close
Sayahna Sayahna
Search

ആധ്യാത്മികതയുടെ അധിത്യകയിൽ


ആധ്യാത്മികതയുടെ അധിത്യകയിൽ
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

കഥാരചയുടെ മഹനീയമായ കാലയളവിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സ്പഷ്ടമാക്കിത്തരുന്ന ചെറുകഥകളാണ് യൂഗോസ്ളാവ്യനായ ദാനീലോ കീഷിന്റേത് (DaniloKis, 1935–1989) യൂറോപ്പിലെ മഹാനായ സാഹിത്യകാരനാണ് അദ്ദെഹമെന്ന് നോബല്‍ സമ്മാനം നേടിയ കവി യോസിഫ് ബ്രോഡ്സ്കിയും മറ്റു പ്രമുഖ നിരൂപകരും അസന്ദിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതം മരണം ഇവയെക്കുറിച്ചാണ് ഏതു കലാകാരനും സര്‍ഗാത്മകാവിഷ്കാരം നിര്‍വഹിക്കുക. കീഷും പ്രവര്‍ത്തിച്ചത് അങ്ങനെതന്നെ. എന്നാല്‍ ആ പ്രക്രിയയില്‍ അദ്ദേഹം പ്രകടിപ്പിച്ച ചലനാത്മകശക്തി യൂറോപ്പിലെ മറ്റു കഥാകാരന്‍മാര്‍ക്കു കൈവന്നതല്ല. ഒരു വികാരത്തെ സൂക്ഷ്മ സൂക്ഷ്മമാക്കി അല്ലെങ്കില്‍ നേര്‍പ്പിച്ചു നേര്‍പ്പിച്ചു കൊണ്ടുവന്ന് ഗദ്യത്തിലൂടെയോ പദ്യത്തിലൂടെയോ സ്ഫുടീകരിക്കുമ്പോള്‍ ശുദ്ധമായ ഭാവാത്മകത്വം ഉണ്ടാകുന്നു. വിശുദ്ധമായ ആ ഭാവാത്മകതയിലൂടെ അനുവാചകന് സത്യത്തിന്റെ മണ്ഡലത്തിലെത്താം. ഈ രീതിയില്‍ ഭാവാത്മകതയിലൂടെ, ചലനാത്മകശക്തിയിലൂടെ വായനക്കാരനെ സത്യത്തിലേക്ക് നയിക്കുന്ന കീഷ് ഇരുപതാം ശതാബ്ദത്തിലെ കഥാകാരന്‍മാരില്‍ അദ്വീതീയനാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ To Die for One’s Country is Glorious എന്ന ചെറുകഥ ഈ സത്യം വ്യക്തമാക്കും.

രാജ്യത്ത് കൂടെക്കൂടെ ഉണ്ടാകുന്നതും രാജാവിനാല്‍ അടിച്ചമര്‍ത്തപ്പെടുന്നതുമായ വിപ്ളവത്തില്‍ പങ്കുകൊണ്ട പ്രഭുകുമാരന്‍ തടവറയിലാണ്. അയാള്‍ അവിടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ സൈനികോദ്യോഗസ്ഥന്‍മാര്‍ കടന്നുചെന്ന് വിധി ഉറക്കെ വായിച്ചു. ‘മരിക്കുന്നതുവരെ തൂക്കണം’ ആ ശിക്ഷ മറ്റുള്ളവര്‍ക്കും പാഠമായിത്തീരേണ്ടതാണെന്നാണ് രാജാവിന്റെ കല്‍പ്പന.

