close
Sayahna Sayahna
Search

നമ്മൾ കറുത്ത ശലഭങ്ങൾ


നമ്മൾ കറുത്ത ശലഭങ്ങൾ
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

“അടുത്ത ദിവസം പട്ടണത്തിലേക്കു പോകാനായി ഞാൻ ഒരുങ്ങുമ്പോൾ ഒരു ചിത്രശലഭം എന്റെ മുറിയിലേക്കു പറന്നുവന്നു … കുറേനേരം എനിക്കു ചുറ്റും പാറിപ്പറന്നിട്ട് അത് എന്റെ നെറ്റിയിൽ വന്നിരിപ്പായി. കൈകൊണ്ടു തൂത്തുകളഞ്ഞു ഞാനതിനെ. അപ്പോൾ അതു ജനലിന്റെ കണ്ണാടിയിൽ ചെന്ന് ഇരുന്നു. അവിടെ നിന്നും ഞാനതിനെ ഓടിച്ചപ്പോൾ അതു പറന്നുചെന്ന് ഇരുന്നത് എന്റെ അച്ഛന്റെ ഒരു പഴയ പടത്തിനു മുകളിലാണ്. രാത്രിപോലെ ഇരുണ്ടതായിരുന്നു ആ ചിത്രശലഭം. ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോൾ അതു ചിറകുകൾ മെല്ലെ ചലിപ്പിക്കാൻ തുടങ്ങി. എന്നെ കളിയാക്കുന്ന മട്ടിൽ പുച്ഛത്തോടെ അതങ്ങനെ ചെയ്യുന്നുവെന്നാണ് എനിക്കു തോന്നിയത്. എനിക്കു വേദനയുണ്ടായി. ഞാൻ ചുമലുകുലുക്കിക്കൊണ്ട് മുറിയിൽ നിന്നു ഇറങ്ങിപ്പോയി. കുറേ നിമിഷങ്ങൾക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോൾ ആ ചിത്രശലഭം അതേയിടത്തിൽത്തന്നെ ഇരിക്കുന്നതു കണ്ടു. പെട്ടെന്നു അസ്വസ്ഥനായിമാറിയ ഞാൻ ഒരു ടൗവലെടുത്തു അതിന് അടികൊടുത്തു. ചിത്രശലഭം താഴെ വീണു.

അത് മരിച്ചു കഴിഞ്ഞിരുന്നില്ല. അപ്പോഴും അതു ഉടൽ കൂട്ടിപ്പിരിക്കുകയും സ്പർശിനികൾ അനക്കുകയും ചെയ്യുന്നുണ്ട്. ദു:ഖത്തോടെ ഞാനതിനെ ഉള്ളം കൈയിലെടുത്തു ജനൽ പടിയിൽ വച്ചു. പക്ഷേ സമയം കഴിഞ്ഞുപോയി. ആ പാവപ്പെട്ട ജീവി ഏതാനും സെക്കൻഡുകൊണ്ട് മരിച്ചു. എനിക്കു അസ്വസ്ഥതയും ചെറിയ തോതിൽ ക്ലേശവുമുണ്ടായി.

ഞാൻ എന്നോടു തന്നെ പറഞ്ഞു: ‘നാശത്തിനു നീലനിറമായിരുന്നു കൂടേ?’

