close
Sayahna Sayahna
Search

മരണം അപഹരിച്ച മഹാവ്യക്തികൾ


മരണം അപഹരിച്ച മഹാവ്യക്തികൾ
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

മരണമാണ് അപ്രത്യക്ഷനായ വ്യക്തിയോട് നമ്മളെ അടുപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലമത്രയും അകല്‍ച്ച. മരിച്ചനിമിഷംതൊട്ട് അയാളോട് അടുപ്പം, അന്തരിച്ച വ്യക്തിയുടെ പ്രാധാന്യവും ഗുണങ്ങളും നമ്മള്‍ അറിഞ്ഞു തുടങ്ങുന്നു. അന്തരിച്ച സാഹിത്യകാരന്മാരെക്കുറിച്ചും ഇത് സത്യം തന്നെ. സാഹിത്യലോകത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളുടെ നവീനതയുമൊക്കെ നമ്മുടെ ശ്രദ്ധയില്‍ വന്നു വീഴുന്നു. ഇരുട്ടുനിറഞ്ഞ മുറിയില്‍ ‘ഫ്ളാഷ് ലൈറ്റി’ ന്റെ രശ്മികള്‍ വന്നു വീഴുമ്പോള്‍ അവിടെയുള്ള വസ്തുക്കള്‍ നമ്മള്‍ കാണൂന്നതുപോലെയാണിത്. മരണം പ്രകാശമാണ്. അതുകൊണ്ട് 1984-ല്‍ മരിച്ച ചില സാഹിത്യകാരന്മാരെക്കുറിച്ചു ചിന്തിക്കുന്നത് പ്രയോജനപ്രദമാണെന്നു വിചാരിക്കുന്നു.

One of the greatest Creators of Latin American Literature — ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ പരമോന്നതന്മാരായ സ്രഷ്ടാക്കളില്‍ ഒരാള്‍ — എന്ന് എല്ലാവരും വാഴ്ത്തുന്ന ഹോല്യോ കോര്‍ട്ടാസാര്‍ (Julio Cortazar) 69-ആമത്തെ വയസ്സില്‍ ഈ ലോകം വിട്ടുപോയി. സത്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി നോവലിനെ കരുതരുതെന്ന് പ്രഖ്യാപിച്ച ഈ പ്രതിഭാശാലി ഭാവനകൊണ്ട് ഫാന്‍റസിയുടെ ലോകങ്ങള്‍ ചിത്രീകരിച്ചു.

