close
Sayahna Sayahna
Search

ഒ.എൻ.വി.യുടെ കവിത


ഒ.എൻ.വി.യുടെ കവിത
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

മനുഷ്യ ശരീരത്തിന്റെ അടിസ്ഥാനപരമായ ഘടക വസ്തുവാണ് ഉപ്പ്. അതിനെ “ജീവന്‍മരണവസ്തു”വായി പരിഗണിക്കുന്നു. അതുകൊണ്ട് ഉപ്പ് ശരീരത്തില്‍ ഇല്ലാതെയായല്‍ മരണം തീര്‍ച്ചയായും സംഭവിക്കും. ഇങ്ങനെ ഇത് ജീവിതത്തിന്റെ മൂലതത്വമോ മൗലികഘടകമോ ആയി മാറിയിരിക്കുന്നു. മനുഷ്യജീവിതത്തെ നിലനിറുത്തുന്നത് ജലമാണല്ലോ. അതിനാല്‍ ജലം ജീവിതവും ജലത്തിന്റെ ഘനീഭവിച്ച അവസ്ഥയായ മഞ്ഞുകട്ട മരണവുമായി മാറുന്നുണ്ട്. സാഹിത്യത്തില്‍ തോമസ് മന്നിന്റെ “മാജിക് മൗണ്ടന്‍” എന്ന മഹനീയ നോവലില്‍ മഞ്ഞിനെ മരണത്തിന്റെ പ്രതീകമായി വര്‍ണ്ണിച്ചിരിക്കുന്നത് ഓര്‍മ്മിച്ചാലും. ഇതെഴുതുന്ന ആളിന്റെ അറിവില്‍പ്പെട്ടിടത്തോളം ഒ. എന്‍. വി. കുറുപ്പല്ലാതെ വേറൊരു കവി ഉപ്പിനെ ജീവിതത്തിന്റെ മൂലതത്വമായി—Life Principle—അംഗീകരിച്ചിട്ടില്ല. സാമാന്യമായതിനു സവിശേഷമായതു പ്രാതിനിധ്യം വഹിക്കുമ്പോഴാണ് പ്രതിരൂപം ആവിര്‍ഭവിക്കുന്നത്. അതു മനുഷ്യന്റെ മാനസികസത്യത്തിനു യോജിച്ചതുമായിരിക്കണം. ഞാനൊരു ഋജ്ജുരേഖ വരച്ചുവച്ചിട്ട് കോട്ടയം — പെരുമ്പാവൂര്‍ റോഡില്‍ വളവും തിരിവും ധാരാളമുണ്ടെന്നും നേരെമറിച്ച് തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ അതൊന്നുമില്ലെന്നും ഋജ്ജുരേഖ പോലുള്ള റോഡിലൂടെ കാറില്‍ സഞ്ചരിച്ചാല്‍ സുഖമുണ്ടാകുമെന്നും ആ സുഖത്തെയാണ് എന്റെ രേഖ കാണിക്കുന്നതെന്നും പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ പ്രസ്താവം ശരിയാണ്. എന്നാല്‍ എല്ലാവര്‍ക്കും അതു സമ്മതമായിരിക്കില്ല. എല്ലാ മനുഷ്യരുടെയും “സൈക്കോളജിക്കല്‍ റിയാലിറ്റിക്ക്” യോജിച്ചിരിക്കണം പ്രതിരൂപം. ഉപ്പ് ജീവിതത്തിന്റെ അടിസ്ഥാന തത്വമാകയാല്‍ അതിനെ പ്രതീകമായി കാവ്യത്തില്‍ നിവേശിപ്പിച്ച ഒ. എന്‍. വി. കുറുപ്പിന്റെ ഉചിതജ്ഞത ആദരണീയമായിരിക്കുന്നു. ഉപ്പ് എന്ന സിംബല്‍ കൊണ്ട് മനുഷ്യസമുദായത്തെ കൂട്ടിയിണക്കിയിട്ട് കവി സത്യത്തിന്റെ പല തട്ടുകളെ വിദഗ്‌ദ്ധമായി ആവിഷ്കരിക്കുന്നു. ഇതിനു നിദര്‍ശകമായിരിക്കുന്നു ഗ്രന്ഥത്തിന്റെ നാമം തന്നെയുള്ള ആദ്യത്തെ കാവ്യം. കുട്ടി കഞ്ഞി കുടിക്കാനിരിക്കുന്നു. അപ്പോള്‍ മുത്തശി തുമ്പപ്പൂപ്പോലെ വെളുത്ത ഉപ്പെടുത്ത് കഞ്ഞിയിലിട്ടിട്ട് “ഉപ്പ് ചേര്‍ത്താലെ രുചിയുള്ളൂ” എന്നു പറയുന്നു. ആ മുത്തശി ജലത്തില്‍ ഉപ്പുതരി അലിയുന്നതുപോലെ ഒരു ദിവസം നിന്ന നില്‍പില്‍ മറിഞ്ഞുവീണ് മറഞ്ഞുപോകും. എങ്കിലും അവര്‍ ആ കുട്ടിയുടെ ഉപ്പായി വർത്തിക്കും. എങ്കിലും അവർ എവിടെപ്പോകാനാണ്? ജീവിതത്തിന്റെ “ആക്ടീവ് പ്രിന്‍സിപ്പലിന്” (Principle) നാശമില്ലെന്നു സൂചന. ഇങ്ങനെ വ്യക്തിയില്‍ ആ മൂലതത്വത്തെ ആവിഷ്കരിച്ച കവി ജഗല്‍സംബന്ധീയമായ തലത്തിലേക്ക് അതിനെ വ്യാപിക്കുന്നു. കുട്ടി കടല്‍ത്തീരത്ത് എത്തുന്നു. കടല്‍ മണ്ണില്‍ കിടന്ന് ഉരുളുന്നു. അതിന്റെ ഫേനപിണ്ഡങ്ങള്‍ മുലപ്പാലായി കുട്ടി കാണുന്നു. അമ്മ കുഞ്ഞിനെത്തേടി മുങ്ങി മരിക്കുകയാണെന്ന് അതിന് (ശിശുവിന്) തോന്നുന്നു. ഉപ്പുകടല്‍ അമ്മയാണെന്നും ഉപ്പുചേര്‍ന്ന കുഞ്ഞിനെ അത് അന്വേഷിക്കുകയാണെന്നും കവി പറയുമ്പോള്‍ പ്രകൃതിയേയും അതിന്റെ സന്താനമായ മനുഷ്യനേയുമാണ് അദ്ദേഹം അന്തര്‍ നേത്രംകൊണ്ട് കാണുന്നതെന്ന് ഞാന്‍ കരുതുന്നു. അണുവിശ്വം (microcosm) ഇവിടെ മഹാവിശ്വമായി (macrocosm) മാറുന്നു. മഹാവിശ്വത്തില്‍ അണുവിശ്വവും വര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. “മഹാവിശ്വം ബൃഹത്തല്ല, എന്റെ ശരീരം ചെറുതുമല്ല” എന്ന സിദ്ധാന്തം ഓര്‍മ്മിക്കുക. മനുഷ്യന്‍ വിപുലീകരിക്കപ്പെട്ടതുതന്നെയാണ് പ്രപഞ്ചം. മനുഷ്യന്‍ സൂക്ഷ്‌മമായ പ്രപഞ്ചവും (വിശ്വവും). ഈ ഗഹനമായ തത്വത്തെ കവി വാങ്മയചിത്രമാക്കിയിരിക്കുന്നതിന്റെ സൗന്ദര്യം കാണുക:


“ചില്ലുപാത്രത്തിലിരുന്നു ചിരിക്കുന്നു
നല്ല കറിയുപ്പ് തീന്‍മേശമേല്‍; കടല്‍-
വെള്ളത്തില്‍നിന്നും കറിയുപ്പു വാറ്റുന്നു-
വെന്ന വിജ്ഞാനപ്പനയോലയില്‍ കൊത്തി
എന്റെ നാവിന്നുരംവയ്പിച്ചുപണ്ടു ഞാന്‍!
പിന്നെയൊരുനാള്‍ കടല്‍കണ്ടു ഞാന്‍! വെറും
മണ്ണില്‍ കിടന്നുരുളുന്ന, കാണാതായ
തന്‍ കുഞ്ഞിനെയോര്‍ത്ത് നെഞ്ഞുചുരന്ന പാല്‍
എങ്ങും നിലയ്ക്കാതൊഴുകിപ്പരന്നതില്‍
മുങ്ങിമരിക്കുന്നൊരമ്മയെക്കണ്ടു ഞാന്‍”

* * *

ഉപ്പുപോലെ കവിക്ക് ഇഷ്ടപ്പെട്ട മറ്റൊരു സിംബലാണ് അഗ്നി. അഗ്‌നിക്ക് പലതരത്തിലുള്ള അര്‍ത്ഥമാണുള്ളത്. ഈജിപ്തിലെ ഹൈറാഗ്ളിഫിക്കല്‍ (hieroglyphic) (പദത്തേയോ ശബ്ദത്തേയോ പടം കൊണ്ടോ സിംബല്‍ കൊണ്ടോ സൂചിപ്പിക്കുന്ന സമ്പ്രദായം ഹൈറാഗ്ളിഫിക്) അഗ്‌നി ജീവിതത്തിന്റേയും ആരോഗ്യത്തിന്റേയും പ്രതിരൂപമാണ്. ആദ്ധ്യാത്മികമായ ശക്തിവിശേഷമായും അത് ഹൈറാഗ്ളിഫിക്കില്‍ പ്രത്യക്ഷമാകുന്നുണ്ട്. വസ്തുക്കളുടെ രൂപം നശിപ്പിച്ചിട്ട് അവയ്ക്ക് മറ്റൊരു രൂപം നല്‍കുന്നതു കൊണ്ട് അഗ്നി പരിവര്‍ത്തനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പ്രതീകമത്രേ. നാശത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഹേതുവായി അഗ്‌നിയെ ദര്‍ശിക്കുന്നു, ഭാരതത്തിലെ പുരാണങ്ങള്‍, ഗ്രീക്ക് ഫിലോസഫര്‍ ഹൈറക്ളിറ്റസിന്റെ സങ്കൽപ്പവും ഇതുതന്നെ. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം അഗ്‌നിയാണെന്നും അതിന്റെ പരിണതഫലങ്ങളാണ് മൂലകങ്ങളെന്നും അദ്ദേഹം പ്രസ്താവിച്ചു. നമ്മുടെ കവിക്ക് അത് ആദ്ധ്യാത്മികശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും പ്രതിരൂപമാണ്. ആത്മനാഥന്റെ ജീവന്‍ അപഹരിച്ച നൃശംസതയുടെ നേര്‍ക്ക് കോപത്തിന്റെ അഗ്‌നി ജ്വലിപ്പിച്ചെത്തുന്ന കണ്ണകിയെ നമ്മള്‍ അന്തര്‍നേത്രം കൊണ്ടു കാണുന്നു. അവള്‍ ശാപവാക്കെറിഞ്ഞപ്പോള്‍ മഹാനഗരവും മഹാപണങ്ങളും രാജപഥങ്ങളും ഗൃഹനിരകളും നെറികേടിന്‍ സിംഹാസനങ്ങളും കത്തിയെരിഞ്ഞു. എന്നിട്ട് കവി “ചിലപ്പതികാര”ത്തിന്റെ കര്‍ത്താവായ ഇളങ്കോവടികളെ ആഹ്വാനം ചെയ്യുന്നു:

“…വീണ്ടും ഇളംകോവാം തിരു-
വടികളേ വരൂ, തിരുനാരായത്താല്‍
ഇവളുടെ കത്തുംമൊഴി പകര്‍ത്തുക!
ഇവളെരിക്കുമീപ്പുരങ്ങള്‍ കാണുക.”

ഇവിടെ നെറികേടിന്റെ സിംഹാസനങ്ങളെ കുരിച്ചു ചാമ്പലാക്കുന്ന അഗ്‌നി, സ്ഥിതിസമത്വത്തിന്റെ ഊര്‍ജ്ജമാണ്. അതിനെ ചലനംകൊള്ളിക്കുന്ന ആദ്ധ്യാത്മികശക്തിയാണ്. കണ്ണകിയില്‍ നിന്ന് വികസിപ്പിച്ചുകൊണ്ടു വരുന്ന ഈ ‘ഇമേജി’ന് സ്ഥിരതയും ദൃഢതയുമുണ്ട്. അതിനുള്ള അധികാരവും കവിക്കുണ്ട്. എസേനില്‍ എന്ന റഷ്യന്‍ കവിക്കും നെറുത എന്ന ലാറ്റിനമേരിക്കന്‍ കവിക്കും സ്ഥിതി സമത്വത്തെക്കുറിച്ച് പാടാനുള്ള അവകാശമുണ്ടെങ്കില്‍ (മലയാളത്തില്‍ പ്രയോഗിക്കുന്ന അര്‍ത്ഥത്തിലാണ് അവകാശ പദത്തിന്റെ പ്രയോഗം) നമ്മുടെ കവിക്കും അതാകാവുന്നതേയുള്ളൂ. അത് അനുഷ്ഠിക്കേണ്ട രീതിയില്‍ത്തന്നെ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

