close
Sayahna Sayahna
Search

അക്ഷരലോകത്ത് ഒരു ഭൂകമ്പം


അക്ഷരലോകത്ത് ഒരു ഭൂകമ്പം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പലപ്പോഴും അനര്‍ഹങ്ങളായ കൈകളില്‍ ചെന്നുവീണിട്ടുണ്ട്. ആനാതൊല്‍ ഫ്രാങ്ങ്സ്, ഗ്രാറ്റ്സീയ ഡാലെഡ്സാ (Grazia Deledda) ഗാല്‍സ് വര്‍ത്തി, ഐ. എ. ബൂനിന്‍, സ്റ്റെറ്റന്‍ ബക്ക്, വില്യം ഗോള്‍ഡിങ്ങ്, മഹ്ഫൂസ് ഇങ്ങനെ ചിലരുടെ പേരുകള്‍ ഓര്‍മ്മയിലെത്തുന്നു. എന്നാല്‍, കാവാബാത്തയ്ക്കും നെറൂദയ്ക്കും മാര്‍കേസിനും കനേറ്റിക്കും ആ സമ്മാനം കിട്ടിയപ്പോള്‍ ലോകജനത ആഹ്ളാദിച്ചതേയുള്ളു. നോബല്‍ സമ്മാനത്തെക്കാള്‍ വലിയ സമ്മാനം ഏതെങ്കിലുമുണ്ടെങ്കില്‍ അതിനുപോലും ആ പ്രതിഭാശാലികള്‍ അര്‍ഹരാണ്. മെക്സിക്കന്‍ കവി ഒക്ടോവ്യോപാസിനു നോബല്‍സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ലോകജനത ഹര്‍ഷോന്‍മാദത്തില്‍ വീണിരിക്കും. അവരിലൊരാളായ ഈ ലേഖകനും അത്യന്താഹ്ളാദത്തിനു വിധേയനായി. അതിന്റെ ലഹരിയിലിരുന്നുകൊണ്ടാന്ന് ഈ വരികള്‍ കുറിക്കുന്നത്.

ഭൂകമ്പം ഭൂപ്രദേശത്തിന്റെ ആകൃതിയെയും സംസ്കാരത്തെയും മാറ്റിക്കളയുന്നതുപോലെ ചില പ്രതിഭാശാലികളുടെ സര്‍ഗാത്മക സ്ഫോടനം കലാലോകത്തിന്റെ ആകാരത്തെയും അവസ്ഥിതിയെയും പരിവര്‍ത്തനം ചെയ്തുകളയും. ആ രീതിയില്‍ കവിതാമണ്ഡലത്തിന് നൂതനാവസ്ഥ സംജാതമാക്കിയ മഹകവിയാണ് ഒക്ടോവ്യോപസ്. അദ്ദേഹത്തിന്റെ കൈകളില്‍ കവിതയ്ക്ക് അന്യാദൃശ്യമായ പരിപാകം ഉണ്ടായി. വൈദേശികങ്ങളായ ആശയങ്ങളോട് ‘അകലെ’ എന്നാജ്ഞാപിച്ചിട്ട് സ്വന്തം അനുഭവങ്ങളെയും സ്വന്തം ഭാവസംദൃബ്ധതകളെയും (Sensibility) പാസ് ആവിഷ്കരിച്ചു. കവിത അന്യാദൃശ്യസ്വഭാവം ആവഹിക്കുന്നത് അതില്‍ പ്രകടമാകുന്ന ദര്‍ശനത്താലാണ് (Vision). സ്വന്തമായ ദര്‍ശനത്തെയും സ്വന്തമായ ഭാവസംദൃബ്ധതയെയും സ്ഫുടീകരിച്ചാണ് പാസ് മഹാകവിത്വത്തിലേക്ക് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ കവിതയ്ക്കു നൂതനമായ സെന്‍സിബിലിറ്റി — ഭാവസംദൃബ്ധത — ഉണ്ടെന്നു പറയുമ്പോള്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്? ആന്തരജീവിതത്തിന്റെ അതിസൂക്ഷ്മങ്ങളായ ചലനങ്ങളെ കണ്ടറിയുകയും വൈകാരികാനുഭവത്തിനു യോജിച്ച വിധത്തില്‍ വര്‍ണോജ്ജ്വലങ്ങളായ പദങ്ങള്‍കൊണ്ട് അവയെ ആവിഷ്കരിക്കുകയും ചെയ്യാന്‍ കവിക്കു കഴിയുമ്പോഴാണ് അദ്ദേഹത്തിനു സെന്‍സിബിലിറ്റി ഉണ്ടെന്നു നമ്മള്‍ പറയുക. അങ്ങനെയാണ് അദ്ദേഹം മറ്റൂ കവികളില്‍നിന്നു വിഭിന്നനായി നില്ക്കുന്നത്. ഇതു സമ്പൂര്‍ണമായും ഗ്രഹിക്കണമെങ്കില്‍ പാസിന്റെ പ്രകൃഷ്ടകൃതി (മാസ്റ്റര്‍പീസ്) എന്നു കരുതപ്പെടുന്ന Sun Stone — സൂര്യശില വായിക്കണം.

