിട്ടും കാസാന്‍ദ്സാക്കീസിനും ഈ സന്ന്യാസാഭിലാഷം മാറിപ്പോയില്ല. മാസിഡോണിയയിലെ മൗണ്ട് ഏതോസില്‍ ഒരു സന്യാസിവര്യന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗുഹയില്‍ വസിച്ചുകൊണ്ട് ക്രിസ്തുവിനെ നേരിട്ടു കാണാന്‍ കസാന്‍ദ്സാക്കീസ് ശ്രമിച്ചു. ഫലമില്ലെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം “ഈശ്വരന്‍ മരിച്ചു” എന്നു പ്രഖ്യാപിച്ച ജര്‍മ്മന്‍ തത്ത്വചിന്തകന്‍ നീച്ചേയിലേക്കു തിരിയുകയായി. അങ്ങനെ മിസ്റ്റിസിസം നിരീശ്വരതയിലേക്കു ചെന്നു. അവിടെ നിന്ന് അത് ദേശീയതയിലേക്കു പോകുകയാണ്. അതിനുശേഷം കമ്യൂണിസവും പിന്നീട് നൈലിസവും (nihilism — ശൂന്യതാവാദം) അദ്ദേഹത്തിന് ആരാദ്ധ്യങ്ങളായി. ഒടുവില്‍ കസാന്‍ദ്സാക്കീസ് ക്രിസ്തുവിലേക്കു തന്നെ മടങ്ങി. അങ്ങനെ ഓരോ കാലയളവിലായി അദ്ദേഹത്തിന് ബുദ്ധനും ഒഡിസ്സിയസ്സും ഡോണ്‍ക്യുക്സോട്ടും നീച്ചയും ലനിനും ഗുരുനാഥന്മാരായി. കാസാന്‍ദ്സാക്കീസിന്റെ പ്രജ്ഞാപരങ്ങളായ അവസ്ഥിതികള്‍ എന്തുമാകട്ടെ; അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാര്‍ ആരുമാകട്ടെ. അദ്ദേഹം എല്ലാക്കാലത്തും കവിയായിരുന്നു. 1938-ല്‍ കാസാന്‍ദ്സാക്കീസ് പ്രസിദ്ധപ്പെടുത്തിയ “ദി ഒഡിസ്സി’”.ഹോമറിന്റെ ഒഡിസ്സിയെക്കാള്‍ മൂന്നിരിട്ടി വലിപ്പമുള്ള മഹാകാവ്യമാണ്. ഇരുപത്തിനാല് സര്‍ഗ്ഗങ്ങള്‍; ആകെ 33,333 വരികള്‍. ദൈര്‍ഘ്യത്തില്‍ അതിനെ ഏതെങ്കിലും മഹാകാവ്യം അതിശയിച്ചിട്ടുണ്ടോ? അരവിന്ദഘോഷിന്റെ “സാവിത്രി” യോ? എന്തോ അറിഞ്ഞുകൂടാ. ദീര്‍ഘതയുടെ കാര്യം പോകട്ടെ. കലാസൗന്ദര്യം പരിഗണിച്ചാല്‍ “ഒഡിസ്സി” യുടെ അടുത്തു വരില്ല “സാവിത്രി.” കാവ്യമാരംഭിക്കുന്നതിനുമുമ്പ് പ്രസ്താവനയുണ്ട്. അതിന്റെ അവസാനത്തെ വരികള്‍;

“Ahoy! cast wretched sorrow out, prick up yours ears-
I sing the sufferings and the torments of renowned Odysseus.

(ഏഹോയ്! നിങ്ങളുടെ നികൃഷ്ടങ്ങളായ വിഷാദങ്ങളകറ്റൂ. ചെവികൊടുത്തു കേള്‍ക്കൂ. മഹായശസ്കനായ ഒഡ്ഡിയസ്സിന്റെ ദുരിതാനുഭവങ്ങളെയും യാതനകളേയും കുറിച്ച് പാടുകയാണ് ഞാന്‍.)

