വിപ്ളവം അവസാനിക്കുന്നില്ല
വിപ്ളവം അവസാനിക്കുന്നില്ല | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മണല്‍ക്കാട്ടിലെ പൂമരങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രഭാത് |
വര്‍ഷം |
1992 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 126 (ആദ്യ പതിപ്പ്) |
‘വിപിളവം എത്ര സുന്ദരം! അതിന്റെ പ്രാകൃതാംശത്തില്‍പോലും അത് സുന്ദരമാണ്.’
‘അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനത്തെയെന്നപോലെ ഞാന്‍ വിപ്ളവത്തെ സ്നേഹിക്കുന്നു. അഗ്‌നിപര്‍വതമായതുകൊണ്ട് ഞാന്‍ അഗ്‌നിപര്‍വതത്തെ സ്നേഹിക്കുന്നു. വിപ്ളവമായതുകൊണ്ട് ഞാന്‍ വിപ്ളവത്തെ സ്നേഹിക്കുന്നു.’
മഹാനായ മെക്സിക്കന്‍ നോവലിസ്റ്റ് മാറ്യാനോ ആസ്‌വേലയുടെ (Mariano Azvela, 1873–1952) മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന ‘The under dogs’ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ രണ്ട് സന്ദര്‍ഭങ്ങളില്‍ പറഞ്ഞതാണിത്. വിശ്വവിഖ്യാതി നേടിയ ഈ നോവലിന്റെ രചയിതാവിനെക്കുറിച്ച് ആമുഖത്തില്‍ പറഞ്ഞിട്ടുള്ള വസ്തുത ഭാഷാന്തരീകരണം ചെയ്ത് താഴെച്ചേര്‍ക്കട്ടെ.
വിപ്ളവകാരികളായ നോവലിസ്‌റ്റുകളില്‍ ഒന്നാമനായ മാറ്യാനോ ആസ് വേല 1873-ല്‍ ഹാലീസ്‌കോ സ്‌റ്റെയ്‌റ്റില്‍ (Jalisco) ജനിച്ചു. ഗ്വാദാലാഹാറ (Guadalajara) നഗരത്തില്‍ വൈദ്യവൃത്തി അഭ്യസിച്ചിട്ട് അദ്ദേഹം 1909-ല്‍ ലാഗോസ് (Lagos) നഗരത്തിലേക്കു പോകുന്നു…ചെറുപ്പക്കാരായ ഉല്‍പ്പതിഷ്ണുക്കളെപോലെ അദ്ദേഹം പൊര്‍ഫീറ്യോദീയാസിന്റെ (Porfirio Diaz, 1830–1915)[1] ഏകശാസനാധിപത്യത്തെ തെറിപ്പിച്ച മാദേറോയുടെ (Madero, 1873–1913)[2] വിപ്ളവത്തിന് അനുകൂലനായി… മാദേറോ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം വീയായുടെ[3] (Villa, 1977–1923) സൈന്യത്തില്‍ ഡോക്ടറായി ചേര്‍ന്നു. അങ്ങനെ വിപ്ളവത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടുള്ള അറിവ് ലഭിച്ചു. വീക്തോറ്യാനോ വാര്‍തായുടെ (Victoriano Huerta, 1822–1955) പ്രതിവിപ്ളവകാരി സംഘം താല്‍ക്കാലികമായി വിജയം പ്രാപിച്ചപ്പോള്‍ അദ്ദേഹം റ്റെക്സ്സ് സ്‌റ്റെയ്റ്റിലെ എല്‍പസോ പട്ടണത്തിലേക്കു പോയി. അവിടെ വച്ചാണ് അദ്ദേഹം 1915-ല്‍ ‘The under dogs’ എന്ന നോവലെഴുതിയത്. 1924 ആയപ്പോള്‍ അത് വിപ്ളവത്തിന്റെ നോവല്‍ എന്ന പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ടു… ജീവിതത്തിന്റെ ശേഷം ഭാഗം മുഴുവനും 1952-ല്‍ മരണം സംഭവിക്കുന്നതു വരെ അദ്ദേഹം മെക്സിക്കോപ്പട്ടണത്തില്‍ കഴിച്ചുകൂട്ടി, പാവങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കിക്കൊണ്ട്.’