സെന്‍ട്രല്‍ മെക്സികോയില്‍ പന്ത്രണ്ടാം ശതകത്തിന്റെ അന്ത്യത്തോട് അടുപ്പിച്ച് വന്നെത്തിയ ജനതയാണ് ആസ്റ്റെക്കുകള്‍. സമുന്നതമായ സംസ്കാരമായിരുന്നു അവരുടേത്. 1519-ല്‍ സ്പെയിനില്‍നിന്നെത്തിയ സൈന്യം അവരെയും അവരുടെ സംസ്കാരത്തെയും തകര്‍ത്തു. ആസ്റ്റെക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ ഒന്ന് അവരുടെ ‘കലണ്ടര്‍ സ്റ്റോണാ’ണ്. ചരിത്രം, ജോതിശാസ്ത്രം, കെട്ടുകഥകള്‍ ഇവയൊക്കെ പ്രതിരൂപങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ആ ഭീമാകാരമായ കല്ലിന്റെ നടുക്കായി സൂര്യദേവനെ കൊത്തിവച്ചിട്ടുണ്ട്. സൂര്യനാണു ചരിത്രത്തിനും ശാസ്ത്രത്തിനും കഥകള്‍ക്കും ജീവന്‍ നല്‍കുന്നത്. സൂര്യനെ മാറ്റൂ. അതിനുചുറ്റുമുള്ളവയ്ക്ക് അര്‍ത്ഥമില്ല. കവിത സൂര്യനാണെങ്കില്‍ ചരിത്രം, ശാസ്ത്രം, പുരാവൃത്തം ഇവയെ ദ്രവിപ്പിക്കുന്നത് ആ കവിതതന്നെ — സൂര്യന്‍തന്നെ, നമൂടെ അയല്ക്കാരനെ നമ്മളില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തുന്നത് കന്‍മതിലാണല്ലോ.

പ്രദേശങ്ങളെ വിഭിന്നങ്ങളാക്കുന്നതു കന്‍മതില്‍. രാഷ്ടങ്ങളെ വിഭിന്നങ്ങളാക്കുന്നത് കന്‍മതില്‍. അവയിലൂടെ കവിതാസൂര്യന്റെ രശ്മികള്‍ പ്രസരിപ്പിക്കൂ. മതിലുകള്‍ ദ്രവിക്കും. എല്ലാം ഒന്നാകും. ‘കല്ലുകള്‍ നിലവിളിക്കുമാറ്, മതിലുകള്‍ ശ്വാസകോശംപോലെ ശ്വസിക്കുമാറ് അവയെ ദ്രവിപ്പിക്കൂ’ എന്നാണ് പാസ് നിര്‍ദ്ദേശിക്കുന്നത്. താഴെ ചേര്‍ക്കുന്ന കാവ്യഭാഗം ഈ ആശയത്തിന് സ്പഷ്ടത നല്‍കും.

