ലൂക്കാച്ചിന്റെ കലാസങ്കല്പം
ലൂക്കാച്ചിന്റെ കലാസങ്കല്പം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മനോരഥങ്ങളിലെ യാത്രക്കാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1990 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 83 (ആദ്യ പതിപ്പ്) |
ഈ ശതാബ്ദത്തിലെ മഹാനായ സാഹിത്യനിരൂപകനും കലാസൈദ്ധാന്തികനും ആരു് എന്ന ചോദ്യത്തിനു് ഒരുത്തരമേയുള്ളു. ഹംഗറിയിലെ ലൂക്കാച്ച് (Lukacs, 1885–1971). അദ്ദേഹം സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ചു നൂതന സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു. ആ സിദ്ധാന്തങ്ങള്‍ പ്രഗല്ഭരായ മറ്റു ചിന്തകരിലും സാഹിത്യകാരന്മാരിലും എന്തെന്നില്ലാത്ത സ്വാധീനശക്തി ചെലുത്തി. അതിനാലാണ് ലൂക്കാച്ചിനെക്കുറിച്ചു പറയുമ്പോഴെല്ലാം മഹാന് എന്നു് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടതായി വരുന്നതു്. ബന്യമിന് (Benjamin) രാഷ്ട്രാന്തരിയ പ്രശസ്തി നേടിയ ജര്‍മ്മന്‍ സാഹിത്യനിരൂപകനാണ്. റുമേനിയനായ ഹോള്ഡ്മനും അങ്ങനെ തന്നെ. ലൂക്കാച്ചിന്റെ സ്വാധീനത്തിലമര്‍ന്ന രണ്ടു ഉത്കൃഷ്ടരായ സാഹിത്യ നിരൂപകരാണിവര്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും നിരൂപണ പ്രക്രിയകളും ഇന്നും സജീവങ്ങളായ ചര്‍ച്ചകള്‍ക്കു കാരണങ്ങളായി ഭവിക്കുന്നു. ഒരു സംശയത്തിനും ഇടമില്ല. ലൂക്കാച്ചിനെ അതിശയിപ്പിച്ച വേറൊരു നിരൂപകന് ഇരുപതാം ശതാബ്ദത്തിലില്ല.
ലൂക്കാച്ചിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് ഏറെപ്പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കോലോകോവ്സ്കി എന്ന തത്ത്വചിന്തകന് തന്റെ (Main Currents of Marxism) എന്നഗ്രന്ഥത്തില്‍ അവയെപ്പറ്റി എഴുതിയതിനുള്ള സ്പഷ്ടത മറ്റൊരു പ്രതിപാദനത്തിനും ലഭിച്ചിട്ടില്ല. അദ്ദേഹത്തെ ആശ്രയിച്ചുകൊണ്ടാണ് ഈ ഖണ്ഡികയിലെയും അടുത്ത ഖണ്ഡികയിലെയും ആശയങ്ങള്‍ ഞാന്‍ പ്രതിപാദിക്കുന്നതു്. കല യാഥാര്‍ത്ഥ്യത്തിന്റെ ചിത്രങ്ങള്‍ നമുക്കു നല്കുന്നു. ആ ചിത്രങ്ങള്‍ക്കു വൈകാരികമായ ഉള്ളടക്കമുണ്ടു്. അതിനുപുറമേ എല്ലാക്കലകളും അറിവു പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. തന്നെക്കുറിച്ചു മനസ്സിലാക്കാന്‍, ലോകത്തെ ക്കുറിച്ചു മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്നു കലകള്‍. നിത്യജീവിത സത്യത്തില്‍നിന്നു് പുറത്തേയ്ക്കു കടന്നുവന്നു പ്രപഞ്ചത്തിന്റെ സത്യമറിയാന്‍ അവ സാഹായമരുളുന്നു. അതിനാല്‍ കലകള്‍ രസിപ്പിക്കുന്നവമാത്രമല്ല. മനുഷ്യന്റെ ശ്രദ്ധയെ വേറൊന്നിലേക്കു നയിക്കുന്നവയുമല്ല. അവന്റെ ആധ്യാത്മിക വികാസത്തിനു സഹായിച്ചു് അവരെത്തന്നെ അവ സൃഷ്ടിക്കുകയാണ്. സവിശേഷമായ അനുകരണത്തില്‍ അധിഷ്ഠിതമായിക്കൊണ്ടു് കലകള്‍ യാഥാതഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇതു് ലോകത്തെ കാണുന്ന മട്ടില്‍ പകര്‍ത്തിവയ്ക്കലല്ല. ഒറ്റയൊറ്റയായ ചിത്രങ്ങളിലൂടെ സാര്‍വലൗകിക സ്വഭാവവുള്ള ലോകവീക്ഷണഗതി അവ (കലകള്‍) പ്രദാനം ചെയ്യുന്നു. അങ്ങനെ വ്യഷ്ടിയായതിനെയും സമഷ്ടിയായതിനെയും കലകള്‍ കൂട്ടിയിണക്കുന്നു.
