close
Sayahna Sayahna
Search

ബുദ്ധൻ


ബുദ്ധൻ
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

ഭരദ്വാജന്‍ എന്ന ധനികനായ ബ്രാഹ്മണന്‍ കൊയ്ത്തുകഴിഞ്ഞതു് ആഘോഷിക്കുകയായിരുന്നു. അപ്പോഴാണ് തഥാഗതന്‍ ഭിക്ഷാപാത്രവുമായി അയാളുടെ മുന്‍പില്‍ എത്തിയതു്. ധനികനു ദേഷ്യം വന്നു. അയാള്‍ അദ്ദേഹത്തോടു പറഞ്ഞു:– “ശ്രമണ, പിച്ചതെണ്ടുന്നതിനെക്കാള്‍ ജോലിചെയ്യുന്നതാണ് നല്ലതു്. ഞാന്‍ നിലം ഉഴുതുമറിക്കുന്നു. വിത്തു വിതയ്ക്കുന്നു. അങ്ങനെ ആഹാരം കഴിക്കുന്നു.” അതുകേട്ടു ഭഗവാന്‍:– “ഞാനും ഉഴുതുമറിക്കുകയും വിത്തുവിതയ്ക്കുകയും ചെയ്യുന്നുണ്ട്. അവരണ്ടും ചെയ്തതിന്റെ ഫലമായി ഭക്ഷണം കഴിക്കുന്നു.” ബ്രാഹ്മണന്‍ ചോദിച്ചു:– “നിങ്ങള്‍ കൃഷിക്കാരനാണോ? കലപ്പയെവിടെ?” ഭഗവാന്‍ മറുപടി നല്‍കി:– “വിശ്വാസമാണ് ഞാന്‍ വിതയ്ക്കുന്ന വിത്തു്. അതിനെ മുളപ്പിക്കുന്ന മഴയാണ് നല്ല പ്രവൃത്തികള്‍. വിവേകവും വിനയവുമാണ് കലപ്പ. എന്റെ മനസ്സാണ് ചരട്. നിയമത്തിന്റെ പിടിയിലാണ് ഞാന്‍ പിടിച്ചിരിക്കുന്നതു്. കാളകളെ ഓടിക്കാനുള്ള കമ്പ് എന്റെ താല്‍പര്യമാണ്. പ്രയത്നമാണ് കാള. മോഹത്തിന്റെ പാഴ്ച്ചെടികള്‍ ഇളക്കിമറിക്കാനാണ് ഞാന്‍ കലപ്പ ചലനം കൊള്ളിക്കുന്നതു്. അതിന്റെ ഫലമായ കൊയ്ത്തോ? നിര്‍വാണവും. അങ്ങനെ എല്ലാ ദുഃഖങ്ങളും അവസാനിക്കുന്നു.”

അതുകേട്ട് ബ്രാഹ്മണന്‍ സ്വര്‍ണ്ണപ്പാത്രത്തില്‍ പാൽക്കഞ്ഞി ഒഴിച്ച് തഥാഗതനു നല്‍കിയിട്ടു് പറഞ്ഞു:–“മനുഷ്യരാശിയുടെ ഗുരുനാഥനു് പാല്‍ക്കഞ്ഞി അമരത്വത്തിന്റെ ഫലം വിളയിക്കാന്‍ കലപ്പകൊണ്ട് പ്രവര്‍ത്തിക്കുകയാണല്ലോ.

ഈ അര്‍ത്ഥവാദകഥ ബുദ്ധന്റെ ജീവിതത്തെയും ജീവിത തത്ത്വചിന്തയേയും പ്രവര്‍ത്തനമാര്‍ഗ്ഗത്തെയും മനോഹരമായി ആവിഷ്കരിക്കുന്നു. കടലുപോലെ പരന്നതാണ് ആ ജീവിതവും തത്ത്വചിന്തയും കര്‍മ്മപദ്ധതിയും. പക്ഷേ കടലിലെ വെള്ളത്തിന്റെ ഒരു തുള്ളിയില്‍ കടലിന്റെ എല്ലാ ധര്‍മ്മവുമുള്ളതുപോലെ ഈ കൊച്ചുകഥയില്‍ തഥാഗതനെസ്സംബന്ധിച്ച എല്ലാംതന്നെ ഉൾക്കൊണ്ടിരിക്കുന്നു.

