close
Sayahna Sayahna
Search

സൊക്രട്ടീസ്


സൊക്രട്ടീസ്
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

സൊക്രട്ടീസ് വലിയ വിരൂപനായിരുന്നുവെന്നാണ് അദ്ദേഹത്തെക്കുറിച്ചു് എഴുതിയവരെല്ലാം പറഞ്ഞിട്ടുള്ളതു്. ആ അഭിപ്രായം നിരാസ്പദവുമല്ല. റോമിലെ ഒരു കാഴ്ചബംഗ്ലാവില്‍ ആ തത്ത്വചിന്തകന്റെ പ്രതിമയുണ്ട്. അതിലെ പതിഞ്ഞു വീതികൂടിയ മൂക്കും തടിച്ച ചുണ്ടുകളും കഷണ്ടിത്തലയും വൃത്തികെട്ട താടിയും വിളിച്ചോതുന്നതു് വൈരൂപ്യത്തെത്തന്നെയാണ്. ഉത്കൃഷ്ടമായ പ്രേമം, കേവല സൗന്ദര്യം ഇവയെക്കുറിച്ചു തത്ത്വചിന്താത്മകമായ സംഭാഷണത്തിന്റെ രീതിയില്‍ എഴുതിയ പ്ലേറ്റോയുടെ ‘സിംപോസിയ’ത്തില്‍ അല്‍സബൈയഡീസ് ഇങ്ങനെ പറയുന്നതായി കാണുന്നു: “I declare that he (Socrates) bears a strong resemblance to those figures of Silenus in statuaries’ shops, represented holding pipes or flutes; They are hollow in-side, and when they are taken apart you see that they contain little figures of gods. I declare also that he is like Marsyas the satyr. You can’t deny yourself, Socrates, that you have a striking physical likeness to both of these….” ഇവിടെ പറയുന്ന സൈലീനസ് ക്ളാസിക്കല്‍ മിഥോളജിയിലെ വനദൈവതമാണ്. മുന്തിരിച്ചാറിന്റെ അധിദൈവതമായ ഡൈയനൈസസിന്റെ കൂട്ടുകാരനും. ഭയജനകമായ വൈരൂപ്യമാണ് സൈലീനസസിനു്. കാലുകളും കാതുകളും കുതിരയുടേതുപോലിരിക്കും. രോമാവൃതമായ ശരീരമാണ് ആ ദൈവതത്തിനു്. കഴുതപ്പുറത്താണ് സൈലീനസസിന്റെ സഞ്ചാരം. പകുതി മനുഷ്യന്റെയും പകുതി ആടിന്റെയും രൂപമുള്ള വനദൈവതമാണ് സേറ്റര്‍ (Satyr). മുകളില്‍പ്പറഞ്ഞ മാര്‍സീയസ് (Marsyas) വിരൂപനായ ഒരു സേറ്ററാണ്. [Walter Hamilton തര്‍ജ്ജമചെയ്ത സിംപോസിയം. പെന്‍ഗ്വിന്‍ ബുക്ക്സ്, പുറം 100, ഖണ്ഡിക 3. 121-ആം പുറത്തെ കുറിപ്പും നോക്കുക] അല്‍സബൈയഡിസ് ഇങ്ങനെ ആക്ഷേപിച്ചിട്ടും സൊക്രട്ടീസിനു് വൈഷമ്യമൊന്നുമില്ലായിരുന്നു. ആ വൈരൂപ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് അദ്ദേഹം രാജവീഥികളിലൂടെ നടക്കുമായിരുന്നു. ചിലപ്പോള്‍ കൂട്ടുകാരന്റെ വീട്ടില്‍, മറ്റു ചിലപ്പോള്‍ തെരുവിന്റെ മൂലയില്‍ ഇവിടെയെല്ലാം സൊക്രട്ടിസ് നിന്നു് യുവാക്കന്മാരുമായി സംസാരിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ ആശയ സൗന്ദര്യത്തില്‍ ശാരീരിക വൈരൂപ്യം മറഞ്ഞുപോകുമായിരുന്നു.