ഇവിടെ ഒരു സംശയമുണ്ടാകുന്നു. നാടകത്തിനും നോവലിനും ഈ മതം യോജിച്ചതാണെങ്കിലും സംഗീതത്തിനും വാസ്തുവിദ്യയ്ക്കും ഇതു യോജിക്കില്ലല്ലോ. ആ സംശയം നിരാസ്പദമാണെന്നാണ് ലൂക്കാച്ച് സമാധാനം നല്കുന്നതു്. സാമൂഹിക പരിതഃസ്തിതികള് ഉളവാക്കിയ വികാരങ്ങളാണ് സഗീതം ശ്രോതാവിനു പകര്‍ന്നു കൊടുക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശൂന്യതയില്‍ ഘടനകള്‍ ഉയര്‍ത്തുന്ന വാസ്തുവിദ്യാ വിചക്ഷ്ണന് മനുഷ്യന്റെ മനോഭാവങ്ങളെയും ആവശ്യകതകളെയുമാണ് അവയിലൂടെ പ്രകടിപ്പിക്കുക.
ഇത്രയും പറഞ്ഞതില്‍നിന്നു് അനുകരണത്തില്‍ അധിഷ്ഠിതമായ യാഥാതഥ്യത്തിന്റെ പ്രതിഫലനമാണ് കലയെന്നു് ലൂക്കാച്ച് വിശ്വസിക്കുന്നതായി തെളിയുന്നു. ആ മഹനീയമായ യാഥാതഥ്യത്തെയാണ് അദ്ദേഹം അംഗീകരിച്ചതു്. അതു് മനുഷ്യനെ സമ്പൂര്‍ണ്ണമായ സത്തയായി ദര്‍ശിക്കുന്നു. അതിനാല്‍ മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള അന്തര്‍മുഖത്വം യാഥാതഥ്യത്തെ വക്രീകരിക്കും. ബഹിര്മുഖത്വത്തിന്റെയും സ്വഭാവം അതുതന്നെ. ഒരു താല്‍ക്കാലിക നിമിഷത്തിലുള്ള ഭാവത്തെ ചിത്രീകരിക്കുന്ന കലയുണ്ടു്. അതു് ഈ മഹനീയമായ യാഥാതഥ്യത്തിനു എതിരാണ്. ഈ യാഥാതഥ്യം ബല്‍സാക്ക്, ടോള്‍സ്റ്റോയി, റൊളാങ്; റ്റോമാസ്മന്‍ ഈ നോവലിസ്റ്റുകളില്‍ കാണാം എന്നു ലൂക്കാച്ച് പറയുന്നു. ഇവര്‍ കണ്ണില്പെട്ടവയെല്ലാം പകര്‍ത്തിവച്ച എഴുത്തുകാരല്ല; ഒരു മാനസിക സംഭവത്തെ മനുഷ്യസ്വഭാവത്തിനു് പകരമായി ചിത്രീകരിച്ചവരുമല്ല. വ്യക്തികളുടെ ഭവിതവ്യതകളിലൂടെ മഹനീയമായ ചരിത്ര പ്രവാഹത്തെ ആവിഷ്കരിച്ചവരാണ്. ഇവരാണ് മഹനീയതയിലേക്കു ചെന്ന കലാകാരന്മാര്.
