മണൽക്കാട്ടിലെ...
മണൽക്കാട്ടിലെ... | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മണല്‍ക്കാട്ടിലെ പൂമരങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | പ്രഭാത് |
വര്‍ഷം |
1992 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 126 (ആദ്യ പതിപ്പ്) |
‘സഹാറാ മണല്ക്കാട്ടില് നില്ക്കുന്ന ഒരു വനേചരനെക്കുറിച്ച് — അതിശക്തനായ വനേചരനെക്കുറിച്ച് — സങ്കല്പ്പമാകാമോ? അയാളുടെ ഉന്തിനില്ക്കുന്ന മാംസപേശികളും മൂര്‍ച്ചയുള്ള കോടാലിയുംകൊണ്ട് എന്തു പ്രയോജനം. മരങ്ങളില്ലാത്ത സ്ഥലത്തെ വനചാരി പ്രായോഗികഫലപ്രാപ്തി ഉളവാക്കാത്ത ഒരാശയം മാത്രമാണ്. ഇത് കലാകാരന്മാര്ക്കും ചേരുന്നു. ഏതെങ്കിലും വസ്തുവില്‍ സ്വാധീനം ചെലുത്തുന്ന ഒരു മാനസിക പ്രവണതയാണ് സവിശേഷവാസന എന്നത്. വ്യക്തികളുടെ സിദ്ധികള്‍ക്കും വസ്തുവിനും തമ്മില്‍ ബന്ധമില്ല. വസ്തുവില്ലെങ്കില്‍ പ്രതിഭകൊണ്ടും വൈദഗ്ധ്യംകൊണ്ടും പ്രയോജനമൊന്നുമില്ല’ ഇതുപറഞ്ഞത് സ്പെയിനിലെ തത്ത്വചിന്തകനും സാഹിത്യനിരൂപകനുമായ ഒര്‍ട്ടെഗാ ഈ ഗാസറ്റാണ് (Ortega Y Gasset, 1883–1995). നോവലിന്റെ പ്രതിപാദ്യ വിഷയങ്ങള്‍ ഒടുങ്ങിപ്പോയെന്നും അക്കാരണത്താല്‍ ആ കലാരൂപത്തിന് ഭാവിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ മതം എപ്പോഴുമെപ്പോഴും നൂതനരൂപങ്ങള്‍ പ്രദാനം ചെയ്യുന്ന അനന്തമായ മണ്ഡലമാണ് നോവലെന്ന സങ്കല്‍പ്പം തെറ്റാണെന്ന് ഒര്‍ട്ടെഗാ അസന്ദിഗ്ധമായി പ്രസ്താവിച്ചു. നോവലെഴുത്തുകാരന് മണല്‍ക്കാട്ടിലെ മരം മുറിക്കുന്നവനെപ്പോലെ കോടാലിയുമായി നില്ക്കുന്നു. കോടാലി സര്‍ഗവൈഭവത്തിന്റെ പ്രതീകമാണ്. പക്ഷേ, മുറിക്കാന്‍ മരമില്ല — പ്രതിപാദിക്കാന്‍ വിഷയമില്ല. ജര്‍മ്മന്‍ തത്ത്വചിന്തകന് നീച്ചെയ്ക്കുശേഷം (Nietzsche, 1844–1900) യൂറോപ്പ് കണ്ട ദാര്‍ശനികരില്‍ അദ്വീതീയന്‍ എന്നു അല്‍ബര്‍ കമ്യു (Albert Camus, 1913–1960) വാഴ്ത്തിയ വലിയ ചിന്തകനാണ് ഒര്‍ട്ടെഗാ. അദ്ദേഹം നോവലിനെ സംബന്ധിച്ച് ഈ അഭിപ്രായം ആവിഷ്കരിച്ചത് 1925 ലാണ്. (The dehumanization of art and other essays on art, culture and literature. Princeton University Press, page 58.)