ആശയത്തിന്റെ സൗന്ദര്യമോ? അതേ. സൗന്ദര്യം മാത്രമല്ല ഉദാത്തതയും. ഡെല്‍ഫിയിലുണ്ടായ ഭാവികഥനത്തില്‍ സൊക്രട്ടീസിനെക്കാള്‍ വലിയ ജ്ഞാനിയില്ലെന്നു സ്പഷ്ടമാക്കുകയുണ്ടായി. അതു തെറ്റാണെന്നു തെളിയിക്കാന്‍വേണ്ടി അദ്ദേഹം രാജ്യതന്ത്രജ്ഞന്മാരുടെ അടുത്തെത്തി. തനിക്കാണ് അവരെക്കാള്‍ അറിവുള്ളതെന്നു് അദ്ദേഹത്തിനു മനസ്സിലായി. പിന്നീട് കവികളെ സമീപിച്ചു സൊക്രട്ടിസ്. അവര്‍ക്കു ജ്ഞാനമില്ലെന്നും പ്രചോദനമേയുള്ളുവെന്നും അദ്ദേഹം ഗ്രഹിച്ചു. അതിനു ശേഷം കരകൗശലക്കാരുടെ അടുത്താണ് അദ്ദേഹമെത്തിയതു്. അവര്‍ക്കു കപ്പലുകളും ചെരിപ്പുകളും നിര്‍മ്മിക്കാനറിയാം. അങ്ങനെ തന്നെക്കാള്‍ അറിവുണ്ട് അവര്‍ക്കെ

ന്നു് സൊക്രട്ടിസ് കണ്ടു. പക്ഷേ തങ്ങള്‍ ജ്ഞാനികളാണെന്നു് അവര്‍ വിശ്വസിച്ചു. ഇതു് യഥാര്‍ത്ഥ ജ്ഞാനത്തിന്റെ മൂല്യം കുറച്ചു. അതുകൊണ്ട് സൊക്രട്ടിസ് ഇങ്ങനെയൊരു തീരുമാനത്തിലെത്തി:“മാന്യരേ, സത്യം തീര്‍ച്ചയായും ഇതാണ്. യഥാര്‍ത്ഥ ജ്ഞാനം ഈശ്വരന്റേതു മാത്രമാണ്. മനുഷ്യന്റെ ജ്ഞാനത്തിനു് മൂല്യമില്ലെന്നാണ് (ഡെല്‍ഫിയിലെ) ഭാവികഥനം അറിയിച്ചതു്….‘ജ്ഞാനത്തിന്റെ കാര്യത്തില്‍ താന്‍ ഒരു വിലയുമില്ലാത്തവനാണെന്നു് സൊക്രട്ടിസ് മനസിലാക്കി. നിങ്ങളില്‍ വലിയ ജ്ഞാനി സൊക്രട്ടിസിനെപ്പോലെ അതു് ഗ്രഹിച്ചവനാണ്.’ ഇതാണ് ഭാവികഥനത്തിന്റെ സാരം.” (Apology, Penguin classics, page 52.) ജൂറിയുടെ മുന്‍പില്‍ കുറ്റക്കാരനായി നിന്ന സൊക്രട്ടിസ് ചെയ്ത പ്രസ്താവനയാണ് Apology. അദ്ദേഹം മരിച്ചു കുറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്ലേറ്റോ അതെഴുതിയതു്. വിചാരണകണ്ട പ്ലേറ്റോഎഴുതിയ ഈ ഗ്രന്ഥത്തില്‍ ഭാവനയുടെ അംശങ്ങള്‍ ചിലപ്പോള്‍ കണ്ടേക്കാം. എങ്കിലും കുറെയൊക്കെ അതിനെ വിശ്വസിക്കാമെന്നാണ് അഭിജ്ഞമതം.)