തഥാഗതന്‍, സിദ്ധാര്‍ത്ഥന്‍, ബുദ്ധന്‍, ശാക്യമുനി ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ മഹാത്മാവിന്റെ ജീവിതകഥ സര്‍വവിദിതമാണ്. അതുകൊണ്ടു് ആവര്‍ത്തന ദോഷത്തോടുകൂടി മാത്രമേ അനതിവിസ്തരമായിട്ടുപോലും അവയെക്കുറിച്ചു പറയാനാവൂ. എന്തായാലും ‘ബുദ്ധചരിത’മെന്ന സുന്ദരമായ കാവ്യമെഴുതിയ അശ്വഘോഷനോടുകൂടി നമുക്കു തെല്ലൊന്നു സഞ്ചരിക്കാമോ? കപില മഹര്‍ഷിയുടെ ആവാസസ്ഥാനമായ ഒരു പട്ടണം പണ്ടുണ്ടായിരുന്നു. അതിനു തുല്യമായ വേറൊരു നഗരമില്ല. ആ നഗരത്തിലെ സ്ത്രീകളുടെ ചന്ദ്രസദൃശമായ മുഖങ്ങളെ അപമാനിക്കാന്‍ സൂര്യനുപോലും സാധിച്ചില്ല. ആ ഭാനുമാന്‍ ഉത്കടവികാരത്താലെന്നപോലെ തണുത്ത ജലത്തില്‍ മുങ്ങുവാന്‍ പശ്ചിമ സമുദ്രത്തിലേക്കു തിടുക്കത്തില്‍ യാത്രയാവുന്നു. ഗോപുരങ്ങളും കവാടങ്ങളും രത്ന ശോഭയാര്‍ന്ന വീടുകളും നിറഞ്ഞ ആ നഗരത്തില്‍ ശാക്യന്മാരുടെ രാജാവായി ശുദ്ധോദനന്‍ വാണരുളിയിരുന്നു. മായയില്‍നിന്നു് (വ്യാജത്തില്‍നിന്നു്) മോചനം നേടിയ മായയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ആ രാജ്ഞിയുടെ ഗര്‍ഭാശയത്തിലേക്കു ബോധിസത്ത്വന്മാരില്‍ ഉത്കൃഷ്ടനായവന്‍ നന്ദഗുഹയില്‍ നാഗരാജാവിനെപ്പോലെ പ്രവേശിച്ചു. വാരിദമാല മിന്നല്ക്കൊടിയെ ഉള്‍ക്കൊള്ളുന്നതുപോലെ ഗര്‍ഭാശയത്തില്‍ ബോധിസത്ത്വനെ രാജ്ഞി വഹിച്ചു. ഒരു ദിവസം ലുംബിനി ഉദ്യാനത്തില്‍വച്ചു് അവര്‍ ആ ബോധിസത്ത്വനെ പ്രസവിച്ചു. മേഘത്തില്‍നിന്നു് പൊട്ടിവരുന്ന സൂര്യനെപ്പോലെ അവതരിച്ച ആ ശിശു ലോകത്തെ സ്വര്‍ണ്ണംപോലെ തേജോമയമാക്കി. “സപ്തര്‍ഷിതാര സദൃശ”നായ ആ ശിശു ഏഴുചുവടു മുന്നോട്ടുവച്ചിട്ട് പ്രഖ്യാപിച്ചു. “ഞാന്‍ ജനിച്ചതു് ജ്ഞാനസാക്ഷാത്കാരത്തിനാണ്. പ്രപഞ്ചത്തിന്റെ നന്മയ്ക്കായിട്ടാണ്. ഇതാണ് എന്റെ അവസാനത്തെ ജന്മം.(ബുദ്ധചരിതം ഒന്നാം സര്‍ഗ്ഗം. ബോധായ ജാതോ/സ്‌മി എന്നുതുടങ്ങുന്ന 33-ആമത്തെ ശ്ലോകം നോക്കുക.)