മെക്സിക്കോയില്‍ പല വിപ്ളവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ 1910-ല്‍ ആരംഭിച്ച് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വിപ്ളവത്തെയാണ് മെക്സിക്കന്‍ വിപ്ളവം എന്നു വിളിക്കുന്നത്.
മെക്സിക്കന്‍ രാജ്യതന്ത്രജ്ഞനും രണ്ടു വര്‍ഷത്തോളം പ്രസിഡണ്ടുമായിരുന്ന മാദേറോ പ്രജാധിപത്യത്തില്‍ വിശ്വസിച്ച ഭരണാധികാരിയായിരുന്നെങ്കിലും അവിദഗ്‌ദ്ധതയാല്‍ നാട്ടില്‍ കുപ്രസിദ്ധനായിത്തീര്‍ന്നു. വിപ്ളവകാരിയായിരുന്ന വീയായുടെ പ്രവര്‍ത്തനങ്ങളാണ് മാദറോയെ പ്രസിഡണ്ട് പദവിയിലേക്ക് നയിച്ചത്. പക്ഷെ സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന വാര്‍താ അദ്ദേഹത്തെ വധിച്ചു. വിപ്ളവകാരികള്‍ പെട്ടെന്ന് ആവിര്‍ഭവിക്കുകയും അതുപോലെ നിഗ്രഹിക്കപ്പെടുകയും ചെയ്യുന്ന കാലയളവ്. ആ സംഭവങ്ങള്‍ രക്തപ്പുഴ ഒഴുക്കിയെങ്കിലും അവയിലൂടെ മെക്സിക്കോ രാജ്യം രൂപം കൊണ്ടു. ചരിത്രത്തിന്റെ സമ്മര്‍ദ്ദത്താല്‍ എവിടെയും എന്തും സംഭവിക്കും.
അപ്പോള്‍ ‘സെന്‍സിറ്റീവ് ആര്‍ട്ടിസ്റ്റു’കള്‍ പ്രതികരിക്കും. കുറെക്കാലം മെക്‍സിക്കന്‍ വിപ്ളവത്തില്‍ പങ്കു കൊണ്ടതിനുശേഷം മരണത്തെ ഭയന്ന് റ്റെക്‍സസ്സിലേക്ക് പോയ മഹാനായ ഒരു കലാകാരന്റെ പ്രതികരണമാണ് ‘The Under dogs.’ സംഘട്ടനത്തില്‍ പരാജയപ്പെടുകയോ സാമൂഹികമായ അനീതിയുടെ ബലിയാടായിത്തീരുകയോ ചെയ്യുന്ന ആളാണ് Underdog. അങ്ങനെയുള്ള ബലിമൃഗങ്ങളുടെ കഥയാണ് ഈ നോവലിലുള്ളത്. അതുകൊണ്ട് കഥ വിഷാദാത്മകമായേ തീരൂ. മാക്സിംഗോര്‍ക്കിയുടെ വിപ്ളവാത്മകമായ പ്രസാദാത്മകത്വം ആസ് വേലയുടെ നോവലില്‍ നമ്മള്‍ അന്വേഷിക്കരുത്. എങ്കിലും അത് വായനക്കാരെ ജാഡ്യത്തിലേക്കും ദൈന്യത്തിലേക്കും നയിക്കുന്നില്ല. വിഷാദാത്മകത്വത്തിലൂടെ അനുവാചകനെ ഉദ്ബുദ്ധനാക്കി അത് അയാളെ കര്‍മ്മപദ്ധതിയിലേക്ക് കൊണ്ടുചെല്ലുന്നതേയുള്ളു. അത് സംഭവിച്ചില്ലെങ്കില്‍ ഈ കൃതി വിപ്ളവനോവല്‍ എന്ന പേരിന് അര്‍ഹമായിത്തീരുകയില്ലായിരുന്നു.