പ്രാര്‍ത്ഥനയിലൂടെ സമനില പരിപാലിക്കാന്‍ ശ്രമിച്ച അയാള്‍ അവരോട് പറഞ്ഞു: ‘മാന്യരെ ഞാന്‍ സന്നദ്ധനായിരിക്കുന്നു.’ അമ്മ അയാളെ തടവറയില്‍ചെന്ന് കണ്ടിരുന്നു. ‘ഞാന്‍ രാജാവിന്റെ കാല്‍ക്കല്‍വീഴും.’ എന്ന് അവര്‍ പറഞ്ഞതിന് മറുപടിയായി മകന്‍ പറഞ്ഞത്, ‘അമ്മേ മരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്, എന്നത്രേ. അമ്മ അറിയിച്ചു. ‘ഞാന്‍ ബാല്‍ക്കണിയില്‍ നില്‍ക്കും. വെളുത്ത വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചിരിക്കുന്നതെങ്കില്‍ ശ്രമത്തില്‍ ഞാന്‍ ജയിച്ചുവെന്ന്…’ അത് പൂര്‍ണമാകുന്നതിനുമുമ്പ് മകന്‍ മറുപടി നല്‍കുകയുണ്ടായി. ജയിച്ചില്ലെങ്കില്‍ അമ്മ കറുത്ത വസ്ത്രം ധരിച്ചിരിക്കും അല്ലേ?

വധസ്ഥലത്തേക്ക് അയാള്‍ നയിക്കപ്പെട്ടു. അമ്മ ലില്ലിപ്പൂക്കള്‍പോലെ വെണ്‍മയാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുകയാണ് ബാല്‍ക്കണിയില്‍. തന്നെ കള്ളനെപ്പോലെ തൂക്കിക്കൊല്ലുകയില്ലെന്ന് അവിടെക്കൂടിയ ജങ്ങളോട് വിളിച്ചു പറയാന്‍ പ്രഭുകുമാരന് തോന്നി. അങ്ങനെ കഴുമരത്തിനടുത്ത് അയാള്‍ നിന്നു. ആരാച്ചാര്‍ അയാളുടെ കാലുകള്‍ക്കിടയിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് മാറ്റിയപ്പോഴും അയാള്‍ വിചാരിച്ചു അ മഹാദ്ഭുതം സംഭവിക്കുമെന്ന്. അയാളുടെ ശരീരം കയറില്‍ക്കിടന്ന് പിടിച്ചു. കണ്ണുകള്‍ പുറത്തേക്കു തള്ളി.

സാധ്യതയുള്ള രണ്ടനുമാനങ്ങളുണ്ട്. താന്‍ മരിക്കുമെന്ന ഉറപ്പോടുകൂടി അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് മരിച്ചിരിക്കും. അല്ലെങ്കില്‍ അഭിമാനിയായ അമ്മയുടെ വിദഗ്ധമായ നാട്യമായിരിക്കുമത്. ജയിച്ചവര്‍ ചരിത്രമെഴുതുന്നു. ജനങ്ങള്‍കഥകളുണ്ടാക്കുന്നു. മരണം മാത്രമെ സുനിശ്ചിതമായുള്ളു.

ഉറപ്പായുള്ളത് മരണം മാത്രമാണ് എന്ന ആ അവസാനത്തെ വാക്യമാണ് വായനക്കാരനെ കലയുടെ അധത്യകയിലേക്ക് പ്രവേശിപ്പിച്ച് അയാള്‍ക്ക് അനുധ്യാനത്തിന്റെ പ്രശാന്തത അരുളുന്നത്. ആ പ്രശാന്തതയില്‍ വര്‍ത്തിച്ചു കൊണ്ട് വായനക്കാരന്‍ സ്വന്തം ജീവിതത്തിന്റെ സാധ്യതയിലേക്ക് ചെല്ലുന്നു. ജീവിതമെന്ന സങ്കീര്‍ണാനുഭവത്തിന്റെ സ്വാഭാവികവും ആഹ്ളാദജനകവുമായ പര്യവസാനമാണ് മരണം എന്ന് അയാള്‍ ഗ്രഹിക്കുന്നു. ഇങ്ങനെയാണ് മഹനീയമായ കല അനുവാചകനെ ഉദാത്തമണ്ഡലത്തിലേക്ക് നയിക്കുന്നത്. ദാലീനോ കീഷിന്റെ ഓരോ കഥയും ഇതുപോലെ ഉജ്വലമാണ്. അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നിരൂപകര്‍ അദ്ദേഹത്തെ (‘One’s of Europe’s greatest living writers at the height of his powers’) എന്നു വിശേഷിപ്പിച്ചത്. മരണഭയത്തെക്കാള്‍ വലിയ ഭയം വേറെയില്ല. ആ മരണത്തിനുപോലും ഒരു മിസ്റ്റിക്കല്‍ സ്വഭാവം നല്‍കിയിരിക്കുകയാണ് നിസ്തുലനായ ഈ കലാകാരന്‍. പ്രഭുകുമാരന്റെ മരണം ഒരു ഉത്കൃഷ്ടമായ ബിംബത്തിന്റെ സ്വഭാവം ആവാഹിച്ച് വായനക്കാരെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനെയാണ് Great art എന്നു വിളിക്കുക.