ട്രോയിയുദ്ധം കഴിഞ്ഞ് ഒഡിസ്സിയസ്സ് ഇത്തക്കയില്‍ മടങ്ങിയെത്തി. “I drink not to the gods but …man’s dauntless mind — ”ഈശ്വരന്മാരോടുള്ള ബഹുമാനം കാണിക്കാനായിട്ടല്ല ഞാന്‍ ഇപ്പോള്‍ മുന്തിരിച്ചാറു കുടിക്കുന്നത്. മനുഷ്യന്റെ നിര്‍ഭയമായ മനസിനു വേണ്ടിയാണ് — എന്ന പ്രഖ്യാപനത്തോടു കൂടി അദ്ദേഹം രംഗപ്രവേശം ചെയ്തു. ഭയങ്കരനായ ഭര്‍ത്താവിനെക്കണ്ട് ഭാര്യ പെനിലപ്പി പേടിച്ചു. മകന്‍ ടെലിമക്കസ് ഒഴിഞ്ഞുനിന്നു. തന്റെ കൊട്ടാരം ശവകുടീരം പോലിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അനുചരന്‍മാരോടുകൂടി വീണ്ടും സമുദ്രയാത്ര തുടങ്ങി. സ്പാര്‍ട്ടായിലെ ഹെലനെ മെനിലെയിസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. സൗരഭ്യമുണ്ടായിരുന്ന അവളുടെ ഭുജകോടരങ്ങളില്‍ നിന്ന് അപ്പോള്‍ രക്തമൊഴുകുകയായിരുന്നു. ഹെലനെ അദ്ദേഹം മോഷ്ടിച്ചുകൊണ്ടു വന്ന് യാനപാത്രത്തിലിരുത്തി. എന്നിട്ട് അവര്‍ ക്രീറ്റ് ദ്വീപിലേക്കുപോയി. ഹെലന്റെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം ഒഡീസിയസിനേയും അനുചരന്മാരേയും തളര്‍ത്തി. അപ്പോഴുള്ള ഒരു വര്‍ണ്ണന കേള്‍ക്കുക:

“The Evening Star had vanished in the sea like flame,
and honeysuckle, tangled in the hair of night,
burst, till the curled locks in the countyards smelled of musk.”

യാനപാത്രത്തിലെ മറ്റു സുന്ദരികള്‍ നിതംബം ചലിപ്പിച്ചു. മുലകള്‍ കാണിച്ചു. ഹെലന് അതിഷ്ടമായില്ല. അവള്‍ ശകാരിക്കുകയാണ്:

“It’s best that women keep their
breasts, well-hidden clothed
to veil them like wild flames
and so preserve their strength;
that which you wish to give, keep hidden
and unspent” (page 156)

[പെണ്ണുങ്ങള്‍ മുലകള്‍ കഞ്ചുകം കൊണ്ട് മറച്ച് നല്ലപോലെ ഒളിച്ചുവയ്ക്കുന്നതാണ് നല്ലത്. കാട്ടുതീയെന്നപോലെ അവയെ മറച്ചുവയ്ക്കണം. അങ്ങനെ അവയുടെ ശക്തി നിലനിര്‍ത്തണം. നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്നതു ഒളിച്ചു വയ്ക്കൂ; ചെലവാക്കാതിരിക്കൂ.]

അവര്‍ ക്രീറ്റിലെത്തി. ആ ദ്വീപ് ഉണങ്ങിവരണ്ടുപോയി. കാരണം അവിടത്തെ രാജാവിനു ധ്വജഭംഗം (Sexual impotence) ഉണ്ട് എന്നത്രേ അദ്ദേഹം ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. തന്റെ ധ്വജഭംഗം മാറ്റിക്കൊടുക്കാന്‍. അദ്ദേഹം അതു ഭേദമാക്കിയിരിക്കണം. നഗ്നയായി മലര്‍ന്നുകിടന്ന ഹെലനെ രാജാവ് പ്രാപിച്ചു. ഒഡിസ്സിയസ്സ് രാജാവിന്റെ മകള്‍ ദികതേനയോടും ചേര്‍ന്നു. പക്ഷേ, രാജാവ് സമ്പന്നന്‍; ജനത ദരിദ്രന്‍. വിപ്ളവം വേണമെന്നായി ഒഡിസിയസ്.

അദ്ദേഹം നേതൃത്വം നല്‍കിയ വിപ്ളവം ജയിച്ചു. രാജാവിനെ കൊന്നിട്ട് തന്റെ ഒരു അനുചരനെ അവിടെത്തെ രാജാവാക്കിയിട്ട് ഒഡിസിയസ് ഈജിപ്റ്റിലേക്കുപോയി. ഹെലന് രാജ്ഞിയാകേണ്ടതില്ല. അവള്‍ പൂന്തോട്ടക്കാരന്റെ ഭാര്യയായി.