ഈ വിചാരം — ചിത്രശലഭത്തെ കണ്ടുപിടിച്ചതിനു ശേഷമുണ്ടായ ഏറ്റവും ഗഹനമായ വിചാരം — എന്റെ കുത്സിതപ്രവർത്തനത്തിൽ എന്നെ ആശ്വസിപ്പിക്കുകയും എന്നിൽത്തന്നെ ഒരനുരഞ്ജന മനോഭാവം ഉളവാക്കുകയും ചെയ്തു. ഒരളവിലുള്ള സഹാനുഭൂതിയോടെ ഞാൻ ആ ശവം നോക്കിക്കൊണ്ടു നിന്നു. വേണ്ടതൊക്കെ കഴിച്ചു, സന്തോഷത്തോടെ കാടുകളിൽ നിന്നു സുന്ദരമായ പ്രഭാതത്തിന്റെ സൂര്യപ്രകാശത്തിലേക്കു വന്നതാകാം ആ ചിത്രശലഭം. ജീവിതത്തിൽ നിന്നു മിതമായതു പ്രതീക്ഷിക്കുന്ന അതിനു പറക്കുക എന്നതുകൊണ്ടു മാത്രം തൃപ്തി കൈവരും. നീലാന്തരീക്ഷത്തിന്റെ ഗോളാകാരാഗ്രത്തിന്റെ താഴെയായി സവിശേഷ സൗന്ദര്യം പ്രദർശിപ്പിച്ചാൽ മാത്രം മതി അതിന്; ചിറകുള്ളവയ്ക്ക് എപ്പോഴും നീലനിറമായ അന്തരീക്ഷം. അതു എന്റെ തുറന്നു കിടന്ന ജനലിൽക്കൂടി പറന്നുവന്നു മുറിയിൽ കടന്ന് എന്നെ കണ്ടു. അതൊരിക്കലും മനുഷ്യനെ കണ്ടിരിക്കില്ലെന്നാണു എന്റെ വിചാരം: അതിനാൽ മനുഷ്യൻ എങ്ങനെയിരിക്കുമെന്ന് അതിനറിഞ്ഞുകൂടാ. എന്റെ ശരീരത്തിനു ചുറ്റും അസംഖ്യം വൃത്തങ്ങൾ ആരചിച്ച ആ ചിത്രശലഭം എനിക്കു കണ്ണും കൈയും കാലും ദൈവീകമായ അംശവും ഭീമമായ ആകാരവും ഉണ്ടെന്നു മനസിലാക്കി. എന്നിട്ടു അതു തന്നോടായി പറഞ്ഞു: ‘ഇതായിരിക്കും ചിത്രശലഭങ്ങളുടെ സ്രഷ്ടാവ്’ ആ ആശയം അതിനെ ആകുലാവസ്ഥയിൽ കൊണ്ടു ചെന്നു; പേടിപ്പിച്ചു. എന്നാൽ ചിലപ്പോൾ പ്രചോദനാത്മകമാണു പേടി. ആ പേടി അതിനോടു നിർദ്ദേശിച്ചിരിക്കും സ്രഷ്ടാവിനെ സന്തോഷിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അയാളുടെ നെറ്റിയിൽ ഉമ്മ വയ്ക്കുക എന്നതാണെന്ന്. അങ്ങനെ അത് എന്റെ നെറ്റിയിൽ ചുംബിച്ചു. ഞാനതിനെ ആട്ടിക്കളഞ്ഞപ്പോൾ അത് ജനൽ കണ്ണാടിയിൽ ചെന്നിരുന്നു. അവിടിരുന്നുകൊണ്ട് എന്റെ അച്ഛന്റെ പടം കണ്ടു. ഒരർദ്ധസത്യവും അതു ദർശിച്ചിരിക്കണം; അതായത് പടത്തിലെ മനുഷ്യൻ ചിത്രശലഭത്തിന്റെ സ്രഷ്ടാവിന്റെ അച്ഛനാണെന്ന്. അദ്ദേഹത്തിന്റെ കാരുണ്യം യാചിക്കാൻ വേണ്ടി അതു അങ്ങോട്ടു പറന്നു.