മഹത്വത്തിന്റെ മാനദണ്ഡം

സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ച് ഒരു മികച്ച ഗ്രന്ഥമെഴുതിയ പ്രൊഫെസര്‍ എസ്. അലിഗ്സാണ്ടര്‍ കലയിലെ സൗന്ദര്യമെന്ത്, മഹത്വമെന്ത് എന്നത് വിശദമാക്കിയിട്ടുണ്ട്. എല്ലാ നന്‍മകളും നന്‍മ എന്ന ഗുണം ഉള്‍ക്കൊള്ളുന്നതുപോലെ, എല്ലാ സത്യങ്ങളും സത്യങ്ങളായതുപോലെ, സൗന്ദര്യമാര്‍ന്നവ സൗന്ദര്യമുള്ളവതന്നെ. സൗന്ദര്യത്തിന് തരതമഭാവമില്ലെന്ന് അര്‍ത്ഥം. അതല്ല മഹത്വത്തിന്റെ സ്ഥിതി. സ്കോട്ടിന്റെ നോവലുകള്‍ ജെയന്‍ ഓസ്റ്റിന്റെ നോവലുകളെക്കാള്‍ മഹനീയങ്ങളാണ്, കലയുടെ പ്രമേയത്തിലാണ് മഹത്വമിരിക്കുന്നത്. ‘ഡിവൈന്‍കോമഡി’ പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങള്‍, ഒരു പരിസമാപ്തിയോടെ വായനക്കാരന്റെ ഹൃദയത്തില്‍ ആഘാതമേല്‍പ്പിക്കുന്നു. ആ ആഘാതമുണ്ടായിക്കഴിഞ്ഞാല്‍ ഒരു വിമര്‍ശനത്തിനും അതിനെ നശിപ്പിക്കാനാവില്ല. അലിഗ്സാണ്ടര്‍ പറയുന്നതിനോട് വിപ്രതിപത്തിയുണ്ടാകേണ്ടതില്ല. ടോള്‍സ്റ്റോയി യുക്തിപരങ്ങളായ സമാക്രമണങ്ങള്‍ ഷെക്സ്പിയറിന്റെ കൃതികള്‍ക്കുനേരെ നടത്തിയിട്ടും ഷെക്സ്പിയര്‍ ജീവിക്കുന്നു. ‘കിങ്ങ് ലിയര്‍’ ജീവിക്കുന്നു. മഹത്വത്തിന് ദീര്‍ഘതയോ സ്ഥൂലതയോ വേണമെന്നില്ല. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ പഠിപ്പിക്കുന്ന ഒരു കൊച്ചു ക്ലാസുമുറി ഐ. എ. എസ്. ഉദ്യോഗസ്ഥരുടെ സംഖ്യാബലമുള്ള സെക്രട്ടേറിയറ്റിനേക്കാള്‍ എത്രയോ മടങ്ങ് മഹനീയമാണ്. ‘ചിത്രയോഗ’മെന്ന മഹാകാവ്യത്തേക്കാള്‍ മഹത്വമുണ്ട് ‘ചിന്താവിഷ്ടയായ സീത’ എന്ന ഖണ്ഡകാവ്യത്തിന്.