Contents
മാസ്റ്റര്‍പീസുകള്‍
പക്ഷേ, ആ ഭാവികഥനം തെറ്റിപ്പോയി. ‘ഭൂകമ്പം രാജ്യത്തിന്റെ സ്വഭാവത്തെ മാറ്റി മറ്റൊന്നാക്കുന്നതുപോലെ, നോവല്‍ സാഹിത്യത്തിലുണ്ടായ ‘മാസ്റ്റര്‍ പീസു’കള്‍ ആ സാഹിത്യരൂപത്തിന്റെ അവസ്ഥിതിക്ക് പരിവര്‍ത്തനം വരുത്തി. ഹെര്‍മന്‍ ബ്രോഹിന്റെ (Herman Broch 1886–1951) The Sleep walkers (1932), The Death of Virgil (1945), ഈവോ ആന്‍ഡ്രീചിന്റെ (IVO Andric 1892–1974) The Bridge on the Drina (1945), മീഗല്‍ ആങ്ങ്ഹെല് ആസ്തുറ്യാസിന്റെ (Miguel Angel Asturias, 1899–1974) The President (1946), ഔഗുസ്തോ റോ ആബാസ്തോസിന്റെ (Augusto Roa Bastos 1917) THe Supreme (1974, ഇംഗ്ലീഷ് തര്‍ജമ 1986) ഗാര്‍സീ ആമാര്കേസിന്റെ (Gabriel Garcia Marquez, 1928–2014) One Hundred years of solitude (1967) ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ നോവലുകളില്‍ ഓരോന്നിന്റെയും ആവിര്‍ഭാവം അനുവാചകര്‍ക്ക് അല്ഭുതവികാരത്തിന്റെ അനുഭൂതി ഉളവാക്കി. നൂതനവിഷയങ്ങള് കണ്ടുപിടിക്കാന്‍ നോവലെഴുത്തുകാര്‍ക്കു കഴിയില്ല എന്ന ഒര്ട്ടെഗായുടെ അഭിപ്രായം ആസ്പദമില്ലാത്തതാണന്ന് തെളിഞ്ഞു. നേരെ മറിച്ച് വിഷയ സ്വീകാരത്തിന്റെയും ആവിഷ്കാര മാര്‍ഗത്തിന്റെയും അഭിനവത്വത്തില്നിന്ന് പുറപ്പെട്ട പ്രകാശം വായനക്കാരുടെ കണ്ണൂകളെ അഞ്ചിക്കുകയാണ് ചെയ്തത്. അവര്‍ക്ക് നോവലിനെ സംബന്ധിച്ച് ഒരു പുതിയ ഭാവസംദൃബ്ധത (Sensibility) ലഭിച്ചു. ഇതിന് അനുരൂപമായ വിധത്തിലാണ് ബ്രട്ടീഷ് നോവലിസ്റ്റും, സാഹിത്യനിരൂപകനുമായ മല്‍കം ബ്രഡ്ബെറി ‘The Novel Today’ എന്ന ഗ്രന്ഥം പ്രസാധനം ചെയ്തിരിക്കുന്നത്. ഏതു വിഷയത്തിന്റെയും ആഴത്തോളം ചെന്നു സത്യം കണ്ടുപി
ടിക്കുകയും അതിനെ സ്പഷ്ടതയോടെ പ്രതിപാദിക്കുകയും ചെയ്യുന്ന നിരൂപകനാണ് ബ്രെഡ്ബെറി. അദ്ദേഹത്തിന്റെ മതങ്ങള്‍ സംഗ്രഹിച്ചെഴുതട്ടെ.
വിസ്മയിപ്പിക്കുന്ന കല
സമകാലിക രചനയുടെ യുഗത്തെ ഇപ്പോഴും യുദ്ധാന്തര യുഗമെന്നാണ് വിളിക്കുക. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം അമ്പതുകൊല്ലം കഴിഞ്ഞു. ഇരുപതാം ശതാബ്ദത്തിന്റെ ഒടുവിലാണ് നമ്മളിപ്പോള്‍. എങ്കിലും ഇന്നത്തെ രചനയുടെ കാലയളവിനെ നമ്മള് യുദ്ധത്തിനുശേഷമുള്ള കാലയളവ് എന്നു വിളിക്കുന്നു. യുദ്ധത്തിനു മുന്‍പുള്ള നാല്പ്പതുവര്ഷങ്ങള്ക്കകത്തായി എത്രയെത്ര പരിവര്‍ത്തനങ്ങളാണ് സാഹിത്യത്തിലുണ്ടായത്! എത്രയെത്ര പ്രസ്ഥാനങ്ങള്‍! എന്തെല്ലാം തലകീഴ്മറിച്ചിലുകള്! രണ്ടാം ലോകമഹായുദ്ധത്തോടെ ആ സാഹിത്യവിപ്ളവം അവസാനിച്ചു. തകര്‍ന്ന ലോകത്തിന് ഒരു പുതിയ രൂപവത്കരണം വേണ്ടിവന്നു. അതോടെ അഭിനവ പ്രസ്ഥാനം സാഹിത്യത്തില്‍ ആവിര്‍ഭവിച്ചു. അതിന്റെ മാന്ത്രിക ശക്തിക്ക് ലോകജനത ഇപ്പോഴും അടിമപ്പെട്ടിരിക്കുകയാണ്. വൈവിധ്യവും വൈജാത്യവുമാണ് ഈ നൂതന പ്രസ്ഥാനത്തിന്റെ സവിശേഷതകളായി നമ്മള് കാണേണ്ടത്. അസ്തിത്വവാദത്തിന്റെ അല്പ പരിണാമമാര്ന്ന സാമുവല്‍ ബക്കറിന്റെ നോവലുകള്‍, സാങ്കല്പ്പികാംശത്തിന് അതിപ്രസരവും പാരമ്പര്യാധിഷ്ഠിതമായ സത്യത്തില്‍നിന്ന് അകല്ച്ചയുമാര്ന്ന ബോര്‍ഹെസിന്റെ കഥകള്‍, വസ്തുക്കളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് രചിക്കപ്പെട്ട അലങ്ങ് റോബ് ഗ്രീയേയുടെ (Alain Robbe Grillet, 1922) നോവലുകള്‍ ഇവയൊക്കെ നമ്മളെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. ഗുന്റര്‍ ഗ്രാസിന്റെ സറീയല്‍ എക്സ്പ്രഷനിസവും ഈറ്റാലോ കാല്വിനോയുടെ ആഖ്യാനസമ്പന്നതയും മാര്‍ക്കേസിന്റെ മാജിക് റിയലിസവും അനുവാചകരെ വിസ്മയിപ്പിക്കുന്നു. മാക്സ് ഫ്രിഷിന്റെയും (Max Frisch, 1911–1991) പേറ്റര്‍ ഹന്ഡ്കെയുടെയും (Peter Handke, 1942) ക്ളോദ് സീമൊങ്ങിന്റെയും (Claude Simon, 1913) നോവലുകള്‍ കലയുടെ അധിത്യകതയിലാണ് വര്‍ത്തികുക. മിലാന് കുന്ദേരയുടെ രചനകളും അങ്ങനെതന്നെ.
ഈ നവീനതമ സാഹിത്യത്തിന് രണ്ട് ശാഖകളുണ്ട്. റിയലിസത്തില്‍നിന്നു പാടെ അകന്ന് പരീക്ഷണപരങ്ങളായ സാധ്യതകള്‍ക്ക് വികാസം നല്കിയ ബക്കറ്റിന്റെയും ബോര്‍ഹെസിന്റെയും നാബോക്കോഫിന്റേയും കൃതികള്‍ ആദ്യത്തെ ശാഖയില്പെട്ടിരിക്കുന്നു. ഇതിനെ മെറ്റഫിക്ഷന്’ എന്നു വിളിക്കുന്നു. (ബ്രഡ്ബെറി പറയാന്‍ വിട്ടുപോയ ഫ്രെഞ്ചെഴുത്തുകാരന്‍ ഷാങ്ങ്ഷെനെയുടെ (Jean Genet, 1910–1986) നോവലുകള്‍ മെറ്റഫിക്ഷനില് പെട്ടവയാണ്. നോവലിന്റെ സാങ്കല്‍പ്പിക സ്വഭാവത്തിന് തീക്ഷണത നല്കുന്നു അത്തരം കൃതികള്‍. കോള്‍റിജ്ജിന്റെ മതമനുസരിച്ച് വായനക്കാരുടെ അവിശ്വാസത്തിന് നിരോധം സംഭവിക്കണം കലാസ്വാദനത്തിന്. ‘അമ്പിളിയമ്മാവാ കൂടയിലെന്തോന്ന്?’ എന്നു കേള്‍ക്കുന്ന കുട്ടിക്ക് അത് അമ്മാവനല്ലെന്ന് അറിയാം. പക്ഷേ, അവന് അവിശ്വാസത്തെ നിരോധിക്കുന്നു. നിരോധിച്ചില്ലെങ്കില്‍ കലാസ്വാദനം സാധ്യമല്ല. മെറ്റഫിക്ഷന്റെ രചയിതാക്കള്‍ ഈ അവിശ്വാസത്തെ നിരോധിക്കാന്‍ സഹായിക്കുന്നില്ലെന്നു മാത്രമല്ല. അതിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് മെറ്റഫിക്ഷന് സാങ്കല്പ്പികത്വം കൂടുമെന്ന് പറഞ്ഞത് — ലേഖകന്‍.)