അപ്പോഴാണ് ടൗവലിൽനിന്നുണ്ടായ അടി ആ സാഹസിക്യം അവസാനിപ്പിച്ചത്. നീലാന്തരീക്ഷത്തിന്റെ വിശാലതയോ പൂവിന്റെ ആഹ്ലാദമോ, പച്ചയിലകളുടെ ഉജ്ജ്വലതയോ വിലകുറഞ്ഞ, ഏതാനും ചതുരശ്രഇഞ്ചുള്ള തുണിക്കഷണമായ ടൗവലിന്റെ ആഘാതത്തിൽ നിന്ന് അതിനെ രക്ഷിച്ചില്ല. ചിത്രശലഭങ്ങളെക്കാൾ ഔന്നത്യമുള്ളത് എത്രനന്നാണെന്നത് ശ്രദ്ധിക്കൂ. അതിനു നീലനിറമുണ്ടെങ്കിലും അതിന്റെ ജീവിതം സുരക്ഷിതമായിരിക്കില്ല. ഞാനതിനെ മൊട്ടുസൂചികൊണ്ടു കുത്തി എന്റെ കണ്ണിന്റെ ആഹ്ലാദത്തിനു വേണ്ടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു. അതിന് നീലനിറമില്ലായിരുന്നു. ഈ അവസാനത്തെ ചിന്ത എന്നെ വീണ്ടും ആശ്വസിപ്പിച്ചു. എന്റെ നടുവിരൽ തള്ളവിരലിനോടു ചേർത്ത് ആ ശവം ഞാൻ ചാണ്ടിക്കളഞ്ഞു. അതു പൂന്തോട്ടത്തിൽ ചെന്നു വീഴുകയും ചെയ്തു. ശരിയായ സമയമായി. എറുമ്പുകൾ അതിന്റെ ചുറ്റും കൂടുകയാണ് … അതേ ആദ്യത്തെ ആശയത്തിൽത്തന്നെ ഞാൻ ഉറച്ചുനിൽക്കുന്നു. ചിത്രശലഭം നീലനിറത്തോടു കൂടി ജനിച്ചിരുന്നുവെങ്കിൽ! അതാവും നന്ന്.”

മാഷാദു ദി ആസീസ്

റീയോ ദേ ഷനൊറൊയിൽ (Rio de Janeiro) ജനിച്ച ഷോആകിം മാറീയ മാഷാദു ദി ആസീസ് (Joaquim Maria Machado De Assis) എന്ന മഹാനായ നോവലിസ്റ്റിന്റെ Epitaph of a small Winner എന്ന നോവലിന്റെ ഒരദ്ധ്യായമാണ് വായനക്കാർ മുകളിൽ കണ്ടത്. അദ്ധ്യായത്തിന്റെ പേര് കറുത്ത ചിത്രശലഭം എന്നും. ദുഃഖപരിണാമകമായ മനുഷ്യ ജീവിതം മുഴുവനും ഈ വർണ്ണനത്തിലുണ്ട്. നമ്മൾ ഈ ലോകത്ത് എവിടെ നിന്നോ വരുന്നു. ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്നു. കാണുന്നിടത്ത് വിശ്രമിക്കുന്നു. അപ്പോൾ ഓർക്കാപ്പുറത്ത് വിധിയുടെ അടിവന്ന് വീഴുന്നു. നമ്മൾ തിരോധാനം ചെയ്യുന്നു. കറുത്ത വർഗ്ഗത്തിൽപ്പെട്ടവനായാലെന്ത്? വെളുത്ത വർഗ്ഗത്തിൽപ്പെട്ടവനായാലെന്ത്? സ്ത്രീയായാലെന്ത്? പുരുഷനായാലെന്ത്? വിധിയുടെ കഠിനമായ ആഘാതമേറ്റ് തകർന്നുപോകും. ചക്രവർത്തിക്കും തെണ്ടിക്കും ഒരേ അനുഭവം.

