പ്രതിബദ്ധതയുടെ മധുരഗർജജനം
പ്രതിബദ്ധതയുടെ മധുരഗർജജനം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മണല്‍ക്കാട്ടിലെ പൂമരങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1992 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 126 (ആദ്യ പതിപ്പ്) |
‘തുറക്കു! തുറക്കു! നിദ്രയുടെ കവാടത്തില്‍ ചുറ്റികകൊണ്ട് അടിച്ചതാര്? ആരാണത്? ജന്തുശാലയില്നിന്ന് ഒരു നാഴിക അകലെ താമസിക്കുന്ന ആര്‍ക്കും ഉഷ്ണകാല രാത്രികളില്‍ സിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നതു കേള്‍ക്കാം…നേരം വെളുക്കന്നതിനുമുന്‍പ്, ഇരുട്ടുണ്ടെന്നു സങ്കല്പ്പിക്കപ്പെടുന്ന നേരത്ത്, ശരീരം ആയാസത്തിന്റെ താണതലത്തില്‍ എത്തിയ സമയത്ത്, കുന്നിന്റെ മുകളിലുള്ള ആശുപത്രിയില്‍ വയസുചെന്നവര് മരിക്കുന്ന സന്ദര്‍ഭത്തില്‍ രാത്രി തുറക്കപ്പെടുന്നു. നക്ഷത്രങ്ങള്‍ക്കിടയില്‍, ഒരു ബ്ളാക് ഹോള്‍ — കറുത്ത ഗഹ്വരം — അതില്‍നിന്ന് അഗാധതയാര്‍ന്ന കിതയ്ക്കല്‍ വരുന്നു അത് ഉച്ചത്തിലാവുന്നു. താഴ്ച കൂടുന്നു, വേഗം കൂടുന്നു, കര്‍ക്കശത കൂടുന്നു. ഒരു വലിയ രോദനം, ഉയര്‍ന്നുവരുന്ന രോദനം പജ്ഞരത്തിന്റെ വളഞ്ഞ കമ്പികളിലൂടെ പുറത്തുവന്ന് നഗരത്തെയാകെ ആവരണം ചെയ്യുന്നു.’
സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ ദക്ഷിണാഫ്രിക്കയിലെ നോവലിസ്റ്റും കഥാകാരിയുമായ ഗോഡിമര്‍ (Nadine Gordimer) എഴുതിയ A Solidier’s Embrace (1980) എന്ന ഗ്രന്ഥത്തിലുള്ളതാണ് മുകളില്‍ ചേര്‍ത്ത ഭാഗം. ഇതിലെ ഗര്‍ജ്ജിക്കുന്ന സിംഹം മര്‍ദ്ദനമേല്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ വെള്ളക്കാരനും കറുത്തവര്‍ഗ്ഗക്കാരനും തന്നെയാണ്. ആ ഗര്‍ജ്ജനം കേട്ടിട്ടും ഉണരാന്‍ സമയമായില്ല എന്നു വിചാരിച്ചു പുതപ്പെടുത്തു തലവരെ മൂടിക്കിടക്കുകയാണോ? അപ്പോള്‍ പാല്കൊണ്ടുപോകുന്ന ട്രക്കിന്റെ റബ്ബര്‍ ടയറുകള്‍ നിങ്ങളുടെ നിദ്രയുടെ മുകളിലൂടെ ഉരുണ്ടുപോകും.
സിംഹജര്ജ്ജനം കേട്ട് ആലസ്യത്തില്നിന്നുണര്ന്നില്ലെങ്കില് ജീവിതത്തില്‍ നവീന ചലനം ഉണ്ടാവുകയില്ല. എന്നുമാത്രമല്ല, പാരതന്ത്ര്യത്തില്‍നിന്ന് ഒരിക്കലും മോചനം നേടുകില്ല എന്നു പരോക്ഷമായും പ്രത്യക്ഷമായും പറയുകയാണു നേഡീന്‍ ഗോഡിമര്‍. അവരുടെ നോവലുകളില്‍, ചെറുകഥകളില്നിന്നുയരുന്ന ശബ്ദവും ഇതുതന്നെ. വികസിതോജ്ജ്വലമായ ഈ മനുഷ്യസ്നേഹത്തെ പ്രകീര്ത്തിക്കുന്നതുകൊണ്ടാവണം ഈ സാഹിത്യകാരി സമ്മാനിതയായത്.