ശാക്യപുത്രന്‍ വളര്‍ന്നുവന്നു. വിവാഹിതനായി. സുന്ദരിയും വിനയാന്വിതയും യശസ്വിനിയുമായ യശോധരയെയാണു് അദ്ദേഹം സഹധര്‍മ്മിണിയായി സ്വീകരിച്ചതു്. അവര്‍ക്കു് ഒരാണ്‍കുഞ്ഞു ജനിച്ചു. രാഹുലന്‍. രാഹു ശത്രുവായ സൂര്യന്റെയോ ചന്ദ്രന്റെയോ മുഖകാന്തിയുള്ള രാഹുലന്‍. ഒരു ദിവസം ശാക്യപുത്രന്‍ സ്വര്‍ണ്ണരഥത്തില്‍ കയറി വനത്തിലേക്കുപോയി. രാജകുമാരനെ കാണാന്‍ സുന്ദരികള്‍ വാതായനങ്ങളിലൂടെ നോക്കി. താമരപ്പൂവിന്റെ ഭംഗിയുള്ള മുഖങ്ങള്‍. അവരുടെകാതുകളില്‍ മനോഹരങ്ങളായ കുണ്ഡലങ്ങള്‍. ഹര്‍മ്മ്യങ്ങളില്‍ ചേര്‍ത്തുവച്ച യഥാര്‍ത്ഥങ്ങളായ താമരപ്പൂക്കളാണ് ആ സുന്ദരികളെന്നു തോന്നി. (വാതായനേഭ്യസ്തു ഖിനി:സൃതാനി പരസ്പരോപാസിത കുണ്ഡലാനി സ്ത്രീണാം വിരേജൂര്‍മുഖ പങ്കജാനി സക്താനി ഹര്‍മ്മ്യേഷ്വിവ പങ്കജാനി 3–19.)

രഥം സഞ്ചരിച്ചുകൊണ്ടിരുന്നു. കുമാരന്‍ തേരോടിക്കുന്നവനോടു ചോദിച്ചു.“സൂത, വെളുത്ത തലമുടിയോടുകൂടി, വടിയൂന്നി, പുരികങ്ങള്‍ക്കുതാഴെ മറഞ്ഞ കണ്ണുകളോടുകൂടി, ശിഥിലാനതാംഗനായി വരുന്ന ആ ആളാരു്? ഇതു് അയാളില്‍ വന്ന മാറ്റമോ? അതോ സ്വാഭാവികാവസ്ഥയോ? അതോ യാദൃച്ഛികമോ? സൗന്ദര്യത്തെ ഇല്ലാതാക്കുന്നതും ഓജസ്സിനെ നശിപ്പിക്കുന്നതും വിഷാദത്തിനു ഹേതുവായതും ആഹ്ളാദങ്ങളെ ഒടുക്കുന്നതും സ്മരണകളെ അപ്രത്യക്ഷങ്ങളാക്കുന്നതും ആയ വാര്‍ദ്ധക്യമാണതു് എന്നു സൂതന്‍ രാജകുമാരനോടു പറഞ്ഞു. രഥം തിരിച്ചു വിടാന്‍ അദ്ദേഹം കല്പിച്ചു. തുടര്‍ന്നു രണ്ടു രഥയാത്രകള്‍കൂടിയുണ്ടായി. രണ്ടാമത്തേതില്‍ അദ്ദേഹം രോഗിയെകണ്ടു. മൂന്നാമത്തേതില്‍ മൃതദേഹം കണ്ടു.“ഇതാണ് എല്ലാ ജീവികളുടെയും ആത്യന്തികാവസ്ഥ” എന്നു തേരോടിക്കുന്നവന്‍ ശാക്യപുത്രനെ ധരിപ്പിച്ചു.

ശാക്യപുത്രന്‍ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിന്റെ ഹേതു അസത്യാത്മകമെങ്കിലും പ്രതിരൂപാത്മകമായ സംഭവങ്ങളിലൂടെ ഇങ്ങനെ ആവിഷ്‌കൃതമാകുന്നു. ഉറങ്ങിക്കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് കന്ദകമെന്ന കുതിരയുടെ പുറത്തുകയറി അദ്ദേഹം സൂതനോടൊരുമിച്ച് കാട്ടിലേക്കുപോയി. (അഭിരുഹ്യ സ കന്ദകം സദശ്വം പ്രയയൌ… ബുദ്ധചരിതം സര്‍ഗ്ഗം 5 ശ്ലോകം 3. കുതിരയ്ക്കു കംഥകമെന്നും പേരു് കുമാരനാശാന്റെ ബുദ്ധചരിതത്തില്‍ കാന്തകമെന്നു കണ്ടു. ചിന്തനീയമായിരിക്കുന്നു അതു്) കാട്ടില്‍വച്ച് അദ്ദേഹം നീണ്ട തലമുടി മുറിച്ചു. യാചകന്റെ വസ്‌ത്രം വാങ്ങി ധരിച്ചു. സൂതനെ തിരിച്ചയച്ചു. മാരന്‍ ശാക്യമുനിയുടെ മുന്‍പില്‍വന്നു് അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ മാരന്‍ പരാജയപ്പെട്ടതേയുള്ളു. പിന്നെ സന്ന്യാസത്തിലൂടെ, ശാരീരിക പീഡനങ്ങളിലൂടെ അദ്ദേഹം കടന്നുവന്നു. ശാരീരിക പീഡനവും ആത്മ പീഡനവും സത്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളല്ലെന്നു ഗ്രഹിച്ച അദ്ദേഹം ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ധ്യാനനിരതനായി. പ്രഭാത നക്ഷത്രമുദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജ്ഞാനനേത്രം തുറന്നു. തന്റെ ജീവിതം വിടരുന്നതുപോലെ മുനിക്കു തോന്നി. അതോടെ പരമസത്യം അദ്ദേഹം സാക്ഷാത്കരിച്ചു. ആ സാക്ഷാത്കാരമുണ്ടായപ്പോള്‍ അദ്ദേഹം ബുദ്ധനായി മാറി.

ബുദ്ധന്റെ ഉദ്‌ബോധനങ്ങളും വിദിതങ്ങളാണ്. അതുകൊണ്ട് ആവര്‍ത്തന വൈരസ്യം ഉളവാക്കാതെ അവയെ പ്രതിപാദിക്കാന്‍ വയ്യ. ജീവിതം ദുഃഖമാണ് എന്നാണ് അദ്ദേഹം പഠിപ്പിച്ചതു്. അഭിലാഷം, അസൂയ, ഉത്കണ്ഠ, ശത്രുത, അഹങ്കാരം, രോഗം, വാര്‍ദ്ധക്യം, മരണം ഇവയെല്ലം ജീവിതത്തിലുണ്ട്. അവ ദുഃഖത്തിനു കാരണങ്ങളും. ഇതുതന്നെയാണ് ബുദ്ധന്‍ ചൂണ്ടിക്കാണിച്ച ആദ്യത്തെ സത്യം. രണ്ടാമത്തേതു് വൈഷയികത്വത്തിന്റെ സംതൃപ്‌തിക്കുവേണ്ടിയുള്ള ഒടുങ്ങാത്ത അഭിലാഷം. അതിനെ തൃഷ്ണയെന്നു വിളിക്കാം. ദുഃഖമില്ലാതാവുന്നതു നിര്‍വാണത്തിലൂടെയാണ്. അഭിലാഷത്തിന്റെ അഗ്നി കെട്ടട‌ങ്ങുമ്പോള്‍ നിര്‍വാണമായി. ഇതാണ് ബുദ്ധന്റെ മൂന്നാമത്തെ സത്യം. നിര്‍വാണം പ്രാപിക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കണം. നല്ല ദൃഷ്ടി, നല്ല സങ്കല്പം, നല്ല വാക്കു്, നല്ല കര്‍മ്മം,നല്ല ജീവസന്ധാരണം, നല്ല യത്നം, നല്ല വിചാരം നല്ല സമാധി ഇവയാണ് അഷ്ടമാര്‍ഗ്ഗങ്ങള്‍. ഈ നാലു സത്യങ്ങളിലൂടെയുള്ള നിര്‍വാണമാണ് ബുദ്ധന്‍ പ്രചരിപ്പിച്ചതു്.