‘ഈ നിമിഷം വേറൊന്നിലേക്കും അതു മറ്റൊന്നിലേക്കും പറന്നു. സ്വപ്നം കാണാത്ത കല്ലിന്റെ സ്വപ്നങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു. സംവല്‍സരങ്ങളുടെ അന്ത്യത്തില്‍ കല്ലുകളെന്നപോലെ തടവിലായ എന്റെ രക്തം പാടുന്നത് ഞാന്‍ കേട്ടു. പ്രകാശത്തിന്റെ മര്‍മ്മര ശബ്ദത്തില്‍ സമുദ്രം പാടി. മതിലുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. ഓരോ വാതിലും തകരുകയായിരുന്നു. സൂര്യന്‍ എന്റെ നെറ്റിത്തടത്തിലൂടെ കൊള്ളയടിച്ചു നീങ്ങുകയായിരുന്നു. എന്റെ അടഞ്ഞ കണ്ണുകള്‍ തുറപ്പിച്ചുകൊണ്ട്; എന്റെ സത്തയെ പൊതിഞ്ഞിരുന്ന വസ്ത്രങ്ങളെ അനാവരണം ചെയ്തുകൊണ്ട്; എന്നെ എന്നില്‍നിന്നു ഛേദിച്ചു കൊണ്ട്; കല്ലിന്റെ ഉറങ്ങുന്ന ശതാബ്ദങ്ങളെ എന്നില്‍നിന്നു വേര്‍പ്പെടുത്തിക്കൊണ്ട്.’

രക്തം തടവില്‍, കണ്ണൂകള്‍ അടഞ്ഞവ, സത്ത ആവരണം ചെയ്യപ്പെട്ടത്. പ്രകാശം — കവിത — ആ തടവറകളെ ഭേദിക്കുന്നു. സ്വാതന്ത്രത്തിന്റെ സ്തോതാവായി ഒക്ടോവ്യോ പാസ് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ഈ ഭാവസംദൃബ്ധത അദ്ദേഹത്തിന്റേതുമാത്രമാണ്. അതിന്റെ നൂതനത്വം നമ്മളെ ആശ്ചര്യഭരിതരാക്കുന്നു.

‘മെക്സിക്കന്‍ പോയട്രി’ എന്ന കാവ്യസമാഹാരഗ്രന്ഥത്തിന് അവതാരിക എഴുതിയ പാസ് പറയുന്നു. ‘മനുഷ്യനും ചരിത്രവും തമ്മിലുള്ള ബന്ധം അടിമത്തത്തിന്റെയും ആശ്രയത്തിന്റെതുമാണ്…ഈ ബന്ധത്തെ കവിത സമൂലമായി പരിവര്‍ത്തനം ചെയ്യുന്നു… അതിന്റെ ഉല്‍പന്നങ്ങളെല്ലാം — നായകന്‍, കൊലപാതകി, കാമുകന്‍, ലാക്ഷണികകഥ, ശിക്ഷവിധിക്കപ്പെട്ട കുറ്റവാളി, ആദ്യമായി ലൈംഗികതയില്‍ വ്യാപരിക്കുന്ന പെണ്‍കുട്ടി ഇവയെല്ലാം മരിക്കുന്നില്ല; ഭിത്തിയില്‍ ചെന്നടിച്ചു തകരുന്നുമില്ല. അന്ത്യംവരെ ചെല്ലാനാണ് അവയുടെ തീരുമാനം. എത്രകാലം ജീവിക്കുമോ അത്രയും കാലം ജീവിക്കാന്‍…അവ കവിതയ്ക്കുവേണ്ടി കാത്തിരിക്കുന്നു; അവ യഥാര്‍ത്ഥത്തില്‍ എന്താണോ അവയായി സൃഷ്ടിക്കാന്‍. ചരിത്രമില്ലാതെ കവിതയില്ല. ചരിത്രത്തെ പരിവര്‍ത്തനം ചെയ്യാനല്ലാതെ മറ്റൊരു ലക്ഷ്യമില്ല കവിതയ്ക്ക്’ (സ്വതന്ത്രമായ തര്‍ജ്ജമ) ഈ കവിത കൊടുങ്കാറ്റാണെങ്കില്‍ അതു നിങ്ങളെ വേരോടെ പിഴുതെടുക്കുന്നു. വലിച്ചിഴക്കുന്നു. അതു ചിന്തകളെ തുറന്നു അവയെ നാലുപാടും വിതറുന്നു. നിങ്ങളുടെ നെറ്റിത്തടത്തില്‍ കൊടുങ്കാറ്റ് (പാസിന്റെ Tempest എന്ന കാവ്യം) കവിതയുടെ വിപ്ളവാത്മക സ്വഭാവത്തെ ഇത്രകണ്ടു ശക്തിയോടെ വേറൊരു കവിയും പ്രതിപാദിച്ചില്ല.