ഡര്‍ട്ടി റിയലിസം
രണ്ടാമത്തെ വിഭാഗം പുരാവൃത്തങ്ങളേയും ചരിത്രങ്ങളെയും കൂട്ടിച്ചേര്‍ക്കുന്ന മാജിക് റിയലിസം. 1980-നോട് അടുപ്പിച്ച് ഈ രണ്ടു വിഭാഗങ്ങളോടു തെല്ലുപോലും അടുക്കാതെ ഉണ്ടായ വേറൊരു പ്രസ്ഥാനത്തെക്കൂറിച്ചും പറയേണ്ടതായിട്ടുണ്ട്. അതാണ് ‘ഡേര്‍ട്ടി റിയലിസം’ (Dirty realism). അപ്ഡൈക്ക്, പിഞ്ചന്‍ (Updike, Pynchon) ഇവരുടെ നോവലുകള്‍ അലംകൃതങ്ങളാണെന്നും അതിനാല്‍ അനാദരണീയങ്ങളാണെന്നും ഡേര്‍ട്ടി റിയലിസ്റ്റുകള്‍ കരുതുന്നു. അലങ്കാര സ്പര്‍ശമില്ലാതെ ലളിതമായ വിഷയങ്ങളെ ലളിതമായി ചിത്രീകരണം എന്നാണ് അവരുടെ വാദം. ചെറുകഥയും നോവലും വെറും സ്കെച്ചായി
രൂപാന്തരപ്പെടുമെങ്കില്‍ അത്രയും നന്ന്. ടെലിവിഷന്റെ മുമ്പിലിരിക്കുന്ന അന്ധന്, ടെലിവിഷനില്‍ കാണുന്ന ഭദ്രാസനപ്പള്ളിയെക്കൂറിച്ച് അന്ധന് ഒന്നും പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത ഗൃഹനായകന് (റേമണ്ട് കാര്‍വറുടെ ‘കത്തിഡ്രല്‍’ എന്ന ചെറുകഥയെ ഓര്‍മ്മിച്ച് — ലേഖകന്‍) അമ്മയോടു പിണങ്ങിയ അച്ഛനെ കാണാന്‍ തീവണ്ടിയാപ്പീസില് കാത്തുനിന്നിട്ടും അയാളെ കാണാന്‍ കൂട്ടാക്കാത്ത മകന് (കാര്‍വറുടെ ‘ദി കമ്പാര്‍ട്ട്മെന്റ്’ എന്ന ചെറുകഥയെ മനസില്‍കണ്ട് — ലേഖകന്‍) ഇവരെല്ലാമാണ് ഡേര്‍ട്ടി റിയലിസം എന്ന പ്രസ്ഥാനത്തിലെ വ്യക്തികള്‍. വായനക്കാരനെ അല്ഭുതപെടുത്താതെ വിരസമെന്നുപോലും വിളിക്കാവുന്ന ശൈലിയില്‍ രസാത്മകങ്ങളായ കഥകള്‍ എഴുതുന്നവരാണ് ഡേര്‍ട്ടി റിയലിസ്റ്റുകള്‍. ഇവരില്‍പ്പെട്ട കാര്‍വര്‍ ഒരുജ്ജ്വല പ്രതിഭാശാലിയാണെന്നുമാത്രം പറയട്ടെ.
ഇങ്ങനെ സമ്പന്നതയും സങ്കീര്‍ണതയും ലാളിത്യവും ആവഹിക്കുന്ന നോവലുകളുടെ രചയിതാക്കളുമായി പ്രഗല്ഭന്മാര് നടത്തിയ കൂടിക്കാഴ്ചകളുടെ റിപ്പോര്‍ട്ടുകളുടെ സമാഹാരമായ ഈ ഗ്രന്ഥം ഒരളവില്‍ നവീനവും നവീനതരവും നവീനതമവുമായ നോവല്‍സാഹിത്യത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കിത്തരുന്നു. പ്രമുഖരായ പല എഴുത്തുകാരുടെയും മതങ്ങള്‍ ഈ ഗ്രന്ഥത്തില്‍ സ്ഫുടീകരിക്കുന്നുണ്ടെങ്കിലും അവരില്‍ പ്രാധാന്യമര്‍ഹിക്കുന്ന രണ്ടുപേരുടെ — മിലാന് കുന്ദേരയുടെയും ഈറ്റാലോ കാല്‍വിനോയുടെയും — അഭിപ്രായങ്ങള്‍ മാത്രമേ ഇവിടെ പരിഗണനാര്ഹങ്ങളാവുന്നുള്ളു. അവയെക്കുറിച്ചു പറയുമ്പോള്‍ ആശയ വൈശദ്യത്തിനുവേണ്ടി വിവൃതിയോ വിപുലീകരണമോ ആവശ്യങ്ങളായി വരികയും ചെയ്യും. അത് ലേഖനത്തിന്റെ ആത്മാശ്രയ സ്വഭാവത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇതെഴുതുന്ന ആള് വിചാരിക്കുന്നു. മഹാനായ നിരൂപകന്റെ — ബ്രഡ്ബെറിയുടെ — വിചാരമണ്ഡലത്തെ വിപുലീകരിക്കാനുള്ള യത്നമാണിതെന്നു തെറ്റിദ്ധരിക്കരുത്.