വടക്കേ അമേരിക്കയുടെ തെക്കുഭാഗത്തുള്ള മെക്സിക്കോയിലെ അപരിഷ്കൃത വര്‍ഗത്തില്‍പ്പെട്ടവരെ ഇന്ത്യാക്കാര്‍–അമേരിക്കന്‍ ഇന്‍ഡ്യന്‍സ്–എന്നുവിളിക്കാറുണ്ട്. ഭാരതീയരുമായി അവര്‍ക്ക് ബന്ധമൊന്നുമില്ല. അങ്ങനെയൊരു ഇന്ത്യാക്കാരനാണ് ദേമേത്രിയോ. അയാള്‍ മാദേറോയുടെ അനുചരനായിരുന്ന കാലത്ത് പ്രതിയോഗികളെ പേടിച്ച് ഭാര്യയും കുഞ്ഞുമായി പര്‍വതപ്രാന്തങ്ങളില്‍ ആശ്രയസ്ഥാനം തേടി. പക്ഷേ ശത്രുക്കള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഫെഡറല്‍ പട്ടാളക്കാര്‍ അയാളുടെ വാസസ്ഥലത്ത് എത്തി. ‘അതു മൃഗമല്ല. ഞാന്‍ നിങ്ങളോട് പറയുകയാണ്. പട്ടികുരയ്ക്കുന്നത് കേട്ടില്ലേ! മനുഷ്യവര്‍ഗത്തില്‍പ്പെട്ട ആരോ ആണത്.’ ഒരുപട്ടാളക്കാരന്‍ ഇങ്ങനെ പറഞ്ഞതുകേട്ട് ഡേമേത്രിയോയുടെ ഭാര്യ ഇരുട്ടിലേക്ക് തുറിച്ചുനോക്കി. അതേ ഫെഡറല്‍ സൈന്യത്തിലെ അംഗങ്ങള്‍ തന്നെ. അവര്‍ അവളെ ബലാല്‍സംഗം ചെയ്യുമായിരുന്നു, ദേമേത്രിയോ തോക്കുമായി വന്നില്ലെങ്കില്‍. അയാള്‍ വധകര്‍ത്താവല്ലാത്തതുകൊണ്ട് അവര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടു. പക്ഷേ അവര്‍ തിരിച്ചുവന്ന് ദേമേത്രിയോയുടെ വീട് തീവച്ചു നശിപ്പിച്ചു. ‘നിങ്ങളെന്തേ അവരെ കൊല്ലാത്തത്?’ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ‘സമയമായില്ല’ എന്നായിരുന്നു അയാളുടെ മറുപടി.