ഈ വിപ്ളവാത്മകത ഒരദൃശ്യലോകത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയാണ്. അതിനു ശ്രമിക്കുമ്പോള്‍ അന്വേഷണം അന്ത്യന്താപേക്ഷിതമായിത്തീരുന്നു. ‘എന്റെ ശരീരത്തില്‍ നീ കുന്നുകള്‍ക്കുവേണ്ടി അന്വേഷണം നടത്തുന്നു; കാട്ടില്‍ അപ്രത്യക്ഷമായ സൂര്യനുവേണ്ടി (അന്വേഷണം നടത്തുന്നു) അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷമായിപോയ വഞ്ചിക്കുവേണ്ടി ഞാന്‍ നിന്റെ ശരീരത്തില്‍ അന്വേഷണം നടത്തുന്നു’ എന്ന കാവ്യത്തിലെ അന്വേഷണതല്‍പരത്വം പാസിന്റെ എല്ലാ കാവ്യങ്ങളിലുമുണ്ട്.

Strectched out at the confines, your hair is lost in the forest, your feet touch mine. Asleep, you are greater than the night, yet there is space for dream in this room. How much we are how little we are how little we are so much! Outside a taxi passes with load of ghosts. The river that flows away — always — is its back. Will tomorrow be another day?

അതാണു ചോദ്യം. നാളെ എന്നതു വേറൊരു ദിവസമായിരിക്കുമോ. Last Dawn എന്ന കാവ്യത്തിലും മറ്റൊരു ലോകത്തെയാണു പാസ് അന്വേഷിക്കുന്നത്. ഇന്ത്യയിലെ മിസ്റ്റിസത്തില്‍, തല്‍പരനായി ഭവിച്ച പാസ് തന്റെ ചലനാത്മകമായ കവിതയിലൂടെ മറ്റൊരു ലോകം കണ്ടെത്താന്‍ ശ്രമിച്ചതു സ്വാഭാവികംതന്നെ. അദ്ദേഹത്തിന്റെ Configurations എന്ന കാവ്യഗ്രന്ഥം വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. അതില്‍ ‘വൃന്ദാവനം’ (Vrindaban) എന്നൊരു കാവ്യമുണ്ട്. അതില്‍ ഒരു ‘സാധു’ വിടവാര്‍ന്ന ശിലയെ ആശ്ളേഷിക്കുന്നതായി പറയുന്നു. ഭീമാകാരങ്ങളായ വിഗ്രഹങ്ങളിലൊക്കെ പാസ് ഈ വിടവ് — ലൈംഗികതയോടു ബന്ധപ്പെട്ട വിടവ് — കണ്ടിട്ടുണ്ട്. സൃഷ്ടിയോടു ബന്ധമുള്ളതാണ് അത്. കല്ലുകള്‍ — ഇന്ത്യയിലെ ദേവതാവിഗ്രഹങ്ങള്‍ — ചലനംകൊള്ളുന്നു, സൃഷ്ടിയിലൂടെ. നിശ്ചേതനത്വത്തെ — കല്ലുകളെ — കവിതയുടെ സൂര്യപ്രകാശമേല്‍പ്പിച്ചു സചേതനമാക്കുക, ചൈതന്യമാര്‍ന്ന ആ കല്ലുകള്‍ ലൈംഗികരന്ധ്രത്തിലൂടെ സൃഷ്ടിയുടെ മഹാദ്ഭുതത്തിലേക്കു നമ്മളെ കൊണ്ടുചെല്ലും. അതു മറ്റൊരു ലോകത്തേക്കു നമ്മെ എത്തിക്കും.

ലൈംഗികവേഴ്ചയുടെ ഹര്‍ഷോന്‍മാദം കാവ്യരചയുടെ ഹര്‍ഷോന്‍മാദമായിട്ടാണ് പാസ് കാണുന്നത്. രണ്ടും സൃഷ്ടിയിലൂടെ മറ്റൊരു ലോകത്തേക്കു നയിക്കുന്നതിനാല്‍.