ഇവിടെയാണു് ലൂക്കാച്ചിന്റെ കലാനിരൂപണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദം കടന്നുവരുന്നതു്. ഇംഗ്ലീഷില്‍ അതിനെ (totality) എന്നു വിളിക്കുന്നു. നമുക്കിതിനെ സാകല്യാവസ്ഥ എന്നു തര്‍ജ്ജമചെയ്യാം.ചലനാത്മകമായ ചരിത്ര പ്രവാഹത്തെ മനുഷ്യന്റെ ജീവിതവുമായി കൂട്ടിയിണക്കുമ്പോഴുണ്ടാകുന്നതാണ് സാകല്യാവസ്ഥ. ആ സാകല്യാവസ്ഥയാണു മഹനീയമായ യാഥാര്ഥ്യത്തിലുള്ളതു്. അതു് മനുഷ്യജീവിതത്തിന്റെ സമ്പന്നതയും സങ്കീര്‍ണ്ണതയും സ്ഫുടീകരിക്കും. സാമൂഹിക ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും പിരിമുറുക്കങ്ങളും സമ്പൂര്‍ണ്ണമായ വിധത്തില്‍ ദര്ശിക്കുമ്പോള് സാകല്യാവസ്ഥയായി. അപ്പോള്‍ സൊലയെപ്പോലെ (Zola) ജീവിതത്തിന്റെ ബാഹ്യാംശങ്ങളെ ചിത്രീകരിക്കുന്നതു കലയാവില്ല. ജോയിസിനെപ്പോലെ (Joyce) വെര്‍ജീനിയ വുള്ഫിനെപ്പോലെ (Virginia Woolf) കര്‍ത്തൃനിഷ്ഠങ്ങളായ തോന്നലുകളെ ചിത്രീകരിച്ചാലും കലയാവില്ല.
ബല്‍സാക്കിന്റെയും ടോള്‍സ്റ്റോയിയുടെയും നോവലുകളില്‍ ഈ സാകല്യാവസ്ഥയുള്ളതിനാല് അവ മഹനീയമായ കലയായി പരിണമിക്കുന്നു. സംഭവിക്കുന്നതിനെയോ എഴുത്തുകാരന്റെ കണ്ണില്‍ വന്നുവീഴുന്നതിനെയോ അതേ രീതിയില്‍ പകര്‍ത്തിവയ്ക്കുമ്പോള്‍ അവയുടെ പ്രാധാന്യമോ അര്‍ത്ഥമോ സ്പഷ്ടമാകുകയില്ല. അതു കൊണ്ടാണ് ലൂക്കാച്ച് നാച്ചുറലിസത്തിന്റെ ഉദ്ഘോഷകനായ സൊലയെ അംഗീകരിക്കാത്തതു്. യാഥാതഥ്യത്തിന്റെ കര്ത്തൃനിഷ്ഠത്വത്തെമാത്രം ചിത്രീകരിച്ച ജോയിസിനെ അംഗീകരിക്കാത്തതു്. മനുഷ്യന്റെ ആന്തര ജീവിതത്തെ സാമൂഹികവും ചരിത്രപരവുമായ ഘടകങ്ങളോടു യോജിപ്പിച്ചേ ആലേഖനം ചെയ്യാവൂ. അപ്പോള്‍ മാത്രമേ സത്യാത്മകതയുണ്ടാവൂ.