കമ്യൂവിന്റെ കഥ

സിമോണ്‍ ദ ബോവ്വാറിന്റെ (Simone de Beauvior) ദീര്‍ഘമായ The Mandarins എന്ന നോവലിനെക്കാൾ ഉത്കൃഷ്ടമാണ് അൽബേർ കമ്യൂവിന്റെ‘The Adulterous Woman’ എന്ന ചെറുകഥ. സാന്ദ്രതയാര്‍ന്ന പ്രതിരൂപാത്മകതയാണ് കമ്യൂക്കഥകളുടെ സവിശേഷത. അതുകൊണ്ട് അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും അദ്ദേഹത്തിന്റെ കഥകള്‍ക്കു പറയാനുണ്ടാവും. കമ്യൂവിന് സ്നേഹമുണ്ടായിരുന്ന ഒരു വ്യക്തി അത് ഭംഗ്യന്തരേണ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും കമ്യൂവും കൂടി ഒരു മേഘത്തെ നോക്കുന്നുവെന്നു വിചാരിക്കൂ. അത് സിംഹത്തെപ്പോലെയിരിക്കുന്നുവെന്ന് ഒരാളിനു തോന്നും. മറ്റേയാള്‍ ആ ആളിന്റെ കൈക്കുപിടിച്ചുവലിച്ച് രണ്ടോ മൂന്നോ അടി വലത്തോട്ട് മാറ്റി നിറുത്തിയിട്ട് ആ മേഘത്തെത്തന്നെ നോക്കാന്‍ ആവശപ്പെട്ടാല്‍ അത് ആട്ടിന്‍കുട്ടിയാണെന്ന് അയാള്‍ക്ക് തോന്നും. പ്രതിരൂപാത്മകങ്ങളായ കലാസൃഷ്ടികള്‍ ഇതുപോലെ ആണെന്നറിയാതെയല്ല ഞാന്‍ കമ്യൂവിന്റെ കഥയുടെ സംഗ്രഹം നല്‍കിയിട്ട് അതിന്റെ അര്‍ത്ഥമെന്താണെന്നു പറയുന്നത്. വെള്ളക്കാരായ രണ്ട് അള്‍ജീരിയക്കാര്‍ തെക്കന്‍ ദിക്കിലേക്ക് ബസില്‍ യാത്ര പോകുന്നു; ഭാര്യയും ഭര്‍ത്താവും. അറബികളാണ് ബസിലാകെ. അവരുടെ നിശബ്ദയും ചേഷ്ടാരാഹിത്യവും അവള്‍ക്ക് വൈരസ്യമുളവാക്കി, ‘ബിസ്നെസ്’ സംബന്ധിച്ചാണ് അയാളുടെ യാത്ര. പേരില്ലാത്ത ഒരു വേദന അവളെ പിടികൂടി. സ്വാതന്ത്യമില്ലാത്ത അവള്‍ മരിക്കാന്‍ പോകുകയാണോ? ആ മരുഭൂമിയിലെ ഒരു ‘ഒയേസിസില്‍’ — ഫലഭൂയിഷ്ടപ്രദേശത്ത് — അവര്‍ എത്തിയിരിക്കുകയാണ്. അവിടെ നാടുചുറ്റി സഞ്ചരിക്കുന്നവരുടെ ഒരു താല്‍ക്കാലിക പാര്‍പ്പിടമുണ്ട്. അവള്‍ക്കും അവരെപ്പോലെ ജീവിക്കാനാഗ്രഹം, അവള്‍ മെല്ലെ കതകിന്റെ സാക്ഷ നീക്കിയപ്പോള്‍ അറബി വാച്ച്മാന്‍ അറബിക്കില്‍ അവളോട് സംസാരിച്ചു. ‘ഞാന്‍ തിരിച്ചുവരും’ എന്ന് അയാളോട് പറഞ്ഞുകൊണ്ട് അവള്‍ ‘രാത്രിയിലേക്ക്’ ഇറങ്ങി. കറുത്ത ആകാശത്തുനിന്ന് നക്ഷത്രമാലകള്‍ തൂങ്ങിക്കിടക്കുകയാണ്. ശൈത്യം രാത്രിയെ ആക്രമിച്ചിരിക്കുന്നു. അവള്‍ ഓടി. ഓടിയിട്ടും തണുപ്പുമാറിയില്ല. പെട്ടന്ന് അവള്‍ക്കു തോന്നി അന്തരീക്ഷമാകെ ചലനം കൊള്ളുന്നുവെന്ന്. ചുഴലം ചെയ്തുകൊണ്ടുള്ള ചലനമാണത്. മണല്‍ക്കാട്ടിലെ കല്ലുകളില്‍ നക്ഷത്രങ്ങള്‍ ഒന്നൊന്നായി അടര്‍ന്നുവീഴുന്നു. അവള്‍ തണുപ്പിനെ മറന്നു. ജീവിതത്തിന്റെ ഉന്‍മാദവും അസഹനീയതയും വിസ്മരിച്ചു. എത്രയോ കാലമായി അവള്‍ ജീവിതത്തിന്റെ പേടിയില്‍നിന്ന് ഓടുന്നു. ഇപ്പോള്‍ അവള്‍ ഓട്ടം നിറുത്തി. ജീവിതത്തിന്റെ നീരുറവ അവളില്‍ ഉയരുകയാണ്. മുറിയില്‍ തിരിച്ചെത്തിയ അവള്‍ ഭര്‍ത്താവ് ഉണര്‍ന്നിട്ടില്ലെന്നു കണ്ടു. അടുത്ത നിമിഷത്തില്‍ അയാള്‍ ഉണര്‍ന്ന് വെള്ളം കുടിച്ചു. സ്വയം നിയന്ത്രിക്കാനാവാതെ അവള്‍ നിറുത്താതെ കണ്ണീരൊഴുക്കി. അതുനോക്കിയ ഭര്‍ത്താവിനോട് അവള്‍ പറഞ്ഞു:‘ഒന്നുമില്ല…ഒന്നുമില്ല.’