നോവലിസ്റ്റിന്റെ കല
മറ്റൊരു വിധത്തിലും പറയാനാവാത്തതിനെ പറയാന്‍ നോവലിനു കഴിയുമെന്നാണ് കുന്ദേരയുടെ അഭിപ്രായം. സമുദായത്തെ വര്‍ണ്ണിക്കുക എന്നതല്ല, നോവലിന്റെ കര്‍ത്തവ്യം. അത് മറ്റൊരുവിധത്തില്‍ അനുഷ്ഠിക്കാവുന്നതാണല്ലോ. ചരിത്രമാവിഷ്കരിക്കുക എന്നതും നോവലിന്റെ കൃത്യമല്ല. അത് ചരിത്രവിജ്ഞാനീയത്തിനു ചെയ്യാം. സ്റ്റാലിനിസത്തെ തള്ളിപ്പറയാനും നോവലിസ്റ്റുവേണ്ട, സോള്‍ ഷെനിറ്റ്സ്യന് അത് സ്വന്തം പ്രഖ്യാപനങ്ങളിലൂടെ നിര്‍വഹിക്കാം. മനുഷ്യന്റെ അസ്തിത്വത്തെ എല്ലാ അംശങ്ങളിലും വര്‍ണിക്കാനും അപഗ്രഥിക്കാനും നോവലിനു മാത്രമേ കഴിയൂ. ഇക്കാര്യത്തില്‍ നോവല്‍ സാക്ഷാത്കരിക്കുന്നത് മറ്റൊരു ധൈഷണികപ്രവര്ത്തനംകൊണ്ടും സാക്ഷാത്കരിക്കാനാവുകയില്ല. നോവല്‍ ഒരു ചോദ്യത്തിനും ഉത്തരം നല്കുകയില്ല. അത് ‘സാധ്യതകള്‍’ ഏവയെന്ന് കാണിച്ചു തരുന്നതേയുള്ളു.
ലോകം ഇന്ന് കെണിയായി (trap) തീര്‍ന്നതിനെ പരിശോധിക്കുകയാണ് നോവലെന്ന് കുന്ദേര പറയുന്നു. മനുഷ്യന്റെ ചരിത്രമായിരുന്നു നോവല്‍. പക്ഷേ, കാഫ്ക വന്നപ്പോള്‍ അതുമാറി. ലോകത്തെ കെണിയായി കണ്ടത് കാഫ്കയായിരുന്നു. അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളുടെ വര്‍ത്തമാനകാലവും ഭാവികാലവും നിര്‍ണയിച്ചത് ബാഹ്യശക്തികളാണ്. കുന്ദേരയുടെ നോവലുകളില്‍ യൂറോപ്പിലെ മനുഷ്യനെ കെണിയില്‍ വീഴ്ത്തുന്നത് ചരിത്രമാണ്. നമുക്ക് ചരിത്രം മൂര്‍ത്തമാണ്. അത് യുദ്ധമാണ്; രാഷ്ട്രവ്യവഹാര രൂപമായ ഭരണമാണ്. യൂറോപ്പിന്റെ അന്ത്യം അത് കുറിക്കുന്നു. കാഫ്ക സമൂഹത്തെ സംബന്ധിച്ച ചില സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചു. എല്ലാ നോവലെഴുത്തുകാരുടെയും കര്‍ത്തവ്യം ഈ വെല്ലുവിളി നടത്തുകയാണെന്ന് കുന്ദേര കരുതുന്നു. കാഫ്കയുടെ നോവല്‍ വായിക്കാന്‍ ജനതയ്ക്ക് അനുമതി നല്‍കാത്ത സര്ക്കാറിനെക്കണ്ട് വേദനിക്കുന്ന കലാകാരനെ ആ നോവലുകളില്‍ (കുന്ദേരയുടെ നോവലുകളില്‍) കാണാം.