ദക്ഷിണാഫ്രിക്കയിലെ ജോഹനസ് ബര്‍ഗിനടുത്തുള്ള സ്പ്രിംഗ്സിലാണു നേഡീന്‍ ഗോഡിമര്‍ 1923-ല്‍ ജനിച്ചത്. അച്ഛന് ജൂതന്; അമ്മ ഇംഗ്ലീഷുകാരി. ഒന്‍പതാമത്തെ വയസില്‍ എഴുതിത്തുടങ്ങിയ നേഡീന്‍ പതിനഞ്ചാമത്തെ വയസില്‍ ആദ്യത്തെ ചെറുകഥ ഒരു വാരികയില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നു പല നോവലുകളിലും അവര്‍ എഴുതിയെങ്കിലും 1980-ല്‍ പ്രസിദ്ധപ്പെടുത്തിയ Burgher’s Daughter എന്ന നോവലാണ് അവരെ വിശ്വവിഖ്യാതയാക്കിയത്. 1981-ല്‍ എഴുതിയ July’s People ഒടുവിലത്തെ Something Out There എന്നീ നോവലുകള്‍ അവരെ വിശ്വസാഹിത്യകാരന്മാരുടെ കൂട്ടത്തിലേക്കു നയിച്ചു. രാഷ്ടാന്തരീയ സ്വഭാവമുള്ള അനേകം സമ്മാനങ്ങള്‍ നേടിയവരാണ് ഇ മഹതി. ഡബ്ള്യു. എച്ച്. സ്മിത്ത് ലിറ്റി എവോര്‍ഡ്, ജയിംസ് സ്റ്റേറ്റ് ബ്ളാക്ക് മെമ്മോറിയല്‍ പ്രൈസ്, ബുക്കര്‍ പ്രൈസ് ഇവ നേഡിനു ലഭിച്ചു. 1975-ല്‍ ഫ്രാന്‍സ് Grand Aigle d‘or സമ്മാനം നല്കി അവരെ ബഹുമാനിച്ചു. ബല്‍ജിയത്തിലെ ഒരു സര്‍വകലാശാല 1980-ല്‍ ഡോക്ടറേറ്റ് ഓഫ് ലിറ്ററേച്ചര്എന്ന ബിരുദം നല്കി. P. E. N. തുടങ്ങിയ വിഖ്യാതങ്ങളായ പല സംഘടനകളിലെയും വിശിഷ്ടാംഗമാണു നേഡീന്‍. ഗോഡിമര്‍. ഇപ്പോള്‍ ലാറിയിറ്റും.
നേഡീനു മഹായശസ് നേടിക്കൊടുത്ത Burgher’s Daughter എന്ന നോവലിനെക്കുറിച്ചാകട്ടെ നമ്മുടെ ആദ്യത്തെ വിചാരം. റോസ ധീരവനിതയാണ്. അവളുടെ അച്ഛനമ്മമാര്‍ മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ കാരാഗൃഹത്തില്കിടന്നു മരിച്ചു. റോസ ബര്‍ഗര്‍ എന്നതിനുപകരമായി തന്നെ ആളുകള്‍ റോസ ലുകസംബുര്ഹ് എന്ന് (Rosa Luxemburg — German Socialist Agitator, 1870–1919) വിളിക്കുമോ എന്ന് അവള് സംശയിച്ചു. അച്ഛനമ്മമാര്‍ അവള്‍ക്കു റോസ എന്ന പേരിട്ടതുതന്നെ ആ ഉദ്ദേശ്യത്തോടു കൂടിയല്ലെന്ന് എങ്ങനെ കരുതാനാണ്? അച്ഛന് പലപ്പോഴും റോസാ ലുക്സംബുര്ഹിന്റെ വാക്യങ്ങള്‍ എടുത്തുപറയുമായിരുന്നു. അദ്ദേഹത്തിനു ലെനിനിസ്റ്റായി പ്രവര്‍ത്തിക്കാനേ കഴിയുമായിരുന്നുള്ളൂ. അച്ഛനമ്മമാരുടെ സ്വാധീനശക്തിയില്‍ റോസ ബര്‍ഗര്‍ ആദ്യമൊക്കെ അമര്‍ന്നിരുന്നെങ്കിലും ക്രമേണ ആത്മത (Identity)കണ്ടുപിടിക്കാന്‍ അവള് ശ്രമിച്ചു. ശ്രമത്തില്‍ ഒട്ടൊക്കെ വിജയം പ്രാപിക്കുകയും ചെയ്തു. തനിക്കു സമൂഹത്തെ സംബന്ധിച്ച പ്രതിബദ്ധതയുണ്ടെന്നു ഗ്രഹിച്ച് അവള് യാതന നിറഞ്ഞ ജീവിതം നയിച്ചു. യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും സഞ്ചരിച്ചു. പ്രേമത്തില്‍പ്പെട്ടു. Children and Children’s Children. The Catchphrase of every reactionary Politician and every revolutionary and every revolutionary come to power as a politician. Everything is done in the name of future generations എന്ന് തെല്ലു പുച്ഛത്തോടെ പ്രഖ്യാപിച്ചെങ്കിലും അവള് വിഷാദത്തിന് അടിമയായി കഷ്ടപ്പാടിന്റെ അന്ത്യം എവിടെത്തുടങ്ങുമെന്ന് ആര്‍ക്കും അറിഞ്ഞുകൂടെന്ന് അവള് ഗ്രഹിച്ചു. റോസ അച്ഛനമ്മമാരെപ്പോലെ ബന്ധനത്തിലായി.
നാലു കൊല്ലംകൊണ്ടാണു നേഡീന്‍ ഈ നോവലെഴുതി പൂര്‍ണമാക്കിയത്. റോസ ബര്‍ഗറുടെ ജീവിതം അവരെ നേഡീനെ — ഹോണ്ട് ചെയ്തു. ജീവിതരഹസ്യങ്ങള്‍ മുഴുവനും അവളിലുണ്ടെന്ന് അവര്‍ വിചാരിച്ചു. വട്ടംചുറ്റി നേഡീന്‍ ആ കഥാപാത്രത്തോട് അടുത്തുവന്നു. സാമൂഹിക പരിതസ്ഥിതികള്‍ പരിവര്‍ത്തനം ചെയ്യാതെ സ്ഥിരീകൃതങ്ങളായി വര്‍ത്തിച്ചാല്‍ റോസയുടെ അച്ഛനമ്മമാര്‍ക്കു മാത്രമല്ല, അവള്‍ക്കും തടവറയിലെത്തേണ്ടിവരുമെന്നാണു നേഡീര്‍ വ്യജ്ഞിപ്പിക്കുന്നത്. അസാധാരണമായ ശക്തിയും ആര്ദ്രീകരണപ്രവണതയുമുള്ള നോവലാണിത്, ഇതാരംഭിക്കുന്നതിനുമുമ്പു നേഡീൻ ഒരു വാക്യം — മഹായശസ്കനായ ക്ളോദ് ലേവി സ്റ്റ്രോസിന്റെ ഒരു വാക്യം ഉദ്ധരിച്ചിട്ടുണ്ട്. I am the place in which something has occurred. ഏതോ സംഭവിച്ച സ്ഥലം തന്നെയാണു ഞാന്‍. വര്‍ണവ്യത്യാസത്തിന്റെ ക്രൂരങ്ങളായ നിയമങ്ങള്‍ പാവങ്ങളെ പരലോകത്തേക്ക് അയയ്ക്കുന്ന ദക്ഷിണാഫ്രിക്ക തന്നെയാണു നേഡീൻ. ഈ നോവലില്‍ വര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ക്കു സമകാലിക പ്രാധാന്യമില്ലായിരിക്കാം. എങ്കിലും അതിന്റെ സാംഗത്യം നഷ്ടപ്പെട്ടിട്ടില്ല. സാര്‍വലൗകിക വികാരങ്ങളെ ആവിഷ്കരിക്കുന്ന കലാസൃഷ്ടികള്‍ എല്ലാക്കാലത്തും ജീവിച്ചിരിക്കുമല്ലോ.