I forgot Nagarjuna and Dharmakirti in your Breasts, in your scream. I met them: Maithuna, two in one, one in all, all in nothing, sunyata, vacant plenitude, round emptiness, like your haunches എന്ന വരികള്‍ പാസിന്റെ കാവ്യസങ്കല്പത്തെയും തത്ത്വചിന്തയെയും വ്യക്തമാക്കുന്നു. ഇതിനെയൊക്കെയാണ് അദ്ദേഹത്തിന്റെ നൂതനമായ ഭാവസംദൃബ്ധതയായി ഞാന്‍ കണ്ടത്. ഈ സെന്‍സിബിലിറ്റി വെറൊരു കവിക്കുമില്ല. അതിനാലാണ് പാസിനെ നിസ്തുലനായ കവിയായി സഹൃദയര്‍ കരുതുന്നത്.

പാവ്ലോ നെദൂറ മഹാകവിയാണെങ്കിലും, ചില കാര്യങ്ങളില്‍ പാസിനെ അദ്ദേഹം അതിശയിക്കുന്നുവെങ്കിലും റിഡക്ഷനിസം — ന്യൂനീകരണം — അദ്ദേഹത്തിന്റെ ദോഷമാണ്. പാസിന്റെ വിപ്ളവാത്മകമായ കവിത വ്യാപകത്വമുള്ള മണ്ഡലത്തെ സമാശ്ളേഷിക്കുന്നു.

‘അജ്ഞാതമായതിലേക്കു കവിത കുതിച്ചുചെല്ലുന്നു; ചെന്നില്ലെങ്കില്‍ അതു ഒന്നുമല്ല’ — Poetry Leaps into the unknown or it is nothing — എന്ന് ഈ മഹാകവി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കവിത ഈ പ്രഖ്യാപനത്തെ സാര്‍ത്ഥകമാക്കുന്നു.

പാസിന്റെ കാവ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ഗദ്യകൃതികളോടു ബന്ധപ്പെട്ടിരിക്കുന്നു. കാവ്യങ്ങളുടെ വിവൃതികളായോ സ്പഷ്ടീകരണങ്ങളായോ ഗദ്യകൃതികളെ കരുതാം. ഗദ്യകൃതികളിലെ ചിന്താമണ്ഡലം കൂടുതല്‍ ദീപ്തിയോടെ വര്‍ത്തിക്കുന്നത് കാവ്യങ്ങളിലാണെന്നും പറയാം. അത്രയ്ക്കു അവ തമ്മില്‍ ബന്ധമുള്ളതുകൊണ്ട് പാസിന്റെ ‘The labyrinth of Solitude’ ഏകാന്തതയുടെ ദുസ്തരസ്ഥാനം എന്ന പ്രബന്ധ സമാഹാരം ആദ്യമായിത്തന്നെ പരിഗണികേണ്ടിയിരിക്കുന്നു. തികച്ചും മൗലികം, ഉജ്ജ്വലം എന്നൊക്കെ വാഴ്ത്തപ്പെടുന്ന ഈ പുസ്തകത്തിന്റെ ഒന്‍പതാമത്തെ ഭാഗത്തില്‍ പാസ് എഴുതുന്നു.

‘ഏകാന്തത — ലോകത്തുനിന്നും തന്നില്‍നിന്നും ഒറ്റപ്പെട്ടു തനിച്ചുനില്‍ക്കുന്നു എന്ന അറിവും വികാരവും — സമ്പൂര്‍ണ്ണമായും മെക്സിക്കന്‍ സവിശേഷതയല്ല. ജീവിതത്തിന്റെ ചില നിമിഷങ്ങളില്‍ തങ്ങള്‍ ഒറ്റക്കാണെന്ന് എല്ലാവര്‍ക്കും തോന്നാറുണ്ട്. അവര്‍ അങ്ങനെയാണുതാനും…മനുഷ്യാവസ്ഥയുടെ ഗഹനതയാര്‍ന്ന വസ്തുതയാണ് ഏകാന്തത. താന്‍ ഒറെക്കാണെന്ന് അറിയുന്ന ജീവി മനുഷ്യന്‍മാത്രം. മറ്റൊരാളെ അന്വേഷിക്കുന്നവനും അവന്‍ മാത്രം…മറ്റൊരാളില്‍തന്നെ സാക്ഷാല്‍കരിക്കാന്‍ അവന്‍ കൊതിക്കുന്നു.’

