close
Sayahna Sayahna
Search

ബ്രെഹ്‌റ്റിന്റെ കലാസങ്കല്പം


ബ്രെഹ്‌റ്റിന്റെ കലാസങ്കല്പം
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

മഹാനായ കലാകാരന്‍ എന്ന് ഒരുകൂട്ടരും കമ്മ്യൂണിസത്തിന്റെ പ്രചാരകന്‍ എന്നു വേറൊരുകൂട്ടരും യഥാക്രമം സ്തുതിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ബ്രെഹ്‌റ്റ് (Brechit, 1898–1956) നിഷ്പക്ഷ ചിന്താഗതിയുള്ളവര്‍ക്കു് കലാകാരനും കമ്മ്യൂണിസ്റ്റുമായിട്ടാണ് പ്രത്യക്ഷനാവുക. കലാകാരന്‍ എന്നുമാത്രം പറഞ്ഞാല്‍ മതിയാവുകയില്ല. ബ്രെഹ്‌റ്റ് വലിയ നാടകകാരനും വലിയ കവിയുമാണ്. സിദ്ധാന്തപരമായി അദ്ദേഹം കമ്മ്യൂണിസത്തില്‍ വിശ്വസിച്ചു. ഈ ജര്‍മ്മനെഴുത്തുകാരന്റെ കലാസിദ്ധാന്തങ്ങള്‍ എന്തെല്ലാം? അവ എത്രകണ്ടു മൗലികങ്ങളും ഉത്കൃഷ്ടങ്ങളുമാണ്? ഈ ചോദ്യങ്ങള്‍ക്കാണ് നമ്മള്‍ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതു്.

മനുഷ്യസ്വഭാവം ശാശ്വതമാണ്.വികാരങ്ങള്‍ക്കു മാറ്റമില്ല എന്ന സങ്കല്പം ഒന്നു്. മനുഷ്യസ്വഭാവത്തിനും വികാരത്തിനും ശാശ്വത ഭാവമില്ല എന്ന സങ്കല്പം രണ്ടു്.ആദ്യത്തേതു് പരമ്പരാഗതമാണ്. രണ്ടാമത്തേതു് മാര്‍ക്സിസത്തോടു ബന്ധപ്പെട്ടതും.സാമ്പദികവും സാമൂഹികവുമായ സ്ഥിതിഗതികള്‍ മാറുമ്പോള്‍ മനുഷ്യന്റെ സ്വഭാവവും വികാരവും മാറുമെന്നാണ് മാര്‍ക്സിസം സ്ഥാപിക്കുന്നതു്. കമ്മ്യൂണിസത്തില്‍ വിശ്വസിച്ച ബ്രെഹ്റ്റ് ഇതിനു അനുരൂപമായ വിധത്തില്‍ ഒരു നാടക സങ്കല്പം പ്രചരിപ്പിച്ചു.