ഈ വിഷാദാത്മകതയാണു ബ്രസീലിയൻ നോവലിസ്റ്റായ മാഷാദൂവിന്റെ (1839–1908) കൃതികളിലെ പ്രമേയം. വിഷാദാത്മകത്വം അംഗീകരിക്കാത്തവർ പോലും അദ്ദേഹത്തിന്റെ നോവലുകൾക്കുള്ള ചാരുതകണ്ട് അത്ഭുതപ്പെടുന്നു. അവ വീണ്ടും വീണ്ടും വായിക്കുന്നു. മാഷാദൂവിനു മുമ്പും പിമ്പും നോവലിസ്റ്റുകളുണ്ടായിട്ടുണ്ട് ബ്രസീലിൽ. പക്ഷേ ആർക്കും അദ്ദേഹത്തെ അതിശയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ആ കലാകാരനെ the greatest of Brazillian Writers — ബ്രസീലിയൻ എഴുത്തുകാരിൽ ഏറ്റവും ഉന്നതൻ — എന്നു എല്ലാവരും വിശേഷിപ്പിക്കുന്നത്. മഹത്വമാർജ്ജിച്ച മൂന്നു നോവലുകളുണ്ട്, മാഷാദൂവിന്റേതായി; Memorias Postumas de Braz Cubas 1881, tr. Epitaph of a Small Winner 1952. Quincas Borba 1891 tr. Philosopher or Dog? 1954, Dom Casmurro 1900 tr. 1953.

മെമ്മോറിയാസ് പോസ്റ്റുമസ് ദി ബ്രാസ് ക്യൂബാസ് എന്ന നോവലിന്റെ പുറം ചട്ട

ആദ്യത്തെ നോവലിന്റെ തർജ്ജമക്കാരനെ അവലംബിച്ച് മാഷാദൂവിന്റെ ജീവചരിത്രത്തിലേക്ക് നമുക്കൊന്നുനോക്കാം. വീടുകൾ ചായമടിക്കുന്നവന്റെയും പോർച്ചുഗലിലെ ഒരു വെള്ളക്കാരിയുടെയും മകനായി 1839-ൽ അദ്ദേഹം ജനിച്ചു. കറുത്ത തൊലിയാർന്ന കുട്ടി. അമ്മ നേരത്തേ മരിച്ചുപോയതുകൊണ്ട് അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണ് മാഷാദൂവിനെ വളർത്തിയത്. ചെറുപ്പത്തിലേ അദ്ദേഹം സാഹിത്യത്തിൽ തല്പരനായി. മുപ്പത്തൊന്ന് വാല്യങ്ങളായിട്ടാണ് ഈ സാഹിത്യകാരന്റെ കൃതികൾ പ്രസാധനം ചെയ്തത്. മാഷാദൂ കൈവയ്ക്കാത്ത സാഹിത്യവിഭാഗമില്ല. ഇതിഹാസം, ഭാവഗീതം, നാടകം, നിരൂപണം, ചെറുകഥ, നോവൽ, ജേർണലിസം ഇവയിലെല്ലാം അദ്ദേഹത്തിന്റെ പ്രതിഭ പ്രവർത്തിച്ചു. എങ്കിലും മേൽപ്പറഞ്ഞ മൂന്നു നോവലുകളാണ് അദ്ദേഹത്തെ മഹായശസ്കനാക്കിയത്. 1869-ൽ അദ്ദേഹം തന്നെക്കാൾ അഞ്ചു വയസുകൂടിയ ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ചു. അനപത്യതയുടെ ദുഃഖത്തോടുകൂടി അവർ 1908-ൽ മരിച്ചു. മുപ്പത്തഞ്ചുകൊല്ലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ സ്ത്രീ മരിച്ചപ്പോൾ മാഷാദൂ മഹാ ദുഃഖത്തിനും ഏകാന്തതയ്ക്കും വിധേയനായി പിന്നീടു വളരെക്കാലം അദ്ദേഹം ജീവിച്ചിരുന്നില്ല. 1908 സെപ്റ്റംബർ 29-ആം തീയതി താൻ ജനിച്ച പട്ടണത്തിൽ വച്ച് മാഷാദൂ അന്തരിച്ചു. സൈനിക ബഹുമതിയോടുകൂടിയ സംസ്ക്കാരമാണ് സർക്കാർ ആ പ്രതിഭാശാലിയുടെ പ്രത്യക്ഷ ശരീരത്തിനു നൽകിയത്.