ആ ഫാന്‍റസി നിത്യജീവിതത്തിനപ്പുറത്തുള്ള പരോക്ഷ സത്യങ്ങളെ സ്പഷ്ടമാക്കിത്തരുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒരു ചെറുകഥയില്‍ ഒരു കഥാപാത്രം ജീവനുള്ള മുയല്‍ക്കുട്ടികളെ ചര്‍ദ്ദിക്കുന്നതായി വര്‍ണ്ണിച്ചിട്ടുള്ളത് ഈ ഫാറന്‍സിക്ക് യോജിച്ച മട്ടിലാണ്. അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് The Night face up എന്നത്. ഒരുത്തന്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോകുമ്പോള്‍ ഒരു സ്ത്രീ കുറുകെചാടി. അയാള്‍ വീണു. ആശുപത്രിയിലായ അയാള്‍ പേടിസ്വപ്നങ്ങള്‍ കണ്ടു. ആസ്റ്റെക്കുകള്‍ തന്നെ ആക്രമിക്കുന്നതായിട്ടാണ്. അയാളുടെ സ്വപ്നം. അതൊരു അസാധാരണ സ്വപ്നമായിരുന്നു. മരണങ്ങളാണ് ഏറിയകൂറും. അയാള്‍ ഒരിക്കലും മരണം സ്വപ്നം കണ്ടിരുന്നില്ല. വല്ലാത്തപേടിയുമുണ്ടായി അയാള്‍ക്ക് ഒരു ‘സ്റ്റോണ്‍ നെയ്ഫ്’ കമ്പിളികൊണ്ടുള്ള അരപ്പട്ടയില്‍ തിരുകിവച്ചിരിക്കുന്നു. നാറ്റം സഹിക്കാന്‍ വയ്യാതെ അയാള്‍ മുന്നോട്ടു ചാടാന്‍ ഭാവിച്ചപ്പോള്‍ അടുത്ത കട്ടിലില്‍ കിടന്ന രോഗി “you are going to fall off the bed” എന്നു പറഞ്ഞു. താന്‍ കണ്ണ് തുറന്നപ്പോള്‍ ആശുപത്രിയില്‍ കിടക്കുകയാണെന്ന് അയാള്‍ കണ്ടു. ഫാറന്‍സിയുടെ ലോകത്തു നിന്നും അയാള്‍ യഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക് പോന്നു. വീണ്ടും യുദ്ധമെന്ന ഫാന്‍റസി ചക്രവാളത്തില്‍ തീ. മരക്കൊമ്പുകള്‍ക്കിടയിലൂടെ ദീപയഷ്ടികള്‍ നീങ്ങുന്നു. അയാള്‍ കത്തിയുമായി ശത്രുവിന്റെ നേര്‍ക്ക് ചാടി. ഒന്നോ രണ്ടോ തവണ അയാള്‍ അന്തരീക്ഷത്തെ കത്തികൊണ്ട് കുത്തുകയും ചെയ്തു. കിടക്കയോട് അയാള്‍ കയറുകൊണ്ട് ബന്ധിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ആപത്തായേനെ. “ഇതു പനികൊണ്ടാണ്. എനിക്കും ശസ്ത്രക്രീയ കഴിഞ്ഞപ്പോള്‍ ഇങ്ങനെ തന്നെയുണ്ടായി. കുറച്ചു വെള്ളം കുടിക്കൂ. എന്നാല്‍ നിങ്ങള്‍ ഉറങ്ങും.” എന്ന് അടുത്ത കിടക്കയിലെ രോഗി അറിയിച്ചു. പിന്നെയും യഥാര്‍ത്ഥ്യത്തിന്റെ തലത്തിലേക്കുള്ള വരവ്. ഇങ്ങനെ അങ്ങോട്ടുനിങ്ങോട്ടും കുറെക്കാലം സഞ്ചരിച്ച അയാള്‍ ഒടുവില്‍ രണ്ടും കൂടി ഒരുമിച്ചു ചേര്‍ന്ന ഒരു തലത്തില്‍ എത്തുന്നു. മോട്ടോര്‍ സൈക്കളില്‍നിന്നു വീണ അയാളെ ആരോ പൊക്കിയെടുക്കുന്നു. അതേസമയം കത്തിയുമായി ആരോ അയാളെ സമീപിക്കുന്നു. സ്വപ്നവും യഥാര്‍ത്ഥ്യവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ജീവിതം ഉത്തരം കിട്ടാത്ത പ്രഹേളികയാണെന്നും സ്ഥാപിക്കുകയാണ് കോര്‍ട്ടാസാര്‍. അനാദൃശ്യമായ അനുഭവമാണ് ആ കഥയുടെ പാരായണം.

The Winners, Hopscotch, 62,A Novel to put Together ഇവയാണ് കോര്‍ട്ടാസാറിന്റെ നോവലുകള്‍. മൂന്നാമത്തെ നോവലു പ്രഹേളിയാണ്. രാവണന്‍ കോട്ടയില്‍ കിടന്നു കറങ്ങുന്ന പ്രതീതി, നോവല്‍ വായിച്ചവസാനിപ്പിച്ചപ്പോള്‍ കോട്ടയില്‍ നിന്നു രക്ഷനേടിയാലുണ്ടാകുന്ന മാസ്റ്റര്‍പീസ്. അത് ഈ ലേഖകന്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് നിരൂപകരുടെ മതം ആശ്രയിക്കാനേ കഴിയുന്നുള്ളു. നോവല്‍ നേരെയങ്ങു വായിക്കാം. നോവലിസ്റ്റ് പറഞ്ഞതുതന്നെ വിധത്തില്‍ വായിക്കാം. രണ്ടും രണ്ടുതരത്തിലുള്ല അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പ്രധാന കഥാപാത്രം ഒരു യുവതിയെ സ്നേഹിക്കുന്നു. പക്ഷേ അത് സാക്ഷാത്കരിക്കുവാന്‍ അയാള്‍ ശ്രമിക്കുന്നുമില്ല. ജീവിതത്തിന്റെ മിസ്റ്ററിയും പ്രഹേളികാ സ്വഭാവവും അഭിവ്യജ്ഞിപ്പിക്കുന്നതില്‍ കോര്‍ട്ടാസാര്‍ വിജയം പ്രാപിച്ചിരിക്കുന്നു. സത്യത്തിലെത്താന്‍ ശ്രമിക്കാം. എന്നാല്‍ സത്യമെന്താണെന്ന് അറിയാന്‍ ഒരിക്കലും നമുക്ക് കഴിയുകയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