ചാരിത്രശാലിനിയായ അവള്‍ പ്രകൃതിയോട് താദാത്മ്യം പ്രാപിച്ച് സ്വന്തം പ്രഭവകേന്ദ്രം കണ്ടുപിടിച്ചതുതന്നെയാണ് അവളുടെ വ്യഭിചാരം. കവിയുടെ അന്തര്‍വീക്ഷണ പാടവത്തോടെ കമ്യൂ പ്രപഞ്ചത്തെയും സൃഷ്ടിയെയും സംവീക്ഷണം ചെയ്ത് ചില പ്രതിരൂപങ്ങളിലൂടെ സത്യസാക്ഷാത്കാരത്തെ ചിത്രീകരിക്കുന്നു. തുണിവില്‍പ്പനക്കാരനായ ഭര്‍ത്താവിനോടുള്ള അവളുടെ ദീര്‍ഘജീവിതം ഒരധമതലത്തിലുള്ള ജീവിതമാണ്. പ്രകൃതിയോടുള്ള ആ ഒത്തുചേരല്‍ ഒരു സമുന്നത സത്യത്തിന്റെ സാക്ഷാത്കാരമാണത്. കമ്യൂ നിരീശ്വരനായിരുന്നു. പക്ഷേ, ഇക്കഥയിലൂടെ അദ്ദേഹം ഏത് ഈശ്വരവിശ്വാസിയേക്കാളും ഉന്നതനായ ആധ്യാത്മികാചാര്യനായി മാറുന്നു. ആധ്യാത്മികത്വത്തിന്റെ പരിമളം പ്രസരിപ്പിക്കുന്ന ഈ കഥയെ ‘ഗ്രെയ്റ്റ്’ എന്നു വിശേഷിപ്പിക്കാനേ കഴിയൂ.