പ്ലേറ്റോയുടെ ഈ ഗ്രന്ഥത്തെ അവലംബിച്ചുകൊണ്ടു മാത്രമേ നമുക്കു സൊക്രട്ടിസിന്റെ മറ്റു തത്ത്വചിന്തകളെക്കുറിച്ച് അറിയാന്‍ മാര്‍ഗമുള്ളു. ആത്മാവിനെ ഉന്നമിപ്പിച്ച് ജ്ഞാനത്തിനും സത്യത്തിനും പരമപ്രാധാന്യം കല്പിക്കണം, നന്മയാണ് ജ്ഞാനം എന്നൊക്കെയാണ് അദ്ദേഹം പ്രഖ്യാപിച്ചതു്. മനുഷ്യനു നന്മയായിട്ടുള്ളതു് എന്താണെന്നു് അറിഞ്ഞില്ലെങ്കില്‍ അവന്റെ ജീവിതം കൊണ്ടു പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു:–The unexamined life is not worth living എന്ന സൊക്രട്ടിസ് വചനം ആ രീതിയിലാണ് പ്രസിദ്ധമായതു്.

ഈവിധത്തില്‍ “സാമാന്യ നിര്‍വചനങ്ങള്‍”മാത്രം പ്രചരിപ്പിച്ച സൊക്രട്ടിസ് കുറ്റക്കാരനാണെന്നു് വാദമുണ്ടായി. വിചാരണയ്ക്കായി അദ്ദേഹം അഞ്ഞൂറ്റൊന്നു പൗരന്മാരടങ്ങിയ ജൂറിയുടെ മുന്‍പില്‍ ആനയിക്കപ്പെട്ടു. അവരില്‍ അറുപതുപേര്‍ മാത്രം അദ്ദേഹത്തിനു വധശിക്ഷ നല്‍കി. അക്കാലത്തെ ഏഥന്‍സിലെ നിയമമനുസരിച്ച് കുറ്റക്കാരനു് കുറെക്കൂടി കുറഞ്ഞ ശിക്ഷതരണമെന്നു് അപേക്ഷിക്കാമായിരുന്നു. സൊക്രട്ടിസ് അതു ചെയ്തെങ്കില്‍ ആ അറുപതുപേരില്‍ ഭൂരിപക്ഷവും വധശിക്ഷ വേണ്ടെന്നു പ്രഖ്യാപിക്കുമായിരുന്നു. പക്ഷേ സൊക്രട്ടിസ് ആ അഭ്യര്‍ത്ഥന നടത്തിയില്ല. കാരാഗൃഹത്തില്‍നിന്നു രക്ഷപ്പെട്ടുപോകാന്‍ ഉപായങ്ങള്‍ കണ്ടുപിടിച്ച് അവിടെയെത്തിയ തന്റെ ശിഷ്യരോടു അദ്ദേഹം പറഞ്ഞതു് ഇങ്ങനെയാണ്:–“നിയമത്തിന്റെ വാഴ്ചയിലാണ് എനിക്കു വിശ്വാസം. ഞാന്‍ നിങ്ങളോടു പലപ്പോഴും പറഞ്ഞിട്ടില്ലേ നല്ല പൗരന്‍ നിയമങ്ങളെ അനുസരിക്കുന്നവനാണെന്നു്. ഏഥന്‍സിലെ നിയമങ്ങള്‍ എനിക്കു് വധശിക്ഷ നല്കി. നല്ല പൗരനെന്ന നിലയില്‍ ഞാന്‍ മരിക്കണം. അതാണ് യുക്തിക്കു ചേര്‍ന്ന തീരുമാനം”