1965-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഷൊലഹോഹ് 78-ആമത്തെ വയസ്സിലാണ് ഈ ലോകത്തോട് യാത്രപറഞ്ഞത്. സോള്‍ഷെനിറ്റ്സ്യന്‍ ഉള്‍പ്പെടെയുള്ള ദ്വിമത സാഹിത്യകാരന്മാരെ ഭര്‍ത്സിച്ച മഹാനായ ഈ നോവല്സിറ്റ് “ഡോണ്‍ നദി ശാന്തമായൊഴുകുന്നു” എന്ന നോവല്‍ കൊണ്ട് സാഹിത്യത്തിന്റെ മണ്ഡലത്തില്‍ അമരത്വം ആര്‍ജിച്ചിരിക്കുന്നു. ഭര്‍ത്സനമേറ്റ സോള്‍ഷെനിറ്റ്സ്യന്‍ ഈ അമരത്വത്തിന് അദ്ദേഹത്തിന് അവകാശമില്ലെന്ന് ഉദ്ഘോഷിച്ചു. അത്രകണ്ട് പ്രസിദ്ധനല്ലാത്ത ഒരു കൊസ്സാക് എഴുത്തുകാരന്റെ കൃതി മോഷ്ടിച്ചതാണ് ഷൊലഹോഹ് ആ നോവലെഴുതിയതെന്ന് ചൂണ്ടിക്കാണിച്ചു. The Fate of Man എന്ന അതിസുന്ദരമായ കഥയെഴുതിയ ഈ പ്രതിഭാശാലിക്കേ ഡോണ്‍ നോവലും എഴുതാന്‍ കഴിയൂ എന്നതാണ് സത്യം. വായനക്കാര്‍ക്ക് ഒരു രാഷ്ടം രൂപം കൊള്ളുന്നത് കാണണമോ? അതിന്റെ വേദനയും പിന്നീടുള്ള ആഹ്ലാദവും അറിയണോ? നന്മയുടെ ആകര്‍ഷകത്വം തിന്മയുടെ ബീഭത്സതയും ദര്‍ശിക്കണോ? എങ്കില്‍ ഈ നോവല്‍ വായിക്കൂ. വായനക്കാരെ കൂടുതല്‍ ഉത്കൃഷ്ടരാക്കാന്‍ ശക്തിയുള്ള ഉത്തമസാഹിത്യ സൃഷ്ടിയാണ് ഇത്. ഇത് ഉദിച്ചു നില്ക്കുമ്പോള്‍ സോള്‍ഷെനിസ്റ്റ്യന്‍ മാംസപേശികള്‍ വക്രിപ്പിച്ചു മുഖംനീട്ടി വാലുതാഴ്ത്തി മോങ്ങുന്നതില്‍ ഒരര്‍ത്ഥവുമില്ല.