പരിവര്‍ത്തനം, ജീര്‍ണ്ണത, മരണം ഇവയ്ക്കെതിരായി കാഠിന്യവും സ്ഥിരതയുമാര്‍ന്ന് ഭൂമിയില്‍ക്കിടക്കുന്ന കല്ലുകള്‍ എല്ലാക്കാലത്തും കവികളെ ആകര്‍ഷിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മകമായ ലയത്തിന്റെ ഘനീഭവിച്ച രൂപമാണ് കല്ല്. ആ കല്ലുകളിലും ഊര്‍ജ്ജമടങ്ങിയിരിക്കുന്നുവെന്നാണ് ഒ. എന്‍. വി. വിചാരിക്കുന്നത്. ആ വിചാരം ശരിയാണു താനും. അങ്ങനെയുള്ള കല്ലുകളെക്കുറിച്ച് കവി പാടുന്നു.

ആരുണ്ടിവര്‍ക്കുയിര്‍ നല്‍കുവാന്‍?
ഈ ശിലാ-
പാളികളെ ചാരുശില്‍പ്പങ്ങളാക്കുവാന്‍?
ആരുണ്ടു കല്ലുകടഞ്ഞഗ്‌നിയാക്കുവാന്‍?
ആരിതിന്‍ മൗനത്തെ
സംഗീതമാക്കുവാന്‍?
ചുറ്റികയായ്,
കല്ലുളിയായ് വരൂ, ശിവ
ശക്തികളേ! യിശ്ശിലകളിലാടുവിന്‍!
ഇക്കല്ലുകളില്‍ കരഞ്ഞു പിറക്കട്ടെ
സര്‍ഗ്ഗസംഹര വിരുതരാമുണ്ണികള്‍!

“കണ്ണകി”എന്ന കാവ്യത്തിലെ ആശയത്തെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു “കല്ലുകള്‍” എന്ന കാവ്യം. അങ്ങനെ ഊര്‍ജ്ജമെന്ന സാമാന്യ ഘടകത്തില്‍ മനുഷ്യനും പ്രകൃതിയും ഒന്നാകുന്നു. വിസ്മയിക്കേണ്ടതില്ല. “അഗ്‌നിയാണെന്‍ ദേവത” എന്നു കവി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. പരിവര്‍ത്തനം വരുത്തുന്ന ആ ആധ്യാത്മിക ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം അക്ഷരങ്ങളിലുമുണ്ട്. ഒന്നു കടയുകയേ വേണ്ടൂ, അതു കത്തും.

“കാരിരുമ്പുരുക്കുന്നോരഗ്‌നി:
കല്‍ക്കരിയിലും
സൂരനെജ്ജ്വലിപ്പിക്കുമഗ്നി:
യെന്‍ കരങ്ങളെ
തളയ്ക്കും വിലങ്ങുകളടിച്ചു തകര്‍ക്കുവാന്‍
ഉരുക്കുകൂടം വാര്‍ക്കുമഗ്‌നി
യെന്‍ സ്വരങ്ങളെ
നൃത്തമാടിക്കും വീണക്കമ്പികള്‍
ഘനലോഹ
ഹൃത്തില്‍ നിന്നിഴകളായ്
നൂത്തെടുത്തിടുമഗ്‌നി.
അഗ്‌നി, യെന്നിലെയഗ്‌നി, യെന്‍
മൃതിയിലുമെന്റെ
അക്ഷരങ്ങളിലുണ്ടാം!
കടഞ്ഞാലതു കത്തും!”