ദുഷ്യന്തനായി അഭിനയിക്കുന്ന ആള്‍ ആ രാജാവുമായി താദാത്മ്യം പ്രാപിച്ചിട്ട് താന്‍ ദുഷ്യന്തനാണ് എന്നു വിചാരിക്കുന്നു. ആ അഭിനേതാവിനെ നാടകവേദിയില്‍ കാണുന്ന സദസ്സിലെ ഓരോ വ്യക്തിയും വികാരങ്ങള്‍ പകര്‍ന്നു കിട്ടിയിട്ട് താനും ദുഷ്യന്തനാണെന്നു കരുതുന്നു. ഇങ്ങനെ യാഥാതഥ്യത്തിന്റെ വ്യാമോഹം ഉളവാക്കിയിരുന്നു പ്രാചീന നാടകം. ഈ സങ്കല്പവും യാഥാതഥ്യത്തിന്റെ തോന്നലുളവാക്കലും ശരിയല്ലെന്നാണ് ബ്രെഹ്റ്റിന്റെ അഭിപ്രായം. കാരണം ദുഷ്യന്തന്റെ വികാരങ്ങള്‍ ആ രാജാവിന്റെ മാത്രമാണ്. ഇന്നു മനുഷ്യന്‍ മാറിപ്പോയി. മാറിയ മനുഷ്യനു് ദുഷ്യന്തനുമായി താദാത്മ്യം പ്രാപിക്കാന്‍ വയ്യ. ഇനിയും മനുഷ്യസ്വഭാവം മാറും. മാറ്റേണ്ടതായും വരും. അതിനാല്‍ യാഥാതഥ്യത്തിന്റെ വ്യാമോഹം സൃഷ്ടിക്കുന്ന പഴയ നാടക സങ്കല്പം പരിത്യജിക്കപ്പേടേണ്ടതാണ്. അതിനു പകരമായി പ്രേക്ഷകരെ നാടകത്തിന്റെ ക്രിയാംശത്തില്‍നിന്നു് മാറ്റിനിറുത്തണം. അന്യവത്കരണബോധമുണ്ടാക്കണം അവര്‍ക്കു്. ശാകുന്തളം നാടകം കാണുന്നവര്‍ക്കു് ‘ഇതാ ഇവിടെ എല്ലാം സംഭവിക്കുന്നു’ എന്ന തോന്നലാണ്. ബ്രെഹ്റ്റിന്റെ യഥാതഥനാടകം കാണുന്നവര്‍ക്കു് ‘അതാ അവിടെ–പണ്ടു്–എല്ലാം സംഭവിച്ചു’ എന്നു തോന്നും. പഴയ നാടകം കാണുമ്പോള്‍ പ്രേക്ഷകന്റെ വിമര്‍ശന പ്രവണത സുഷുപ്തിയില്‍ ലയിക്കുന്നു. പുതിയ നാടകത്തിന്റെ ദര്‍ശനത്തില്‍ അവന്റെ വിമര്‍ശനപ്രവണത ഉദ്ദീപ്തമാകുന്നു. ദുഷ്യന്തന്‍ അങ്ങനെ സാമൂഹികപരിതഃസ്ഥിതികളുടെയും രാജനീതികളുടെയും സന്താനമാണ്. അതുകൊണ്ടാണ് അയാള്‍ സവിശേഷമായ രീതിയില്‍ പ്രവര്‍ത്തിച്ചതു്. ഇന്നു് ആ സാമൂഹിക പരിതഃസ്ഥിതികളല്ല. അന്നത്തെ രാജനീതിയില്ല. അതിനാല്‍ യാഥാര്‍ഥ്യത്തിന്റെ വ്യാമോഹമുളവാക്കാതെ, കഥാപാത്രത്തോടു അഭിനേതാവു് താദാത്മ്യം പ്രാപിക്കാതെ നാടകം അഭിനയിച്ചാല്‍ കുത്സിതമായ അന്നത്തെ സാമൂഹിക പരിതഃസ്ഥിതികളേയും രാജനീതികളെയും വിമര്‍ശിക്കാന്‍ പ്രേക്ഷകന്റെ മനസ്സു് സന്നദ്ധമാവും. മാത്രമല്ല അന്നത്തേതിനു് തുല്യ്മായി എന്തെങ്കിലും കുത്സിതത്വം ഇന്നുണ്ടെങ്കില്‍ മാറ്റേണ്ടതാണെന്നും ദ്രഷ്ടാവിനു് തോന്നും. ഇങ്ങനെ സ്വന്തം സമുദായത്തിനു് വിപ്ലവാത്മകമായ പരിവര്‍ത്തനം വരുത്താന്‍ സഹായിക്കണം നാടകം. പരമ്പരാഗതമായ നാടകസങ്കല്പത്തെയും തന്റെ നാടകസങ്കല്പത്തെയും ബ്രെഹ്റ്റ്തന്നെ സ്പഷ്ടമാക്കിയിട്ടുണ്ടു് സുവ്യക്തതയോടെ.