പാരീസില്‍ കുറെക്കാലം താമസിച്ചെങ്കിലും അവിടെ പ്രസിദ്ധിയും പ്രചാരവുമാര്‍ന്ന അസ്തിത്വവാദത്തിലെ പ്രധാനഘടകമായ ഏകാന്തതയെ അംഗീകരിച്ചുകൊണ്ടല്ല പാസ് ഈ പ്രസ്താവം നിര്‍വഹിച്ചിട്ടുള്ളത്. അദ്ദേഹം വ്യക്തമാക്കുന്ന ഏകാന്തത അസ്തിത്വവാദികളുടെ ഏകാന്തതയില്‍നിന്നു വിഭിന്നമത്രെ. ഈ ഏകാന്തതയെ വിശദീകരിക്കാനായി അദ്ദേഹം തെരുവുകളില്‍ നടക്കുന്ന മെക്സികന്‍ യുവാക്കളുടെ സമീപത്തുചെല്ലുന്നു. 1940 തൊട്ട് 1950 വരെ (പാസിന്റെ ഗ്രന്ഥം 1950 ലാണ് പ്രസിദ്ധപ്പെടുത്തിയത്) സമൂഹ വിരുദ്ധരായ, പട്ടണങ്ങളില്‍ പ്രത്യക്ഷരായ യുവാക്കന്‍മാരെ അദ്ദേഹം നോക്കുന്നു. മറ്റുള്ളവരുടെ വേഷംതന്നെ അവരുടേതും. ഭാഷയും വിഭിന്നമല്ല. വടക്കേ അമേരിക്കക്കാരാണ് അവരെന്ന് തോന്നിയേക്കാം. അല്ല, അവരോടു സംസാരിച്ചുനോക്കുക. അസ്വസ്ഥരാണ് അവര്‍. പ്രച്ഛന്നവേഷം ധരിച്ചവരാണ് അവരെന്ന് ആര്‍ക്കും തോന്നും. അപരിചിതന്റെ നോട്ടം അവര്‍ ഭയപ്പെടുന്നു. ആ നോട്ടം തങ്ങളെ വസ്ത്രരഹിതരാക്കുമെന്നാണ് അവരുടെ പേടി. അവരുടെ സംവേദ്യത — സെന്‍സിബിലിറ്റി — ദോലകംപോലെ (പെന്‍ഡുലം) യുക്തിരഹിതമായി പിറകോട്ടും മുന്നോട്ടുമായി ആടിക്കൊണ്ടിരിക്കുന്നു. ഈ ചൈതന്യരഹിതമായ അവസ്ഥ ‘പാച്ചുകോ’ (Pachuco — സ്പാനിഷ് പദം) എന്നൊരു വര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ വര്‍ഗം അനാഥരാണ്. അവര്‍ ഏകാന്തതയുടെ വന്ധ്യതയില്‍ പെട്ടിരിക്കുന്നു. വടക്കേ അമേരിക്കക്കാരല്ല അവര്‍. മെക്സിക്കോക്കാരുമല്ല. ഈ ഏകാന്തത മെക്സിക്കോയെ ആകെ ബാധിച്ചിരിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. മെക്സിക്കോയിലെ ജനതയെക്കുറിച്ച് പാസ് പറയുന്നതൊക്കെ ലോകജനതയ്ക്കും ചേരും. അതിനാലാണ് The Labyrinth of Solitude എന്ന ഗ്രന്ഥത്തിന് സാര്‍വജനീന സ്വഭാവമുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നത്. (The Pachuco and other Extremes എന്ന ആദ്യത്തെ അനുബന്ധം നോക്കുക.)

‘ഏകാന്തതയുടെ ദുസ്തരസ്ഥാന’ത്ത് വിശദമാക്കിയ ഈ ഏകാന്തത തന്നെയാണ് കവിത. ഏകാന്തതയുടെ ദുഃഖമനുഭവിക്കുന്ന ആള്‍ അന്യനില്‍, തന്നെ സാക്ഷാത്കരിക്കുന്നതുപോലെ കവി കവിതയിലൂടെ തന്നെയും മറ്റുള്ളവരെയും സാക്ഷാത്കരിക്കണമെന്നാണ് പാസിന്റെ മതം. Fable of Two Gardens എന്ന കാവ്യത്തില്‍ അദ്ദേഹം ഇതിനെ ദുര്‍ഗ്രഹതയോടെ, സറിയലിസ്റ്റിക്കായി ആവിഷ്കരിക്കുന്നു. There are no gardens save those we carry within us. What awaits us on the other shore? Passion is transit: The shore is here, light in the Shoreless air: Praina paramita(?) Our lady of the other ‘