നോവലുകള്‍ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗൂഢതത്വങ്ങളെ സ്പഷ്ടമാക്കേണ്ടതാണെന്ന് കുന്ദേരയ്ക്ക് അഭിപ്രായമുള്ളതുകൊണ്ട് അദ്ദേഹം ആ വിധത്തിലാണ് നോവലുകള്‍ എഴുതിയത്. തന്റെ The Art of the Novel എന്ന പുസ്തകത്തില്‍ കുന്ദേര ഇത് നമുക്ക് വിശദമാക്കിത്തന്നിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ എന്ന നോവലിലെ കഥാപാത്രമാണല്ലോ ലെവിന്‍. അയാളുടെ എസ്റ്റേറ്റില്‍വെച്ച് ഒരു സ്ത്രീയും പുരുഷനും കണ്ടുമുട്ടുന്നു. അവര്‍ പരസ്പരം സ്നേഹിക്കുന്നു. അത് അന്യോന്യമറിയിക്കാന് സന്ദര്‍ഭം ലഭിച്ചിട്ടില്ല ഇതുവരെ. ഒരു ദിവസം കുമിളുകള്‍ ശേഖരിക്കാനായി അവര്‍ വനത്തിലെത്തുന്നു. നല്ല സന്ദര്‍ഭം. പക്ഷേ, സ്ത്രീ കുമിളുകളെ കുറിച്ചുമാത്രം സംസാരിക്കുന്നു. പുരുഷന് തന്റെ സ്നേഹത്തെ കുറിച്ച് പറയാന്‍ കൊതിക്കുന്നുണ്ടെങ്കിലും അത് ചെയ്യാതെ കുമിളുകളെക്കുറിച്ചുതന്നെ സംസാരിക്കുകയാണ്. തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും അവരുടെ സംഭാഷണ വിഷയം കുമിളുകള്തന്നെ.
വീട്ടില്‍ച്ചെന്നപ്പോള്‍ പുരുഷന് തന്നോടുതന്നെ പറയുന്നു. മരിച്ചുപോയ പൂര്‍വകാമുകിയെ വഞ്ചിക്കാന്‍ മടിച്ചാണ് ഇപ്പോഴത്തെ കാമുകിയോട് സ്നേഹനിവേദനം നടത്താത്തതെന്ന്. ഇത് അസത്യമാണെന്ന് കുന്ദേര ചൂണ്ടിക്കാണിക്കുന്നു. മാനുഷിക പ്രവര്‍ത്തനത്തിന്റെ കാരണമില്ലായ്മകളെയും നിഗൂഢതകളെയും ആ സംഭവം അനാവരണം ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് കുന്ദേര ആ ഭാഗം അവസാനിപ്പിക്കുന്നു.
സംഭാവനീയതാസാഹിത്യം
അനാദൃശ്യങ്ങളായ നോവലുകളും ചെറുകഥകളുമെഴുതി അനുവാചകലോകത്തെ വിസ്മയിപ്പിച്ച ഈറ്റാലോ കാല്‍വീനോയുടെ കലാസങ്കല്പ്പത്തെക്കുറിച്ച് അറിയണമെകില് അദ്ദേഹം അംഗമായിരുന്ന OULIPO എന്ന സാഹിത്യകാരന്മാരുടെ സംഘടനയെക്കൂറിച്ച് അറിഞ്ഞേ മതിയാവൂ. Ouvroir de Literature potentielle എന്നാണ് ആ സംഘടനയുടെ പൂര്‍ണമായ പേര്. Workshop of Potential Literature എന്ന് ഇംഗ്ലീഷിലേക്ക് അത് തര്‍ജ്ജമ ചെയ്യാം. ഫ്രഞ്ചെഴുത്തുകാരനായ റൊമെങ്ങ് കീനോ (Raymond Queneau, 1903–1976) രൂപവത്കരിച്ചതാണ് ഊലിപോ. കീനോയുടെ ‘One hundred thousand billion ‘poems’ എന്ന കൃതി ഈ സംഭാവനീയതാ സാഹിത്യത്തിന്റെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒറ്റനോട്ടത്തില്‍ കീനോയുടെ ഈ കൃതി പത്തു ഗീതകങ്ങളുടെ സമാഹാരം മാത്രമാണ്. എന്നാല്‍ ഓരോ ഗീതകത്തിന്റെ ഓരോ വരിക്കും പകരമായി മറ്റ് ഒന്‍പത് ഗീതകങ്ങളില്‍ വരികള്‍ വരയ്ക്കാവുന്നതാണ്. അങ്ങനെ ആദ്യത്തെ ഓരോ പത്തുവരികളോടും വായനക്കാരന് വിഭിന്നങ്ങളായ പത്തു രണ്ടാമത്തെ വരികള്‍ ചേര്‍ക്കാം. അപ്പോള്‍ 1000000000000000000x100 ഗീതങ്ങളുണ്ടാക്കാം പത്തു ഗീതകങ്ങളില്നിന്ന്. ഇതാണ് സംഭാവനീയതാ സാഹിത്യം അല്ലെങ്കില്‍ സ്ഥാനികോര്‍ജ സാഹിത്യം. ഇത് വായിച്ചുതീര്‍ക്കാനുള്ള സമയവും കിനോ കണക്കാക്കിയിട്ടുണ്ട്. ഒരു മിനിറ്റില്‍ ഒരു ഗീതകം വായിച്ചാല്‍, ദിവസവും എട്ടുമണിക്കൂര്‍ വീതവും ഒരു വര്‍ഷം ഇരുന്നൂറുദിവസം വീതവും വായിച്ചാല്‍ ദശലക്ഷം ശതാബ്ദങ്ങള്കൊണ്ടേ വായന പൂര്‍ത്തിയാവൂ.