ബോയിലിന്റെ രചന

കാളകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതും വണ്ടിക്കാരന്‍ ഇരിപ്പിടത്തില്‍ വാ തുറന്നിരുന്ന് ഉറങ്ങുന്നതും ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട പാതയില്‍നിന്നു തിരിഞ്ഞുപോകുന്ന വഴികളുണ്ട്. മൃഗങ്ങള്‍ ഒരു തെറ്റും കുടാതെ, പോകേണ്ട ചെറു പാതകളിലേക്കു തിരിയും. വണ്ടി വലിച്ചുകൊണ്ട് നടക്കും. വണ്ടിക്കാരന്റെ വീടെത്തുമ്പോള്‍ അവ നില്‍ക്കും. അപ്പോഴാണ് അയാള്‍ ഉറക്കത്തില്‍നിന്നു മോചനം പ്രാപിച്ച് കണ്ണുതിരുമിക്കൊണ്ട് ചാടിയിറങ്ങുന്നത്. മൃഗങ്ങള്‍ ഉറങ്ങുന്ന യജമാനനെ ഭവനത്തിലെത്തിക്കുന്നതുപോലെ ‘ദൈവികത്വമെന്ന മൃഗം’ നമ്മെ ഈ ലോകത്തിലൂടെ നയിക്കുന്നുവെന്ന് എമേഴ്സണ്‍ എഴുതിയിട്ടുണ്ട്. ‘Trust the divine animal who carries us through the world’ എന്നാണ് അദ്ദേഹത്തിന്റെ വാക്യം. ഈ ഐശ്വരശക്തിയെ ആധുനിക മനുഷ്യന്‍ മറന്നിട്ട് കാലമേറെയായി. അതിനു കാരണങ്ങള്‍ പലതാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാവുന്ന അവയെക്കുറിച്ച് ഇവിടെ പറയേണ്ടതില്ല. ആ വിസ്മരിക്കലിന്റെ ഫലമായ ഇരുട്ടിന്റെ ശക്തികളെ നമ്മള്‍ നേരിട്ടുകാണുന്നുണ്ട്. അവ ഹിംസയില്‍ മാത്രം വ്യാപൃതമായിരിക്കുന്നു. അധ്യാത്മികസ്വര്‍ഗത്തിലേക്ക് ഒരു കാലത്ത് ഉയര്‍ന്നുചെന്ന മനുഷ്യന്‍ ഇന്ന് അധമത്വത്തിന്റെ നരകത്തിലേക്കു താണുചെന്നിരിക്കുന്നു. നമ്മെ നയിക്കുന്ന ഐശ്വരമൃഗത്തെ തേടുക മാത്രമാണ് കരണീയമെന്ന് കലാത്മകമായി നമ്മോടുപറയുന്ന ‘Murke’s Collected Silences’ എന്ന കഥ — ഹൈന്‍റിഹ് ബോയിലിന്റെ കഥ — ഈ നൂറ്റാണ്ടിലെ ഉത്കൃഷ്ടതമമായ രചനയാണ്.

ഒരു പ്രശസ്തനായ പണ്ഡിതന്‍ കലയുടെ സ്വഭാവം എന്ന വിഷയത്തെക്കുറിച്ച് രണ്ടു പ്രഭാഷണങ്ങള്‍ നടത്തിയത് റേഡിയോ സ്റ്റേയ്ഷന്‍ അധികാരികള്‍ റ്റേയ്പ്പിലാക്കിവച്ചിരിക്കുകയാണ്. അതില്‍ ഈശ്വരന്‍ എന്ന പദം ഇരുപത്തിഴേഴുതവണ വന്നിട്ടുണ്ട്. റേഡിയോയുടെ മതപരമായ നിഷ്പക്ഷതയ്ക്ക് ആ വാക്ക് അനുചിതമായിത്തീരുമെന്നതുകൊണ്ട് ഈശ്വരന്‍ എന്ന വാക്കുമാറ്റി ‘നമ്മള്‍ ബഹുമാനിക്കുന്ന സമുന്നത സത്ത’ എന്ന വാക്കുകള്‍ വെക്കേണ്ടിയിരിക്കുന്നു. അവ പണ്ഡിതനെക്കൊണ്ട് പറയിച്ച് റ്റേയ്പ്പിലാക്കി മുറിച്ചുമുറിച്ച് വേണ്ടിടത്ത് യോജിപ്പിക്കേണ്ടത് റേഡിയോ സ്റ്റേഷന്‍ ജോലിക്കാരനായ മൂര്‍ക്കേയുടെ ജോലിയാണ്. മുന്‍കരുതലെന്നവിധം മുപ്പത്തഞ്ച് തവണ പണ്ഡിതന്‍ ആ വാക്കുകള്‍ പറയട്ടെയെന്ന് മൂര്‍ക്കേ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ രണ്ടുപേരും പ്രവര്‍ത്തിക്കുകയും ചെയ്തു.