shore, thou thyself the girl of the fable, pupil of the garden. I forgot Nagarjuna and Dharmakirti in your breasts, in your scream I met them: Maithuna, two in one, are in all, all in nothing. Sunyata, vacant plenitude, round emptiness, like your hanunches (പാസ് Praina pramita എന്നെഴുതിയത് തെറ്റാണെന്നു തോന്നുന്നു. ബോധിസത്ത്വന്റെ ധര്‍മങ്ങള്‍ക്കു മൂര്‍ത്തിഭാവം നല്‍കിയ പ്രജ്ഞാപാരമിതാദൈവത്തെയാവാം അദ്ദേഹം ഉദ്ദേശിച്ചത്). നാഗാര്‍ജുനന്റെ ശൂന്യതാവാദത്തെ നിസാരമാക്കിക്കൊണ്ട് ലൈംഗിക പ്രതിരൂപാത്മകതയിലൂടെ മനുഷ്യന്‍ തന്നെയും മറ്റൊരു ലോകത്തെയും സാക്ഷാത്കരിക്കുന്നതിനെയാണ് ഇവിടെ വിവരിക്കുന്നത്. ജീവിതത്തിന്റെ other shore — മറ്റേകര — ദര്‍ശിക്കുന്നതിനു സഹായമരുളണം കവിത. മൈഥുനം എന്ന വാക്ക് ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ സാക്ഷാത്കാരം നേടുന്നതിനെ സൂചിപ്പിക്കുന്നു. അതു കഴിഞ്ഞാല്‍ ജീവിതത്തിന്റെ മറ്റെക്കര കാണണം. ഏകാന്തതയില്‍ ആരംഭം; അഭിലാഷത്തിലൂടെ സംഗമം; സംഗമത്തിനുശേഷം മറുകര കാണല്‍. തികച്ചും അധ്യാത്മികമായ കലാസങ്കല്‍പം തന്നെയാണ് പാസിന്റെത്. മുകളില്‍പറഞ്ഞ കാവ്യം I stare into the clarity എന്നാണ് അവസാനിക്കുന്നത്. ജീവിതത്തിന്റെ മറുകര കണ്ടാല്‍ സുവ്യക്തയേയുള്ളു, അവ്യക്തതയില്ല എന്നര്‍ത്ഥം.

The labyrinth of solitude-ല്‍ പാസ് എഴുതുന്നു: To reduce poetry to its reflections of historical events and movements would be like reducing the poet’s words to their logical or grammatical connotations. Poerty transcends both history and language, although they are its necessary food. The same could be said, in different ways, of painting, music, the novel, the theatre and the other arts (ഏഴാമത്തെ പ്രബന്ധം) ചരിത്ര സംഭവങ്ങളും ചരിത്രപ്രസ്ഥാനങ്ങളുമായി കവിതയെ ന്യൂനീകരിക്കാന്‍ പാടില്ല. കവിത ചരിത്രത്തെയും ഭാഷയെയും അതിശയിക്കുന്നു.

പാസിന്റെ Beyond love എന്ന കാവ്യം പ്രസിദ്ധമാണ്. ‘എല്ലാം നമ്മളെ ഭീഷണിപ്പെടുത്തുന്നു, ഞാന്‍ ആരായിരുന്നു എന്നതിനെയും ആരാകുമെന്നതിനെയും കാലം വിഭജിക്കുന്നു: പാമ്പിനെ കത്തികൊണ്ടു മുറിക്കുന്നതുപോലെ അതിന്റെ സുതാര്യാവസ്ഥ ഭജ്ഞിക്കപ്പെടുന്നു. ‘നീയും’ ‘ഞാനും’ ഇവയ്ക്ക് ഇടയ്ക്ക് ഉയരുന്ന നമ്മുടെ പേരുകള്‍; ശൂന്യതയുടെ ഭിത്തികള്‍. അവയെ ഒരു കാഹളവും തകര്‍ക്കുന്നില്ല…’ ഭിത്തികള്‍ കല്ലുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവ. സൂര്യന്‍ ശിലയെ ദ്രവിപ്പിക്കുന്നതുപോലെ കവിതകൊണ്ട് വ്യത്യാസങ്ങളെ ദ്രവിപ്പിക്കുമ്പോള്‍ ‘നീയും ഞാനും’ ഒന്നാകും എന്നര്‍ത്ഥം. നീയും ഞാനും ഒന്നാകുക എന്നു പറഞ്ഞാല്‍ ലോക ജനത ഒന്നാകുക എന്നുതന്നെയാണ്. ആ ഐക്യത്തിന് കവിത സഹായിക്കട്ടെ എന്നാണ് പാസ് പറയുക.