ഗണിതശാസ്ത്രംകൊണ്ട് കീനോ സാഹിത്യത്തിന്റെ മണ്ഡലത്തില്‍ കളി നടത്തുകയാണ്. ഇതിനെ കുറിച്ചു കൂടുതലെഴുതി വായനക്കാരെ ക്ളേശിപ്പിക്കേണ്ടതില്ല. പരിവൃത്തി — Permutation — സംയോഗം — Combination — ഇവയെക്കുറിച്ചുള്ള അപഗ്രഥനത്തിന് ഗണിതശാസ്ത്രത്തില്‍ Combinatorial analysis എന്നു പറയും. ഈ പരിവൃത്തി — സംയോഗംകൊണ്ട് പുതിയ പുതിയ സാഹിത്യരൂപങ്ങള്‍ ഉണ്ടാക്കാമെന്ന് കിനോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന പെരക്കും കാല്വീനോയും വിശ്വസിച്ചു. Literature in a combinatorial game എന്ന് കാല്‍വിനോ പറഞ്ഞു. സ്വത്വത്തിന് (Personality) അതില്‍ ഒരു സ്ഥാനവുമില്ല.
യാന്ത്രികത്വത്തിലെ രാസവിദ്യ
യാന്ത്രികത്വമാവാഹിക്കുന്ന ഇത്തരം തത്ത്വങ്ങളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ യന്ത്രത്തിന് സദൃശ്യങ്ങളായ സൃഷ്ടികളല്ലേ ഉണ്ടാവൂ എന്ന സംശയം തോന്നാം. ആ തോന്നലിന് സാംഗത്യമില്ല. പെരക്കിന്റെ ‘Life — a user’s manual’എന്ന നോവലിനെക്കുറിച്ച് ഞാന്‍ മുന്‍പ് ഈ ആഴ്ചപ്പതിപ്പില്തന്നെ എഴുതിയിരുന്നു.
അത്യുജ്ജ്വലമായ കലാസൃഷിയാണത്. വിഷമപ്രശ്നങ്ങള്‍ Puzzles — കൊണ്ട് നിറച്ചുവെച്ചതാണ് ആ നോവല്‍. ഗ്രന്ഥത്തിന്റെ ഒടുവില്‍ പറയുന്ന പസ്ലിനെപ്പറ്റി മാത്രമേ ഇവിടെ വീണ്ടും എഴുതേണ്ടതുള്ളു. ഒരു ബ്രട്ടീഷ് ചിത്രകാരന് അഞ്ഞൂറു ചിത്രങ്ങള്‍ വരയ്ക്കുന്നു. സമുദ്രവിഭാഗ ചിത്രങ്ങളാണവ. പാരീസിലെ ഒരു പസ്ല്നിര്മ്മാതാവ് അവയെ അവലംബിച്ച് അനേകം ‘ജിഗ്സൊ’ പസ്ലുകള് ഉണ്ടാക്കുന്നു. (തടിയിലോ കാര്‍ഡ് ബോര്‍ഡിലോ രൂപങ്ങള്‍ കൊത്തിയെടുത്ത് ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ ചിത്രമാകുന്നു. ഇതാണ് ജിഗ്സൊ) പിന്നീട് ചിത്രകാരന് ഈ ജിഗ്സൊ പസ്ലുകളില്നിന്ന് ആദ്യത്തെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. ഒടുവില്‍ ഒരു രാസദ്രവ്യം തേച്ച് ചിത്രങ്ങളെയാകെ ഇല്ലാതാക്കി അവയെ വെറും കടലാസുകളാക്കുന്നു. ജീവിതത്തിന്റെ ശൂന്യതയെയാവാം പെരക് ചിത്രീകരിക്കുന്നത്. കലയെ സംബന്ധിച്ച പ്രചോദനം കലാസൃഷ്ടിയുടെ നിര്‍മാണത്തോടെ കെട്ടടങ്ങുന്നു എന്നുമാവാം അദ്ദേഹത്തിന്റെ സങ്കല്‍പ്പം.