റോളാങ്ങ് ബര്‍ത് (Roland Barthes) പ്രചരിപ്പിച്ച ശൈലീവിഷയകമായ ഒരാശയമാണു Writing degree zero എന്നത്. ശൈലിയെ സംബന്ധിച്ച സവിശേഷത ഏതു രചനയിലില്ലയോ അതാണു Writing degree zero. ശൈലി നിഷ്പക്ഷതയുടെ സ്വഭാവമാര്ജ്ജിക്കണം. അതു സുതാര്യമായിരിക്കണം. ഇതാ ഒരു ശൈലീവല്ലഭന്‍ എന്നാരും പറയരുത്. അല്‍ബേര്‍ കമ്യുവിന്റെ നോവലുകള്‍ Writing degree zero എന്ന ആശയത്തിനു പ്രാതിനിധ്യം വഹിക്കുന്നു. സമൂഹപ്രതിബദ്ധതയില്‍ വിശ്വസിക്കുന്ന നേഡീന്‍ ഈ തത്ത്വം അംഗീകരിക്കുന്നില്ല. വിശേഷിച്ചും ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘The Conservationist എന്ന നോവലില്‍. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച നോവലുകള്‍ കുപ്രസിദ്ധമായ വിധത്തില്‍ അധമങ്ങളാണെന്നു ക്രോയെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ മതത്തെ നിരര്‍ത്ഥകമാക്കുന്ന ഒരു രാഷ്ട്രീയ നോവലാണു The Conservationist. എന്നാല്‍ അതു രാഷ്ട്രീയ നോവല്‍ അല്ലെന്നു നേഡീന്‍ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.
നോവലിലെ പ്രധാന കഥാപാത്രം മേറിങ്ങാണ്, അയാള്‍ കാരിരുമ്പു വ്യവസായിയാണ്;കൃഷിക്കാരനാണ്. തന്നെപ്പോലെയാണ് എല്ലാവരും എന്നാണ് അയാളുടെ വിചാരം. അതു ശരിയല്ലെന്നു വന്നപ്പോള്‍ അയാള്‍ ഒറ്റപ്പെട്ടവനായി, ദുഃഖിക്കുന്നവനായി. കറുത്തവര്‍ഗത്തില്‍പ്പെട്ട ഒരുത്തന്റെ മൃതദേഹം പൊലീസ് കരുതിക്കൂട്ടിയല്ലാതെ മേറിങ്ങിന്റെ കൃഷിസ്ഥലത്തു കുഴിച്ചിടുന്നു. ഒടുവില്‍ ചീഞ്ഞളിഞ്ഞ ആ ശവം മേറിങ്ങിന്റെ അന്തരംഗത്തിനു സദൃശമായ മട്ടില്‍ വെള്ളപ്പൊക്കം അടിച്ചു കരയിലേക്കു കയറ്റുന്നു. പ്രത്യക്ഷത്തില്‍ രാഷ്ട്രവ്യവഹാരമൊന്നുമില്ല; പക്ഷേ, കഥാപ്രവാഹത്തിന്റെ അടിത്തട്ടിലൂടെ മറ്റൊരു പ്രവാഹമുണ്ട്. ആ അടിയൊഴുക്കു രാഷ്ട്രവ്യവഹാരത്തിന്റേതുതന്നെ. കറുത്ത വര്‍ഗക്കാരന്റെ മൃതദേഹത്തിനുപോലും ധനികന്റെ കൃഷിസ്ഥലത്തു ചെന്നുകയറാന്‍ അധികാരമുണ്ട് എന്നാണു നേഡീന്‍ പറയുക. സമുദായത്തിന്റെ ജീര്‍ണതയെ കലാസുഭഗമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ നോവലില്‍.