അതു് ഇതാ
പഴയ നാടകം കാണുന്നവന്‍ പറയുന്നു
അതേ, അതു തന്നെയാണ് എന്റെയും അനുഭവം. ഞാന്‍ ഇതുപോലെ തന്നെ — ഇതു സ്വാഭാവികമത്രേ — എപ്പോഴും ഇതു് ഇങ്ങനെ തന്നെയായിരിക്കും — ഈ മനുഷ്യന്റെ വേദനകള്‍ എന്നെ ചലനം കൊള്ളിക്കുന്നു; കാരണം അയാള്‍ക്കു വേറെ ഒരു മാര്‍ഗ്ഗവുമില്ല എന്നതാണ് — ഇതു മഹനീയമായ കലയാണ്. അനിവാര്യമായതിന്റെ മുദ്ര ഇതിനുണ്ടു്. നാടകവേദിയില്‍ കരയുന്നവരോടൊപ്പം ഞാനും കരയുന്നു. ചിരിക്കുന്നവരോടൊപ്പം ഞാനും ചിരിക്കുന്നു.
പുതിയ നാടകം കാണുന്നവന്‍ പറയുന്നു
ഞാനൊരിക്കലും അങ്ങനെ വിചാരിക്കാന്‍ പാടില്ലായിരുന്നു — ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നതു് — ഇതു് വിസ്മയാവഹം, വിശ്വസിക്കാനേ വയ്യ — ഇതു് അവസാനിപ്പിക്കണം — ഈ മനുഷ്യന്റെ വേദന എന്നെ ചലനംകൊള്ളിക്കുന്നു; കാരണം അയാള്‍ക്കു ഒരു മാര്‍ഗ്ഗം കാണുമായിരുന്നു എന്നതാണ്–ഇതു മഹനീയമായ കലയാണ്; ഒന്നുമിവിടെ അനിവാര്യമായി കാണപ്പെടുന്നില്ല — നാടകവേദിയില്‍ കരയുന്നവരെനോക്കി ഞാന്‍ ചിരിക്കുന്നു. ചിരിക്കുന്നവരെനോക്കി കരയുകയും.

പഴയ നാടകത്തെ ഡ്രാമാറ്റിക് നാടകമെന്നും പുതിയ നാടകത്തെ എപിക് ഡ്രാമയെന്നും ബ്രെഹ്റ്റ് വിളിക്കുന്നു. ആദ്യത്തേതു് എല്ലാം കൂടിച്ചേര്‍ന്നു് ഒരു സത്തയായിത്തീരുന്നു. രണ്ടാമത്തേതില്‍ ആ ഒന്നായി ചേരലില്ല. ഓരോ രംഗവും വെവ്വേറെ നില്ക്കുന്നു. എപിക് ഡ്രാമയിലെ ഒരു രംഗം പ്രത്യേകമായി എടുത്തും അഭിനയിക്കാം. എപിക്കില്‍ — ഇതിഹാസത്തില്‍ — വിവിധ സംഭവങ്ങളുടെ ആഖ്യാനമാണല്ലോ ഉള്ളതു്. നൂതന നാടകത്തിലും അങ്ങനെതന്നെ.