Speculation about Jakob — യാക്കോബിനെക്കുറിച്ചുള്ള മാനസ വിചാരങ്ങള്‍ എന്ന നോവലിന്റെ രചനകൊണ്ട് മറ്റനേകം നോവലിസ്റ്റൂകളെ ബഹുദൂരം അതിശയിച്ച ഉവേ യൊണ്‍സന്‍ (Uwe Johnson) 49-ആമത്തെ വയസ്സില്‍ ഹൃദയസ്തംഭനം വന്നു മരിച്ചത് സഹൃദയരെ ദു:ഖിപ്പിച്ചുകൊണ്ടിരിക്കുന്നു. നോവല്‍ സാഹിത്യത്തിന്റെ മാനങ്ങള്‍ വര്‍ദ്ധിപ്പിച്ച ആ കലാശില്പത്തിന്റെ രമണീയകം എല്ലാക്കാലത്തും വായനക്കാര്‍ക്ക് പുളകപ്രസരം നല്കുമെന്നതില്‍ സംശയമില്ല. യാക്കോബ് റെയില്‍വേ ജോലിക്കാരനാണ്. തീവണ്ടികള്‍ നിശ്ചിത സമയത്ത് അയക്കുക എന്നതാണ് അയാളുടെ ജോലി. ഒരുദിവസം കിഴക്കന്‍ ജര്‍മ്മനിയിലെ രഹസ്യപ്പൊലീസ് യാക്കോബിനോടാവശ്യപ്പെട്ടു പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ NATO-യില്‍ ജോലിചെയ്യുന്ന ഗസൈന്‍ എന്ന യുവതിയില്‍നിന്ന് ചില രഹസ്യങ്ങള്‍ അറിഞ്ഞുവരണമെന്ന്. ഗസൈന്‍ മുന്‍പ് കിഴക്കന്‍ ജര്‍മനിയില്‍ താമസിച്ചിരുന്നവളാണ്. യാക്കോബ് സഹോദരിയെപ്പോലെ സ്നേഹിക്കുന്നവളുമാണ്. രഹസ്യപ്പൊലീസ് ആവശ്യപ്പെട്ടാല്‍ യാക്കോബിനു പോകാതിരിക്കാന്‍ വയ്യ. അയാള്‍ പോയി. ഗസൈനില്‍ നിന്ന് ഒരുരഹസ്യവും അയാള്‍ക്കറിയാന്‍ കഴിഞ്ഞില്ല. പക്ഷേ മടങ്ങിവരുമ്പോള്‍ തീവണ്ടി കയറി അയാള്‍ മരിച്ചു. അദ്ഭുതാവഹമായിരുന്നു ആ മരണം. തീവണ്ടികള്‍ ഇന്ന സമയത്ത് വരുമെന്ന് യാക്കോബിന് അറിയാം. അവ തിരിക്കുന്ന സമയം അയാള്‍ക്കു നിശ്ചയമാണ്. എന്നിട്ടും അയാള്‍ക്ക് തീവണ്ടിക്കടിയില്‍പെട്ടു മരിക്കേണ്ടിവന്നു. മരണം കഴിഞ്ഞപ്പോള്‍ സത്യം അറിയാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലായി. സ്ഫടികഭാജനത്തില്‍ വെള്ളം നിറച്ചുവച്ചിട്ട് ഋജുവായ കമ്പ് അതിലേക്ക് താഴ്ത്തിയാല്‍ കമ്പ് ഒടിഞ്ഞപോലെ തോന്നുമല്ലോ. റിഫ്രക്ഷന്‍ കൊണ്ടുള്ള തോന്നലാണത്. അതുപോലെ മരണമെന്ന സംഭവം ഓരോ വ്യക്തിയുടേയും മനസ്സാകുന്ന ജലാശയത്തില്‍ക്കൂടി കടന്നപ്പോള്‍ വക്രതയാര്‍ന്നു കാണപ്പെട്ടു. മരണത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ യാക്കോബിലേക്കു ചെല്ലുന്നു. യാക്കോബ് തന്നെ മരണംപോലെ അമൂര്‍ത്ത സ്വഭാവമാവാഹിച്ചു. സത്യം വെളിപ്പെടാതെ നോവല്‍ അവസാനിക്കുകയാണ്. ഒരു വസ്തുവിനെ പലകോണുകളില്‍ നിന്നു വീക്ഷിക്കാമല്ലോ. ഓരോ വീക്ഷണത്തിലും ഓരോ ദൃശ്യമായിരിക്കും. ഇവയെല്ലാം കൂട്ടിചേര്‍ത്തു വയ്ക്കുമ്പോള്‍ സത്യത്തിന്റെ സാകാല്യവസ്ഥയിലേക്ക് ചെല്ലാമെന്ന് ചിലര്‍ വിചാരിക്കുന്നു. അവരെയാണ് ക്യൂബിസ്റ്റുകള്‍ എന്നു വിളിക്കുന്നത്. യൊണ്‍സണ്‍ നോവല്‍ സാഹിത്യത്തിലെ ക്യൂബിസ്റ്റാണ്. ഓരോ വ്യക്തിയുടേയും മാനസവിചാരങ്ങളെ ചിത്രീകരിച്ച് ഭാഗിക സത്യങ്ങളെ അദ്ദേഹം ആവിഷ്കരിക്കുന്നു.

1934-ല്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ ജനിച്ച യോണ്‍ സണ്‍ 1959-ല്‍ പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് പോന്നു. ഇംഗ്ലണ്ടില്‍ താമസിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാവനയുടെ പ്രകാശത്തില്‍ സാഹിത്യലോകം ഇപ്പോഴും മുങ്ങിനില്ക്കുകയാണ്. യാക്കോബിനെക്കുറിച്ചുള്ള മാനസിക വിചാരങ്ങള്‍” വായിക്കൂ. സാഹിത്യത്തിന്റെ മഹാത്ഭുതം കാണൂ എന്നു മാത്രമേ എനിക്കു വായനക്കാരോട് പറയാനുള്ളു.