പാസിന്റെ Charles Eliot Norton Lectures സമാഹരിച്ച് Children of the Mire എന്ന പേരില്‍ പ്രസാധനം ചെയ്തിട്ടുണ്ട്. കാല്‍പനിക കാലയളവുതൊട്ട് നവീനതമകാലം വരെയുള്ള കവിതയുടെ പഠനമാണത്.

അതില്‍ കവിതയുടെ സ്വഭാവത്തെക്കുറിച്ച് പാസ് മൗലികമായി, ചിന്തോദ്ദീപകമായി പലതും പറഞ്ഞിരിക്കുന്നു. കവിതയല്ലാത്ത ഒരു രചന വായിക്കുകയെന്നു പറഞ്ഞാല്‍ അതിനെ മനസ്സിലാക്കുക, അതിന്റെ അര്‍ത്ഥം പിടിച്ചെടുക്കുക എന്നതാണ്. കാവ്യം വായിക്കുക എന്നു പറഞ്ഞാലോ? അതിനെ പുനരുല്‍പാദിപ്പിക്കുക എന്നത്രെ. ഈ പുനരുല്‍പാദനം ചരിത്രത്തിലൂടെ സ്വയം വികസിക്കുന്നു. എന്നാല്‍, ചരിത്രത്തിനെ ഇല്ലാതാക്കുന്ന വര്‍ത്തമാനകാലത്തേക്കു വികസിക്കുകയാണ്. ഈ വിധത്തിലൊരു കാവ്യസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന പാസ് വെറും സാഹിത്യസംബന്ധിയായ ആവിഷ്കാരം മാത്രമായി കവിതയെ കാണാത്തതു ശരിതന്നെ. കവിതാരചന സങ്കീര്‍ണമായ പ്രക്രിയയാണ്. അത് ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളെ ഗൗരവാവഹമായി പ്രതിപാദിക്കുന്നു. അയത്ന ലളിതമായി. ആകര്‍ഷകമായി വരികള്‍ എഴുതിവെച്ചാല്‍ കവിതയാവില്ല. മാന്ത്രികവും വിപ്ളവാത്മകവുമായ രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ കവിത ചലനം കൊള്ളുന്നുവെന്ന് പാസ് വിശ്വസിക്കുന്നതായി The Truth of Poetry എഴുതിയ Hamburger ചുണ്ടിക്കാണിക്കുന്നു. പ്രകൃതിയില്‍നിന്നു നമ്മെ അകറ്റിനിറുത്തുന്നത് ആത്മബോധമാണ്. ഈ ആത്മബോധത്തെ നശിപ്പിച്ച് കവിത നമ്മളെ പ്രകൃതിയിലേക്കു കൊണ്ടുചെല്ലുന്നു. ഇത് മാന്ത്രികപ്രക്രിയ. ചരിത്രപരമായ ലോകത്തെയും പ്രകൃതിയെയും ആക്രമിച്ചു കീഴടക്കി വിപ്ളവാത്മക കവിത വിരാജിക്കുന്നു. ഒറ്റപ്പെട്ട ബോധമണ്ഡലത്തെ ബാഹ്യപ്രപഞ്ചവുമായി അനുരജ്ഞിപ്പിക്കുന്നു രണ്ടുതലത്തിലുള്ള കവിതയും. പാസിന്റെ കവിത മാന്ത്രികമാണ്, വിപ്ളവാത്മകമാണ്. നവീന ലോകത്തിന്റെ ആധ്യാത്മികസ്വാസ്ഥ്യത്തെ അത് പ്രഗല്‍ഭമായി പ്രതിപാദിക്കുന്നു. നോബല്‍സമ്മാനം ഇതിനെക്കാള്‍ വൈദഗ്ധ്യമാര്‍ന്ന കൈകളില്‍ ചെന്നുവീഴാന്‍ പ്രയാസം.