അഭിനേതാവിന്റെ അഭിനയത്തിലും മാറ്റമുണ്ടായേ മതിയാവൂ. ദുഷ്യന്തനായി നാടകവേദിയില്‍ വരുന്നയാള്‍ ദുഷ്യന്തനാണ് താനെന്നു വിചാരിച്ചുകൂടാ. ഭൂതകാലത്തു്, സവിശേഷതയാര്‍ന്ന സന്ദര്‍ഭത്തില്‍ ദുഷ്യന്തന്‍ എന്നൊരാള്‍ എന്തൊക്കെ ചേഷ്ടകള്‍ കാണിച്ചുവോ ആ ചേഷ്ടകളെ അഭിനേതാവും കാണിക്കണമെന്നേയുള്ളു. ലേഖനമെഴുതുമ്പോള്‍ പദ്യഭാഗങ്ങള്‍ ഉദ്ധരിക്കാറില്ലേ. അതുപോലെ പൂര്‍വകാല വ്യക്തിയുടെ മുഖഭാവവും മറ്റും അഭിനേതാവു് ‘ഉദ്ധരിക്ക’ണം. ഉദ്ധാരണചിഹ്നങ്ങള്‍ക്ക് അകത്തുള്ള ഉദ്ധരണിയാണ് അഭിനയം. (മാര്‍ട്ടിന്‍ എസ്ലിനോടു കടപ്പാട് ഈ പ്രയോഗത്തിനു്) ബ്രെഹ്റ്റ്തന്നെ ഈ അഭിനയരീതിയെ ഉദാഹരണം കൊണ്ടു വ്യക്തമാക്കിയിട്ടുണ്ടു്. ഒരു റോഡപകടം. ആളുകള്‍ വന്നുകൂടി. അപകടം കണ്ട ഒരുത്തന്‍ എന്തുണ്ടായിയെന്നു മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുകയാണ്. കാറുകയറി മരിച്ച വൃദ്ധന്‍ വളരെപ്പതുക്കെയാണ് നടന്നതു്. അയാള്‍ നടന്നതെങ്ങനെയെന്നു് അയാള്‍ അഭിനയിച്ചു കാണിക്കുന്നു. അയാള്‍ ആ വൃദ്ധന്റെ നടത്തത്തെ പദ്യമുദ്ധരിക്കുമ്പോലെ ‘ഉദ്ധരിക്കുക’യാണ്. വൃദ്ധന്റെ മറ്റു ചലനങ്ങളെയും അയാള്‍ ‘ഉദ്ധരിക്കുന്നു’. മരിച്ചയാളാകാന്‍ അപകടം കണ്ടവനു താല്പര്യമില്ല. ആരെ അയാള്‍ അഭിനന്ദിച്ചു കാണിക്കുന്നുവോ അയാളല്ല താനെന്ന വസ്തുത മറക്കണമെന്നില്ല അയാള്‍ക്ക്. താന്‍ അഭിനയിക്കുകയാണെന്നു് അയാള്‍ക്കറിയാം. വന്നുകൂടിയവര്‍ക്കുമറിയാം. പ്രദര്‍ശിപ്പിക്കുന്ന കഥാപാത്രവും ആ കഥാപാത്രമായി നടിക്കുന്ന ആളും രണ്ടു വ്യക്തികളാണ്. മരിച്ചയാളിന്റെ ചേഷ്ഠകളെപ്പറ്റി അഭിപ്രായമാവിഷ്കരിക്കാന്‍ അഭിനയിക്കുന്ന ആളിനു സ്വാതന്ത്ര്യമുണ്ടു്. ഇതുതന്നെയാണ് ബ്രെഹ്റ്റിന്റെ എപിക് ഡ്രാമ. പ്രേക്ഷകരും കഥാപാത്രങ്ങളും തമ്മില്‍ താദാത്മ്യം അരുതു്. അതുപോലെ അഭിനേതാവും കഥാപാത്രവും തമ്മിലും താദാത്മ്യം പാടില്ല.

മുന്‍പുള്ള പ്രബന്ധത്തില്‍ ലൂക്കാച്ചിന്റെ യാഥാതഥ്യ സങ്കല്പം നമ്മള്‍ കണ്ടു. യാഥാതഥ്യത്തിനു് നൂതന മാതൃക നല്കിയ അദ്ദേഹത്തിന്റെ രീതി അബദ്ധമാണെന്നാണ് ബ്രെഹ്റ്റിന്റെ മതം. യാഥാതഥ്യംതന്നെ മാറികൊണ്ടിരിക്കുന്നു. മാറുന്ന യാഥാതഥ്യത്തെ സ്ഫുടീകരിക്കാന്‍ വിഭിന്നങ്ങളായ മാര്‍ഗ്ഗങ്ങള്‍ വേണം. ലോകത്തു് എല്ലാം മാറിക്കൊണ്ടിരിക്കുന്നുവെന്ന മാക്സിസ്റ്റ് സങ്കല്പത്തിനു യോജിച്ച വിധത്തിലാണ് മഹാനായ ഈ ജര്‍മ്മന്‍ നാടകകര്‍ത്താവു് തന്റെ കലാസങ്കല്പത്തിനു് രൂപവത്കരണം നല്കിയത്. വിഭിന്ന രാജ്യങ്ങളിലെ നാടകസങ്കല്പങ്ങള്‍ പഠിച്ചിട്ടാണ് തന്റെ സങ്കല്പത്തിനു രൂപം നല്കിയതെന്നു ബ്രെഹ്റ്റ് സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന്റെ മൗലികതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.