ദേമേത്രിയോയും മറ്റു വിപ്ളവകാരികളും സംഘട്ടനത്തിലേര്‍പ്പെട്ടു. ഫെഡറല്‍ സൈന്യം പലായനം ചെയ്തെങ്കിലും ദേമേത്രിയോയുടെ കാലില്‍ വെടിയേറ്റു. ഗ്രാമത്തിലെ ഒരു ക്ഷുരകവൈദ്യന്‍ ആ മുറിവു വച്ചുകെട്ടി. കാമീലാ എന്നൊരു സുന്ദരിപ്പെണ്‍കുട്ടി അയാളെ ശുശ്രൂഷിച്ചു. അങ്ങനെയിരിക്കെ തെര്‍വാന്റസ് എന്നൊരാള്‍ വിപ്ളവകാരികളുടെ മുന്‍പിലെത്തി. ഫെഡറല്‍ സൈന്യത്തിലെ ഭടനായിരുന്ന അയാള്‍ അവരെ ഉപേക്ഷിച്ച് വിപ്ളവസംഘത്തിലെ അംഗമാകാന്‍ എത്തിയിരിക്കുകയാണ്. എങ്കിലും അയാള്‍ ചാരനാണോ എന്നു വിപ്ളവകാരികള്‍ക്ക് സംശയം. സംശയത്തിന്റെ പരിഹാരത്തിനുവേണ്ടി അവര്‍ ഒരു വിദ്യ പ്രയോഗിച്ചു. വിപ്ളവകാരികളില്‍ ഒരാള്‍ പാതിരിയുടെ വേഷം ധരിച്ച് മരണശിക്ഷ നല്‍കപ്പെട്ട തെര്‍വാന്റസിന്റെ മുന്‍പില്‍വന്നു പാപനിവേദനം ചെയ്യാന്‍ ആവശ്യപ്പെട്ടു. തന്റെ ആര്‍ജ്ജവത്തില്‍ സംശയിക്കുന്നവരാണ് അവരെന്ന് കണ്ട തെര്‍വാന്റസ് വികാരഭരിതനായി പറഞ്ഞു:
‘മര്‍ദ്ദിതരുടെ പാവന ലക്ഷ്യത്തിനുവേണ്ടി സമരം ചെയ്യാനാണ് എന്റെ ആഗ്രഹം. പക്ഷേ നിങ്ങള്‍ക്കത് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്നെ ദൂരെത്തള്ളുന്നു. ശരി. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളു.’ തെര്‍വാന്റസിന്റെ സത്യസന്ധതയില്‍ ദേമേത്രിയോവിനും കൂട്ടുകാര്‍ക്കും വിശ്വാസമുണ്ടായി. അന്നു മുതല്‍ അയാള്‍ വിപ്ളവകാരിയായി അവരോടൊരുമിച്ച് പ്രവര്‍ത്തിച്ചു.
വീക്തോറ്യാനോ വാര്‍തായുടെ ഫെഡറലിസ്റ്റ് സൈന്യം മെക്സിക്കോയിലെ സാകാറ്റേകാസ് നഗരം ആക്രമിച്ചെന്നുകേട്ട വിപ്ളവകാരികള്‍ തെര്‍വാന്റസിന്റെ നേതൃത്വത്തില്‍ അവരോട് യുദ്ധത്തിന് സന്നദ്ധരായി. ഇങ്ങനെ പ്രതിലോമകാരികളെ എതിര്‍ത്തെതിര്‍ത്ത് വിജയം കൈവരിച്ച ദേമേത്രിയോ മഹായശസ്കനായി. അദ്ദേഹം വിപ്ളവസേനയിലെ കേണലായി നിയമിക്കപ്പെട്ടു. സാകാറ്റേകാസ് (Zacatecas) നഗരം പിടിച്ചെടുക്കാന്‍ വിപ്ളവ സേനക്ക് കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് പല സംഘട്ടനങ്ങളിലും വിജയമുണ്ടായി. അവര്‍ അങ്ങനെ മുന്നേറി സെന്‍ട്രല്‍ മെക്സിക്കോയിലെ ആഗ്വാസ്കാല്യയാന്തസ് (Aguascalientes) പട്ടണത്തില്‍ എത്തിയപ്പോള്‍ ഒരിക്കല്‍ സുഹൃത്തുക്കളായിരുന്ന വീയായും (Villa, 1887–1923) കാറാന്‍സായും (Carranza, 1859–1920. മെക്സിക്കന്‍ രാഷ്ട്രീയ നേതാവ്) പരസ്പരം യുദ്ധം ചെയ്യുന്നത് കണ്ടു. ആ സംഘട്ടനം പ്രയോജനപ്പെടുത്തി ഫെഡറല്‍ സൈന്യം വിപ്ളവകാരികളെ പരാജയപ്പെടുത്തി. വീയോയുടെ നേതൃത്വവും അംഗീകരിക്കപ്പെടാതായി. അവസാനത്തെ സംഘട്ടനത്തില്‍ വിപ്ളവകാരികളാകെ നശിച്ചു. പട്ടാളക്കാര്‍ അവരുടെ ഇടയില്‍ ദേമേത്രിയോവിന്റെ മൃതദേഹം കണ്ടു. അയാളുടെ നിച്ശലങ്ങളായ കണ്ണുകള്‍ തോക്കിന്റെ കുഴലില്‍തന്നെ നോക്കുന്ന മട്ടിലായിരുന്നു. ഇവിടെ നോവലിസ്റ്റിന്റെ വാക്കുകള്‍തന്നെ എടുത്തെഴുതാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ‘At the foot of a hollow, sumptuous and huge on the portico of an old cathedral, Demetrio Macias, his eyes leveled in an eternal glance, Continues to point the barrel of his gun.’ (The underdogs, Mariano Azvela, Translated by E. Munguia Jr, A Sigmet classic, $ 3. 95.)