നേഡീന്‍ 1958-ല്‍ പ്രസിദ്ധപ്പെടുത്തിയ A world of strangers എന്ന നോവലും ആത്മതയുടെയും ആശയവിനിമയത്തിന്റെ അപ്രഗല്ഭതയുടെയും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. ടോബിഹുഡ് എന്നൊരു ഇംഗ്ലീഷുകാരന് ജോഹനാസ്ബര്ഗില്വന്നു കറുത്ത വര്‍ഗക്കാരുമായി പരിചയപ്പെടുന്നു. അയാള്‍ അവരോട് ആര്‍ജ്ജവത്തോടെ സംസാരിക്കുന്നു; പ്രവര്‍ത്തിക്കുന്നു. പക്ഷേ, മാനസികമായ ഐക്യമില്ല. അവര്‍ അപരിചിതരായിത്തന്നെ വര്‍ത്തിക്കുന്നു. I understood, for the first time, the fear, the sense of loss there can be under a white skin (Page 129, penguin Book) എന്നാണു പ്രധാന കഥാപാത്രം പറയുന്നത്. കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും വസിക്കുന്ന തെക്കേയാഫ്രിക്കയില് കാലുകുത്താന്‍പോലും തനിക്കു കഴിയുകയില്ലെന്നു ഗ്രഹിച്ച ഇംഗ്ലീഷുകാരന് ഇംഗ്ളണ്ടിലേക്കു തിരിച്ചുപോകുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. നോവലെഴുത്തുകാരിയെക്കുറിച്ചു ചില അറിവുകള്‍ നല്‍കാനും അവരുടെ കൃതികളുടെ സവിശേഷതകള്‍ സൂചിപ്പിക്കാനും മാത്രം ഉദ്ദേശിച്ചിട്ടുള്ള ഈ ലേഖനത്തില്‍ അവരുടെ എല്ലാ കൃതികളെയുംക്കുറിച്ച് എഴുതാന്‍ വയ്യല്ലോ. പ്രതിബദ്ധത എന്ന നവീനമായ ആശയത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാരിയാണ് നേഡീന്‍ ഗോഡിമര്‍. ആ പ്രതിബദ്ധത രാഷ്ട്രവ്യവഹാരത്തോടുമാത്രം ബന്ധപ്പെട്ടിട്ടില്ലെന്ന് അവര്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതത്തെയാകെ സമാശ്ളേഷിക്കുന്നതാണു നേഡീന്റെ പ്രതിബദ്ധത. താനൊരു അമേരിക്കക്കാരിയോ ഇംഗ്ലീഷുകാരിയോ ആയിരുന്നെങ്കിലും ഇമ്മട്ടിലുള്ള നോവലുകളേ എഴുതു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ആന്തരതലത്തില്നിന്ന് ആരെങ്കിലും ഉന്തുകയാണെകില്, എന്തെങ്കിലും ബലം പ്രയോഗിക്കുകയാണെങ്കില്‍ ഈ രീതിയിലെ എഴുതാന്‍ പറ്റൂ എന്നും അവര്‍ക്കു മതമുണ്ട്. ‘നമ്മളിലുള്ള മഞ്ഞുകട്ടിയായ സമുദ്രത്തെ വെട്ടിപ്പിളര്‍ക്കാന്‍ സഹായിക്കുന്ന കോടാലിയായിരിക്കണം ഓരോ ഗ്രന്ഥ’വുമെന്നു കാഫ്ക പറഞ്ഞതിനോടു യോജിക്കുന്ന നോവലിസ്റ്റാണു നേഡീന്‍ ഗോഡിമര്‍. ഏതന് ഫ്യൂഗാഡല്ലേ നേഡീനേക്കാള് കലാശക്തിയുള്ള സാഹിത്യകാരന്? കൂറ്റ്സേയുടെ Waiting for the Barbarians എന്ന നോവലിന്റെ ശക്തിയും സൗന്ദര്യവും നേഡീസിന്റെ ഏതു നോവലിനുണ്ട് എന്നൊക്കെ ചോദിക്കാം. നിരര്‍ത്ഥങ്ങളായ ചോദ്യങ്ങളാണ് അവയെന്നു പറയാനും വയ്യ. എങ്കിലും അക്കാദമി ഒരു സ്ത്രീയെ മാനിച്ചിരിക്കുന്നു. മറ്റു സ്ത്രീകളൊടൊപ്പം പുരുഷന്മാര്ക്കും ഇതില്‍ സന്തോഷിക്കാവുന്നതേയുള്ളു.
|
|
|