നമ്മള്‍ ബുദ്ധന്റെ ജീവിതാസ്തമയത്തോടു് അടുക്കുകയാണ്. അദ്ദേഹം ശിഷ്യനായ ആനന്ദനോടൊരുമിച്ചു സഞ്ചരിച്ചു. സുന്ദരമായ വൈശാലി നഗരം കടന്നു് പാവ എന്ന പേരുള്ള ഗ്രാമത്തിലെത്തി. ഒരു കൊല്ലപ്പണിക്കാരന്റെ മാന്തോപ്പില്‍ അദ്ദേഹം വിശ്രമിച്ചു.അയാള്‍ ബുദ്ധനെയും ശിഷ്യന്മാരെയും സല്‍ക്കരിച്ച വേളയില്‍ കുമിളുകൊണ്ടുണ്ടാക്കിയ ഒരു ഉപദംശം അവര്‍ക്കു നല്കി. അതു കഴിച്ചതോടെ ബുദ്ധനു് വയറ്റുവേദനയുണ്ടായി. അതു രക്താതിസാരത്തില്‍ കലാശിച്ചു. എങ്കിലും അദ്ദേഹം നടന്നു നടന്നു കുശിനഗരത്തിലെത്തി. കപിലവസ്തുവിന്റെ തെക്കുകിഴക്കേ ഭാഗത്താണ് കുശിനഗരം. അവിടെനിന്നു് അദ്ദേഹത്തിനു മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ശിഷ്യന്മാര്‍ വൃക്ഷച്ചുവട്ടില്‍ അദ്ദേഹത്തിനു ശയനീയമൊരുക്കി.മരണം തന്നെ സമീപിക്കുകയാണെന്നു് ശാക്യമുനി ഗ്രഹിച്ചു. ആ സ്ഥലത്തെ ആളുകള്‍ നിര്‍വാണ നിമഗ്നനാകാന്‍ പോകുന്ന ബുദ്ധനെ കാണാനെത്തി.അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സന്യാസിക്ക് ഉപദേശങ്ങള്‍ നല്‍കി അദ്ദേഹത്തേയും സ്വന്തം മതത്തിലേക്കു ബുദ്ധന്‍ സ്വീകരിച്ചു. ആ മഹാത്മാവിന്റെ അന്ത്യവചനം ഇതായിരുന്നു: “എല്ലാ സംഗ്രഥിത വസ്തുക്കളിലും ജീര്‍ണ്ണത അടങ്ങിയിരിക്കുന്നു. പരിത്രാണത്തിലെത്താന്‍ ശ്രദ്ധയോടെ പ്രയത്നിക്കു” അര്‍ദ്ധരാത്രിയായപ്പോള്‍ ബുദ്ധന്‍ ഈ ലോകം ഉപേക്ഷിച്ചു. ബുദ്ധമതക്കാര്‍ അതിനെ പരിനിര്‍വാണമെന്നു വിളിക്കുന്നു.

ബുദ്ധന്‍ പ്രചരിപ്പിച്ച നിര്‍വാണത്തിന്റെ അര്‍ത്ഥമെന്തെന്നു് സ്പഷ്ടമല്ല. ശൂന്യതാവാദികളായ ചിലര്‍ അതിനെ ലോകത്തിന്റെ നിശ്ശേഷ ശൂന്യതയായി കാണുന്നു. ശൂന്യതയും നാശവും ജീവിതത്തിന്റെ പരമലക്ഷ്യമായി അവര്‍ കരുതുന്നു. വേറെ ചിലര്‍പറയുന്നു നിര്‍വാണമെന്ന പദംകൊണ്ടു ബുദ്ധന്‍ ലക്ഷ്യമാക്കിയതു് ആത്മാംശത്തിന്റെയും പ്രപഞ്ചത്തിന്റെയും നാശത്തെയാണെന്നു്. ഒടുങ്ങാത്ത വാദപ്രതിവാദം. അതു് എന്തുമാകട്ടെ. ദുഃഖം എപ്പോഴുമുണ്ട് എന്നതു് ഊന്നിപ്പറഞ്ഞ തത്ത്വചിന്തകനായിരുന്നു ബുദ്ധന്‍. അദ്ദേഹത്തിന്റെ അന്ത്യം നോക്കു. താന്‍ പ്രചരിപ്പിച്ച തത്ത്വം ശരിയായിരുന്നുവെന്നു് അതു് തെളിയിക്കുന്നില്ലേ?