ഒഡീസ്സിയസ്സും അനുചരന്മാരും ഈജിപ്റ്റിലെത്തി നൈല്‍നദിയുടെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍ യത്നിച്ചു. കൊള്ളയടിച്ചുകൊണ്ടാണു അവരുടെ യാത്ര. മനുഷ്യന്റെ മനസ്സ് സൃഷ്ടിച്ചതാണ് ഈശ്വരന്‍ എന്നാണ് ഒഡിസിയസ്സിന്റെ ഉപദേശം. അദ്ദേഹം നൈലിന്റെ പ്രഭവസ്ഥാനത്തെത്തി. അവിടെ ഒരു മാതൃകാനഗരം നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ജഡവസ്തുവില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന ചൈതന്യമാണ് ഈശ്വരന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മാതൃകാനഗരത്തില്‍ എല്ലാവിധത്തിലുള്ള സ്വാതന്ത്യങ്ങളുമുണ്ടായിരുന്നു. നിയന്ത്രണമില്ലാത്ത ലൈംഗികവേഴ്ച വിവാഹത്തിന്റെ കെട്ടുപാടില്ലാത്ത സംഭോഗം ഇതൊക്കെ ആ പട്ടണത്തിലെ സവിശേഷതകളായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒരഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറിക്കല്‍ ആ നഗരത്തെ നശിപ്പിച്ചു. ഈശ്വരനെക്കുറിച്ചുള്ള തന്റെ സങ്കല്പം തെറ്റാണെന്നു തോന്നുകയായി ഒഡിസ്സിയസ്സിന്. അതുകൊണ്ട് വീണ്ടും അനിയന്ത്രിത ജീവിതം നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹവും കൂട്ടുകാരും ആഫ്രിക്കയിലെത്തി. ഒരു നീഗ്രോ, ക്രൈസ്തവപ്രേമത്തെ വാഴ്ത്തിക്കൊണ്ട് ഒഡിസ്സിയസ്സിന്റെ മുന്‍പില്‍ വന്നു. അദ്ദേഹം അയാളുടെ ഒരു കവിളില്‍ അടിച്ചപ്പോള്‍ അയാള്‍ മറ്റേക്കവിളും കൂടി കാണിച്ചു കൊടുത്തു. വീണ്ടും ഒരടി. ഒഡിസ്സിയസ്സ് ദക്ഷിണധ്രുവത്തിലെത്തി. പലതരത്തിലുള്ള ദര്‍ശനങ്ങള്‍. അവ മറഞ്ഞപ്പോള്‍ അന്ധകാരം അദ്ദേഹത്തെ ആവരണം ചെയ്തു. കവി കാവ്യം അവസാനിപ്പിക്കുന്നു.

“Forward, my lads, sail on, for Death’s breeze blows in a fair wind” കറകളഞ്ഞ ശൂന്യതാവാദമാണ് — നൈലിസമാണ് — ഈ മഹാകാവ്യങ്ങളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഒഡിസ്സിയസ്സിന് മൂല്യബോധമില്ല. സന്മാര്‍ഗ്ഗ ചിന്തയില്ല. അദ്ദേഹം സ്തീലമ്പടനാണ്. കൊലപാതകിയാണ്. നീഗ്രോയുടെ രണ്ടു കവിളിലും അടിച്ച് അദ്ദേഹം ക്രൈസ്ത്രവസിദ്ധാന്തങ്ങളെ നിന്ദിക്കുന്നു. സാര്‍ത്രിന്റെയും കമ്യുവിന്റെയും കൃതികളില്‍ കാണുന്ന ‘എക്സിസിറ്റെന്‍ഷ്യന്‍ ഔട്ട് സൈഡറാണ് കാസാന്‍ദ്സാക്കീസിന്റെ ഒഡിസ്സിയസ്സ്. നൈലിസത്തിന്റെ ഉദ്ഘോഷകനായി അദ്ദേഹം ഈ മഹാകാവ്യത്തില്‍ പ്രത്യക്ഷനാകുന്നെങ്കിലും ഇതിനെക്കാള്‍ മനോഹരമായി ഈ ശതാബ്ദത്തില്‍ മറ്റൊരു കാവ്യമുണ്ടായിട്ടില്ലെന്നു സമ്മതിച്ചുകൊടുക്കേണ്ടിവരും. പാവ്‌ലോനെറൂതയുടെ ‘കാന്‍റോ ജനറല്‍’ മാത്രമേ “ഒഡിസ്സിയോടു” മത്സരിക്കാന്‍ എത്തുകയുള്ളൂ. പ്രചോദനം അതിന്റെ ഔന്നത്യമാര്‍ന്ന നിലയില്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നു. വാക്കുകള്‍ ആ പ്രചോദനത്തെ തടസ്സപ്പെടുത്തില്ല. പ്രചോദന പ്രവാഹത്തിലൂടെ അവ ഒഴുകുന്നു. കാസാന്‍ദ്സാക്കീസ് അംഗീകരിച്ച ഇംഗ്ലീഷ്തര്‍ജ്ജ്മയുടെ സ്ഥിതി ഇതാണെങ്കില്‍ ഗ്രീക്ക് ഭാഷയിലുള്ള മൂലകൃതി എങ്ങനെ ഇരിക്കുമെന്ന് ആലോചിച്ചു നോക്കൂ. കാലം ചെന്നപ്പോള്‍ കാസാന്‍ദ്സാക്കീസിന്റെ നൈലിസം മാറി. അതു പേഗനിസത്തിലേക്കും (Paganism — ഒരുതരത്തിലുള്ള ആനന്ദവാദം) അവിടെ നിന്ന് മാര്‍കിസ്സത്തിലേക്കും ചെന്നു. മാര്‍ക്സിസത്തില്‍ നിന്ന് “യേശുവിന്റെ കാലയളവിലേക്ക് ചെന്ന കസാന്‍ദ്സാക്കീസ് യഥാസ്ഥിതികനായ ക്രിസ്ത്യാനിയായിരുന്നുവെന്നു ധരിക്കരുത്. അദ്ദേഹം ക്രിസ്തുവിനോടുള്ള വിശ്വാസത്തെയല്ല ചിത്രീകരിച്ചത്; മനുഷ്യചരിത്രത്തിലെ ക്രിസ്തുവിനെയായിരുന്നു. ആശയം എന്തുമാകട്ടെ. എല്ലാം മനോഹരങ്ങള്‍. ഒഡിസ്സിയുടെ കലാഭംഗി പേഗനിസത്തെ വാഴ്ത്തുന്ന (Zobra the Greek എന്ന നോവലില്‍ ദര്‍ശിക്കാം. Greek Passion, Last Temptation of Christ — ഈ നോവലുകള്‍ രചിക്കുന്നതിനു വളരെ മുന്‍പ് കാസാന്‍ദ്സാക്കീസ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കു എഴുതിയ കത്തില്‍ ഇങ്ങനെ കാണുന്നു: “..Simple people, bakers, cobblers, bootblacks. They put endless question to me..What is communism?..Why was man born?..Where are we going?..If I were Christ, surely my apostles would be people like this.” (Nikos Kazantzakis, By Helen Kazantzakis, page 203.) പില്ക്കാലത്ത് എഴുതിയ രണ്ടു നോവലുകളിലും ഈ മാനസിക നിലയുടെ വികസിത രൂപം കാണാം. ഏഷ്യാമൈനറിലെ, ലിക്കോവ്രിസി ഗ്രാമത്തില്‍ “പാഷന്‍പ്ലേ” അഭിനയിക്കാനായി ചിലര്‍ തിരഞ്ഞെടുക്കപ്പെടുന്നു. അവരില്‍ ക്രിസ്തുവായി കണ്ട മനൊലിയസ് നാടകമഭിനയിക്കുന്നതിനു മുന്‍പുതന്നെ കുരുശിലേറ്റപ്പെടുന്നു. യേശുദേവനെപ്പോലെ കുരിശില്‍തറയ്ക്കപ്പെടുകയല്ല അയാള്‍.