ഈ ചിന്താഗതിയുള്ള ലൂക്കാച്ച് കാഫ്കയുടെയും മ്യൂസിലിന്റെയും (Musil) സാമുവല്‍ ബെക്കറ്റിന്റെയും കൃതികളെ ജീര്‍ണ്ണതയുടെ പ്രതിരൂപങ്ങളായി കാണുന്നതില്‍ എന്തേ അദ്ഭുതം? കാഫ്കയുടെ കലാശക്തിയെ അദ്ദേഹം നിന്ദിക്കുന്നില്ല. പക്ഷേ ഏകാന്തതയെ സാര്വലൗകികസ്വഭാവമുള്ളതായി കാണുന്ന അദ്ദേഹം (കാഫ്ക) സാകല്യാവസ്ഥയെ ദര്‍ശിക്കുന്നില്ല എന്നാണ് ലൂക്കാച്ചിന്റെ അഭിപ്രായം. അങ്ങനെ ദര്‍ശിച്ചില്ലെങ്കില്‍ സത്യമെന്തെന്നറിയില്ല. ജീവിതത്തിന്റെ താല്‍ക്കാലികാവസ്ഥകളെ സാര്വലൗകികസ്വഭാവമുള്ളവയായി ചിത്രീകരിച്ചതാണ് കാഫ്കയുടെയും ജോയിസിന്റെയും മറ്റു നവീനന്മാരുടെയും ദോഷം. ഇരുപതാം ശതാബ്ദത്തിലെ മഹനീയമായ നോവല്‍ എന്നു നിരൂപകര്‍ പറയുന്ന Remembrance of Things Past എന്നതിനെയും (പ്രൂസ്തിന്റെ നോവല്‍) ജീര്‍ണ്ണിച്ച കൃതിയായിട്ടാണ് ലൂക്കാച്ച് ദര്‍ശിക്കുന്നതു്. നോബല്‍ സമ്മാനം നേടിയ ഫോക്നര്‍ എന്ന നോവലിസ്റ്റുപോലും ജീര്‍ണ്ണത പ്രചരിപ്പിച്ചവനാണ് എന്നത്രേ ലൂക്കാച്ചിന്റെ വാദം. മറ്റൊരു മാര്‍ക്സിസ്റ്റ് നിരൂപകനായ ബ്രഹ്റ്റിന്റെ നേര്‍ക്കും വിമര്‍ശനത്തിന്റെ അമ്പുകളയയ്ക്കാന്‍ അദ്ദേഹം മടിച്ചില്ല. “For Brecht’s Theories lead both to the pretentious, empty experimentalism of lonesco and to topical realistic drama like Durranmatt’s ‘The Visit’. The confusion to which this gave rise–the result of formalistic over–emphasis on one element abstracted from literature–is still remarkably widespread and influential.” എന്നാണ് ലൂക്കാച്ചിന്റെ പ്രഖ്യാപനം. (The Meaning of Contemporary Realism എന്ന പുസ്തകം) സാഹിത്യത്തില്നിന്നു് പൃഥക്കരിക്കുന്ന ഒരംശത്തിനു് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന നവീനന്മാരുടെ പ്രവര്‍ത്തനം കുത്സിതമാണെന്നു ലൂക്കാച്ച്. അസന്ദിഗ്ദ്ധമായി ഉദ്ഘോഷിക്കുന്നു.
1919-ല്‍ ലൂക്കാച്ച് എഴുതി: രാഷ്ട്രവ്യവഹാരം ഒരു മാര്‍ഗ്ഗംമാത്രം. സംസ്കാരമാണ് ലക്ഷ്യം. Politics is merely the means, Culture is the goal. ലക്ഷ്യരഹിതങ്ങളായ ആന്തര പ്രകമ്പനങ്ങളെ സ്ഫുടീകരിക്കുന്ന ഇംപ്രഷനിസവും കാണുന്നതൊക്കെ പകര്ത്തിവയ്ക്കുന്ന നാച്ചുറലിസവും ജീര്ണ്ണിച്ചസൗന്ദര്യവാദമായ സിംബലിസവും സാകല്യാവസ്ഥയോടു ബന്ധപ്പെടാത്തതുകൊണ്ടു് സംസ്കാരമെന്ന ലക്ഷ്യത്തിലെത്താത്തവയാണെന്നു് സ്ഥാപിച്ച ലൂക്കാച്ചിനു് കലയെക്കുറിച്ച് വിശാലമായ വീക്ഷണഗതിയാണുള്ളതെന്നതില് സന്ദേഹമില്ല. വിശാലതയാര്‍ന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവോ ഉദ്ഘോഷകനോ ആകാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. അതു സാക്ഷാത്കരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ സുപ്രധാനനായ കലാസൈദ്ധാന്തികനായി ലോകം കാണുന്നതു്.
|