അക്ഷരങ്ങളില്‍ അഗ്നിയുണ്ടെല്‍, കല്ലുകളില്‍പ്പോലും അതുണ്ടെങ്കില്‍ നൃത്തം അതു ജ്വലിപ്പിച്ചു വിടുന്നതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു! ഈ കാവ്യസമാഹാര ഗ്രന്ഥത്തിലെ ചേതോഹരങ്ങളായ കാവ്യങ്ങളില്‍ ഒന്നായ “സന്താള്‍ നര്‍ത്തകര്‍” ആ ആശയത്തെത്തന്നെയാണ് ലയാത്മകമായി ആവിഷ്കരിക്കുന്നത്.

“അടുന്നൂ സന്താള്‍ നര്‍ത്തക-
രാടുന്നൂ തീ കടയുന്നൊരു
കാടുകളുടെ കരളുമിടിപ്പതു
കാണുന്നൂ ഞാനെന്‍ മുന്നില്‍!”

ലയാത്മകമായ കലാരൂപമാണ് നൃത്തം. അതു സൃഷ്ടി കര്‍മ്മത്തിന്റെ പ്ടതിരൂപമാണ്. ശാശ്വതശക്തിയുടെ രൂപമാണ്. കവി അതു കണ്ടറിഞ്ഞ് തന്റെ ഊര്‍ജ്ജ്വസങ്കല്‍പത്തോട് അതിനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇമ്മട്ടില്‍ മറ്റൊരു കവി പ്രവര്‍ത്തിച്ചതായി എനിക്കറിവില്ല.

* * *

അഗ്‌നിക്കും പാട്ടിനും ബന്ധമുണ്ട്. മതപരങ്ങളായ അനുഷ്ടാനങ്ങള്‍ക്കെല്ലാം അഗ്‌നി വേണം. അഗ്‌നി ആളിക്കത്തിക്കഴിഞ്ഞാല്‍ പാട്ടു തീര്‍ച്ചയായും ഉണ്ടാകാം. അഗ്നിയുടെ ഉപാസകനായ ഒ. എന്‍. വി. സംഗീതത്തിന്റെയും ഉപാസകനത്രേ. റിച്ച്വലിസ്റ്റിക്കായ (Ritualistic)—മതപരങ്ങളായ അനുഷ്ഠാനങ്ങളോട് ബന്ധപ്പെടുത്തിയില്ല ഞാനിതു പറയുന്നത്. സങ്കുചിതമായ മതാനുഷ്ഠാനത്തിലോ ആചാരക്രമങ്ങളിലോ ഒ. എന്‍. വി. ക്കു വിശ്വാസമില്ലെന്നു ഞാനെന്തിനു പറയണം, പ്രപഞ്ചത്തിന്റെ ‘പറ്റേണി’ നു യോജിച്ചതാണ് സംഗീതം. അതുകൊണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍, പരമസത്യം സാക്ഷാത്കരിക്കാന്‍ സംഗീതത്തിനു കഴിയും. സംഗീതോപകരണങ്ങള്‍ക്കുപോലും പ്രപഞ്ചത്തിന്റെ സ്വഭാവത്തോടു ബന്ധമുണ്ട്. പുല്ലാംകുഴല്‍ നോക്കുക. അത് ലിംഗബന്ധമുള്ളതാണ്; അതുകൊണ്ട് പുരുഷനോട് ചേര്‍ന്നുനില്‍ക്കുന്നതും, പക്ഷേ, അതിന്റെ നാദം സ്ത്രൈണമാണ്. ഭാജനത്തിന്റെ രൂപമാര്‍ന്ന മൃദംഗം സ്ത്രൈണമാണ്; അതിന്റെ ശബ്ദം പുരുഷനോട് ബന്ധപ്പെട്ടതും. ഉപകരണങ്ങള്‍ക്കു തന്നെ ഈ സ്വഭാവമുണ്ടെങ്കില്‍ സംഗീതം എല്ലാ വിധത്തിലും പ്രപഞ്ചത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യത്തില്‍ സത്യം തന്നെ. അക്കാരണത്താല്‍ എല്ലാക്കവികളും സംഗീതത്തിലൂടെ പരമസത്യം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നു. [പുല്ലാങ്കുഴലിന്റെയും മൃദംഗത്തിന്റെയും സ്ത്രീ-പുരുഷസ്വഭാവത്തെക്കുറിച്ചുള്ള ആശയം റഷ്യന്‍-അമേരിക്കന്‍ സംഗീതജ്ഞനായ അലക്സാണ്ടര്‍ ഷ്നീമറിന്റെതാണ് (Schneider) ഒ. എന്‍. വി. യുടെ “എന്റെ മകുടി” എന്ന കാവ്യം പ്രപഞ്ചസംഗീതത്തില്‍ വിലയംകൊള്ളുന്ന വ്യക്തിയായ മനുഷ്യന്റെ മാനസികനില വ്യക്തമാക്കിത്തരുന്നു. കവിയുടെ വീട്ടുമുറ്റത്തെ ചെടിച്ചില്ലയില്‍ വന്നിരുന്നു പാടുന്ന കിളിയുടെ സംഗീതം പ്രപഞ്ചത്തിന്റെ സംഗീതമത്രേ. അതിനെ സ്വന്തമാക്കാന്‍, പാട്ടുചുരത്തുന്ന ആ ജീവനില്‍ കൊത്തുവാന്‍ കവിയുടെ ഫണം പോലുള്ള കൈപ്പത്തി ഉയരുന്നു. ആ യത്നം വിഫലമാകുന്നു. അപ്പോള്‍ ജീവിതത്തിന്റെ വഴിത്താരയില്‍ കിടക്കുന്ന ഭുജംഗത്തെക്കുറിച്ച് കവി ചിന്തിക്കുന്നു. അപ്പോള്‍ അദ്ദേഹം മകുടിയെടുത്തു ഊതുന്നു. കാവ്യം അവസാനിക്കുന്നത് ഇങ്ങനെയാണ്:

“എന്റെ മകുടിയിലൂടെ മൃത്യുഞ്ജയ
മന്ത്രമായിത്തീരുന്നു
ഞാനുമെന്‍ ഗാനവും”

ഭൂമിയും ആകാശവും, സൂക്ഷ്മജഗത്തും മഹാ വിശ്വവും (microcosm and macrocosm) സത്യവും മഹാ സത്യവും ഇങ്ങനെ യോജിക്കുന്നു. ഈ കാവ്യത്തെക്കാള്‍ ഉജ്ജ്വലവും ചേതോഹരവുമാണ് “ബാവുല്‍ ഗായകന്‍” എന്ന കാവ്യം. ഏകാന്തതയിലിരുന്ന് അതൊന്ന് ഉറക്കെച്ചൊല്ലി നോക്കൂ. സിംബോളിക് രൂപങ്ങളിലൂടെ കവി ചില ഉത്കൃഷ്ടവികാരങ്ങളുണര്‍ത്തി സത്യത്തിന്റെ മണ്ഡലത്തില്‍ നമ്മളെ എത്തിക്കുന്നതെങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

* * *

ഫെഞ്ച് നിയോതോമിസ്റ്റ് ഫിലോസഫറായ ഷാക്ക് മാറീതങ്ങിന്റെ (Jacques Maritain, 1882–1973) Creative Intuition in Art and Poetry എന്ന ഗ്രന്ഥം കവിതയിലും ചിത്രകലയിലും താല്‍പര്യമുള്ളവരൊക്കെ വായിച്ചിരിക്കേണ്ടതാണ്. ഈ ഗ്രന്ഥം എന്റെ കൈയിലില്ലെങ്കിലും അതിലെ ചില ആശയങ്ങള്‍ എനിക്കോര്‍മയുണ്ട്. ഓരോ പ്രാകൃതിദൃശ്യത്തിലും മനുഷ്യന്‍ മറഞ്ഞുനില്‍ക്കുന്നുവെന്നാണ് മാറിതാങ്ങിന്റെ മതം. ഉച്ചത്തില്‍ ശബ്ദിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ക്ക് മനുഷ്യധര്‍മ്മമൊന്നുമില്ലല്ലോ. പക്ഷെ, അത് മനുഷ്യമനസ്സിന്റെ ഒരു ധര്‍മം അവന് പ്രത്യക്ഷമാക്കിക്കൊടുക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അന്തരീക്ഷത്തിന്റെ വിദൂരനീലിമ, സായഹ്നത്തിന്റെ അരുണിമ ഇവയൊക്കെ നമ്മെ ചലിപ്പിക്കുന്നതെങ്ങനെ? നമ്മുടെ ആന്തര സ്വപ്നങ്ങളോട് ഈ വര്‍ണ്ണങ്ങള്‍ ബന്ധപ്പെടുന്നു എന്നതു കൊണ്ടുതന്നെ. അന്തരീക്ഷത്തില്‍ പതുക്കെ നീങ്ങുന്ന മേഘങ്ങളും പരന്നു കിടക്കുന്ന സമുദ്രവും മനുഷ്യാത്മാവിനെക്കുറിച്ച് അനന്തമായി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നു മാറി താങ് പ്രസ്താവിച്ചിട്ടുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളും.