മനോലിയസ് ബോള്‍ഷെവിക്കാണെന്നു കരുതിയ ജനക്കൂട്ടം അയാളെ പിച്ചിക്കീറുകയാണ്. ഏത് യേശുവിനും ജൂഡാസുണ്ട്. പനയോതറോസ് എന്ന ഗ്രാമീണനാണ് ജൂഡാസായി ഫാഷന്‍പ്ലേയില്‍ അഭിനയിക്കേണ്ടത്. അയാള്‍ ജൂഡാസായിത്തന്നെ പ്രവര്‍ത്തിച്ചു. അയാളുടെ ആഘാതമേറ്റു വീണ മനോലിയസിനെയാണ് ജനക്കൂട്ടം വലിച്ചുകീറിയത്. മനുഷ്യത്വത്തിന്റെ നാദം കേള്‍പ്പിച്ചുകൊണ്ട് കാസാന്‍ദ്സാക്കീസ് ആ നോവല്‍ അവസാനിപ്പിക്കുന്നു. ഷ്വൈറ്റ്സറുടെ അഭിപ്രായം ഈ ഗ്രന്ഥം കാസാന്‍ദ്സാക്കീസിന്റെ മാസ്റ്റര്‍പീസാണെന്നാണ്.

സ്വന്തം കുരിശു ചുമന്നുകൊണ്ട് ഗോല്‍ഗത്തയിലെത്തിയ മഹാനായകലാകാരനായിരുന്നു കാസാന്‍ദ്സാക്കീസ്. അദ്ദേഹം ഒരിടത്തും തളര്‍ന്നുവീണില്ല. അദ്ദേഹം കാല്‍വരിയുടെ അഗ്രഭാഗത്ത് നില്‍ക്കുന്നത് ഞാന്‍ കാണുന്നു. പക്ഷേ മറ്റൊരു കലാകാരനും ആ വഴിയേ നടന്നുകയറാന്‍ പറ്റില്ല. കാസാന്‍ദ്സാക്കീസ് നിര്‍മ്മിച്ച മാര്‍ഗം അദ്ദേഹത്തിന് മാത്രമുള്ളതാണ്.