ഇനി നമ്മള്‍ സൊക്രട്ടിസിന്റെ മരണരംഗം കാണുകയാണ്. അദ്ദേഹത്തിനു വിഷംകൊടുക്കേണ്ട ജയിലുദ്യോഗസ്ഥന്‍ വിഷം നിറച്ച പാനപാത്രവുമായി അവിടെയെത്തി. സൊക്രട്ടിസ് പറഞ്ഞു:‌“ശരി, ചങ്ങാതി, നിങ്ങള്‍ക്കു് ഇതൊക്കെ അറിയാമല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടതു്?” അയാള്‍ പറഞ്ഞു: “ഇതങ്ങു കുടിക്കു. എന്നിട്ട് കാലില്‍ ഭാരം തോന്നുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും നടക്കൂ. പിന്നീട് കിടക്കണം. അപ്പോള്‍ അതു തനിയെ പ്രവര്‍ത്തിച്ചുതുടങ്ങും” സൊക്രട്ടിസ് സന്തോഷത്തോടെ പാനപാത്രം വാങ്ങിച്ചു. വിറയല്‍ കൂടാതെ, നിറത്തിനു് വ്യത്യാസമെന്നും വരാതെ, ഭാവത്തിനു് മാറ്റം കൂടാതെ അദ്ദേഹം ഒറ്റവലിപ്പിനു് അതു കുടിച്ചുതീര്‍ത്തു. രുചികേടു് ഉണ്ടെന്നുപോലും അദ്ദേഹം ഭാവിച്ചില്ല. സൊക്രട്ടിസിന്റെ ശ്യഷ്യന്മാര്‍ അതുവരെ കരയാതെ നില്ക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അതു കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. അതുകൊണ്ട് സൊക്രട്ടിസ് പറഞ്ഞു:– “ചങ്ങാതികളേ, ഇങ്ങനെയാണോ പെരുമാറേണ്ടതു്? സ്ത്രീകളെ ഞാന്‍ നേരത്തെ പറഞ്ഞയച്ചതിനു് പ്രധാന കാരണമിതുതന്നെ…മനസ്സ് പ്രശാന്തമാക്കിക്കൊണ്ടുവേണം മനുഷ്യന്‍ അന്ത്യം നേരിടാന്‍. ശാന്തരായി ഇരിക്കു. നല്ലപോലെ പെരുമാറു” സുഹൃത്തുക്കള്‍ അതുകേട്ടു കണ്ണീരടക്കി. സൊക്രട്ടിസ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കാലിനു ഭാരം തോന്നുന്നുവെന്നു പറഞ്ഞ് അദ്ദേഹം മലര്‍ന്നുകിടന്നു. വിഷം കൊടുത്തവന്‍ അദ്ദേഹത്തിന്റെ കാലില്‍ നല്ലതുപോലെ നുള്ളിയിട്ട് അതറിയുന്നുവോ എന്നു ചോദിച്ചു. ‘ഇല്ല’ എന്നു സൊക്രട്ടിസ് മറുപടി പറഞ്ഞു. തണുപ്പ് മുകളിലേക്കുകയറിയപ്പോള്‍ മുഖം അനാവരണം ചെയ്തിട്ട് (അതുവരെ അദ്ദേഹം അതു മറച്ചിരുന്നു) പറഞ്ഞു:“ക്രിറ്റോ നമ്മള്‍ എസ്‌‌ക്ളിപീയസിനു് ഒരു പൂവന്‍കോഴിയെ കൊടുക്കണം. അതു ചെയ്യു. മറക്കരുതു്.” ക്രിറ്റോ ചോദിച്ചു:‌‌“മറക്കില്ല. അതു ചെയ്യാം. വേറൊന്നുമില്ലേ?” സൊക്രട്ടിസ് അതിനു മറുപടി പറഞ്ഞില്ല. പക്ഷേ അല്പം കഴിഞ്ഞ് അദ്ദേഹമൊന്നു് അനങ്ങി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിശ്ചലങ്ങളായി. അതുകണ്ട ക്രിറ്റോ അദ്ദേഹത്തിന്റെ വായും കണ്ണുകളും തിരുമ്മിയടച്ചു. ഏറ്റവും ധീരനും ഏറ്റവും വിവേകമുള്ളവനും ഏറ്റവും സത്യസന്ധനുമായ മനുഷ്യന്റെ അന്ത്യം അങ്ങനെയായിരുന്നു.