II

വിഷാദത്തിന്റെ പൂക്കള്‍ അടിമുടി വിടര്‍ന്നുനില്ക്കുന്ന ഒരു മഹാവൃക്ഷം പോലുള്ള ഈ പോര്‍ച്ചുഗീസ് നോവല്‍ മരിച്ച ബ്രാസ്‌ക്യൂബാസിന്റെ ആത്മകഥയുടെ രൂപത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ബ്രസീലുകാരനായ അയാള്‍ അറുപത്തിനാലാമത്തെ വയസ്സില്‍ മരിച്ചു. പതിനൊന്നു സുഹൃത്തുക്കളേ ആ മൃതദേഹത്തെ ശവപ്പറമ്പോളം പിന്‍തുടരുന്നുണ്ടായിരുന്നുള്ളൂ. ആ സമയത്ത് പ്രകൃതിതന്നെ മഴയിലൂടെ വിലപിക്കുകയായിരുന്നു. ഹാംലെറ്റിനെപോലെ “കണ്ടു പിടിക്കാത്ത രാജ്യ”ത്തിലേക്ക് അയാള്‍ യാത്ര ആരംഭിച്ചപ്പോള്‍ മൂന്നു സ്ത്രീകളേ അവിടെ ഉണ്ടായിരുന്നുള്ളു. ന്യുമോണിയ പിടിപെട്ടാണ്, അയാള്‍ മരിച്ചത്. ന്യുമോണിയ കൊണ്ടുതന്നെയാണോ അയാള്‍ക്കു അന്ത്യം സംഭവിച്ചത്? കഥ അതു വ്യക്തമാക്കും. മരിച്ച ബ്രാസ്‌ക്യൂബ് ആത്മകഥ ആവിഷ്കരിക്കുകയാണ്.

ഒരു ദിവസം ക്യൂബാസ് വൃക്ഷം ഒരു മനോഹരമായ പുഷ്പം വിടര്‍ത്തി.പോര്‍ച്ച്ഗലിലെ വിഖ്യാതനായ ഒരു മിഡ്‌വൈഫ് ബ്രാസിനെ കൈയില്‍ വാങ്ങി. ബോണപ്പാര്‍ട്ടിന്റെ മുഖഭാവമുള്ള ശിശു. അവന്‍ വളര്‍ന്നുവന്നു. പതിനേഴാമത്തെ വയസ്സില്‍ ബ്രാസ്, മാര്‍സെലയെ പ്രേമിച്ചു. പ്രേമഭാജനത്തിനു ഉള്ളതെല്ലാം വാരിക്കോരിക്കൊടുത്ത് ബ്രാസ് നിര്‍ദ്ധനന്‍ ആയപ്പോള്‍ അയാളുടെ അച്ഛന്‍ സ്പെയിനിലെ ഒരു സര്‍വകലാശാലയിലേക്ക് അയാളെ അയച്ചു. അവിടെ നിന്നു ഡിഗ്രി സമ്പാദിച്ചതിനുശേഷം ബ്രാസ് യൂറോപ്പിലാകെ സഞ്ചരിച്ചു. തന്റെ അമ്മ അര്‍ബ്ബുദ രോഗത്താല്‍ മരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ അയാള്‍ വീട്ടിലെത്തി അവരെ കണ്ടു. ബ്രാസിന്റെ അച്ഛന് ഒരാഗ്രഹമേയുള്ളു. മകന്‍ രാഷ്ട്രവ്യവഹാരത്തില്‍ പ്രവേശിച്ചു സുപ്രധാനനാകണം. അതിലേക്കുള്ള ഒരു മാര്‍ഗ്ഗം വെര്‍ജീലിയ എന്ന പെണ്‍കുട്ടിയെ തന്റെപുത്രന്‍ വിവാഹം കഴിക്കുക എന്നാതാണ്. ബ്രാസിന് അതത്ര സമ്മതമല്ലെങ്കിലും അച്ഛന്റെ അഭിലാഷത്തിന് എതിരു നില്‍ക്കാന്‍ അയാള്‍ സന്നദ്ധനായില്ല. പക്ഷേ വെര്‍ജീലിയ ലോബോ എന്ന യുവാവിനെ വിവാഹം കഴിച്ചു. വെര്‍ജീലിയയുടെ അച്ഛന്റെ സ്വാധീനശക്തിയാണ് ബ്രാസിന്റെ രാഷ്ട്രീയമായ ഉയര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗമായി ബ്രാസിന്റെ അച്ഛന്‍കണ്ടിരുന്നത്. വെര്‍ജീലീയയുടെ വിവാഹം ആ അഭിലാഷങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. ആ നൈരാശ്യം അദ്ദേഹത്തെ മരണത്തിലേക്കു നയിക്കുകയായി.

ബ്രാസിന്റെ പൂര്‍വ കാമുകി മാർസെല മരണത്തെക്കാള്‍ ഹീനമായ വൈരൂപ്യമാര്‍ജ്ജിച്ചു. വസൂരിയാണ് അവള്‍ക്കു ബീഭല്‍സാകാരം സമ്മാനിച്ചത്. മാര്‍സെല വൈരൂപ്യത്തിന്റെ ഉടലെടുത്ത രൂപമായി മാറിയപ്പോള്‍ വെര്‍ജീലിയയെ പണ്ടേ സ്നേഹിച്ചിരുന്ന ബ്രാസിന് വിവാഹിതയായ അവളോട് വേഴ്ച പുലര്‍ത്തുവാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ആ വേഴ്ച വെര്‍ജീലിയായുടെ ഗര്‍ഭധാരണത്തില്‍ കലാശിച്ചു. തന്റെ ശിശുവാണ് ഭാര്യയുടെ ഉദരത്തിലുള്ളതെന്ന് ലോബോ സ്വാഭാവികമായും വിശ്വസിച്ചു. പക്ഷേ ബ്രാസിനു വെര്‍ജീലിയയിലുണ്ടായ ശിശു ജീവിച്ചില്ല, പ്രസവവേളയില്‍ത്തന്നെ അതു മരിച്ചു. ഈ സംഭവത്തിനു മുന്‍പുതന്നെ വേറൊരു കഥാപാത്രം രംഗത്തു പ്രവേശിച്ചിട്ടുണ്ടായിരുന്നു. അയാളാണ് ബൊര്‍ബ. ഒരേസമയം കള്ളനും തത്ത്വചിന്തകനുമായിരുന്നു അയാള്‍. ബൊര്‍ബ ബ്രാസിന്റെ ‘വാച്ച്’ വരെ മോഷ്ടിച്ചെങ്കിലും അയാളുടെ ആശയങ്ങളുടെ ഉജ്ജ്വലത ബ്രാസിനെ അദ്ഭുതപ്പെടുത്തി.

നോവല്‍ പരിസമാപ്തിയിലെത്തുകയാണ്. ബൊര്‍ബെ മരിച്ചു. ബ്രാസിനു പ്രായമായി. രോഗാര്‍ത്തനായി അയാള്‍ വീണപ്പോള്‍ വിധവയായിത്തീര്‍ന്ന വെര്‍ജീലിയ അയാളെ കാണാന്‍ വന്നു. ബോധശൂന്യതയിലേക്കു വീഴുന്നതിനുമുന്‍പ് ബ്രാസ് ജീവിതത്തെ സംബന്ധിച്ചു കണക്കുകൂട്ടലുകള്‍ നടത്തി അയാള്‍ക്കു സന്താനമില്ല. അതുകൊണ്ട് മനുഷ്യന്റെ കഷ്ടപ്പാട് അതിന് പകര്‍ന്നുകൊടുക്കേണ്ടതായി വന്നില്ല ബ്രാസിന്.