മഹാനായ ഫ്രഞ്ച് ദാര്‍ശനികനാണ് 57-ആമത്തെ വയസ്സില്‍ ചരമം പ്രാപിച്ച മീഷല്‍ ഫൂക്കോ (Michel Foucault) ഭ്രാന്ത്, രോഗം, ശിക്ഷ, ലൈംഗികത്വം, ലൈംഗികത്വത്തിന്റെ അധീശം ഇവയെക്കൂറിച്ചെല്ലാം തികച്ചും മൗലികങ്ങളായ മതങ്ങള്‍ ആവിഷ്കരിച്ച ഈ ദാര്‍ശനികന്റെ സുപ്രധാനമായ ആശയം ‘അധികാരം’ — Power — എന്നാതാണ്. അധികാരത്തെക്കുറിച്ച് പല ചിന്തകന്‍മാരും എഴുതിയിട്ടുണ്ട്. ബര്‍ട്രന്‍ഡ് റസ്സലിന്റെ Power എന്ന പുസ്തകം ഓര്‍മ്മിക്കുക. പക്ഷേ, ഫൂക്കോ അതിനെ അപഗ്രഥിച്ചു കാണിക്കുമ്പോള്‍ റസ്സലിനുപോലും ചെന്നെത്താന്‍ കഴിയാത്ത അധിക്യതയില്‍ അദ്ദേഹം പ്രവേശിച്ചു എന്ന സത്യം നമുക്ക് ഗ്രഹിക്കാന്‍ കഴിയും. വിഭജനത്തിന്റേയും ഒറ്റപ്പെടുത്തലിന്റേയും രേഖകള്‍ വരയ്ക്കുന്ന Madness and Civilization എന്ന ഗ്രന്ഥമാണ് ഫൂക്കോയെ മഹായശസ്കനാക്കിയത്. ഇതില്‍ പ്രതിപാദിക്കുന്ന അധികാരത്തെ നിഷേധാത്മകതയിലൂടെയാണ് അദ്ദേഹം സംവീക്ഷണം ചെയ്തത്. Discipline and Punish എന്ന ഗ്രന്ഥത്തില്‍ അതിനെ തത്ഥ്യയോടെ(Positiveness)വീക്ഷിക്കുന്നു. പാഠശാലകളിലും ജയിലുകളിലും തൊഴില്‍ശാലകളിലും നല്കപ്പെടുന്ന ശിക്ഷകളെ അപഗ്രഥിച്ച് അധികാരത്തിന്റെ യഥാര്‍ത്ഥ്യത്തെ മേദുരാവസ്ഥയെ പ്രത്യക്ഷമാക്കിത്തരുന്നു.

സാര്‍ത്രിനു ശേഷം ഫ്രാന്‍സില്‍ ആവിര്‍ഭവിച്ച ഏറ്റവും വലിയ ചിന്തകന്‍ എന്ന ബഹുമതി ഫൂക്കോയ്ക്ക് നേടിക്കൊടുത്ത ഗ്രന്ഥമാണ് The Order of Things. ഭാഷാശാസ്ത്രം, ജീവശാസ്ത്രം, രാഷ്ട്രവ്യവഹാരം, മാനസികാപഗ്രഥനം ഇവയൊക്കെ അപഗ്രഥിച്ച് മനുഷ്യന്റെ അവസ്ഥാഭേദങ്ങളെ പ്രതിപാദിക്കുന്ന ഈ ദാര്‍ശനിക ഗ്രന്ഥം. ആ അവസ്ഥാഭേദങ്ങളെ ആശ്രയിച്ചിരിക്കുന്നു മനുഷ്യനെക്കുറിച്ചുള്ള സങ്കല്പം. ഇനിയും പുതിയ ചിന്താപദ്ധതികള്‍ ഉണ്ടാകുമല്ലോ. അപ്പോള്‍ മനുഷ്യനെപ്പറ്റിയുള്ള സങ്കല്പവും മാറുമെന്നാണ് ഫൂക്കോയുടെ വാദം. ..One can certainly wager that man would be erased like face drawn in sand at the edge of the sea”എന്ന വിഷാദസൂചനയോടെ ഫൂക്കോ ഗ്രന്ഥം അവസാനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ History of Sexuality എന്ന ഗ്രന്ഥം പൂര്‍ണ്ണമായിട്ടില്ല. ഇതെഴുതുന്ന ആള്‍ ഒരു വാല്യം മാത്രമേ വായിച്ചിട്ടുള്ളു. അതുകൊണ്ട് അതിനെക്കുറിച്ച് ഒരഭിപ്രായം പറയുന്നത് ശരിയല്ല. മഹാനായ അല്‍ത്തൂസറുടെ ശിഷ്യനായിരുന്നു ഫൂക്കോ. രോഗം പിടിച്ചു കഷ്ടപ്പെടുന്ന ഫൂക്കോയുടെ മരണം അദ്ദേഹത്തിന് ആശ്വാസമായിരുന്നിരിക്കാം. നൂതന ചിന്താപദ്ധതികളിലേക്ക് നയിച്ച് നമുക്ക് സ്വാതന്ത്രത്തിന്റെ ബോധമുളവാക്കിയ അദ്ദേഹത്തിന്റെ അന്തര്‍ദ്ധാനം വേദനാജനകമാണ്.