സൊക്രട്ടിസ് വധിക്കപ്പെട്ടിട്ട് രണ്ടായിരത്തി മുന്നൂറു വര്‍ഷങ്ങളോളമായിരിക്കുന്നു. എങ്കിലും ഇത്രയും കുറിച്ചപ്പോള്‍ എനിക്കു പ്രകമ്പനമുണ്ടായി. ഞാന്‍ പ്ലേറ്റോയുടെ Phaedo-ലെ ആ വര്‍ണ്ണന വീണ്ടും വീണ്ടും വായിച്ച് ആര്‍ദ്രനയനങ്ങളോടുകൂടിയിരുന്നു. കേരളത്തിന്റെ ഒരു മൂലയിലിരുന്നു് ഒരു നിസ്സാരന്‍ ആ മരണത്തെച്ചൊല്ലി കണ്ണീര്‍ വീഴ്‌ത്തുന്നതു് സൊക്രട്ടിസിന്റെ ആത്മാവിനു് ഇഷ്ടമാവുകയില്ല എന്ന് എനിക്കറിയാം. എങ്കിലും എനിക്കു് എന്നെത്തന്നെ നിയന്ത്രിക്കാനാവുന്നില്ല. മരിക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ രാത്രിയില്‍ തടവറയിലിരുന്നു് പുനര്‍ജ്ജന്മത്തെക്കുറിച്ച് സൊക്രട്ടിസ് ശിഷ്യന്മാരോടും സുഹൃത്തുക്കളോടും വാദപ്രതിവാദം നടത്തി. മരണത്തിന്റെ സാന്നിദ്ധ്യത്തിലും വികാരങ്ങളെ നിയന്ത്രിക്കണമെന്നു് ആ മഹാന്‍ നമ്മെ പഠിപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നവരെ രാഷ്ട്രം വധിക്കുമോ? തത്ത്വചിന്തകരേ നിഗ്രഹിക്കാന്‍ ജനക്കൂട്ടം എപ്പോഴും അഭിലഷിക്കുമോ? പാവന ചരിതന്മാരെ കണ്ടാല്‍ രാഷ്ട്രത്തിന്റെയും അതിലെ ജനതയുടെയും ക്രൂരത ഉണരുമോ? ഇമ്മട്ടിലുള്ള ചോദ്യങ്ങള്‍ പലരും ചോദിച്ചിട്ടുണ്ട്. ഒന്നിനും ശരിയായ ഉത്തരമില്ല.