III


മാഷാദു ദി ആസീസ്, 41ആം വയസിൽ

സത്യം വിഷാദാത്മകമല്ല, പ്രസാദാത്മകവുമല്ല. സത്യം നിസ്സംഗമായ സത്യം മാത്രമാണ്. മനുഷ്യർ സത്യത്തെ വിഷാദാത്മകമാക്കുന്നത് അവന്റെ മനോഭാവത്തെ അതില്‍ ആരോപിച്ചിട്ടാണ്. പ്രസാദാത്മകതയുടെ സ്ഥിതിയും അതുതന്നെ. അതുകൊണ്ട് മാഷാദൂ ജീവിതത്തെ വിഷാദാത്മകമായി ചിത്രീകരിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അസ്വാരസ്യം ഉണ്ടായെന്നു വരും. പക്ഷേ ആ അസ്വാരസ്യത്തെ ഒഴിവാക്കുമാറ് മാഷാദൂ സത്യത്തിന്റെ തോന്നല്‍ സൃഷ്ടിച്ച് അനുവാചകനെ മന്ത്രശക്തിക്ക് അടിമപ്പെടുത്തുന്നു. രചനയുടെ വൈദഗ്ധ്യം കൊണ്ടാണ് അദ്ദേഹം ഇതു നിര്‍വഹിക്കുന്നത്. ചന്ദ്രനെനോക്കി അമ്പിളിഅമ്മാവാ കൂടയിലെന്തുണ്ട്, എന്നു ചോദിക്കുമ്പോള്‍ ആ മൃതഗോളം അമ്മാവനല്ലെന്നും അതിനു കൂടെയില്ലെന്നും ശ്രോതാവിന് അറിയാം. ഇതിനെ മനസ്സിന്റെ കോണിലൊരിടത്തു ഒതുക്കിയിട്ട് ചന്ദ്രന്‍ അമ്മാവനാണെന്നുതന്നെ അയാള്‍ കരുതുന്നു. അയാളുടെ കൂട ശ്രോതാവു സങ്കല്പ മണ്ഡലത്തില്‍ കാണുകയും ചെയ്യുന്നു. സത്യത്തിന്റെ വ്യാമോഹത്തെ നേരിയ ദുഃഖം കൊണ്ടു പൊതിഞ്ഞ് ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് അനുവാചകനെക്കൊണ്ടു സമ്മതിപ്പിക്കാന്‍ മാഷാദൂവിന് കഴിയുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ ജീനിയസ്സിരിക്കുന്നത്. പ്രതിഭകൊണ്ട് ഒരു സത്യവ്യാമോഹം സൃഷ്ടിച്ചിട്ട് Everything must come to an end, some day. ഒരു ദിവസം എല്ലാം അന്ത്യത്തിലെത്തണം എന്നു മാഷാദൂ പറയുന്നു. നിങ്ങളുടെ സന്തതി കഷ്ടപെടാതിരിക്കണമെങ്കില്‍ ആ സന്തതിയുടെ ജനനത്തിന് കാരണക്കാരാവരുത് എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇത് ആകുലാവസ്ഥയിലേക്കു നമ്മളെ എറിയുന്നില്ല. അനുധ്യാനത്തിന്റെ പ്രശാന്താവസ്ഥയിലേക്കു കൊണ്ടുചെല്ലുന്നതേയുള്ളു. നര്‍മ്മഭാസുരമായ സ്ഫടികതുല്യമായ ആഖ്യാന പ്രവാഹത്തിലൂടെ നമ്മള്‍ ഒഴുകുന്നു. അപ്പോള്‍ അടിത്തട്ടില്‍ ചിന്തയുടെ വെള്ളാരങ്കല്ലുകള്‍ കിടക്കുന്നതു നമ്മള്‍ കാണുന്നു. ചിലത് ഇതാ:

“നിങ്ങളുടെ കാരുണ്യത്തിനു പ്രതിഫലമായി നന്ദികേടു ലഭിച്ചാല്‍ വൈഷമ്യം തോന്നരുത്. മുന്നാമത്തെ നിലയില്‍ നിന്നു താഴെ വീഴുന്നതിനെക്കാള്‍ നല്ലതാണല്ലോ സ്വപ്നമേഘങ്ങളില്‍ നിന്നു വീഴുന്നത്.”