മനുഷ്യന്റെ മഹത്ത്വവും ക്ഷുദ്രത്വവും ഏതുതരത്തിലുമുള്ളതാകട്ടെ. മരണം അതില്‍ വ്യത്യാസം കല്പിക്കുന്നില്ല. സൊക്രട്ടീസിനു വിഷം കുടിച്ചു മരിക്കേണ്ടിവന്നു. യേശുക്രിസ്തുവിനു കുരിശില്‍ക്കിടന്നും. മഹാത്മാഗാന്ധി വെടിയേറ്റു് മരിച്ചു. ശ്രീരാമകൃഷ്ണപരമഹംസന്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വന്നാണ് മരിച്ചതു്. രമണ മഹര്‍ഷി രക്താര്‍ബ്ബുദത്താലും. യാചകന്റെ ശ്വാസകോശം കാര്‍ന്നു് ഒടുക്കുന്ന ക്ഷയരോഗാണുതന്നെയാണ് പ്രതിഭാശാലിയായ കീറ്റ്സിന്റെയും ശ്വാസകോശം നശിപ്പിച്ചതു്.(ആശയം ഷെറിങ്ടണിന്റേതു്) ലോകം കണ്ട മഹാന്മാരില്‍ സുപ്രധാനനായ ബുദ്ധന്‍ രക്താതിസാരം പിടിച്ചാണ് ഇവിടം വിട്ടുപോയതു്. പ്രകൃതിക്കു മഹാനെന്നും നിസ്സാരനെന്നുമുള്ള വ്യത്യാസമില്ല. അതു് എല്ലാവരെയും ഒന്നുപോലെ ഗ്രസിക്കുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ടു്. മഹാന്മാര്‍ക്കു നിസ്സംഗമായി മരണത്തിനു് അഭിമുഖീഭവിച്ചു നില്ക്കാന്‍ കഴിയും. സൊക്രട്ടിസ് മരണത്തെ എത്ര ധീരതയോടെ കണ്ടുവോ അതേ ധീരതയോടെ ബുദ്ധനും കണ്ടു. ശരീരം ഈ ലോകത്തു് ആവിര്‍ഭവിച്ചു. അതിനു ഒരു ദിവസം മരണമുണ്ടായേ പറ്റൂ. അതിനാലാണ് ബുദ്ധമതവിശ്വാസി ഉദ്ഘോഷിക്കുന്നതു്, “മരണത്തിന്റെ ഹേതു രോഗമല്ല, ജനനമാണ്” എന്നു്. ജനിച്ച ബുദ്ധന്‍ മരണത്തെ സമാശ്ലേഷിച്ചു. പരമസത്യം സാക്ഷാത്കരിച്ച അദ്ദേഹത്തിനു് ഭയമില്ലായിരുന്നു. ഭയമില്ലായിരുന്നുവെന്നു മാത്രമല്ല, ആഹ്ളാദമുണ്ടായിരുന്നുതാനും. മരണത്തിലേക്കു അദ്ദേഹം കടക്കുമ്പോഴാണ് ഒരു സന്യാസി സംശയപരിഹാരത്തിനു് എത്തിയതു്. ബുദ്ധശിഷ്യനായ ആനന്ദന്‍ ഗുരുവിനെ ക്ലേശിപ്പിക്കരുതല്ലോ എന്നു വിചാരിച്ച് ആ സന്യാസിയെ തടഞ്ഞു. അവരുടെ സംഭാഷണം കേള്‍ക്കാനിടയായ ബുദ്ധന്‍ സന്ന്യാസിയെ അടുത്തേക്കു വിളിച്ചു. സംശയങ്ങള്‍ പരിഹരിച്ചു. അദ്ദേഹം ബുദ്ധമതാനുയായി ആകുകയും ചെയ്തു. ബുദ്ധനും സൊക്രട്ടിസിനുമല്ലാതെ ഇത്തരത്തില്‍ മരണത്തെ ഭയരഹിതനായി നോക്കാന്‍ വേറെ ആര്‍ക്കാണു കഴിയുക? രാഷ്ട്രവ്യവഹാരത്തിന്റെ ജീവിതത്തില്‍നിന്നും സമൂഹത്തിന്റെ ജീവിതത്തില്‍നിന്നും മതത്തെ മോചിപ്പിച്ച മഹാപുരുഷനാണ് ബുദ്ധന്‍. അങ്ങനെ മോചിപ്പിച്ചു് വിശുദ്ധമായ ആധ്യാത്മികതയിലേക്കു അതിനെ അദ്ദേഹം ഉയര്‍ത്തി. മരണത്തിനു ഹേതു ജനനമാണ് എന്നറിഞ്ഞിരുന്ന അദ്ദേഹം ഒരിടത്തും ഇടറിയില്ല, പതറിയില്ല. മരണം മുന്‍പിലെത്തിയപ്പോഴും അദ്ദേഹം ചലനംകൊണ്ടില്ല.അദ്ദേഹത്തിന്റെ ജീവിതസങ്കല്പവും മരണസങ്കല്പവും നമ്മള്‍കൂടി അംഗീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ ദുരവസ്ഥ ജനിക്കില്ലായിരുന്നു.