ബെൻയമിന്റെ കലാസങ്കല്പം
ബെൻയമിന്റെ കലാസങ്കല്പം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മനോരഥങ്ങളിലെ യാത്രക്കാർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1990 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 83 (ആദ്യ പതിപ്പ്) |
ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമായ ബെന്‍യമിന്‍ (Benjamin, 1892–1940) നാത്സിസം പ്രബലമാകുന്നുവെന്നു കണ്ടു് ഫ്രാന്‍സിലേയ്ക്കു പോന്ന മനുഷ്യസ്നേഹിയാണ്. ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സ് ആക്രമിച്ചപ്പോള്‍ അദ്ദേഹം സ്പെയിന്‍ വഴി അമേരിക്കയിലേക്കു കടക്കാന്‍ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിനു് ‘പാസ്സ്’ കിട്ടിയില്ല. ജര്‍മ്മന്‍ പോലീസ്സിന്റെ കൈയില്‍ അകപ്പെടാന്‍ പോകുന്നു താനെന്നു കണ്ട ബെന്‍യമിന്‍ ആത്മഹത്യചെയ്തു.
ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു വാഷ്ത്തപ്പെടുന്നു ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ ‘The Work of Art in the Age of Mechanical Reproduction” എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ ‘ഔറേ’ (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ ‘ഔറേ’ നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ ‘ഔറേ’ ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.
ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു.ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ്.–ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ–ടെക്നിക്കുകളില്‍ത്തന്നെ–പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.
സ്പഷ്ടതയെ ലക്ഷ്യമാക്കി ഒരുദാഹരണംകൂടെ നല്കാം. മഹായശസ്കനായ ഗായകന്‍ പാടുന്നു. അതു് യുണിക്കായ–അസദൃശമായ–ഒരു സംഭവമാണ്. മുന്‍പു പറഞ്ഞ ഔറേയും അതിനുണ്ട്. എന്നാല്‍ അതിന്റെ ഗ്രാമഫോണ്‍ റെക്കേര്‍ഡുകള്‍ നാട്ടിന്റെ നാനാഭാഗങ്ങളിലെത്തുമ്പോള്‍ ആ ഔറേ നശിക്കുന്നു. കലാസൃഷ്ടി എല്ലാവരുടെയും ആസ്വാദനത്തിനായി ലഭിക്കുന്നു. ആർട് ഗ്യാലറിയിൽചെന്നു് മൗലിക കൃതി കാണേണ്ടതില്ല. അതിന്റെ ഫോട്ടോ കണ്ടാല്‍ മതി. ഉല്‍പാദനത്തിന്റെ മാര്‍ഗ്ഗങ്ങളില്‍വന്ന പരിവര്‍ത്തനത്തിന്റെ ഫലമാണ് ഈ മാറ്റം. കലോല്‍പാദനത്തിന്റെ ശക്തികളെ കലാകാരന്‍ പരിവര്‍ത്തനം ചെയ്യുന്നതു് ഇങ്ങനെയാണെന്നു് ബെന്‍യമിന്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിക്കട്ടെ ടെക്നിക്കിന്റെ വിപ്ലവാത്മകതയാണ് ബെന്‍യമിന്‍ പ്രധാനമായി കാണുന്നതു്; പ്രതിപാദ്യവിഷയത്തിന്റെ വിപ്ലവാത്മകതയല്ല. സോവിയറ്റ് ദിനപത്രങ്ങളില്‍ എഴുത്തുകാരും വായനക്കാരും പങ്കാളികളായതുപോലെ ബ്രെഹ്റ്റിന്റെ എപിക് ഡ്രാമയില്‍ പ്രൊഡ്യൂസറും അഭിനേതാക്കളും ദ്രഷ്ടാക്കളും തുല്യ സഹകാരികളായി മാറുന്നു. ബെന്‍യമിന്റെ കലാസിദ്ധാന്തം ഇതിനോടു യോജിച്ചിരിക്കുന്നു.
|