“നമ്മള്‍ കാലത്തെ കൊല്ലുന്നു; കാലം നമ്മളെ കുഴിച്ചു മൂടുന്നു.”

“മറ്റൊരുവന്റെ വയറ്റുവേദനയെ നമ്മള്‍ ക്ഷമയോടെ സഹിക്കുന്നു.”

നോവലിലെ പ്രധാന കഥാപാത്രമായ ബ്രാസ് ക്യൂബാസ് പരിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ ഒരു സാധാരണക്കാരന്‍ മാത്രമാണ്. സമ്പന്നനായ അയാള്‍ ജീവിതത്തിലെ എല്ലാ സുഖങ്ങളും ആസ്വദിച്ചു. വൈവിധ്യവും വൈജാത്യവുമാര്‍ന്ന സംഭവങ്ങളിലെല്ലാം ബഹിര്‍ഭാവസ്ഥമായി അഭിരമിച്ചുകൊണ്ട് അയാള്‍ ആഹ്ലാദിച്ചു. പക്ഷേ അയാള്‍ അയാളായി മാറിയില്ല. തന്നെത്തന്നെ സാക്ഷാത്കരിച്ചില്ലെങ്കില്‍ അയാള്‍ക്കു വിഷാദമുണ്ടാകുമായിരുന്നില്ല. അങ്ങനെ ജീവിച്ചു ജീവിച്ച് കഷ്ടപ്പാടാണ് ജീവിതമെന്നു ഗ്രഹിച്ച് അയാള്‍ ഇവിടം വിട്ടുപോകുന്നു. അയാള്‍ക്ക് കുഞ്ഞുണ്ടാകാത്തത് ഭാഗ്യം. ഉണ്ടായെങ്കില്‍ അതും പില്ക്കാലത്തു കഷ്ടപ്പെട്ടെനേ. അയാള്‍ ജീവിതമാസ്വദിച്ചെങ്കിലും ദയനീയതയിലൂടെ നേടിയത് കുറച്ചുമാത്രം — A Small Winner — അത്രയേയുള്ളൂ.

കഥാപുസ്തകമെടുത്തു മുത്തശ്ശി എന്നും പേരക്കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുമായിരുന്നു. ആ കഥകള്‍ കേട്ട് അവന്‍ ആഹ്ലാദത്തില്‍ വീണിരുന്നു. ഒരു ദിവസം മുത്തശ്ശി ഇല്ലാത്തപ്പോള്‍ അവനു കഥയുടെ മണ്ഡലത്തില്‍ വിഹരിച്ചേ തീരൂ. എളുപ്പമല്ലേ അവന്‍ പുസ്തകമെടുത്തു തുറന്നു നോക്കി. പക്ഷേ കഥയില്ല. ഉള്ളത് കുറെ കറുത്ത വരകള്‍ മാത്രം. കഥാപ്രപഞ്ചത്തില്‍ അവനു പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ ഒരു സാഹിത്യതത്ത്വം ഒളിഞ്ഞിരിക്കുന്നു. നോവലിലെ വാക്കുകള്‍ പാരായണ സന്ദര്‍ഭത്തില്‍ അപ്രത്യക്ഷങ്ങളാവുകയും ഒരു ലോകം മാത്രം നമ്മുടെ മുന്‍പില്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നു. മാഷാദൂവിന്റെ നോവല്‍ വായിക്കൂ. വാക്കുകള്‍ നമ്മള്‍ കേള്‍ക്കുന്നില്ല. ഒരദ്ഭുത പ്രപഞ്ചം മാത്രം പ്രാദുര്‍ഭവിക്കുന്നു. ഇതു കലയുടെ പ്രപഞ്ചമാണ്. മഹാനായ കലാകാരനു മാത്രമേ ഇതു സൃഷ്ടിക്കാനാവു.