വിഷാദാത്മകതയാണോ ഈ നോവലിന്റെ മുദ്ര? അതേയെന്ന് ഒറ്റനോട്ടത്തില്‍ പറയാം. പക്ഷേ, ഞാനതിനോട് യോജിക്കുന്നില്ല വ്യക്തികളുടെ നാശം ചിത്രീകരിച്ച് വിപ്ളവത്തിന്റെ നൈരന്തര്യസ്വഭാവത്തെ അഭിവ്യഞ്ജിപ്പിക്കുന്ന മാര്‍ഗം പുരോഗാമികളായ പല കലാകാരന്‍മാരും സ്വീകരിച്ചിട്ടുണ്ട്. എല്‍സാല്‍വദോറിലെ നോവലിസ്റ്റായ മാനിലോ ആര്‍ഗ്വേതയുടെ ‘A Day in the life’ എന്ന ഉജ്വലമായ നോവലിലെ വിപ്ളവകാരി മര്‍ദ്ദനമേറ്റ് മരിച്ചതായി വര്‍ണ്ണന. പക്ഷേ, അയാളുടെ ബന്ധു പറയുന്നത് ‘ഞങ്ങള്‍ മുന്നേറുന്നു. മരിച്ചയാള്‍ ഞങ്ങളുടെ കൂടെയുണ്ട്’ എന്നാണ്. (ഓര്‍മ്മയില്‍നിന്ന് കുറിക്കുന്നത്) Malcolm Lowry എന്ന വിശ്വവിഖ്യാതനായ നോവലിസ്റ്റിന്റെ പ്രകൃഷ്ട കൃതിയായ ‘Under the Volcano’ എന്നതില്‍ വ്യക്തി നശിക്കുന്നു. പക്ഷേ, മെക്സിക്കോയുടെ ശക്തി നശിക്കുന്നില്ല എന്നാണ് നോവലിസ്റ്റ് പറയുക. ‘Juarez had lived and died yet was it a country with free speech, and the guarentee of life, and the pursuit of happiness?’ ആസ്‌വേലയും വിപ്ലവത്തിന്റെ നൈരന്തര്യത്തില്‍ വിശ്വസിക്കുന്നുണ്ട്. ദേമേത്രിയോയുടെ ഭാര്യ അയാളോട് ചോദിച്ചു: ‘ദേമേത്രിയോ, നിങ്ങളെന്തിനാണ് സമരം ചെയ്തുകൊണ്ടിരിക്കുന്നത്?’ ദേമേത്രിയോ വല്ലാതെ കോപിച്ചു. അലക്ഷ്യമായി ഒരു കല്ലെടുത്ത് അയാള്‍ മലയിടുക്കിന്റെ താഴത്തേക്ക് എറിഞ്ഞു. അതിന്റെ പ്രയാണത്തിന്റെ വളവ് നിരീക്ഷണം ചെയ്തുകൊണ്ട് ഗര്‍ത്തത്തിലേക്കു വിഷാദത്തോടെ തുറിച്ചുനോക്കി. ‘കല്ലിനെ നോക്കൂ. അത് പൊയ്ക്കൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞു. വ്യക്തികള്‍ നശിച്ചാലും വിപ്ളവം തുടര്‍ന്നുകൊണ്ടിരിക്കും എന്നാണ് ദേമേത്രിയോ പറയുന്നത്. വിപ്ലവാശയം ചരിത്രത്തോടും സമൂഹത്തിന്റെ മാനസിക തലങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. അത് വ്യക്തികളിലൂടെ ആവിഷ്കരിക്കപ്പെട്ടു എന്ന് കരുതു. ആ വ്യക്തികള്‍ നശിച്ചാലും ആശയത്തിന് നാശമില്ല. അതിനാല്‍ ആസ്‌വേലയുടെ നോവലിനെ വിഷാദാത്മകം എന്നു വിശേഷിപ്പിക്കാന്‍ എനിക്ക് കഴിവില്ല.