ധൈഷണികമായ ആഹ്ളാദം
രേഖകളും വര്‍ണ്ണങ്ങളും ചിത്രകാരന് സങ്കലനം ചെയ്യുന്നത് മുകളില്‍ പറഞ്ഞ Combinatorial mechanism കൊണ്ടാണ്. — പരിവൃത്തി — സംയോഗ യാന്ത്രികത്വത്താലാണ്. കവികള്‍ വാക്കുകള്‍ സങ്കലനം ചെയ്തു കാവ്യം രചിക്കുന്നതും ഇങ്ങനെതന്നെ. കലാപ്രചോദനമോ? അങ്ങനെയൊന്നുമില്ല. ഭാഷാപരമായ വിനോദത്തെയാണ് ഈ വലിയ പേരിട്ടു ചിലര്‍ വിളിക്കുന്നത്. ഈറ്റാലോ കാൽവിനോയുടെ ചൊല്ക്കൊണ്ട ഏത് നോവലും ഇമ്മട്ടില്‍ വിനോദാത്മകമായ ക്രീഡയത്രേ. അദ്ദേഹത്തിന്റെ Invisible cities എന്ന നോവല്‍ വായിക്കുക. മാര്‍ക്കോപോളോ നഗരങ്ങള്‍ കാണുന്നു. അമ്പത്തഞ്ച് നഗരങ്ങള്‍ അദ്ദേഹം കണ്ടു. ഓരോ സന്ദര്‍ശനത്തിനുശേഷവും മംഗോള്‍ ചക്രവര്‍ത്തി കൂബ്ലിഖാനോട് വര്‍ണ്ണിക്കുന്നു. എല്ലാഘട്ടങ്ങളും സാങ്കല്പ്പികങ്ങളാണ്. ‘നമ്മള് രണ്ടുപേരും — മാര്‍ക്കോപോളോയും കൂബ്ലിഖാനും — വിചാരിക്കുന്നതുകൊണ്ട് മാത്രമാണ് തുറമുഖപടണങ്ങളിലെ ആളുകള്‍ക്ക് അസ്തിത്വമുള്ളത്’ എന്ന് മാര്ക്കോപോളേ പറയുന്നു. ഒടുവില്‍ അദ്ദേഹം അതിന് വിപരീതമായ പ്രസ്താവം നിര്‍വഹിക്കുന്നു. ‘അവര്‍ക്ക് യഥാര്‍ത്ഥമായ അസ്തിത്വമുണ്ട്. നമ്മള് ഇല്ല’ ഗണിതശാസ്ത്രപരമായ സങ്കീര്‍ണതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ നോവല്‍ പെരക്കിന്റെ നോവലിലെന്നപോലെ കലാസംബന്ധിയായ പ്രചോദനത്തിന്റെ കെട്ടടങ്ങലിനെ ആവിഷ്കരിക്കുകയാണ്. പടിഞ്ഞാറന്‍ ദേശത്തെ നവീനതമ സാഹിത്യം യഥാര്‍ത്ഥമായ ധൈഷണികാഹ്ളാദം നല്കുന്നു. സത്യം എന്നൊന്നില്ല, സത്യത്തിന്റെ തലങ്ങളേയുള്ളു എന്നാണ് കാല്‍വിനോ പറയുന്നത്. ഈ സത്യതലങ്ങള് നിരവധിയാണ്. ഒരിക്കലും ഒടുങ്ങാത്ത രൂപകല്പ്പനകള്കൊണ്ടും അര്‍ത്ഥ സവിശേഷതകള്‍കൊണ്ടും അവയെ ആലേഖനം ചെയ്യാം. അതിനു ഗണിതശാസ്ത്രത്തിലെ പരിവൃത്തി — സംയോഗങ്ങള്‍ സാഹായ്യമരുളുന്നു. യേ
|
|
|