1977-ല്‍ നോബല്‍സമ്മാനം നേടിയ വീതന്തേആലേഹാന്ദ്രേ 86-ആമത്തെ വയസ്സില്‍ മാഡ്രിഡില്‍ വെച്ച് മരിച്ചു. അറുപതുകൊല്ലത്തോളം വൃക്കയിലെ ക്ഷയരോഗംകൊണ്ട് കഷ്ടപ്പെടുകയായിരുന്നു അദ്ദേഹം. പ്രേമം മരണം ഇവയെക്കൂറിച്ച് നൂതന രാഗത്തില്‍ പാടിയ അസുലഭ സിദ്ധികളുള്ള കവിയായിരുന്നു അദ്ദേഹം. “വൃദ്ധനും സൂര്യനും” എന്ന കാവ്യം അദ്ദേഹത്തിന്റെ കവിതയുടെ സാമാന്യ സ്വഭാവം വ്യക്തമാക്കിത്തരും.

“അയാള്‍ വളരെക്കാലം ജീവിച്ചിരുന്നു. അയാള്‍ അവിടെ ചാരിയിരിക്കും — ഒരു വൃദ്ധന്‍ — മരത്തിന്റെ തടിയില്‍, വളരെ കനംകൂടിയ മരത്തിന്റെ തടിയില്‍ സൂര്യാസ്തമയ വേളകളില്‍ ചാരിയിരിക്കും. അയാള്‍ വയസ്സനായിരുന്നു. ചുളിഞ്ഞ മുഖം; വിഷാദമഗ്നമെന്നതിനെക്കാള്‍ കെട്ടടങ്ങിയ കണ്ണൂകള്‍.

അയാള്‍ മരത്തിന്റെ തടിയില്‍ ചാരിയിരുന്നു. അയാളുടെ കാലുകളില്‍ മുദൃലമായി കടിച്ചുകൊണ്ട് സൂര്യന്‍ അയാളെ ആദ്യമായി സമീപിച്ചു. കുറച്ചു നേരം നിന്നു. തങ്ങിക്കൂടിയപോലെ.

പിന്നീട് സൂര്യന്‍ ആകാശത്തിലുയര്‍ന്നു. അയാളെ മുക്കിക്കൊണ്ട് അമര്‍ത്തിക്കൊണ്ട്, തന്റെ മധുര പ്രകാശത്തില്‍ അയാളെ താദാത്മ്യം പ്രാപിച്ചു കൊണ്ട്…”

മരണമാണ് ഇവിടെ സൂര്യനായി പ്രത്യക്ഷപ്പെടുന്നത്. ബാഹ്യലോകത്ത് സഞ്ചരിച്ചുകൊണ്ട് ബാഹ്യലോക വസ്തുതകളെ ചിത്രീകരിക്കുകയും അവയിലൂടെ മരണത്തിന്റെ ഉദാത്തതയെ ചിത്രീകരിക്കുകയും ചെയ്ത ഈ കവി നിസ്തുലനത്രേ.

മരിച്ച മഹാവ്യക്തികളെ ലോകമിനി കാണുകയില്ല. പക്ഷെ, ഇവരുടെ കൃതികള്‍ വായിക്കുമ്പോള്‍ അവര്‍ജീവിച്ചുവരുന്നു. നമ്മളോടൊത്ത് അവരുണ്ടെന്ന് നമുക്ക് തോന്നുന്നു. കലയുടെ ശക്തി!