മനുഷ്യനായിരിക്കാന്‍ പ്രയാസമാണ്. സ്വന്തം സവിശേഷതകള്‍ വികസിപ്പിക്കുക എന്ന കൃത്യത്തില്‍ മുഴുകാതെ മറ്റുള്ളവരുമായി സൗഹൃദം പുലര്‍ത്തി മനുഷ്യനാകാന്‍ അത്ര പ്രയാസമില്ല. അതു ചെയ്യുമ്പോള്‍ അവന്‍ അവനെത്തന്നെ അതിശയിക്കും. സര്‍ഗാത്മകത്വത്തില്‍ വ്യാപരിക്കും. കണ്ടുപിടിക്കും, തന്നെ സാക്ഷാത്കരിക്കും — ഏതാണ്ടിങ്ങനെ ആങ്ദ്രേമല്‍റോ പറഞ്ഞതായി ഞാനോര്‍മ്മിക്കുന്നു. ഈ നോവലിലെ പ്രധാന കഥാപാത്രം ദേമേത്രിയോ നൂറിന് നൂറും മനുഷ്യനാണ്. അതേ സമയം മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ച് അദ്ദേഹം സ്വന്തം മനുഷ്യത്വത്തെ വികസിതോജ്ജ്വലമാക്കി.
ദീര്‍ഘകാലത്തേക്ക് ഉണ്ടായിരുന്നു മെക്സിക്കോയിലെ വിപ്ലവം. അതില്‍ ഏറ്റവും തീക്ഷണമായത് 1910ലെതും. എന്നാല്‍ ആ വിപ്ളവത്തിന്റെ കെടുതികളും വിജയങ്ങളും പരാജയങ്ങളും വര്‍ണ്ണിക്കാനല്ലായിരുന്നു ആസ്‌വേലയ്ക്ക് കൗതുകം. കൃഷിക്കാരായ വിപ്ലവകാരികളുടെ അവരുടെ നേതാവായ ദേമേത്രിയോയിലൂടെ അത് കേന്ദ്രബിന്ദുവില്‍ കൊണ്ടുവരാനായിരുന്നു ആസ്‌വേല ശ്രമിച്ചത്. ആ യത്നത്തില്‍ അദ്ദേഹം വിജയം പ്രാപിക്കുകയും ചെയ്തു. ലോകത്തെ നോക്കി ‘അബ്സേഡ്, അബ്സേഡ് എന്നു പറയാതെ മര്‍ദ്ദകരെ എതിര്‍ത്ത് മനുഷ്യത്വത്തെ സ്ഫുടീകരിക്കൂ എന്ന് അനുശാസിക്കുന്ന ഈ നോവലിന് ശക്തിയുണ്ട്. ഭംഗിയുണ്ട്.
|
|
|