ഒരു ദിവസം ഒരു മണബിസ്ക്കറ്റ് ടിന്‍ മൂര്‍ക്കേയുടെ ഡെസ്കില്‍നിന്ന് എടുത്തുകൊണ്ട് റേഡിയോ സ്റ്റേയ്ഷന്‍ ഡയറക്ടര്‍ ചോദിച്ചു: ‘എന്താണ് ഈ തുണ്ടുകള്‍?’ മൂര്‍ക്കേ മറുപടി നല്‍കി: ‘പ്രഭാഷകന്‍ തേങ്ങുന്നതിനോ ശ്വാസമെടുക്കുക്കതിനോവേണ്ടി ഒരു നിമിഷത്തേക്കു മിണ്ടാതിരിക്കുമ്പോള്‍ ഞാന്‍ നിശബ്ദതയുള്ള ആ ഭാഗം മൂറിച്ചെടുക്കും. അവ ഞാന്‍ ദൂരെക്കളയുകയില്ല. ശേഖരിച്ചുവയ്ക്കും. പണ്ഡിതന്റെ റ്റേയ്പ്പുകളില്‍ ഒരു സെക്കന്‍ഡ് നേരത്തെ നിശബ്ദതപോലുമില്ല’ ഈ നിശബ്ദങ്ങളായ റ്റേയ്പ്പ് തുണ്ടുകളെ ഒരുമിച്ചുചേര്‍ത്ത് വീട്ടില്‍കൊണ്ടുപോയി മൂര്‍ക്കേ തിരിച്ചു റ്റേയ്പ്പ് റെക്കോര്‍ഡര്‍റിലിട്ടു പ്രവര്‍ത്തിപ്പിക്കും. ആകെ നിശബ്ദത.

അസിസ്റ്റന്‍ഠ് ഡ്രാമ പ്രൊഡ്യൂസര്‍ പ്രക്ഷേപണം ചെയ് വാനുള്ള ഒരു നാടകത്തിന്റെ സ്ക്രിപ്റ്റ് നോക്കി.

(ഒരൊഴിഞ്ഞ വലിയ പള്ളിയുടെ സൗണ്ട് ഇഫക്ട്സ്)

നിരീശ്വരന്‍
(സ്പഷ്ടതയാര്‍ന്ന വലിയ ശബ്ദത്തില്‍) ഞാന്‍ ക്രിമികള്‍ക്ക് ആഹാരമായിത്തീരുമ്പോള്‍ ആരെന്നെ ഓര്‍മിക്കും? (നിശബ്ദത)
നിരീശ്വരന്‍
(കുറച്ചുകൂടി ഉച്ചത്തില്‍) ഞാന്‍ മണ്ണായിത്തീരുമ്പോള്‍ ആര് എനിക്കായി കാത്തുനില്‍ക്കും? (നിശബ്ദത)

ഇങ്ങനെ പന്ത്രണ്ടു ചോദ്യങ്ങള്‍ നിരീശ്വരന്‍ പള്ളിക്കകത്തുനോക്കി ചോദിച്ചു. മറുപടി നിശബ്ദതമാത്രം. ആ നിശബ്ദതകളെ മുറിച്ചുമാറ്റി ‘ഈശ്വരന്‍’ എന്നു കേള്‍പ്പിക്കാനാണ് അസിസ്റ്റന്‍റ് പ്രൊഡ്യൂസര്‍ക്ക് ആഗ്രഹം. അയാള്‍ കീശയില്‍ കൈയിട്ടപ്പോള്‍ ചുരുട്ടിക്കൂട്ടിയിട്ട ഒരു തുണ്ടു കടലാസ്. അത് ആരോ അയാളുടെ വാതിലില്‍ പതിച്ചുവെച്ചിരുന്നതാണ്. ‘സെയിന്റ് ജെയിംസ് പള്ളിയില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു’ എന്ന് അതില്‍ എഴുതിയിരുന്നു. ഇരുപത്തിഴേഴുതവണ റ്റേയ്പ്പില്‍ നിന്ന് ഈശ്വരപദം മുറിച്ചെടുത്ത മൂര്‍ക്കേയും അയാളും അവിടെനിന്നു പോകുമ്പോള്‍ കഥ അവസാനിക്കുന്നു.