സൊക്രട്ടിസ് എങ്ങനെയാണ് ഇത്ര ധൈര്യത്തോടെ മരണത്തിനു് അഭിമുഖീഭവിച്ചു നിന്നതു്? ഭൗതികമായ ഒന്നിലും തല്‍പരനായിരുന്നില്ല അദ്ദേഹം. ചെരിപ്പിടാതെയാണ് അദ്ദേഹം നടന്നതു്. ചന്തയില്‍ പലപല സാധനങ്ങള്‍ വില്‌പനയ്ക്കു വച്ചിരിക്കുന്നതു കണ്ട സൊക്രട്ടിസ് “എനിക്കു വേണ്ടാത്ത എത്രയെത്ര സാധനങ്ങളാണ് ഇവിടെയുള്ളതു്!” എന്നു് ഒരിക്കല്‍ പറഞ്ഞു. ഭൗതികത്വത്തില്‍ തല്‍പരനല്ലാത്ത അദ്ദേഹം ഭാര്യയുടെ കണ്ണീരുകണ്ടും വികാരപരവശനായില്ല. അവര്‍ ഏറ്റവും ഇളയ കുഞ്ഞിനെ എടുത്തുകൊണ്ട് തടവറയില്‍ വന്നപ്പോള്‍ സൊക്രട്ടിസ് അവരെ സമാശ്വസിപ്പിച്ച് വീട്ടിലേക്കു തിരിച്ചയച്ചു. ക്രിറ്റോയോട് അദ്ദെഹം പറഞ്ഞു അവരെവീട്ടിലെകൊണ്ടാക്കാനായി. താന്‍ സ്നേഹിച്ച ബന്ധുക്കളെയും കൂട്ടുകാരെയും വിട്ടുപോകാന്‍, ഒരു ചലനവുമില്ലാതെ പോകാന്‍, മരണത്തെത്തന്നെ കൂട്ടുകാരനായി കരുതി ആ “ജീവിതേശ”നോടുകൂടി പോകാന്‍ സൊക്രട്ടിസിനു് എങ്ങനെ കഴിഞ്ഞു? അതിനുള്ള ഉത്തരം Apology യില്‍ത്തന്നെയുണ്ട്. “എന്നിലും മറ്റുള്ളവരിലും കടന്നു ചെന്നു് സത്യം മനസ്സിലാക്കാന്‍ ഈശ്വരന്‍ എന്നോട് ആജ്ഞാപിച്ചു” എന്നാണ് അദ്ദേഹം പറഞ്ഞതു്. അങ്ങനെ അന്വേഷണം നടത്തുമ്പോള്‍ ജ്ഞാനമാര്‍ജ്ജിക്കാം. ജ്ഞാനമാര്‍ജ്ജിക്കാന്‍ തുടങ്ങുമ്പോള്‍ “മരണം വിഴുങ്ങാ” നെത്തിയാലും അതിനെ പേടിക്കരുതു്. മരണംതന്നെ ഉത്കൃഷ്ടതമമായ ജ്ഞാനമല്ലെന്നു് ആരറിഞ്ഞു? താന്‍ ഏഥന്‍സിലെ ജനങ്ങളെ ഉപദേശിച്ചതു് തനിക്കുംകൂടി ചേര്‍ന്നതാണെന്നു് സ്പഷ്ടമാക്കിയ ദാര്‍ശനികനായിരുന്നു സൊക്രട്ടിസ്. എല്ലാ ദാര്‍ശനികരും ഇങ്ങനെയല്ല. അദ്വൈത സിദ്ധാന്തത്തിന്റെ ഉദ്ഘോഷകനായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍, ‘ആദര്‍ശാത്മക’ ജീവിതത്തില്‍ വിശ്വസിച്ച് സാര്‍വലൗകിക മതമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ച രാധാകൃഷ്ണനു് ലൗകിക ജീവിതം നയിക്കേണ്ടിവന്നു. ത്യാഗത്തിന്റെ സുവിശേഷവുമായി ലോകജനതയുടെ മുന്‍പില്‍വന്ന ഷോപ്പന്‍ഹൗവര്‍ വ്യഭിചാരിയായിരുന്നു. കലഹപ്രിയനായിരുന്നു. തന്റെ മുറിയുടെ മുന്‍പില്‍നിന്നു് ഉറക്കെ സംസാരിച്ച ഒരു പാവപ്പെട്ട സ്ത്രീയെ അദ്ദേഹം കോണിപ്പടിയില്‍നിന്നു ചവിട്ടി താഴത്തേക്കിട്ടു. അവരുടെ എല്ലൊടിഞ്ഞു. മാസന്തോറും ഒരു തുക അദ്ദേഹം

അവര്‍ക്കു കൊടുക്കണമെന്നു് കോടതി വിധിച്ചു. അവര്‍ മരിച്ചപ്പോള്‍ “കിഴവി മരിച്ചു. ബാധ ഒഴിഞ്ഞു” എന്ന് ഡയറിയില്‍ അദ്ദേഹം കുറിച്ചു.ഷോപ്പന്‍ഹൗവറുടെ പദവിയിലേക്കു് എത്തിയില്ലെങ്കിലും ദാര്‍ശനികനായി വിരാജിച്ച സി.ഇ.എം. ജോഡ് ടിക്കറ്റ് വാങ്ങാതെ തീവണ്ടിയില്‍ സഞ്ചരിച്ചു.അധികാരികള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഈ ദാര്‍ശനികരെല്ലാം മരണംകണ്ടു പേടിക്കുകയും ചെയ്തു. എന്നാല്‍ സൊക്രട്ടിസ് മരണത്തിന്റെ കരതലം ഗ്രഹിച്ചുകൊണ്ട് അജ്ഞേയ മണ്ഡലത്തിലേക്കു നടന്നുപോയി. അതുകൊണ്ടാണ് ക്രിസ്തുവിന്റെ കുരിശാരോഹണംപോലെ, സൊക്രട്ടിസിന്റെ മരണംപോലെ എന്നൊക്കെ ആളുകള്‍ സമീകരിച്ചു പറയുന്നതു്. ജീവിതാനുഭവത്തിന്റെ സന്തോഷാവഹമായ സമാപനമായി മരണത്തെക്കണ്ടു സൊക്രട്ടിസ്, അങ്ങനെ കാണാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയുമായിരുന്നുള്ളു.