മനുഷ്യധര്‍മ്മത്തിന്റെ പ്രതീതിയുളവാക്കുമെന്നു നമ്മുടെ ദൃശ്യങ്ങളും കവിയും ഗ്രഹിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അദ്ദേഹം “കായല്‍ക്കാഴ്ചകള്‍” എന്ന സുഷമയാര്‍ന്ന കാവ്യം രചിക്കുമായിരുന്നില്ല.

കായല്‍ ഇളംവെയില്‍ മേനിയിലേല്‍ക്കവേ
യാകെപ്പിടഞ്ഞെഴുന്നേറ്റുടുവസ്ത്രവും
വിശ്ളഥവേണിയും നേരെയാക്കി, മുഗ്ധ
ലജ്ജയെയുള്ളിലൊതുക്കി നടന്നുപോം
നമ്രമുഖിയാം നവവധു-പിന്നിലെ
നര്‍മ്മമൊഴി കേട്ടുവെങ്കിലും കേള്‍ക്കാതെ”

ഈ വരികളില്‍ പ്രകൃതിയെ അതിന്റെ പ്രാധാന്യത്തോടെ കവി ആലേഖനം ചെയ്യുന്നു. അതിലടങ്ങിയിരിക്കുന്ന മനുഷ്യധര്‍മ്മത്തെയും അദ്ദേഹം ഹൃദയഹാരിയായി ചിത്രീകരിക്കുന്നു. നമ്മളറിയുന്നതിനെ കാണിച്ചുതന്നിട്ട് നമുക്കറിയാന്‍ പാടില്ലാത്തതിലേക്കു നമ്മെ ആനയിക്കുന്ന ആളിനെയാണ് കവിയെന്നു വിളിക്കുന്നതെങ്കില്‍ ഒ. എന്‍. വി. കവി തന്നെയാണ്.

* * *

“ഉപ്പ്” എന്ന ഈ കാവ്യസമാഹാരഗ്രന്ഥത്തിലെ കേന്ദ്രസ്ഥിതങ്ങളായ എല്ലാ ആശയങ്ങളെക്കുറിച്ചും അവയെക്കുറിച്ച് കവിക്കുള്ള ദര്‍ശനങ്ങളെക്കുറിച്ചും (വിഷന്‍ എന്ന അര്‍ഥത്തില്‍) പറഞ്ഞു കഴിഞ്ഞു എന്ന് എനിക്ക് അഭിമാനമില്ല. ദീര്‍ഘതയാര്‍ന്ന ലേഖനം വായിക്കപ്പെടുകയില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍. അതുകൊണ്ട് ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്, ഭാഗികവും അസമഗ്രവുമാണ് ഈ ചിന്തനമെന്ന് അറിഞ്ഞുകൊണ്ടു തന്നെ. ജഗല്‍സംബന്ധീയങ്ങളായ വിഷയങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന കവി ലോകത്തിന്റെ ഇന്നത്തെ നിലയില്‍ അസംതൃപ്തനാണ്. പരിവര്‍ത്തനം വരേണ്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ പരിവര്‍ത്തനത്തിനുവേണ്ടി നനഞ്ഞുകുതിര്‍ന്ന കയ്യാലകളെ മാത്രമല്ല കന്‍മതിലികളെയും തട്ടിത്തകര്‍ക്കേണ്ടതാണെന്നു കരുതുന്നു. ആ വിചാരത്തെ കലയുടെ ചട്ടക്കൂട്ടിലൊതുക്കി മാത്രമേ അദ്ദേഹം പ്രകാശിപ്പിക്കുന്നുള്ളൂ. അപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത് കലയുടെ മാന്ത്രികത്വം മാത്രം.