ബോയ്ലിന്റെ ഇക്കഥയിലെ റേഡിയോ സ്റ്റേയ്ഷന്‍ യാന്ത്രിക സംസ്കാരത്തിന്റെ പ്രതീകമാണ്, യന്ത്രത്തിനു ജീവനില്ല. റ്റേയ്പ്പിനു ജീവനില്ല. ജീവനില്ലാത്ത ആ സംസ്കാരത്തില്‍ അറിയാതെ കടന്നുകൂടിയ ഈശ്വരപദത്തെ മുറിച്ചുമാറ്റി അതിന്റെ നൃശംസതയും കാഠിന്യവും വര്‍ധിപ്പിക്കുകയാണ് പ്രഭാഷകന്‍. എങ്കിലും ആധ്യാത്മികത്വത്തെ സംബന്ധിച്ച പ്രവണത തീരെ നശിച്ചിട്ടില്ല. മൂര്‍ക്കേ ആ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചിട്ട് നിശബ്ദതയ്ക്കു കാതുകൊടുക്കുകയാണ്. അത് പ്രയോജനരഹിതമാണെന്ന് അയാള്‍ക്കറിയാം. നമുക്കറിയാം. ‘ഞാന്‍ മണ്ണായിത്തീരുമ്പോള്‍ ആര് എനിക്കായി കാത്തുനില്ക്കും? എന്ന നിരീശ്വരന്റ ചോദ്യത്തിന് ‘ആരുമില്ല’ എന്നേ അയാള്‍ ഉത്തരം നല്‍കൂ. പക്ഷേ, ‘ഈശ്വരന്‍’ എന്നുറക്കെപ്പറയുന്നവരുണ്ട്. ആ ആധ്യാത്മികത്വത്തിന്റെ പ്രതിപുരുഷന്‍മാരാണ് ഇന്നത്തെ കഥാകാരന്‍മാര്‍. ലാറ്റിനമേരിക്കന്‍ കഥാകാരന്‍മാരെക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. മീഗല്‍ ആസ്റ്റ്യൂറ്യാസ് (Miguel Asturias) ബോര്‍ഗസ് (Borges) കോര്‍തസാര്‍ (Cortazar)ഒക്ടേവ്യാപാസ്, ഗീമറാങ്ങ്ഷ് റോസ (Guimares Rosa) റോ ആ ബാസ്തോസ് (Roa Bastos) വാര്‍ഗാസ് യോസ (Vargas Slosa) ഫ്വേന്തസ് (Fuentes) ഇവരുടെയെല്ലാം രചനകളില്‍ ശാസ്ത്രത്തിലൂടെ സ്വര്‍ഗം സാക്ഷാത്കരിക്കാനുള്ള യത്നമില്ല. ആധ്യാത്മികത്വമെന്നതിന്റെ മതപരമായ അംശത്തെ ദൂരീകരിച്ചിട്ട് ആന്തരദര്‍ശനത്തിലൂടെ അവര്‍ അനുധ്യാനത്തിലെത്തുന്നു. അതിന്റെ പ്രശാന്തത അനുഭവിക്കുന്നു. അവരെപ്പോലെ അനുഗൃഹീതരല്ലല്ലോ നമ്മള്‍. അങ്ങനെയുള്ള നമ്മളെക്കൊണ്ടും അവര്‍ ആ പ്രശാന്തത അനുഭവിപ്പിക്കുന്നു. ഈ പ്രബന്ധത്തിന്റെ തുടക്കത്തില്‍ കഥാരചനയുടെ മഹനീയമായ കാലയളവിലാണ് നമ്മള്‍ ജീവിക്കുന്നതെന്നു പറഞ്ഞത് ആവര്‍ത്തിക്കാന്‍ എനിക്കു താല്‍പ്പര്യമുണ്ട്.